19/04/2026

പെയ്തൊഴിയാതെ : ഭാഗം 01

രചന – മിയ അവ

കൂട്ടമണിയുടെ ശബ്ദം കാതിലേക്ക് ഇരമ്പിയെത്തിയപ്പോഴാണ് പാറു ചിന്തകളിൽ നിന്ന് ഞെട്ടി തിരിഞ്ഞത്.

“നീയാ പ്രസാദം വാങ്ങിക്കുന്നുണ്ടെങ്കിൽ വേഗം വാങ്ങിക്ക് കുട്ടി… ഇല്ലെങ്കിൽ മാറി നിൽക്ക്.. വെറുതെ സ്വപ്നം കണ്ട് ഞങ്ങളുടെ നേരം കൂടി കളയാൻ…”

അവൾ ചുറ്റും ഒന്ന് നോക്കി. ക്യൂവിൽ നിക്കുന്നവരെല്ലാം അക്ഷമരായി തന്നെ തന്നെ നോക്കി നിൽക്കുവാണ്. ചിലർ എന്തൊക്കെയോ മുറു മുറുക്കുന്നുണ്ട്. കൂട്ടി പിടിച്ച പല്ലുകളിൽ ചിലരുടെ ദേഷ്യവും പ്രകടമാവുന്നുണ്ട്.

“ന്നാ കുട്ട്യേ… ഇത് അങ്ങോട്ട്‌ പിടിക്കൂ.. ആളോള് ക്യൂ നിക്കുന്നെ കണ്ടില്ലേ… എല്ലാർക്കും ധൃതി ണ്ട്…”

ക്ഷമ നശിച്ചെന്നോണം തിരുമേനിയുടെ ശബ്ദം കേട്ടപ്പോഴാണ് താൻ അവിടെ പ്രസാദത്തിന് വരി നിന്നതാണെന്നുള്ള കാര്യം തന്നെ അവളോർത്തത്. പെട്ടെന്ന് തന്നെ ആ ഇല ചാർത്തിലെ പ്രസാദം രണ്ടു കയ്യും നീട്ടി വാങ്ങി അവൾ അടുത്ത ആൾക്ക് വേണ്ടി വഴി മാറി കൊടുത്തു. മാറി നിന്ന് ഒരു നുള്ള് കളഭം വിരലിലെടുത്ത് നെറ്റിയിൽ വരച്ചു. പിൻ തിരിഞ്ഞു ഇറങ്ങാൻ നേരം ഒരിക്കൽ കൂടി തന്റെ കൃഷ്ണ ഭഗവാനെ നോക്കി കണ്ണുകളടച്ച് തൊഴുത് പുറത്തേക്കിറങ്ങി.

അമ്പല നടയിൽ നിന്ന് പുറത്തേക്കിറങ്ങിയതും അറിയാതെ കണ്ണുകൾ കഴുത്തിൽ ചേർന്ന് കിടക്കുന്ന ആലില താലിയിലേക്ക് നീണ്ടു. താലി കയ്യിലെടുത്തു അതിലേക്ക് തന്നെ മിഴിയൂന്നി നിൽക്കുമ്പോൾ കണ്ണുകളിൽ നീര് വന്നു വിങ്ങുന്നത് അവളറിഞ്ഞു.

“ഇന്ന് രണ്ടു മാസം പിന്നിട്ടിരിക്കുന്നു ഞാനീ ഭാരം ചുമക്കാൻ തുടങ്ങിയിട്ട്… ഇനി വെറും നാല് മാസം… അത്രയും കൂടിയല്ലേ ഇതിന് എന്റെ കഴുത്തിൽ സ്ഥാനമുള്ളു…”

പിടിച്ചു നിർത്തിയിട്ടും അറിയാതെ തുളുമ്പി പോയ കണ്ണുനീരിനെ അവൾ വാശിയിൽ കൈ കൊണ്ട് തട്ടി തെറിപ്പിച്ചു. മുന്നോട്ടു വെയ്ക്കുന്ന ഓരോ ചുവടിലും അവളിലെ സങ്കടവും അമർഷവുമെല്ലാം ആ മൺ തരികളിൽ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു.
കൊട്ടാരം പോലെ തോന്നിക്കുന്ന വലിയൊരു വീടിന് മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ അവൾ വെറുതെയൊന്ന് ആ വീടിനെ നോക്കി കണ്ടു.

