രചന – നന്ദിതാ ദാസ്
യാത്ര പറച്ചിൽ വല്ലാത്ത ഒരു കടമ്പ തന്നെയാണ്… കരയില്ലെന്നു എത്രയൊക്കെ മനസ്സിൽ ഉറപ്പിച്ചാലും കരഞ്ഞുകൊണ്ട് പോകേണ്ടി വരുന്ന ഒരു മുഹൂർത്തം… ഞാൻ നോക്കിയപ്പോൾ ഉണ്ണിയേട്ടൻ വിങ്ങിപൊട്ടി നിൽക്കുവാണ്… ആ നിൽപ്പും മുഖത്ത് മാറി മറയുന്ന ഭാവങ്ങളും കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല… പൊട്ടിക്കരഞ്ഞുകൊണ്ട് ആ നെഞ്ചിലേക്ക് ചാഞ്ഞു… ഉണ്ണിയേട്ടൻ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു…. ആരൊക്കെയോ ചേർന്നു ഉണ്ണിയേട്ടനിൽ നിന്നും എന്നെ അടർത്തിമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു പിടിച്ച പിടി കൂടുതൽ മുറുകിയതല്ലാതെ ആർക്കും ഞങ്ങളെ വേർപെടുത്താൻ ആയില്ല… ഒടുവിൽ ഉണ്ണിയേട്ടൻ തന്നെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് എന്നെ കാറിൽ കയറ്റിയിരുത്തി… വൈകിട്ടു അങ്ങ് എത്തിയേക്കാം മോളെ എന്ന് കാതോരം മന്ത്രിച്ചു…
ദീർഘമായി ഒന്ന് നിശ്വസിച്ചിട്ടു ഞാൻ തലകുലുക്കി… അച്ഛനും അമ്മയും അമ്മായിയും അമ്മാവനും കണ്മുന്നിൽ നിന്നും മറയുന്നത് വരെ കാറിനു വെളിയിലൂടെ തല പുറത്തേക്കിട്ടു അവരെത്തന്നെ നോക്കി ഞാൻ യാത്ര പറഞ്ഞു… രണ്ട് കൈകൾ എന്റെ വലതു കൈയെ പൊതിയുന്നതായി തോന്നി… ഞാൻ വിഷ്ണുവേട്ടന്റെ മുഖത്തേക്ക് നോക്കി… എന്തു വന്നാലും ഈ കൈയിലെ പിടി വിടില്ല എന്നൊരു ഉറപ്പ് എനിക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു… ഞാൻ എന്റെ ഇടതു കരം ആ കൈകൾക്കു മേലെ വെച്ചു വിഷ്ണുവേട്ടന്റെ തോളിലേക്ക് ചാഞ്ഞു… വിഷ്ണുവേട്ടന്റെ വീട് എത്തുവോളം ഞാൻ ആ ഇരിപ്പു തന്നെ തുടർന്നു… “അതേ ഉറങ്ങിയോ പെണ്ണേ നീ? ദാ നമ്മുടെ സ്വർഗം എത്തി കേട്ടോ… ” ഞാൻ തല ഉയർത്തി ഏട്ടനെ ഒന്ന് നോക്കി…
“എന്നാൽ നമുക്ക് ഇറങ്ങാം ” “മ്മ് ” കാറിൽ നിന്നും പുറത്തേക്കിറങ്ങി നിന്നു… വിഷ്ണുവേട്ടന്റെ വീട് ഞാൻ ആദ്യമായി കാണുകയാണ്… പക്ഷേ ഈ വീടിന്റെ ഓരോ മുക്കും മൂലയും എനിക്ക് സുപരിചിതമാണ്… ഉറക്കമില്ലാത്ത രാത്രികളിൽ എത്രയോ തവണ വീടെന്ന ഈ സ്വർഗ്ഗത്തെക്കുറിച്ചു വിഷ്ണുവേട്ടൻ വാ തോരാതെ സംസാരിച്ചിരുന്നു… വിഷ്ണുവേട്ടന്റെ അമ്മ തിരിയിട്ടു കത്തിച്ച നിലവിളക്കു എന്റെ കൈകളിലേക്ക് തന്നു… “വലതുകാൽ വെച്ചു കയറു മോളെ.. ” ഞാൻ വിളക്ക് എന്റെ കൈയിൽ വാങ്ങി വലതുകാൽ വെച്ചു അകത്തേക്ക് കയറി… വിളക്കു പൂജാമുറിയിൽ കൊണ്ടുവച്ചു നിറമിഴികളോടെ തന്നെ പ്രാർത്ഥിച്ചു… തിരിച്ചു സ്വീകരണമുറിയിലെ സോഫയിൽ ഞാനും വിഷ്ണുവേട്ടനും ഇരുന്നു… നാത്തൂൻ ഞങ്ങൾക്ക് പാലും പഴവും കൊണ്ടു തന്നു…
മായയുടെ അനിയത്തിമാർ എന്തൊക്കെയോ തമാശ പറഞ്ഞു പക്ഷേ എന്റെ ശ്രദ്ധ അതിലൊന്നും ആയിരുന്നില്ല… ഉണ്ണിയേട്ടനും അച്ചായിയും അമ്മയും ഇപ്പോൾ ഏത് അവസ്ഥയിൽ ആയിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം… അവർ കൂടെയില്ലാത്ത ഓരോ നിമിഷവും നെഞ്ചിൽ ഒരു നെരിപ്പോട് ഉണ്ടാക്കി… അയൽവാസികളും കുറേ ബന്ധുക്കളായ സ്ത്രീകൾ ചുറ്റിനും കൂടി… ഒന്ന് ശ്വാസം വിടാൻ പോലും വയ്യ… ഓരോരുത്തരുടെയും ചോദ്യങ്ങൾക്കു സൗമ്യമായിതന്നെ മറുപടി കൊടുത്തു… “മോൾക്ക് നല്ല ക്ഷീണം കാണും… റൂമിൽ പോയി ഡ്രെസ്സൊക്കെ മാറി ഒന്ന് റസ്റ്റ് എടുത്തോളൂ… ” വിഷ്ണുവേട്ടന്റെ അമ്മ അത് പറഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നി… “വാ ഏട്ടത്തി… ” മായ എന്റെ കൈയിൽ പിടിച്ചു റൂമിലേക്ക് കൊണ്ടുപോയി… “ഇതാണ് ഇന്ന് മുതൽ ഏടത്തിയുടെ റൂം… ഏടത്തിയുടെ മാത്രം അല്ല വിച്ചുവേട്ടന്റെയും… ” ഒരു കുസൃതി ചിരിയോടെ എന്റെ കവിളിൽ നുള്ളി അവൾ പറഞ്ഞു..
“സങ്കടമൊക്കെ പെട്ടെന്ന് മാറും കേട്ടോ… ഇവിടെ ഉള്ളോരൊക്കെ നല്ല പാവങ്ങളാ… ഒരു ദിവസം കൊണ്ടുതന്നെ ഏട്ടത്തിക്ക് അത് ബോധ്യം ആകും… ആഹ് പിന്നേ ഉണ്ണിയേട്ടൻ വിളിച്ചിരുന്നു… പെങ്ങളുടെ മനസ്സ് വേദനിപ്പിക്കല്ലേ എന്നൊക്കെ പറഞ്ഞു കുറേ സെന്റി… ” ഉണ്ണിയേട്ടനെക്കുറിച്ചു അവൾ പറഞ്ഞപ്പോൾ ഉള്ളു ഒന്ന് തുടിച്ചു… “മായയുടെ ഫോൺ ഇങ്ങോട്ട് തരുവോ… ഞാൻ ഇങ്ങു എത്തിയെന്നു പറയാനാ… ന്റെ ഫോൺ വീട്ടിൽ ആയി പോയില്ലേ… വൈകിട്ടു വരുമ്പോൾ കൊണ്ടുവരാൻ ഉണ്ണിയേട്ടനോട് പറയുകയും ചെയ്യാല്ലോ… ” “അതിനെന്താ… ഏട്ടത്തി വിളിച്ചു സംസാരിച്ചോളൂ… ഞാൻ ഫോൺ തരാം… ” മായ ഫോൺ തന്ന ഉടനെ ഞാൻ ഉണ്ണിയേട്ടനെ വിളിച്ചു… എന്റെ വിളി പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു വീട്ടിൽ എല്ലാരും…
