16/04/2026

വിവാഹമോചനം : ഭാഗം 13

രചന – സുധീ മുട്ടം

“ആരവ്..നിങ്ങൾക്ക് കുടിക്കാതിരുന്നു കൂടെ ഈ പൊന്നുമോളെ ഓർത്തെങ്കിലും…. ആരതിക്കുട്ടിയെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു.. ചോദിക്കണമെന്ന് കരുതിയതല്ലാ..അറിയാതെ ചോദിച്ചു പോയി.. ഒരിക്കൽ പോലും കണ്ടട്ടില്ലാത്ത ഒരാൾ…എന്നിട്ടു കൂടി അനുകമ്പയോടെ ചോദിക്കുന്നത് കേട്ട് ഉള്ളിലെ സങ്കടം മറച്ചു ആരവ് ചിരിച്ചു…. ” ടീച്ചർക്ക് സമയം ഉണ്ടെങ്കിൽ വരൂ അങ്ങോട്ട് നീങ്ങി നിന്നു സംസാരിക്കാം…. നിൽക്കുന്നത് സ്റ്റാഫ് റൂമിനു മുമ്പിലാണ്….ആരെങ്കിലും കേൾക്കുന്നതിൽ ആരവിനു ബുദ്ധിമുട്ട് ഉണ്ടായിരിക്കും… ഗുൽമോഹർ മരച്ചുവട്ടിലേക്ക് ആരവും പിന്നാലെ നന്ദിനിക്കുട്ടിയും നിന്നു…പ്രണയത്തിന്റെ ചുവപ്പ് വിരിയിച്ചു രക്തപുഷ്പങ്ങൾ നിലത്ത് ഊർന്നു കിടന്നിരുന്നു… “ടീച്ചർക്ക് അറിയോ ഞാനെന്തിനാ കുടിക്കുന്നതെന്ന്…. ആരവ് പുഞ്ചിരിയോടെ അവളെ നോക്കി..

” എന്റെ മോൾക്കായിട്ട് മാത്രം…അവൾ കൂടി എനിക്കുണ്ടെന്ന് മാത്രം ഓർക്കാനായിട്ട്…ഇല്ലെങ്കിൽ എന്റെ പ്രാണൻ വിട്ടു പിരിഞ്ഞപ്പോഴെ കൂടെ പോയേനെ..എന്റെ പൊന്നുമോൾ ഇല്ലായിരുന്നെങ്കിൽ… ഭാര്യയുടെ സ്നേഹത്തിന്റെ ഓർമ്മയിൽ ആരവിന്റെ കണ്ണുകൾ നനഞ്ഞു… നന്ദിനിക്കുട്ടി അവനെ തുറിച്ചു നോക്കി.. ഭാര്യയെ ജീവനായി സ്നേഹിക്കുന്ന ഒരാളാണ് മുമ്പിൽ നിൽക്കുന്നത്.. ഇപ്പോഴും അവളെ ഓർത്തു ജീവിക്കുന്നു.. അവളിലൊരു തേക്കം വന്നു നിറഞ്ഞു…. തനിക്കും ഉണ്ടായിരുന്നു ഒരു ഭർത്താവ്.. താൻ ജീവനു തുല്യം സ്നേഹിച്ചവൻ..എന്നിട്ടും….അവളുടെ കണ്ണുകളും നിറഞ്ഞു… “കുഞ്ഞിലെ മുതൽ പ്രണയിച്ചതാ ടീച്ചറേ ഞാനെന്റെ അമ്മുവിനെ…ഓർമ്മകൾക്ക് നിറം വെച്ചു തുടങ്ങിയ പ്രായത്തിലെ ഇഷ്ടമായിരുന്നു…

വളർന്നു ഞങ്ങൾ വലുതായപ്പോഴും സ്നേഹത്തിന്റെ അളവ് ഒട്ടും കുറയാതെ കൂടിയട്ടേയുള്ളൂ…വീട്ടിൽ എതിർപ്പുകൾ ഉണ്ടായിട്ടും ഒരുമിച്ച് ഒരു ജീവിതം മതിയെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചതാ..ഒടുവിൽ വീട്ടുകാർ വഴങ്ങി വിവാഹം നടത്തി തന്നു…സന്തോഷം നിറഞ്ഞ ജീവിതത്തിൽ എന്റെ മുത്തിനെ തന്നിട്ട് അവൾ മാത്രം  ഞങ്ങളെ തനിച്ചാക്കി പോയി..ചിലപ്പോൾ ഈശ്വരനും പോലും ഞങ്ങളുടെ സന്തോഷം ഇഷ്ടപ്പെട്ടു കാണില്ല.. ആരവിൽ നിന്ന് സങ്കടങ്ങൾ ഒഴുകിയിറങ്ങി…. നന്ദിക്കുട്ടി തറഞ്ഞു നിന്നു പോയി… ” മരണം വേർ പിരിച്ചിട്ടു കൂടി അവളെ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്ന പുരുഷനാണ് മുമ്പിൽ നിൽക്കുന്നത്….

