17/04/2026

പാർവതിപരിണയം : ഭാഗം 22

രചന – മൈഥിലി മിത്ര

“അനന്തൻ കുഞ്ഞേ “…. “ആരിത്, നാരായണേട്ടനോ “… രാവിലെ തന്നെ ഉമ്മറത്തിരുന്നു പത്രം വായിക്കുകയായിരുന്നു അനന്തൻ.. അപ്പോഴാണ് നാരായണൻ അങ്ങോട്ടേക്ക് കയറിചെന്നത്.. അനന്തന്റെ വീട്ടിലെ കാര്യസ്ഥനാണയാൾ … ഒരു പാവം പിടിച്ച മനുഷ്യൻ.. ഒരു മകളുണ്ട്, പേര് ഭദ്ര… ഭദ്രക്ക് അഞ്ചു വയസ്സുള്ളപ്പോഴേ അവളുടെ അമ്മ മരിച്ചു പോയതാണ്… ടൗണിലെ ഒരു കോളേജിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണവൾ .. “തോപ്പിലെ തേങ്ങയെല്ലാം ഇടീപ്പിച്ചിട്ടുണ്ട്… പിന്നെ പാകമായ കുറച്ചു വാഴക്കുലകളും.. കുഞ്ഞിതിന്റെയെല്ലാം കണക്കൊന്നു നോക്കിയിരുന്നെങ്കിൽ “… പഴകിയ ഒരു കൈലി ആണ് വേഷം… കയ്യിലിരുന്ന വെള്ളത്തോർത്ത് തോളിലേക്ക് ഒന്നിട്ടിട്ട്, ഭാവ്യതയോടെ അനന്തനെ നോക്കി മുറ്റത്തു തന്നെ നിന്നയാൾ…

“നാരായണെട്ടാ ഇന്നെനിക്ക് അത്യാവശ്യമായിട്ട് പുറത്തേക്കൊന്നു പോണം.. ഏട്ടൻ ഒരു കാര്യം ചെയ്യ്, കണക്കെല്ലാം പാറുവിന്റെ കയ്യിലേക്ക് കൊടുത്തേക്ക്.. അവൾ നോക്കിക്കോളും “…. “ശരി കുഞ്ഞേ…എങ്കിലങ്ങനെയാവട്ടെ…. പറിച്ചു വെച്ചതെല്ലാം തോട്ടത്തിൽ തന്നെ ഇരിപ്പുണ്ട്… ഇന്നുച്ചയോടെ അതെല്ലാം പത്തായപ്പുരയിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് “.. “ശരി നാരായണേട്ടാ.. പോകുവാനായിട്ട് തുനിഞ്ഞ അയാളെ അനന്തൻ പുറകിൽ നിന്നും വീണ്ടും വിളിച്ചു.. “ആ പിന്നെ, ഒരു കാര്യം പറയാൻ മറന്നു പോയി.. ഭദ്രയുടെ ഈ വർഷത്തെ സെമസ്റ്റർ ഫീസ് ഞാൻ അടച്ചിട്ടുണ്ട് കേട്ടോ.. ” തോളിൽ കിടന്ന വെള്ളത്തോർത്തെടുത്ത്, നിറഞ്ഞ കണ്ണുകളയാൾ ഒപ്പുന്നത് അനന്തൻ കണ്ടു.. “ഇതിനൊക്കെ ഞാൻ കുഞ്ഞിനോട് എങ്ങനെയാ നന്ദി പറയുക”… നാരായണന്റെ വാക്കുകൾ ഇടറിയിരുന്നു… “എന്റെ നാരായണേട്ടാ, ഭദ്രേ എന്റെ പെങ്ങളാണ്..