അച്ഛനോടും അമ്മയോടും അമ്മായിയോടും അമ്മാവനോടും ഉണ്ണിയേട്ടനോടും എല്ലാം മാറി മാറി സംസാരിച്ചു… എല്ലാവരുടെയും മനസ്സൊന്നു തെളിഞ്ഞു… വൈകിട്ടു നല്ലവാതിലിനു വരുമ്പോൾ നേരിട്ട് കാണാമെന്നു പറഞ്ഞു ഫോൺ വെച്ചു… ശരിക്കും നല്ല ആശ്വാസം തോന്നി… ദീർഘമായി ഒന്ന് നിശ്വസിച്ചിട്ടു ഞാൻ ഫോൺ മായയുടെ കൈയിൽ കൊടുത്തു… “ഞാൻ കുറച്ചു നേരം ഒന്ന് കിടന്നോട്ടെ മോളെ നല്ല തലവേദന… ” “ആഹ്… എങ്കിൽ ഏട്ടത്തി കുറച്ചു നേരം കിടന്നോളു… ഏട്ടത്തിക്കുള്ള ഡ്രസ്സ് അലമാരയിൽ ഉണ്ട്… ഫ്രഷ് ആയിട്ട് ഇഷ്ടം ഉള്ളത് എടുത്തിട്ടോളു കേട്ടോ… ” “മ്മ് ശരി… ” വാതിൽ ചാരിയിട്ട് അവൾ പുറത്തേക്കു പോയി… ഞാൻ ബെഡിലേക്കു ചാഞ്ഞു… ശരിക്കും തലയ്ക്കു അകം ഇരുന്നു കുത്തി വലിക്കുന്നത് പോലെ… രാവിലെ മുതൽ ഉള്ള ബഹളം ഓർക്കുമ്പോൾ തന്നെ വട്ടാകും… ക്ഷീണം കൊണ്ടു എന്റെ കണ്ണുകൾ പതിയെ അടഞ്ഞു…
“ഇന്ദുമോളു റൂമിൽ ഉണ്ടോ മായേ.. ” “ഉണ്ട് വല്യമ്മേ… നല്ല ക്ഷീണം ഉണ്ട്… കുറച്ചു നേരം കിടന്നോട്ടെ എന്ന് ചോദിച്ചു… ” “ആഹ്… പാവം കുട്ടി രാവിലെ മുതൽ ഉള്ള തിരക്കല്ലേ… കുറച്ചു നേരം കിടക്കട്ടെ… നീ വാ അടുക്കളയിൽ കുറച്ചു പണി ഉണ്ട് വൈകിട്ടു അവരെല്ലാം ഇങ്ങു എത്തില്ലേ… ” “മ്മ്… ഞാൻ ദാ വരുവാ… ” മായ റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു പക്ഷേ കൂടെപോയ എന്റെ സഹധർമ്മിണിയെ കണ്ടില്ലലോ… ബന്ധുക്കളുടെ ചോദ്യങ്ങൾക്കൊക്കെ തട്ടിക്കൂട്ടി എന്തൊക്കെയോ മറുപടി കൊടുത്തിട്ട് ഞാൻ നേരെ റൂമിലേക്ക് പോയി… വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു… ഡോർ തുറന്നു അകത്തുകയറിയപ്പോൾ ഇന്ദു ബെഡിൽ കിടക്കുന്നു… ആള് നല്ല മയക്കത്തിൽ ആണ്… “ആഹ് ഇതു കൊള്ളാം ഡ്രസ്സ് മാറിയിട്ട് വരാമെന്നു പറഞ്ഞ ആളാ… എന്നിട്ട് ഡ്രസ്സ് മാറിയോ അതും ഇല്ല… പോരാത്തതിന് വാഴ വെട്ടി ഇട്ടതുപോലെ കിടന്നു ഉറങ്ങുന്നതും കണ്ടില്ലേ… ” ഞാൻ ആത്മഗതം പറഞ്ഞു…
