രചന – ജിഷ
ദേവേട്ടാ എന്നു വിളിച്ചു കൊണ്ട് കാറിനടുത്തേക്ക് ഓടിയടുത്തു ഞാൻ….
കാറിൽ നിന്നിറങ്ങിയ ദേവേട്ടനെന്നെ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി…
രണ്ടുപേരുടെ സഹായത്തോടെ നിൽക്കുന്ന ഏട്ടനെ ഓടി വന്നു കെട്ടിപിടിച്ചു, ആ നെഞ്ചിലേക്ക് ചേർന്നു നിന്നു…
പെട്ടന്നുള്ള എന്റെ കെട്ടിപിടുത്തതിൽ ബാലൻസ് തെറ്റി ഏട്ടൻ സൈഡിലേക്ക് മറിഞ്ഞു വീഴാൻ പോയി, കൂടെ നിന്ന ആൾ ഏട്ടൻ വീഴാതെ പിടിച്ചു നിർത്തി…
എന്നെ വഴക്കു പറയാൻ നാവ് ഉയർത്തിയ കൂടെയുള്ള ആളോട് ഏട്ടൻ പറയുന്നതെനിക്ക് കേൾക്കാമായിരുന്നു, അരുത് ഒന്നും പറയരുത് ഇതെന്റെ അനിയത്തിയാണ്….
നന്ദുട്ടി…
കണ്ണുകളിൽ നിന്ന് അണപൊട്ടി ഒഴുകുന്ന കണ്ണുനീരിനാൽ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാനാവുമായിരുന്നില്ല…
ഏട്ടന്റെ ഒരു കൈ എന്റെ തലമുടിയിൽ തഴുകി കൊണ്ടിരുന്നു…
പെട്ടെന്ന് മാളു അടുത്തെത്തി എന്നെ പിടിച്ചു മാറ്റി..
മാളുവിന്റെ തോളിലേക്ക് ചാരി നിന്നു ഞാൻ..
കണ്ണുകൾ തുടച്ചു ഏട്ടനെ ഒന്നുടെ നോക്കി…
അപ്പോളാണ് എന്റെ ഏട്ടന്റെ ശരിക്കുള്ള അവസ്‌ഥ ഞാൻ കാണുന്നത്…
ഏട്ടനെ പതിയെ വീൽ ചെയറിലേക്ക് ഇരുത്തുകയാണ് കൂടെ ഉണ്ടായിരുന്നവർ…
ഏട്ടന്റെ ശരീരത്തിന്റെ ഇടതു ഭാഗം മുഴുവൻ തളർന്നു പോയിരിക്കുന്നു…..
ഇടതു കാലിന്റെ മുട്ടിന്റെ അടിഭാഗം ശൂന്യമാണ്…
ഏട്ടന്റെ അവസ്‌ഥ കണ്ടു ഞാൻ തകർന്നുപോയി..
പതിയെ താഴെക്കിരുന്ന എന്റെ അരികിലേക്ക് ഏട്ടൻ വീൽചെയറിൽ എത്തി..
ഏട്ടാ.., കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞാൻ ഏട്ടന്റെ മടിയിലേക്ക് ചാഞ്ഞു കിടന്നു….
അയ്യേ, എന്താ നന്ദുട്ടി ഇത് !!
കണ്ണുനീരിൽ കുതിർന്ന എന്റെ മുഖം ഏട്ടൻ തുടച്ചു…
ഏട്ടാ……
എന്റേട്ടന് എന്താ പറ്റിയത് ??
പക്ഷേ എന്റെ ചോദ്യത്തിന് ഉത്തരം തരാതെ ഏട്ടൻ എന്നോട് ചോദിച്ചു….
“നന്ദുട്ടി എങ്ങനെ അറിഞ്ഞു ഞാനിവിടെ ഉണ്ടെന്ന് ?? ആരു പറഞ്ഞു ?? ”
ഉത്തരം പറയാതെ ഞാനേട്ടന്റെ മടിയിലേക്ക് വീണ്ടും തല വെച്ചു കിടന്നു , കണ്ണുകൾ നിറഞ്ഞൊഴുകി ആ മുഖത്തേക്ക് നോക്കി..
നിർജീവമായ ഏട്ടന്റെ കണ്ണുകൾ നിറയാൻ വെമ്പി നിൽക്കുന്നു ..
നന്ദു എഴുന്നേൽക്ക് മുറിയിലേക്ക് പോകാം..
അപ്പോഴാണ് ഞങ്ങളെ കൗതുകത്തോടെ നോക്കി നിൽക്കുന്ന ആ കുഞ്ഞു സുന്ദരിയെ ഞാൻ വീണ്ടും ശ്രദ്ധിച്ചത്..
