22/04/2026

വിവാഹമോചനം : ഭാഗം 39 & 40

രചന – സുധീ മുട്ടം

നേരെ പോയത് മൂന്നാറിലേക്ക് ആണ്. അവിടത്തെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു തിരികെ മടങ്ങുമ്പോൾ വൈകുന്നേരമായി…തുളസി സന്തോഷവതി ആയിരുന്നു.. ഉള്ളിലെ മ്ലാനത മാറി മനസ്സിൽ സന്തോഷം നിറഞ്ഞത് മുഖത്ത് പ്രതിഫലിച്ചു.. ആരതിമോൾക്ക് അവിടെ സമയം ചിലവഴിച്ചിട്ട് മതിയായില്ല.പിന്നെ ഒരിക്കൽ വരാമെന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു..ഇടക്കിടെ വീട്ടിലേക്ക് വിളിച്ചു വിശേഷങ്ങൾ തിരക്കി…

വീട്ടിലെത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞു.. യാത്രയുടെ ആലസ്യം നന്നായി ഉളളതിനാൽ പെട്ടെന്ന് തന്നെ കുളി കഴിഞ്ഞു പുറത്തിറങ്ങി.. ആരതി മോളുടെ ദേഹവും ഇളം ചൂടുവെളളത്തിൽ കഴുകി..

ബെഡ് കണ്ടതോടെ ആരതിക്കുട്ടി ഉറക്കമായി..ആരവ് കുളിക്കാനായി കയറിയതോടെ നന്ദിനിക്കുട്ടി ഹാളിലേക്കു വന്നു..ആനന്ദനും തുളസിയും ഉമയും ബാലനും സംസാരിച്ചു ഇരുന്നിരുന്നു..

“മോളുടെ തീരുമാനം ആയിരുന്നു ശരി…തുളസിക്ക് ആകെയൊരു മാറ്റം പോലെ..

നന്ദിനിക്കുട്ടിയെ കണ്ടതും അവളുടെ തീരുമാനം ആനന്ദൻ ശരിവെച്ചു..അതിനൊരു പുഞ്ചിരി മറുപടിയായി സമ്മാനിച്ചു.. യാത്ര വിശേഷങ്ങൾ പറയുന്നതിനിടയിൽ ആരവുമെത്തി..അവനും അവർക്കൊപ്പം കൂടി…

” സമയം ലേറ്റായി മക്കൾ കഴിച്ചിട്ടു കിടന്നോളൂ…

“വരുന്നവഴി കഴിച്ചു അച്ഛാ…

അവൾ ബാലനെ നോക്കി പറഞ്ഞു…

” മോളു ഉറങ്ങിയോടീ…

“അവൾ കുളി കഴിഞ്ഞു ഉടനെ ഉറക്കമായി അമ്മേ…

” ശരി പോയി കിടന്നോളൂ…

ഉമ പറഞ്ഞതോടെ ഗുഡ് നൈറ്റ് ആശംസിച്ചു ആരവും നന്ദിനിക്കുട്ടിയും മുറിയിലേക്ക് പോയി..കതക് ലോക്ക് ചെയ്തതും അവൾ അവനിലേക്ക് വലിഞ്ഞു കയറി.. ഇരുവരും കിടക്കയിലേക്ക് വീണു കെട്ടിമറിഞ്ഞു…ആരവ് താഴെയും നന്ദിനിക്കുട്ടി അവനു മുകളിലും ആയിരുന്നു..

“ഇന്ന് എന്താടാ ഒരു മൂഡ് ഇല്ലാത്തത്…

” നല്ല ക്ഷീണം കൊച്ചേ ഒന്നു മയങ്ങണം..

“ഓഹോ എങ്കിൽ കിടന്നോളൂ..

ചുണ്ടുകളിൽ മുത്തി മോൾക്ക് സമീപത്തേക്ക് മാറി കിടന്നു…ആരതിമോളെയും കെട്ടിപ്പിടിച്ചു നന്ദിനിക്കുട്ടി ഉറക്കമായി.. കുറച്ചു കഴിഞ്ഞു നിദ്ര ആരവിന്റെ മിഴികളെയും തലോടിയുറക്കി….

