17/04/2026

വിവാഹമോചനം : ഭാഗം 16

രചന – സുധീ മുട്ടം

ആരവ് അകന്നു പോകുന്നത് അങ്ങനെ നോക്കി നിന്നു പോയി… “ടീച്ചറമ്മേ… ആരതി മോളുടെ വിളി കേട്ടാണ് സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്.. ” അച്ഛ…പോയി.. “ബാ.. നമുക്ക് ക്ലാസിലേക്ക് പോകാം മോളേ” ആരതിയേയും കൂട്ടി നന്ദ ക്ലാസിലേക്ക് പോയി…അവളുടെ മനസ്സിൽ സന്തോഷം നിറഞ്ഞു.. ഉണ്ണിയെ കുറിച്ചുള്ള വിങ്ങുന്ന ഓർമ്മകൾക്കൊരു പുനർജ്ജീവൻ കൂടിയായിരുന്നത്… രണ്ടു മണിക്കൂറത്തെ ക്ലാസ് കഴിഞ്ഞിട്ടും ആരതിയെ വിട്ടു പോകാൻ മനസ്സ് വന്നില്ല..ഉച്ചവരെ അവിടെ ചുറ്റിപ്പറ്റി ഇരുന്നു..രാവിലെ അമ്മ തന്നു വിട്ട ദോശ മോളുമായി പങ്കിട്ടു ഒരുമിച്ച് കഴിച്ചിരുന്നു… “ടീച്ചറമ്മ നാളെ വരാമേ” ആരതിക്കുട്ടിയെ വാരിയെടുത്തു ഉമ്മകളാൽ മൂടി..ടീച്ചർ പോകുകയാണെന്ന് അറിഞ്ഞതും കുഞ്ഞുമുഖം വാടി..ഓരോന്നും പറഞ്ഞു മോളെ ആശ്വസിപ്പിച്ചു മടങ്ങുമ്പോഴും ആരതിയുടെ വാടിയ മുഖം നന്ദിനിക്കുട്ടിയിൽ വിങ്ങലായി നിന്നു… “എന്നും പതിവു പോലെ നേരെ തുളസിയാന്റിയുടെ മുറിയിൽ കയറി ഹൃദയം തുറന്നു…

കുറച്ചു സമയം അവിടെ ഇരുന്നിട്ട് മുറിവിട്ടിറങ്ങി… ” എന്തുപറ്റി മോളെ‌..രാവിലെ പോയത് പോലെയല്ലല്ലോ .. “ഒന്നൂല്ലാ അമ്മേ തലവേദനിക്കുന്നു… ” മോള് ചെന്നു കിടക്ക്…അമ്മ ചായ എടുക്കാം.. നന്ദിനിക്കുട്ടി മുറിയിലേക്ക് കയറി കിടക്കയിലേക്ക് വീണു.. മനസ്സിലൂടെ ഓരോന്നും ആരതിയുടേയും ആരവിന്റേയും മുഖങ്ങൾ കടന്നു പോയി..ഹൃദയത്തിലൊരു മഞ്ഞുകണം അടർന്നു വീണതറിഞ്ഞു അവളൊന്ന് പുഞ്ചിരിച്ചു… ഉമ ചായയുമായി വന്നു…അത് വാങ്ങിക്കുടിച്ചു വീണ്ടും കിടന്നു…അമ്മ ബാം പുരട്ടി നെറ്റിയിൽ തടവുന്നതിന്റെ സുഖത്തിൽ മെല്ലെ കണ്ണടച്ചു കിടന്നു..

അടുത്ത ദിവസം വെള്ളിയാഴ്ച ആയിരുന്നു… ആ ആഴ്ചയിലെ അവസാനത്തെ ദിവസം.. ഇനി തിങ്കളാഴ്ചയെ ക്ലാസ് ഉണ്ടാകൂ…നന്ദിനിക്കുട്ടിക്ക് ആ ദിവസം വേദനാജനകമാണ്..ആരതിക്കുട്ടിയെ പിരിയുന്നത് ഓർത്ത് സങ്കടം വരും..ഈ നാട്ടിൽ എത്തിയട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു… സെറ്റ് സാരിയാണ് പതിവില്ലാതെ ഉടുത്തത്…സ്കൂളിലേക്കുള്ള വഴിയിൽ എന്നത്തേയും പോലെ ആരതി മോൾക്കായി പ്രാർത്ഥിച്ച കൂട്ടത്തിൽ പതിവില്ലാതെ ആരവിനെയും ചേർത്തു… സ്റ്റാഫ് റൂമിൽ കയറാതെ വാകപൂത്ത മരച്ചുവട്ടിൽ മോളേയും അവളുടെ അച്ഛനേയും പ്രതീക്ഷിച്ചു നിന്നു…സമയം മെല്ലെ ഓടിപ്പോയത് നന്ദിനിക്കുട്ടി അറിഞ്ഞില്ല..ഇടക്ക് മൊബൈലിൽ നോക്കിയതും ഒന്നു നടുങ്ങിപ്പോയി.. “സമയം പത്തര കഴിഞ്ഞിരിക്കുന്നു…

