22/04/2026

വിവാഹമോചനം : അവസാന ഭാഗം

രചന – സുധീ മുട്ടം

ഒരുദിവസം രാവിലെ എല്ലാവരും ഒരുമിച്ച് ഇരുന്നു പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു…പെട്ടന്നാണ് നന്ദിനിക്കുട്ടിക്ക് ഓക്കാനം വന്നത്..ഓടിച്ചെന്നു വാഷ്ബേസനിലേക്ക് ചെറുതായി ഛർദ്ദിച്ചു…

അമ്പരന്നു പരസ്പരം നോക്കിയവരിൽ പതിയെ പുഞ്ചിരി തെളിഞ്ഞു..

“എന്റെ ഭഗവതി ഞങ്ങളുടെ പ്രാർത്ഥന ഒടുവിൽ കേട്ടൂലൊ…

ആദരവോടെ ഉമ ഭഗവതിയെ മനസ്സിൽ സ്മരിച്ചു…

ഉമയും തുളസിയും എഴുന്നേറ്റു നന്ദിനിക്കുട്ടിയുടെ അരികിലെത്തി… മുഖവും വായും കഴുകി തിരിഞ്ഞ അവളിൽ നാണം മൊട്ടിട്ടു…അമ്മമാർ രണ്ടുപേരും നന്ദിനിയെ ചുംബനങ്ങളാൽ പൊതിഞ്ഞു..

” എന്തുപറ്റി അച്ഛേ അമ്മക്ക്..

ആരതിമോൾ ആരവിനെ നോക്കി…വാത്സല്യത്തോടെ മകളുടെ നിറുകയിൽ തലോടിക്കൊണ്ടു പറഞ്ഞു..

“മോൾക്ക് കൂടെ കളിക്കാൻ ഒരു കുഞ്ഞാവ വരുന്നു…

” ഹായ്…

സന്തോഷത്തോടെ ഓടിച്ചെന്നു നന്ദിനിക്ക് അരികിലെത്തി കിതച്ചു നിന്നു…കൈകൾ കഴുകിയില്ലെന്നു മറന്നു അമ്മയെ കെട്ടിപ്പിടിച്ചു വയറ്റിൽ ഉമ്മവെച്ചു..

“അനിയൻ വാവക്ക് ഉമ്മ..

നന്ദിനിക്കുട്ടി മോളെ ചേർത്തു പിടിച്ചു…

” എന്റെ മോൾക്ക് സന്തോഷമായല്ലോ…

തലകുലുക്കി സന്തോഷം അറിയിച്ചു….

“നമുക്ക് ഇതൊന്നു ആഘോഷിക്കണം…

ബാലന്റെ വാക്കുകളെ ആനന്ദൻ സപ്പോർട്ട് ചെയ്തു…

എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ നുകർന്ന ശേഷം നന്ദിനിക്കുട്ടി മുറിയിലെത്തി..അവൻ അവളെ പ്രതീക്ഷിച്ചു വെയ്റ്റിങ്ങിൽ ആയിരുന്നു..

” കാത്തിരുന്നു മുഷിഞ്ഞോ…

“ഹേയ് ഇല്ലെടോ…

അവൾ അരികിൽ എത്തിയതും ആരവ് നന്ദിനിക്കുട്ടിയെ എടുത്തു ഉയർത്തി.. കൈകൾ കഴുത്തിലൂടെ ചുറ്റി സ്നേഹത്തോടെ അവന്റെ മൂക്കിൻ തുമ്പിൽ മുഖമുരസി..

” അച്ഛനും അങ്കിളിനും മോൾക്കും ഒരുപാട് സന്തോഷമായല്ലോ..

“അതേ ആരവ്…അവരുടെ ഒരുപാട് നാളത്തെ പ്രാർത്ഥനയുടെ ഫലമാണ്…

നന്ദിനിക്കുട്ടിയെ എടുത്തു കിടക്കയിലേക്ക് മെല്ലെ ചായിച്ചു കിടത്തി.. പതിയെ വയറിനെ പൊതിഞ്ഞ സാരി മാറ്റി അവിടെ ചുണ്ടുകൾ അമർത്തി…ആരവിന്റെ സാമീപ്യം സ്നേഹവും അവൾ ആവോളം നുകർന്നു….

” ഏത് വാവ വേണം ആരവ്..