അവളെ നോക്കിയിട്ട് ഞാൻ ഏട്ടനെ ഇതാരാണെന്ന് ചോദ്യ രൂപേണ നോക്കി..
ഏട്ടൻ അതുമനസ്സിലാക്കിയതു പോലെ പറഞ്ഞു!
“എന്റെ മോളാ മീനുട്ടി….”
ഞാൻ ഏട്ടന്റെ മുഖത്തേക്കു നോക്കി, വിശ്വാസം വരാതെ !!!
അതെ നന്ദു, എന്നു പറഞ്ഞെന്റെ തലമുടിയിൽ ഏട്ടൻ പയ്യെ തലോടി..
മീനുട്ടിക്ക് അറിയുമോ ഇതാരാണെന്ന്????
ഇല്ല എന്നവൾ തലയാട്ടി, അച്ഛൻ പറയാറില്ലേ ഒരിക്കൽ മീനുട്ടിക്ക് ഒരാന്റിയെ കാണിച്ചു തരാമെന്ന്…
ആ ആന്റിയാ ഇത്.. മോളുടെ നന്ദുഅപ്പച്ചി….
അറിയാമെന്ന ഭാവത്തിൽ എന്നെ നോക്കി ചിരിച്ചു മീനുട്ടി !!
നീ ഒരുപാട് വളർന്നു പോയി നന്ദുട്ടിയെ,..
ഏട്ടൻ എന്നെ അരികിലേക്ക് മുഖം കൊണ്ടു ചെല്ലാൻ ആംഗ്യം കാണിച്ചു…
എന്റെ നെറ്റിയിലൊരുമ്മ തന്നു…
എല്ലാം നോക്കി മാളുവും നവീൻ ഏട്ടനും അവിടെ തന്നെ നിന്നു…
എഴുന്നേൽക്ക് മുറിയിലേക്ക് പോകാം, നിന്റെ ചോദ്യത്തിനെല്ലാം ഉത്തരം വേണ്ടേ !!!
ഞാൻ എഴുന്നേറ്റു..
ഏട്ടനെ ഞാൻ കൊണ്ടു പൊയ്ക്കൊള്ളാമെന്ന് സഹായിക്കാൻ വേണ്ടി വന്നവരോട് പറഞ്ഞ് മുന്നോട്ട് വീൽചെയർ ഉരുട്ടി ഞാൻ നടന്നു..
ഞങ്ങളുടെ ഒപ്പം മീനുട്ടിയും മാളുവും നവീനേട്ടനും നടക്കുന്നുണ്ടായിരുന്നു…..
റിസപ്ഷൻ കഴിഞ്ഞുള്ള ഇടവഴിയിലൂടെ വീണ്ടും പുറത്തേക്ക് തുറക്കുന്ന വാതിൽ, പുറത്തിറങ്ങിയപ്പോൾ ഒരു റിസോർട്ട് പോലെ തോന്നിച്ചു…..
നല്ല ഭംഗിയുള്ള ചെറിയ ഒരുപാട് വീടുകൾ, ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്ന പൂച്ചെടികൾ…
ഏട്ടനെന്നോട് കുറച്ചപ്പുറത്തേക്ക് മാറിയുള്ള ഒരു വീട് കാണിച്ചങ്ങോട്ടു പോവാൻ അവിശ്യപ്പെട്ടു…
ഞങ്ങളെക്കാൾ മുൻപിൽ മീനുട്ടി ആ വീട്ടിലേക്ക് ഓടി പോയി, ഏട്ടൻ അവിടെയാകും താമസിക്കുന്നതെന്ന് എനിക്ക് തോന്നി…
പതുക്കെ ഏട്ടനെയും കൊണ്ട് ഞാൻ ആ വീടിന്റെ മുറ്റത്ത് എത്തുമ്പോൾ കണ്ടു മുറ്റത്തിന്റെ നടുവിലുള്ള തുളസിത്തറ…
വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന റോസാ ചെടികളിൽ നിറയെ പൂവുകൾ, മുറ്റത്തിന്റെ ഒരു വശത്ത് ഒരു ചെറിയ മാവ് അതിൽ നിറയെ കുഞ്ഞു മാങ്ങകൾ……..
പെട്ടന്നാണ് മീനുട്ടിയുടെ കൈ പിടിച്ചു വീടിന് പുറത്തേക്ക് ഇറങ്ങി വരുന്ന സുന്ദരിയായ ഒരു യുവതിയെ കണ്ടത്…
ഏട്ടന്റെ ഫോട്ടോ ആൽബത്തിൽ ഞാൻ കണ്ട മുഖങ്ങളിലെ ഒരു ഛായാ…..
