18/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 11

രചന – ആതിര

ഇന്നലെവരെ ശബ്ദങ്ങളാൽ നിറഞ്ഞുനിന്ന ശങ്കരമംഗലം ഇന്ന് തീർത്തും നിശബ്‌ദമാണ്.. ഭക്ഷണം പോലും കഴിക്കാൻ ഗീതു കൂട്ടാക്കുന്നില്ല..ഒരേ കരച്ചിൽ ആണ്..സുമിത്ര എത്ര നിർബന്ധിച്ചിട്ടും കുളിക്കാനോ വേഷം മാറാനോ അവൾ തയാറായില്ല..ഒരു പക്ഷേ ഇതു തുടർന്നുപോയാൽ അവൾ ഡിപ്രെഷനിൽ ആകുമോ എന്നുപോലും അവൾ ഭയപ്പെട്ടു..അത്രകണ്ട് ആ മനസ്സ് മുറിവേറ്റിട്ടുണ്ടന്നവർക്ക് അറിയാം.. ദേവിയും സിദ്ധുവും പോയെങ്കിലും ലത ഇപ്പോഴും അവിടേതന്നെയാണ്.. ഗീതുവിന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വസരണമെങ്കിൽ അവൾ ആരോടെങ്കിലും ഒന്നും തുറന്ന് സംസാരിക്കണമെന്ന് സുമിത്രയ്ക്ക് തോന്നി.. അവർ അമ്മുവിനെ ഫോൺ ചെയ്ത് കാര്യങ്ങൾ പറഞ്ഞു..താൻ വരാമെന്ന് അമ്മു ഉറപ്പും നൽകി..അധികം വൈകാതെ തന്നെ അമ്മു ശങ്കരമംഗലത്ത് എത്തി..സുമിത്ര അവളെ അകത്തേക്ക് വിളിച്ച് ഗീതുവിന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. കൂടെ ലതയുമുണ്ട്‌..മുറിയിൽ കയറിയപ്പോൾ തന്നെ ബെഡിൽ കമഴ്ന്നു കിടന്നു കരയുന്ന ഗീതുവിനെ അമ്മു കണ്ടു..

ആ ഹൃദയവും അവളുടെ അവസ്ഥ കണ്ട് പിടഞ്ഞു..ഇരു മേയ്യാണെങ്കിലും ഒരു മനസ്സല്ലേ… “ഗീതൂ……” തന്റെ അമ്മുവിന്റെ സ്വരം കാതുകളിൽ എത്തിയപ്പോൾ തന്നെ അവൾ പിടിഞ്ഞെണീറ്റു.. ഗീതുവിന്റെ കരഞ്ഞു തളർന്ന മുഖവും പാറിപ്പറക്കുന്ന മുടിയിഴകളും അമ്മുവിന്റെ കണ്ണുകളെയും ഈറനണിയിച്ചു.. അവൾ ഗീതുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തു..ഗീതു ഒരു പൊട്ടികരച്ചിലോടെ അമ്മുവിനെ കെട്ടിപിടിച്ചു.. “സുമിത്രാമ്മേ..” അമ്മുവിന്റെ അപേക്ഷാ സ്വരം മനസ്സിലായപോലെ സുമിത്ര മുറിവിട്ട് നടന്നു..എന്നിട്ടും അവിടെ നിന്ന ലതയെ സുമിത്ര തിരിഞ്ഞുനോക്കി.. “നാത്തൂനെ ഇങ്ങ് പോര്..അവര് പിള്ളേർ എന്തേലും ഒന്ന് സംസാരിക്കാട്ടെ..” “സംസാരിച്ചോട്ടെ..അതിനു ഞാൻ ഇവിടെ നിന്നാൽ എന്താ..??? അതിനു മറുപടിയായി ഒരു കൂർത്തനോട്ടമാണ് സുമിത്ര കൊടുത്തത്..അപ്പോൾ തന്നെ ലത അവിടെ നിന്നും തിരികെ നടന്നു.. അമ്മു ഉടനെ തന്നെ വാതിൽ ചേർത്തടച്ച് കുറ്റിയിട്ടു..