“പാർവതിയ്ക്ക് വന്നു ചേർന്ന സൗഭാഗ്യം… കൊട്ടാരം പോലൊരു വീട്.. നിരന്നു കിടക്കുന്ന കാറുകൾ… വീട്ടു ജോലികൾ ചെയ്യാനും മറ്റും ഒന്നിലധികം ജോലിക്കാർ..കൈ നിറയെ പണം.. സ്വത്ത്… ഹും.. പുറത്തു നിന്ന് നോക്കുന്നവർക്ക് പാർവതിയുടെ ഭാഗ്യത്തെ കുറിച്ച് വർണ്ണിക്കാനും അസൂയപ്പെടാനും ഇതിൽ കൂടുതൽ എന്ത് വേണം….”

ചുണ്ടിലൂറിയ പുച്ഛത്തെ വാക്കുകളിൽ തുപ്പിയിട്ട് അവൾ ഗേറ്റ് മലർക്കേ തുറന്നു.
തുറന്നിട്ടിരിക്കുന്ന വാതിൽ കണ്ടപ്പഴേ അമ്മ ഉണർന്നെന്ന് അവൾക്ക് മനസ്സിലായി. ഉള്ളിലേക്ക് കടന്ന് ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറാനൊരുങ്ങിയ അവളുടെ കാലുകൾ ആ വിളിയിൽ നിശ്ചലമായി.

“മോളെ…”

തിരിഞ്ഞു നിന്ന് ആ മുഖത്തു നോക്കി പുഞ്ചിരിക്കുമ്പോൾ അവളിലുണ്ടായിരുന്ന സങ്കടവും ദേഷ്യവുമെല്ലാം അവിടെ ഉരുകി തീർന്നിരുന്നു.

“മോള് അമ്പലത്തിൽ പോയി വരുവാ ല്ലേ…”

“അതെ അച്ഛമ്മേ …”

“മ്മ്.. ഇന്ന് രണ്ടു മാസം തികയുന്നു നിങ്ങടെ വിവാഹം കഴിഞ്ഞിട്ട്… ല്ലേ മോളെ…”

വെറുതെയൊന്ന് പുഞ്ചിരിച്ചു അവൾ.

“സങ്കടം ഉണ്ടോന്ന് ചോദിക്കുന്നില്ല… അത് ഈ മുഖത്തു ഉണ്ടല്ലോ…”

“ഏയ്‌… നിക്ക് വിഷമൊന്നും ഇല്ല അച്ഛമ്മേ … ഞാൻ ഇങ്ങനെ…”

“അച്ഛമ്മയോട് കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട കുട്ടി… എല്ലാം ദൈവത്തിന്റെ ഓരോ കളികളാ മോളെ… ശരിയാവും.. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…”

“മ്മ്…”

ആ വാക്കുകളിൽ ഒട്ടും പ്രതീക്ഷയില്ലെങ്കിലും അവളൊന്ന് മൂളി കൊടുത്തു.

“അച്ഛമ്മ നിക്ക് ഞാൻ മുകളിൽ പോയി ഈ സാരിയൊന്ന് മാറ്റട്ടെ… വന്നിട്ട് കാപ്പി ഇട്ടു തരാം ട്ടോ…”

“ആയിക്കോട്ടെ മോളെ… മോള് പോയി വാ…”

അച്ഛമ്മയെ നോക്കി ഒന്ന് കൂടി ചിരിച്ച് അവൾ മുറിയിലേക്ക് പോയി. തന്റെ മുറിയിലേക്ക് പോകുന്നതിനു മുന്നെ അടുത്തായി അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് വെറുതെയൊന്ന് നോക്കി അവൾ.