അവളുടെ അരികിലേക്കു ഇരിക്കാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നും ഒരു വിളി… “ഡാ… ” തിരിഞ്ഞു നോക്കിയപ്പോൾ അമ്മ കണ്ണ് രണ്ടും മിഴിപ്പിച്ചു എന്നെത്തന്നെ നോക്കി നിൽക്കുന്നു… ഒരു ചമ്മലോടെ ഞാൻ ചോദിച്ചു “എന്താ അമ്മേ?? ” “എന്റെ മോൻ കൂടുതൽ വിളച്ചിലെടുക്കാൻ നിൽക്കണ്ട കേട്ടോ… മോൾക്ക് നല്ല ക്ഷീണം ഉണ്ട് അവളെ ശല്യപ്പെടുത്തണ്ട… ആ പാവം ഉറങ്ങിക്കോട്ടെ… ” “ഹയ്യോ…. ഞാൻ ശല്യപ്പെടുത്താൻ വന്നതല്ല അമ്മേ സത്യം… ഒന്ന് ഫ്രഷ് ആയിട്ട് ഞാൻ ഇപ്പോൾ തന്നെ പുറത്തിറങ്ങിയേക്കാം… ” “ആഹ് അതാ നല്ലത്… ” അത്രയും പറഞ്ഞു അമ്മ തിരികെ പോയി… അമ്മ പോയെന്ന് ഉറപ്പായപ്പോൾ ഞാൻ പോയി വാതിലടച്ചു കുറ്റിയിട്ടു… “എന്റെ ഈശ്വരാ ഈ അമ്മ ഇനി ആ കോമഡി സ്ക്റ്റിലെ ‘നാണിതള്ളയെ ‘ പോലെ വല്ലതും ആകുമോ… കൈ രണ്ടും മുകളിലേക്കുയർത്തി ആത്മഗതം പറഞ്ഞു കൊണ്ടു ഉറങ്ങിക്കിടക്കുന്ന ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി… പെട്ടെന്ന് അമ്മ പറഞ്ഞത് ഓർമ വന്നതുകൊണ്ട് ഞാൻ ഫ്രഷ് ആകാൻ കയറി…
തണുത്ത വെള്ളം തലവഴി കോരിയൊഴിച്ചു… ഉള്ളിലുണ്ടായ ചൂടിനു ഒരു ശമനം വന്നതുപോലെ… നല്ല ആശ്വാസം തോന്നുന്നു… കുളിച്ചിട്ടു പുറത്തിറങ്ങിയപ്പോളും പെണ്ണ് നല്ല ഉറക്കം തന്നെ… എനിക്കൊരു കുസൃതി തോന്നി… ഞാൻ അവളുടെ അരികിലേക്കിരുന്നു… നനഞ്ഞ തലമുടി അവളുടെ കഴുത്തിലേക്കുരസി… മുല്ലപ്പൂവിന്റെ ഗന്ധം എന്നെ മത്തു പിടിപ്പിക്കുന്നതായി തോന്നി… അവളുടെ കഴുത്തിലേക്ക് ഞാൻ ചുണ്ടുകൾ ചേർത്തു… ഉറക്കത്തിൽ എന്തോ കഴുത്തിലൂടെ ഇഴയുന്നതുപോലെ തോന്നി… ഒരു വല്ലാത്ത നനവ് അവിടമാകെ പടരുന്നതുപോലെ… ഞെട്ടിയെഴുന്നേറ്റു അത് തട്ടിയെറിഞ്ഞപ്പോൾ ‘അയ്യോ ‘എന്നൊരു വിളി കേട്ടു… ഞാൻ നോക്കുമ്പോൾ വിഷ്ണുവേട്ടൻ താഴെ കിടക്കുന്നു… ആള് കലിപ്പിച്ചു എന്നെ നോക്കുന്നുണ്ട്… സംഗതിയുടെ കിടപ്പുവശം ഇപ്പോളാണ് എനിക്ക് പിടി കിട്ടിയത്… ഒരു വളിച്ച ചിരിയോടെ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു…
