രചന – സുധീ മുട്ടം
കാടും മലയും പുഴയും കടന്ന് കാറോടി കൊണ്ടിരുന്നു..പുറത്തെ കാഴ്ചകളി ലായിരുന്നു നന്ദിനിക്കുട്ടി..നനവാർന്ന നോവുന്ന ഓർമ്മകൾക്ക് അവധി കൊടുത്ത് പ്രകൃതിയുടെ മനോഹാരിതയിൽ ലയിച്ചു ചേർന്നു.. വർഷങ്ങളേറെയായി ഇതുവരെ വന്നിട്ട്…അതിന്റെ മാറ്റങ്ങളും പ്രകൃതിക്കും സ്ഥലങ്ങൾക്കും ഉണ്ടായിരുന്നു.. “ഇനിയും ഒരുപാട് ദൂരമുണ്ടോ അച്ഛാ.. കതുകത്തോടെ ആയിരുന്നു ചോദ്യം.. “മോള് വന്നിട്ട് കുറെക്കാലം ആയല്ലോ..ഇനി ഒരു മണിക്കൂർ കൂടി യാത്ര… സമയം ഉച്ച ആകാറായി…വീട്ടിൽ വന്നു ഭക്ഷണം കഴിച്ചാൽ മതിയെന്നു ആനന്ദൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.. ഒരുമണിക്കൂർ കൂടി കഴിഞ്ഞു ഹെയർ പിൻ വളവുകളുളള മല കയറി തുടങ്ങി.. കാറ് കിതച്ചു കിതച്ചു ഓടി..ഒടുവിൽ വലിയൊരു വീടിന്റെ മുമ്പിൽ ചെന്നു നിന്നു.. സെക്യൂരിറ്റി യുടെ പെർമിഷൻ കിട്ടിയതോടെ ബാലൻ കാറ് അകത്തേക്ക് ഓടിച്ചു കയറ്റി…
കാറിന്റെ ശബ്ദം കേട്ടാണു ഒരു മദ്ധ്യവയസ്ക്കൻ വാതിൽ തുറന്ന് വന്നത്..ബാലനും ഉമയും നന്ദിനിക്കുട്ടിയും കാറിൽ നിന്നിറങ്ങി.. “എത്ര നാളായെടാ കണ്ടിട്ട്… ആത്മ സുഹൃത്തിനെ വളരെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷത്തിൽ കെട്ടിപ്പിടിച്ചു… ഉമയോടും സംസാരിച്ചിട്ട് അയാൾ നന്ദിനിക്കുട്ടിക്ക് അരികിലെത്തി…. അവളെ സസൂക്ഷമം നിരീക്ഷിച്ചു. ഇപ്പോഴും അവളിൽ ശാന്തമായൊരു കടലിരമ്പം തിരിച്ചറിഞ്ഞു… ” മോളേ അങ്കിളിനെ ഓർമ്മയുണ്ടോ… എന്തെങ്കിലും ചോദിക്കണമെന്ന് കരുതി വെറുതെയൊരു കുശലാൻവേഷണം നടത്തി.. അവളിലെ സങ്കടം സഹിക്കാൻ കഴിയുന്നില്ല… അത്രയേറെ വേദന മറക്കുന്നുണ്ട് പാവം.. “അതെന്താ അങ്കിളേ അങ്ങനെയൊരു ചോദ്യം ..കല്യാണത്തിനു വന്നിട്ട് അധികം നാളായില്ലല്ലോ .. പെട്ടെന്ന് തന്നെ നന്ദിനിയുടെ മുഖം വാടി…കല്യാണം എന്നു പറഞ്ഞതും ഉണ്ണിയുടെ മുഖം ഓർമ്മയിലെത്തി… പൊടുന്നനെ മുഖത്ത് തെളിഞ്ഞ വിഷാദച്ചുവ മാറ്റി…ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞു..