“ഉണർന്നു കാണില്ല… അല്ലെങ്കിലും അങ്ങനെ ഒരാളുടെ ഉറക്കവും ഉണരലുമൊന്നും ഞാൻ അറിയാറില്ലല്ലോ…”

മനസ്സിൽ ചിന്തിച്ച് ഒരു ദീർഘ നിശ്വാസത്തോടെ അവൾ തനിക്കായി മാറ്റി വെച്ച മുറിയിലേക്ക് ചെന്നു. അവിടെ ഒരു അരികിലായി വെച്ച താൻ വീട്ടിൽ നിന്ന് വരുമ്പോൾ കൂടെ കൂട്ടിയ കൃഷ്ണ വിഗ്രഹത്തിൽ കയ്യിലെ ഇലയിൽ നിന്നും ഒരു നുള്ള് കളഭം തൊട്ട് കൊടുത്തു.

“അങ്ങനെ ഈ വീട്ടിൽ നമുക്ക് എണ്ണപ്പെട്ട ദിവസത്തിൽ നിന്ന് ഒരു മാസം കൂടി കഴിഞ്ഞിരിക്കയാണ് ന്റെ കൃഷ്ണ…ഇവിടെ ഈ വലിയ സ്റ്റാൻഡിൽ ഇരുന്നു സുഖം പിടിച്ചോ കൃഷ്ണ… ദേ നമ്മൾ വെറും ദിവസക്കൂലിയ്ക്ക് വന്ന അഥിതികളാണേ ഇവിടെ…. ഇറങ്ങി പോവാൻ പറയുന്നത് വരെ മാത്രേ നമുക്ക് ഈ മുറി സ്വന്തമാവുള്ളു.. പിന്നെ വീണ്ടും ആ പൊടിയും കരിയും പിടിച്ച കുടുസ്സ് മുറിയിലേക്ക് തന്നെ തിരിച്ചു പോണം.. മറന്നു പോവണ്ട അത്….”

കള്ള കൃഷ്ണനെ നോക്കി കുസൃതിയിൽ പറഞ്ഞു അവൾ ബാക്കിയുള്ള കളഭം ആ ചില്ല് അലമാരയിലേക്ക് വെയ്ക്കുമ്പോൾ വെറുതെയാണെന്ന് അറിഞ്ഞിട്ട് കൂടി കൈ വിരലിൽ തോണ്ടിയെടുത്ത കളഭം തന്റെ കഴുത്തിലെ താലിയിൽ തൊട്ടു. പിന്നെ വേഗം തന്നെ സാരി മാറ്റി അലമാരയിൽ നിന്ന് ഒരു സാധാ സാരി എടുത്തു ഉടുത്ത് താഴെക്കിറങ്ങി. പോകുമ്പോഴും കണ്ണുകൾ അനുസരണയില്ലാതെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് വെറുതെ എത്തി നോക്കി.

അടുക്കളയിൽ ചെന്ന് ഉടുത്ത സാരി മടക്കി കുത്തി കഴുകി വെച്ച ചായപ്പാത്രത്തിൽ രണ്ടു ഗ്ലാസ്‌ വെള്ളവും രണ്ടു ഗ്ലാസ്‌ പാലും ഒഴിച്ച് ഗ്യാസ് ഓൺ ആക്കി അതിലേക്ക് വെച്ചു. അത് തിളച്ചു വരുന്ന സമയം കൊണ്ട് ചപ്പാത്തിയ്ക്കുള്ള മാവ് ടിന്നിൽ നിന്നും അളന്നെടുത്ത് അരിപ്പ വെച്ച് പൊടി കളഞ്ഞ് കുഴയ്ക്കാൻ തുടങ്ങി. അപ്പോഴേക്കും പാലും തിളച്ചു പൊന്തിയിരുന്നു. അതിലേക്ക് മൂന്നു സ്പൂൺ കാപ്പി പൊടി ചേർത്ത് ഏലയ്ക്ക പൊടിച്ചതും പഞ്ചസാരയും ചേർത്ത് വാങ്ങി വെച്ചു. അൽപ്പമൊന്ന് ചൂടാറ്റിയ ശേഷം അരിപ്പ വെച്ച് അരിച്ച് രണ്ടു കപ്പുകളിലേക്ക് പകർത്തി. അതൊരു ട്രെയിൽ വെച്ച് പുറത്തേക്ക് കൊണ്ട് പോയപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ ഉമ്മറത്തു ഒരാൾ കണ്ണടയും എടുത്തു വെച്ച് പത്ര വായന തുടങ്ങിയിരുന്നു. അദ്ദേഹത്തെ നോക്കിയൊന്ന് ചിരിച്ച് അവൾ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.

