20/04/2026

ശിവനയനം : ഭാഗം 15

രചന – നിള നന്ദ

യന പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു. കണ്ണുകൾ അടച്ച് കണ്ട സ്വപ്നം ഒന്നൂടെ ഓർത്തെടുക്കാൻ ശ്രെമിച്ചു. പരസ്പരം സ്നേഹം പങ്ക് വെച്ച് വാരിപുണരുന്ന രണ്ട്പേർ മുഖം വ്യക്തമല്ല. എത്ര ഓർക്കാൻ ശ്രെമിച്ചിട്ടും സാധിക്കുന്നില്ല. ആരായിരിക്കും അവർ. തന്റെ ജീവിതവുമായി അവർക്ക് എന്തെങ്കിലും ബന്ധം ഉണ്ടാവുമോ.. ഒന്നും മനസിലാവാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിൽ സ്വപ്നത്തിൽ കേട്ട ആ പേര് അവൾ വീണ്ടും ഉരുവിട്ടു. ദേവ്. ഉറങ്ങാൻ കഴിയാതെ നയന കുറേ നേരം കണ്ണുകളടച്ച് കിടന്നു. എന്തെന്നറിയാതെ മനസ്സ് വേദനിക്കുന്നു. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ. നല്ലതല്ലാത്ത എന്തോ ഒന്ന് തന്റെ ജീവിതത്തിൽ സംഭവികാൻ പോവുന്നത് പോലെ…. എന്തായിരിക്കും അത്…? ഇനിയത് വെറും തോന്നൽ മാത്രം ആണോ…? സ്വയം ഓരോന്ന് ചിന്തിച്ച് മനസ്സ് ആശയകുഴപ്പത്തിൽ ആവുന്നതറിഞ്ഞപ്പോൾ നയന ചിന്തകൾക്ക് അവസാനമിട്ട് കണ്ണുകളടച്ച് കിടന്നു. എപ്പോഴോ അവൾ ഉറങ്ങി..

. ” ഡോക്ടർ മീനുവിന്….? ” ഓപ്പറേഷൻ തീയേറ്ററിന് പുറത്ത് ഇറങ്ങിയ ഡോക്ടറെ നോക്കി മദർ മരിയ ചോദിച്ചു. ” ഓപ്പറേഷൻ സക്സസ് ആയിരുന്നു. ഒരു വൺ അവർ കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും അപ്പോൾ കാണാം. ” ഡോക്ടർ മദറിനെ നോക്കി പുഞ്ചിരിച്ചു. ” ജീസസ് ” കണ്ണുകളടച്ച് മദർ ആശ്വാസത്തോടെ കഴുത്തിൽ കിടന്നിരുന്ന കൊന്തയിൽ മുത്തി. ഡോക്ടർ പോയതും മദർ ഫോൺ എടുത്ത് അരവിന്ദനെ വിളിച്ച് സംസാരിച്ചു. കസേരയിൽ ചെന്നിരുന്ന് പ്രാർത്ഥിച്ച് മദർ ഒരു മണിക്കൂർ തള്ളി നീക്കി. ” മോളെ മീനു.. ” മദർ ഉറങ്ങി കിടന്നിരുന്ന മീനുവിന്റെ മുടിയിഴകളിൽ തലോടി വിളിച്ചു. മുഖം ഒന്ന് ചുളിച്ച് പതിയെ മീനു കണ്ണ് തുറന്ന് നോക്കി. മദറിനെ കണ്ടതും ആശ്വാസവും സന്തോഷവും കൂടി കലർന്ന ഒരു ഭാവമായിരുന്നു അവളുടെ മുഖത്ത്. ” നയന വന്നോ മദർ…? ” മീനുവിൽ നിന്ന് പ്രതീഷിച്ച ചോദ്യം ആയത് കൊണ്ടാവും മദറിന്റെ മുഖത്ത് പ്രതേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായില്ല.