കാതരമായി അവന്റെ ചെവിയിലേക്ക് ചുണ്ടുകൾ ചേർത്തുവെച്ചു….മെല്ലെ അവന്റെ അധരങ്ങൾ അവളുടെ കവിളിൽ അമർത്തി…

“ഏത് വാവ ആയാലും സാരമില്ല.. അമ്മയേയും കുഞ്ഞിനേയും യാതൊരു കുഴപ്പവുമില്ലാതെ കിട്ടിയാൽ മതി….

അമ്മുവിന്റെ ഓർമ്മയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു… നന്ദിനിക്ക് ആരവിന്റെ സങ്കടം മനസ്സിലായി..

” ഒന്നും പറ്റില്ല ആരവ്..നീ സങ്കടപ്പെടാതെ…

ആരവിന്റെ മുഖം മാറിലേക്ക് അമർത്തി കൈകളാൽ പൊതിഞ്ഞ് പിടിച്ചു ആശ്വസിപ്പിച്ചു…

അമ്മുവിനെ പോലെ നന്ദിനിക്കുട്ടിയേയും നഷ്ടമാകുമോന്നൊരു ഭയം ആരവിലുണ്ട്…അവൾക്കത് നന്നായി അറിയാം.. ഇത്രയും നാളും നന്ദിനിക്കുട്ടി ആരവിൽ നിന്നും ഗർഭം ധരിക്കാൻ മടിച്ചതും അവന്റെ മനസിലെ ഭയത്താലാണ്..എല്ലാവരുടെയും സങ്കടങ്ങൾ കാണുമ്പോൾ അവരുടെ മനസ്സ് സങ്കടപ്പെടും..ഒടുവിൽ അവൾ തന്നെ അവനെ സമാധാനിപ്പിച്ചു ധൈര്യം കൊടുത്തു…

“എപ്പോഴും ഈശ്വരൻ ഒരുപോലെ പരീക്ഷിക്കില്ല ആരവ്….

നന്ദിനിക്കുട്ടിയുടെ വാക്കുകൾ ആരവിനു ശരിക്കുമൊരു പുനർജ്ജീവനായിരുന്നു…തളരുമ്പോഴൊക്കെയും ധൈര്യം നൽകി കൈതാങ്ങായി കൂടെ നിന്നു…

” ഇങ്ങനെ കിടന്നാൽ മതിയോ ..ഹോസ്പിറ്റലിൽ പോകണ്ടേ…

അവന്റെ വാക്കുകൾ അവളെ ഓർമ്മയിൽ നിന്നും ഉണർത്തി…

“ഞാനൊന്ന് വേഗം റെഡിയാകാം ആരവ്..

” ഓക്കേ…

പത്തുമിനിറ്റിനു ശേഷം നന്ദിനിക്കുട്ടി ഒരുങ്ങി ഹാളിലേക്ക് വന്നു…

“മോളേ നന്ദനം ഹോസ്പിറ്റലിൽ പോയാൽ മതി…അവിടത്തെ ഗൈനക്കോളജിസ്റ്റ് അളകനന്ദ മിടുക്കിയാണ്.അങ്കിൾ വിളിച്ചു പറഞ്ഞിട്ടുണ്ട്.. മക്കൾ ചെന്നാൽ മതി…

” താങ്ക്സ് അങ്കിൾ….

അവർ യാത്ര പറഞ്ഞു ഇറങ്ങി…അച്ഛനും അമ്മക്കും ആരതികുട്ടി റ്റാറ്റ നൽകി….കാറിൽ ആരവിന്റെ തോളിൽ തല ചായിച്ചു ഇരുന്നു…

കുറച്ചു മാസങ്ങൾക്ക് ശേഷം…..

“അമ്മേ വേഗം ഒന്നിറങ്ങൂ….

പതിവിൽ കവിഞ്ഞ ധൃതി ഉണ്ടായിരുന്നു ഉണ്ണിയുടെ സ്വരത്തിൽ….

” വരുവാ മോനേ..

