രചന – സുധീ മുട്ടം
മുകളിലെ മുറിയിൽ ചെന്ന് ബാഗ് എടുത്തു മാറ്റി വെച്ചു…വർഷങ്ങളായി താൻ ഉപയോഗിക്കുന്ന മുറി.വീട്ടിൽ ഇല്ലെങ്കിലും അമ്മ എപ്പോഴും വൃത്തിയായി സൂക്ഷിച്ചു വെയ്ക്കും…
“നീ ഇവിടെ ഇല്ലെന്നൊരു തോന്നൽ ഞങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ മാത്രമല്ല മോളേ..എപ്പോഴെങ്കിലും അപ്രതീക്ഷിതമായി നിനക്ക് ഓടിയൊന്ന് വരേണ്ടി വന്നാൽ നിനക്ക് കിടക്കാനായി ഒരുമുറി വേണ്ടേ…സ്വന്തം മുറി തന്നെയാലും ഏതൊരാൾക്കും പ്രിയങ്കരം…
ഒരിക്കൽ മുറി എപ്പോഴും വൃത്തിയാക്കുന്നത് എന്തിനെന്ന് അമ്മയോട് ചോദിച്ചു..അതിനുള്ള ഉത്തരം അമ്മ നന്ദിനിക്ക് കൊടുത്തു…
വീണ്ടും അതോർത്തപ്പോൾ നന്ദിനിക്ക് കരച്ചിൽ വന്നു പോയി…
” അമ്മയെല്ലാം മുൻ കൂട്ടി കണ്ടിരുന്നുവോ….
ആ നിമിഷം അമ്മയെ കാണണമെന്ന് അവൾക്ക് തോന്നി…സ്റ്റെപ്പ് കയറി ഇറങ്ങി കിച്ചണിലേക്ക് ഓടി…
“അമ്മേ…
നന്ദിനിക്കുട്ടിയുടെ നിലവിളി കേട്ടതും പാചകം ചെയ്തിരുന്ന ഉമ തിരിഞ്ഞ് നോക്കി…കണ്ണു നിറച്ച് ഓടി വരുന്ന മകളെ കണ്ടതും അമ്മ മനസ്സൊന്ന് ഉലഞ്ഞു പോയി…എന്നാലും ഉള്ളിലെ ദുഖം ഒതുക്കി കൈ നീട്ടി..ഓടി വന്നവൾ അമ്മയുടെ കയ്യിലേക്ക് വീണു..അവരവളെ ചേർത്തു
” എന്തിനാടീ കരയുന്നത്… ”
“ഒന്നൂല്ലാ എനിക്ക് അമ്മയെ ഒന്നു കാണണമെന്ന് തോന്നി…
നിറഞ്ഞ മനസ്സോടെ ഒന്നു പുഞ്ചിരിച്ചു തളളപ്പക്ഷിയുടെ ചിറകിൻ കീഴിലൊതുങ്ങി നിന്നു…
” മോളു കുളിച്ചോ ?”
“ഇല്ല..അപ്പോഴാ അമ്മയെയൊന്നു കാണണമെന്ന് തോന്നിയത്”
അമ്മയിൽ നിന്നു അവൾ അടർന്നു മാറി..
“ഇനിയെന്നും കാണാലോ പോയി കുളിച്ചിട്ട് വാടീ പെണ്ണേ ”
അരുമയോടെ പറഞ്ഞിട്ട് മകളെ അരികിൽ നിർത്തി കയ്യോന്നിയിട്ട് കാച്ചിയ എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു…
തോർത്തും സോപ്പും എടുത്തു കൊടുത്തു..
“തല കഴുകുമ്പോഴേക്കും അമ്മ ചെമ്പരത്തി താളിയും ആയിട്ട് വരാം..
