17/04/2026

വിവാഹമോചനം : ഭാഗം 18

രചന – സുധീ മുട്ടം

നന്ദിനിക്കുട്ടി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..സന്തോഷിക്കണമോ കരയണമോന്ന് അവൾക്ക് തന്നെ അറിയില്ല.. ആരതി മോളെ ഒരുദിവസം കൂടെ കൂട്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്..ഒരുപാട് സമയം സംസാരിക്കണം.അവളുടെ കിളിക്കൊഞ്ചൽ മതിവരുവോളം കേൾക്കണം.സ്നേഹത്തോടെ വാരിയൂട്ടി കൂടെ കിടത്തി ഉറക്കണം… പക്ഷേ ആരവിന്റെ അവസ്ഥ ആലോചിക്കുമ്പോൾ സന്തോഷിക്കാൻ കഴിയുന്നില്ല..നെഞ്ചിനുള്ളിൽ മിഴുനീരുറവ പൊട്ടിയൊഴുകുകയാണ്.. അവനെ പൊതിഞ്ഞ് പിടിച്ചതും നെറ്റിയിലും കയ്യുടെ പുറത്തൂം ചുംബിച്ചത് തെറ്റായി തോന്നിയില്ല..ആ അവസ്ഥയിൽ അങ്ങനെ ചെയ്യാനാണ് തോന്നിയത്‌. പെൺകുട്ടി എന്തെങ്കിലും ചെയ്താലോ ഇഷ്ടം പ്രകടിപ്പിച്ചാലോ അവൾ ഓവറാണെന്ന് കരുതുന്നവരാണ് പലരും..അതിൽ കുറ്റപ്പെടുത്താൻ ആദ്യം മുന്നിട്ടിറങ്ങുന്നതും സ്വന്തം വർഗ്ഗം ആയിരിക്കുമെന്ന് വേദനയോടെ ഓർത്തു…

ആൺകുട്ടികൾ ചെയ്താലൊരു തെറ്റുമില്ല..അപ്പോഴും അവനെ ധീരനായി വാഴ്ത്തുകൾ പെണ്ണുങ്ങൾ തന്നെയാകും…ആദ്യമായി നന്ദിനിക്കുട്ടിക്ക് ദേഷ്യം തോന്നി പെണ്ണായി പിറന്നതിനു..സമൂഹം രണ്ടു പേരെയും രണ്ടു തട്ടിൽ കാണുന്നതിന്.. “മോളേ…” അച്ഛന്റെ വിളി കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്..വീട് എത്തിയിരിക്കുന്നു..ആരതി മോളേയും എടുത്ത് നന്ദിനിക്കുട്ടി കാറിൽ നിന്നും ഇറങ്ങി…അവളുടെ കയ്യിലിരുന്ന മോളുടെ കണ്ണുകളിൽ വിസ്മയം നിറഞ്ഞു..അവളുടെ കാഴ്ചപ്പാടിൽ വലിയൊരു കൊട്ടാരം…. ഓരോ കാഴ്ചകളും കണ്ടു വിസ്മയിച്ചെങ്കിലും മുഖത്ത് സങ്കടമായിരുന്നു…അച്ഛയെ പിരിഞ്ഞതോർത്ത്…നന്ദിനിക്കുട്ടിക്ക് അതു മനസ്സിലാവുകയും ചെയ്തു… ഹാളിലേക്ക് കയറിയതും ഉമ ഓടിവന്നു…നന്ദിനിക്കുട്ടിയോടൊട്ടി ആരതി മോൾ ഇരിക്കുന്നത് കണ്ടു..

“അമ്മേ ഇതാ മോള്” “മനസ്സിലായി… അവർ ആരതിക്കുട്ടിക്ക് നേരെ കൈകൾ നീട്ടി… ” മുത്തശ്ശീടെ മോള് വന്നേ” ആരതി  നന്ദിനിയോട് കൂടുതലൊട്ടി  അവളുടെ മുഖത്തേക്ക് നോക്കി… “ടീച്ചറമ്മേടെ അമ്മയാ.. പൊടുന്നനെ മോളിൽ പുഞ്ചിരി വിടർന്നു..മെല്ല ഉമയുടെ അടുത്തേക്ക് ചെന്നു..അവർ വാരിയെടുത്തു അവളെ ഉമ്മവെച്ചു… ” മോടെ ടീച്ചറമ്മ മോളെ കുറിച്ച് ഒരുപാട് പറയാറുണ്ട്…. അതുകേട്ട് കുഞ്ഞു മിഴികൽ കൂടുതൽ വിടർന്നു…. എല്ലാവരും ഒരുമിച്ച് ഹാളിൽ കൂടി…ആരതിക്കുട്ടി ആദ്യത്തെ മടി കളഞ്ഞു പെട്ടന്ന് എല്ലാവരുമായി വേഗത്തിൽ ഇണങ്ങി…കുറച്ചു കഴിഞ്ഞു അവളേയും എടുത്തു തുളസി ആന്റിയുടെ മുറിയിലേക്ക് കയറി.. “ആരാ ടീച്ചറമ്മേ  അത്… ” ടീച്ചറമ്മേടെ ആന്റിയാ.. ടീച്ചറമ്മേടെ ആണെന്ന് അറിയുമ്പോൾ ആരതിക്കൊരു സന്തോഷമാണ്..അവളുടെ ടീച്ചറമ്മക്ക് സ്നേഹിക്കാനേ കഴിയൂന്നു കുഞ്ഞു മനസ്സിനു അറിയാം… “ആന്റി … നന്ദിനിക്കുട്ടി വേദനയോടെ വിളിച്ചു…