പൂജാമുറിയിൽ കയറി ഒന്നു കൂടി പ്രാർത്ഥിച്ചു.. രാവിലെ കത്തിച്ചുവെച്ച നിലവിളക്ക് അണയാതിരിക്കാനായി കുറച്ചു കൂടി എണ്ണ പകർന്ന ശേഷം തിരികെ ഇറങ്ങി…

ഉണ്ണി മുണ്ടും ഷർട്ടും ധരിച്ച് ലാളിത്യമായി ഒരുങ്ങി നിൽക്കുന്നത് കണ്ടു..പഴയതിനേക്കാൾ ഇന്നു മുഖത്ത് തെളിച്ചം കൂടുതലുണ്ട്..ഹിമയുമായുളള ബന്ധം നിയമപരമായി വേർപ്പെടുത്തിയതോടെ കുറയേറെ നഷ്ടങ്ങൾ കൂടി ഉണ്ടായി..പരിഹാരമായി ബാക്കി സ്ഥലങ്ങൾ കൂടി വിറ്റു കാശ് കൊടുത്തു… അമ്മയുടെ പേരിലായതിനാൽ മാത്രം തറവാടും വളരെ കുറച്ചു സ്ഥലവും ശേഷിച്ചു..

“ഇറങ്ങാം അമ്മേ…

ഉണ്ണി വീണ്ടും ധൃതി കൂട്ടി… അമ്മ വേഗം ചെന്നു കാറിൽ കയറിയതോടെ ഉണ്ണി വേഗം വണ്ടി മുന്നോട്ടെടുത്തു…

” അമ്മേ നന്ദിനിക്കുട്ടി വരുമോ ????

മനസ്സിലെ ആശങ്ക ഒരിക്കൽ കൂടി പുറത്തേക്കൊഴുകി..

“വരും മോനേ..അമ്മ വിളിച്ചാൽ നന്ദിനിമോൾക്ക് വരാതിരിക്കാൻ കഴിയില്ല…

അമ്മയുടെ വാക്കുകൾ ഉണ്ണിയിൽ സന്തോഷം വിരിയിച്ചു…പക്ഷേ അത് അധികം സമയത്തേക്ക് നീണ്ടു നിന്നില്ല…

” പക്ഷേ നന്ദിനിമോൾ മറ്റൊരു വിവാഹം കഴിച്ചിട്ടില്ലെങ്കിൽ തീർച്ചയായും വരും…

അമ്മയുടെ വാക്കുകൾ തീമഴയായി കാതിൽ പതിച്ചതോടെ കാൽ ശക്തമായി ബ്രേക്കിൽ അമർന്നു..ഒരു ഉലച്ചിലോടെ കാറ് നിന്നു…

ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു മനസ്സ് പതറി തുടങ്ങി…..

“”നന്ദിനിക്കുട്ടി വിവാഹം കഴിച്ചു കാണുമോ….????

മനസ്സ് വീണ്ടും വഴുതി തുടങ്ങി…

” ഇല്ല നന്ദിനിക്കുട്ടി മറ്റൊരു വിവാഹം ഒരിക്കലും കഴിക്കില്ല…തന്നെ അവൾക്ക് ജീവനാണ്…താൻ കഴുത്തിൽ കെട്ടിയ താലിയുമായാണ് അവൾ പോയത്….

അവനിൽ വീണ്ടും പ്രതീക്ഷകൾ പൂത്തു തളിർക്കാൻ തുടങ്ങി… എന്നാലും മനസ്സിലൊരു ആശങ്കയും നിറഞ്ഞിരുന്നു…

അമ്മ ഉണ്ണിയെ ഒന്നു നോക്കി…വാക്കുകൾ മകനെ വല്ലാതെ ഉലച്ചിരിക്കുന്നുണ്ടെന്നു മനസ്സിലായി….

മകനാണ്… നൊന്ത് പ്രസവിച്ച മകൻ…ഒരുപാട് ശപിച്ചിട്ടുണ്ട് മകനാണെന്നു മറന്നിട്ട്…അതിനു കാരണവും അവൻ തന്നെയാണ്.. ലക്ഷ്മി ദേവിയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടവനാണ്…നന്ദിനിക്കുട്ടി ഒരിക്കലും മരുമകൾ ആയിരുന്നില്ല മകൾ ആയിരുന്നു…

ആ അമ്മയുടെ മനസ്സ് വിങ്ങി തുടങ്ങി…

ഉണ്ണിയുടെ സങ്കടങ്ങൾ കാണാൻ വയ്യ..അതുകൊണ്ട് ആണ് മോളെ കൂട്ടാൻ ഒരിക്കൽ കൂടി മകനൊപ്പം ഇറങ്ങിയത്…അമ്മ കണ്ണുകൾ തുടച്ചു…

