17/04/2026

വിവാഹമോചനം : ഭാഗം 05

രചന – സുധീ മുട്ടം

തനിച്ച് മുറിയിൽ വന്നു കിടക്കുമ്പോൾ ഉള്ളിലൊരു വിങ്ങൽ വന്നു നിറയുന്നത് അറിഞ്ഞു.. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും കഴിയാത്ത ഓർമ്മകൾ ..കരൾ കൊത്തി വലിക്കുന്നത് പോലെ തോന്നി… “ഉണ്ണ്യേട്ടനില്ലാത്ത,ആ ഗന്ധമില്ലാത്താ,ചുടു നിശ്വാസങ്ങളില്ലാത്ത മുറി… വിവാഹം കഴിഞ്ഞ ശേഷം ആദ്യമായി ഒറ്റക്കൊരു മുറിയിൽ..ഓർമ്മകൾ വിങ്ങലായി ഉയർന്നതോടെ നന്ദിനിക്കുട്ടിയൊന്നു തേങ്ങിപ്പോയി… നിന്നെ വേണ്ടാത്തവർക്കായി നീ എന്തിനാടീ കരഞ്ഞ് നിലവിളിക്കുന്നതെന്ന് എല്ലാവർക്കും എളുപ്പത്തിൽ ചോദിക്കാൻ കഴിഞ്ഞെന്ന് വരും…ചോദിക്കുന്നവരുടെ അവസ്ഥ ആകില്ലല്ലോ അനുഭവിക്കുന്നവർക്ക്.അവർക്കാ വേദനയുടെ ആഴം മനസ്സിലാകണമെങ്കിൽ അതേ അവസ്ഥയിലൂടെ അവരും കടന്നു പോകണം…. ഒരിക്കലും പ്രണയച്ചിട്ടില്ല…അവസരമുണ്ടാകിഞ്ഞിട്ടും അല്ല..മനസ്സിലെ സങ്കൽപ്പങ്ങൾ പോലെ അനുയോജ്യമായ പുരുഷനെ കാണാൻ കഴിഞ്ഞില്ല..വിവാഹാലോചനയുടെ രൂപത്തിൽ ഉണ്ണ്യേട്ടൻ വന്നപ്പോൾ സങ്കൽപ്പത്തിലെ പുരുഷനായിരുന്നു..

ആ മനസ്സ് കൂടി അറിഞ്ഞപ്പോൾ തന്നിലെ വിശ്വാസം ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു..ശരിക്കും ആളെ പ്രണയിക്കുക ആയിരുന്നു.. മനസ്സ് നിറഞ്ഞു, തുറന്നങ്ങനെ..അതാണ് എളുപ്പത്തിൽ ആളെ മറക്കാൻ കഴിയാത്തത്… ഉറക്കം വരാതെ ജനാലകൾ തുറന്നിട്ടു..തണുത്ത കാറ്റ് അകത്തേക്ക് ഇരച്ചു കയറി.. പൊള്ളുന്ന വേനലിനെ തണുപ്പിക്കാൻ അവക്ക് കഴിഞ്ഞില്ല.. അമ്മയെ ഒന്നു കാണണമെന്ന് തോന്നിപ്പോയി..മറ്റൊന്നും ചിന്തിക്കാതെ താഴേക്ക് ഓടിയിറങ്ങിപ്പോയി..അച്ഛനും അമ്മയും കിടക്കുന്ന മുറിക്ക് മുന്നിലായി നിന്നു.. ഒരുനിമിഷം ഒന്നു ആലോചിച്ചു.. സമയം ഇത്രയുമായി…ഉറങ്ങിക്കാണും… അങ്ങനെ ചിന്തിച്ചെങ്കിലും അമ്മയെ കണ്ടേ മതിയാകൂന്നു മനസ്സ് ഓർമ്മിപ്പിച്ചതും കതകിൽ മൃദുവായി തട്ടി…അപ്പോഴേക്കും നെഞ്ഞ് പിഞ്ഞിക്കീറിയ നിലവിളി ഉയർന്നു…

“അമ്മേ…. ഉറങ്ങാതെ കിടക്കുകയായിരുന്നു ബാലനും ഉമയും…നെഞ്ചിൽ നിറയെ പൊന്നു മകളാണ്… സുമംഗലിയായി സന്തോഷത്തോടെ പടിയിറങ്ങിയവളുടെ മുഖം ഒരിക്കലും വാടി കണ്ടിരുന്നില്ല..ഓരോ തവണ വന്നു പോകുമ്പോഴും കാണുമ്പോഴും ” മോളേ നിനക്ക് സുഖമാണോടീ” എന്ന ചോദ്യത്തിനു “എനിക്ക് സുഖമാണ്.അച്ഛനും അമ്മയും വിഷമിക്കേണ്ടാ..ഉണ്യേട്ടനു എന്നെ ജീവനാണ്” എന്നൊരു മറുപടിയാകും ഉണ്ടാകുക..ഒരിക്കൽ പോലും തങ്ങൾ സങ്കടപ്പെടരുതെന്ന് മകൾ കരുതിയട്ടുണ്ടാകും…ഇതിപ്പോൾ അവൾക്ക് സഹിക്കാൻ കഴിയാത്തതിനു അപ്പുറമായിരിക്കും തീർച്ച… “നീ ഉറങ്ങിയോടീ… പാതി മങ്ങിയ ബഡ് റൂം ലാമ്പിന്റെ വെളിച്ചത്തിൽ ബാലൻ ഭാര്യയെ നോക്കി.. ” ഇല്ല ബാലേട്ടാ ഉറങ്ങാൻ കഴിയുന്നില്ല…മനസ്സിൽ മോളാ… അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് അയാൾ കണ്ടു… പെറ്റവയറാണ് സഹിക്കാൻ കഴിയില്ല… അവരുടെ നെഞ്ചിലെ തീയ് അണയാതെ കിടക്കുന്നത് അയാളറിഞ്ഞു..