“ഗീതു..എന്തിനാടി ഇങ്ങനെ കരയുന്നേ..??ഇനീം അതോർത്ത് വിഷാമിക്കാതെ.. കഴിഞ്ഞില്ലേ എല്ലാം..??” “അമ്മൂ”.. ഗീതുന്റെ ശബ്ദം വളരെ നേർ‌ത്തിരുന്നു.. “ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലടി..എനിക്കറിയില്ല ഇതൊക്കെ എങ്ങനെ സംഭവിച്ചന്ന്.. ഞങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിട്ടില്ല..ഈ ശരീരം ചീത്തയായിട്ടില്ലമ്മൂ..” ഗീതു ഒരു പൊട്ടി കരച്ചിലോടെ പറഞ്ഞു.. “ആരും എന്തും പറഞ്ഞോട്ടെ..എനിക് എന്റെ ഗീതുനെ അറിയാം..നീ ഒരു തെറ്റും ചെയ്യില്ല.. നിനക്ക് നീ തെറ്റ് ചെയ്തിട്ടില്ലന്ന് ഉത്തമ ബോധ്യം ഉണ്ടല്ലോ..പിന്നെ എന്തിനാ തെറ്റ് ചെയ്തവരെ പോലെ ഈ നിരാഹാര സമരം..നീ ഈ മുറിക്കകത്ത് കൂനി കൂടിയിരിക്കാതെ വെളിലോട്ട് ഇറങ്ങിക്കേ.. ആ പഴയ ഗീതു ആക്..എഴുനേറ്റെ.. പോയി കുളിച്ച് ഫ്രഷ് ആയി വാ..” അവൾ ഗീതുവിനെ എഴുന്നേൽപ്പിച്ച് അലമാരയിൽ നിന്നും ഡ്രെസ്സും തോർത്തും കൊടുത്ത് കുളിക്കാനായി പറഞ്ഞുവിട്ടു.. “അമ്മു പോകല്ലേടി..”അവൾ തിരിഞ്ഞു നിന്നു പറഞ്ഞു..അതിൽ നിന്നും അമ്മുവിന് മനസ്സിലായി അവൾ എത്രത്തോളം ഭയപ്പെട്ടിട്ടുണ്ടെന്ന്‌..

“നീ പോയി കുളിച്ചുവാ..ഞാൻ ഇവിടെ തന്നെ ഉണ്ട്..” കുളിച്ചിറങ്ങിയതും ഗീതുവിന് അൽപ്പം ആശ്വാസം തോന്നി..ഇന്നലെ മുഴുവൻ കറഞ്ഞിരുന്നതിനാൽ കണ്ണൊക്കെ വീങ്ങി തടിച്ചിരുന്നു..അമ്മു അവളെയും കൊണ്ട് ഹാളിലേക്ക് നടന്നു.. “മോളെ വാ വന്ന് കഴിക്കാം.. അമ്മുമോളെ നീയും വാ..” “ആ ..വരുവാ സുമിത്രാമ്മേ..” ഡൈനിങ്ങ് ടേബിളിൽ അപ്പോൾത്തന്നെ ലതയും കാവ്യയും സ്ഥാനം പിടിച്ചിരുന്നു..അമ്മു ഗീതുവിനെ തനിക്ക് അരികിലുള്ള കസേരയിൽ ഇരുത്തി..എല്ലാരും മൗനം സ്വീകരിച്ചു..സുമിത്രമാത്രം എല്ലാർക്കും വിളമ്പി കൊടുക്കുന്ന തിരക്കിലും.. “ഗീതു മോളെ..ഇപ്പൊ ഇങ്ങനൊരു കാര്യം കൊച്ചച്ഛൻ പറയുമ്പോൾ മോൾക്ക് വിഷമം തോന്നരുത്..” ഗീതു എന്താണെന്ന ഭാവത്തിൽ പ്രസാദിനെ നോക്കി.. “മോളെ കഴിഞ്ഞദിവസം മോള് അമ്പലത്തിൽ വെച്ച് കണ്ട പയ്യനില്ലേ..അരുൺ..ആ കൊച്ചനും വീട്ടുകാരും നാളെ മോളെ കാണാൻ വരുന്നുണ്ടെന്ന്..മോള് ഈ ബന്ധത്തിന് സമ്മതിക്കണം. അവർക്ക് മോളെ ഇഷ്ടപ്പെട്ടു..