മനസ്സിൽ ധൈര്യം വീണ്ടെടുത്തു ഉണ്ണി കാറ് മുമ്പോട്ട് എടുത്തു… കുറച്ചു നാൾ മുമ്പ് നന്ദിനിക്കുട്ടിയുടെ വീട്ടിൽ പോയിരുന്നു.. അവിടെയെങ്ങും ആരെയും കാണാത്തതിനാൽ ബന്ധുവീട്ടിലൊക്കെ തിരക്കി അറിഞ്ഞു എവിടെയാണ് അവർ താമസിക്കുന്നതെന്ന്…നന്ദിനിക്കുട്ടി വിവാഹം കഴിഞ്ഞത് മാത്രം ഉണ്ണിയെ അറിയിച്ചില്ല.നാട്ടിൽ ആരും ഒന്നും അറിയരുതെന്ന് ബാലൻ സൂചിപ്പിച്ചിരുന്നു..ഉണ്ണി ഒന്നും അറിയാൻ പാടില്ലെന്ന് അയാൾ ആഗ്രഹിച്ചു…

“അവർ എവിടെയാ മോനേ അവർ താമസിക്കുന്നത്…

” ഇവിടെ നിന്നും കുറച്ചു ദൂരമുണ്ട്…

ഉണ്ണി പറഞ്ഞതോടെ അമ്മ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു… അവൻ കാറിനു കുറച്ചു കൂടി വേഗം വർദ്ധിപ്പിച്ചു.. എത്രയും വേഗം അങ്ങെത്തിയാൽ മതിയെന്ന് ആയിരുന്നു ചിന്ത മുഴുവനും…

സമയം കടന്നു പോയി… കാറ് ഓടിക്കൊണ്ടിരുന്നു…വൈകുന്നേരം നാലുമണിയോടെ കാറ് ആനന്ദന്റെ വീടിന്റെ ഗേറ്റിനു മുമ്പിൽ ഇരമ്പി നിന്നു…കുറെയേറെ സ്ഥലത്തൊക്കെ കാറ് നിർത്തി വിലാസം പറഞ്ഞു വഴി തിരക്കി അറിയേണ്ടി വന്നു…

കുറെ സമയം ഹോൺ മുഴക്കിയ ശേഷമാണ് സെക്യൂരിറ്റി ഗേറ്റിന്റെ ചെറിയ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയത്…

“ആരാ എന്തു വേണം…

അറുപത് കഴിഞ്ഞ മനുഷ്യന്റെ സ്വരത്തിലൊട്ടും മയം ഉണ്ടായിരുന്നില്ല..ഉണ്ണി കാറിൽ നിന്ന് പുറത്തേക്കിറങ്ങി….

” ഞങ്ങൾ കുറച്ചു ദൂരെ നിന്നു വരുവാ….ബാലൻ സാറിനെയൊന്ന് കാണണം…

ഭാര്യ ആയിരുന്നവളുടെ അച്ഛനെ സാറെന്ന് വിളിക്കേണ്ടി വന്നതിൽ ചെറിയൊരു കുറച്ചിൽ അവനു അനുഭവപ്പെട്ടു…ആഡംബരം നിറഞ്ഞ വീട്ടിൽ താമസിക്കുന്ന ആളെ അങ്ങനെ വിളിച്ചില്ലെങ്കിൽ സെക്യൂരിറ്റി ഗേറ്റ് തുറക്കില്ലെന്നു കരുതി.. കാരണം മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാകും സൗരഭ്യം…

“ഞാൻ സാറിനെയൊന്ന് വിളിച്ചു നോക്കട്ടെ..പെർമിഷൻ കിട്ടിയാൽ അകത്തേക്ക് കയറാം…

സെക്യൂരിറ്റി വീണ്ടും അകത്തേക്ക് കയറി.. ഉണ്ണിയുടെ മുഖം കുനിഞ്ഞു പോയി..ആദ്യത്തെ അനുഭവമാണ് മറ്റൊരാളുടെ അനുവാദത്തിനായി കാത്തു നിൽക്കുന്നത്…

ഫോൺ എടുത്ത് സെക്യൂരിറ്റി ആനന്ദനെ വിളിച്ചു…

” സാർ നന്ദിനി മാഡത്തിന്റെ നാട്ടിൽ നിന്ന് ഉണ്ണിയെന്നു പറയുന്ന ആൾ കാണാൻ വന്നിട്ടുണ്ട്…

” കാറ് അവിടെ വെളിയിലിട്ടിട്ട് കയറ്റി വിട്ടേക്ക്”

ഫോൺ കട്ടു ചെയ്തു ആനന്ദൻ ബാലനെ നോക്കി….അയാളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു… ഉണ്ണി തിരക്കി ചെന്നെന്ന് അറിഞ്ഞപ്പോഴെ ഇതുപോലെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചു..ഏത് സമയവും..