💜💜💜💜💜💜💜💜💜💜💜💜💜💜💜

ദിനരാത്രങ്ങൾ വേഗത്തിൽ കൊഴിഞ്ഞു വീണു… ഉണ്ണിയുടേയും ഹിമയുടേയും ജീവിതം ആദ്യം സന്തോഷം നിറഞ്ഞത് ആയിരുന്നെങ്കിലും പിന്നീട് നിസാരമായ കാരണങ്ങൾക്ക് വഴക്കു കൂടി… അന്നും അതൊക്കെ തന്നെ ആയിരുന്നു…

“ഓഫീസ് ടൈം കഴിഞ്ഞിട്ടു സമയം ഇത്രയായി…എന്നിട്ട് നീ എവിടെ ആയിരുന്നു ഹിമേ…

ഓഫീസിൽ നിന്നും ലേറ്റായി വീട്ടിലേക്ക് വന്ന ഹിമയെ ഉണ്ണി ചോദ്യം ചെയ്തു… അതവൾക്ക് ഇഷ്ടമായില്ല…

” ഉണ്ണിക്ക് സംശയം രോഗം തുടങ്ങി അല്ലേ…

“എന്റെ സംശയം മാത്രമാണോ…ഞാൻ ചോദിച്ചതിലെന്താ തെറ്റ്…

” ലുക്ക് മിസ്റ്റർ ഉണ്ണി..ഞാൻ ഉണ്ണിയുടെ ഭാര്യ ആണെങ്കിലും എനിക്ക് എന്റേതായ സ്വാതന്ത്ര്യമുണ്ട്..അതാർക്കും പണയം വെച്ചിട്ടില്ല..മേലിൽ എന്നെ ചോദ്യം ചെയ്യാൻ വരരുത്…

ദേഷ്യപ്പെട്ടു കയ്യിലിരുന്ന ബാഗ് വലിച്ചെറിഞ്ഞിട്ട് മുറിയിലേക്ക് കയറി ലോക്ക് ചെയ്തു.. ഉണ്ണി ഒരുനിമിഷം അങ്ങനെ തരിച്ചു നിന്നു പോയി‌..

ഹിമ ഇങ്ങനെ ഒന്നും ആയിരുന്നില്ല..വിവാഹം കഴിഞ്ഞതോടെ സ്വയം മറ്റൊരു ട്രാൻസ്ഥറിനു ശ്രമിച്ചു സ്ഥലം മാറിപ്പോയി..തന്റെ സ്വാതന്ത്ര്യങ്ങൾക്ക് ഒരേ ഓഫീസിലെ രണ്ടു പേരുടെയും ജോലി തടസ്സമാകുമെന്ന് അവൾ മനസ്സിലാക്കി…ഉണ്ണി എതിർത്തിട്ടും ഹിമ സമ്മതിച്ചില്ല.അവസാനം അവളുടെ ഇഷ്ടത്തിനു വഴങ്ങേണ്ടി വന്നു…

തളർന്നു കിടക്കുന്ന അമ്മയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി ഉണ്ണി ഒരുങ്ങിയതോടെയാണു വഴക്കിനു ആരംഭമാകുന്നത്…അവനെത്ര പറഞ്ഞിട്ടും അവൾ വഴങ്ങിയില്ല..ഹിമ ഉപേക്ഷിച്ചു പോകുമെന്ന ഭീഷണി മുഴക്കിയതോടെ തോൽവി സമ്മതിക്കേണ്ടി വന്നു…അവസാനം അമ്മയെ നോക്കാനായി ഹോം നേഴ്സിനെ ഏർപ്പാടാക്കി…

കുറെ സമയം വാതിലിൽ തട്ടി വിളിച്ചു നോക്കി…ഹിമ കതക് തുറന്നില്ല.ഒടുവിൽ തളർച്ചയോടെ കുഷ്യനിലേക്ക് ചാരി…അപ്പോൾ അവന്റെ മനസ്സിലേക്കൊരു രൂപം തെളിഞ്ഞു വന്നു…

“നന്ദിനിക്കുട്ടിയുടെ….

സ്നേഹവും വാത്സല്യവും കരുതലും കരുണയൂം നിറഞ്ഞവളുടെ….

