രചന – സുധീ മുട്ടം
എത്രയൊക്കെ അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും ഉള്ളിലൊരു പിടച്ചിൽ ഉണർന്നു… വലതു കാൽ ചവുട്ടി കയറിയ വീട്..അമ്മയോളം സ്നേഹമുളള അമ്മായിയമ്മ. ജീവനോളം സ്നേഹിച്ച ഭർത്താവ്…എല്ലാം ഒരു നീർക്കുമുളകളായി മാറുന്നത് അറിഞ്ഞു.. കണ്ണിലൂടെ ഒലിച്ചിറങ്ങുന്നത് രക്ത തുള്ളികളാണ്..അത്രയേറെ വേദന നെഞ്ചിലുണ്ട്..അതിന്റെ തിളച്ചു മറിയലിന്റെ നോവ് തന്റെ ഉള്ളിൽ മാത്രമാണ്… വീട്ടിലേക്ക് കയറി ചെല്ലുന്ന നിമിഷം ആലോചിച്ചതും കടന്നൽ കൂടിളകി കുത്തേറ്റത് പോലെ പിടഞ്ഞു പോയി.. വാത്സല്യ നിധിയായ അച്ഛൻ,സ്നേഹത്തിന്റെ നിറകുടമായ അമ്മ,മറ്റ് ബന്ധുക്കൾ … പരിചിതമായ ഓരോരോ മുഖങ്ങളും മനസ്സിലൂടെ കടന്നു പോയി… “നന്ദിനിക്കുട്ടിയുടെ സൗഭാഗ്യമാണ് ഉണ്ണിയേ പോലൊരു ചെറുക്കൻ” അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും പറയുന്നത് അഭിമാനത്തോടെ കേട്ടിരുന്നത്.ഇന്നത് വെറുമൊരു പുകപടലമായി മാറിയിരിക്കുന്നു…
പെൺകുട്ടി ജനിച്ച വീടിന്റെ അതിഥികളാണ്..മറ്റ് വീടുകളിൽ ചെന്നു കയറുമ്പോൾ ഒട്ടും കുറയാതെ സ്ത്രീധനമെന്ന ഓമനപ്പേരിൽ സ്വർണ്ണവും പണവും നൽകി മകളെ ഓരോ മാതാപിതാക്കളും അയക്കുന്നത് ഒന്നിന്റെ കുറവും വരാതെ മകൾ സന്തോഷമായി കഴിയണമെന്ന അവരുടെ മോഹത്താലാണു എടുത്താൽ പൊങ്ങാത്ത ഭാരം പലപ്പോഴും ചുമക്കാൻ നിർബന്ധിതരാകുന്നത്… വിവാഹം കഴിപ്പിച്ച് വിട്ട പെണ്ണ് വീട്ടിൽ വന്ന് രണ്ടു ദിവസം നിന്നു കഴിഞ്ഞാൽ നാട്ടുകാർ പല കാരണങ്ങളും തേടുകയാണു പതിവ്…. ബസ് കയറി വിൻഡോ സീറ്റിനു അരികിലിരുന്നു.. വെളിയിൽ നിന്നുള്ള കാറ്റേറ്റ് നന്ദിനിക്കുട്ടിയുടെ മുടിയിഴകളിൽ പാറി നടന്നു… “ഒരുപാട് പ്രതീക്ഷകളുമായി അച്ഛനും അമ്മയും വിവാഹം കഴിപ്പിച്ച് അയച്ചതാണ്…വീട്ടിൽ ചെന്ന് കയറുമ്പോൾ എങ്ങനെ ആയിരിക്കും പ്രതികരണം… നന്ദിനിക്കുട്ടിയെ ചിന്തകൾ വല്ലാതെ അലട്ടി തുടങ്ങിയതും നെഞ്ചിലൊരു നോവുണർന്നു പെയ്ത് തുടങ്ങി…
