രചന – സുധീ മുട്ടം
ഉച്ചവരെ നന്ദിനിക്കുട്ടി ഹോസ്പിറ്റലിൽ ചിലവഴിച്ചു.. ഇടക്ക് മോൾക്ക് കഴിക്കാനുളളതൊക്കെ പുറത്തു നിന്നും വാങ്ങിയിരുന്നു..
“ഞാൻ വീട്ടിൽ പോയി കഴിക്കാനുള്ളത് എടുത്തിട്ടു വരാം..
സമയം പന്ത്രണ്ട് മണി കഴിഞ്ഞു… അതുവരെ ആരവിനും ആരതിക്കുമൊപ്പം മിണ്ടിയും പറഞ്ഞു ഇരുന്നു..ടീച്ചറമ്മയും അച്ഛനും കൂടി ഒരുമിച്ച് ആയതോടെ മോൾക്ക് സന്തോഷമായിരുന്നു..പൂമ്പാറ്റയെ പോലെ വർണ്ണച്ചിറക് വിരിച്ചു അവൾ പാറി നടന്നു..
” വേണ്ട ടീച്ചറേ ഇവിടെ കാന്റീനിൽ നിന്നു കിട്ടും..ടീച്ചർ മോളുമായി പൊയ്ക്കോളൂ..
ആരവ് അങ്ങനെ പറഞ്ഞതും നന്ദിനിക്കുട്ടിയുടെ മുഖം വാടി പോയി..കണ്ണുകൾ നിറഞ്ഞു.. അയാളങ്ങനെ പറയുമെന്ന് കരുതിയില്ല.
നന്ദിനിയിലെ മാറ്റങ്ങൾ മറ്റാരെക്കാളും ആരവ് പെട്ടെന്ന് തിരിച്ചറിഞ്ഞു..അവളുടെ സംസാരവും നോട്ടവും പെരുമാറ്റവും എല്ലാം വേറെ നിറങ്ങൾ ചാർത്തിയ പോലെ…
“വേണ്ട ആരവ് വീട്ടിൽ നിന്ന് കൊണ്ടു വരാം..എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല…
ആരവിൽ നിന്ന് നോട്ടം മാറ്റി ആരതി മോളുടെ നേർക്കായി..
” വാ മോളേ..അച്ഛക്ക് കഴിക്കാനുള്ളത് എടുത്തിട്ട് വരാം…അച്ഛക്ക് ടാറ്റ കൊടുക്ക്..
“അച്ഛേ ടാറ്റ..പോയിട്ട് വരാം”
മോളേയും എടുത്തു വേഗത്തിൽ പുറത്തിറങ്ങി.. അവൻ വീണ്ടും തടസ്സങ്ങൾ പറയുമെന്ന് ഭയപ്പെട്ടു..
വീട്ടിൽ എത്തിയ ഉടനെ നന്ദിനിക്കുട്ടി കിച്ചണിലേക്ക് കയറി… മോൾക്കും അവൾക്കും കഴിക്കാനുള്ളതും ആരവിനും കൂടി ചേർത്തു പൊതികെട്ടി..
കാറ് വന്ന ശബ്ദം കേട്ടാണ് ഉമ മുറി വിട്ടിറങ്ങിയത്..നന്ദിനിയെ കാണാതെ അവൾ കിച്ചണിലേക്ക് ചെന്നു..
“ആഹാ മോള് വന്നിട്ടെന്താ ഒന്നും കഴിക്കാതെ പൊതി കെട്ടുന്നത്..
അവർ ആശ്ചര്യപ്പെട്ടു..
” അമ്മേ ആരവിനു ഉച്ചക്കുളളത് കൊണ്ടു പോകുവാ…പാവം വിശന്നു കാണും…
അവനോടുളള കെയറും സ്നേഹവും വാക്കുകളിൽ കലർന്നത് ഉമ ശ്രദ്ധിച്ചു..
“ഇത്രയും സമയം അവിടെ ആയിരുന്നില്ലേ മോളേ….അവിടെ കാന്റീനിൽ കിട്ടില്ലേ ഭക്ഷണം.. നീയും മോളും റെസ്റ്റ് എടുക്ക്..
” വീട്ടിലെ രുചിയോടു കൂടി അവിടെ നിന്ന് കഴിക്കാൻ പറ്റുമോ അമ്മേ..
