23/04/2026

വിവാഹമോചനം : ഭാഗം 33

രചന – സുധീ മുട്ടം

“നമുക്ക് ഹോസ്പിറ്റലിൽ പോകാം..ആരവ് ”

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ചായ കുടിക്കുന്നതിനിടയിൽ നന്ദിനിക്കുട്ടി ആരവിനെ നോക്കി…

“പോകാം നന്ദിനിക്കുട്ടി…ആരതി വരുന്നുണ്ടോ?”

“മോൾക്ക് മുത്തശ്ശനേയും മുത്തശ്ശിയേയും കിട്ടിയില്ലേ..ഏതു സമയവും അവർക്കൊപ്പമാ…

“അവൾ സന്തോഷിക്കട്ടെ …

പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു..

” എന്റെ ആരവ്..നീയെന്തിനാ സങ്കടപ്പെടുന്നത്..ആരുമില്ലെന്ന തോന്നലൊക്കേ മാറ്റണം.. ഇപ്പോൾ എല്ലാവരും ഇല്ലേ…

ചായ കുടിച്ചു ഗ്ലാസുകൾ മാറ്റിവെച്ച ശേഷം ആരവിന്റെ കഴുത്തിലൂടെ കയ്യിട്ട് അവൾ അവനിലേക്ക് മിഴികൾ ഉറപ്പിച്ചു.. ഒഴുകി തുടങ്ങിയ മിഴിനീരവൾ ചുണ്ടുകളാൽ ഒപ്പിയെടുത്തു…

അതേ സമയം  അവൻ നന്ദിനിക്കുട്ടിയുടെ ഇടുപ്പിലൂടെ കയ്യിട്ടു തന്നിലേക്ക് ചേർത്തതും അവളുടെ മാറിടങ്ങൾ മുഖത്തേക്ക് ഉരസി..അവിടെയൊന്ന് ചുണ്ടുകളാൽ കുസൃതി കാട്ടിയ്തും  നന്ദിനിക്കുട്ടി കുറുകി അവനെ വരിഞ്ഞു മുറുക്കി കിടക്കയിലേക്ക് വീണു.. അവന്റെ നെഞ്ചിലക്ക് ഭാരം മുഴുവനും അർപ്പിച്ചു  അവൾ ചുവന്ന അധരങ്ങളെ കവർന്നു കൊണ്ടിരുന്നു..

“മതി കൊച്ചേ രാത്രിയിൽ നിനക്ക് അവസരം തരാം..

പെട്ടെന്ന് അവളുടെ മുഖം ചെമ്പരത്തി പൂവായി ചുമന്നു തുടുത്തു..

” പോടാ വൃത്തി കെട്ടവനേ…

ആരവിന്റെ നെഞ്ചിൽ കുഞ്ഞരിപ്പല്ലുകൾ താഴ്ത്തി ചെറുതായി വേദനിപ്പിച്ചു..

“ലവ്വ് യൂ ആരവ്…നീയില്ലായിരുന്നെങ്കിൽ എന്നിൽ പൂക്കാലം തളിരിടാകാതെ വസന്തങ്ങൾ അകന്നു പോകുമായിരുന്നു…

നന്ദിനിക്കുട്ടിയുടെ മിഴികൾ നിറഞ്ഞു കവിഞ്ഞു..ആരവിനു സഹിക്കാൻ കഴിഞ്ഞില്ല..അവനറിയാം അവൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്..

” കരയാതെ നന്ദിനിക്കുട്ടി.. നിന്റെ മിഴിനീരു കാണുമ്പോളുള്ള് വല്ലാതെ നോവണുണ്ട്..

“പോട്ടേ…ആരവ്…ഞാനെന്റെ സങ്കടം പറഞ്ഞതാ..രണ്ടു പുരുഷന്മാരിൽ നിന്നും വ്യത്യസ്ത അനുഭവങ്ങൾ.. അത്രയും ഓർത്തുള്ളൂ..

” എനിക്ക് മനസ്സിലാകും നന്ദിനിക്കുട്ടി നിന്നെ…നീ ആർക്കായും മാറാതെ നീയായി ഇരുന്നാൽ മതി.. എനിക്കതാ ഇഷ്ടം..

ആരവിന്റെ വാക്കുകൾ കേട്ടതും മനസ്സ് നിറഞ്ഞു കവിഞ്ഞു…അരുമയോടെ കവിളിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു അങ്ങനെ കിടന്നു..തന്നെ അത്രയോളം മനസ്സിലാക്കിയവനിൽ നിന്നും അകന്നു മാറാൻ മനസില്ലാതെ..

നിമിഷങ്ങൾ കൊഴിഞ്ഞു വീണു…. പ്രണയത്തിന്റെ പൂക്കാലം നുകർന്നു അങ്ങനെ കിടന്നു…ഇരുമെയ്യും ഒരു മനസ്സുമായി..