“അച്ഛമ്മേ … ദേ ഉമ്മറത്തേക്ക് പോന്നോളൂ ട്ടോ.. കാപ്പി റെഡി…”

അവളുടെ പറച്ചിൽ കേട്ടതും വായന നിർത്തി അയാളൊന്ന് തിരിഞ്ഞു.

“ഹാ… എവിടെ പോയെന്ന് ഓർക്കുവായിരുന്നു ഞാൻ… ഇന്നെന്താ സമയത്തിൽ ഒരല്പം വ്യത്യാസം വന്നല്ലോ പാറുസേ….”

“ഹോ.. ഒരു പത്ത് മിനിറ്റല്ലേ വൈകിയേ ന്റെ കാർന്നോരെ… അപ്പോഴേക്കും അത് കണ്ടു പിടിച്ചോ…”

“ഹ ഹ ഹ… ഈ പത്ര വായനയ്ക്കൊപ്പം നിന്റെ കാപ്പിയും ഒരു പതിവായി പോയില്ലേ ഇപ്പോ… അപ്പോ സമയം ഒക്കെ കറക്റ്റ് അറിയാലോ…”

“മ്മ് ഉവ്വ.. ഞാൻ ഇല്ലാതാവുമ്പോ ഈ ശീലം ഒക്കെ മാറിക്കോളും…”

“അതിന് എന്റെ കൊച്ചു ഇതെവിടെ പോവാന… നീ ഈ വീടിന്റെ റാണിയല്ലേ ഇപ്പോ.. ഞങ്ങടെ കൊച്ചു മകൾ…”

ആ വാക്കുകൾ അവളുടെ ഉള്ളിനെ ഒന്ന് കീറി മുറിച്ചു. എങ്കിലും വേദന പുറത്തു കാണിക്കാതെ ആ വൃദ്ധന്റെ മുന്നിൽ ചിരിച്ചു കാണിച്ചു അവൾ.

“ഉള്ളിലെ വിഷമം അറിയാഞ്ഞിട്ടല്ല കുട്ട്യേ.. ശരിയാവും.. അതെന്റെ വിശ്വാസം ആണ്… അതിൽ വിശ്വസിക്കാൻ തന്നെയാ എനിക്കിഷ്ട്ടം…”

വരണ്ട ചിരി ചുണ്ടുകളിൽ വരവറിയിച്ചു. അപ്പോഴേക്കും സാവിത്രിയമ്മയും ഉമ്മറത്തേക്ക് എത്തിയിരുന്നു.

“ഹാ.. വന്നല്ലോ പ്രാണ സഖി..ഇനി കഥ പറച്ചിലൊക്കെ രണ്ടാളും കൂടിയങ്ങ് ആയേച്ച മതി… എനിക്കേ അടുക്കളയിൽ കുറച്ചു പണിയുണ്ട്… മാവ് കുഴച്ചു വെച്ച് പോന്നതാ… പോയിട്ട് വരാവേ…”

“ഓഹ്.. ശരി ശരിയേ…മഹാറാണി പോയിട്ട് വന്നോളൂ… ഞങ്ങൾ കാത്തിരുന്നോളാമേ…”

രണ്ടു പേരും കൂടി ചിരിക്കാൻ തുടങ്ങിയതും അവൾ ചുണ്ട് കോട്ടി കള്ള പരിഭവം കാണിച്ച് ഉള്ളിലേക്ക് നടന്നു പോയി. അത് കണ്ടു ആ വൃദ്ധ ദമ്പതികൾ വീണ്ടും ഊറി ചിരിച്ചു.

(തുടരും )

സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

സ്നേഹത്തോടെ….