” മോൾക്ക് എല്ലാ കാര്യവും അറിയുന്നത് അല്ലേ. പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം. ” മദർ മീനുവിനെ വേദനയോടെ നോക്കി. ” എനിക്ക് എല്ലാം അറിയാം മദർ. പക്ഷേ കണ്ണ് തുറക്കുമ്പോൾ നയന അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അതാ… ” മീനുവിന്റെ കൺകോണിൽ നനവ് പടർന്നു. ” മോള് വിഷമിക്കണ്ട. നാളെ ഞാൻ നയനയെ കാണാൻ പോവുന്നുണ്ട്. എനിക്ക് ഉറപ്പ് ഉണ്ട് നയന എല്ലാം പെട്ടെന്ന് ഓർക്കും എന്ന്. കർത്താവ് നമ്മളെ കൈവിടില്ല. ” മദർ നയനയെ നോക്കി പറഞ്ഞു. മദറിനോട് മറിച്ചൊന്നും പറയാതെ മീനു മുഖം തിരിച്ചു. തന്റെ മനസ്സും പറയുന്നുണ്ട് നയനക്ക് എല്ലാം പെട്ടന്ന് ഓർമ്മ കിട്ടും എന്ന്. ഞങ്ങളെ ഒന്നും അധികം നാൾ മറക്കാൻ അവൾക്ക് കഴിയില്ല. പക്ഷേ എന്ത്‌ കൊണ്ടോ സന്തോഷിക്കാൻ കഴിയുന്നില്ല. മനസ്സിൽ എന്തോ ഒരു പിടച്ചിൽ മീനു അറിഞ്ഞു. …

” അമ്മേ ഞാൻ ഇറങ്ങുവാ… ” അകത്തേക്ക് നോക്കി വിളിച്ച്‌ പറഞ്ഞ് ശിവൻ മുറ്റത്തേക്ക് ഇറങ്ങി സൈക്കിളിൽ കയറി. മുന്നോട്ട് പോവുമ്പോഴും നയനയുടെ മുഖം ആയിരുന്നു അവന്റെ ഉള്ളിൽ. ഇന്നലെ അവളോട് കാരണം ഇല്ലാതെ ദേഷ്യപ്പെട്ടത് ആണ് പിന്നെ ഇത് വരെ കണ്ടിട്ടില്ല. ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ശിവന്റെ മനസ്സ് ആഗ്രഹിച്ചു. പെട്ടെന്നാണ് കുള കരയിൽ ഇരുന്ന് എന്തോ ആലോചിച്ച് കുളത്തിലേക്ക് കല്ലെടുത്ത് എറിയുന്ന നയനയെ ശിവൻ കണ്ടത്. ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ശിവൻ സൈക്കിൾ സൈഡിൽ ഒതുക്കി വെച്ച് നയനയുടെ അടുത്തേക്ക് നടന്നു. ശിവൻ അടുത്ത് വന്നിരുന്നത് പോലും അറിയാതെ നയന എന്തോ ഓർത്ത് ഇരിക്കുകയായിരുന്നു. ” ആരെങ്കിലും തട്ടികൊണ്ട് പോയാൽ പോലും അറിയില്ലല്ലോ.. ” ശിവന്റെ ശബ്‌ദം കേട്ടതും നയന ഞെട്ടി തിരിഞ്ഞ് നോക്കി. ശിവനെ കണ്ടതും ആശ്വാസത്തോടെ അവളൊന്ന്‌ ചിരിച്ചു. പിന്നെ ഒന്നും പറയാതെ വീണ്ടും വെള്ളത്തിലേക്ക് നോക്കി ഇരുന്നു. ” എന്താടോ ഒന്നും മിണ്ടാത്തത്… ഇന്നലെ ദേഷ്യപ്പെട്ടതിന്റെ പരിഭവം ആണോ…? ” ശിവൻ മുഖം താഴ്ത്തി നയനയുടെ മുഖത്തേക്ക് നോക്കി.