” വയ്യ അച്ഛന്റെ, അമ്മയുടെ കണ്ണു നിറയുന്നത് കാണാൻ.. സഹിക്കാൻ കഴിയുന്നില്ല…. ഓരോന്നും ഓർക്കുന്തോറും മനസ്സ് കൂടുതൽ വിങ്ങിപ്പൊട്ടി… അരികിലിരുന്നു സാന്ത്വനിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നൊരു നിമിഷം കൊതിച്ചു പോയി… ഒരുപാട് സ്നേഹമുളള ഉണ്ണ്യേട്ടന്റെ മാറ്റം സഹിക്കാൻ കഴിയുന്നില്ല… അത്രയേറെ സ്നേഹിച്ചു പോയി…അതായിരിക്കാം ഒരു പിൻ വിളിക്കായി മനസ്സ് കൊതിച്ചതും… “നീ ആർക്കായും മാറേണ്ടാ നന്ദിനിക്കുട്ടിയേ നീ നീയായി ഇരുക്കുന്നത് കാണാനാടീ എനിക്ക് ഇഷ്ടം…. ഉണ്ണ്യേട്ടനിൽ നിന്നും വെറുതെയെങ്കിലും കേൾക്കാനായി കൊതിച്ചു പോയി… ചിന്തകൾക്ക് വിരാമം കുറിച്ച് മൊബൈൽ ചിലച്ചതും നടുങ്ങിപ്പോയി… ” അച്ഛൻ കോളിങ്ങ്… നെഞ്ചൊന്നാളി വെന്തുരുകി…. “എന്ത് പറയും…അറിയില്ല… ഉത്തരങ്ങളില്ലാത്ത മനസ്സ് പിന്നെയും വെന്തുരുകി….ആദ്യത്തെ കോൾ കട്ടായതും ബെൽ പിന്നെയും മുഴങ്ങി…ഒടുവിൽ എന്തും വരട്ടേയെന്നു കരുതി കോളെടുത്തു..
” അച്ഛാ… മുള ചീന്തും പോലെയൊരു പൊട്ടിക്കരച്ചിൽ ഉയർന്നു…ബസിലാണെന്ന് പോലും മറന്നു പോയി… “എന്തിനാടാ അച്ഛന്റെ രാജകുമാരി കരയുന്നത്… അച്ഛന്റെ സാന്ത്വന സ്പർശം വാക്കുകളായി ചെവിയിൽ മുഴങ്ങി… ” അച്ഛാ ഞാൻ… വാക്കുകൾ ഇടറി വീണു.. “ഉണ്ണീടെ അമ്മ വിളിച്ചിരുന്നു… അത്രയുമേ കേട്ടുള്ളൂ…ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു…അച്ഛനും അമ്മയും എല്ലാം അറിഞ്ഞിരിക്കുന്നു..എങ്ങനെ സഹിക്കും ആ പാവങ്ങൾ…നെഞ്ഞ് പിന്നെയും പിഞ്ഞിക്കീറി.. ” അച്ഛന്റെ രാജകുമാരി കരയാതെടാ…നീ നീയായി തന്നെ ഇരിക്കുന്നതാ മോളെ ഞങ്ങൾക്ക് ഇഷ്ടം… അത്രയും കേട്ടാൽ മതിയായിരുന്നു നന്ദിനിക്കുട്ടിക്ക്…ഫീനിക്സ് പക്ഷിയായി പറന്നു ഉയരാൻ…. “ഇങ്ങോട്ട് പോരെടീ മോളേ…നിന്നെ ചേർത്തു പിടിക്കാൻ അച്ഛനുണ്ട്..അമ്മയുണ്ട്… മതി ഇത്രയും കേട്ടാൽ മതി….അനുഭവിച്ചതെല്ലാം മറക്കാൻ… ” കണ്ണു തുടച്ചിട്ട് ചിരിക്കെടീ… അച്ഛന്റെ സ്വരം പിന്നെയും കാതിൽ മുഴങ്ങി…