നിറഞ്ഞ കണ്ണുകളുമായി കൈ ഉയർത്തി അവനെ തൊഴുതു പോയവൾ…. തുടരും… ഭാഗം 14 “എന്തിനാ ടീച്ചറേ എന്നെ തൊഴുന്നത്..ഞാൻ ദൈവമൊന്നും അല്ല..എല്ലാം തികഞ്ഞൊരു മദ്യപാനിയാണ്… വാക്കുകളിലെ നോവ് പുറത്തേക്കായി ഒഴുകിയതും ആരവിന്റെ കണ്ണുകളൊന്നു നനഞ്ഞു….മിഴിക്കോണിൽ അമ്മുവിനോടുളള സ്നേഹം തെളിഞ്ഞു…ഒപ്പം പ്രാണന്റെ പ്രാണനായ ആരതിക്കുട്ടിയോടും… ” എനിക്കു ഉണ്ടായിരുന്നു ആരവ് ഒരു ഭർത്താവ്… അദ്ദേഹത്തെ മനസ്സറിഞ്ഞ് ഇഷ്ടമായ വിവാഹം കഴിച്ചത്..വിവാഹശേഷമുളള പ്രണയമായിരുന്നു എനിക്കു…ഇപ്പോൾ ആൾക്ക് എന്നെ വേണ്ടാ…അയാളെ പോലെ ഒരാളെയും ആരവിനേയും കൂടി തുലനം ചെയ്താൽ നിങ്ങൾ വലിയവനാണ്..മരണശേഷവും ഭാര്യയെ പ്രണയിച്ചു ജീവിക്കുന്ന മനുഷ്യൻ…ആ ആളെയാ ഞാൻ തൊഴുതത്… നന്ദിനിക്കുട്ടി എല്ലാം മറന്നു ഒരു നിമിഷം വിങ്ങിപ്പൊട്ടി…

അന്യനായ ഒരു പുരുഷനു മുമ്പിലാണെന്ന് ഓർത്തതേയില്ല..മുന്നിൽ നിൽക്കുന്നത് ഭാര്യയെ അത്രയധികം സ്നേഹിക്കുന്നൊരി മനുഷ്യൻ മാത്രം…. “ആരവ് പ്ലീസ് ഇനിയെങ്കിലും ഒന്നു മദ്യപിക്കാതിരിക്കാമോ..മോളെ ഓർത്തെങ്കിലും…എന്നെ ഓർത്തെങ്കിലും… നാവറിയാതെ ഉരുവിട്ടു പോയി…ആരവിന്റെ നെഞ്ചിൽ വന്നത് തറച്ചു….ഒരുനിമിഷം അവൻ വല്ലാതായി… ” ഞാൻ… ഞാൻ അറിയാതെ… വാക്കുകൾ കിട്ടാതെ നന്ദിനിക്കുട്ടി പിടഞ്ഞു പോയി…ആരവിനെ അഭിമുഖീകരിക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു… അവനു പെട്ടെന്ന് മനസ്സിലായി ടീച്ചറുടെ സങ്കടം..അറിയാതെ നാവ് പിഴച്ചു പോയതാണ്.. “ടീച്ചർ പരിഭ്രമപ്പെടേണ്ടാ…എനിക്ക് മനസ്സിലാകും അറിയാതെ പറഞ്ഞതാണെന്ന്….

പറഞ്ഞിട്ട് ആരവ് ഒന്നും ചിരിച്ചു…സ്പ്ത വർണ്ണങ്ങൾ എഴുതിയ മഴവിൽ ചാരുത പോലെ മനോഹരമായിരുന്നാ ചിരിയെന്ന് അവൾക്ക് തോന്നി… ” ടീച്ചർ കരുതും പോലെ രാവിലെ കുടിച്ചിട്ടൊന്നും ഇല്ല..ഇന്നലെ രാത്രി ഒരുപാട് കുടിച്ചു..അതിന്റെയാ വെറും ലോക്കൽ ബ്രാന്റ് ആയിരുന്നു. അതാ ഇത്രയും സ്മെൽ…. ഉള്ളിൽ ഒഴുകുന്ന ഒരായിരം നോവ് മറച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും പിന്നെയും പുറത്തേക്കൊഴുകി…. “ദിവസവും സ്വപ്നത്തിൽ വന്നു വിളിക്കുകയാ ടീച്ചറേ അമ്മു കൂടെ ചെല്ലാനായിട്ട്…പൊന്നുമോളുടെ മുഖം ഓർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല… എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചിട്ടും ആരവിനു കഴിഞ്ഞില്ല..ഉള്ളിലെ നീറ്റൽ കാരണം മുഖം പൊത്തി കരഞ്ഞു പോയി… നന്ദിനിക്കുട്ടി ഒരു നിമിഷം സ്തംഭിച്ചു നിന്നു..എല്ലാ ഹൃദയഭാരവും ഇറക്കി വെയ്ക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി കരയുന്നവനെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു..

