രചന – സുധീ മുട്ടം
“കുടിക്ക്`ആരവ്… രണ്ടുതുളളി കണ്ണുനീര് ഇമചിമ്മി അടച്ചു തുറന്നതോടെ സ്പൂണിലേക്ക് ചിതറി വീണു..അവനിൽ അമ്മുവിന്റെ നോവോർമ്മകൾ ഉണർന്നു പെയ്തു.. “ആരവ്… നന്ദിനിക്കുട്ടിയൊന്നു കുലുക്കി വിളിച്ചതോടെ ആരവ് ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു..അരികിൽ ഇരിക്കുന്നത് അമ്മുവല്ല ടീച്ചറാണെന്ന് ഓർത്തതും അവനിലൊരു വല്ലായ്മ ഉടലെടുത്തു.. ” അവിടെ വെച്ചേക്ക് ടീച്ചറേ ഞാനെടുത്തു കുടിച്ചോളാം…സമയം വൈകുന്നേരമായി ടീച്ചർ പോകാൻ നോക്ക്..സമയം കുറെയായി… നന്ദിനിക്കുട്ടിയൊന്നു പിടഞ്ഞു ഉണർന്നു..സമയം വൈകുന്നേരമായി..ഉച്ചക്ക് മുമ്പേ വീട്ടിലെത്താറുളളതാ.പതിവ് തെറ്റിയതിനാൽ അച്ഛനും അമ്മയും ഒരുപാട് വിളിച്ചു കാണും.സ്കൂളിലേക്ക് വരുമ്പോൾ ഫോൺ സൈലന്റ് മോഡിൽ ആക്കിയിടും. “ഞാൻ പൊയ്ക്കോളാം…ആരവ് കഞ്ഞി കുടിച്ചിട്ട്… അവൾ പോകില്ലെന്ന് മനസ്സിലായതും ആരവ് പതിയെ വായ് തുറന്നു…സ്നേഹം കൂടി കലർത്തി കൊടുത്ത കഞ്ഞിക്ക് നല്ല രുചിയുണ്ടെന്ന് അയാൾക്ക് തോന്നി…
ആരവിന്റെ മിഴികളിലേക്ക് നോക്കി കഞ്ഞി കോരിക്കുടിപ്പിച്ചു…അവനെന്തോ വല്ലായ്മ അനുഭവപ്പെട്ടതോടെ നോട്ടം അവളിൽ നിന്ന് മാറ്റി.. ” വിശപ്പില്ലെന്ന് പറഞ്ഞയാൾ മുഴുവനും കുടിച്ചല്ലോ… നന്ദിനിക്കുട്ടിയൊന്നു പുഞ്ചിരിച്ചു…ചിരിക്കുമ്പോൾ അവളുടെ കണ്ണുകൾ കൂടി തിളങ്ങിയത് കണ്ടു… ആരവിനെ വായ് കഴിപ്പിച്ചു കട്ടിലിലേക്ക് കിടത്തി…വയറ് വിശന്നു നിലവിളിച്ചതറിഞ്ഞു നന്ദിനിക്കുട്ടി കുറച്ചു കഞ്ഞി പ്ലേറ്റിൽ കോരിയെടുത്തു കൊണ്ടു വന്നു.. “ടീച്ചറമ്മേടെ മുത്തിനു വേണോടീ… ” വേണം ടീച്ചറമ്മേ… തലകുലുക്കി ആരതി മോൾ അവൾക്ക് അടുത്തു വന്നിരുന്നു….ചൂടാറ്റി കഞ്ഞി സ്പൂണിൽ കോരി കൊടുത്തതോടെ മോൾ ആർത്തിയോടെ കുടിച്ചു..നന്ദിനിയുടെ കണ്ണുകളത് ശ്രദ്ധിച്ചു.. “മോളു പോയിട്ട് കഴിച്ചില്ലേ… ” ഇല്ല ടീച്ചറമ്മേ അവിടെ ആരും ഇല്ലായിരുന്നു… നന്ദിനിക്കുട്ടിയുടെ നെഞ്ചിലൊരു കൊളുത്തിപ്പിടിത്തം വീണു..