“കാറ് അങ്ങോട്ട് മാറ്റിയിട്..എന്നിട്ടു അകത്തേക്ക് ചെല്ലാൻ പറഞ്ഞു..

സെക്യൂരിറ്റി വീണ്ടും പുറത്തേക്കിറങ്ങി…ഉണ്ണിയുടെ മുഖം വല്ലാതായി മനസ്സ് അസ്വസ്ഥത നിറഞ്ഞു.. കിട്ടാനിരിക്കുന്ന സ്വീകരണം എങ്ങനെ ആകുമെന്നൊരു ശങ്കയുള്ളിൽ നിറഞ്ഞു..

കാറ് റോഡിനു ഇടതു വശത്തേക്ക് ഒതുക്കി നിർത്തി അകത്തേക്ക് കയറി…. വീടിന്റെ പ്രൗഢി കണ്ടു അമ്പരന്നു പോയി… ആഡംബരം നിറഞ്ഞ വലിയൊരു വീട്…അടുത്തിടെ ആനന്ദൻ വീട് കൂടുതൽ മോടി പിടിപ്പിച്ചിരുന്നു…

കുറച്ചു നടന്നിട്ടാണു വീടിനു മുന്നിലെത്തിയത്…ബെൽ അടിക്കേണ്ടി വന്നില്ല അതിനുമുമ്പേ ഐശ്വര്യമുള്ളൊരു മുഖം അവരെ അകത്തേക്ക് ക്ഷണിച്ചു.. തുളസി ആയിരുന്നത്…

ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു.. ആരവും നന്ദിനിക്കുട്ടിയും ഒഴികെ..

” അല്ല ആരാ ഇത്..ഉണ്ണിയോ വരണം വരണം…

ബാലൻ അവരെ സ്വീകരിച്ചു ഇരുത്തി….ഉണ്ണിയുടെ മുഖം കുനിഞ്ഞു പോയി…പക്ഷേ അമ്മക്ക് നല്ല സ്വീകരണം ആയിരുന്നു… ഉമയും ബാലനും ആനന്ദനും തുളസിയും ആദരവോടും സ്നേഹത്തോടെയുമാണ് അമ്മയോട് പെരുമാറിയത്..നന്ദിനിക്കുട്ടിയെ അവർക്ക് എത്രമാത്രം ഇഷ്ടം ആണെന്ന് എല്ലാവർക്കും അറിയാം….

“ഇരിക്ക് ഉണ്ണി…

ഇരിക്കാൻ മടിച്ചു നിന്നിരുന്ന ഉണ്ണിയെ നോക്കി ആനന്ദൻ പറഞ്ഞു.. അയാൾ പതിയെ അവർക്ക് മുമ്പിൽ ഇരുന്നു…ബാലൻ കൂട്ടുകാരനെയും ഭാര്യയേയും അവർക്ക് പരിചയപ്പെടുത്തി…

ഉണ്ണിയുടെ കണ്ണുകൾ നന്ദിനിക്കുട്ടിക്കായി ഓടി നടന്നു…അവളെയെങ്ങും കാണാതായതോടെ നിരാശ ഉടലെടുത്തു..

” ഇനി ഊണു കഴിച്ചിട്ടു മതി സംസാരം…

ഊണു വേണ്ടെന്നു പറഞ്ഞെങ്കിലും ഉമ സമ്മതിച്ചില്ല…എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു…ഉണ്ണിക്ക് വിശപ്പ് ഇല്ലെങ്കിലും ബോധിപ്പിക്കാനായി കഴിച്ചു…

ഊണു കഴിഞ്ഞു അവർ വീണ്ടും ഹാളിൽ ഒത്തുകൂടി…. നന്ദിനിയെ കാണാൻ കഴിയാതെ ഉണ്ണി അസ്വസ്ഥതനായി .മകന്റെ ആശങ്ക തിരിച്ചറിഞ്ഞതും അമ്മ ചോദിച്ചു…

“നന്ദിനിക്കുട്ടി എവിടെ… എന്റെ കുഞ്ഞിനെ കണ്ണു നിറച്ച് ഒന്നു കാണണം..

പറയുമ്പോൾ അവരുടെ മിഴികൾ സ്നേഹത്താൽ നിറഞ്ഞു തുളുമ്പി….