ഉണ്ണിയുടെ കണ്ണുകളൊന്നു നനഞ്ഞു… അന്നാദ്യമായി തോന്നി..ഒന്നും വേണ്ടിയിരുന്നില്ലല്ലെന്ന്…

💜💜💜💜💜💜💜💜💜💜💜💜💜💜💜

ആരവുകൂടി  സഹായിച്ചു തുടങ്ങിയതോടെ ആനന്ദന്റെ ബിസിനസ് കൂടുതൽ ഉയർന്നു… നാട്ടിലെ വീടും സ്ഥലവും വിറ്റു ബാലൻ ഇവിടെ വീണ്ടും സ്ഥലവും വാങ്ങിച്ചു‌..എന്നാലും താമസം സുഹൃത്തിനൊപ്പമാണ്..അധികം താമസിയാതെ പാർട്ട്ണറായി അയാൾ ബാലനേയും കൂടെ കൂട്ടി… അവരാൽ കഴിയുന്ന സഹായങ്ങൾ ആ ഗ്രാമത്തിനു ചെയ്തു…

ആരതിമോളുടെ എക്സാം കഴിഞ്ഞു മദ്ധ്യവേനൽ അവധി എത്തി…അന്നൊരു ഞായറാഴ്ച ദിവസം ആയിരുന്നു.. നന്ദിനിക്കുട്ടി അച്ഛനും അമ്മയും അങ്കിളും ആന്റിയും കൂടെ ഇരിക്കുമ്പോൾ ആരവും മോളുമായി അവരെ സമിപിച്ചു…

” അച്ഛാ ഞങ്ങൾ ആരവിന്റെ വീട്ടിലേക്ക് മടങ്ങിയാലോ എന്നു ആലോചിക്കുവാ…

മുഖവുര ഇല്ലാതെ നന്ദിനിക്കുട്ടി കാര്യം അവതരപ്പിച്ചതോടെ പെട്ടന്ന് അവരിലൊരു നടുക്കമുണ്ടായി…അതു മുഖത്തേയും  ബാധിച്ചു..

“എന്താ മോളേ നീ പറയുന്നത്… ഇത് ഞങ്ങളുടെ കാലശേഷം നിങ്ങൾക്കുളള വീടാണ്..പോരെങ്കിൽ ഒരു വീണ്ടും നിങ്ങൾക്കായി ബാലനും വാങ്ങിയട്ടുണ്ട്..

പറയൂമ്പോൾ ആനന്ദന്റെ സ്വരം ഇടറിയിരുന്നു… നന്ദിനിക്കുട്ടിയും ആരവും മോളും ഇവിടെ നിന്ന് പോകുന്നതിനെ കുറിച്ച് അവർ ചിന്തിച്ചിട്ടു കൂടിയില്ല…

” എന്താ മോളേ  നീ ഇങ്ങനെ പറയുന്നത്..

ബാലനും അതേ അമ്പരപ്പിലായിരുന്നു..ഉമയുടെ അവസ്ഥയും ഏകദേശം അതുപോലെ ആയിരുന്നു… പക്ഷേ തുളസി മാത്രം പുഞ്ചിരി തൂകി..

“വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലല്ലേ താമസിക്കേണ്ടത്….

അവൾ പുഞ്ചിരിയോടെ അവരെ നേരിട്ടു…

” മോളേ ഇന്നത്തെ കാലത്ത് അങ്ങനെ ചിന്തിക്കേണ്ടതില്ല…

“ശരിയാണ് അച്ഛാ..പക്ഷേ ആരവ് ഈ നിമിഷം വരെ എന്നോടൊന്നും പറഞ്ഞട്ടില്ല ആവശ്യപ്പെട്ടിട്ടില്ല..ആ മനസ്സ് അറിഞ്ഞു കൂടെ നിൽക്കുമ്പോഴാണു  ഭാര്യയെന്ന പദവി പൂർണ്ണമാകൂ…തിരികെയും അതുപോലെ തന്നെ.. എനിക്കും ഇഷ്ടം ആ കുഞ്ഞു വീട്ടിൽ ഉളളതുമായി സന്തോഷത്തോടെ ജിവിക്കാനാണു ഇഷ്ടം.ആരും എതിരൊന്നും പറയരുത്…

” മോളേ….

“അധികം ദൂരമൊന്നും ഇല്ലല്ലോ അച്ഛാ…വിളിപ്പുറത്ത് ഉണ്ടല്ലോ.. തന്നെയൂമല്ല പകൽ ഞങ്ങൾ ഇവിടെ കാണുകയും ചെയ്യുമല്ലോ….

