രചന – സുധീ മുട്ടം
“ആരവ് പനി കുറവുണ്ടോ…..എന്നു ചോദിച്ചു പനിയുടെ മൂർദ്ധന്യതയിലും നന്ദിനിക്കുട്ടിയൊന്ന് ഞെരങ്ങി മൂളി…ആരവിന്റെ ഹൃദയത്തിലൊരു നോവായി വന്നു തറച്ചു കയറി.. തീരെവയ്യ…എന്നിട്ടും തനിക്ക് സുഖമായോന്ന് അറിയാനായിരുന്നു അവളുടെ തിടുക്കം..അവനത് തിരിച്ചറിയുന്നുണ്ട്.. ” എന്തിനാ നന്ദിനിക്കുട്ടി രാത്രിയിൽ ഓടിവന്നു ഒപ്പം കിടന്നത്..അതല്ലേ പനി പിടിച്ചത്.. ഹൃദയത്തിലൊരു നോവ് ഉണർന്നതും സങ്കടത്തോടെ അവൻ ചോദിച്ചു.. “അത്രയേറെ ഇഷ്ടമായിട്ടാ ആരവ്… സങ്കടം സഹിക്കാൻ കഴിയാതെ അവൾ പൊട്ടിയൊഴുകിയതും ആരവ് വല്ലാതായി.. എന്താണ് മറുപടി നൽകേണ്ടതെന്ന് അറിയാതെ പുളഞ്ഞു പോയി.. ഒരുവശത്ത് പ്രണയം പൊതിഞ്ഞ് പിടിച്ച് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രണയിനി..മറുവശത്ത് മിഴികളിൽ പ്രണയം കടലോളം നിറച്ച് കൈനീട്ടി നന്ദിനിക്കുട്ടിയും..എന്ത് ചെയ്യണമെന്ന് അറിയാതെ ആരവ് നിസ്സഹായനായി… ” ആരവ് …ഞാൻ പൊയ്ക്കോട്ടെ… “എങ്ങോട്ട്… അവനൊന്ന് ഞെട്ടി…തീരെ വയ്യ അവൾക്ക്…ഒരുപോള കണ്ണടച്ചിട്ടു കൂടിയില്ല.. ” മോള് ഉണരും മുമ്പേ ചെല്ലണം ആരവ്..എന്നെ പെട്ടെന്ന് കാണാതാകുമ്പോൾ പേടിക്കും കുഞ്ഞ്.. ശരീരമാകെ തളരുന്നുണ്ട്..ബലം നഷ്ടമായത് പോലെ..എന്നിട്ടും ആരതിക്കുട്ടിയുടെ ഓർമ്മയിൽ എഴുന്നേൽക്കാൻ ശ്രമിച്ചു…
” മോള് ഉണരും മുമ്പേ ചെല്ലണം ആരവ്..എന്നെ പെട്ടെന്ന് കാണാതാകുമ്പോൾ പേടിക്കും കുഞ്ഞ്.. അവന്റെ നെഞ്ചിലക്ക് നന്ദിനിയുടെ വാക്കുകൾ തറച്ചു കയറി… ഒരമ്മയുടെ ആധി മുഴുവനും സ്വരത്തിൽ നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു.. എഴുന്നേറ്റു നടക്കാൻ ശ്രമിച്ച അവൾ ചിറകറ്റ പക്ഷിയെ പോലെ താഴേക്ക് ഊർന്നുപോയി..അതിനു മുമ്പേ ആ ശരീരത്തെ ആരവ് കൈകളിൽ താങ്ങിപ്പിടിച്ചു.. വിശ്വാസം വരാതെ നന്ദിനിക്കുട്ടി തുറിച്ചു നോക്കി… പൊടുന്നനെ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി ഉറക്കെ കരഞ്ഞു… കണ്ണുനീർ തുള്ളികൾ മുഴുവനും അവന്റെ നെഞ്ചിനെ നനച്ചൊഴുക്കി… “ലവ്വ് യൂ ആരവ്…. അബോധാവസ്ഥയിലേക്ക് ഊർന്നിറങ്ങുമ്പോഴും ഭ്രാന്തമായി പുലമ്പി… ” എന്നെയൊന്നു പൊതിഞ്ഞ് പിടിക്കൂ ആരവ്… ശബ്ദം നേർത്തു നേർത്തു വന്നു…അവനറിയുകയായിരുന്നു അവളെ..അവളുടെ ഹൃദയമിടിപ്പ് പോലും അവനായിട്ടാണെന്ന്..ഉച്ഛാസവായു മുഖത്ത് പതിച്ചപ്പോഴും മനസ്സിലായി അവളുടെ അണുവിൽ പോലും അവനാണെന്ന്.. “എന്തിനേ നന്ദിനിക്കുട്ടി എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്….