ഓരോന്നും ചിന്തിച്ചു നിന്നതിനാൽ സമയം കടന്നു പോയത് അറിഞ്ഞില്ല… ” ഇത്രയും സമയം ആയിട്ടും ആരതിമോളും വന്നില്ലല്ലോ… നന്ദിനിക്കുട്ടിയിൽ നെഞ്ചിടിപ്പേറി ഹൃദയമിടിപ്പ് വർദ്ധിച്ചു…. അവൾ നേരെ സ്റ്റാഫ് റൂമിലേക്ക് കയറി തലക്ക് കയ്യും കൊടുത്തിരുന്നു… “എന്തുപറ്റി നന്ദിനി… ടീന ടീച്ചർ ചോദിച്ചതും തലയുയർത്തി.. കണ്ണുകൾ നിറഞ്ഞിരുന്നു.. അവരൊന്ന് അമ്പരന്നു പോയി.. ” ആരതി ഇന്നു വന്നില്ല..” ആരതിയുമായുളള അടുപ്പവും സ്നേഹവും സ്കൂളിൽ എല്ലാവർക്കും അറിയാം… ” അയാൾ കുടിച്ചു ബോധമില്ലാതെ കിടക്കുകയായിരിക്കും… ടീനയുടെ വാക്കുകൾ നെഞ്ചിൽ നടുക്കമുണർത്തി‌.. “ഇല്ല ടീനേ ആരവ് ഇനി കുടിക്കില്ല… എന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു.. അതിനു കഴിയാതെ നന്ദിനിക്കുട്ടി നിസ്സഹായായി തീർന്നു.. ആരതിയെ കുറിച്ച് ഒരു വിവരവും അറിയാൻ കഴിയാതെ സമാധാനം ലഭിക്കില്ലെന്ന് മനസ്സിലായി.തെല്ലു നേരം മൗനമായിരുന്നു തേങ്ങി..ഉള്ളിൽ സങ്കടങ്ങൾ കുമിഞ്ഞു കൂടിയതോടെ ടീനയോട് തന്നെ ചോദിക്കാമെന്ന് ഉറച്ചു…

” ആരതിയുടെ വീട് അറിയോ” ഒരുനിമിഷം നന്ദിനിയെ ടീന സൂക്ഷിച്ചു നോക്കി.. ഉള്ളിൽ തിളച്ചു മറിയുന്ന സങ്കടം അവർക്ക് മനസ്സിലാകാതിരിക്കാനായി ഒരു പുഞ്ചിരി വരുത്തി… “കുറച്ചു ദൂരം നടക്കാനുണ്ട്… ” അത് സാരമില്ല.. വഴി പറഞ്ഞു തന്നാൽ മതി… ടീനയോടു വഴിയും ചോദിച്ചു മനസ്സിലാക്കി നടക്കുമ്പോൾ കാരണമറിയാതെ മനസ്സ് പിടച്ചു കൊണ്ടിരുന്നു.. ഉച്ചിക്ക് മുകളിൽ ഉയർന്നു നിൽക്കുന്ന സൂര്യന്റെ ചൂടിനെ വക വെയ്ക്കാതെ സ്പീഡിൽ നടന്നു…ആരോടൊക്കയോ  വഴി പിന്നെയും ചോദിച്ചു നടന്നകന്നു നീങ്ങുമ്പോൾ വിയർപ്പിൽ കുളിച്ചു മുങ്ങിയിരുന്നു.. “ആരവിന്റെ വീട്… പിന്നെയും ആരോടോ ചോദിച്ചതും കുറച്ചു മുമ്പിലേക്കായി അയാൾ കൈവിരൽ ചൂണ്ടി.. ” ദാ കാണുന്നതാ വീട്… കുറച്ചു അകലെയായി ഓടിട്ടൊരു ചെറിയ വീട് കാണുകയുണ്ടയി…വേഗം അങ്ങോട്ടേക്ക് നടന്നു…ഓടുകയായിരുന്നെന്ന് പറയുന്നതാകും കൂടുതൽ ശരി…