“എന്നിട്ടെന്താ മോളു പറയാഞ്ഞത്… ” ഞാൻ കഴിച്ചില്ലെന്നു പറഞ്ഞാൽ അചഛക്ക് സങ്കടമാകും ടീച്ചറമ്മേ…. കുഞ്ഞിക്കണ്ണിൽ സങ്കടം പെയ്തതോടെ ആരവിന്റെ കണ്ണുകൾ നിറഞ്ഞു ഹൃദയം ചുട്ടു നീറി…രണ്ടാം ക്ലാസിൽ ആയതേയുള്ളൂ എന്നിട്ടും പൊന്നുമോൾ പക്വതയോടെ പെരുമാറാൻ പഠിച്ചിരിക്കുന്നു… നന്ദിനിക്കുട്ടിയിൽ സങ്കടം വന്നു നിറഞ്ഞു..ആരതി മോളേ കെട്ടിപ്പിടിച്ചു ഒന്ന് തേങ്ങി… “ഇനി വിശന്നിരിക്കരുത്..എന്തുണ്ടായാലും ടീച്ചറമ്മയോട് പറഞ്ഞാൽ മതീ ട്ടൊ മോളെ… ” ഉം…” കുഞ്ഞിക്കണ്ണുകൾ തുടച്ചിട്ട് അവൾ ചിരിച്ചു… “ആരവ്..നമുക്ക് ഹോസ്പിറ്റലിൽ പോയി മരുന്നു വാങ്ങാം…” നന്ദിനിക്കുട്ടി അവനെ നോക്കി… “വേണ്ട ടീച്ചറേ കുറവുണ്ട്…ടീച്ചർ പൊയ്ക്കോളൂ… ” ഞാൻ പൊയ്ക്കോളാം…ആരവ് ഒരുങ്ങ്..രാത്രി പനി കൂടിയാലെന്ത് ചെയ്യും.. ഉള്ളിലെ നോവുകൾ പെയ്തതോടെ അവൾക്ക് സമാധാനം ഇല്ലാതായി..
നന്ദിനിക്കുട്ടിയുടെ കുറെസമയത്തെ നിർബന്ധത്തിനു മുന്നിൽ ആരവ് കീഴടങ്ങി.. “ഞാൻ വരാം ടീച്ചർ… ഒടുവിൽ സമ്മതിച്ചു പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു….കാലുകൾക്ക് ബലമില്ലാതെ വീഴാൻ പോയതും നന്ദിക്കുട്ടി അയാളെ താങ്ങിപ്പിടിച്ചു തന്നോട് ചേർത്തു…അവന്റെ ശരീരത്തിലെ പൊള്ളുന്ന പനിച്ചൂടറിഞ്ഞ് അതേറ്റു വാങ്ങും പോലെ തന്നിലേക്കമർത്തി പിടിച്ചു… ” നല്ല പനിയുണ്ടല്ലോ ആരവ്… ആരവ് ഒന്നും മിണ്ടിയില്ല…തന്നിലെ തളർച്ച തിരിച്ചറിഞ്ഞു ടീച്ചർ തന്നെ പറയുന്നുണ്ട്… നന്ദിനിക്കുട്ടി മുണ്ടും ഷർട്ടും എടുത്തു കൊടുത്തു..മുണ്ട് എങ്ങനെയൊക്കയോ ഉടുത്തു..ഷർട്ട് ഇടാൻ പ്രയാസപ്പെടുന്നത് കണ്ട് അവൾ അത് ഇടീച്ചു ബട്ടൻസ് ഇട്ടു കൊടുത്തു…ആരവിന്റെ മുടിയും മീശയും ദീക്ഷയും ചീകിയൊതുക്കി.കുറച്ചു പൗഡറിട്ടു മുഖത്ത്..ആരതി മോളേയും അവളൊരുക്കി… “പരിചയമുളള ഓട്ടോ ഉണ്ടെങ്കിൽ വിളിക്കൂ ആരവ്…