“ചെന്ന് ഫ്രഷായിട്ട് വാടീ പെണ്ണേ..ഒരുമിച്ച് ഇരുന്ന് കഴിച്ചിട്ട് എത്ര നാളായി”
ഓർത്തപ്പോൾ അവൾക്ക് കണ്ണു നിറഞ്ഞു..ഉണ്ണ്യേട്ടനൊപ്പം സിറ്റിയിലേക്ക് പോ യതോടെ വീട്ടിലേക്കൊന്നു വരാൻ പലപ്പോഴും കൊതിച്ചിട്ടുണ്ട്.. അപ്പോഴൊക്കെ ഉണ്ണ്യേട്ടൻ പല പല കാരണങ്ങൾ നിരത്തും..ഫോൺ വിളിയിൽ കൂടി ആയിരിക്കും ബന്ധങ്ങൾ നില നിർത്തുക പലപ്പോഴും…
നന്ദിനിക്കുട്ടി ബാത് റൂമിലേക്ക് പോയതോടെ അടുക്കളയിൽ നിന്നും ഉമ മുറ്റത്തേക്കിറങ്ങി ചെമ്പരത്തിയിൽ നിന്നും കുറച്ചു കുഞ്ഞ് ഇലകളും പൂവും പറിച്ചെടുത്തു കൊണ്ടു വന്നു താളിയാക്കി മകൾക്ക് കൊടുത്തിട്ട് തിരികെ ഭർത്താവിന്റെ അരികിലെത്തി…
“ബാലേട്ടൻ പറഞ്ഞത് സത്യമാ..മോളുടെ മനസ്സ് വല്ലാതെ നൊന്തിട്ടുണ്ട്…
” എനിക്കത് മനസ്സിലായി ഉമക്കുട്ടി…അതാ ഞാൻ പറഞ്ഞത് സൂക്ഷിക്കണമെന്ന്…
“അതേ ബാലേട്ടാ നമ്മൾ ഒരുപാട് സൂക്ഷിക്കണം..നമ്മുടെ മോൾ ഉണ്ണിയെ ശരിക്കും സ്നേഹിച്ചു പോയി…”
“സാരമില്ലെടീ… നമ്മൾക്ക് നമ്മുടെ മോളാ വലുത്…ചാനലിൽ കാണിക്കുന്നത് പോലെ അവളെ നഷ്ടപ്പെട്ടിട്ട് വിലപിച്ചിട്ടു കാര്യമില്ല.. ചേർത്തു പിടിക്കേണ്ട സമയത്ത് ചേർത്ത് പിടിക്കുക തന്നെ വേണം..അല്ലെങ്കിൽ നഷ്ടം നമുക്കാ…
വാർത്തകളിൽ നിറയുന്നത് ഓർമ്മയിൽ വെച്ചാണ് അയാൾ പറഞ്ഞത്…..അവർ സംസാരിച്ച് ഇരിക്കുമ്പോൾ കുളി കഴിഞ്ഞു നന്ദിനിക്കുട്ടി എത്തി…ദാവണിയാണു വേഷം അവളുടെ ഇഷ്ടപ്പെട്ട വേഷം…
” വാടീ പെണ്ണേ ഒരുമിച്ച് ഇരുന്നു കഴിക്കാം”
കൂട്ടുകാരിയായി ഉമ മകളെ വിളിച്ചു… ഊണുമേശക്കരികെ അച്ഛനു സമീപമായി നന്ദിനിക്കുട്ടി ഇരുന്നു…
ഉമ ഇലയിട്ട് മൂന്നുപേർക്കും വിളമ്പിയിട്ട് മോളുടെ തൊട്ടരികിൽ ഇരുന്നു…എന്നത്തേയും പോലെ ഒരുപോലെ അച്ഛനും അമ്മയും ചെറിയ ഉരുളകൾ അവൾക്ക് നേരെ നീട്ടി…നന്ദിനിക്കുട്ടിയുടെ കണ്ണുകൾ തുളുമ്പി…
ഒരേപോലെ ഇരു ഉരുളകളും വാങ്ങി കഴിച്ചതും കണ്ണുനീരൊഴുകി…മനസ്സ് ഒന്ന് ഉലഞ്ഞെങ്കിലും അവളെ വഴക്ക് പറയാതെ കരയാനായി വിട്ടു…
“അതേ ഞങ്ങൾക്ക് വീതമില്ലേ”
അച്ഛന്റെ ശബ്ദം കേട്ട് കണ്ണുനീരിലും ഒന്നു പുഞ്ചിരിച്ചു… ആദ്യത്തെ വീതം അച്ഛനു കൊടുത്തിട്ട് അമ്മക്കും കൊടുത്തു…
ഭക്ഷണം കഴിഞ്ഞു നന്ദിനിക്കുട്ടി അച്ഛനും അമ്മക്കും അരികിലെത്തി…
“ഒന്ന് കിടന്ന് മയങ്ങൂ മോളെ…നമുക്ക് പിന്നെ സംസാരിക്കാം….