പിന്നെ ചടങ്ങിന് വേണ്ടി നടത്തുന്നന്നെയുള്ളൂ ഈ പെണ്ണുകാണൽ..” “കൊച്ഛനും ചിറ്റയ്ക്കും ധൃതിയായല്ലേ എന്നേ ഇവിടുന്ന് പറഞ്ഞുവിടാൻ.. ഞാൻ തെറ്റു ചെയ്‌തെന്ന് വിശ്വസിച്ച് കുടുംബത്തിന്റെ മാനം പോകാതിരിക്കാനാണോ ഇത്ര ധൃതി പിടിച്ച് ഇത് നടത്തുന്നെ???” “അല്ല മോളെ..നിനക്ക്‌ തെറ്റൊന്നും സംഭവിച്ചിട്ടിലെന്ന് എനിക്ക് വിശ്വാസവാണ്.. പക്ഷേ ഇനി ആരും ന്റെ മോളെ കൊത്തി പറിക്കാതിരിക്കാൻ ഇത് ഉടനെ തന്നെ നടത്തണം..മോള്‌ സമ്മതിക്കണം..” അത്രയും അയാൾ ലതയെ നോക്കിയാണ് പറഞ്ഞത്.. അവളുടെ മൗനത്തെ അയാൾ സമ്മതമെന്നോണം കരുതി.. പ്രാസാദിന്റെ വാക്കുകൾ ലതയെ ഞെട്ടിച്ചു..തങ്ങളുടെ പദ്ധതികൾ ലക്ഷ്യം നേടാതെ പരാജയപ്പെടുമോന്ന്‌ അവർ പേടിച്ചു..ഭക്ഷണം കഴിച്ചു കഴിഞ്ഞവർ പതിയെ അകത്തേക്ക് വലിഞ്ഞു..

“കാവ്യമോളേ ..പ്ലാൻ എല്ലാം വെള്ളത്തിലാകുന്ന ലക്ഷണമാണല്ലോ..” “ഒന്നും ഇല്ല ഇനിയല്ലേ യഥാർത്ഥ കളി തുടങ്ങാൻ പോകുന്നേ..അപ്പച്ചി, പന്ത് ഇപ്പോഴും നമ്മുടെ കോർട്ടിൽ തന്നെയാണ്.. ഇത്രയും ചെയ്യണമെങ്കിൽ ഇനിയും പലതും ചെയ്യാം..അപ്പച്ചിക്ക് മനസ്സിലായോ..??”കാവ്യ ചിരിച്ചുകൊണ്ട് ചോദിച്ചു.. “ഇപ്പോ മനസ്സിലായി..” അവർ രണ്ടുപേരും അന്ന് അവിടെ നടന്നത് ഓർത്ത് ചിരിക്കാൻ തുടങ്ങി..(ഇനി അന്ന് രാത്രിയിൽ സംഭവിച്ചതെന്താന്ന് അറിയാം.) കാവ്യയുടെ നിർദ്ദേശ പ്രകാരം ആണ് ലത ഉറക്കഗുളിക പൊടിച്ചത് ചേർത്ത ചായ ഗീതുനെക്കൊണ്ട്‌ കുടിപ്പിച്ചത്..സിദ്ധൂനുള്ള ചായയിലും മയക്ക് പൊടികലർത്തി ദേവിയെകൊണ്ട് തന്നെ അവന്റെ റൂമിൽ വെപ്പിച്ചത് സംശയം തോന്നാതിരിക്കാനാണ്..ദേവി ഇതൊന്നും അറിഞ്ഞിരുന്നുമില്ല.. പാതി മയങ്ങിയ ഗീതുവിനെ മുറിയിൽ കിടത്തി അവൾ പൂർണമായും ഉറങ്ങുന്നവരെ കാത്തിരുന്നു..ഇതിനിടയിൽ സിദ്ധു നല്ല ഉറക്കമാണെന്ന് അവർ ഉറപ്പ്‌വരുത്തിയിരുന്നു..