സുന്ദരമായ ആ മുഖത്തു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു….
ഏട്ടൻ അടുത്തേക്ക് അവർ നടന്നു വന്നു..
“ഋതു “….. ഏട്ടന്റെ വിളി കേട്ട് ഞാനും ആ സുന്ദരമുഖത്തേക്ക് നോക്കി…
നന്ദുട്ടിയാണ്, എന്റെ അനിയത്തി കുട്ടി മനസ്സിലായോ ഋതുവിന്…
മനസ്സിലായി എന്ന് തലയാട്ടി എന്റെ അരികിലേക്ക് നീങ്ങി നിന്നു..
എന്നെ അറിയുമോ നന്ദുട്ടിക്ക്??
ഇല്ലായെന്ന് തലയാട്ടി ഏട്ടനെ നോക്കുമ്പോൾ, ഇതു നിന്റെ ഏട്ടത്തിയമ്മയാന്ന് ഏട്ടൻ പറഞ്ഞു കഴിഞ്ഞിരുന്നു….
മീനു ഓപ്പയുടെ പ്രശ്നം വീട്ടിൽ നടക്കുമ്പോൾ പലപ്പോഴും അമ്മ അമ്മാമയോടും അച്ഛനോടും പറയുന്നത് കേട്ടിട്ടുണ്ട്, അതിൽ നിന്നെനിക്ക് അന്നേ മനസ്സിലായതാണ്
ഏട്ടൻ ആരെയോ സ്നേഹിക്കുന്നുണ്ടെന്ന്…….
ഏട്ടത്തിയെന്നെ കെട്ടിപിടിച്ചു….
വാ അകത്തേക്ക് ഇരിക്കാം എന്നു പറഞ്ഞു ഏട്ടന്റെ വീൽ ചെയർ ഉരുട്ടി കൊണ്ട് ഏട്ടത്തി അകത്തേക്ക് കയറി…
മാളുവും നവീനേട്ടനും ഞാനും ഒപ്പം കയറി…
അപ്പോഴത്തേക്കും എന്റെ കൈകളിൽ മീനുട്ടി പിടി മുറിക്കിയിരുന്നു..
മാളുവെന്റെ ചെവിയിൽ രഹസ്യം പോലെ പറഞ്ഞു, എടി നിന്റെ ഏട്ടത്തിയമ്മയെ കാണാൻ എന്തു സുന്ദരിയാ ആ കണ്ണുകൾ കണ്ടോ, എന്ത് ഐശ്വര്യമാണ് ആ മുഖത്ത്, കണ്ണെടുക്കാൻ തോന്നില്ല !!!
അവളു പറഞ്ഞതെല്ലാം കേട്ട് സന്തോഷത്തോടെ അവരുടെ പിന്നാലെ ഞങ്ങളു നടന്നു….
ഏട്ടന്റെ എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടും ഏട്ടത്തി ചെയ്യുന്നത് നോക്കി ഞാൻ അടുത്തു തന്നെയിരുന്നു….
ഞങ്ങൾക്ക് കുടിക്കാൻ ചായ എടുക്കാനായി ഏട്ടത്തി അടുക്കളയിലേക്ക് പോയപ്പോൾ ഞാനും കൂടെ പോയി…
എന്റെ കണ്ണുകൾ വീടിന്റെയുള്ളിലെ കാഴ്ചകളിലായിരുന്നു…….
വൃത്തിയുള്ള വീട്,എല്ലാ സാധനങ്ങളും ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു…
ചുമരിൽ തൂക്കിയിരിക്കുന്ന ഏട്ടന്റെയും ഏട്ടത്തിയുടെയും ഒരുമിച്ചുള്ളൊരു ഫോട്ടോ, ചെറിയ അലമാരയിൽ ഭംഗിയായി അടുക്കിവെച്ചിരിക്കുന്ന ട്രോഫികളും മെഡലുകളും , അവയോട് ചേർന്നിരിക്കുന്ന ഏടത്തി മോഹനിയാട്ടം കളിക്കുന്ന മറ്റൊരു ചിത്രം, ആ ചിത്രത്തിൽ നിന്നെനിക്ക് മനസ്സിലായി ഏട്ടത്തി ഒരു നർത്തകിയാണെന്ന്…
ട്രോഫികളിലേക്കുള്ള എന്റെ നോട്ടം കണ്ടപ്പോൾ ഏട്ടത്തിയാണ് പറഞ്ഞത് അത് എന്റെതു മാത്രമല്ലട്ടോ……കണ്ണന്റെ കൂടിയാ…
ഞാൻ ചോദ്യത്തോടെ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി..