” ശരി അച്ഛാ…
സമ്മതം മൂളി തിരിഞ്ഞ് നടന്ന ശേഷം പിന്തിരിഞ്ഞു അമ്മയെ നോക്കി…അർത്ഥം മനസിലായതും ഉമ എഴുന്നേറ്റു മോളോടൊപ്പം മുറിയിലേക്ക് പോയി…
അമ്മയോടൊട്ടി അവളങ്ങനെ കിടന്നു…ഉമ നന്നായി പാടും…അവരുടെ പാട്ടു കേട്ടു അമ്മയുടെ ചൂട് പറ്റി കിടന്നങ്ങനെ ഉറങ്ങിപ്പോയി..
വൈകുന്നേരം അഞ്ചുമണി കഴിഞ്ഞായിരുന്നു നന്ദിനിക്കുട്ടി ഉണർന്നത്…എഴുന്നേറ്റു മുഖം കഴുകി കിച്ചണിലെത്തി…അമ്മ ചൂട് ചായ നീട്ടിയത് വാങ്ങി കുടിച്ചു….
“അമ്മേ എനിക്ക് അച്ഛനോടും അമ്മയോടുമായി കുറച്ചു സംസാരിക്കണം…
” അതിനെന്തിനാടീ ആമുഖം നീ വാ”
മോളുമായി അവർ ബാലന്റെ അരികിലെത്തി…
“മോൾക്ക് എന്തിനാ ഡിവോഴ്സ്…അവനല്ലേ ആവശ്യം അവൻ നടക്കട്ടെ…
നന്ദിനിക്കുട്ടിക്ക് അത്ഭുതം തോന്നി…അച്ഛൻ തന്റെ മനസ്സ് വായിച്ചതോടെ…
” രണ്ടാമത്തേത് കാര്യം ഇനിയും പഠിക്കണം..അല്ലെങ്കിൽ ഒരു ജോബ് വേണം എന്നല്ലേ…
ബാലൻ പുഞ്ചിരിയോടെ പറഞ്ഞതും നിറഞ്ഞ മനസ്സോടെ വീണ്ടും തലകുലുക്കി…
“ജോബ് നല്ലതാണ്… സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികൾക്ക് ഇന്ന് അത്യാവശ്യമാണ്… നിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് പഠനം തന്നാ ബെസ്റ്റ്.. തുടർന്നു പഠിക്ക്….വാക്കുകൾക്ക് നൽകാൻ കഴിയാത്ത ആശ്വാസം അക്ഷരങ്ങൾക്ക് നൽകാൻ സാധിക്കും….
നന്ദിനിക്കുട്ടി തല കുലുക്കി…
” മോളുടെ പഠിത്തം കഴിഞ്ഞു അച്ഛനൊരു ജോലി വാങ്ങി തരാം.. കൂട്ടുകാരൻ ഒരാളുണ്ട്..അവനൊരു സ്കൂളുണ്ട്..ടീച്ചറായാൽ കുട്ടികളുമായി എപ്പോഴും അടുത്തൊരു ബന്ധമുണ്ടാകും…പിന്നെ നീയും അവരുടെ ലോകത്താകും…
നനിനിക്കുട്ടി ഒന്ന് തുള്ളിച്ചാടി അച്ഛനെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു…
എത്ര കൃത്യമായാണു അച്ഛൻ തന്റെ മനസ്സ് വായിച്ചത്….
സന്തോഷത്തോടെ പുതിയൊരു ലോകം പടുത്തുയർത്തി അവൾ മുറിയിലേക്ക് പോയി…..
നന്ദിനിക്കുട്ടിയുടെ ജീവിതത്തിലെ പുതിയൊരു തുടക്കമായിരുന്നു വരാനിരുന്നത്…ഒപ്പം അവളുടെ നിലവിലുള്ള ജീവിതവും മാറ്റി മറിച്ചു….
കാത്തിരിക്കുക….

by