” തുളസി ആന്റി എവിടെ അങ്കിളേ… ആനന്ദന്റെ മുഖത്തെ സന്തോഷം പെട്ടെന്ന് മാഞ്ഞു പോയി…നന്ദിനിക്കുട്ടിയത് പ്രത്യേക പ്രത്യേകം ശ്രദ്ധിച്ചു… “എന്തുപറ്റി അങ്കിളേ… ” വാ പറയാം… അയാൾ അവരെയും കൂട്ടി അകത്തേക്ക് കയറി… വീട്ടിൽ വന്നാൽ അദ്യം ഓടി വരിക തുളസിയാണ്..വിടർന്നൊരു പുഞ്ചിരിയാകും സമ്മാനിക്കുക…ആ ചിരി കണ്ടാൽ മതി ടെൻഷൻ മറക്കും… നന്ദിനിക്കുട്ടിയിലെ ആശങ്ക ബാലനിലും ഉമയിലേക്കും വ്യാപിച്ചു… അറിയാതെ പോയ എന്തോ ഒന്ന്… അല്ലെങ്കിൽ അറിയാൻ ശ്രമിക്കാഞ്ഞത്.. “എന്താടാ എന്തു പറ്റി… ” ഒന്നൂല്ലെടാ ബാലാ… നിങ്ങൾ വാ… അയാൾ മുകളിലെ രണ്ടു മുറി അവർക്കായി തുറന്നു കൊടുത്തു… ഒന്ന് നന്ദിനിക്കും രണ്ടാമത്തേത് ബാലനും ഉമക്കും കൂടി.. “അങ്കിളേ…എനിക്ക് ആന്റിയെ ഒന്നു കാണാൻ പറ്റുമോ… ” പിന്നെന്താ വാ… ആനന്ദനും പിന്നാലെ അവരെല്ലാം താഴേക്ക് വന്നു…താഴത്തെ ചാരിയിട്ട ഒരു മുറിയുടെ കതക് പതിയെ തുറന്നു…പച്ചമരുന്നിന്റെ ഗന്ധം നിറഞ്ഞ മുറി…പരസ്പരം അമ്പരപ്പോടെ അവർ നോക്കി… “തുളസി ബെഡിൽ കിടക്കുന്നു…
” ഒരുമാസം ആയെടാ എന്റെ തുളസി തളർന്നു വീണിട്ട്…കാണിക്കാവുന്ന ഹോസ്പിറ്റലിൽ എല്ലാം കാണിച്ചു… ഇപ്പോൾ പച്ചമരുന്നിലാണു പ്രതീക്ഷ മുഴുവനും… അയാൾ സ്വയം മറന്ന് പൊട്ടിക്കരഞ്ഞു പോയി…. “എടാ തളരാതെ…തുളസിക്കൊന്നും സംഭവിക്കില്ല..എഴുന്നേറ്റു നടക്കും… ആത്മസുഹൃത്തിന്റെ കയ്യിൽ മുറുക്കി പിടിച്ചു… ” ആരേയും ഒന്നും അറിയിച്ചില്ലെടാ..നമ്മുടെ സങ്കടം നമ്മൾ അറിഞ്ഞാൽ മതിയെന്നു കരുതി… നനഞ്ഞൊഴുകിയ കണ്ണുനീർ വിരലാൽ തുടച്ചു കളഞ്ഞു… “ശ്വസിക്കുന്നത് മാത്രമാണ് ജീവനുണ്ടെന്ന് ഇപ്പോഴും ഓർമ്മിപ്പിക്കുന്നത്..ആരെയും തിരിച്ചറിയുന്നില്ല..ഒരേ കിടപ്പാ..ഞങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കരയാൻ കൂടി ഒരു കുഞ്ഞിനെ പോലും ഈശ്വരൻ തന്നട്ടില്ല… അയാളിലെ നോവ് വിങ്ങലായി നന്ദിനിയിലേക്ക് ഒഴുകി…അവളിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു.. സുഹൃത്തിനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് ബാലന് അറിയില്ലായിരുന്നു…