ആരവിന്റെ നോവൊന്നും അവൾ കേട്ടിരുന്നില്ല..അബോധാവസ്ഥയിൽ ആയിരുന്നവൾ…അവൻ പൊതിഞ്ഞ് പിടിച്ചു കവിളിൽ ചുംബിച്ചതും അവളറിഞ്ഞില്ല..ഒന്നും… നന്ദിനിയിലെ ചൂട് ക്രമാതീതമായി വർദ്ധിച്ചതും ആരവ് നന്ദിനിക്കുട്ടിയെ വാരിയെടുത്തു നെഞ്ചിലക്ക് ചേർത്തു പിടിച്ചു നടന്നു.. ” സിസ്റ്റർ നന്ദിനിക്കുട്ടിക്ക് തീരെ വയ്യ… കണ്ണുനീർ തുള്ളികൾ മുഴുവനും ഒലിച്ചിറങ്ങി അവളുടെ നെറ്റിയിലേക്ക് പതിച്ചു… അവളെ വേഗം ഐ സി യൂ ലേക്ക് മാറ്റി… “നിങ്ങളും പേഷ്യന്റല്ലേ റെസ്റ്റ് എടുക്കൂ…. ഡോക്ടർ വഴക്ക് പറഞ്ഞതൊന്നും ആരവിന്റെ ചെവിയിൽ കയറിയില്ല…മനസ്സ് മുഴുവനും അവളാണ് നന്ദിനിക്കുട്ടി.. തന്നിലെ പനി മുഴുവനും അവളിലേക്ക് ആവാഹിച്ച് എടുത്ത നന്ദിനിയെ… ഉണരുമ്പോൾ കണ്ണുമിഴിച്ചു ഉറങ്ങാതെ തുറിച്ചു നോക്കി കിടന്നവളെ ഓർത്തു..രാത്രി മുഴുവനും എത്രമാത്രം കരഞ്ഞു കാണും..ഓർത്തപ്പോൾ ആരവിലേക്ക് സങ്കടം ഇരച്ചു കയറി… തനിക്ക് പനി കുറഞ്ഞെന്ന് അറിഞ്ഞപ്പോൾ ആ മുഖത്ത് പ്രതിഫലിച്ച സന്തോഷം എത്രമാത്രം ആണെന്ന് അവളുടെ മുഖത്ത് എഴുതി വെച്ചിരുന്നു… ഓരോന്നും ഓർക്കുന്തോറും അവൻ ഉള്ളിൽ നിലവിളിച്ചു… ഡോക്ടർമാരും നേഴ്സുമാരും ശകാരിച്ചതോടെ റൂമിലേക്ക് തിരിച്ചെത്തി.. ഇരിക്കാനും കിടക്കാനും നിൽക്കാനും കഴിയാത്ത അവസ്ഥയിൽ ഉരുകിപ്പോയി… ആരവിൽ നിന്നും നന്ദിനിക്കുട്ടിക്കായി മിഴിനീർകണങ്ങൾ ഒലിച്ചിറങ്ങി…..അപ്പോഴും നന്ദിനിക്കുട്ടി പനിയുടെ മൂർദ്ധന്യതയിൽ ഐസിയൂവിൽ മയക്കത്തിലായിരുന്നു… 💜💜💜💜💜💜💜💜
“ഹേമ നീയെന്താ പറയുന്നത്… വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കാമെന്നോ..അമ്മ സമ്മതിക്കില്ല ഹേമ…. വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങി കോഫീഷോപ്പിൽ ടേബിളിന് എതിർഭാഗങ്ങളിലായി ഇരിക്കുകയാണ് അവർ.. ” എനിക്ക് കാത്തിരിക്കാൻ വയ്യ ഉണ്ണി…തന്നെയുമല്ല വിവാഹമോചനവും നേടി വരുമ്പോൾ ഒരുസമയം ആകും..