” മോളേ…

അകത്തേക്ക് നോക്കി ബാലൻ വിളിച്ചു… ഒരുമിനിറ്റു കഴിഞ്ഞു കാണും അകത്തു നിന്നും സാധാരണ വേഷത്തിലൊരു ദേവത ഇറങ്ങി വന്നു…

“നന്ദിനിക്കുട്ടി…

ഉണ്ണിയുടെ ചുണ്ടുകൾ വിറച്ചു… കാഴ്ച കണ്ണുനീരാൽ മറഞ്ഞു….

നന്ദിനിക്കുട്ടിയുടെ കഴുത്തിൽ മാലയൂടെ അറ്റത്തൊരു താലി കിടക്കുന്നത് കണ്ടു… സീമന്ത രേഖയിൽ ചുവപ്പ് നിറം…

” നന്ദിനിക്കുട്ടി ഇപ്പോഴും തനിക്കായി ജീവിക്കുന്നു.. തന്റെ താലിയും ധരിച്ചു…കുറ്റബോധത്താൽ പിന്നെയും അവൻ നീറി…

ഉണ്ണിയുടേയും നന്ദിനിക്കുട്ടിയുടേയും മിഴികൾ ഒരുനിമിഷം ഇടഞ്ഞു…അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു… അതിന്റെ അർത്ഥം എന്തെന്ന് അവനു മനസ്സിലായില്ല…

അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് നിന്നും താഴേക്ക് ഇറങ്ങി…ഒരുനിമിഷം ഒന്നു നടുങ്ങിപ്പോയി…

ചെറുതായി വീർത്ത നന്ദിനിക്കുട്ടിയുടെ വയറ് പുറത്തേക്കുന്തി തുടങ്ങിയിരുന്നു…

“മോനെവിടെ….

അമ്മയുടെ ചോദ്യം വീണ്ടും ഉണ്ണിയെ നടുക്കി കളഞ്ഞു… അകത്തു നിന്നും സുമുഖനായൊരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു പുഞ്ചിരിയോടെ നന്ദിനിക്കുട്ടിക്ക് ഒപ്പം നിന്നു.. കൂടെ ആരതിക്കുട്ടിയും അവർക്കൊപ്പം ചേർന്നതോടെ അവനിലെ നടുക്കം പൂർണ്ണമായി…

തളർച്ചയോടെ ഉണ്ണി അമ്മയെ നോക്കി….അവിടെ പുഞ്ചിരി ആയിരുന്നു…

അപ്പോൾ മാത്രമാണ് നടുക്കുന്ന സത്യം അവൻ തിരിച്ചറിഞ്ഞത്…

” താൻ മാത്രമാണ് ഒന്നും അറിയാതെ പോയത്…അമ്മക്ക് എല്ലാം അറിയാമായിരുന്നു.. എന്നിട്ട് തന്നെക്കൊണ്ടു വിഡ്ഡിവേഷം കെട്ടിച്ചു….

അപമാന ഭാരത്താൽ ഉണ്ണി തല കുനിച്ചു….

നന്ദിനിക്കുട്ടി പുഞ്ചിരിയോടെ നിന്നതേയുള്ളൂ…ഉണ്ണിയുടെ അവസ്ഥയിലൊട്ടും വേദന തോന്നിയില്ല..അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവരവർ അനുഭവിച്ചേ മതിയാകൂ…

“മോളേ…

ഉണ്ണിയുടെ അമ്മ എഴുന്നേറ്റു നന്ദിനിക്കുട്ടിയുടെ അരികിലേക്ക് ചെന്നു.. അവളുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകി കവിളിൽ അരുമയായി ചുംബിച്ചു..

” അമ്മക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന വിഷമം ഇപ്പോൾ മാറിക്കിട്ടി..

നന്ദിനിക്കുട്ടി അതീവ സ്നേഹത്തോടെ അമ്മയെ പുണർന്നു… അമ്മായിയമ്മ ആയിരുന്നില്ല അവർ അവൾക്ക് അമ്മയായിരുന്നു..എല്ലാവർക്കും അതറിയാം….

“സാരമില്ല എനിക്ക് അമ്മയുടെ ആശീർവാദം എപ്പോഴും ഉണ്ടായിരുന്നാൽ മതി….

” എപ്പോഴും കൂടെയുണ്ട് മോളേ….

