The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
ഓർമ്മകൾ കൊത്തി വലിച്ചതോടെ ഹൃദയം പിന്നെയും നുറുങ്ങി..പ്രണയിച്ചിട്ടില്ലെങ്കിലും ജീവന്റെ പാതിയെ വിവാഹം കഴിയും മുമ്പേ സ്നഹിച്ചു തുടങ്ങി… കല്യാണം കഴിഞ്ഞിട്ടും പ്രണയത്തിനൊരു മങ്ങലും വന്നട്ടില്ല… ഉളളം നോവുന്ന വേദനയിൽ പിന്നെയും ഒന്നു പിടഞ്ഞു…ഒരിക്കൽ കൂടി ഉണ്ണിയുടെ മിഴികളിലേക്ക് ഉറ്റു നോക്കി.. മാറ്റത്തിന്റെ ദയയുടെ കണികൾക്കായി… “ഞാനവസാനമായി ഒന്നുകൂടി ചോദിക്കുവാ നന്ദിനി നീ മാറാനൊരുക്കമാണോ…. അയാളുടെ വാക്കുകൾ കർണ്ണപുടത്തിലേക്ക് വീണ്ടും വീണ്ടും തുളച്ചു കയറി..കണ്ണുനീരിനിടയിലും അവളൊന്ന് പുഞ്ചിരിച്ചു.. പ്രകാശം ഒട്ടും മങ്ങാതെ തന്നെ… ” പറഞ്ഞില്ലേ ഉണ്ണ്യേട്ടാ ഞാനെന്റെ നിലപാടുകൾ… വ്യക്തമായില്ലെങ്കിൽ ഒന്നൂടെ പറയാം… ഒരുനിമിഷം നിശ്ചലയായി നിന്നു…വരണ്ട നാവിലേക്ക് ഉമിനീരിറിക്കി..
“എനിക്ക് ഞാനായി ഇരിക്കാനാണ് ഇഷ്ടം.. മറ്റൊരാൾക്കായി മാറാനെനിക്ക് താല്പര്യമില്ല..എന്റെ വ്യക്തിത്വം മറ്റൊരാൾക്ക് പണയം വെയ്ക്കാൻ വയ്യെന്ന്… നല്ല വ്യക്തതയോടെ സ്ഫുടമായ ശബ്ദത്തിൽ മറുപടി കൊടുത്തു.. ” എങ്കിൽ എനിക്ക് ഡിവോഴ്സ് വേണം… വാശിയോടെ പറഞ്ഞു…. “അതും ഞാൻ പറഞ്ഞല്ലോ…പരസ്പരം ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ പിരിയാമെന്ന്…ബാദ്ധ്യതയായി കുഞ്ഞുണ്ടെന്ന് ഏട്ടൻ വിഷമിക്കുകയും വേണ്ടല്ലോ…. സ്വരം ഇടറിയെങ്കിലും നിലപാട് കടുപ്പിച്ചു… ” ശരി…ജോയിന്റായി കേസ് ഫയൽ ചെയ്താൽ പെട്ടന്ന് ഡിവോഴ്സ് നടക്കും… “അതിനെന്താ അതിനും എനിക്ക് സമ്മതം…. നന്ദിനിയുടെ നിശ്ചയദാർഢൃം അയാളെ തെല്ലൊന്ന് അമ്പരപ്പിക്കാതിരുന്നില്ല…. ” ഒരിക്കൽ കൂടി ഞാൻ പറയുന്നു നന്ദിനി…നിനക്ക് മാറാൻ ഇനിയും സമയം ഉണ്ട്… അവൾ പുച്ഛത്തിലൊന്നു ചിറി കോട്ടി…
“ഉണ്ണ്യേട്ടനെന്താ എന്നെ കുറിച്ച് കരുതിയത്…ഡിവോഴ്സ് എന്ന് കേൾക്കുമ്പോൾ ഞാൻ കരഞ്ഞു കാലിൽ വീഴുമെന്നോ…. നന്ദിനി തുടർന്നു കൊണ്ടിരുന്നു… ” ഞാൻ പഴയ ഞാൻ തന്നെയാണ്.. എന്നു കരുതി നിങ്ങളുടെ ഇഷ്ടത്തിനു മാറാൻ എനിക്ക് പറ്റില്ല..മനസ്സിലായല്ലോ… മൂർച്ചയുള്ള സ്വരത്തിൽ പറഞ്ഞിട്ട് വെളിയിലേക്ക് ഇറങ്ങി… ഒരുനിമിഷം ഷോക്കേറ്റത് പോലെ നിന്നു… “അമ്മ നിൽക്കുന്നു… കരഞ്ഞു മിഴികളൊപ്പി… ഇടനെഞ്ചിൽ വലിയൊരു തിരമാല ആഞ്ഞു ഉയരുന്നത് അറിഞ്ഞു…ആ അമ്മയുടെ കണ്ണുനീര് കാണാനായി ഒരിക്കലും ഇഷ്ടമായിരുന്നില്ല… വലതുകാൽ ചവുട്ടി കയറിയ നിമിഷം മുതൽ അമ്മ മകളായെ കണ്ടിട്ടുള്ളൂ…സ്വന്തം അമ്മ അടുത്തുള്ളത് പോലെയാണു തോന്നിയട്ടുളളത്.. നന്ദിനി അതേ വേഗതയിൽ മുറിയിലേക്ക് കയറി…