ലിവിങ് ടുഗെദർ ആകുമ്പോൾ ഇഷ്ടമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ബൈ പറഞ്ഞു പോകാം… തന്റെ സങ്കൽപ്പങ്ങളെ തകർത്തു ഹേമ പറയുന്നത് കേട്ടു ഉണ്ണി നടുങ്ങിപ്പോയി.. “താനെന്താടോ പറയുന്നത്… എപ്പോൾ വേണമെങ്കിലും പിരിയാനാണെങ്കിൽ പിന്നെ എന്തിനാ ഒരുമിച്ച് ജീവിക്കുന്നത്.. ഉണ്ണിക്ക് നന്നേ ദേഷ്യം വന്നു തുടങ്ങി.. ആദ്യം ഹേമ പറഞ്ഞത് ഡിവോഴ്സ് നേടി ഒന്നിച്ചു ജീവിക്കാമെന്ന്..അതിനായിട്ട് വക്കീലിനെ കണ്ടു ഫീസ് വരെ കൊടുത്തു.. ആദ്യപടിയായി നന്ദിനിക്കുട്ടിക്ക് വക്കീൽ നോട്ടീസ് വരെ അയച്ചു…അമ്മയുടെ സമ്മതവും വാങ്ങിയപ്പോഴാണു ഹേമയുടെ പെട്ടന്നുളള മാറ്റം… ” എനിക്ക് ലിവിങ്ങ് ടുഗെദർ ആണ് ഉണ്ണി ഇഷ്ടം… തനിക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം മതി ബാക്കി തീരുമാനം മുന്നോട്ട്… പോകാനായി ഹിമ എഴുന്നേറ്റതും ഉണ്ണി മുന്നിൽ കയറി നിന്നു..
“പ്ലീസ് ഹിമ ..ഒന്നൂടെ ആലോചിക്ക്… “നോ എനിക്ക് ആലോചിക്കാൻ ഒന്നുമില്ല…ഉണ്ണി എന്താണെന്ന് വെച്ചാൽ തീരുമാനിക്ക്… വിറങ്ങലിച്ചു നിന്നിരുന്ന ഉണ്ണിയെ മറി കടന്ന് ഹേമ പുഞ്ചിരിയോടെ നടന്നു നീങ്ങി… അവൾക്ക് അറിയാം ഉണ്ണി തന്നെ വിട്ടു പോകില്ലെന്ന്…അവസരം കിട്ടുമ്പോഴൊക്കെയും കിടക്ക പങ്കിടുമ്പോൾ അവന്റെ ഇഷ്ടങ്ങൾക്കൊക്കെ മനപ്പൂർവ്വം വഴങ്ങി കൊടുത്തത് ഉണ്ണി പോകാതിരിക്കാൻ തന്നെയാണ്… അതേ അവസ്ഥയിൽ ആയിരുന്നു ഉണ്ണിയും..തന്നിലെ പുരുഷനെ സംതൃപ്തിപ്പെടുത്തിയ ഹിമയെ വിട്ടുകളയാൻ അയാളും തയ്യാറായിരുന്നില്ല… ” ഇനി മറ്റെന്തെങ്കിലും വഴി കണ്ടെത്തണം… ഹിമ പോയ ദിശയിലേക്ക് നോക്കി നിരാശയോടെ അവനിരുന്നു… “അച്ഛേ ടീച്ചറമ്മക്ക് എന്താ പറ്റിയത്… ആരതിമോൾ കരഞ്ഞു തുടങ്ങിയതോടെ അവളെ ആശ്വസിപ്പിക്കാൻ ആരവ് നന്നേ പ്രയാസപ്പെട്ടു… നന്ദിനിക്കുട്ടിയുടെ മൊബൈൽ റൂമിൽ ഉണ്ടായിരുന്നു.. അതിൽ വീട്ടിലേക്ക് വിളിച്ചു അറിയിച്ചതോടെ ബാലനും ഉമയും ആനന്ദനും മോളുമായി വന്നു… ഉമയും ആരതിയും കരച്ചിലാണ്..