അവളുടെ നിറുകയിൽ കൈ വെച്ചു ആശീർവദിക്കുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

“വില പിടിച്ച മാണിക്യവും കരിക്കട്ടയും തിരിച്ചറിയാൻ കഴിയാത്ത മകന് ഇപ്പോൾ നഷ്ടങ്ങളുടെ മ്യൂല്യം മനസ്സിലാകുന്നുണ്ട്….

നന്ദിനിക്കുട്ടിയും അമ്മയും ഫോൺ വഴി അടുപ്പമുണ്ട്..ഇടക്കിടെ വിളിക്കുമ്പോൾ പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കും..അമ്മയെ കാണാനായി വരാൻ തുനിഞ്ഞപ്പോഴും അവരാണ് തടഞ്ഞത്..നഷ്ടങ്ങളുടെ വില എന്തെന്ന് മകൻ നേരിട്ടു മനസിലാക്കണമെന്ന് ആ മാതൃഹൃദയം ആഗ്രഹിച്ചു..അതാണ് എല്ലാം അറിയാമായിരുന്നിട്ടും ഒന്നും അറിയാത്ത പോലെ നടിച്ചു കൂടെ കൊണ്ടു വന്നത്…

അമ്മ ആരതിക്കുട്ടിയെ ചേർത്തു പിടിച്ചു ആരവിനെ നോക്കി…

” മോനു നല്ലതേ വരൂ…അർഹിക്കുന്ന കൈകളിൽ തന്നെയാണ് എന്റെ മോൾ വന്നു ചേർന്നിരിക്കുന്നത്…

ആരവിനേയും നന്ദിനിക്കുട്ടിയേയും മോളേയും ഒരിക്കൽ കൂടി ചേർത്തു പിടിച്ച ശേഷം അമ്മ ഉണ്ണിക്ക് അരികിലെത്തി… അവനപ്പോഴും തല കുമ്പിട്ടിരുന്നു…

“മോനേ….

ഉണ്ണി തലയുയർത്തി.. മിഴിനീർ ചാലിട്ടൊഴുകി ഇറങ്ങുന്നത് കണ്ടു…

” ദേഷ്യമൊന്നും തോന്നണ്ടാ….നഷ്ടങ്ങളുടെ മ്യൂല്യം തിരിച്ചറിയണമെന്ന് മാത്രമേ അമ്മ ആഗ്രഹിച്ചുള്ളൂ…

“സാരമില്ല അമ്മേ…തെറ്റു പറ്റിയത് എനിക്കാണ്…അതാണ് അനുഭവിക്കുന്ന തും…

പറയുമ്പോൾ നെഞ്ചിടറി പോയിരുന്നു….അത്രയേറെ പശ്ചാത്താപിക്കുന്നവനെ ഇനിയും വേദനിപ്പിക്കാൻ നന്ദിനിക്കുട്ടി ആഗ്രഹിച്ചില്ല…

ആരവിനേയും മോളേയും ചേർത്തു പിടിച്ചു അവൾ ഉണ്ണിക്ക് അരികിലെത്തി…

” ഉണ്ണിയേട്ടാ…

നന്ദിനിക്കുട്ടി ആർദ്രമായി വിളിച്ചു… മിഴിനീരു കാഴ്ചയെ മറച്ചിട്ടും അവൻ ആ ദേവതയെ നോക്കി…

“എനിക്ക് ഉണ്ണിയേട്ടനോട് മുമ്പ് വിരോധം തോന്നിയിരുന്നു..ഇപ്പോൾ അതില്ല..ഇത്രയേറെ തകർന്നിരിക്കുന്ന ഒരാളെ വേദനിപ്പിച്ചാൽ ഞാനൊരു മനുഷ്യ സ്ത്രീ അല്ലാതാകും…തെറ്റുകൾ തിരിച്ചറിഞ്ഞല്ലോ എനിക്കതു മതി….

ഉണ്ണിക്ക് ഒരു മറുപടിയും ഇല്ലായിരുന്നു….

” ഒരു കാര്യത്തിൽ എനിക്ക് നന്ദി മാത്രമേയുള്ളൂ ഉണ്ണിയേട്ടനോട്…എന്നെ ജീവിക്കാൻ പഠിപ്പിച്ചു തന്നതിനു..ഇപ്പോഴും ഉണ്ണിയേട്ടൻ കെട്ടിയ താലി പൂജാമുറിയിൽ വെച്ചിട്ടുണ്ട്.. ദിവസവും അതിനു മുമ്പിൽ നന്ദിയോട് നോക്കും..എനിക്ക് ആരവിനെ കിട്ടാനൊരു സാഹചര്യം ഒരുക്കി തന്നതിനു….