നിറകണ്ണുകളോടെ അങ്ങനെ നിന്നു പോയി.. ” അച്ഛേ കരയാതച്ഛേ” ആരവിന്റെ കരച്ചിൽ കണ്ടു ആരതിക്കുട്ടിയും കരഞ്ഞു തുടങ്ങി… “അച്ഛ കരയണത് മോൾക്ക് സഹിക്കില്ല അച്ഛേ കരയാതെ… മോളുടെ കരച്ചിലും ആരവിന്റെ സങ്കടവും കൂടി ആയപ്പോഴേക്കും നന്ദിനിക്കുട്ടി തളർന്നു പോയി… അവളുടെ മിഴികളും പെയ്ത് തുടങ്ങിയിരുന്നു… ” ഭാര്യയേയും മോളേയും അഗാധമായി സ്നേഹിക്കുന്നൊരു മനുഷ്യൻ…ആ അച്ഛനെ സ്നേഹിക്കുന്നൊരു മകളും..എല്ലാം കൂടി നന്ദിനിക്കുട്ടിയെ ഉലച്ചു കളഞ്ഞു…. “ആരവ് പ്ലീസ് കരയാതെ മോളും കരയുന്നു… നന്ദിനി കഴിവും വിധത്തിൽ ആരതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല… കുറച്ചു സമയം കഴിഞ്ഞു ആരവ് മിഴികൾ തുടച്ചു…

” ഞാനിങ്ങനെയാ ടീച്ചറെ സങ്കടം വരുമ്പോൾ കരയും..ചിരിക്കേണ്ട സമയത്ത് ചിരിക്കും…ഞങ്ങൾ കാരണം ടീച്ചർക്കും സങ്കടമായല്ലേ…. “ആയില്ലാന്ന് പറഞ്ഞാൽ അതു കളവാകും…ശരിക്കും സങ്കടമായി… ” ഇത് വിട്ടേക്കൂ..ടീച്ചർ പൊയ്ക്കോളൂ…ക്ലാസ് തുടങ്ങാൻ സമയം ആയില്ലേ…. “ഞാൻ പോകാം..പക്ഷേ ആരവ് എനിക്ക് വാക്കു തരണം..ഇനി കുടിക്കില്ലാന്ന്… പ്രതീക്ഷയോടെ അവന്റെ മിഴികളിലേക്കു ഉറ്റുനോക്കി.,.. ” ഞാൻ ശ്രമിക്കാം ടീച്ചറേ….. “ശ്രമിക്കുകയല്ല നിർത്തണം….. തന്നെ മറി കടന്ന് പോകാനൊരുങ്ങിയ ആരവിന്റെ കയ്യിൽ അറിയാതെ പിടിച്ചു… അവന്റെ നോട്ടം കയ്യിലെത്തിയതും പൊടുന്നനെ പിടിവിട്ടു.. ” സോറി..ഞാൻ.. അറിയാതെ… “സാരമില്ല ടീച്ചറേ.. ഞാൻ പോകുവാ….. യാത്ര പറഞ്ഞു ആരവ് നടന്നു നീങ്ങുന്നത് വേദനയോടെ അവൾ നോക്കി നിന്നു.. ഹൃദയത്തിലൊരു ഭാരം വന്നമർന്നതും അവളൊന്ന് പിടഞ്ഞു…

ആരതിക്കുട്ടിയെ വിട്ടകലാൻ മനസ്സില്ലാതെ പിടയുന്ന മനസ്സുമായി നന്ദിനിക്കുട്ടി വീട്ടിലേക്ക് പോയി..പതിവു പോലെ തുളസിയാന്റിക്കും മുമ്പിലെത്തി സങ്കടങ്ങൾ പങ്കുവെച്ചു… എന്നും അങ്ങനെയാണ് ഇപ്പോൾ നന്ദിനി ഹൃദയ ഭാരം ഇറക്കി വെക്കുന്നത് അവർക്ക് മുമ്പിലാണ്… തുടരും……