അപ്പോളവളുടെ കാര്യങ്ങൾ നോക്കേണ്ടത് ഏട്ടനായ എന്റെ കടമയല്ലേ”… മറുപടിയായി അയാൾ ഒന്നു തലയാട്ടി.. അല്ലെങ്കിലും അനന്തനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. നാട്ടിലെ തന്നെ എത്ര പേർക്കാണ് ആരുമറിയാതെ ഇങ്ങനെ സഹായങ്ങൾ ചെയ്യുന്നത്.. ഭദ്രയുടെ പഠിത്തക്കാര്യങ്ങൾ നോക്കുന്നത് പണ്ട് തൊട്ടേ അനന്തനാണ്… “എന്നാൽ ഞാൻ ഇറങ്ങട്ടെ.. പണിക്കാർ എന്നെ നോക്കി നിൽപ്പുണ്ടായിരിക്കും”… പറഞ്ഞുകൊണ്ട് മുണ്ടു മടക്കി കുത്തി, മുറ്റത്തുനിന്നും പടികൾ ഇറങ്ങിപ്പോകുന്ന നാരായണനെ അനന്തൻ നോക്കി നിന്നു.. “നന്ദേട്ടാ ഇന്നാ കാപ്പി”… പാറുവിന്റെ ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി… തന്റെ നേർക്ക് നീട്ടിയ ചൂട്കാപ്പി അവളിൽ നിന്നും വാങ്ങി ഒറിരുക്കു കുടിച്ചു… ” പാറൂട്ടിയെ “… ” എന്തേ ഏട്ടാ “.. അകത്തേക്ക് പോകാൻ തുടങ്ങിയ പാറു, അനന്തന്റെ വിളി കേട്ട് അവന്റരികിലേക്ക് വന്നു നിന്നു.. “കല്യാണത്തിന് ദിവസമിങ്ങടുത്തു.. രണ്ടുദിവസത്തിനകം ടൗണിൽ പോയി പുടവ എടുക്കണം.. മോളിതൊന്നു സീതമ്മായിയോട് പറഞ്ഞേക്ക്”… “ശരിയേട്ടാ “… കാപ്പി കുടിച്ചു കൊണ്ട്, അവനാർക്കോ ഫോൺ ചെയ്തു.. ഉണ്ണി അവിടെയും എത്തിച്ചേർന്നിട്ടില്ലെന്നറിഞ്ഞ നിമിഷം, സംശയത്തോടെ താടിയിലൂടെയവൻ വിരലോടിച്ചു..

ഉണ്ണിയുടെ കാർ ഹൈവേയിലൂടെ ചീറിപ്പായികയായിരുന്നു.. മൂന്നു മണിക്കൂറുകൾ ആയി യാത്ര തുടങ്ങിയിട്ട്… രേവതി എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പുറത്തേക്കും കണ്ണും നട്ടിരുന്നു.. വരുന്ന ആപത്തിന്റെ ഭീകരത താങ്ങാൻ തനിക്ക് ആവതില്ല.. കണ്ണുകൾ ഇറുക്കെയടച്ചു .. കാർ ഒരു ഹോട്ടലിന്റെ മുൻപിൽ നിർത്തിയപ്പോൾ, കണ്ണു തുറന്നു ഉണ്ണിയെ നോക്കിയവൾ … “ഇനി ഇവിടെ നിന്ന് രണ്ടുമണിക്കൂർ ദൂരമില്ലേടോ.. എന്തെങ്കിലും കഴിചിട്ട് പോകാം”… സീറ്റ് ബെൽറ്റ് ഊരി, ഡോർ തുറന്ന് അവൻ പുറത്തേക്കിറങ്ങി.. കാര്യങ്ങളൊക്കെ കഴിഞ്ഞ ദിവസം ഉണ്ണിയിൽ നിന്നും അറിഞ്ഞ ശേഷം , തനിക്ക് വിശപ്പും ദാഹവും ഒന്നും അനുഭവപ്പെടാറില്ലോ… അതവൾ വേദനയോടെ ഓർത്തു.. “എന്താടോ ഇറങ്ങുന്നില്ലേ “… ഡോർ തുറന്നു, കുനിഞ്ഞുകൊണ്ട് തല അകത്തേക്കിട്ട് ഉണ്ണി ചോദിച്ചു.. തലയൊന്നാട്ടിക്കൊണ്ട് അവന്റെ പുറകെ ഹോട്ടലിലേക്ക് നടന്നു.. “രേവതിക്കെന്താണ് കഴിക്കാൻ വേണ്ടത് “.. ഒരു പുഞ്ചിരിയായിരുന്നു മറുപടി .. ഓർഡർ ചെയ്ത ദോശയും ചമ്മന്തിയും കഴിച്ചു അവർ വീണ്ടും യാത്ര തുടർന്നു..