” എന്തിന്… ഞാൻ അത് അപ്പൊ തന്നെ വിട്ടു. ശിവേട്ടൻ വിഷമം ആയിട്ടാണ് അവിടെ ഇരിക്കുന്നത് എന്നറിഞ്ഞിട്ടും ഞാൻ വരാൻ പാടില്ലായിരുന്നു. ” നയനയുടെ മറുപടി കേട്ടതും ശിവൻ അവളിൽ നിന്ന് മുഖം തിരിച്ച് ദൂരേക്ക് നോക്കി. നയന ശിവേട്ടൻ എന്ന് വിളിച്ചത് ആയിരുന്നു അവന്റെ മനസ്സിൽ. ആ വിളിയിൽ നിന്ന് നയനക്ക് എന്തോ വിഷമം ഉണ്ടെന്ന് ശിവന് തോന്നി. അല്ലായിരുന്നെങ്കിൽ നയന ഇങ്ങനെ വിളിക്കില്ലായിരുന്നു. ” ശിവേട്ടന് താമര ഇഷ്ട്ടം ആണോ..? ” നയനയുടെ ചോദ്യം കേട്ടതും ശിവൻ നയനയുടെ മുഖത്തേക്ക് നോക്കി. പിന്നെ കുളത്തിലെ താമരയിലേക്കും. ” ഇഷ്ട്ടം ആണ്.. ” താമരയിൽ നിന്ന് കണ്ണെടുക്കാതെ ശിവൻ മറുപടി പറഞ്ഞു. ” കാരണം..? ” ശിവൻ മുഖം തിരിച്ച് നയനയെ നോക്കി. ” ഇരുളിൽ ജന്മം കൊണ്ടിട്ടും ചെളിക്കുണ്ടിൽ ജീവിച്ചിട്ടും ഇത്രയും സുന്ദരമായി നിലനിൽക്കുന്നത് കൊണ്ട്.. ” നയന കുറച്ച് നേരം ഒന്നും മിണ്ടാതെ ശിവന്റെ കണ്ണുകളിലേക്ക് നോക്കി. എന്തോ ഒരു ആകർഷണം ആ കണ്ണുകൾക്ക് ഉള്ളത് പോലെ അവൾക്ക് തോന്നി. പെട്ടന്ന് മുഖം തിരിച്ച്‌ അവൾ എഴുനേറ്റ് നടന്നു. രണ്ടടി നടന്ന് നയന തിരിഞ്ഞ് ശിവനെ നോക്കി. ” എത്ര സുന്ദരമായി ജീവിച്ചാലും ജനിച്ചത് ഇരുട്ടിൽ ആണെന്നും ജീവിച്ചത് ചെളിക്കുണ്ടിൽ ആണെന്നും ഓർമ്മിപ്പിക്കാൻ ആരെങ്കിലും കാണില്ലേ.. ” ശിവനോട് അത് പറഞ്ഞ് നയന തിരിഞ്ഞ് നടന്നു. ഓർമ്മിപ്പിക്കാൻ ആരൊക്കെ വന്നാലും ചേർത്ത് പിടിക്കാൻ ഞാൻ എന്നും ഉണ്ടാവും.. നയന പോവുന്നത് നോക്കി നിൽക്കെ ശിവൻ മനസ്സിൽ പറഞ്ഞു.

