25/05/2026

മരുമകൾ : ഭാഗം 59

രചന – ഗംഗ ശലഭം

അങ്ങനെ അവളുടെ ഏഴി മല പൂഞ്ചോലയും കേട്ട് ചിരിച്ച് ഒരു വഴിയായിട്ടിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്.

പ്രതീക്ഷിച്ച പോലെ ഹരിയേട്ടൻ ആയിരുന്നു. പക്ഷെ ഒപ്പമുള്ള ആളിനെ കണ്ടതും ഞാൻ അത്ഭുതപ്പെട്ടു പോയി.

അതാ മുറ്റത്ത് ഒരമ്മായി!
അമ്മായീടെ കയ്യിൽ എന്റെ വയറിനെക്കാൾ വീർത്തൊരു സഞ്ചിയും…

എന്നെ കണ്ട പാടേ എന്റെ മക്കളേ എന്നും വിളിച്ച് ഒരു വരവായിരുന്നു…
ആ വരവ് കണ്ട് മീനു ഒരല്പം നീങ്ങി നിന്നു.
അപ്പോഴേക്കും അമ്മയും അച്ഛനും അകത്തൂന്ന് ഇറങ്ങി വന്നിരുന്നു.

അമ്മായി വന്നെന്നെ കെട്ടിപ്പിടിച്ചു. കൂടെ കവിളിൽ ഒരഞ്ചാറ് ഉമ്മയും. എന്റെ കണ്ണ് മിഴിഞ്ഞു പുറത്ത് ചാടിയില്ലന്നെ ഉള്ളൂ….

” എന്റമ്മേ…. ഇപ്പൊ ഞാൻ ബുൾഡോസർ ഇടിച്ചു ചത്തേനെ… ആ വയറ്റിലെ കൊച്ചിനെ ഇപ്പോ തന്നെ പിതുക്കി പുറത്തിടോ ആവോ? ”

പിന്നിൽ മീനുവിന്റെ പതുക്കെയുള്ള സംസാരം ഞാൻ കേട്ടു. അമ്മായി അതൊന്നും കേട്ടിട്ടില്ല. എന്നെ ചുറ്റിപ്പിടിച്ചു നിന്ന് അമ്മയോട് കുശലം അന്വേഷിക്കുവാണ്.

കയ്യിലെ സഞ്ചി താങ്ങിപ്പിടിച്ച് അമ്മേടെ കയ്യിൽ തന്നെ കൊടുത്തു അമ്മായി.

” ഇത്തിരി കനം ഉണ്ടേ…. മോളുടെ കയ്യിൽ കൊടുക്കണില്ല. ഈ സമയത്ത് അങ്ങനെ വെയിറ്റ് ഒന്നും എടുത്തൂടല്ലോ? ”

എന്നൊരു പറച്ചിലും….

‘ എന്റെ പൊന്നമ്മായീ… ഒരു രണ്ട് മൂന്ന് ആഴ്ച മുൻപ് അല്ലെ ഇതിനേക്കാട്ടിലും കനമുള്ള നിങ്ങളെ ഞാനും അച്ഛനും കൂടെ പൊക്കി എടുത്തത് ‘ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
അത് മാത്രോ? സുഖ പ്രസവത്തിനു വേണ്ടി കുറ്റി ചൂൽ കൊണ്ട് തൂക്കാനും കിണറ്റീന്ന് തൊട്ടി ഇട്ട് വെള്ളം കോരാനും വരെ പറഞ്ഞ ആളാണിത് എന്നോർക്കണം.

ഞങ്ങടെ വീട്ടിൽ…. അല്ല… സോറി… എന്നെ അവിടുത്തെ ഒരംഗമായി അമ്മായി ഇപ്പോഴും കൂട്ടിയിട്ടില്ലല്ലോ? അത് കൊണ്ട്, ‘അമ്മായീടെ വീട്ടിൽ’ കിണറ് ഇല്ലാത്തത് കൊണ്ട് വല്യമ്മേടെ കിണറ്റീന്ന് വെള്ളം കോരാൻ പറഞ്ഞ പാർട്ടിയാണ്…

ഇപ്പൊ ഈ സഞ്ചിക്ക്, എനിക്ക് എടുക്കാൻ പാടില്ലാത്ത weight ആണത്രേ…. എന്താല്ലേ?

” അതിനാത്തിനി ആട്ട് കല്ലോ മറ്റോ ആണോടെ? വല്ലാത്ത കനം ആണെന്ന് പറയുന്നുണ്ടല്ലോ? ”

മീനു പിറകിൽ നിന്നെന്റെ ചെവി തിന്നുന്നുണ്ട്. ഞാൻ അവളെ നോക്കി മിണ്ടാതിരിക്കാൻ കണ്ണുരുട്ടി.

അമ്മായിയെ കണ്ടപ്പോഴേ ആകെ കിളി പോയ അവസ്ഥയിൽ ആണ് ഞാൻ. അപ്പോഴാണ് അവളുടെ ഒരു ചളി?

സത്യം പറഞ്ഞാൽ അമ്മായിയെ കണ്ട ഷോക്കിൽ ഞാൻ ഹരിയേട്ടനെ മറന്നേ പോയിരുന്നു. ആള് വന്നെന്റെ കയ്യിൽ തട്ടിയപ്പോഴാണ് ബോധം വന്നത്.

അപ്പോഴേക്കും അമ്മായി എന്റെ കയ്യും വലിച്ച് വീട്ടിനകത്തേയ്ക്ക് കയറിയിരുന്നു. ഞാൻ തിരിഞ്ഞു ഹരിയേട്ടനെ നോക്കി ചുണ്ടുന്തി കാട്ടി. ആള് ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അച്ഛനോട് എന്തോ സംസാരിച്ച് തുടങ്ങി.