ഗീതു ഉറക്കമായതും അവളെ പൊക്കികൊണ്ട് സിദ്ധുവിന്റെ മുറിയിൽ കയറി അവനടുത്ത് കിടത്തി..മയങ്ങി കിടക്കുന്നതിനാൽ അവന്റെ ഷർട്ട് അഴിച്ചുമാറ്റാൻ പ്രയാസപ്പെടേണ്ടി വന്നില്ല..ഒപ്പം ഗീതുവിന്റെ ഷാളും ദേഹത്ത് നിന്നും വേർപ്പെടുത്തി..സിദ്ധുവിന്റെ നെഞ്ചിൽ മുഖം ചേർത്ത് അവളെ കിടത്തി..അവന്റെ കൈയ്യെടുത്ത് അവയുടെ വയറിൽ ചുറ്റിപിടിപ്പിക്കാനും മറന്നില്ല.. പുതപ്പെടുത്ത് വയറിന് താഴെ വരെ പുതപ്പിച്ചു.. നാളെ നടക്കുന്നതോർത്ത് ചിരിച്ചുകൊണ്ട് തിരികെ ഇറങ്ങി മുറി അടച്ചു.. രാവിലെ തന്നെ അമ്മു എത്തിയിരുന്നു ഗീതുവിനെ ഒരുക്കാൻ..അവളുടെ മുഖത്ത് ഇപ്പോഴും വിഷാദഭാവംകണ്ട അമ്മു അവളെക്കൊണ്ടാവും വിധം ഗീതുന്റെ മനസ്സ് മാറ്റാൻ നോക്കുന്നുണ്ട്.. “ഗീതു..കഴിഞ്ഞതെല്ലാം മറന്ന് നീ ചിരിച്ച മുഖവുമായിട്ട് വേണം അരുണേട്ടന്റെ മുന്നിൽ ചെല്ലാൻ..അറിഞ്ഞിടത്തോളം അയാൾ നല്ലവനാണ്.. നിന്നെ ഇഷ്ടപ്പെടുകയും ചെയ്തു..നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്റെ ഗീതുവേ..? “ഹ് മ്മ്..” ഗീതു ചിന്തിക്കുകയായിരുന്നു അമ്മുവിനെക്കുറിച്ച്..കൂട്ടത്തിൽ കുട്ടിക്കളി മാറിയില്ലെന്നും പറഞ്ഞ് താനും നന്ദുവും കളിയാക്കുമ്പോൾ മുഖം വീർപ്പിച്ച് മാറിനിക്കുന്നവളെ..

