18/04/2026

ഈ മഴക്കാലത്ത് : ഭാഗം 08

രചന – നിവേദ്യ ഹരിഹരൻ

പാർവ്വതി പടിപ്പുര ഇറങ്ങിയപ്പോൾ പുറത്ത് അരുൺ… ആഹ്… അരുണേട്ടാ.. ന്താ ഇവ്ടെ..?? ” പാറൂനെ കൊണ്ടോവാൻ വന്നതാ.. കാണാതായപ്പോ ശ്രീദേവിയേടത്തി വിട്ടതാ.. പിന്നെ എനിയ്ക്കൊരു കാര്യോം പറയാൻ… അവൻ നിർത്തി. “ആണോ..? ഇന്ന് ഞാൻ വൈകി.. ജോലിണ്ടാരുന്നു കുറേ.. “ഇന്നെന്താ പാറൂട്ടി ടെ മുഖത്ത് ഇത്ര സന്തോഷം.. ചിരിച്ചോണ്ട് വരണത് ഞാൻ കണ്ടായിരുന്നു… ആകെ ഒരു ചുവപ്പ് മുഖത്ത്.. “എനിക്കോ…ഹേയ് അങ്ങനൊന്നൂല്യ അരുണേട്ടാ.. അതു പറയുമ്പോൾ അവളുടെ മനസ്സ് അവിടെങ്ങും അല്ലെന്ന് അരുണിന് തോന്നി… “എന്താടോ… പറ.. അവൻ വീണ്ടും ചോദിച്ചു “അത് അരുണേട്ടാ ജയ്സർന്റെ പാട്ടു കേട്ടപ്പോൾ… പാർവ്വതി പുഞ്ചിരിയോടെ പറഞ്ഞു. അരുണിന്റെ മുഖം മങ്ങി.. “ആൾ നന്നായിട്ട് പാടും അരുണേട്ടാ.. എനിക്ക് വേണ്ടിം പാടി തന്നു.. എന്ത് രസാന്ന് അറിയോ ആൾടെ ശബ്ദം.. കേട്ടിരുന്നു പോകും.. മനസ്സും അതു പോലാ.. വളരെ നല്ല ആളാ.. പാർവ്വതി മറ്റേതോ ലോകത്തെന്ന പോലെ സംസാരിച്ചു കൊണ്ടിരുന്നു.

അവൾടെ കണ്ണിലെ തിളക്കവും മുഖത്തെ ചുവപ്പും ജയ്കൃഷ്ണന് വേണ്ടിയുള്ളതാണെന്ന് അരുണിന് മനസ്സിലായി… അവന്റെയുളളിൽ കനലെരിഞ്ഞു.. “അരുണേട്ടനെന്താ പറയാനുള്ളെ…?? ” ഇല്ല…എന്തോ പറയാൻ ഓർത്തു.. ഇപ്പോ…മറന്നു !! “ശ്ശോ കഷ്ടായിപ്പോയി ഇനി ഓർക്കുമ്പോ പറയണേ… അരുൺ ഒന്നു മൂളുകമാത്രം ചെയ്തു. “എന്നാ പോകാം പാറൂട്ടി.. നീ കയറ്… പാർവ്വതി വണ്ടിയിൽ കയറി വീട്ടിലെത്തിയ അരുൺ റൂമിൽ കയറി വാതിലടച്ചു.. അവന് നെഞ്ചുപൊട്ടുന്നതു പോലെ തോന്നി.. ഇത്രയും നാൾ ഞാൻ ആരും അറിയാതെ കൊണ്ടു നടന്ന എന്റെ ഇഷ്ടം.. ഇന്നിപ്പോ അവൾടെ കണ്ണിൽ മറ്റൊരാൾ… അവളെ എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നു എന്നൊരു തോന്നൽ.. എന്റെ തെറ്റാണ് എല്ലാം.. അവളോട് നേരത്തേ പറയേണ്ടതായിരുന്നു.. അവന് സ്വയം വെറുപ്പു തോന്നി.. കട്ടിലിലിരുന്നു കൊണ്ട് ഇരു കൈകൾ കൊണ്ടും മുടിയിൽ പിടിച്ചു വലിച്ചു..