“മോളേ ആരതിക്കുട്ടി… വീടിനു മുമ്പിലായി അരെയും കാണാതായതോടെ മിടിക്കുന്ന ഹൃദവുമായി അകത്തേക്ക് നീട്ടി വിളിച്ചു… ഹാളിലേക്ക് കയറിയതും ആരവ് കട്ടിലിൽ കിടക്കുന്നത് കണ്ടു ഉള്ളിലൊരു തേക്കം നിറഞ്ഞു..കുടിക്കില്ലാന്ന് വാക്ക് നൽകിയട്ട് കിടക്കുന്ന കിടപ്പ് കണ്ടു നെഞ്ചൊന്ന് നീറി.. ആരതിക്കുട്ടിക്കായി മിഴികൾ നാലുപാടും തേടിയലഞ്ഞു കാണാതെ ആയതോടൊരു തേക്കം വന്നു നിറഞ്ഞു.. പെയ്തൊഴുകി ഇറങ്ങിയ മിഴികളുമായി പിന്തിരിഞ്ഞതും ആരവിന്റെ ഞരക്കവും മൂളലും കേട്ടു…സംശയത്തോടെ അരികിൽ ചെന്ന് നിന്നു നെയിയിൽ കൈ വെച്ചതും പൊള്ളുന്ന ചൂട് അനുഭവപ്പെട്ടു… “ആരവ്…ആരവ്..എന്താ പറ്റിയത്… ചോദ്യത്തോടൊപ്പം നൊമ്പരവും പെയ്തിറങ്ങി..ബുദ്ധിമുട്ടി ആരവ് മിഴികൾ തുറന്നു…ടീച്ചറെ കണ്ടതും ചുണ്ടിലൊരു വരണ്ട പുഞ്ചിരി തെളിഞ്ഞു..

” ഇന്നലെ രാത്രിയിലെ മഴ മുഴുവനും നനഞ്ഞ് ടീച്ചറേ…അതിന്റെയാ മദ്യപിച്ചിട്ടൊന്നുമില്ല… അതുകേട്ടതും മനസ്സിലൊരു നോവുണർന്ന് പെയ്തിറങ്ങി… തെറ്റിദ്ധരിച്ചതോർത്ത് സങ്കടപ്പെട്ടു.. “മോളെവിടെ ആരവ്… ” വിശക്കുന്നൂന്ന് പറഞ്ഞപ്പോൾ രണ്ടു മൂന്നു വീട് അകലെയുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടു… നന്ദിനിക്കുട്ടിക്കത് ശരിക്കും നൊന്തുപോയി..മോള് വിശന്നിരിക്കുകയാണെങ്കിൽ അവളുടെ അച്ഛനും പട്ടിണി ആയിരിക്കും.. “ഞാൻ കുറച്ചു കാപ്പി ഉണ്ടാക്കാം.. മറുപടിക്ക് കാത്തു നിൽക്കാതെ അടുക്കളയിലേക്ക് ഓടി… പരിചയമില്ലാത്താ പച്ച ചുള്ളിക്കമ്പുകൾ കുത്തിയൊടിച്ചു അടുപ്പ് എങ്ങനെയോ കത്തിച്ചു…അടുപ്പ് ഊതിയപ്പോൾ ഇടക്കിടെ ചുമച്ചെങ്കിലും ഇഞ്ചിയും കുരുമുളകും ഇട്ട് എങ്ങനെയൊക്കയോ കാപ്പി തയ്യാറാക്കി…

” എഴുന്നേറ്റു കാപ്പി കുടിക്ക് ആരവ്… നന്ദിനിക്കുട്ടി വിളിച്ചെങ്കിലും എഴുന്നേൽക്കാൻ അവൻ അശക്തനായിരുന്നു…തെല്ലൊന്ന് മടിക്കാതെ    അവളും സഹായിച്ചു..തന്നിലേക്ക് ചാരിയവനെ മെല്ലെ കാപ്പിയുടെ ചൂട് ഊതി ചുണ്ടോട് ചേർത്തു.. “കുടിക്ക് ആരവ്… നന്ദിനിക്കുട്ടി പതിയെ കാപ്പി കുടിപ്പിച്ച ശേഷം കിടക്കയിലേക്കവനെ കിടത്തി…ചെറിയ തുണിക്കഷണം നനച്ചു അവിന്റെ നെറ്റിയിലിട്ടു അവൾ കാവലിരുന്നു… ” ടീച്ചറമ്മേ… ആരതിക്കുട്ടിയുടെ മുഖം വാതിക്കൽ തെളിഞ്ഞതും ഓടിച്ചെന്നു വാരിയെടുത്തു ഉമ്മകളാൽ മൂടി… “അച്ഛക്ക് വയ്യാരുന്നു ടീച്ചറമ്മേ  അതാ വരാഞ്ഞത്… നന്ദിനിക്കുട്ടിയിൽ സങ്കടം വന്നു മൂടി കണ്ണുകൾ നനഞ്ഞു.. മോളുമായി അവളുടെ അച്ഛക്ക് അടുത്ത് വന്നു കാവൽ ഇരുന്നു…ഇടക്കിടെ തുണി നനച്ചു നെറ്റിയിൽ മേലിട്ടു…. വൈകുന്നേരം ആയതോടെ ആരവിന്റെ ചൂട് കുറഞ്ഞു…അവൾ ചൂടു കഞ്ഞി വെച്ചു കൊണ്ട് വന്നു..കുടിക്കാൻ മടിച്ചനു സ്പൂണിൽ കോരി ചുണ്ടിനടുത്തേക്ക് കൊ ണ്ടു വന്നതും അവനിൽ നിന്നും മിഴിനീർകണങ്ങൾ ചിതറി അതിലേക്ക് വീണു… തുടരും