ഇപ്പോൾ തനിക്കൊരു പ്രശ്‌നം വന്നപ്പോൾ ഓടി വന്നതാണ് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ.. പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് തന്നെ ഉപദേശിക്കുന്ന അമ്മുവിനെ കണ്ടപ്പോൾ അവൾക്ക് അത്ഭുതമാണ്.കൂടെ പിറന്നില്ലെങ്കിലും സ്നേഹം കൊണ്ട് തനിക്ക് കൂടപിറപ്പിനും മേലെയായവൾ..ഞങ്ങളുടെ അമ്മു… പെണ്ണുകാണൽ പ്രമാണിച്ച് ദേവിയും സിദ്ധുവും എത്തിയിട്ടുണ്ട്..താൻ ഇവിടെ വരാതെ മാറിനിന്നാൽ ഒരുപക്ഷേ തെറ്റ് ചെയ്‌തെന്ന ചിന്ത എല്ലാവരിലും ഉണ്ടാകുമെന്ന് വിചാരിച്ച് അവൻ ദേവി ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞപ്പോൾ എതിരുപറയാൻ നിന്നില്ല… ഗീതു എന്നും സ്കൂളിലേക്ക് പോകുന്ന രീതിയിൽ തന്നെ ചുരിദാർ ധരിച്ച് ഒരുങ്ങി..സമയം കഴിഞ്ഞിട്ടും ചെറുക്കനെയും കൂട്ടരെയും കാണാത്തതിനാൽ പ്രസാദ് വേണുവിനെ വിളിച്ചു..ഇപ്പോൾ എത്തുമെന്ന് പതഞ്ഞു വേണു ഫോൺ വെച്ചു.. “സുമിത്രേ എല്ലാം ശരിയാക്കിക്കോളൂ അവർ ഇപ്പൊ എത്തും..” ഒരു കാർ മുറ്റത്ത് വന്ന് നിന്നതു പ്രസാദ് ഇറങ്ങി ചെന്നു..

കാർ തുറന്ന് വേണു മാത്രം ഇറങ്ങി വന്നു..വേണുവിന്റെ പുറകിൽ ആരെയും കാണാത്തതിനാൽ പ്രസാദ് മുഖം ചുളിച്ചു.. “വേണുവേട്ടാ അവരെന്തിയെ..??” “പ്രസാദേ..അത്..അത്..”അയാൾ കർച്ചീഫ്‌ കൊണ്ട് മുഖവും കഴുത്തും തുടച്ചു.. “എന്താ വേണുവേട്ടാ..വന്നേ അകത്തോട്ട് വന്നേ..”പ്രസാദ് അയാളെയും കൊണ്ട് ഹാളിലേക്ക് വന്നു. “ഇനി പറ.. എന്താ കാര്യം.. ചെറുക്കനും കൂട്ടരും എപ്പഴാ വരന്നേ…?? “അവർ വരില്ല പ്രസാദേ..” “അതെന്താ..??” “ഒരു രാത്രി അന്യപുരുഷനൊപ്പം കഴിഞ്ഞ പെണ്ണിനെ വേണ്ടന്ന് ആ ചെക്കന്റെ അമ്മാവൻമാർ പറഞ്ഞു..വെല്ലോരുടേം കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളർത്തേണ്ട ഗതികേട് അവരുടെ അനന്തരവന് വരാൻ സമ്മതിക്കേലെന്ന്..ആ അമ്മേം മോനും പാവമാണ്.. പക്ഷേ അമ്മാവൻമാർ അമ്പിനും വില്ലിനും അടുക്കുകേല.. ഞാൻ പറഞ്ഞതാ സത്യാവസ്ഥ..പക്ഷേ..” “വേണുവേട്ടൻപൊയ്ക്കോളൂ…” അത്രയും പറഞ്ഞ് പ്രസാദ് തിരിഞ്ഞു നടന്ന് സോഫയിൽ തളർന്നിരുന്നു..