മകൾ പറയുന്നത് നൂറു ശതമാനം ശരിയാണെന്ന് അറിയാം.. പക്ഷേ പോകുവാണെന്ന് പെട്ടെന്ന് പറഞ്ഞപ്പോൾ ഉൾക്കൊളളാൻ കഴിയുന്നില്ല..

‘കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതി..

നന്ദിനിക്കുട്ടിയുടെ തീരുമാനം ഇനി മാറില്ലെന്ന് അവർക്ക് അറിയാം..

” അതത്രയേയുള്ളൂ….

നന്ദിനിക്കുട്ടി പുഞ്ചിരിച്ചു…

“മോളുടെ തീരുമാനമാ ശരി…

തുളസി നന്ദിനിക്കുട്ടിയെ അഭിനന്ദിച്ചു…

” ആന്റി…

അവളുടെ കണ്ണുകൾ നിറഞ്ഞു.

“സാരമില്ലെടീ എപ്പോഴായാലും നിങ്ങൾക്കും ഞങ്ങൾക്കും അങ്ങോട്ട് ഓടി വരാമല്ലോ…എന്റെ മോൾക്കെന്നും നല്ലതേ വരൂ…അത്രയും തങ്കപ്പെട്ട മനസ്സാ ന്റെ കുട്ടിയുടെ….

വാത്സല്യത്തോടെ അവളെ അണച്ചു പിടിച്ചു നെറ്റിയിലവർ ചുംബിച്ചു…

തുടരും

ഭാഗം

40

ദിവസങ്ങൾ മാസങ്ങളായി കടന്നു പോയി… ദിവസങ്ങൾ കഴിയൂം തോറും ഉണ്ണിയൂം ഹിമയും കൂടിയുളള വഴക്ക് മൂർച്ഛിച്ചു വന്നു..

ഒരുദിവസം ഉണ്ണി ഓഫീസിൽ നിന്നും വരുമ്പോൾ ഹിമ തളർച്ചയോടെ കിടക്കയിൽ കിടക്കുകയായിരുന്നു… അവളെ മൈൻഡ് ചെയ്യാതെ വസ്ത്രങ്ങൾ മാറ്റി ധരിച്ചു മുറിയിൽ നിന്ന് ഇറങ്ങാനൊരുങ്ങി..

“ഉണ്ണി…

തളർച്ചയോടെ ഹിമ വിളിച്ചു.. അവളെ പുച്ഛിച്ചു നോക്കിയ ശേഷം ഹാളിലേക്ക് ചെന്നു റിമോട്ട് എടുത്തു ടി വി ഓണാക്കി അതിൽ ശ്രദ്ധിച്ചിരുന്നു..

മുറിയിൽ നിന്നും ഹിമ എഴുന്നേറ്റു ഹാളിലേക്കി  ചെന്നു..അവളാകെ ക്ഷീണിതയായിരുന്നു..

” ഉണ്ണീ…

ഹിമ വീണ്ടും വിളിച്ചു… അവളാണെന്നു അറിഞ്ഞു തീരെ മൈൻഡ് ചെയ്തില്ല..അവനു അരികിലേക്ക് ചെന്നു പൊട്ടി കരച്ചിലോടെ കാൽക്കലേക്കു വീണു പൊട്ടിയൊഴുകി..

“എന്നോട് ക്ഷമിക്കണം ഉണ്ണി..ഞാൻ ഒരുപാട് വേദനിപ്പിച്ചു..എനിക്ക് വയ്യ..ഈ അവ ഗണ എനിക്ക് സഹിക്കാൻ കഴിയുന്നില്ല..

കുറെ നാളായി ഇരുവരും കട്ടിലിന്റെ ഇരു ധ്രുവങ്ങളിൽ രണ്ടു മനസ്സും രണ്ടു ശരീരവുമായി കിടക്കുന്നു.. പരസ്പരം സംസാരങ്ങളില്ല..ഇരുവരും അവരുടേതായ ഇഷ്ടങ്ങളിൽ ജീവിക്കുന്നു…

ഹിമ എല്ലാം ദിവസങ്ങളിലും വൈകി രാത്രിയിലാകും വീട്ടിലെത്തുക..ഉണ്ണി മദ്യപിച്ചും..ഹോട്ടലിൽ നിന്നും എന്തെങ്കിലും കഴിച്ചെങ്കിലായി…ഇല്ലെങ്കിൽ അതുമില്ല..