എന്റെ അനിയനാ കണ്ണൻ…
ഏട്ടത്തി വീട്ടിലെ കാര്യങ്ങളും ഏട്ടന്റെയും മോളുടെ വിശേഷങ്ങളുമെല്ലാം വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു…..
എന്തു രസമാണ് ഈ സംസാരം കേൾക്കാൻ, ഞാൻ കൗതുകത്തോടെ എല്ലാം കേട്ടു നിന്നു….
ഏട്ടനെ കണ്ടതോടെ എല്ലാ സങ്കടങ്ങളും മറന്നു ഞാൻ പഴയ നന്ദുട്ടിയായി..
വൈകുന്നേരമായപ്പോൾ മാളുവും നവീനേട്ടനും തിരികെ പോകുവാൻ റെഡിയായി…
ഏട്ടനെ കിട്ടിയതു കൊണ്ട് ഞങ്ങളെ വേണ്ടല്ലോ അല്ലേ മാളു…
ഞാനൊരു ചിരിയോടെ ഏട്ടന്റെ അടുത്തേക്ക് ചേർന്നിരുന്നു…
ഇന്ന് പോകണമെന്ന് നിർബന്ധം ഇല്ലേൽ ഇവിടെ കൂടാം കെട്ടോ ഒരു കുഴപ്പവുമില്ല..
ഋതുവിന്റെ സ്വന്തമാ ഈ പ്രോപ്പർട്ടി..
ഏട്ടനത് പറയുമ്പോൾ എന്റെ മുഖത്തേക്ക് നോക്കി….
ഇത് ഋതുവിന്റെ അച്ഛന്റെ റിസോർട്ട് ആയിരുന്നു…. പക്ഷേ പിന്നീട് ഇത് “സ്നേഹമയി എന്ന ചാരിറ്റിയായി..”
അപ്പുറത്തെ കെട്ടിടം കണ്ടോ അതാണ് ആയുർവേദ ഹോസ്പിറ്റൽ അതും നമ്മുടേത് തന്നെയാണ്…
നവീനേട്ടനാണ് മറുപടി പറഞ്ഞത്
ഞങ്ങൾ പോയിട്ട് നാളെയോ മറ്റേന്നാളോ ഒന്നുടെ വരാം അല്ലേ മാളു….
അതെ ദേവേട്ടാ ഇവളെ അവളുടെ ഏട്ടന്റെ അടുത്തെത്തിക്കാൻ പറ്റിയല്ലോ , നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പരസ്പരം പങ്കു വയ്ക്കുവാൻ ഉണ്ടാവില്ലേ…
ഏട്ടനും അനിയത്തിയും കൂടി ഓർമ്മകളും വിശേഷങ്ങളും എല്ലാം പറഞ്ഞുതീർക്ക് ….
എന്നാൽ അങ്ങനെ ആവട്ടെ മാളുവെന്ന് ഏട്ടൻ പറഞ്ഞപ്പോൾ ഞാനും തലയാട്ടി…കല്യാണം കഴിഞ്ഞപ്പോൾ മുതൽ എന്റെ പുറകെയാണ് മാളു..അവരൊന്ന് ഫ്രീ ആയിക്കോട്ടെ…
പോകാൻ നേരം മാളുവെന്റെ അരികിലെത്തി..
നന്ദു വന്ന കാര്യം നി മറന്നുവോ ??
ഞാൻ അവളെ നോക്കി ..
മുഖത്തു വിരിഞ്ഞ ചെറിയ മന്ദഹാസത്തോടെ ഞാൻ മറുപടി പറഞ്ഞു..
എന്റെ മനസ്സിപ്പോൾ തണുത്തു മാളു, ഇനിയും എന്തു വന്നാലും ഞാൻ നേരിടും, എന്റെ ഏട്ടനോളം വലുതായി എനിക്കു ഒന്നുമില്ല, എനിക്കിനിയുള്ള കാലം സന്തോഷമായി ജീവിക്കാൻ എന്റെ ഏട്ടൻ മതി…..
മ്മ് മം……ഇനിയും നീ തളരരുത്…
തളരില്ല എന്ന വിശ്വാസത്തോടെ ഞാൻ പോവാണ്, എല്ലാം ശരിയാകും അവളെന്റെ തോളിൽ തട്ടി…
എന്നാൽ ഞങ്ങളിറങ്ങുവാ എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം, അവളെന്റെ കൈയിൽ നിന്ന് പിടി വിട്ട് നടന്നകന്നു..