ബാഗ് എടുത്ത് തനിക്ക് കൊണ്ട് പോകാനുളളത് മാത്രം എടുത്തു വെച്ചു… മുറിയിലപ്പോഴും ഉണ്ണി തറഞ്ഞങ്ങനെ നിൽപ്പുണ്ടായിരുന്നു… ” ഇവിടെ നിന്ന് പോകുന്നുവെന്ന് കരുതി നിങ്ങളോടെനിക്ക് വെറുപ്പൊന്നും ഇല്ല ഉണ്ണ്യേട്ടാ…നിങ്ങളുടെ സങ്കൽപ്പത്തിലെ പോലെ എനിക്കേ മാറാതിരിക്കാൻ കഴിയൂ..മാറിയതോ ആ സ്വഭാവം ഉളളവരെയോ ജീവിത സഖിയാക്കിക്കോളൂ പരാതിയൊന്നും ഇല്ല..പക്ഷേ എനിക്ക് ഇപ്പോൾ ചില സംശയങ്ങളുണ്ട്…അതിനൊരു വ്യക്തത നൽകാമോ?… അവൾ ഉണ്ണിയിലേക്ക് നോട്ടം ഉറപ്പിച്ചു… പാവമാണെന്ന് കരുതിയവളാണ് ഇപ്പോൾ ചീറ്റപ്പുലിയായി നിൽക്കുന്നത്…ഒരു ചവിട്ടിനു കൊല്ലാനുളള ദേഷ്യം ഉണ്ടെങ്കിലും അവൾ സ്വയം ഒഴിവായി തരുകയാണല്ലോന്ന് ഓർത്തു സമാധാനിച്ചു…. “ചോദിക്ക്… ” ശരിക്കും ഉണ്ണിയേട്ടനെന്നെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതാണോ അതോ…. ഒരുനിമിഷം ഒന്നു നിർത്തി… “അല്ല… പെട്ടെന്ന് ഉത്തരമെത്തി…പ്രതീക്ഷിച്ച മറുപടി ആയിരുന്നെങ്കിലും ഞെട്ടിപ്പോയി…പതുക്കെ മിഴികൾ നിറഞ്ഞു വന്നു… ” എന്റെ അമ്മക്ക് ഇഷ്ടമായതോണ്ട് മാത്രം…
ബാല്യം മുതലേ നാഗരികത കലർന്ന സ്റ്റൈലിഷ് ലൈഫിനോട് അടങ്ങാത്ത അഭിനിവേശം ആയിരുന്നു ഉണ്ണിക്ക്…പക്ഷേ അമ്മയെ ഭയപ്പെട്ടു ഇഷ്ടമില്ലാത്ത ഗ്രാമീണ ശൈലിയോടെ ചേർന്ന് ഇണങ്ങി ജീവിച്ചെങ്കിലും മനസ്സെന്നും മോഡേൺ ലൈഫായിരുന്നു…. സിറ്റിയിലെ സംസ്കാരത്തിൽ ജീവിച്ച പെണ്ണിനെ ജീവിത സഖി ആക്കണമെന്ന് ആഗ്രഹിച്ചു…അവിടെയും അമ്മ എതിർത്തു… അങ്ങനെയാണ് മകനായി അവർ നന്ദിനിയെ കണ്ടു വെക്കുന്നതും മകനായി ആലോചിക്കുന്നതും … “ഒരാളുടെ താല്പര്യത്തിനു അനുസരിച്ച് മറ്റൊരാളുടെ ജീവിതം തകർക്കുകയാണോ വേണ്ടിയിരുന്നത്….ഒഴിവാക്കാമായിരുന്നില്ലെ എന്നെ…എത്ര പ്രാവശ്യം ചോദിച്ചതാ ശരിക്കും എന്നെ ഇഷ്ടമായോന്ന്… ആർത്തലച്ചവളൊന്ന് കരഞ്ഞു…. ” വെറുപ്പാ ഈ നിമിഷം മുതൽ നിങ്ങളോടെനിക്കുളള വികാരം…. നന്ദിനി കാർക്കിച്ചു തുപ്പി…അത് മുഖത്താണു പതിച്ചതെന്ന് അവനു തോന്നി… “ഞാനിറങ്ങുവാ…ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല… കരയരുതെന്ന് കരുതിയെങ്കിലും ആകെ ഉലഞ്ഞു പോയി…ഉണ്ണി നൽകിയ പ്രഹരം അത്രയേറെ വലുതായിരുന്നു….