പൊളളുന്ന ഓർമ്മകളിൽ നിന്നൊരു ഒളിച്ചോട്ടമായാണു മദ്യത്തെ ആശ്രയിക്കുന്നത്…എത്രയൊക്കെ കഴിച്ചാലും മനസ്സിലൊരു ദേവതയുടെ ചിത്രം മിഴിവോടെ തെളിഞ്ഞു വരും..

ചുണ്ടിൽ പുഞ്ചിരിയും മിഴികളിൽ പ്രണയവും നിറച്ചു ഭർത്താവ് വരുന്നതും കാത്തു പടിവാതിക്കൽ അവളങ്ങനെ നിൽക്കും..കുറച്ചു താമസിച്ചാലാ വയറ്റിൽ ആധിയാണ്.പിന്നെ തുരുതുരാ ഫോൺ വിളികളും..വഴിവക്കിൽ പ്രതീക്ഷിച്ച രൂപം കണ്ടാലാകും ആ മനസ്സിനു ആശ്വാസം ലഭിക്കുക…

” അവളുടെ ‌.നന്ദിനിക്കുട്ടിയുടെ…

അന്നൊക്കെ പുച്ഛത്തോടെയാണു കണ്ടിരുന്നതെങ്കിൽ ഇന്നു തീർത്താലും തീരാത്ത നോവാണ് നന്ദിനിക്കുട്ടിയുടെ ഓർമ്മകൾ..വിലകൂടിയ മാണിക്യത്തെ വലിച്ചെറിഞ്ഞു കരിക്കട്ടെ വിലക്കെടുത്ത മരമണ്ടനാണു താനെന്ന് ഉണ്ണിക്ക് ഇടക്കിടെ തോന്നാറുണ്ട്…

അമ്മയെ പോലും കാണാൻ പോകാറില്ല…ഹോം നേഴ്സിനു മാസാമാസം ശമ്പളം കൊടുക്കുന്നുണ്ട് അമ്മയെ നോക്കുന്നതിനു…

വയ്യ അമ്മയെ ഫേസ് ചെയ്യാൻ കഴിയില്ല..മുഖത്തെ ചെറിയ ചലനം മതി മകന്റെ അവസ്ഥ അമ്മക്ക് തിരിച്ചറിയാൻ..

“ഉണ്ണി..എന്നോട് ക്ഷമിക്കൂ…എനിക്ക് വയ്യ ഈ അകൽച്ച സഹിക്കാൻ…

ഹിമയുടെ കരച്ചിൽ കേട്ടു അവൻ വായ് പൊളിച്ചു ഇരുന്നു പോയി..അവളുടെ പെട്ടന്നുളള ഭാവമാറ്റത്തിന്റെ കാരണം മാത്രം അയാൾക്ക് പെട്ടെന്ന് മനസ്സിലായില്ല.

” ഞാനെന്ത് ക്ഷമിക്കാനാണ്..നീ നിന്റെ ഇഷ്ടത്തിനു ജീവിക്കുന്നു.. ഞാനെന്റെ ഇഷ്ടത്തിനും..

ഉണ്ണി സ്വയമൊന്നു പുച്ഛിച്ചു വീണ്ടും ടി വി യിലേക്ക് ശ്രദ്ധ തിരിച്ചു…എന്നിട്ടും ഹിമയിലെ നിലവിളി നിലച്ചില്ല..

“എന്റെ ഒരു സമാധാനത്തിനു വേണ്ടിയെങ്കിലും ക്ഷമിച്ചെന്ന് ഒന്നു പറയൂ ഉണ്ണി പ്ലീസ്…

അവളുടെ ശല്യം ഉണ്ണിക്ക് അസഹ്യമായി തോന്നി…എന്നിട്ടും ഒരു അക്ഷരം പോലും ഉരിയാടിയില്ല..തന്റെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഉണ്ണി വഴങ്ങുന്നില്ലെന്നു മനസ്സിലായതോടെ കണ്ണുകൾ തുടച്ചു അവൾ എഴുന്നേറ്റു..