വീണ്ടും കുറെ മുന്നോട്ടു പോയപ്പോൾ, ഹൈ വേയുടെ വലതു വശത്തായി “തേവരക്കാട്” എന്ന നെയിം ബോർഡ് കാണാനായി.. ഉണ്ണിയുടെ കാർ അങ്ങോട്ടേക്ക് തിരിഞ്ഞു.. രേവതിയുടെ ചുണ്ടിൽ കുഞ്ഞൊരു ചിരി മൊട്ടിട്ടു.. കണ്ണുകൾ വിടർത്തിയവൾ ആ വഴിക്കാഴ്ചളെല്ലാം മനസ്സിലേക്കാവാഹിച്ചു… പോകെ, വലിയ കോളേജിന്റെ ക്യാമ്പസ് കാണാറായി.. “തേവരക്കാട് ഗവണ്മെന്റ് കോളേജ് ആൻഡ് ആർട്സ് “.. ഗേറ്റിനു മുൻപിൽ ആലേഖനം ചെയ്ത വലിയ ബോർഡിലേക്ക് അവൾ ആർത്തിയോടെ നോക്കി.. തന്റെ കോളേജ്, താനും അനന്തേട്ടനും, തന്റെ സ്വകാര്യമായ പ്രണയവും മാത്രമായിരുന്നു അതിൽ നിറയെ അവൾക്കു കാണാൻ കഴിഞ്ഞത്.. “രേവതിക്കു ഇവിടെ ഇറങ്ങി കാണണമെന്നുണ്ടോ “… ഉണ്ണിയുടെ ചോദ്യത്തിന് വേണ്ടായെന്ന മറുപടി കൊടുത്തു.. എന്തിനാണ് വെറുതെ, നഷ്ടപ്രണയത്തിന്റെ പിറകെപോകുന്നത്.. ആ കോളേജ് കണ്ടാൽ, അനന്തേട്ടന്റെ ഓർമ്മകൾ മാത്രമാണ് മനസ്സിലേക്ക് ഓടിയെത്തുന്നത് … “ഇവിടുന്നു ഇനിയും ഒരു മണിക്കൂർ കൂടിയുണ്ട് നമ്മുക്ക് പോകേണ്ട സ്ഥലം”… ഫോണിലെ ഗൂഗിൾ മാപ്‌ നോക്കിയവൻ പറഞ്ഞു…

“അല്ലാ, രേവതിയുടെ വീടും ഇവിടെയടുത്തല്ലേ “. ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രികരിച്ചുകൊണ്ട് ഉണ്ണിയാരാഞ്ഞു… “അതേ, ഇവിടെ നിന്നും അരമണിക്കൂറെ ഉളളൂ.. നമ്മൾ വന്ന ഹൈവേയിൽ നിന്നും ഇടത്തേക്കുള്ള റോഡിൽ കൂടെ പത്തുമിനുട്ട് അകത്തേക്ക് പോകണം “… “ആഹാ, അപ്പോൾ രേവതിക്കു വീടിനടുത്തുള്ള കോളേജു തന്നെ കിട്ടിയല്ലേ.. എന്റെ ഏട്ടനു, അവന്റെ ഇഷ്ടവിഷയം നാട്ടിലെ കോളേജിൽ കിട്ടിയില്ല.. പിന്നെയുള്ള ചോയ്സ് ഇതായിരുന്നു.. അങ്ങനെ അഞ്ചു വർഷം ഈ നാട്ടിൽ, കോളേജും ഹോസ്റ്റലും ആയിട്ട് അവൻ ബുദ്ധിമുട്ടി “… അവൾ ഉണ്ണിയെ കേട്ടുകൊണ്ടിരുന്നു.. ആദ്യായിട്ടാണ് അവനോടു ഇത്രയും നേരം സംസാരിക്കുന്നതു തന്നെ.. മിതമായി മാത്രമാണ് സംസാരം എന്ന് മുൻപ് തോന്നിച്ചിരുന്നെങ്കിലും, അങ്ങനെയല്ല അവനെന്നു അവൾ തിരുത്തി.. പൊടുന്നനെ ഉണ്ണിയുടെ ഫോൺ റിങ് ചെയ്തു.. അവൻ വണ്ടി സൈഡിലേക്ക് മാറ്റി നിർത്തി, കാൾ എടുത്തു.. കുറെ നേരത്തെ സംസാരത്തിനു ശേഷം ഫോൺ കട്ട് ചെയ്തു, വീണ്ടും വണ്ടി മുന്നോട്ടേക്കെടുത്തു…