അറിയാതെ കൈകൾ നീണ്ടു വന്നു മിഴികൾ തുടച്ചു…ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു… “അച്ഛന്റെ രാജകുമാരി കരയാണ്ട് വേഗം വാ…അമ്മ മോൾക്ക് ഇഷ്ടമുള്ളതൊക്കെ വെച്ചുണ്ടാക്കുന്നുണ്ട്.. ” വരുവാ അച്ഛാ ഞാൻ ” സന്തോഷത്തോടെ ഫോൺ കട്ടു ചെയ്തു… മനസ്സിനൊരു അയവ് വന്നിരിക്കുന്നത് നന്ദിനിക്കുട്ടി അറിഞ്ഞു… സങ്കടങ്ങൾ മനസിലാക്കി ചേർത്തു പിടിക്കേണ്ട കരങ്ങൾ കൂടെയുളളപ്പോൾ കരയേണ്ടെന്ന് തീരുമാനിച്ചു ഉറപ്പിച്ചു… ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പരിചിയമുളള പല മുഖങ്ങൾക്കും ഒരു പുഞ്ചിരി സമ്മാനിച്ചു… “നന്ദിനിക്കുട്ടിയേ സുഖമാണോടീ…ഉണ്ണി എവിടെ? പലരും വിശേഷങ്ങൾ തിരക്കിയതോടെ നെഞ്ഞ് പിന്നെയും പിഞ്ഞിക്കീറി തുടങ്ങിയിരുന്നു… എങ്കിലും അച്ഛൻ നൽകിയ ഉറപ്പിന്മേൽ മറുപടിയായൊരു പുഞ്ചിരി സമ്മാനിച്ചു… നടന്നു വരുമ്പോൾ അകലെ നിന്നേ കണ്ടു വഴിക്കണ്ണുമായി കാത്തിരിക്കുന്ന അച്ഛനെ..ഒരോട്ടമായിരുന്നു അച്ഛന്റെ നെഞ്ചിലക്ക് വീണു ഒന്നു പൊട്ടി ഒഴുകുവാൻ…
” ഉമക്കുട്ടിയേ നമ്മുടെ രാജകുമാരി എത്തിയെടീ… അകത്തേക്ക് നോക്കി അച്ഛൻ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു…ഓടി വന്നു വിങ്ങിപ്പൊട്ടി അച്ഛനിലേക്ക് വീഴുകയായിരുന്നു… “കരച്ചിൽ വരുമ്പോൾ കരഞ്ഞു തീർക്കണം..മനസ്സിനൊരു ആശ്വാസമാ അത്… അച്ഛനിലേക്ക് ചുടുനീർ ഒഴുകി ഇറക്കുമ്പോൾ പറയുന്നത് കേട്ടു… ” അച്ഛാ…” മിഴിനീരുമായി മുഖമുയർത്തി… “കരഞ്ഞു കഴിഞ്ഞില്ലേ…മിഴികൾ തുടച്ചേക്ക്” പുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു… “നമ്മളെ വേണ്ടുന്നവർ ഈ ലോകത്തുണ്ട്..അവർക്കായി ജീവിക്കാം..നിന്നെ വേണ്ടെന്നു വെച്ചവർക്ക് നിന്നെ ഒരിക്കൽ മനസ്സിലാകും മോളെ…” അപ്പോഴും അച്ഛനിലെ ചിരി മാഞ്ഞിരുന്നില്ല.. “ചെന്ന് എല്ലാം മുറിയിൽ കൊണ്ടു വെച്ചിട്ട് ഫ്രഷായി വാ…അമ്മ നിനക്ക് ഇഷ്ടമുളളതെല്ലാം വെച്ച് ഉണ്ടാക്കുന്നുണ്ട്…
നന്ദിനിക്കുട്ടി മുറിയിലേക്ക് പോയി..ബാഗ് ഭദ്രമായി വെച്ചിട്ട് കുളിക്കാനായി കയറി.. ” എവിടെ ബാലേട്ടാ മോൾ… ഭർത്താവിനു അരികിലേക്ക് ഉമ എത്തി… “മുകളിലേയ്ക്ക് പോയിട്ടുണ്ട്…അവൾക്ക് സങ്കടം ഉണ്ടാക്കുന്നതൊന്നും പറയരുത്… നല്ലോണം ശ്രദ്ധിക്കണം… മോളിൽ വലിയൊരു കടലിരമ്പമുണ്ട്..നമ്മൾ വേണം അതിനെ ശാന്തനാക്കാൻ…. ഭർത്താവ് പറയുന്നത് ശ്രദ്ധയോടെ കേട്ട ശേഷം മിഴിനീരോടെ ആ അമ്മ തലകുലുക്കി… തുടരും..

by