നന്ദിനിക്കുട്ടി പറഞ്ഞതോടെ ആരവ് കൂട്ടുകാരന്റെ നമ്പർ പറഞ്ഞു കൊടുത്തു…അവളാണു വിളിച്ചതും .ഓട്ടോ വന്നപ്പോൾ നടക്കാൻ കഴിയാതിരുന്ന ആരവിനെ തോളിൽ കൂടി കയ്യിട്ടു തന്നോട് ചേർത്തു ശ്രദ്ധയോടെ നടത്തി..വീടുപൂട്ടി മോളേയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി… ” പനി നല്ല കൂടുതൽ ആണ്..രണ്ടു ദിവസം ഇവിടെ കിടക്കേണ്ടി വരും…. ആരവിനെ പരിശോധിച്ചു കഴിഞ്ഞു ഡോക്ടർ പറഞ്ഞു… “മരുന്നു തന്നു വിട്ടാൽ മതി ഡോക്ടറെ..ഞാനും മോളും മാത്രമേയുള്ളൂ വീട്ടിൽ.. അവന്റെ മുഖത്ത ദൈന്യത പടർന്നു…അതുകണ്ടു നന്ദിനിയുടെ മനസ്സ് വിങ്ങി… “വേണ്ട ടീച്ചർ അഡ്മിറ്റ് ചെയ്തേക്ക്..” “ടീച്ചറെന്താ പറയുന്നത്….ഇവിടെ കിടന്നാൽ ശരിയാകില്ല… അവന്റെ മനസ്സിൽ മോള് ഒറ്റക്കായി പോകുന്നതിന്റെ സങ്കടവും പ്രൈവറ്റ് ഹോസ്പിറ്റലിൽ നല്ലൊരു തുക ചിലവാകുകയും ചെയ്യുമെന്ന പേടിയുമായിരുന്നു…
” ആരവ് പ്ലീസ് ഞാൻ പറയുന്നത് കേൾക്ക്…തീരെ വയ്യാത്തോണ്ടല്ലേ അഡ്മിറ്റ് ചെയ്യുന്നത്..ഇവിടെ ആകുമ്പോൾ സമയത്തിനു മരുന്നും നോക്കാൻ ആളുമുണ്ടാകും…” “ടീച്ചറെ അത് ശരിയാകില്ല.. ” മോളുടെ കാര്യം ഓർത്ത് ടെൻഷൻ ആകണ്ടാ..ഞാൻ കൊണ്ടു പൊയ്ക്കോളാം.പിന്നെ പണത്തിന്റെ അതും ഇപ്പോൾ ചിന്തിക്കേണ്ടാ… സ്നേഹപൂർവ്വം അവനെ ശ്വാസിച്ചു… ആരവിനു ഒന്നും മിണ്ടാനായില്ല..അവന്റെ മനസ്സ് വായിച്ചതു പോലെ ആയിരുന്നു മറുപടി… ആരവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു….കുറെ സമയം കഴിഞ്ഞു ആനന്ദനും ബാലനും കൂടി അവിടേക്ക് വന്നു..അവിടെ നിന്നു ഇറങ്ങിയപ്പോൾ അച്ഛനെ വിളിച്ചു സാഹചര്യം വിശദമാക്കി… ആനന്ദനെ കണ്ടു ആരവ് എഴുന്നേൽക്കാൻ ഭാവിച്ചു..