ഒരുനിമിഷം നിർത്തിയിട്ട് അവൾ തുടർന്നു….

“എന്നെ അറിഞ്ഞു സ്വീകരിച്ച മനുഷ്യനാണ്…ഞാൻ പോലും അറിയാതെ ഇദ്ദേഹം എന്നെ മാറ്റിയെടുത്തു..തെറ്റുകൾ തിരുത്തി തന്നു..ശരിയെ അഭിനന്ദിച്ചു..ഞാൻ ഞാനായിരിക്കണമെന്ന് ആരവിനു എപ്പോഴും നിർബന്ധമായിരുന്നു…അതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും….

സ്വരമിടറിയതോടെ ആരവിന്റെ തോളിലേക്ക് തല ചായിച്ചു… സ്നേഹത്തോടെ അയാൾ പ്രിയതമയെ ചേർത്തു പിടിച്ചു… അവൾക്കൊരു സാന്ത്വനമായി…

കുറച്ചു സമയം കടന്നു പോയി… ഉണ്ണി പതിയെ എഴുന്നേറ്റു ആരവിനെ നോക്കി ചെറിയ പുഞ്ചിരിയോടെ കൈകൾ നീട്ടി… ആരവത് സ്വീകരിക്കുകയും ചെയ്തു…

” നന്ദിനിക്കുട്ടിക്ക് അനുയോജ്യൻ എല്ലാം കൊണ്ടും ആരവ് തന്നെയാണ്… അതാണ് കണ്ടുമുട്ടാൻ സാഹചര്യം ഇല്ലാതിരുന്നിട്ടും ഈശ്വരൻ ആ കൈകളിൽ തന്നെ ഏൽപ്പിച്ചത്…

ആരവൊന്നു പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ…

“ഞാൻ പുറത്ത് കാണും അമ്മേ…

ആരേയൂം ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടിൽ ഉണ്ണി പുറത്തേക്കിറങ്ങി…പലവിധ ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നു പോയി…

കുറച്ചു സമയം കൂടി ഇരുന്നിട്ട് അമ്മയും യാത്ര പറഞ്ഞു ഇറങ്ങി…

” ഞങ്ങൾ ഒരിക്കൽ അങ്ങോട്ട് വരാം അമ്മേ”

“എന്റെ മക്കൾക്ക് എപ്പോൾ വേണമെങ്കിലും വരാം….

അമ്മയെ കാറിനടുത്ത് വരെ ചെന്നു യാത്രയാക്കി…ഉണ്ണി കാറിൽ ആയിരുന്നു. ആരവും നന്ദിനിക്കുട്ടിയും പുഞ്ചിരിയോടെ കൈകൾ വീശി….കാറ് മെല്ലെ അവരിൽ നിന്നും അകന്നു പോയി…

ഉണ്ണിയൂം അമ്മയും പോയശേഷം നന്ദിനിക്കുട്ടി ആരവിനൊപ്പം കൂടി.. കൂടെ മോളും ഉണ്ടായിരുന്നു.. ഒപ്പം ജനിക്കാനിരിക്കുന്ന കുഞ്ഞാവയെ കുറിച്ച് ആരതിക്കുട്ടി വാ തോരാതെ സംസാരിച്ചു…

💜💜💜💜💜💜💜💜💜💜💜💜💜💜💜

ഒരുമാസത്തിനു ശേഷം മഴ പെയ്യൂന്ന ഞായറാഴ്ച പൂമുഖത്ത് പത്രം വായിച്ചു ഇരിക്കുകയാണു ഉണ്ണി…അവിചാരിതമായി അകത്തെ ആക്സിഡന്റ് പേജിൽ കണ്ണുകളുടക്കി…

” ആക്സിഡന്റിൽ രണ്ടു പേർ കൊല്ലപ്പെട്ടു….

“ഹിമയും അവളുടെ കാമുകനും..

കുറച്ചു സമയം അതിലേക്ക് തന്നെ ഉണ്ണി നോക്കിയിരുന്നു…പതിയെ അവന്റെ ചുണ്ടുലൊരു പുഞ്ചിരി തെളിഞ്ഞു….

” തെറ്റ് ചെയ്താൽ ആരൊക്കെ വെറുതെ വിട്ടാലും ഈശ്വരൻ വെറുതെ വിടില്ല…

തന്റെ അനുഭവം കൂടിയാണ് ഉണ്ണി ഓർത്തത്…

(അവസാനിച്ചു)