മകൾ ചിരിയോടെ ചോദിച്ചതിനു അവർക്ക് ഉത്തരമില്ലാതായി.
“അച്ഛനും അങ്കിളും എവിടെ…
” നീ പോയ പിറകെ ഇറങ്ങിയതാ..രണ്ടാളും കൂടി.. കുറച്ചു താമസിക്കുമെന്നു പറഞ്ഞു…
“ശരി അമ്മേ ഞാനിറങ്ങുവാ..മോൾക്കും വിശപ്പ് കാണും…
ഉമയുടെ മറുപടി എത്തും മുമ്പേ നന്ദിനിക്കുട്ടി പിടഞ്ഞു പുറത്തേക്കിറങ്ങി..അവളിൽ ഇപ്പോൾ ആരവാണ് നിറഞ്ഞു നിൽക്കുന്നത്..
മകൾ കാറിൽ കയറി പോകുന്നത് നോക്കി ഉമ നിന്നു..അവൾ ഒരുപാട് മാറിയിരിക്കുന്നു കുറഞ്ഞ ദിവസങ്ങളിൽ… ഉണ്ണിയുടെ വീട്ടിൽ നിന്ന് വന്നപ്പോഴൊക്കെ വാടി തളർന്ന ചേമ്പിൻ തണ്ടു പോലായിരുന്നു…
എത്ര പെട്ടന്നാണു അവൾ മാറിയത്…ഉണ്ണിയുടെ കൂടെ മുമ്പ് ജീവിച്ച അതിനേക്കാൾ വലിയ സന്തോഷമാണ് ഇപ്പോൾ മുഖത്ത്…ആരതിക്കുട്ടിക്ക് പുറകെ ആരവും അവളെ സ്വാധീനിച്ചിരിക്കുന്നെന്ന് അവർക്ക് മനസ്സിലായി..
“മോൾക്ക് അതാണ് സന്തോഷമെങ്കിൽ ഉണ്ണിയുമായി ഡിവോഴ്സ് വാങ്ങിയ ശേഷം നമുക്കതങ്ങ് നടത്താം ഉമേ..നമുക്ക് അവൾ മാത്രമല്ലേയുള്ളൂ..അവളുടെ സന്തോഷമാ നമുക്ക് വലുത്….
ആരവിനോടൊരു ഇഷ്ടം മകളുടെ മനസ്സിലുണ്ടെന്ന് മനസ്സിലായതോടെ ബാലൻ ഉമയുമായി അവരുടെ കാര്യം ചർച്ച ചെയ്തിരുന്നു..
” ഒരു ജീവിതം നമ്മളായി അവൾക്ക് നീട്ടിയത് പരാജയമായി..ഇപ്പോൾ അവൾക്ക് ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുത്തെങ്കിൽ നമ്മളായി എതിർക്കരുത്..പണത്തേക്കാളും പ്രതാപത്തേക്കാളും മനസ്സിനു ആഗ്രഹിച്ച ജീവിതം കിട്ടിയില്ലെങ്കിൽ എന്തൊക്കെ ഉണ്ടായാലും ലൈഫിലൊരു തൃപ്തി ഉണ്ടാകില്ല..
ഉമ എതിർക്കുമെന്നു കരുതിയാണ് അയാൾ അത്രയും വിശദീകരിച്ചത്..
“എനിക്ക് സന്തോഷമേയുളളൂ ബാലേട്ടാ..പക്ഷേ ഉണ്ണിയിൽ നിന്ന് ഡിവോഴ്സ് വാങ്ങണം ഫസ്റ്റ്…പിന്നെ ആരവിന്റെ മനസ്സിൽ മോൾക്ക് സ്ഥാനം ഉണ്ടോന്നു കൂടി അറിയണം. എത്രയൊക്കെ ഉണ്ടായാലും കണ്മുന്നിൽ അവൾ നീറി ജീവിക്കുന്നത് കാണാൻ വയ്യ…
ഒരമ്മ മനസ്സ് ആയിരുന്നത്..പെറ്റ വയറിന്റെ വിലാപം…
” എനിക്ക് മനസ്സിലാകും ഉമേ നിന്റെ മനസ്സ്..എല്ലാം അറിഞ്ഞും കണ്ടേ ചെയ്യൂ…
അയാൾ അവരെ ചേർത്തു പിടിച്ചു….