ആരവിന്റെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല…കരയാതെ കരയുന്നുണ്ട് അയാൾ.. അത്രയേറെ സങ്കടം കുറച്ചു സമയം കൊണ്ട് അനുഭവിച്ചു കഴിഞ്ഞു…
” ഡോക്ടർ മോൾക്ക് എങ്ങനെയുണ്ട്… ഐ സി യൂ ൽ നിന്നും ഡോക്ടർ പുറത്തേക്ക് ഇറങ്ങിയതോടെ ബാലൻ ചോദിച്ചു… “നന്ദിനിയുടെ ബോഡി വല്ലാതെ വീക്കാണ്..അതിനൊപ്പം മനസ്സിനും ആരോഗ്യം കുറവാണ്.. വല്ലാത്ത ഉത്കണഠ അനുഭവിച്ചതു പോലെ..എന്തായാലും കുറച്ചു മണിക്കൂർ കൂടി കഴിഞ്ഞു എന്തെങ്കിലും പറയാം… ഡോക്ടറുടെ വാക്കുകൾ ആരവിന്റെ ഹൃദയത്തെ കീറിമുറിച്ചു… ” പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുളള നന്ദിനിക്കുട്ടിയുടെ മനസ്സ് മുന്നിൽ തുറന്നു കാട്ടിയതാണു…അപ്പോഴും അമ്മുവിനെ ഓർത്ത് അവളെ അവഗണിച്ചു കളഞ്ഞു..ഉള്ളിലെ സങ്കടം മുഴുവനും തന്നിലേക്ക് അമർത്തിപ്പിടിച്ചു നന്ദിനിക്കുട്ടി തനിക്ക് മുമ്പിൽ ചിരിച്ചതാണെന്ന് ഓർത്തില്ല… കുറ്റബോധം മനസ്സിനെ കാർന്നു തിന്നതും ഒന്നു ഉറക്കെ കരയാൻ കൊതിച്ചു… എന്നിട്ടും ഒന്നിനും കഴിയാതെ അവൻ തളർന്നു പോയി… നന്ദിനിക്കുട്ടിയുടെ അച്ഛനു അവന്റെ അവസ്ഥ മനസ്സിലായി…അദ്ദേഹം ആശ്വസിപ്പിക്കും പോലെ കരതലമെടുത്ത് തോളിൽ തട്ടി.. “ഒന്നൂല്ലാ ആരവ്…നമ്മുടെ നന്ദിനിക്കുട്ടി തിരിച്ച് വരും… അപ്പോഴേക്കും ആരവ് ഉറക്കെ കരഞ്ഞു പോയി… ആശ്വാസം പോലെ ബാലനിലേക്ക് ചാരിയതും അയാൾ അണച്ചു പിടിച്ചു… അപ്പോഴും അവന്റെ മനസ്സിൽ അവളായിരുന്നു.. ഉറങ്ങാതെ പൊതിഞ്ഞ് പിടിച്ചവളുടെ കരുതൽ നിറഞ്ഞ മുഖം..നന്ദിനിക്കുട്ടിയുടെ…….