ശിവന്റെ അടുത്ത് നിന്ന് തിരികെ വന്ന് നയന റൂമിൽ കയറി കിടന്നു. വിദ്യ തിരികെ ഹോസ്റ്റലിലേക്കും വിവേക് ഹോസ്പിറ്റലിലേക്കും പോയത് കൊണ്ട് നയനക്ക് അന്ന് മുഴുവൻ നല്ല ബോറടി ആയിരുന്നു. മഹി പുറത്ത് പോയപ്പോൾ വിളിച്ചെങ്കിലും നയന പോയില്ല. ദേവകിയോടും രാമനാഥനോടും സംസാരിച്ച് സമയം ചിലവിട്ടു. രാത്രിയിൽ ഉറക്കത്തിൽ വീണ്ടും അവ്യക്തമായ എന്തൊക്കെയോ അവളുടെ സ്വപ്നത്തിൽ വന്നു. ആരോ റൂമിൽ പൂട്ടിയിട്ടിരിക്കുന്ന ഒരു പെൺകുട്ടി. ആരോ അടുത്ത് വന്ന് അവളുടെ കവിളിൽ തലോടുന്നു. അറപ്പോടെ അവൾ മുഖം തിരിക്കുന്നു. എന്തൊക്കെയോ പറഞ്ഞ് അയാൾ അവളെ ബലമായി ചേർത്ത് പിടിക്കാൻ ശ്രെമിക്കുന്നു. കുതറിമാറാൻ ഒരുപാട് ശ്രെമിച്ചിട്ടും അവൾക്ക് അയാളിൽ നിന്ന് രക്ഷപെടാൻ കഴിയുന്നില്ല. അയാളുടെ കൈകരുതിന് മുന്നിൽ അവൾ പരാജയപെട്ടു പോവുന്നു.

നയന പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. തലക്ക് മുകളിൽ ഫാൻ ഫുൾ സ്പീഡിൽ കറങ്ങിയിട്ടും നയന ആകെ വിയർത്തു. നെഞ്ചിൽ കൈ വെച്ച് അവ്യക്തമായ ആ സ്വപ്നം അവൾ വീണ്ടും ഓർത്തു. എന്തായിരിക്കും ഇതിന്റെ അർത്ഥം.. വെറുമൊരു സ്വപ്നമോ അതോ… കൂടുതലൊന്നും ചിന്തിക്കാൻ അവൾക്ക് ശക്തി ഉണ്ടായിരുന്നില്ല. നയന വീണ്ടും കിടന്ന് ഉറങ്ങാൻ ശ്രെമിച്ചു. കഴിഞ്ഞില്ല. വീണ്ടും ആ സ്വപ്നം അവളെ പിന്തുടർന്നു. ……..” മോള് ഇതെങ്ങോട്ടാ രാവിലെ തന്നെ…? ” കുളിച്ച്‌ ഒരുങ്ങി വരുന്ന നയനയെ നോക്കി ദേവകി ചോദിച്ചു. ” ഞാനൊന്ന് ക്ഷേത്രത്തിൽ പോവുവാ അമ്മേ.. എന്തോ മനസ്സിന് ഒരു സുഖല്ല്യ.. ” ” എന്നാ മോള് തനിച്ച്‌ പോവണ്ട. മഹി നീ ഒന്ന് മോൾടെ കൂടെ പോ.. ” രാമനാഥൻ മഹിയെ നോക്കി പറഞ്ഞു. ശരിയെന്ന് തലയാട്ടി മഹി ഡ്രസ്സ്‌ മാറാൻ റൂമിലേക്ക് പോയി. ” എന്താ മോളെ എന്തെങ്കിലും വയ്യായ്ക ഉണ്ടോ..? ” അരവിന്ദ് നയനയുടെ അടുത്ത് ചെന്ന് ചോദിച്ചു. ” കുഴപ്പം ഒന്നും ഇല്ല അച്ചു ഏട്ടാ…. ഇന്നലെ ഒരു സ്വപ്നം കണ്ടു. അതിന്റെയാ… ” അരവിന്ദനെ നോക്കി പതിഞ്ഞ ശബ്‌ദത്തിൽ നയന മറുപടി കൊടുത്തു.