ഒരു ചുമരിനപ്പുറം കേട്ടത് താങ്ങാനാകാതെ ഗീതു പൊറ്റിക്കരഞ്ഞു..ഇനിയും സഹിക്കാൻ ശേഷിയില്ലാതെ.. എല്ലാ മുഖങ്ങളേയും ഒരേസമയം ദു:ഖം മൂടി..രണ്ടുപേരെ ഒഴിച്ച്.. “ന്റെ ഭഗവതി, ന്റെ കുഞ്ഞിന് ഇനിയൊരു നല്ല ജീവിതം ഉണ്ടാകില്ലേ..??”പ്രാസാദിന്റെ ഹൃദയം ഒരു വേള നിലച്ച പോലെ തോന്നി..അയാൾ കൈകൊണ്ട് നെഞ്ചിൽ അമർത്തി പിടിച്ചു.. “സു..സു..മിത്രേ.. വെ..വെള്ളം..” “അയ്യോ”എന്നൊരു നിലവിളിയോടെ സുമിത്ര അയാളെ താങ്ങിപ്പിടിച്ച് വെള്ളം കൊടുത്തു.. സിദ്ധു പ്രസാദിനെ എടുത്ത് കട്ടിലിൽ കിടത്തി ..താൻ ചെയ്തത് അബദ്ധമായി പോയെന്ന് പ്രാസാദിന്റെ അവസ്‌ഥ കണ്ട് കാവ്യയ്ക്ക് കുറ്റബോധം തോന്നി..എന്നാൽ ലത മാത്രം സന്തോഷിച്ചു..പ്ലാൻ വിജയിച്ചതിൽ.. പ്രാസാദിന്റെ അവസ്‌ഥ കണ്ട് ഗീതു സങ്കടതത്തോടെ അയാൾക്ക് അരികിൽ ഇരുന്ന് ആ കയ്യെടുത്ത് തലോടി..വെളളം കുടിച്ച് കഴിഞ്ഞപ്പോൾ പ്രസാദിന് അല്പം ആശ്വാസം തോന്നി.. “കൊച്ചച്ഛാ..!!!” ഗീതു സങ്കടത്തോടെ വിതുമ്പി..

“ഒന്നൂല്ല മോളേ..നിന്നെയോർത്ത് മാത്രേ എനിക്ക് വിഷമമുള്ളൂ..ന്റെ കുഞ്ഞ് വിഷമിക്കണ്ട..വേറെ നല്ല ആലോചന വരും..അവരോട് പോകാൻ പറയാം..” “ആര് വന്നാലും ഇത് തന്നെ പറഞ്ഞ്‌ മുടങ്ങും..നമ്മൾ എത്രയൊക്കെ മൂടി വയ്ക്കാൻ ശ്രമിച്ചാലും അവിഹിതമാ..അവിഹിതം..ആ പന്തലുകാർ ഒക്കെ കണ്ട് കാണും..അവര് പൊട്ടും പൊടീം ചേർത്ത് ഓരോന്ന് പറഞ്ഞുകാണും.. നമുക്ക് നാട്ടുകാരുടെ വായടയ്ക്കാൻ പറ്റുവോ..” അത് കേട്ടതും വീണ്ടും പ്രാസാദിന്റെ മുഖം മങ്ങാൻ തുടങ്ങി.. “എന്റെ ലതേ..ചേട്ടന് വയ്യാണ്ടിരുക്കുവാന്ന് അറിയാൻ മേലേ.. ഒന്നു വായടച്ച് വയ്ക്കുന്നുണ്ടോ..”(ദേവി) “ന്റെ ഗീതു ഈ പരട്ട തള്ളയെ ഞാൻ നാലെണ്ണം പറയട്ടെ..എന്റെ നാക്ക് ചൊറിഞ്ഞു വരുന്നുണ്ട്..”(അമ്മു) അമ്മുവിനോട് ഗീതു വേണ്ടന്ന് തലയാട്ടി കാണിച്ചു… “ചേട്ടാ..ഞാനൊരു കാര്യം പറയട്ടെ..ഇനി സത്യം പറഞ്ഞാൽ നല്ലൊരു ആലോചന ഗീതുന് വരുവെന്ന് എനിക്ക് തോന്നുന്നില്ല.. അതുകൊണ്ട് രാജീവിന് അവളെ അങ്ങ് തന്നേക്ക്…” തന്റെ പദ്ധതിയുടെ പൂർണതയെന്നോണം അവർ പറഞ്ഞു..