ആരവിന്റെ ഓരോ അണുവിലും നന്ദിനിക്കുട്ടി നിറഞ്ഞു നിന്നു…യാചിക്കുന്ന,കരുതൽ നിറഞ്ഞ, പ്രണയിക്കപ്പെടാൻ കൊതിക്കുന്ന മുഖം തെളിഞ്ഞു..മറുഭാഗത്ത് നന്ദിനിക്കുട്ടിയെന്ന അവന്റെ അമ്മുക്കുട്ടിയുടെ രൂപം തെളിഞ്ഞതും പാടെ തളർന്നു പോയി.. “ഞാനെന്താ അമ്മുക്കുട്ടി ചെയ്യാ… പിടഞ്ഞു പോയി അവൻ…കാർമേഘങ്ങളാൽ മൂടി ഇരുൾ നിറഞ്ഞ മനസ്സിലേക്ക് പൂനിലാവായി അമ്മുക്കുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു.. ” പാവല്ലേ ഏട്ടാ നന്ദിനിക്കുട്ടി.. എന്നെക്കാൾ ഒരുപാട് പാവമാ അവൾ..ഒരുപാട് വേദന സഹിച്ചവൾ..മരിച്ചു പോയ എന്നെ ഏട്ടൻ ഇത്രയേറെ സ്നേഹിക്കുന്നില്ലേ..ജീവിച്ചിരിക്കുന്നവൾക്ക് അത്രയും പ്രണയം നിറച്ചു കൊടുത്താൽ ഇരട്ടിയായി തിരിച്ച് കിട്ടില്ലേ ഏട്ടാ…എനിക്കതല്ലേ ഒരു സന്തോഷം…നമ്മുടെ മോൾ നന്ദിനിക്കുട്ടിയുടെ കൈകളിൽ ഭദ്രമായിരിക്കും…എന്റെ ഏട്ടനും…. പ്രിയപ്പെട്ടവളുടെ കുഴിമാടത്തിനു അരികിൽ ചെന്ന് സങ്കടങ്ങളത്രയും ഒഴുക്കുമ്പോൾ ആരവ് കരഞ്ഞു പോയി… വിഷമങ്ങൾ സഹിക്കാൻ കഴിയാതെ വരുമ്പോൾ അമ്മുവിനോടാകും എല്ലാം പങ്കുവെക്കുക…നേരത്തേയുളള ശീലമായിരുന്നത്…ഒരുമിച്ച് ജീവിക്കുമ്പോഴേ… ഓർമ്മകൾ ഓരോന്നും മനസ്സിലൂടെ വിങ്ങലായി കടന്നു പോയി… അമ്മുവിനോളം തന്നെയാർക്കും സ്നേഹിക്കാൻ കഴിയില്ലെന്ന് അടിയുറച്ചു വിശ്വസിച്ചു..
പക്ഷേ നന്ദിനിക്കുട്ടിയാ ധാരണകളൊക്കെ തിരുത്തി കുറിച്ചു…. “ഉച്ചക്ക് വന്നതല്ലേ പോയി വാ ഏട്ടാ നന്ദിനിക്കുട്ടി വിഷമിക്കുന്നുണ്ടാകും… വീശിയ മന്ദമാരുതനിൽ അമ്മുവിന്റെ സ്വരം മുഴങ്ങിയത് പോലെ അനുഭവപ്പെട്ടതും പിടഞ്ഞുണർന്നു… ഉച്ചക്ക് വന്നതാണ്..അവിടെ നിൽക്കുമ്പോൾ ഉരുകി തീരും പോലെ തോന്നി…. കിണറ്റിൻ കരയിൽ ചെന്നു വെള്ളം കോരി തലയിലൂടെ പല പ്രാവശ്യം ഒഴിച്ചു…പൊള്ളുന്ന മനസ്സിനൊരു ആശ്വാസമായി ജലകണങ്ങൾ അവന്റെ മേനിയെ പുണർന്നിറങ്ങി… കുളികഴിഞ്ഞു മുണ്ടും ഷർട്ടും ധരിച്ച് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു… ക്ഷേത്ര നടക്ക് മുമ്പിലൂടെ പോയപ്പോൾ മനസ്സൊന്ന് വിങ്ങി… അമ്മുവുമായി എത്രയോ പ്രാവശ്യം ഒരുമിച്ച് തൊഴുത് ഇറങ്ങിയിരിക്കുന്നു….അവളെ ദൈവം തിരികെ വിളിച്ചതോടെ ക്ഷേത്രവും വിശ്വാസവുമെല്ലാം അകന്നു പോയി… വർഷങ്ങൾക്ക് ശേഷം അമ്പലത്തിലേക്ക് നോക്കി ശുഭാപ്തി വിശ്വാസത്തോടെ കൈകൾ കൂപ്പുമ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു.. ” അമ്മേ മഹാമായേ…നന്ദിനിക്ക് ഒരാപത്തും വരുത്തരുതേ… മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ച ശേഷം ഹോസ്പിറ്റലിലേക്ക് ചെന്നു…ഡോക്ടറുടെ വക ശരിക്കും ശകാരം കിട്ടി…. “അഡ്മിറ്റ് ചെയ്തിതിരുന്നതല്ലേ തന്നേ…എന്നിട്ട് യാതൊരു ബോധവും ഇല്ലാതെ എങ്ങോട്ട് പോയതാ… ” ഡോക്ടർ.. അങ്ങനെ വിളിക്കുമ്പോൾ മിഴികൾ നിറഞ്ഞു സ്വരം ഇടറിയിരുന്നു..