അവര് പോയതിനു ശേഷം എനിക്ക് ഏട്ടത്തി മാറാൻ തന്ന ഡ്രസ്സു മിട്ട് മീനുവിന്റെ കൂടെയിരുന്നു കളിച്ചപ്പോൾ ഞാനും ആ പന്ത്രണ്ടുവയസ്സിലേക്ക് തിരികെ പോയി…
ഏട്ടന്റെ അടുത്തേക്ക് ചെല്ലുമ്പോൾ കണ്ണുകളടച്ചു കസേരയിൽ ചാരി ഇരിക്കുകയായിരുന്നു ഏട്ടൻ.
ദേവേട്ടാ….
ഏട്ടൻ കണ്ണുകൾ തുറന്നെന്നെ നോക്കുമ്പോൾ എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു….
ഇനിയും എന്തിനാ നന്ദു കരയുന്നെ??
എന്നെ കണ്ടില്ലേ ??
എന്റെ അടുത്തെത്തിയില്ലേ??
ഇത്രയും കാലം കാണാത്തതിന്റെ സങ്കടമായിരുന്നു. പക്ഷേ കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല ഏട്ടാ ….
എനിക്കറിയാമായിരുന്നു നിങ്ങൾക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ലെന്ന്, നിങ്ങളുടെയൊക്കെ മനസ്സ് വേദനിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് ആരുടെയും മുൻപിൽ പോലും വരാഞ്ഞത്,
ഫോൺ വിളികൾ പോലും വല്ലപ്പോഴും ആക്കിയത്……
എന്റെ ഈ കോലം കണ്ട് ആരും വിഷമിക്കേണ്ടന്ന് കരുതി മാത്രമാണ് ഇങ്ങനെ ആരുമറിയാതെ ജീവിക്കാൻ ഞാൻ ഇവിടം തിരഞ്ഞെടുത്തത് .
എനിക്കറിയാം എന്തെങ്കിലും ഒരു വിവരം കിട്ടിയാൽ എവിടെയാണെങ്കിലും നിങ്ങളെന്നെ കണ്ടുപിടിക്കുമെന്ന് …
അതാണ് ഒന്ന് വിളിക്കാൻ പോലും ആദ്യം മടിച്ചത്..
ഏട്ടാ….
അങ്ങനെ അല്ല ഏട്ടാ എല്ലാവരും കരുതിയിരിക്കുന്നത്..
ഏട്ടൻ അച്ഛനോടുള്ള വാശി കാരണമാണ് വരാത്തതെന്നാണ്…അച്ഛൻ ഒരുപാട് വേദനിക്കുന്നുണ്ട്, അച്ഛന്റെ വാക്കുകൾ സ്വല്പം കടുത്തു പോയന്നും പറഞ്ഞ് ഏട്ടൻ പോയതിനു ശേഷം എല്ലാവരും അച്ഛനെ കുറ്റപ്പെടുത്തി, ഞാനും ചിന്തിച്ചത് അങ്ങനെ ആണ്..
അച്ഛൻ, അമ്മ, അമ്മാമ, ബാലൻ മാമ എല്ലാരും കാത്തിരിക്കുകയാണ് ഏട്ടനെ ഒന്നു കാണാൻ, ചെയ്തു പോയ അപരാധം ഏറ്റു പറയാൻ..
ഇനിയും വരാതിരിക്കരുത് ഏട്ടാ…..
നമ്മുക്ക് ഒരുമിച്ച് പോകാം ഏട്ടാ !!
മോളെ എനിക്ക് ആഗ്രഹമില്ലന്നാണോ നീ കരുതുന്നത്…
കൊതിയാണ് എന്റെ അമ്മയെ ഒന്നുകാണാൻ ആ കൈകൊണ്ട് ഒരുരുള ചോറുണ്ണാൻ..
അമ്മാമയുടെ മടിയിൽ കിടക്കാൻ..
അച്ഛനെ കണ്ട് വേദനിപ്പിച്ചതിന് ആ കാലിൽ വീണ് മാപ്പു പറയാൻ..