” തൽക്കാലം ഈ താലി വലിച്ചു പൊട്ടിച്ചു നിങ്ങളുടെ മുഖത്ത് എറിയുന്നില്ല…എനിക്ക് ഇതുകൊണ്ട് ആവശ്യം വരും…അതെന്തിനാണെന്ന് ഒരിക്കൽ ഞാൻ പറയാം…. ബാഗുമായി നന്ദിനി താഴേക്കിറങ്ങി ചെന്നു…അപ്പോഴും ഉണ്ണിയുടെ അമ്മ കണ്ണുനീരോടെ നിൽപ്പുണ്ട്…അവളെ കണ്ടതും അവർ കൈകൾ കൂപ്പി… “അമ്മയുടെ തെറ്റാ…എത്ര വേണമെങ്കിലും ശപിച്ചോളൂ… ” അമ്മേ… അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. അമ്മയെ പുണർന്നു അവളും കൂടെ കരഞ്ഞു… “അമ്മ എന്നോട് ഇങ്ങനെയൊന്നും പറയല്ലേ…സഹിക്കാൻ കഴിയില്ല… ” അമ്മക്ക് മറ്റൊന്നിനും കഴിയില്ല മോളെ…നിന്നെ പോലൊരു പെൺകുട്ടിയുടെ ഭർത്താവായി ഇരിക്കാനൊന്നും യോഗ്യത എന്റെ മകനില്ല…അവനയി നിന്നെ കൊടുത്തതാ അമ്മ ചെയ്ത തെറ്റ്.. “സാരമില്ല അമ്മ കരയാതെ… ” നിനക്കെന്നും നന്മയെ വരൂ മോളെ..അമ്മക്ക് സമയം കിട്ടുമ്പോഴൊക്കെ ഓടി വരും എന്റെ മോളെ കാണാനായി… “മതി അമ്മേ … ഇത്രയും മതി …മനസ്സ് നിറഞ്ഞു…
” നിന്നെ ഓർത്ത് അവൻ ദുഖിക്കുന്നൊരു സമയം വരും മോളെ…നിനക്ക് എന്നും നന്മയെ വരൂ…. സ്വന്തം മകളെ അനുഗ്രഹിക്കും പോലെ അവർ നന്ദിനിയുടെ നിറുകയിൽ കൈവെച്ചു… “ഇറങ്ങാ അമ്മേ … ” അമ്മ കൊണ്ട് വിടാം മോളെ… “വേണ്ടമ്മേ…ഒറ്റക്ക് മടങ്ങുന്നതാ നല്ലത്….ഞാൻ മാത്രം എല്ലാം നേരിട്ടാൽ മതിയല്ലോ… നന്ദിനി ഇറങ്ങി നടന്നു നീങ്ങി… സാരിയുടെ തുമ്പിനാൽ അമ്മ കണ്ണുനീരൊപ്പി…. ഗേറ്റ് അടച്ചിട്ട് ഒരുനിമിഷം പിന്തിരിഞ്ഞ് നോക്കി…വെറുതെ എങ്കിലും ഉണ്ണിയുടെ പിൻ വിളിക്കായി… അതുണ്ടായില്ല…നിറഞ്ഞ കണ്ണുകളുമായി അവൾ പിന്തിരിഞ്ഞ് നടന്നു…. തുടരും…