“ആരാ ഉണ്ണിയത് “… “ജിതിൻ സർ “… മറുപടിയായി അവളൊന്നു മൂളി… ടൗണിൽ നിന്നും ഒരു ചെറിയ ഗ്രാമത്തിലേക്കു വണ്ടി കടന്നു.. ചുറ്റും നല്ല പച്ചപ്പ്‌ നിറഞ്ഞ സ്ഥലം.. വലിയ ആർഭാടങ്ങളോ ആഡംബരങ്ങളോ ഒന്നും തൊട്ടു തീണ്ടാത്ത കുറെ പച്ചയായ മനുഷ്യർ.. ഒടുവിൽ സാമാന്യം വലിപ്പമുള്ള ഒരു ഒറ്റനില വീടിന്റെ മുൻപിൽ കാറ് നിന്നു… “ഇതാണാ വീട് “… ചോദ്യഭാവത്തിൽ നോട്ടമയച്ച രേവതിയോടായിട്ടു അതേയെന്നവൻ പറഞ്ഞു.. ഇരുവരും പുറത്തേക്കിറങ്ങി… തുരുമ്പു പിടിച്ചു അവിടെയിവിടെ പൊട്ടിയ, തുറന്നു കിടക്കുന്ന ഗേറ്റും കടന്നവർ ആ വീട്ടിന്റെ മുന്നിലേക്ക് ചെന്നു നിന്നു… വാതിൽ തുറന്നു തന്നെയായിരുന്നു കിടന്നത്.. എങ്കിലും, കാളിങ് ബെൽ അടിച്ചു കാത്തു… അകത്തുനിന്നും ഏകദേശം ഒരു അൻപത് വയസ്സുള്ള സ്ത്രീ ഇറങ്ങി വന്നു.. മാധവന്റെ ഭാര്യ രമണിയായിരിക്കുമെന്ന് ഉണ്ണിയൂഹിച്ചു… സാധാരണ ഒരു കോട്ടൺ സാരിയാണ് വേഷം… അടുക്കളയിൽ പണിയായിരുന്നിരിക്കണം, അവരുടെ വസ്ത്രത്തിൽ കരിപുരണ്ടിരുന്നു… “ആരാ, എന്ത് വേണം “… പതിഞ്ഞ ശബ്ദത്തിൽ അവർ ചോദിച്ചു.. ഒരു അഞ്ചു വയസ്സോളം പ്രായമുള്ള ഒരു കുഞ്ഞു പെൺകുട്ടി ഓടി വന്നവരുടെ സാരിത്തുമ്പിൽ കൈപിടിച്ചു നിന്നു..

“ഞങ്ങൾ കുറച്ചു ദൂരേന്നാണ്.. മാധവന്റെ വീടല്ലേയിത് “.. അവരുടെ കണ്ണിൽ നീര്പൊടിഞ്ഞത് രേവതിയും ഉണ്ണിയും കണ്ടു.. ഒന്നും മിണ്ടാതെ രമണി വാതിൽക്കൽ തന്നെ നിന്നു.. ഹാളിന്റെ മുൻ ഭാഗത്തായിട്ട് മാലയിട്ട് സൂക്ഷിച്ച മാധവന്റെ ഫോട്ടോ കണ്ടു, വീട് അതുതന്നെയാണെന്നു ഉണ്ണിക്കു മനസ്സിലായി.. “അകത്തേക്ക് വന്നോട്ടെ അമ്മേ “… രേവതിയുടെ ചോദ്യത്തിന് തലയാട്ടിക്കൊണ്ട് അവരെ ആ സ്ത്രീ അകത്തേക്ക് ക്ഷണിച്ചു… ഒരു ചെറിയ ഹാൾ.. പെയിന്റ് പോയ ഭിത്തികളിൽ തൂങ്ങി കിടക്കുന്ന കുറച്ചു ദേവന്മാരുടെയും ദേവിമാരുടെയും ഫോട്ടോകൾ. “അത് പിന്നെ, ഞങ്ങൾ വന്നത് “… എങ്ങനെ തുടങ്ങും എന്നറിയാതെ ഉണ്ണി വിഷമിച്ചു… “നിങ്ങൾ പോലീസിൽ നിന്നാണോ “… പൊടുന്നനെയുള്ള രമണിയുടെ ചോദ്യം കേട്ടു, രേവതി കണ്ണു മിഴിച്ചു.. “അതെന്താ അമ്മേ, അങ്ങനെ ചോദിച്ചത് “… “മാധവട്ടന്റെ മരണത്തിന് ശേഷം, ഇപ്പോ വീണ്ടും പോലീസുകാരു വീട്ടിൽ വരുന്നുണ്ട്.. അതാ അങ്ങനെ ഞാൻ ചോദിച്ചു പോയത് “… രേവതിയൊന്നു മൂളികൊണ്ടു ഉണ്ണിയെ നോക്കി..