അവളെ രാജീവന് കല്യാണം ചെയ്തുകൊടുക്കുന്ന വഴി അവളുടെ പേരിലുള്ള സ്വത്തുക്കൾ നേടിയെടുക്കുകയാണ് ലതയുടെ ഉദ്ദേശ്യം..അതിനുവേണ്ടിയാണ് അവൾ കാവ്യയുടെ കൂടെനിന്നത്.. ഗീതുവിന് രാജീവിനെ തീരെ ഇഷ്ടമായിരുന്നില്ല..കള്ളും പുകവലിയുമായി കവലയിൽ പെണ്കുട്ടികളെ വായിനോക്കി ഇരുപ്പാണ് അവന്റെ തൊഴിൽ.. “അതെന്തായാലും നടക്കില്ല ലതേ..രാജീവിന് ഞാൻ എന്റെ മോളേ കൊടുക്കില്ല..ആരും വന്നില്ലെങ്കിൽ എന്റെ കുഞ്ഞ് ഇവിടെ നിന്നോട്ടെ..ജീവനുള്ളിടത്തോളം ഞാൻ നോക്കിക്കോളാം..”(പ്രസാദ്) “നോക്കിയിരുന്നോ ഇപ്പൊ വരും രാജകുമാരൻ ഈ കുരുട്ടിനെ കെട്ടാൻ..ഇവളിവിടെ മൂത്ത് നരച്ച്‌ മൂക്കിൽ പല്ല് വന്ന്‌ നിൽക്കയുള്ളൂ.. ആ..പിന്നെ കാവ്യമോളേ ,ഇവളുടെ കല്യാണം ഒന്നും അടുത്ത് കാലത്ത് നടക്കാൻ പോകുന്നില്ല.. നീ ഇവളേയോർത്ത് നിൽക്കാതെ നല്ല പയ്യനെ നോക്കി കെട്ടിപ്പൊക്കോ..പിന്നെ പ്രത്യേകം ഒരു കാര്യം പറയാം..ഇവിടെ വരുമ്പോൾ നിന്റെ കെട്ടിയോനെ ഇവള്ടെ മുന്നിൽ ഇട്ടിട്ട് എങ്ങും മാറി നിൽക്കരുത്..പെണ്ണ് പണിപറ്റിച്ചു കളയും..

സ്വഭാവം അതല്ലേ..” ലത പറഞ്ഞതീർന്നതും സുമിത്രയുടെ കൈകൾ ലതയുടെ കവിളിൽ പതിഞ്ഞു..ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞതാ,ഈ പുഴുത്ത നാക്ക് വെച്ച് എന്റെ മോളേ എന്തേലും പറഞ്ഞാൽ ഞാൻ സ്ഥാനം മറന്ന് പ്രവർത്തിക്കുമെന്ന്. .ആങ്ങളയ്ക്ക് പെങ്ങളെ തല്ലാൻ മടിയാരിക്കും..പക്ഷേ സുമിത്രയെന്ന അമ്മയ്ക്ക് സ്വന്തം മോളെക്കുറിച്ച് തോന്നിയവാസം പറയുന്നവളുടെ കരണം അടിച്ചു പോകയ്ക്കാൻ ആരുടേം ശുപാർശ വേണ്ട..ഇത് നിങ്ങൾ ചോദിച്ചു വാങ്ങിയതാണ്..” സുമിത്ര ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് ലതയോർത്തതില്ല.. ആകെ നാണം കെട്ടു ലത.. “പ്രസാദേട്ടാ..എന്റെ മോനും ഇതിൽ തെറ്റുകാരൻ ആണ്.. അവന്റൊപ്പം ആണ് ഗീതുവും അന്ന് ഉണ്ടായിരുന്നത്..അതുകൊണ്ട് തന്നെ ഗീതുവിന്റെ കഴുത്തിൽ എന്റെ മോൻ താലി ചാർത്തും.. ഇതെന്റെ വാക്കാണ്.. ഈ വാക്കുതെറ്റിയാൽ പിന്നെ ഈ ദേവി പിന്നെ ജീവനോടെ ഉണ്ടാകില്ല.” സിദ്ധൂന് ദേവിയുടെ വാക്കുകൾ കേട്ട് നിൽക്കാൻ കഴിഞ്ഞില്ല… അവൻ പകയെരിയുന്ന കണ്ണുകളോടെ ഗീതുവിനെ നോക്കി..