“അതേടോ നമ്മുടെ കുഞ്ഞ് എത്രമാത്രം സഹിച്ചു കാണും..ഓർക്കുമ്പോൾ നെഞ്ഞ് പിഞ്ഞിക്കീറുവാ… ഉമയുടെ കൈകൾ ബാലന്റെ മുഖത്തിലെത്തി..കണ്ണുനീരിന്റെ നനവ് കയ്യിൽ അറിഞ്ഞതും അയാളെ ചുറ്റിപ്പിടിച്ചു അവരും തേങ്ങിപ്പോയി.. ” കരയാതെ ബാലേട്ടാ എല്ലാം ശരിയാകും….. ഏതൊരു ഭാര്യയും തന്നെ സ്നേഹിക്കുന്ന ഭർത്താവിനെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു… അയാളാ കൈകൾ എടുത്തു ചുണ്ടോട് ചേർത്തു…. അവളുടെ വാക്കുകൾ അത്രയും മതി എല്ലാമൊതുക്കി പിടിച്ചു കയറാൻ…ആ ഒരു ആശ്വാസവാക്കു മതി മകൾക്ക് മുമ്പിൽ കരയാതിരിക്കാൻ…. കുറച്ചു സമയം നിശബ്ദത വളർന്നു… വാക്കുകൾ മൗനമായെങ്കിലും ഹൃദയമിടിപ്പ് പരസ്പരം അറിയാൻ കഴിഞ്ഞു… “അമ്മേ… പുറത്ത് നിന്ന് നേർത്തൊരു നിലവിളി ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദത്തിലും കാതിൽ പതിച്ചു…. ” മോൾ കരയുന്നു… ആ അമ്മ മനസ്സ് പൊള്ളിപ്പിടഞ്ഞു….

“ബാലേട്ടാ മോളു കരയുന്നു.. അവർ ഭർത്താവിനെ ഉണർത്തിയ ശേഷം കതക് തുറന്നു… മുന്നിൽ കണ്ണുനീരുമായി നന്ദിനിക്കുട്ടി നിൽക്കുന്നു… ” മോളേ … നീട്ടിയുളള വിളി…അത്രയും മതി ആയിരുന്നു അവൾക്ക് പൊള്ളുന്ന മനസ്സിന്റെ വിങ്ങലടക്കാൻ…. “എന്തിനാടീ പെണ്ണേ കരയുന്നത്… നെഞ്ചിലെ ആളിപ്പടരുന്ന കനൽ മകൾക്ക് മുമ്പിൽ ഒളിപ്പിച്ചു… ” ഒറ്റക്ക്… ഒറ്റക്ക് ആയതുപോലെയൊരു തോന്നൽ…. വിമ്മി പൊട്ടി വിതുമ്പി… “അച്ഛനും അമ്മയും ഉളളപ്പോൾ മോൾ തനിച്ചാകില്ല… പുഞ്ചിരിയോടെ ബാലൻ അവർക്ക് മുന്നിലേക്ക് വന്നു… ” അച്ഛാ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല… വാക്കുകൾ ചിതറി വീണു.. “അറിയാടീ മോളെ…..അങ്ങനെ അല്ല അച്ഛനും ഉദ്ദേശിച്ചത്..മോളു തനിച്ചു കിടന്നപ്പോൾ ഉണ്ണിയുടെ ഓർമ്മകളെത്തി..അതല്ലേ” ശരിയെന്നു അർത്ഥത്തിൽ നന്ദിനിക്കുട്ടി തല കുലുക്കി… “ഉമേ..മോളോടൊപ്പം ചെന്നു കിടക്ക്… ” ശരി ബാലേട്ടാ…. മോളേയും ചേർത്തു പിടിച്ചു അവർ മുറിയിലേക്ക് പോയി…ബാലൻ സങ്കടത്തോടെ നോക്കി നിന്നു….

ഈ അവസ്ഥയിൽ അമ്മയോളം വലിയ മരുന്നില്ല അവളുടെ സങ്കടം മാറ്റാനെന്ന് അയാൾക്ക് നന്നായി അറിയാം.. എല്ലാത്തിനോടുമൊന്ന് പൊരുത്തപ്പെടാൻ അവൾക്ക് കുറച്ചു സമയം ആവശ്യമാണ്… അയാൾ മുറിയിലേക്ക് കയറി കതക് ചാരി…. “അമ്മേടെ മുത്ത് അമ്മയെ കെട്ടിപ്പിടിച്ചു കിടന്നോളൂ….. നന്ദിനിക്കുട്ടിക്ക് ഒപ്പം അവരും കിടന്നു…..കയ്യെടുത്ത് അമ്മയെ കെട്ടിപ്പിടിച്ചു മാറിൽ മുഖം പൂഴ്ത്തി കുഞ്ഞായി അവൾ കിടന്നു… ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ – മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാൻകിടാവോ അമ്മയുടെ താരാട്ടു പാട്ടു കേട്ടുകൊണ്ട് മിഴികൾ പൂട്ടി… പതിയെ നിദ്ര മിഴികളെ തഴുകിയതോടെ എല്ലാം മറന്ന് നന്ദിനിക്കുട്ടി ഉറങ്ങിപ്പോയി…മകളെ പുണർന്നു പതിയെ ഉമയും ഉറങ്ങി… തുടരും..