” എന്തെങ്കിലും ഉണ്ടെങ്കിൽ മടിക്കാതെ പറയണം കേട്ടോ.. ” അരവിന്ദനെ നോക്കി നയന തലയാട്ടി. അപ്പോഴേക്കും മഹി ഡ്രസ്സ്‌ മാറി വന്നിരുന്നു. ദേവകിയോടും രാമനാഥനോടും അരവിന്ദനോടും പറഞ്ഞ് നയന പുറത്തേക്ക് ഇറങ്ങി മഹിയോടൊപ്പം നടന്നു. അവര് ഗേറ്റ് കടന്ന് പോയതും മുറ്റത്ത് ഒരു കാർ വന്ന് നിന്നു. അതിൽ നിന്ന് മരിയ മദർ പുറത്ത് ഇറങ്ങി. മഹിയും നയനയും പോയി കഴിഞ്ഞപ്പോൾ അകത്തേക്ക് പോകാൻ നിന്ന അരവിന്ദ് മദറിനെ കണ്ടപ്പോൾ വേഗം മുറ്റത്തേക്ക് ഇറങ്ങി അങ്ങോട്ട്‌ ചെന്നു. ” മദർ എന്താ ഒന്ന് വിളിച്ച് പോലും പറയാതെ..? ” അരവിന്ദ് മദറിനെ നോക്കി ചോദിച്ചു. ” ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. നയന എവിടെ…? ” മദർ വീടിന്റെ ഉള്ളിലേക്ക് നോക്കി. ” നയന ക്ഷേത്രത്തിൽ പോയിരിക്കുകയാണ്. മദർ അകത്തേക്ക് വാ… ” അരവിന്ദ് മദറിനെ കൂട്ടി അകത്തേക്ക് പോയി. രാമനാഥനും ദേവകിക്കും മദറിനെ പരിചയപ്പെടുത്തി കൊടുത്തു. ” ഞങ്ങടെ മോളെ വഴിയിൽ ഉപേക്ഷിക്കാതെ പൊന്ന് പോലെ നോക്കിയതിന് എങ്ങനെയാ നന്ദി പറയേണ്ടത് എന്നറിയില്ല. ” മദർ ദേവകിയുടെ അടുത്ത് ചെന്ന് പറഞ്ഞു.

” നയനയെ സ്വന്തം മോളായെ കണ്ട നാൾ മുതൽ എനിക്ക് തോന്നിയിട്ടുള്ളൂ. അങ്ങനെ വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല. ” ദേവകിയുടെ മറുപടി മദറിന്റെ മനസ്സിൽ തട്ടി. ” ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ” ദേവകി വേഗം അടുക്കളയിലേക്ക് പോയി. നയനയെ മദർ തിരികെ കൂട്ടികൊണ്ട് പോവുമോ എന്നോർത്ത് ദേവകിയുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. ” മീനുവിന് എങ്ങനെ ഉണ്ട് മദർ..? ” അരവിന്ദ് മദറിന്റെ അടുത്ത് ഇരുന്ന് ചോദിച്ചു. ” ഇപ്പൊ ഒക്കെ ആണ്. രണ്ട് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ആവും. നയനയെ കാണണം എന്ന് പറഞ്ഞ് വാശി ആണ്. ” മദർ അത് പറഞ്ഞ് നോക്കിയത് ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ലച്ചുവിന്റെ ഫോട്ടോയിലേക്ക് ആയിരുന്നു. ” ഇത്..? ” ഫോട്ടോയിലേക്ക് ചൂണ്ടി മദർ അരവിന്ദനെ നോക്കി. ” എന്റെ അനിയത്തി ആണ് ലച്ചു. അഞ്ചു വയസ് ഉള്ളപ്പോൾ നഷ്ട്ടപ്പെട്ട് പോയതാണ്.. ” അരവിന്ദ് ഇടറിയ ശബ്‌ദത്തിൽ പറഞ്ഞു. മദർ എഴുനേറ്റ് ആ ഫോട്ടോയ്ക്ക് അരികിലേക്ക് പോയി. ഇമചിമ്മാതെ കുറച്ച് നേരം ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും മുഖത്തെ വട്ടക്കണ്ണാടിക്ക് ഇടയിലൂടെ കണ്ണുനീർ കവിലൂടെ ഒലിച്ചിറങ്ങി. ..