മനസ്സിന് ഭ്രാന്ത് പിടിക്കുന്ന പോലെ .. അവൻ പഴ്സിൽ നിന്നും അവളുടെ ഫോട്ടോയെടുത്തു നോക്കി പറഞ്ഞു.. “പാർവ്വതി .. നിനക്കെന്നെ ഒന്നു മനസ്സിലാക്കി കൂടാരുന്നോ.. എന്റെ ഹൃദയം നിനക്ക് വേണ്ടി മാത്രമാണ് മിടിക്കുന്നതെന്ന് ഒരു തവണ പോലും തിരിച്ചറിയാൻ പറ്റിയില്ലേ..?? എന്റെ ഉള്ളിലെ അഗ്നി ഒരിക്കൽ പോലും നീ കണ്ടില്ലേ പാറു….?? അവന്റെ കണ്ണുകൾ കവിഞ്ഞൊഴുകി… “മോളെ… നിന്നെയെനിക്ക് നഷ്ടപ്പെടാൻ വയ്യെടി.. ഹൃദയം പൊട്ടുന്ന വേദനയിൽ അവൻ പറഞ്ഞു… നീയെന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും എന്റെ മരണം വരെ എന്റെയുള്ളിൽ നീ മാത്രമായിരിക്കും.. നിന്റെ ഇഷ്ടത്തിനിടയിലേക്ക് ശല്യമായി ഒരിക്കലും ഞാൻ വരില്ല. നിന്റെ കൂടെ സു:ഖത്തിലും ദുഃഖത്തിലും ഇനിയും ഞാൻ ഉണ്ടാകും.. പക്ഷെ എന്റെ ഹൃദയത്തിന്റെ അവസാന മിടിപ്പു വരെ നിന്നെ മാത്രം ഞാൻ പ്രണയിക്കു.!! അവന്റെ ചുണ്ടിൽ വരണ്ടൊരു പുഞ്ചിരി തെളിഞ്ഞു… പിന്നീടുള്ള കുറച്ച് ദിവസത്തേക്ക് പാർവ്വതിയ്ക് ഇല്ലിക്കൽ പോകാൻ സാധിച്ചില്ല..

ശ്രീദേവിയ്ക്ക് തീരെ വയ്യാരുന്നു.. കടുത്ത പനിയും ബുദ്ധിമുട്ടുകളും.. വിവരം മാധവേട്ടൻ വഴി ഇല്ലിക്കൽ അറിയിച്ചു. പാർവ്വതി ലീവെടുത്ത മൂന്നാമത്തെ ദിവസം ജയ് വളരെ അസ്വസ്ഥനായിരുന്നു.. “എന്താ ഏട്ടാ വെരുകിനെ പോലെ നടക്കുന്നേ.. എന്തു പറ്റി?? ഹരി ചിരിയോടെ ചോദിച്ചു “ഒന്നൂല്യ.. നീ പോയെ.. “ഹാ..അങ്ങനെ പറയല്ലേ.. കാര്യം പറ എന്നാലല്ലേ നമുക്ക് അതിനൊരു പരിഹാരം കാണാൻ പറ്റു.. “അത്… അതെനിക്ക് അവളെ കാണാൻ തോന്നുന്നെടാ.. സഹിക്കാൻ പറ്റണില്ല. ജയ് ദയനീയമായി പറഞ്ഞു. ഹരി തലയ്ക് കൈ കൊടുത്ത് ആട്ടുകട്ടിലിൽ ഇരുന്നു.. ജയ് ഹരിയുടെ അടുത്ത് ചെന്നിരുന്ന് അവന്റെ കൈയ്യിൽ പിടിച്ചു.. “അതേടാ.. എനിക്ക് പറ്റണില്ല.. ഒന്നു കണ്ടാ മാത്രം മതി.. നെഞ്ച് പുകയണ്.. തല പെരുക്കണ്… എന്ത് ചെയ്യോടാ..?? ഹരി ഉറക്കെ ചിരിച്ചു..