താഴെ വീണുകിടക്കുന്ന ഏട്ടന് നേരെ കൈ നീട്ടികൊണ്ടു ഞാൻ പറഞ്ഞു “സോറി ഏട്ടാ… ഞാൻ വിചാരിച്ചു വല്ല പൂച്ചയോ പ്രാണിയോ ആണെന്ന്… ” ആളെനിക്ക് കൈ തരാതെ ചാടി എഴുന്നേറ്റു… കലിപ്പിച്ചു നോക്കികൊണ്ട് എന്റെ നേരെ നടന്നടുത്തു… ഞാൻ രണ്ടു ചുവടു പിന്നോട്ടു മാറി… മീശയൊക്കെ പിരിച്ചു വെച്ചു കലിപ്പ് ഭാവത്തിൽ തന്നെ… എനിക്ക് ശരിക്കും ചിരി വന്നു… “ഹിഹിഹി മീശ പിരിച്ചാൽ ഒന്നും ഞാൻ പേടിക്കില്ല… മുന്നിൽ നിന്നും മാറി നിൽക്കുന്നുണ്ടോ… ” “ഓഹോ… നിനക്കു പേടി വരുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ… ” പുള്ളി വിടുന്ന ലക്ഷണം ഇല്ല… ഞാൻ പുറകോട്ടു നീങ്ങി… ഭിത്തിയിൽ തട്ടി നിന്നു… ഇനി പുറകോട്ട് മാറാൻ സ്ഥലം ഇല്ലെന്നു എനിക്ക് മനസ്സിലായി… മുന്നിൽ വിജയി ഭാവത്തിൽ കെട്ടിയോൻ… പിന്നെ ഒന്നും നോക്കിയില്ല… സാരിയിൽ നിന്നും ഒരു പിന്ന് അഴിച്ചു കൈയിൽ വെച്ചു… വിഷ്ണുവേട്ടൻ അടുത്ത് എത്തിയതും ടൂൾസ് ഉപയോഗിച്ചതും ഒരുമിച്ചായിരുന്നു…
“ആാാാ… ” അതൊരു അലർച്ച ആയിരുന്നു… ഞാൻ പുരികമുയർത്തി ഇനി വേണോ എന്ന് ചോദിച്ചു… ആള് പത്തി മടക്കി ബെഡിലേക്കിരുന്നു… കൈത്തണ്ട പിടിച്ചു നോക്കി കുത്ത് കൊണ്ട ഭാഗം പതുക്കെ ഞെക്കി… പൊട്ടുപോലെ ചെറിയ ചോരത്തുള്ളി പൊന്തി വന്നു… ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് മട്ടിൽ ഞാൻ തല ചരിച്ചു കളഞ്ഞു… “ടീ ഭാര്യേ… ” “എന്താടാ ഭർത്താവേ… ” “ഈശ്വരാ കേട്ടില്ലേ പെണ്ണിന്റെ നിഗളിപ്പ്… എന്താടാ ന്നു… അതും ഒരു ഭർത്താവിനെ… മറ്റുള്ളവരുടെ മുന്നിൽ ഈ താടക എന്നെ നാണം കെടുത്തുമല്ലോ… ” “താടക തന്റെ…. ” പറഞ്ഞത് മുഴുമിപ്പിക്കാനാകാതെ ഞാൻ തരിച്ചു നിന്നു… കെട്ടിയോള് എന്ന് പറയാനാണ് നാവ് പൊന്തിയത്… പക്ഷേ പറയാൻ പറ്റില്ലാലോ… അത് ഞാൻ തന്നെ ആയി പോയില്ലേ 😉 “എന്തായാലും ഒരു യുദ്ധം ഉറപ്പിച്ചു തന്നെയാ മോളെ നിന്നെ കെട്ടിയത്… നിനക്ക് കൂടുതലുള്ള ഒരെല്ല് ഞാൻ ഊരി ഇങ്ങു എടുക്കും… നോക്കിയിരുന്നോ കേട്ടോ… ”