“ഞങ്ങൾ കുറച്ചു ദൂരേന്നാണ്.. കുറച്ചു കാര്യങ്ങൾ അറിയാൻ വന്നതാ.. പറ്റുവെങ്കിൽ ഒന്ന് സഹായിക്കാമോ “… വിനയത്തോടെ പറയുന്ന ഉണ്ണിയെ രമണി നോക്കി നിന്നു.. “എന്താണ് നിനക്ക് അറിയേണ്ടത് “… ഉണ്ണിയുടെ മുഖത്തേക്കവർ സംശയത്തോടെ നോക്കി.. “അത് പിന്നെ, ഞങ്ങൾ ഭാമയെക്കുറിച്ച് ഒന്നറിയാൻ വന്നതാ.. എന്റെ കൂടെ പഠിച്ചതാ അവള്.. അവള് മരിച്ചപ്പോൾ ഞാനിവിടെ വന്നിരുന്നു..”… രേവതിയിൽ നിന്നും ഭാമയെന്ന പേരു കേട്ടതും രമണിയുടെ മുഖം വിളറി.. കേൾക്കേണ്ടാത്തതെന്തോ കേട്ട രീതിയിൽ, അവരിൽ ഒരു ഞെട്ടലുണ്ടായി… “അമ്മ ഞങ്ങളെ സഹായിക്കണം.. വേറൊരു നിവർത്തിയും ഇല്ലാഞ്ഞിട്ട ഞങ്ങൾ ഇങ്ങോട്ട് വന്നത് “… രമണിക്ക് കാര്യം ഒന്നും മനസ്സിലായില്ല.. “മോളെ അവൾ മരിച്ചിട്ട് നാലഞ്ച് കൊല്ലം കഴിഞ്ഞില്ലേ.. ഞാനെങ്ങനെയാ നിങ്ങളെ സഹായിക്കുക “.. “എന്റെ ഏട്ടൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണാ അമ്മേ, ഭാമ “… ഉണ്ണിയുടെ വാക്കുകൾ വിശ്വസിക്കാനാവാതെ അവർ തറഞ്ഞു പോയി..

അടുത്തുള്ള കസേരയിൽ ഒരു താങ്ങിനായിട്ട് പോയിരുന്നു.. രമണി കിതക്കുന്നുണ്ടായിരുന്നു.. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ്തുള്ളികൾ അവർ സാരിത്തുമ്പു കൊണ്ട് ഒപ്പിയെടുത്തു.. “അനന്തന്റെ അനിയനാണോ നീയ് “… കണ്ണുകൾ വിടർത്തിയുള്ള രമണിയുടെ ചോദ്യത്തിന്, ഉവ്വെന്നു അവൻ തല കുലുക്കി.. “എന്റെ ഏട്ടനെ എങ്ങനെ അറിയാം “… ചോദിക്കാതിരിക്കാനായില്ല ഉണ്ണിക്കു . “എന്റെ ഭർത്താവിനെ കൊന്നയാളെ ഞാൻ എങ്ങനെ അറിയാതിരിക്കാനാ “… നെഞ്ചിൽ കത്തി കുത്തിയിറക്കുന്നതുപോലെ തോന്നി ഉണ്ണിക്കു.. കാലിനടിയിൽ നിന്നും മണ്ണ് ചോർന്നൊലിക്കുന്നത് പോലെ.. ഇനിയുമെന്ത് എന്ന ആലോചന അവനെ പൊതിഞ്ഞു.. രേവതിയാണെങ്കിൽ, ഒഴുകിയിറങ്ങിയ കണ്ണീരിനെ തുടക്കാൻ പോലും മറന്നു തരിച്ചിരുന്നു.. (തുടരും ) വൈകിയതിന് ക്ഷമ ചോദിക്കുന്നു 😒…