“ഏട്ടനിപ്പോ ന്യൂറോസിസ് കഴിഞ്ഞ് സൈക്കോസിസിന്റെ ബോർഡർ എത്തീട്ടാ… ന്നു വച്ചാ നട്ടപ്രാന്ത് ആയി തുടങ്ങീന്ന്… ഇനി ചങ്ങല തന്നെ വേണ്ടി വരും. “നീ എന്ത് വേണേലും പറഞ്ഞോ ഹരി… ഇന്നവളെ കണ്ടില്ലെങ്കിൽ എനിക്ക് ശരിയ്ക്കും പ്രാന്ത് പിടിക്കോട്ടോ… നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിലാ ഞാനിപ്പോ.. ജയ് താടി തിരുമ്മികൊണ്ടും കാലുകൾ തുടർച്ചയായി അനക്കിക്കൊണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു … നീ എന്തെങ്കിലും വഴിയുണ്ടോന്ന് ആലോചിക്ക് ഹരി…. നിന്റെ കുരുട്ടു ബുദ്ധീല് എന്തെലും തെളിയാതിരിക്കില്ല.. “വഴിന്ന് വച്ചാ… പാർവ്വതിടെ വീട്ടിലേക്ക് പോണം അതന്നെ.. “വീട്ടിലേക്ക് പോകാനോ… ജയ് അതിശയത്തോടെ ഹരിയെ നോക്കി… “ആന്ന്… പർവ്വതിടെ അമ്മയെ ഒന്നു കണ്ടിട്ടു വരാന്നേ… കൂടെ ഏട്ടന്റെ പാറുകുട്ടിനേം… ഹരി കണ്ണിറുക്കി. “നമ്മൾ ചെല്ലുമ്പോൾ അവരെന്ത് വിചാരിക്കും…?? ” എന്ത് വിചാരിക്കാൻ..! എന്റേട്ടാ… സ്റ്റാഫിന്റെ വീട്ടിൽ പോകുന്ന ആദ്യ മുതലാളി ഒന്നുമല്ല ഏട്ടൻ.. നമുക്ക് പോവാന്നേ… ” മുതലാളി… ഒന്നു പോയേടാ.. “പാർവ്വതി എന്ന മുതലിന്റെ ഉടമ അതാ ഞാൻ ഉദ്ദേശിച്ചേ … ഹരി കുസ്യതിയോടെ പറഞ്ഞു…

ടാ… ടാ…… ടാ…. ഹരിയും ചിരിച്ചു. “ഏട്ടൻ പോയി റെഡിയാവ് നമുക്ക് പോവാന്നേ… ഞാനും ഡ്രസ്സ് ചെയ്ഞ്ച് ചെയ്തിട്ട് വരാം. രണ്ടു പേരും പാർവ്വതിയുടെ വീട്ടിലേക്ക് പോകാൻ റെഡിയായിറങ്ങി. ഹരിയാണ് ബുള്ളറ്റ് ഓടിച്ചത്.. രാമേട്ടൻ പറഞ്ഞ് ഏകദേശം അങ്ങോട്ടുളള വഴി ജയ് മനസ്സിലാക്കിയിരുന്നു.. കോലായിലിരുന്ന് നിലവിളക്ക് തുടച്ചു വയ്ക്കുകയായിരുന്നു പാർവ്വതി.. ബുള്ളറ്റിന്റെ ശബ്ദം കേട്ട് നോക്കുമ്പോൾ ജയ്കൃഷ്ണനും ഹരികൃഷ്ണനും..!! അവൾ ആകെ അങ്കലാപ്പിലായി.. “ഈശ്വരാ…. ഇവരിതെന്താ ഇങ്ങോട്ട്?? അവൾ സ്വയം ചോദിച്ചു. “അമ്മേ… ഒന്ന് ഇങ്ങ്ട് വരൂ.. ജയ്സാറും ഹരിസാറും വന്നേക്കുന്നു.. ശ്രീദേവി പുറത്തേക്ക് വന്നു.. പാർവ്വതി അവരെ സ്നേഹപൂർവ്വം വീട്ടിലേക്ക് ക്ഷണിച്ചു. ” വരൂ സർ… ഇരിയ്ക്കു. ജയ്‌യും ഹരിയും വീടിനകത്തേക്ക് കയറി… അവിടെ കിടന്നിരുന്ന കസേരകളിൽ ഇരുന്നു. ജയ് പാർവ്വതിയെ തന്നെ നോക്കുകയായിരുന്നു.. അതുകണ്ടിട്ടെന്നവണ്ണം ഹരി പറഞ്ഞു..