“ആഹ് ഇങ്ങു വന്നേക്കു… തന്റെ വാല് ഞാൻ ഇങ്ങു മുറിച്ചെടുക്കും പറഞ്ഞേക്കാം… ” കുറച്ചു നേരത്തേക്ക് പിന്നെ ഞങ്ങൾ മിണ്ടിയില്ല… ഉണ്ടക്കണ്ണും മിഴിപ്പിച്ചു ഭിത്തിയിൽ ചാരി നിൽപ്പുണ്ട് ന്റെ ചുന്ദരി… ആ നിൽപ്പ് കാണാൻ തന്നെ ഒരു ഭംഗിയാണ്… അവളെ ദേഷ്യംപിടിപ്പിക്കാൻ ചുമ്മാ പറയുന്നതല്ലേ എല്ലാം… അത് അവൾക്കും അറിയാം… “നിന്ന് കാലു കിഴയ്ക്കണ്ട.. ഇങ്ങോട്ട് വാ പെണ്ണേ… ” പറയേണ്ട താമസം ചിരിച്ചുകൊണ്ട് അവളെന്റെ അരികിൽ വന്നിരുന്നു… “ഇപ്പോൾ ആരാ ജയിച്ചത്… ഞാൻ അല്ലേ? ” എന്റെ മീശയിൽ പിടിച്ചു വലിച്ചുകൊണ്ടാണ് അവളത് ചോദിച്ചത്… “മ്മ്.. എപ്പോളും എന്റെ പെണ്ണ് തന്നെ ജയിച്ചാൽ മതി… അതല്ലേ എന്റെ ജയം… ” “അച്ചോടാ… ന്റെ പാവം വിച്ചുണ്ണു… ഇനി എന്തൊക്കെ സഹിക്കാൻ കിടക്കുന്നു… കൈ ശരിക്കും വേദനിച്ചായിരുന്നോ? ” “ഇത്തിരി പോന്ന ഒരു പിന്ന്കൊണ്ട് ഒരു കുത്ത് കിട്ടിയാൽ എന്തോന്ന് വേദന… അതും ഒരു പട്ടാളക്കാരനോട്… ഇതു അല്ല ഇതിനു അപ്പുറം ചാടി കടന്നിട്ടുള്ളതാ മോളെ ഞാൻ… ” “ആഹാ എന്നിട്ട് ഈ പട്ടാളം എന്റെ മുന്നിൽ വെറും പൂച്ച ആണല്ലോ… അതോ ഇനി പൂച്ചയായിട്ട് അഭിനയിക്കുവാണോ? ”
“എന്തിനാ അഭിനയിക്കുന്നത്… നിന്റെ മുന്നിൽ ഞാൻ പൂച്ച തന്നെയാ…ഇന്നും എന്നും… ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലാതെ എന്ത് ജീവിതം… എല്ലാം വേണം… പക്ഷേ എത്ര പിണക്കം ഉണ്ടെങ്കിലും അത് ഒരു രാത്രിയോടെ തീരണം… എല്ലാ പിണക്കങ്ങളും നമ്മുടെ ഈ റൂമിനുള്ളിൽ വെച്ചു തന്നെ പറഞ്ഞു തീർക്കണം… ഞാൻ ശരിക്കും ദേഷ്യപ്പെട്ടു ഇരിക്കുവാണെങ്കിൽ നീ തറുതല പറയാതെ ഓടി വന്നെന്നെ കെട്ടിപിടിച്ചോളണം… എന്റെ ദേഷ്യം അതോടെ തീരും… ഇനി നീയാണ് ദേഷ്യം പിടിച്ചു ഇരിക്കുന്നതെങ്കിൽ ഞാൻ ഓടി വന്നു നിന്നെ കെട്ടിപിടിച്ചു തുടുത്തു നിൽക്കുന്ന ഈ ചുണ്ടിൽ നല്ല ഫ്രഞ്ച് അങ്ങ് തരും… അതോടെ തീരണം നിന്റെ ദേഷ്യവും… ” “അയ്യടാ… എന്ത് നല്ല ആചാരങ്ങൾ… ” “ആചാരം ഒന്നും അല്ല ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി… ” “അയ്യോ ദേഷ്യത്തിൽ ആണോ? ” “ആണെങ്കിൽ? ” “കെട്ടിപിടിക്കാനായിരുന്നു… ” “ഇപ്പോൾ തത്കാലം നീ പിടിക്കണ്ട ഞാൻ പിടിച്ചോളാം… ” രണ്ടു കൈകൊണ്ടും അവളെ എന്നോട് ചേർത്ത് വലിച്ചു മുറുക്കി… ചുണ്ടോട് ചുണ്ട് ചേർത്തതും… “ഏട്ടത്തി… ” പുറത്ത് വാതിലിൽ മുട്ട് കേട്ടു… “ഛെ… നശിപ്പിച്ചു… ” അവള് ചിരിച്ചു കൊണ്ടു എന്റെ മുഖം തട്ടി മാറ്റി വാതിൽ തുറക്കാനായി പോയി…