” എനിക്ക് അറിയാം ഉണ്ണിക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ലെന്ന്.. അത്രമാത്രം ഞാൻ നോവിച്ചിട്ടുണ്ട്..മരിച്ചാലെങ്കിലും ഉണ്ണി എനിക്ക് മാപ്പു തരുമല്ലോ…

ഹിമ നിലവിളിയോടെ മുറിയിലേക്ക് പാഞ്ഞതും ഉണ്ണിയിലൂടെ ഒരു വിറയൽ പടർന്നു കയറി. കുടിച്ച മദ്യം മുഴുവൻ ആവിയായതു പോലെ..എഴുന്നേറ്റു മുറിയിലേക്ക് ഓടി…ഹിമ ടേബിൾ വലിച്ചിട്ടു സാരിയുമായി അതിനു മുകളിലേയ്ക്ക് കയറുന്നതു കണ്ടു തരിച്ചു പോയി…

“നീ എന്ത് ഭ്രാന്താടീ കാണിക്കുന്നത്…

ഹിമയെ വലിച്ചു താഴേക്കിറക്കി…

” ഞാൻ സത്യമാ പറഞ്ഞത്…എനിക് മടുത്തു ഉണ്ണി… ഇപ്പോൾ എന്റെ മനസ്സ് നിറയെ ഉണ്ണിയാ…

അവൾ അലച്ചു തല്ലി അവനിലേക്ക് വീണു…ഉണ്ണിയെ ചുംബനങ്ങളാൽ മൂടിപ്പൊതിഞ്ഞു…കണ്ണുനീരൊഴുകി മാറിനെ നനച്ചൊഴുക്കി… അവനാകെ കുറ്റബോധം ഉടലെടുത്തു….. മനസ്സു നീറി..

“ഹിമ മാറിയത് ആത്മാർത്ഥമായാണെങ്കിൽ അവളെ വിഷമിപ്പിക്കുന്നത് ശരിയല്ല…

മനസ്സ് അങ്ങനെ പറഞ്ഞതോടെ അവനവളെ ആശ്വസിപ്പിച്ചു…

” നീ സത്യമാണോ  ഹിമേ‌ പറഞ്ഞത്..

“സത്യാ ഉണ്ണി…എന്നോട് ക്ഷമിക്കണേ..

വീണ്ടും കുട്ടികളെ പോലെ നിലവിളിച്ചു..

” കരയാതെ…എല്ലാം മറന്നു നമുക്ക് പുതിയൊരു ജീവിതം ആരംഭിക്കാം…

കുറെ നാളായി ഹിമയുടെ മണം നുകർന്നിട്ട്..മുടിയിഴകളിൽ ചുംബിച്ചതോടെ ഒരു ഉന്മാദലഹരി സിരകളിലൂടെ ഒഴുകി ഇറങ്ങി… അവളുമായി കിടക്കയിലേക്ക് വീണു ഉരുണ്ടു മറിഞ്ഞു…

നിമിഷങ്ങൾ ഇടതടവില്ലാതെ പെരും മഴ പെയ്തു തകർത്തു ചാറ്റൽ മഴയായി മാറി…മഴ നിലച്ചതോടെ എല്ലാം മറന്നു ഉണ്ണി ഉറക്കമായതും വിയർത്തു കുളിച്ചു പുഞ്ചിരിയോടെ ഹിമ അടർന്നു മാറി…

ഫോൺ എടുത്തു ഹാളിലേക്കിറങ്ങി ആരോടോ അടക്കിയ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി…

“എല്ലാം നമ്മൾ ഉദ്ദേശിച്ചതു പോലെ നടന്നു..എന്റെ വയറ്റിൽ വളരുന്ന കൊച്ചിന്റെ അച്ഛൻ ഉണ്ണിയാണെന്നു വരുത്തി തീർക്കും..അടുത്ത മാസം കുളി തെറ്റിയെന്ന് പറയാം മുത്തേ…

മറുതലക്കൽ നിന്നും അവളുടെ കാതിലേക്കാ നിമിഷം ചുംബനമഴ പെയ്തിറങ്ങി..

” എനിക്ക് അറിയാം എന്റെ ഹിമക്കുട്ടി മിടുക്കിയാണെന്ന്….

“പിന്നല്ലാതെ..ഉണ്ണിയെ ഒഴിവാക്കി നമുക്ക് സുഖമായി ജീവിക്കണം..അതാണ് അടുത്ത ഘട്ടം…

ഇതൊന്നും അറിയാതെ ഉണ്ണി അഗാധമായ ഉറക്കത്തിൽ ആയിരുന്നു… കൂടെ കിടന്നു ശരീരവും മനസ്സു പങ്കുവെച്ചവളുടെ ചതി അറിയാതെ….

തുടരും..