കേൾക്കില്ലെന്ന് അറിയാം എങ്കിലും എവിടെയോ ഒരു പ്രതീക്ഷ നിറഞ്ഞിരുന്നു.. ആന്റിക്ക് അരികിലിരുന്നു തല തങ്ങളുടെ ഭാഗത്തേക്ക് തിരിച്ചു വെച്ചു .. ” നോക്ക് ആന്റി എന്റെ മോളാ… എന്നിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല..എന്നിട്ടും അവരുമായി സംസാരിച്ചിരുന്നു… “മോൾക്ക് വിശക്കുന്നോടീ പെണ്ണേ… ഇല്ലെന്ന് തലയാട്ടി കാണിച്ചെങ്കിലും വിശപ്പ്  കാണുമെന്ന് അറിയാം..കുഞ്ഞിലേ  എല്ലാത്തിനോടും പൊരുത്തപ്പെടാൻ അവൾ‌ പഠിച്ചു കഴിഞ്ഞെന്ന് നന്ദിനിക്കുട്ടി വേദനയോടെ ഓർത്തു.. ” വാ മോളേ നമുക്ക് കുളിച്ചിട്ട് കഴിക്കാം‌‌.. മോളേയും എടുത്തു മുറിയിലേക്ക് പോയി…അവളുടെ വേഷം മാറ്റി കുളിപ്പിക്കാൻ കയറ്റി.. ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ കുളിപ്പിച്ചു..ആരതിക്കുട്ടി ക്ക് അതെല്ലാം പുതിയൊരു അനുഭവമായിരുന്നു… മോളെ മുറിയിലിരുത്തി നന്ദിനിക്കുട്ടി വേഗം കുളിച്ചിറങ്ങി വന്നു..പഴയ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങി ഇരിക്കുന്ന മോളെ കണ്ടു സങ്കടം വന്നു കണ്ണുകൾ നിറഞ്ഞു…

വേഗം കുഞ്ഞിനെയും ഒരുക്കി ഹാളിലേക്ക് വന്നു.. “അച്ഛാ കാറിന്റെ കീയൊന്നു വേണം… ” എന്തിനാ മോളേ..നീ എവിടെ പോകുന്നു… ബാലന്റെ മുഖത്ത് അമ്പരപ്പു നിറഞ്ഞു.. ഡ്രൈവിംഗ് അറിയാമെങ്കിലും നന്ദിനിക്കുട്ടി കാറോടിക്കുന്നത് വളരെ കുറച്ചാണ്.. “മോൾക്ക് കുറച്ചു ഡ്രസ് എടുക്കണം..അവിടുന്ന് പോന്നപ്പോൾ ഓർത്തില്ല.. ” അച്ഛൻ കൂടി വരണോ  .. “വേണ്ട അച്ഛാ..ഞാനും മോളും കൂടി പൊയ്ക്കോളാം… അയാൾ കാറിന്റെ കീ കൊടുത്തതും കുഞ്ഞുമായി പുറത്തേക്കിറങ്ങി കാറിൽ കയറി… ” അയ്യോ മോൾ എവിടേക്കാ ചേട്ടാ.. ആധിയോടെ ഉമ മുറിയിൽ നിന്ന് ഇറങ്ങി വന്നു.. അയാൾ കാര്യം പറഞ്ഞു..