“എഴുന്നേറ്റോ ഏട്ടത്തി… ” അതും ചോദിച്ചു മായ റൂമിലേക്ക് കയറി വന്നു… “ആഹാ വിച്ചുവേട്ടൻ ഇതിനകത്തു ഉണ്ടായിരുന്നോ…? ” ഒരു കള്ള ചിരിയോടെ അവൾ ഞങ്ങളെ രണ്ടാളെയും പാളി നോക്കി… “എന്താ നിനക്കു കണ്ണ് കാണില്ലേ ഞാൻ ഇവിടെ നിൽക്കുന്നത്… ” അത്രയും പറഞ്ഞിട്ട് എന്നെയും ഒന്ന് നോക്കി ഏട്ടൻ റൂമിനു പുറത്തേക്കിറങ്ങി… “ഇതെന്തിനാ ഏട്ടത്തി വിച്ചുവേട്ടൻ ദേഷ്യപ്പെട്ടു പോകുന്നത്… ” “മോള് അത് കാര്യമാക്കണ്ട… ഒരു ഉമ്മ മിസ് ആയി പോയതിന്റെ സങ്കടമാ… നീ വാ… എന്നിട്ട് ഈ തലയിൽ ഇരിക്കുന്ന പൂവെല്ലാം ഒന്ന് അഴിച്ചു മാറ്റു… ” “അയ്യോ… ഏട്ടൻ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല ഏട്ടത്തി സോറി.. ” “ആഹ് ബെസ്റ്റ്… എനിക്ക് നിന്നോട് താങ്ക്സ് ആണ് പറയാനുള്ളത്… അതൊക്കെ പോട്ടെ… ” “മ്മ്… ശ്ശോ പാവം ഏട്ടൻ… ” അവള് മുഖം ചിണുങ്ങികൊണ്ട് പൂവെല്ലാം അഴിക്കാൻ തുടങ്ങി… അയ്യടാ ഏട്ടനോട് എന്തൊരു ആത്മാർത്ഥത ഉള്ള പെങ്ങൾ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ചിരിച്ചു…
പൂവും ആഭരണങ്ങളും എല്ലാം അഴിച്ചു വെച്ചു ഞാൻ ഫ്രഷ് ആയി വന്നു… എനിക്ക് ഇടാനുള്ള ഡ്രസ്സ് മായ തന്നെയാണ് സെലക്ട് ചെയ്തത്… അതും ധരിച്ചു പുറത്തിറങ്ങി… മായയുടെ ഒപ്പം നേരെ അടുക്കളയിലോട്ടു ചെന്നു… അമ്മയും നാത്തൂനും കുറേ അമ്മായിമാരൊക്കെ നല്ല തിരക്കു പിടിച്ച പണിയിൽ ആയിരുന്നു… ഞാൻ കൂടി ചെയ്യാമെന്ന് പറഞ്ഞിട്ട് ആരും സമ്മതിച്ചില്ല… ചുരുങ്ങിയ സമയം കൊണ്ടു വീടും ചുറ്റുപാടുമെല്ലാം മായ കൊണ്ടു നടന്നു കാണിച്ചു… വൈകുന്നേരം ആയപ്പോളേക്കും ഞാൻ പ്രതീക്ഷിച്ചു ഇരുന്നവരൊക്കെ എത്തി…. വന്ന ഉടനെ ഉണ്ണിയേട്ടൻ ഒരു പൊതി എന്നെ ഏൽപ്പിച്ചു.. അത് തുറന്നു നോക്കാതെ തന്നെ എനിക്കറിയാരുന്നു അതിനുള്ളിൽ എന്താണെന്നു… ന്റെ കൃഷ്ണൻകുട്ടി… ഞാൻ അത് വാങ്ങി ഭദ്രമായി ഞങ്ങളുടെ റൂമിൽ കൊണ്ടു വെച്ചു… അച്ഛനും അമ്മയും അമ്മായിയും അമ്മാവനും എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു… അളിയനും അളിയനും കൂടി കത്തിയടി തുടങ്ങി..