“അവിടെ കിടക്കെടാ..വയ്യാതെ കിടക്കുമ്പോഴാ അവന്റെയൊരു ബഹുമാനം… അയാൾ പുഞ്ചിരിയോടെ ആരവിനെ ശ്വാസിച്ചു… ” ഞാൻ ചെന്ന് ഡോക്ടറെ കണ്ടിട്ടു വരാം… ആനന്ദൻ പോയതും മുറിയിൽ കുഞ്ഞും നന്ദിനിയും ബാലനും ആരവും മാത്രമായി.. “അച്ഛാ ഇതാ ആരതി മോളും ആരവും… മകളുടെ കണ്ണുകളിൽ വലിയൊരു തിളക്കം കണ്ടു…മുഖമാകെ സന്തോഷം നിറഞ്ഞത് ശ്രദ്ധിച്ചു… ” ആരവ് ഇതാണു എന്റെ അച്ഛൻ.. ഇരുവർക്കും പരസ്പരം പരിചയപ്പെടുത്തി…ബാലൻ അവനെ ശരിക്കും ശ്രദ്ധിച്ചു… സാധുവായൊരു ചെറുപ്പക്കാരൻ കാണാനും സുന്ദരൻ…അയാൾക്ക് ആരവിനെ നന്നേ ബോധിച്ചെന്ന് സംസാരത്തിലൂടെ നന്ദിനിക്കുട്ടിക്ക് മനസ്സിലായി.. ആനന്ദൻ വന്നതോടെ അവർ യാത്ര പറഞ്ഞു ഇറങ്ങി… “രാവിലെ വരാമെന്ന് അച്ഛനോട് പറ മോളേ… ” അച്ഛ…രാവിലെ വരാം.. അവന്റെ നെറ്റിയിൽ മോൾ ഉമ്മവെച്ചു..പരസ്പരം പിരിയുന്നതിൽ അച്ഛനും മോൾക്കും നല്ല വിഷമം ഉണ്ടെന്ന് നന്ദിനിക്ക് അറിയാം..
“എങ്കിൽ പോട്ടേ… നന്ദിനിക്കുട്ടി പറഞ്ഞതോടെ അയാൾ തല മെല്ലെ കുലുക്കി..അവൾ മോളുമായി പുറത്തേക്കിറങ്ങി…കാറിൽ കയറിയ അവൾ പെട്ടന്ന് തിരിച്ചിറങ്ങി… ” അചച്ഛാ ഞാനിപ്പോൾ വരാമേ … ആരതി മോളെ ഏൽപ്പിച്ചിട്ട് നന്ദിനിക്കുട്ടി ഓടി ആരവിന്റെ മുറിയിലെത്തി…അവളെ പെട്ടന്ന് കണ്ടതും ഒന്ന് ഞെട്ടി.. “എന്തുപറ്റി ടീച്ചറേ.. ” ഒന്നൂല്ലാ വെറുതെ.. അങ്ങനെ പറഞ്ഞു നന്ദിനിക്കുട്ടി അവനരുകിലിരുന്ന് ആരവിനെയൊന്ന് പൊതിഞ്ഞു പിടിച്ചു നെറ്റിയിൽ ചുംബിച്ചു… ആരവ് പെട്ടന്ന് വല്ലാതായി….അവളുടെ പെരുമാറ്റം എവിടെയൊക്കയോ അമ്മുവിനെ ഓർമ്മിപ്പിച്ചു.. “ഉണ്ണ്യേട്ടനു പനി വന്നാൽ ഇങ്ങനെ പൊതിഞ്ഞു പിടിച്ചു നെറ്റിയിലൊരു ഉമ്മ കൊടുക്കും…അടുത്ത ദിവസം രാവിലെ പനി വിട്ടുമാറും…
ആരവ് ഒന്നും പറഞ്ഞില്ല..മറ്റേതോ ലോകത്തായിരുന്നു…നന്ദിനിക്കുട്ടി അവന്റെ കരം കൂട്ടിപ്പിടിച്ചു ചുണ്ടോട് ചേർത്തതും യാത്ര പറഞ്ഞു ഇറങ്ങി പോയതും അറിഞ്ഞില്ല… അവന്റെ മനസ്സിൽ അമ്മുവായിരുന്നു…അവന്റെ പ്രാണനായിരുന്നവൾ…. നന്ദിനിക്കുട്ടിയിലെ ചില പെരുമാറ്റങ്ങൾ ആരവിനെ അമ്മുവിന്റെ സ്മരണകൾ ഉയർത്തി…പതിയെ അവന്റെ മിഴികൾ നനഞ്ഞൊഴുകി…. ” പ്രാണവായും ആയിരുന്നവൾ അമ്മു…അവനു അവന്റെ ജീവനേക്കാൾ… തുടരും

by