അവളും ഞെട്ടി തരിച്ച് നിക്കുകയാണ്..സിദ്ധുന്റെ ദേഷ്യത്തോടെയുള്ള നോട്ടം താങ്ങാൻ അവൾക്കായില്ല..അവൾ അമ്മുവിന്റെ കൈകളിൽ മുറുകെ പിടിച്ചു..സിദ്ധു ദേഷ്യത്തോടെ ഇറങ്ങി പോയി.. “ദേവി.. സിദ്ധു എന്റെ മോളേ സ്വീകരിക്കുമോ..അവന് ഇഷ്ടായിരിക്കില്ല ഈ ബന്ധം..പക്ഷേ എന്റെ കുഞ്ഞിന് ഈ നാണക്കേട് മാറണമെങ്കിൽ അവൻ തന്നെ അവളെ സ്വീകരിക്കണം..” “പ്രസാദേട്ടൻ വിഷമിക്കണ്ട.. അവനെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം..പിന്നെ ഗീതുമോൾക്കും അവനേ ഇഷ്ടാന്ന് അപ്പച്ചിക്കറിയാം..”ഗീതുവിന്റെ കവിളിൽ തലോടി അവർ പറഞ്ഞു.. “ഇല്ലപ്പച്ചീ..ബുദ്ധിയുറക്കാത്ത പ്രായത്തിലാ അങ്ങാനൊക്കെ മോഹിച്ചത്..ഇപ്പൊ അങ്ങനൊന്നും ഇല്ല.. സിദ്ധുവേട്ടന് ഞാൻ ചേരില്ല.. ആനേം ആടും പോലെയാണ് ഞാനും സിദ്ധുവേട്ടനും..വേണ്ടപ്പച്ചി സിദ്ധുവേട്ടന്റെ ജീവിതം ഞാൻ കാരണം തകരാൻ പാടില്ല.. അർഹിക്കാത്തതോന്നും ആഗ്രഹിക്കാരുതെന്നാ ന്റെ ചിറ്റയെന്നെ പടിപ്പിച്ചിട്ടുള്ളത്..”

“എന്റെ മോളിതിന് സമ്മതിക്കണം..”(പ്രസാദ്) “കൊച്ചച്ഛാ.. സിദ്ധുവേട്ടന് എന്നെ…!!”(ഗീതു) “നീ അതൊന്നും ഓർക്കണ്ട.. സിദ്ധുന്റെ പെണ്ണാണ് ഗീതു..” “ഞാൻ വീട്ടിലൊട്ട് ചെല്ലട്ടെ..”(ദേവി) സിദ്ധുവാണെങ്കിൽ അമ്മയുടെ വാക്കുകളിൽ കുരുങ്ങി കിടക്കുകയായിരുന്നു..അവന്റെ നാഡി ഞരമ്പുകളിൽ ദേഷ്യം നുരഞ്ഞുപൊങ്ങി.. “ഗീതു…!!!’..നോ വേ ..അവളെ പോലെയൊരുത്തിയെ ഞാൻ ന്റെ ഭാര്യയാക്കാനോ..സിദ്ധു വേറെ ജനിക്കണം അതിന്‌..” അവൻ തന്റെ മുറിയിൽ സാധാനങ്ങൾ എല്ലാം എറിഞ്ഞുടച്ചു..ദേഷ്യത്തോടെ പല്ലറുമ്മി..(തുടരും)