ബാലൻമാമയുടെ കൂടെ ആരും അറിയാതെ ഒന്ന് കൂടാൻ…
യെദുവിനെ കാണാൻ, അവന്റെ മക്കളെ ഒന്നു താലോലിക്കാൻ അവരുടെ വല്യച്ഛ എന്നുള്ള വിളി കേൾക്കാൻ…
പക്ഷേ എല്ലാം മനസ്സിൽ ഒതുക്കി ഞാനിവിടെ കൂടിയത് എന്റെ വീട്ടുകാർ എന്നെ ഓർത്തു വേദനിക്കാതിരിക്കാൻ മാത്രം ആണ്.. എനിക്കാരോടും ഒരു വാശിയും തോന്നിയിട്ടുമില്ല, ഇനി തോന്നാത്തതുമില്ല.. എന്റെ അച്ഛനെയും അമ്മയെയും എനിക്കറിയാം, ആ മനസ്സുകൾ പിടയുന്നതും……
നന്ദു നിനക്ക് തോന്നുന്നുണ്ടോ നമ്മുടെ അച്ഛനും അമ്മയ്ക്കും സഹിക്കാൻ പറ്റുമെന്ന്..
എന്നെ ഈ കോലത്തിലൂടെ കണ്ടാൽ തകർന്നു പോകും. എന്നും അവരെ വേദനിപ്പിച്ചിട്ടേ ഉള്ളൂ, ഈ വയസ്സാം കാലത്ത് അവരെ ഇനിയും വേദനിപ്പിക്കാൻ എനിക്കാവില്ല..
ഇത്തിരി ഭേദമായിട്ട് കുറച്ച് ആയതെയുള്ളൂ ..
പതിയെ ശരീരം അനങ്ങി തുടങ്ങിയിട്ടുണ്ട്…
പുതിയ ഒരു ഡോക്ടർ വന്നിട്ടുണ്ട് ആളുടെ പരിചരണമാണ് എന്നെ ഇത്രയും മെച്ചമാക്കിയത്……
ഇപ്പോൾ എനിക്ക് നല്ല പ്രതീക്ഷയുണ്ട്, കാല് ഒന്നേയുള്ളുവെങ്കിലും എഴുന്നേറ്റ് നടക്കാൻ പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം…
പുതിയ ഡോക്ടർ ഋഷിയായിരിക്കുമോ?
ഞാൻ മനസ്സിൽ ആലോചിച്ചതങ്ങനെ ആണ്..
അപ്പോഴാണ് ഏട്ടൻ ചോദിച്ചത്, നന്ദുട്ടി മനോജിനെ കണ്ടിരുന്നു അല്ലേ???
മ്മ് മം.. ഏട്ടന് അതെങ്ങനെ മനസ്സിലായി…
ഏട്ടനെ വിളിക്കാറുണ്ടോ മനോജേട്ടൻ?
എന്നെ കാണാൻ അവൻ ഇടക്കിടെ വരും,അവൻ പറഞ്ഞിരുന്നു കല്യാണത്തിന് കണ്ടത്.
നന്ദുട്ടിക്ക് സംശയം തോന്നിയെന്നും അവൻ എന്നോട് സൂചിപ്പിച്ചിരുന്നു , എന്നെ മനസ്സിലായെങ്കിൽ അധികം താമസിക്കാതെ അവൾ നിന്റെ അടുത്തെത്തുമെന്ന് അവൻ പറഞ്ഞിരുന്നു ഇവിടെ വന്നപ്പോൾ…..
നന്ദുട്ടി എന്നെങ്കിലും അന്വേഷിച്ചു വരുമെന്ന് എനിക്കുറപ്പായിരുന്നു. മനോജ് കൂടിയത് പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു..
നന്ദുയെങ്കിലും എന്റെ അടുത്ത് എത്തിയിരുന്നെങ്കിൽ എന്ന് സത്യം പറഞ്ഞാൽ മനസ്സുകൊണ്ട് ഞാനും ആഗ്രഹിച്ചു തുടങ്ങി യിരുന്നു…
നന്ദേട്ടാ എന്നു വിളിച്ചപ്പോൾ ഋതുവേട്ടത്തി അങ്ങോട്ടേക്ക് എത്തി.
നന്ദേട്ടാ രാത്രിയിലേക്ക് എന്താ വേണ്ടത് ????
ഞാൻ ഏട്ടനെ നോക്കി ചിരിച്ചു,, ഋതുവെന്നെ അങ്ങനെയാ നന്ദു വിളിക്കുന്നെ “ദേവനന്ദൻ”
നിങ്ങൾക്ക് ഞാൻ ദേവനും അവൾക്ക് ഞാൻ നന്ദനുമാണ്..
ഇന്ന് ചോറ് മതി ഋതു, നന്ദുട്ടി വന്ന ദിവസമല്ലേ..
ഋതുവേട്ടത്തി ഞാനും സഹായിക്കാമെന്ന് പറഞ്ഞു കൂടെ പോവാൻ തിരിഞ്ഞപ്പോൾ ഏട്ടത്തി തന്നെ എന്നെ പിടിച്ച് ഏട്ടന്റെ അടുത്തിരുത്തി.. മോളവിടെ ഇരിക്ക്, ഏട്ടത്തി ചെയ്തോളാം….