പരമശിവന്റെ മുന്നിൽ കണ്ണുകളടച്ച് നയന കൈ കൂപ്പി നിന്നു. എന്താ പ്രാർത്ഥിക്കേണ്ടത് എന്നറിയില്ല. ഓർമ്മ തിരികെ കിട്ടാൻ ആഗ്രഹിക്കുമ്പോഴും വേണ്ടെന്ന് ആരോ പറയും പോലെ. ക്ഷേത്രത്തിന് മുന്നിൽ നിന്നിട്ടും ഉള്ളിലെ സങ്കർഷം കൂടുന്നതല്ലാതെ കുറയുന്നില്ല. അവസാന ശ്രെമമെന്നോണം നയന പരമശിവനെ കുറച്ച് നേരം നോക്കി നിന്നു. നയന ഇപ്പോഴൊന്നും വരില്ലെന്ന് തോന്നിയതും മഹി പുറത്തിറങ്ങി നിന്നു. ” മഹി… ” പിന്നിൽ നിന്ന് ഒരു വിളി കേട്ടതും മഹി തിരിഞ്ഞ് നോക്കി. ” ദത്താ നീയോ…? ഇതെപ്പോ വന്നു..? ” ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്ന് മഹി തോളിൽ കയ്യിട്ടു. ” ഇന്നലെ വന്നു. അങ്ങോട്ട്‌ വരാൻ ഇരിക്കയായിരുന്നു.” ദത്തൻ മഹിയെ നോക്കി പറഞ്ഞു. ” അല്ല നീ എന്താ ക്ഷേത്രത്തിൽ പതിവില്ലാത്തത് ആണല്ലോ…? ” ” അമ്മ നിർബന്ധിച്ച് കൊണ്ടുവന്നത് ആട ” ദത്തൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു. ” അങ്ങനെ വരട്ടെ ഞാനും കരുതി അവിശ്വാസിക്ക് എന്താ ഇവിടെ കാര്യം എന്ന്.. ” മഹി കളിയാക്കുന്ന പോലെ പറഞ്ഞു. ” അല്ല നീ തനിച്ചാണോ…? ” ദത്തൻ മഹിയോട് തിരിച്ച് ചോദിച്ചു.

” അല്ല എന്റെ പെങ്ങൾ ഉണ്ട്….” ” പെങ്ങളോ…? ” ദത്തൻ മനസിലാവാതെ നെറ്റി ചുളിച്ചു. ” മഹിയെട്ടാ….” മഹി മറുപടി പറയാൻ പോവുമ്പോഴേക്കും നയന പുറകിൽ നിന്ന് വിളിച്ചു. ” ഇതാണ് എന്റെ പെങ്ങൾ. നയന.. ” നയനയെ ചേർത്ത് നിർത്തി മഹി ദത്തനെ നോക്കി. ദത്തൻ നയനയെ നോക്കിയൊന്ന് ചിരിച്ചു. ” മോളെ ഇത് എന്റെ അപ്പച്ചീടെ മോനാ… ഊരുചുറ്റൽ ആണ് മെയിൻ പരിപാടി. വല്ലപോഴെ വീട്ടിൽ വരൂ… ” മഹി നയനയോട് പറഞ്ഞു. ” ഇങ്ങനെ ആണോ മഹി പരിചയപെടുത്തുന്നത്…? നീ മാറി നിൽക്ക് ഞാൻ പറഞ്ഞോളാം… ” ദത്തൻ നയനക്ക് നേരേ നിന്ന് കൈ നീട്ടി. ” ഞാൻ ദേവദത്തൻ ” ആ പേര് കേട്ടതും നയനയുടെ ഉള്ളിൽ ഒരു സ്ഫോടനം ഉണ്ടായി. എന്തൊക്കെയോ അവക്തമായത് മനസ്സിൽ തെളിയുന്നു. തലക്കകത് വല്ലാത്തൊരു പെരുപ്പ് കയറും പോലെ. ഭ്രാന്ത് എടുക്കും പോലെ തോന്നിയതും അവൾ കണ്ണുകൾ രണ്ടും മുറുക്കെ അടച്ചു. ( തുടരും ) 🚶‍♀️