ഒരു സങ്കടം മാറ്റാനായി വന്നതാ അപ്പോൾ മറ്റൊരു തീരാനോവ് ഒഴിയാതെയായി.. “അതൊക്കെ വിട്…നന്ദിനിക്കുട്ടിക്ക് ഇവിടൊരു കുറവും ഉണ്ടാകില്ല… നാളെ തന്നെ വേണമെങ്കിൽ സ്കൂളിൽ ജോയിൻ ചെയ്യാം… ആനന്ദൻ പെട്ടന്ന് വിഷയം മാറ്റി… ” ശരി വാ… അയാൾ പുറത്തേക്കിറങ്ങി…കൂടെ ബാലനും ഉമയും… “മോളേ നന്ദിനിക്കുട്ടി… ഉമ തിരിഞ്ഞു നിന്നു വിളിച്ചു… ” അമ്മ പൊയ്ക്കോളൂ…ഞാൻ വരാം…. അമ്മക്ക് മറുപടി നൽകിയിട്ട് നന്ദിനി തുളസിക്ക് അരികിലേക്ക് നീങ്ങി… ഇമകൾ തുറന്നു നിശ്ചലയായി കിടക്കുന്നൊരു രൂപം…കണ്ണുകൾ ചലിക്കുന്നുണ്ടോന്ന് സംശയമാണ്…. തുളസിയെ നോക്കി നന്ദിനി അങ്ങനെ നിന്നു.. പോകപ്പോകെ കണ്ണുകൾ നിറഞ്ഞു വന്നു… ആന്റിയുടെ വേദനയോളം ഒന്നുമില്ലെന്ന് അവൾക്കാ നിമിഷം തോന്നിപ്പോയി..മറ്റെല്ലാം മറന്നു…ഒരു നിമിഷം കൊണ്ട് അവളൊരു മകൾ മാത്രമായി കഴിഞ്ഞു… തുളസിക്ക് അരികിലിരുന്നു പതിയെയാ മുടിയിഴകളിൽ തലോടി…നെറ്റിയിൽ കൈ വെച്ച ശേഷം മുഖമാകെ വിരലുകളോടിച്ചു…ഒരു തുള്ളി മിഴിനീരാ നെറ്റിയിലേക്ക് ഇറ്റുവീണു….
കുഞ്ഞും നാളിൽ വരുമ്പോഴൊക്കെ പിന്നാലെ ഓടാനേ ആന്റിക്ക് സമയമുള്ളൂ..അത്രയോളം കുസൃതിയായിരുന്നു താനെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…വളരും തോറും പതിയെ താനും മാറി.. നന്ദിനിക്കുട്ടി എഴുന്നേറ്റു മുറിയിടെ ജനലഴികൾ തുറന്നിട്ടു..തണുത്ത ഈർപ്പമുള്ള കാറ്റ് അകത്തേക്ക് ഇരച്ചു കയറി… കിഴക്ക് ഭാഗത്തെ സഹ്യസാനു വ്യക്തമായി കാണാം…കുറെയേറെ സമയം അങ്ങനെ നോക്കി നിന്ന ശേഷം ആന്റിക്ക് അരികിൽ വന്നിരുന്നു… “ആന്റിക്ക് മനസ്സിലായില്ലേ എന്നെ ഞാനാ നന്ദിനിക്കുട്ടി… ആന്റിയല്ലേ ആദ്യമായി എന്നെ നന്ദിനി എന്നു വിളിക്കാതെ നന്ദിനിക്കുട്ടി എന്നു വിളിച്ചത്…അതുകേട്ട് പിന്നെ എല്ലാവരും അങ്ങനെ വിളിച്ചു ശീലമായി… അവൾ ഓരോന്നും ഓർത്തു പറഞ്ഞു കരഞ്ഞു…പതിയെ അവരുടെ കിടക്കയിൽ അവരെ ചുറ്റി പിടിച്ചു കിടന്നു… ” ആന്റി എത്ര പ്രാവശ്യം എന്നെ ഇതുപോലെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ടെന്ന് അറിയോ … സങ്കടം വന്നു മൂടിയതും നോവോടെ തുളസിയുടെ കവിളിൽ ചുണ്ടുകൾ ചേർത്തു…
നന്ദിനിക്കുട്ടിയെ കാണാതെ ആനന്ദൻ അങ്ങോട്ടേക്ക് വന്നത്…തുളസിയെ പൊതിഞ്ഞ് പിടിച്ചു നന്ദിനിക്കുട്ടി കിടക്കുന്നത് കണ്ടു കണ്ണുകൾ നനഞ്ഞു.. “ചിലപ്പോൾ ഈശ്വരനാകും നന്ദിനിക്കുട്ടിയെ ഇങ്ങോട്ട് അയച്ചത്….അവളുടെ സങ്കടവും തുളസിയുടെ വിഷമവും മാറ്റാനായി… ഡോക്ടർ പറഞ്ഞത് അയാൾ ഓർത്തു… ” അമ്മയായി കരുതി ഒരാൾ പരിചരിച്ചാൽ തുളസി ചിലപ്പോൾ ജീവിതത്തിലേക്ക് തിരിച്ച് വന്നെന്നിരിക്കാം..പ്രാർത്ഥിക്കുക ബാക്കി ഈശ്വരന്റെ കയ്യിലാണ്…. തുടരും….

by