മായ ഇടക്കിടക്ക് ഉണ്ണിയേട്ടനെ ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു… ഒരുപാട് നേരം ഞങ്ങളോടൊപ്പം ചിലവഴിച്ചിട്ടു ഭക്ഷണം എല്ലാം കഴിഞ്ഞാണ് അവർ മടങ്ങിയത്… രാവിലെ നേരെത്തെ എഴുന്നേൽകണമെന്നു പറയാൻ അമ്മ മറന്നില്ല… എന്നും വിളിക്കാം മോളെ എന്ന് അച്ഛനും… നാളെ രാവിലെ തന്നെ രണ്ടാളും വീട്ടിലേക്കു പോരു എന്നായിരുന്നു അമ്മായി പറഞ്ഞത്… ആദ്യത്തെ വിരുന്നു അവിടെ ആയിക്കോട്ടെന്നു… വരാമെന്നു ഞങ്ങൾ സമ്മതിക്കുകയും ചെയ്തു… അളിയൻ പാവമാ മോളെ നീ വെറുതെ ആ പാവത്തിനെ വട്ടു കളിപ്പിക്കല്ലേ എന്നായിരുന്നു ഉണ്ണിയേട്ടന് പറയാനുള്ളത്… യാത്ര പറഞ്ഞു എല്ലാരും പോയപ്പോൾ നല്ല സങ്കടം തോന്നി… എങ്കിലും മുൻപുണ്ടായിരുന്ന ആ വീർപ്പുമുട്ടൽ എവിടെയോ പോയി ഒളിച്ചിരുന്നു..
ഉണ്ണിയേട്ടനൊക്കെ പോയ ഉടനെ തന്നെ മായയും അനിയത്തിമാരും അമ്മയും യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി… പശു ഉള്ളതുകൊണ്ട് ഇളയമ്മ ഒരു ദിവസം പോലും രാത്രി എവിടെയും തങ്ങാറില്ല എന്ന് വിഷ്ണുവേട്ടന്റെ അമ്മ പറഞ്ഞു… പോകാൻ നേരം മായ എന്നെ ചേർത്തു പിടിച്ചു പറഞ്ഞു… “ഏട്ടത്തി ഹാപ്പി ആയി ഇരിക്കണം… സങ്കടം കാണിച്ചു ഏട്ടനെ ഇന്ന് പട്ടിണി ആക്കരുത് കേട്ടോ.. ” ഞാൻ അവളുടെ കൈത്തണ്ടയിൽ നല്ലൊരു നുള്ളു കൊടുത്തു… “മ്മ്മ്… ഇതിനൊക്കെ പകരം വീട്ടാൻ എനിക്കും അവസരം ഉണ്ടെന്നു ഓർത്തോളൂ കേട്ടോ… ” അവൾ ചിരിച്ചു കൊണ്ടു യാത്ര പറഞ്ഞു… ബന്ധുക്കളെല്ലാം പൊഴിഞ്ഞു പോയി… ഇപ്പോൾ വീട് ബഹളം എല്ലാം ഒഴിഞ്ഞു ഒന്ന് ശാന്തം ആയി… അമ്മയുടെ സാരിതുമ്പിൽ പിടിച്ചു കൊണ്ടു ഞാൻ അടുക്കളയിലേക്കു നടന്നു… ബാക്കിയുണ്ടായിരുന്ന പാത്രങ്ങളൊക്കെ കഴുകാൻ അമ്മയെ സഹായിച്ചു… “ഇനി മോളു പോയികിടന്നു ഉറങ്ങിക്കോളൂ… ബാക്കിയെല്ലാം അമ്മ കഴുകി വെച്ചോളാം… ”
“മ്മ്… ശരി അമ്മേ… ” കൈ കഴുകി തിരിയാൻ നേരം അമ്മ ഒരു ഗ്ലാസിൽ പാലെടുത്തു എന്റെ കൈയിലേക്ക് തന്നു… “നാത്തൂൻ വാ ഞാൻ റൂമിലാക്കാം… ” വിഷ്ണുവേട്ടന്റെ പെങ്ങൾ എന്നെയും കൂട്ടി റൂമിന്റെ വാതിൽക്കൽ വരെ വന്നു… “അപ്പോൾ ഓക്കേ ഗുഡ് നൈറ്റ് ഡിയർ നാത്തൂനെ… ഏട്ടൻ അവിടെ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും പെട്ടെന്ന് ചെല്ല് കേട്ടോ…” “മ്മ്.. ഗുഡ് നൈറ്റ്… ” പാതി ചാരിയ വാതിൽ തുറന്നു ഞാൻ അകത്തേക്ക് കയറി… വിഷ്ണുവേട്ടൻ കണ്ണാടിക്കു മുന്നിൽ തിരിഞ്ഞു നിന്ന് അവ്യക്തമായ സ്വരത്തിൽ എന്തോ പാടുന്നു… ഞാൻ ചെവി കൂർപ്പിച്ചു… “💕തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ……💘💕 (തുടരും )

by