പെട്ടെന്ന് ഓർമ്മയിൽ നിന്നും അവർ ഉണർന്നു… കാറ് കണ്മുമ്പിൽ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.. അവർ മുറിയിലേക്ക് പോയി കിടന്നു…
നന്ദിനിക്കുട്ടി ഹോസ്പിറ്റലിൽ എത്തുമ്പോൾ മണി ഒന്നര കഴിഞ്ഞു.. ആരവിനു വിശപ്പായി തുടങ്ങിയോന്ന് സന്ദേഹിച്ചു…അവൾ മുറിയിൽ എത്തുമ്പോൾ അയാൾ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു…
നെറ്റിയിലൊരു തണുപ്പ് വീണതും ആരവ് മിഴികൾ തുറന്നു..പുഞ്ചിരിയോടെ നന്ദിനിയും അവളുടെ ഏണിൽ മകളും ഇരിക്കുന്നു.. എത്ര അസ്വസ്ഥത നിറഞ്ഞ മനസ്സ് ആയാലും അവളുടെയൊരു പുഞ്ചിരിക്ക് അതിനെ തണുപ്പിക്കാൻ കഴിയുമെന്ന് തോന്നി..
“ചൂടൊക്കെ നന്നേ കുറഞ്ഞിട്ടുണ്ട്…
അവൾ ചിരിയോടെ പറഞ്ഞതിനു അയാളൊന്ന് മന്ദഹസിച്ചു…
“എഴുന്നേൽക്ക് ആരവ്…
അവൾ നിർബന്ധിച്ചതോടെ അയാൾ എഴുന്നേറ്റു..കടുത്ത പനി ആയതിനാൽ ശരീരത്തിനു നല്ല ക്ഷീണമുണ്ട്…
നന്ദിനി മോളെ കിടക്കയിലേക്ക് ഇരുത്തി ഊണുപൊതി മാറ്റി വെച്ചു.. ആ സമയത്താണ് ആരവ് എഴുന്നേറ്റത്..നിൽക്കുന്നതിനിടയിൽ അയാൾക്ക് ബാലൻസ് തെറ്റി അവളെ കയറിപ്പിടിച്ചു…പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അയാളെ ചുറ്റിപ്പിടിച്ചു. അവന്റെ ഭാരം താങ്ങാനാകാതെ കിടക്കയിലേക്ക് വീണു…
നന്ദുനിക്കുട്ടി താഴെയും ആരവ് മുകളിലുമായി..അവളുടെ നോട്ടം അവന്റെ മിഴികളിൽ ചെന്നു തറച്ചു…മിഴികൾ പരസ്പരം കോർത്തതും അവളുടെ ഉള്ളൊന്ന് പിടച്ചു…
അവലിലെ അഗാധമായ പ്രണയം നന്ദിനിക്കുട്ടിയുടെ കണ്ണിലൂടെ ഒഴുകി ആരവിന്റെ മിഴികളിലേക്ക് ഇറങ്ങി…കരിനീല നയനങ്ങൾ ഒന്നു പിടിച്ചു.. ചെറിയ ഒരു പുഞ്ചിരിയോടെ…
ആരവ് വെപ്രാളത്തോടെ എഴുന്നേറ്റതും വീണ്ടും അവളിലേക്ക് വീണു…അവനിലെ ചുടു നിശ്വാസം അവളുടെ മുഖത്തേക്ക് പതിച്ചു…അയാളിലെ പനിച്ചൂട് ഏറ്റും വാങ്ങാനായി മനം തുടിച്ചതും അവൾ അവനെ തന്നിലേക്ക് കൂടുതൽ വരിഞ്ഞു മുറുക്കി…
തുടരും..
ഒരാണിനു അവന്റെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ കഴിയുമെങ്കിൽ എന്തേ പെൺകുട്ടികൾക്ക് ആ സ്വാതന്ത്ര്യമില്ല എന്നാണ് ഈ കഥയിലെ മറ്റൊരു കാതൽ…
പഴയ കാല വിശ്വാസ പ്രമാണങ്ങൾ മുറുക്കി പിടിക്കുന്നവർ ദയവായി ഈ കഥ വായിക്കാതിരിക്കാൻ ശ്രമിക്കുക…

by