“ഞാനിവിടെ നിന്നാൽ നെഞ്ച് പൊട്ടി ചത്തു പോകുമായിരുന്നു ഡോക്ടർ…എനിക്ക് കാണാൻ വയ്യ നന്ദിനിയുടെ അവസ്ഥ… ഡോക്ടറുടെ ഹൃദയത്തിലൊരു തിരയിളക്കമുണ്ടായി..രണ്ടു മൂന്ന് ദിവസം മുമ്പേ തന്നെ കാണാനായി വന്നൊരു പെൺകുട്ടിയും പുരുഷനും..കൂടെ ഏഴു വയസ്സുള്ളൊരു മാലാഖയും…ആദ്യമായി കണ്ടപ്പോൾ കരുതിയത് ദമ്പതികൾ ആയിരിക്കുമെന്നാണ്… ” നന്ദിനിക്കുട്ടിക്ക് പനി കുറഞ്ഞിട്ടുണ്ട്… ഉണർന്നപ്പോൾ ആദ്യം തിരക്കിയത് തന്റെ പനി എങ്ങനെയുണ്ടെന്നാ… അനുകമ്പയോടെ ഡോക്ടർ പറയുമ്പോൾ ഹൃദയത്തിലൊരു വേലിയേറ്റമുണ്ടായി…മരണത്തിലേക്ക് നടന്നകന്നപ്പോഴും തന്നെ കുറിച്ച് മാത്രമായിരുന്നു നന്ദിനിയുടെ ആധി മുഴുവനും… ഓർക്കുന്തോറും നെഞ്ഞ് പിന്നെയും വരഞ്ഞു കീറി.. “ചെല്ലെടോ നന്ദിനിക്കുട്ടിക്കൊപ്പം എല്ലാവരും തന്നെ കാത്തിരിക്കുവാ.ഈ ഹോസ്പിറ്റൽ മുഴുവനും തന്റെ വരവിനായി… ” ഡോക്ടർ… കൈകൾ ചേർത്തു പിടിച്ചു തൊഴുതു പോയി… “താൻ ചെല്ലടോ …. സ്നേഹപൂർവ്വം മൊഴിഞ്ഞു ഡോക്ടർ നടന്നകന്നു കഴിഞ്ഞു… ആരവ് ചെല്ലുമ്പോൾ കണ്ടു തന്നെയും പ്രതീക്ഷിച്ചു ഇരിക്കുന്നവരുടെ മുഖത്ത് തെളിഞ്ഞ നറുനിലാവ്…വാക്കുകൾ പോയിട്ട് നോട്ടം കൊണ്ടു പോലും ഒരാളും കുറ്റപ്പെടുത്തിയില്ല അവനെ…. ” അച്ഛാ…. ആരവിനെ കണ്ടതും ഉമയുടെ അടുത്ത് നിന്ന് ആരതിമോൾ അവനരുകിലേക്ക് ഓടിച്ചെന്നു… “അമ്മ കണ്ണു തുറന്നു അച്ഛാ… കുഞ്ഞി കണ്ണുകളിൽ സന്തോഷം വിരിഞ്ഞതു കണ്ടു…വാരിയെടുത്തു കുഞ്ഞിക്കവിളിൽ ചുണ്ടുകൾ അമർത്തി..