” ഏട്ടാ ഒരു മയത്തിലൊക്കെ നോക്ക് ട്ടാ… ഇല്ലേൽ ചിലപ്പോൾ ഇവിട്ന്ന് തല്ല് കൊണ്ട് പോകേണ്ടിവരും. ജയ് അവനെ തീഷ്ണമായി ഒന്നു നോക്കി. ” അമ്മേ ഇതാണ് ജയ് സാർ ഇത് ഹരി സാർ… ഞാൻ പറഞ്ഞിട്ടില്ലെ ഇല്ലിക്കലെ… “ആഹ്… പാറൂട്ടി പറഞ്ഞ് എല്ലാരേം അറിയാം. ശ്രീദേവിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. ഇരുവരും ശ്രീദേവിയോട് ചിരിച്ചു ഇരിക്കൂട്ടോ… ഞാൻ മാധവമാമയെ ഒന്നു വിളിക്കട്ടെ… പാർവ്വതി പുറത്തേക്കിറങ്ങി വേലിയ്ക്കടുത്ത് നിന്ന് മാധവനെയും സീതയെയും വിളിച്ചു.. “മാധവ മാമേ… സീതമ്മേ… ഒന്നിത്രടം വര്യോ… പാർവ്വതിയുടെ വിളികേട്ട് അവരിരുവരും അങ്ങോട്ട് ചെന്നു. മാധവൻ കോലായിലെ അരമതിലിൽ ഇരുന്നു. പാർവ്വതി അവർക്കും ഇരുവരെയും പരിചയപ്പെടുത്തി.. ” മാധവ മാമേ.. ഇത് ഇല്ലികലെ ജയ്കൃഷ്ണൻ സാർ.. അത് ഹരികൃഷ്ണൻ സർ.. ” ആഹ്… പാറൂട്ടി പറഞ്ഞ് ഞങ്ങൾക്ക് അറിയാട്ടോ നിങ്ങളെ.. ജയ്കൃഷ്ണൻ സാർ നന്നായി പാട്ടു പാടുംന്നൊക്കെ പാറൂട്ടി പറഞ്ഞിട്ടുണ്ട്.. ജയ്കൃഷ്ണൻ പാർവ്വതിയെ നോക്കി ചിരിച്ചു..അവളും.! ശേഷം പാർവ്വതി “ചായയെടുക്കാം എന്നു പറഞ്ഞ് അകത്തേക്ക് പോയി.

“എന്താ രണ്ടാളും ഇങ്ങ്ട്… മാധവനാണ് . “ഒന്നൂല്യ അങ്കിൾ… ഇവിടെ അടുത്ത് വരെ വരേണ്ടിയിരുന്നു.. അപ്പോ പാർവ്വതിടെ അമ്മയെ ഒന്നു കണ്ടിട്ടു പോകാന്നു വച്ചു. വയ്യാതിരിക്കേണെന്ന് രാമേട്ടൻ പറഞ്ഞു അതാ.. ജയ് ആണ് മറുപടി പറഞ്ഞത്… “ഒട്ടും വയ്യായിരുന്നു സാറേ.. ഞാൻ കിടന്ന കിടപ്പാരുന്നു പനി പിടിച്ച്. മോൾടെ പാടായിരുന്നു… ശ്രീദേവി പറഞ്ഞു. “അയ്യോ അമ്മ ഞങ്ങളെ സാർ എന്നൊന്നും വിളിക്കണ്ട.. പേര് വിളിച്ചാ മതി. ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.. “ഹരിയും അരുണും ഒന്നിച്ചല്ലേ പഠിച്ചേ.. പ്രൈമറി ക്ലാസിൽ..?? മാധവൻ ചോദിച്ചു.. “അരുൺ..?? 4th വരെ ഒരു അരുൺ ഉണ്ടായിരുന്നു. ആള് ഇപ്പോ കൃഷി ഓഫിസിൽ എന്തോ ആണ്. ആ അരുൺ ആണോ അങ്കിൾ..?? “അതെ. എന്റെ മകനാ.. ” ആണോ.. എന്നിട്ട് അരുൺ ഇവിടുണ്ടോ ?? “ഇല്ല ഓഫീസിന്നു എത്തീട്ടില്ല.. ” ആഹ്… ഓകെ.. ഞാൻ അന്വേഷിച്ചെന്നു പറഞ്ഞേക്കുട്ടോ. “പറയാം മോനെ… അപ്പോഴേക്കും പാർവ്വതി ചായയുമായെത്തി.. ചായ വാങ്ങിക്കൊണ്ട് ഹരി ജയ് യുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു..