“നമുക്ക് പോകാം ആരവ്…

അവനിൽ നിന്നും എഴുന്നേറ്റു മാറിക്കൊണ്ടു ചോദിച്ചു..

” വാ പോയേക്കാം…

 

നന്ദിനിക്കുട്ടി കസവു സാരി എടുത്തു ധരിച്ചു…ആരവ് മുണ്ടും ഷർട്ടും ആയിരുന്നു വേഷം…

“ആരതിമോളേ…

വിളികേട്ടു ആരതിക്കുട്ടി ഓടിവന്നു..

” അമ്മേ..

കൈ നീട്ടിയതും ഓടിവന്നു കയറി..

“മോളു വരുന്നില്ലേ..

” മുത്തശ്ശി ഒത്തിരി കഥ പറഞ്ഞു തരും‌.മോൾക്ക് അതൊക്കെ കേൾക്കണം…

കൊഞ്ചലോടെ മൊഴിഞ്ഞു..

“അമ്മയും അച്ഛയും വരുമ്പോൾ മോൾക്ക് എന്തുകൊണ്ട് വരണം..

” അമ്മക്ക് ഇഷ്ടമുള്ളത്..

മനസ്സ് നിറഞ്ഞു… ആരതിക്കുട്ടിയെ വാരിയെടുത്തു ഉമ്മകളാൽ മൂടി…

ആരവു കൂടി വന്നതോടെ പോകാനായി എഴുന്നേറ്റു…

“റ്റാറ്റാ…

കാറിലേക്ക് കയറിയതും ആരതിക്കുട്ടി കൈവീശി കാണിച്ചു… തിരികെ അവൾക്കും റ്റാറ്റാ കൊടുത്തു കാറിലേക്ക് കയറി..

💜💜💜💜💜💜💜💜💜💜💜💜💜💜💜

ആരവും നന്ദിനിക്കുട്ടിയും കൂടി കൈകൾ കോർത്തു കയറി വരുന്നത് അകലെ നിന്നേ ആനന്ദൻ കണ്ടു…അയാളൊരു നിമിഷം അങ്ങനെ നോക്കി നിന്നു പോയി..

കാഴ്ചയിൽ എന്തൊരു ജോഡി പൊരുത്തമാണ്  രണ്ടു പേരും തമ്മിൽ..അത്രക്ക് ക്യൂട്ടാണു നന്ദിനിക്കുട്ടിയും ആരവും…അവൾക്കായാണു അവനെ ദൈവം സൃഷ്ടിച്ചതെന്ന് അയാൾക്ക് തോന്നിപ്പോയി…

” പ്രൗഢിയേറിയ വസ്ത്രങ്ങൾ അണിഞ്ഞാൽ ശരിക്കുമൊരു പ്രിൻസ് തന്നെയാണ് ആരവ്…

“ഹായ് അങ്കിൾ…

ആനന്ദനെ അവർ കണ്ടു കഴിഞ്ഞിരുന്നു.. അയാൾ വേഗം അവർക്ക് അരികിലെത്തി..

” ആന്റി…

“മയക്കത്തിലാണ്…

തുളസിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റൂമിലേക്ക് അവർ നടന്നു..ശാന്തമായൊരു പുഴയായി അവർ ഉറങ്ങുന്നത് കണ്ടു…

” അങ്കിൾ വീട്ടിലേക്ക് പോയി ഫ്രഷായിട്ട് റെസ്റ്റ് എടുക്ക്.. വൈകുന്നേരം വന്നാൽ മതി..അതുവരെ ഞങ്ങൾ ഇവിടെയുണ്ട്…

അയാളുടെ കണ്ണുകളിൽ നിന്ന് ഒരിറ്റ് മിഴിനീരിറ്റു വീണു.. മക്കൾ ഇല്ലെങ്കിന്താ അതിന്റെ സ്ഥാനത്ത് ഈശ്വരൻ രണ്ടു പേരെ  തന്നിരിക്കുന്നു..

“എന്തുപറ്റി അങ്കിളേ..

” ഒന്നുമില്ല ആരവ്..കണ്ണിലെന്തോ വീണതാ…

കർചീഫ് എടുത്തു കണ്ണുകൾ തുടച്ചു..

“ഒന്നു ചിരിക്കെന്റെ അങ്കിളേ…ഞങ്ങൾ മക്കൾ തന്നെയാ…

നന്ദിനിക്കുട്ടിയേയും ആരവിനേയും ഇരുകരങ്ങളാലും ചേർത്തു പിടിച്ചു..

” അതേ നിങ്ങൾ എന്റെ മക്കൾ തന്നെയാ…

നിറഞ്ഞ മനസ്സോടെ പറഞ്ഞു.. അതേ നിർവൃതിയോടെ അവരും അതേറ്റു വാങ്ങി..