എത്ര നാളത്തെ എന്റെ നന്ദേട്ടന്റെ ആഗ്രഹമാണ് ഇതെന്ന് അറിയുമോ….
നന്ദേട്ടന്റെ മുഖത്തെ പ്രകാശം കണ്ടോ അത് കാണാനാ ഇത്രയും നാൾ ഞാൻ കാത്തിരുന്നത്….
ഇപ്പോൾ നന്ദുട്ടിയാ എന്റെ നന്ദേട്ടന്റെ മുഖത്ത് ആ പ്രകാശം കൊണ്ടു വന്നത്… അത് അങ്ങനെ തന്നെ ഏട്ടന്റെ മുഖത്തിരുന്നോട്ടെ !!!
നിങ്ങൾ വിശേഷങ്ങൾ പറഞ്ഞിരിക്ക്..
ഞാൻ വേഗം റെഡി ആക്കിക്കോളാം…
ഏട്ടത്തി പോയപ്പോൾ ഏട്ടൻ ചിരിയോടെ എന്നെ നോക്കി…
നന്ദുട്ടിക്ക് ഇഷ്‌ടമായോ ഋതുവേട്ടത്തിയെ…
മ്മ് മം… ഒരുപാട് ഇഷ്‌ടമായി..
മോൾക്ക് അറിയുമോ, പാവമാ ഋതു. എനിക്ക് വേണ്ടി ഒരുപാട് സഹിച്ചു, ഇപ്പോഴും സഹിക്കുന്നു ….
മീനുട്ടിയെ കണ്ടോ… അവൾക്ക് നിന്റെ ഛായയുണ്ട്, അവളുടെ മുഖത്തു നോക്കുമ്പോൾ എനിക്ക് നിന്നെയാ നന്ദുട്ടി ഓർമ്മ വരിക…
നന്ദുട്ടിക്ക് ഓർമ്മയുണ്ടോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ദിവസം..
ഞാൻ അന്ന് അവിടെ നിന്നിറങ്ങി വന്ന ദിവസം ഋതുവും വീട്ടിൽ നിന്നിറങ്ങി വന്നിരുന്നു..
മനോജും മായയും ആണ് എല്ലാ സഹായങ്ങളും ചെയ്തു തന്നത്…
മനോജ് അന്നു വീട്ടിൽ വന്നത് നന്ദുട്ടിക്ക് ഓർമ്മയുണ്ടോ..
അന്ന് മനോജ് എന്നോട് ഒരു കാര്യം പറഞ്ഞു നിന്റെ ഈ ഏട്ടൻ ഒരച്ഛൻ ആകാൻ പോകുന്നു വെന്ന്..
ഋതുവിന്റെ വീട്ടിൽ അറിഞ്ഞു എന്നുകൂടി അറിഞ്ഞതോടെ ഞാൻ തകർന്നു പോയി.. ഒരു വശത്ത് മീനുട്ടിയെ കല്യാണം കഴിക്കാൻ അച്ഛനും അമ്മയും വഴക്കുണ്ടാക്കുന്നു..
മറു ഭാഗത്ത് ജീവനു തുല്യം സ്നേഹിച്ചവൾ ഞാൻ നിമിത്തം അപമാനിതയായി ആത്മഹത്യയുടെ വക്കിൽ……
എല്ലാം കൂടി സഹിക്കാൻ പറ്റിയില്ല അതാണ് അന്ന് ഏട്ടന് അങ്ങനെ യൊരു ബുദ്ധിമോശം കാണിക്കേണ്ടി വന്നത്….
പിന്നീട് മീനുവിനോട് മനസ്സ് തുറന്നപ്പോൾ അവളുടെ മനസ്സിൽ എനിക്ക് ഒരേട്ടന്റെ സ്‌ഥാനമാണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി……
ആ രാത്രിയിൽ ബാംഗ്ലൂർക്ക് യാത്ര തിരിക്കുമ്പോൾ എത്രയും പെട്ടെന്ന് ഋതുവിനെ കല്യാണം കഴിക്കുക എന്നൊരു ലക്ഷ്യം മാത്രമായിരുന്നു…
ഇതിനിടയിൽ ഋതുവിന്റെ വീട്ടിൽ ഋതുവിനെ അബോർഷൻ ചെയ്യിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു..
രക്ഷപ്പെടുത്താൻ ഒരു വഴിയും മുന്നിൽ തെളിഞ്ഞില്ല. ദിവസങ്ങളായി വീട്ടു തടങ്കലിൽ ആയിരുന്നു ഋതു..