“അയ്യോ അവളൊറ്റക്കോ ഈ സമയത്ത്… ” അതിനെന്താ അവളൊറ്റക്ക് പോയാൽ.. ഉമക്ക് ഉത്തരം മുട്ടിപ്പോയി…ബാലനു മകളിൽ നല്ല വിശ്വാസമാണ്.. തെറ്റും ശരിയും ഏതെന്ന് തിരിച്ചറിയാൻ അവൾക്ക് കഴിയും‌.അങ്ങനെയാണ് വളർത്തിയതും… മോളെ അരികിലെത്തി നന്ദിനിക്കുട്ടി കാറ് സ്റ്റാർട്ട് ചെയ്തു മുമ്പോട്ടെടുത്തു…രാത്രി കാഴ്ചകളിലേക്ക് ഉത്സാഹത്തോടെ ആരതി നോക്കിയിരുന്നു… വിലകൂടിയ തുണിക്കടയിലേക്ക് കയറി കുഞ്ഞിനു പാകത്തിനു കുറെ ഡ്രസ്സുകൾ വാങ്ങിച്ചു… “ഇതെല്ലാം ആർക്കാ ടീച്ചറമ്മേ… കളങ്കമില്ലാത്ത പിഞ്ചു മനസ്സോടെയുളള ചോദ്യം കേട്ടു നെഞ്ചു പൊട്ടി… ” ടീച്ചറമ്മേടെ ആരതി മോൾക്കാ… കുഞ്ഞിക്കണ്ണുകൾ വിടർത്തി എല്ലാം നോക്കി… “എനിക്ക് അച്ഛയല്ലാതെ മറ്റാരും ഒന്നും വാങ്ങി തന്നട്ടില്ല ടീച്ചറമ്മേ… കരയാൻ കാത്തിരുന്ന പോലെ ആയിരുന്നു നന്ദിനിക്കുട്ടി… മോളുടെ ഓരോ വാക്കുകളും നെഞ്ചിൽ തറച്ചു കയറി..അവളെ കെട്ടിപ്പിടിച്ചു നന്ദിനി കണ്ണുനീരിഴുക്കി..

” എന്തു വേണേലും പറഞ്ഞാൽ മതി.. ടീച്ചറമ്മ വാങ്ങി തരാം…. കുഞ്ഞിക്കവിളിൽ മാറി മാറി ചുംബിച്ചു…. ആരതിക്കുട്ടി സന്തോഷത്തോടെ തല കുലുക്കി.. എ ടി എം കാർഡ് ഉപയോഗിച്ച് ബിൽ പേ ചെയ്തു… അവിടെ വെച്ചു തന്നെ മോളുടെ ഡ്രസ് മാറ്റി പുതിയത് ഇട്ടു കൊടുത്തു.. സന്തോഷം കൊണ്ട് ആരതിപ്പെണ്ണ് തുള്ളിച്ചാടി…. അടുത്തുള്ള ഹോട്ടലിൽ കയറി അവൾക്ക് വയറു നിറയെ വാങ്ങി കഴിപ്പിച്ചു… കുഞ്ഞ് കഴിക്കുന്നത് സംതൃപ്തിയോടെ നോക്കിയിരുന്നു… അടുത്തുള്ള സ്വർണ്ണക്കടയിൽ നിന്ന് കുഞ്ഞു സ്വർണ്ണക്കമ്മലും മാലയും വാങ്ങി ഇടീച്ചപ്പോൾ ആരതിക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു… “കണ്ണ് നിറക്കാതെ ടീച്ചറമ്മയുടെ പെണ്ണ്… ” അതിനു ഞാൻ കണ്ണു നിറച്ചില്ലല്ലോ ടീച്ചറമ്മേ” കുസൃതിയോടെ അവൾ ചിരിച്ചു… കുഞ്ഞിനെ വാരിയെടുത്തു ഉമ്മ വെച്ചു… “നമുക്ക് അച്ഛയെ കൂടി കണ്ടിട്ടു പോകാം… അതുകേട്ടതും ആരതിമോൾക്ക് സന്തോഷമായി… ഉത്സാഹത്തോടെ ടീച്ചറമ്മയുടെ കാറിൽ കയറി…

ഹോസ്പിറ്റലിൽ എത്തി ആരവിനു മാറി ഉടുക്കുവാൻ വാങ്ങിയ ഡ്രസും ഫുഡും കൂടി എടുത്തിട്ട് അവനരികിലേക്ക് പോയി…അപ്രതീക്ഷിതമായി നന്ദിനിക്കുട്ടി വരുന്നത് കണ്ടു അവനൊന്ന് ഞെട്ടി…കൂടെ ആരതി മോളെയും കണ്ടു അമ്പരന്നു… ” കുഞ്ഞൊരു രാജകുമാരിയായി പൂമ്പാറ്റയെ പോലെ മോൾ പാറിപ്പറന്നു വരുന്നു… “ഞാനില്ലെങ്കിലും നമ്മുടെ മോളെ രാജകുമാരി ആയിട്ട് വളർത്തണേ ഏട്ടാ… പ്രസവ വാർഡിലേക്ക് കയറ്റുമ്പോഴും അമ്മുവിന്റെ വാക്കുകൾ കാതിലേക്ക് ഇരച്ചെത്തി..അസഹ്യമായ നോവിൽ അവനൊന്ന് പുളഞ്ഞു പോയി… ” അതേ വഴക്ക് പറയാൻ നിൽക്കണ്ടാ..ഞാനെന്റെ മോൾക്ക് വാങ്ങി കൊടുത്തതാ… ആരവിന്റെ നോട്ടം കണ്ടതും അവൾ പറഞ്ഞു… നന്ദിനിക്കുട്ടിയുടെ  വാക്കുകൾ അവനിലേക്ക് തറച്ചു കയറി.. “ഞാനെന്റെ മോൾക്ക് വാങ്ങി കൊടുത്തതാണെന്ന്…. തുടരും