ആനന്ദ് വീട്ടിലേക്ക് പോയതോടെ നന്ദിനിക്കുട്ടിയും ആരവും ചേർന്നു അവരുടെ പരിചരണം ഏറ്റെടുത്തു…

കുറച്ചു സമയം കഴിഞ്ഞു നന്ദിനിക്കുട്ടി ജനാല വാതിൽ തുറന്നു വെളിയിലേക്ക് നോക്കി നിന്നു… ആരവ് പിന്നിലൂടെ വന്നു അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു വയറിന്മേൽ അമർത്തി പിടിച്ച ശേഷം പിൻ കഴുത്തിൽ ചുണ്ടുകൾ ചേർത്തു വെച്ചു..അവന്റെ സാമീപ്യം ആസ്വദിച്ചു അവളനങ്ങാതെ നിന്നു…

“പാവാ ആരവ് ആന്റി..ഒരുപക്ഷേ അങ്കിളിനേക്കാൾ പാവം..

” വിഷമിക്കാതെ നന്ദിനിക്കുട്ടി ആന്റി എഴുന്നേറ്റു നടക്കും…

ഉറപ്പു പോലെ ആരവ് കൈകൾ നന്ദിനിക്കുട്ടിയുടെ കരതലങ്ങളിൽ അമർത്തി…

തുളസി ഉണരുമ്പോൾ അരികിൽ നന്ദിനിക്കുട്ടിയും ആരവും ഉണ്ടായിരുന്നു… അവരുടെ മിഴികൾ നന്ദിനിയിലൂടെ ഒഴുകി ആരവിലെത്തി നിന്നു…പതിയെ ആ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങി.. സാരിത്തലപ്പാൽ അവളാ കണ്ണീരൊപ്പി ആന്റിയുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു..

“ഒന്നൂല്ലാ ട്ടൊ…ആന്റി എത്രയും വേഗം എഴുന്നേറ്റു നടക്കും…

അവർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവളെ നോക്കി കിടന്നു…ആരവും തുളസിക്ക് അരികിലിരുന്നു ഓരോന്നും സംസാരിച്ചു..നെറ്റിയിലൊന്നു മുത്തി..സ്വന്തം അമ്മയാണെന്ന് അവനൊരു നിമിഷം തോന്നിപ്പോയി…

ഉച്ചക്ക് കഞ്ഞി കാന്റീനിൽ നിന്നു വാങ്ങി..ആരവാണവർക്ക് കോരി കൊടുത്തത്..മൂന്നാലു ഇറക്കു കുടിച്ചതും മതിയാക്കി വായ് അടച്ചു പിടിച്ചു കിടന്നു…

💜💜💜💜💜💜💜💜💜💜💜💜💜💜

ആനന്ദൻ വീട്ടിലെത്തി കുളി കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു..ഉമയാണു എടുത്ത് വെച്ചത്..അയാൾ കഴിക്കാൻ തുടങ്ങിയപ്പോൾ ബാലനും ഒപ്പമിരുന്നു..

” ബാലാ മക്കളേ ഇങ്ങനെ വിട്ടാൽ മതിയോ അവരുടെ വിവാഹം പെട്ടെന്ന് നടത്തണം…

“അതിനു ഡിവോഴ്സ് ആദ്യം നടക്കട്ടെ..

” ഉണ്ണിക്ക് ആയിരുന്നില്ലേ ധൃതി…അവൻ വക്കീൽ നോട്ടീസ് അയച്ചു കാണും.ഇവിടെ ആയതിനാൽ നോട്ടീസ് വന്നത് നമ്മൾ അറിഞ്ഞു കാണില്ല..നാളെ നീയും ഉമയും കൂടി നാട്ടിലേക്ക് പോയി കാര്യങ്ങളൊക്കെ ഒന്നു തിരക്കിയട്ടുവാ..

“ഞാനും അതുതന്നെയാ ആലോചിക്കുന്നത്..

” മ്മ്മ്…പിന്നെ തൽക്കാലം ആരവും നന്ദിനിക്കുട്ടിയും തമ്മിലുള്ള അഫയർ ഉണ്ണി ഇപ്പോൾ അറിയരുത്..എന്തെങ്കിലും മുടക്ക് അവനുണ്ടാക്കും…

“ഉം…

ബാലൻ അമർത്തി മൂളി…

” ഡിവോഴ്സ് നമുക്ക് പെട്ടെന്ന് കിട്ടണം…എന്നാൽ നമുക്ക് ആണ് ധൃതിയെന്ന് ഉണ്ണിക്കും തോന്നരുത്..മനസ്സിലായല്ലോ…

“മനസ്സിലായെടാ…

ബാലൻ പതിയെ ചിരിച്ചു..ഉമക്ക് ആശ്വാസം അനുഭവപ്പെട്ടു… അങ്ങനെ അടുത്ത ദിവസം നാട്ടിലേക്ക് പോയി വരാനായി അവർ തീരുമാനിച്ചു…

തുടരും…