എങ്ങനെയോ ഒരു ദിവസം വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു ഋതു എന്നെ വിളിച്ചു. അതിനു ശേഷം ഞങ്ങളുടെ പ്ലാൻ അനുസരിച്ചു കാര്യങ്ങൾ നീക്കി….
അങ്ങനെ എന്റെ നിർദേശ പ്രകാരം അബോർഷന് സമ്മതിച്ച് വീട്ടിൽ നിന്നിറങ്ങിയ ഋതുവിനെ എല്ലാവരുടെയും കണ്ണു വെട്ടിച്ചു ഹോസ്പിറ്റലിൽ നിന്ന് ഞങ്ങൾ കടത്തി..
പിന്നീട് ഒരാഴ്ച ഒളിവിലായിരുന്നു ഞങ്ങൾ, അതിനിടയിൽ കല്യാണം കഴിഞ്ഞു……
ആ സമയത്താണ് നമ്മുടെ മീനുട്ടി നമ്മളെ വിട്ടു
പോയത്.ഏട്ടന്റെ കണ്ണുകൾ നിറഞ്ഞു…
കേട്ടിട്ട് സഹിക്കാൻ പറ്റിയില്ല, നിന്നെ പോലെ ഞാൻ സ്നേഹിച്ചതല്ലേ അവളെയും കാണാനായി ഓടി വന്നതാ.. മനോജ് ആവുന്നതും പറഞ്ഞതാ പ്രശ്നം ആകുമെന്ന്..
പക്ഷേ എന്റെ മനസ്സിൽ അപ്പോൾ നമ്മുടെ വീടായിരുന്നു, അമ്മയുടെയും അച്ഛന്റെയും സങ്കടമായിരുന്നു….
വേദനയൊടെയാണ് വീട്ടിലെത്തിയത്…
പക്ഷേ തിരികെ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ “ദേവനന്ദൻ” ആരുമില്ലാത്തവനായി..
മനസ്സ് തകർന്നു തിരികെ യെത്തുമ്പോൾ ഇവിടെയും പ്രശ്നങ്ങൾ തുടങ്ങിയിരുന്നു..
ഋതുവിനെ അവളുടെ അച്ഛൻ വന്നു കൊണ്ടു പോയിരുന്നു….
താലികെട്ടിയതിന്റെ അധികാരത്തിലാണ് അവരുടെ വീട്ടിലെത്തിയത്,ആരും കാണാതെ അവളെയും കൊണ്ട് അവിടുന്ന് ഇറങ്ങി യെങ്കിലും കാര്യങ്ങൾ അറിഞ്ഞ് അവളുടെ അച്ഛനും അച്ഛന്റെ സഹായികളും ഞങ്ങളുടെ പിന്നാലെ എത്തി..
നടുറോഡിൽ വെച്ച് എന്നെ അടിച്ച് അവശനാക്കി, അലറി കരഞ്ഞ ഋതുവിനെയും അവളുടെ അച്ഛൻ തല്ലി, റോഡിൽ കൂടി വലിച്ചു കാറിൽ കയറ്റി..
ഇനിയും എന്റെ മകളുടെ നിഴലിൽ പോലും നീ കാണരുതെന്ന് പറഞ്ഞ് എന്റെ വയറ്റിലേക്ക് ആഞ്ഞു കുത്താൻ കത്തി ഉയർന്നു തന്നാതും എന്നെ രക്ഷിക്കാൻ ദൈവത്തെ പോലെ കണ്ണൻ അവിടെ എത്തിയതും ഒരുപോലെ ആയിരുന്നു… ഇന്ന് ഇവിടെ നിന്റെ മുൻപിൽ ഞാനിരിക്കുന്നത് കണ്ണന്റെ ദയ ഒന്നു കൊണ്ട് മാത്രമാണ് …
ഏട്ടന്റെ കണ്ണുകളിൽ കണ്ണനോടുള്ള സ്നേഹം തിരതല്ലി..
അപ്പോഴാണ് മീനുട്ടി അകത്തേക്ക് ഓടി വന്നത്, അമ്മേ കണ്ണൻ മാമ വന്നുവെന്ന് ഉറക്കെ വിളിച്ചു പറയുമ്പോൾ എന്റെ ഏട്ടന്റെ ജീവൻ രക്ഷിച്ച കണ്ണനെ,എന്റെ ഏട്ടന്റെ ദൈവത്തെ കാണാൻ ഞാനും തിരിഞ്ഞു…………..
തുടരും………

by