” അകത്തേക്ക് ചെല്ലൂ മോനേ…അവൾ പ്രതീക്ഷയോടെ കാത്തിരിക്കുവാ… മോളേ അവനിൽ നിന്നും വാങ്ങി കണ്ണുനീരോടെ ഉമ പറഞ്ഞതും ആരവിന്റെ ഹൃദയം പിടഞ്ഞു പോയി…പെറ്റ വയറിന്റെ വിലാപമാണ്..കൈ നീട്ടി അവൻ അവരുടെ നീർമണി തുള്ളികൾ ഒപ്പി.. “അമ്മ വിഷമിക്കാതെ.. ഞാൻ പൊയ്ക്കോളാം… ഉമയെ ആശ്വസിപ്പിച്ചു ആരവ് അകത്തേക്ക് കയറി.. മരുന്നുകളുടെ ലോകത്ത് മയക്കത്തിലാണ് നന്ദിനിക്കുട്ടി.. ഒരുദിവസം കൊണ്ട് അവളാകെ വാടി തളർന്നിരിക്കുന്നെന്ന് വേദനയോടെ ഓർത്തു… ” വിടർന്നു സൗരഭ്യം പൊഴിച്ചിരുന്ന താമരപ്പൂവ് ഇമകൾ ചിമ്മാതെ കൂമ്പിയടഞ്ഞിരിക്കുന്നു… അവൻ അവൾക്ക് അരികിലേക്കായി മുട്ടു കുത്തിയിരുന്നു… കാതുകൾക്ക് അരികിലേക്ക് ചുണ്ടുകൾ ചേർത്തു പ്രണയത്തോടെ വിളിച്ചു… “നന്ദിനീ….. കാതിലൂടെ ഒഴുകി ഇറങ്ങിയ പ്രണയസ്വരം നന്ദിനിക്കുട്ടിയുടെ അന്തരാത്മാവിലേക്ക് ഇറങ്ങി ചെന്നു..മെല്ലെ അവളുടെ ഇമകൾ ചലിച്ചു ശരീരമൊന്ന് അനങ്ങി… കണ്ണുകൾ ചിമ്മി തുറന്നു നോക്കി…തൊട്ടരുകിൽ ആരവിന്റെ മുഖം… ” പനി കുറഞ്ഞോ ആരവ്…. മരണത്തിലേക്ക് തിരികെ പോയി മടങ്ങി വന്നവളുടെ ആവലാതി നിറഞ്ഞ സ്വരം കാതിലേക്ക് ഇരച്ചു കയറി…
ആരവിനു പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.. കുതിച്ചു ചാടിയ മിഴിനീരിനെ പിടിച്ചു നിർത്താതെ അവളുടെ നെറ്റിയിലും കവിളിലും പ്രണയത്തോടെ ചുംബിച്ചു… “മാപ്പ് നന്ദിനിക്കുട്ടി.. അറിയാതെ എങ്കിലും വേദനിപ്പിച്ചതിനു… ” ആരവ് സോറിയൊന്നും പറയണ്ടാ…ഞാനല്ലേ അർഹിക്കാത്തത് ആഗ്രഹിച്ചത്…മോളും ആരവും സുഖമായി ഇരിക്കുന്നെന്നു കേട്ടാൽ മതി…ശല്യമായി ഞാനിനി വരില്ല… ഹൃദയത്തിൽ നിന്നും പെയ്തിറങ്ങിയ നോവിനെ നന്ദിനിക്കുട്ടി അടക്കി നിർത്താൻ ശ്രമിച്ചെങ്കിലും കഴിയാതെ മുഖം പൊത്തി ഉറക്കെ കരഞ്ഞു.. പ്രാണൻ വിട്ടകലുന്ന വേദനയോടെ… നന്ദിനിയിൽ നിന്നും ഉയർന്ന വാക്കുകൾ ആരവിന്റെ ഹൃദയത്തെ കീറി മുറിച്ചു.. കരയിലിട്ട മൽസ്യത്തെ പോലെ ഒന്നു പിടിച്ചു… “എനിക്ക് ശല്യമല്ല ഒരിക്കലും… എനിക്ക് വേണം നന്ദിനിയെ..നമ്മുടെ ആരതി മോൾക്ക് വേണം…. കൈകളാൽ വാരിയെടുത്തു ഉമ്മകളാൽ മൂടി നെഞ്ചിലക്ക് അണച്ചു പിടിച്ചു… അപ്പോഴേക്കും നന്ദിനിക്കുട്ടി അവനിലേക്ക് പൊട്ടിയൊഴുകി… അവരുടെ സ്നേഹം കണ്ടു അകത്തു നിന്നിരുന്ന മാലാഖയുടെ മിഴികളും നിറഞ്ഞിരുന്നു…. തുടർന്നു….

by