“ദേ പെണ്ണുകാണൽ കഴിഞ്ഞുട്ടാ… “മിണ്ടാതിരിക്കെടാ.. ഹരി അവനെ വിലക്കി. “എന്താ രണ്ടാളും പറയണേ.. ചായ നന്നായില്ലേ..? സീത ചോദിച്ചു. “ചായ നല്ലതാ ആന്റി .. ഞങ്ങൾ വേറൊരു കാര്യം സംസാരിച്ചതാ.. “നന്നാവാതെ വരില്യ.. പാറൂട്ടിയ്ക്ക് നല്ല കൈപ്പുണ്യാ.. എന്തുണ്ടാക്കിയാലും നല്ല രുചിയാ.. അച്ചു എപ്പോഴും പറയും.. സീത ചിരിച്ചു കൊണ്ട് പറഞ്ഞു.. അച്ചു..?? ജയ് സംശയത്തോടെ ചോദിച്ചു… “അരുൺ… ഞങ്ങൾ ഇവ്ടെ അങ്ങന്യാ വിളിക്ക്യാ.. മാധവൻ തിരുത്തി… “ഓഹ്… ഓകെ.. “സാർ ന്റെ മുറിവെങ്ങന്ണ്ട് ഇപ്പോ..? പാർവ്വതി ചോദിച്ചു. “അതൊക്കെ മാറി പാർവ്വതി.. അതിന്റെ ചെറിയൊരു അവശേഷിപ്പേ ഇപ്പോ ഉള്ളു.. നെറ്റിയിലെ മുറിവിൽ തൊട്ടു കൊണ്ട് ജയ് പറഞ്ഞു… “മമ്… അമ്മയും ഗീതേടത്തിയും സുഖായിരിക്കുന്നോ..? “എല്ലാർക്കും സുഖം പാർവ്വതി.. ഹരിയാണ് മറുപടി പറഞ്ഞത്.

“സുഖമില്ലാത്ത ഒരാൾ മാത്രേ ഇപ്പോ ഇല്ലിക്കൽ ഉള്ളു.. ഒരു മാനസികരോഗി.. അവൻ അടക്കം പറഞ്ഞു ചിരിച്ചു.. ജയ് അവന്റെ കാലിൽ ചവിട്ടി… ചായ ഗ്ലാസ്സ് അരമതിലിലേക്ക് വച്ചു കൊണ്ട് ജയ് പറഞ്ഞു “ന്നാ ഞങ്ങൾ പോട്ടെ പാർവ്വതി. അമ്മയ്ക്ക് സുഖായിട്ട് താൻ വന്നാ മതി.. പൈസേടെ എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ രാമേട്ടനോട് പറയണം. ഞങ്ങൾ ഇറങ്ങട്ടെ.. “ശരി സർ.. ഇരുവരും പുറത്തേക്കിറങ്ങി.. വണ്ടി സ്റ്റാർട്ട് ചെയ്തു പോയി. ശ്രീദേവി അകത്തേക്കും മാധവനും സീതയും അവരുടെ വീട്ടിലേക്കും മടങ്ങി.. പാർവ്വതി അവർ പോകുന്നതും നോക്കി നിന്നു. കുറച്ചു ദൂരം പോയ ശേഷം ഹരി വണ്ടി നിർത്തി. “പാർവ്വതി ഒന്നിങ്ങോട്ട് വരോ…? ഹരി ബുള്ളറ്റിന്റെ മിററിലൂടെ അവളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. പാർവ്വതി അവർക്കടുത്തേക്ക് ചെന്നു.. “ന്താ സർ വിളിച്ചേ…?? പാർവ്വതി ന്തേലും മിസ്സ് ചെയ്യുന്നുണ്ടോ..?? മിസ്സ്..??? അവൾ ശങ്കിച്ചു നിന്നു. “ഏട്ടന്റെ പാട്ട്..! ഇതും പറഞ്ഞ് ചിരിച്ച്, ഒരു പാട്ട് ചെറുതായി മൂളിക്കൊണ്ട് ഹരി വണ്ടി സ്റ്റാർട്ട് ചെയ്തു ..

🎵 ക്യൂംകി തും ഹി ഹോ.. അബ് തും ഹി ഹോ .. സിന്ദ്ഗീ അബ് തും ഹി ഹോ .. ചേന് ഭീ … മേരാ ദർദ് ഭീ .. മേരി ആഷികീ … അബ് തും ഹി ഹോ… ജയ്കൃഷ്ണനും പാർവ്വതിയും പരസ്പരം നോക്കി പുഞ്ചിരിച്ചു. “Bye പാർവ്വതി… I miss you….!! പാർവ്വതിയുടെ കണ്ണുകളിലേക്ക് നോക്കി ജയ് പറഞ്ഞു. അവർ കാഴ്ചയിൽ നിന്നും മായുന്നതു വരെ അവൾ അവിടെത്തന്നെ തറഞ്ഞു നിന്നു. തുടരും …..