ഹാളിലെ ചെറിയ സോഫ സെറ്റിയിലേക്ക് അമ്മായി എന്നെ പിടിച്ചിരുത്തി. കൂടെത്തന്നെ അവരും ഇരുന്നു. അപ്പോഴും കൈ വിട്ടിട്ടില്ല…..

” രണ്ടാഴ്ച കൊണ്ടെന്റെ കൊച്ചങ്ങു വല്ലാതായി…. ”

എന്റെ കവിളിൽ തഴുകിയുള്ള പറച്ചിൽ കേട്ട് എനിക്കങ്ങ് അരിശം വന്ന് കേറി…

” ആ…. അമ്മച്ചിക്ക് കണ്ണാടി വയ്ക്കാൻ ടൈം ആയി….! തൊണ്ണൂറ് ആയിട്ടും കണ്ണാടി വയ്ക്കാതെ സ്റ്റൈലിൽ നടന്നാൽ ഇങ്ങനെ തന്നെ…! കണ്ണ് പിടിക്കൂല്ല… ”

തൊട്ട് പിറകിൽ നിന്നുള്ള മീനൂന്റെ പറച്ചിൽ കേട്ടതും ഒരു നിമിഷം കൊണ്ട് എന്റെ ദേഷ്യം ചിരിക്ക് വഴി മാറി. എനിക്ക് കിട്ടുന്ന പ്രാക്ക് പങ്കിട്ടെടുക്കാനുള്ള പുറപ്പാടാണാവോ ഇവള്?

” ഞാൻ അവിടെ കഴിക്കുന്നേനെ കാട്ടിലും ഇവിടെ കഴിക്കുന്നുണ്ടമ്മാ.. അവിടെ എന്നും ഉച്ചയ്ക്ക് കഞ്ഞി അല്ലെ കഴിക്കുന്നേ…?ഇതിപ്പോ രണ്ടാഴ്ച കൊണ്ട് ഞാൻ തടിച്ചു എന്നാ എനിക്ക് തോന്നുന്നത്. അമ്മയ്ക്ക് എന്നോടുള്ള ‘സ്നേഹം’ കൊണ്ട് തോന്നുന്നതാ…. അല്ലേടി? ”

‘സ്നേഹ’ ത്തിന് കുറച്ചു കൂടുതൽ ഊന്നൽ കൊടുത്തു പറഞ്ഞു കൊണ്ട് ഞാൻ മീനുവിനെ നോക്കി.

” പിന്നല്ലാതെ… ഇങ്ങനെ പോയാൽ ഈ വീടിന്റെ വാതിൽ പൊളിക്കേണ്ടി വരുമെന്ന് ഞാൻ ഇന്നലെക്കൂടി ഇവളോട് പറഞ്ഞെ ഉള്ളൂ… അമ്മാതിരി തീറ്റയല്ലേ? ഇവള് തിന്നിട്ട് ഇന്നലെ മാമിക്ക് കഴിക്കാൻ പോലും ചോറ് കിട്ടീല്ല എന്നാ അറിഞ്ഞത്. ”

ഇത്രേം അമ്മായിയോട് പറഞ്ഞിട്ട് ‘പോരെ?’ എന്ന രീതിയിൽ അവൾ എന്നെയൊരു നോട്ടം. ഞാൻ എന്റെ നെറ്റിക്ക് അടിച്ചു പോയി…

ഹരിയേട്ടന്റെ കൂടെ അമ്മായി വരുന്നത് കണ്ട്, വഴിയിൽ വർത്തമാനം പറഞ്ഞു നിന്ന മാമിയും, ഞങ്ങടെ അയൽക്കാരി ഗീത മാമിയും കൂടി വീട്ടിലേക്ക് വന്നിരുന്നു. അവരെയും എന്റെ വീട്ടുകാരേം കാണിക്കാനാണ് ഈ പ്രകടനമൊക്കെ എന്ന് എനിക്ക് അറിയില്ലേ? അവരുടെയൊക്കെ മുന്നിൽ മരുമകളെ സ്നേഹം കൊണ്ട് പൊതിയുന്ന അമ്മയാവണ്ടേ അവർക്ക്?

അവിടെ ഹരിയേട്ടന്റെ വീട്ടിൽ വച്ചാണ് അമ്മായി ഇത്തരത്തിലൊക്കെ സംസാരിച്ചതെങ്കിൽ ഞാൻ കണക്കിന് മറുപടി കൊടുത്തേനെ… ഇവിടെ ഇപ്പോ ഞാൻ എന്തെങ്കിലും പറഞ്ഞു പോയാൽ ശരിയാവില്ല. അമ്മയ്ക്കും അച്ഛനും ഒന്നും അമ്മായിയുടെ ശരിക്കുള്ള സ്വഭാവം അറിയില്ല.

ഞാൻ ഒന്നും വിട്ടു പറയാത്തത് അച്ഛനെ പേടിച്ച് തന്നെയാണ്… വെട്ടൊന്ന് മുറി രണ്ട് എന്ന കണക്കാണ് അച്ഛന്. എന്നെയും എന്റെ വീട്ടുകാരെയും അമ്മായി പറഞ്ഞിട്ടുള്ളത് ഒക്കെ അറിഞ്ഞാൽ അച്ഛൻ എങ്ങനെ റിയാക്ട് ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല.

അവിടെ ഞാൻ എന്നും കഞ്ഞിയല്ലേ കഴിക്കുന്നത്… എന്ന് കുറച്ചു മുന്നേ ഞാൻ ചോദിച്ചുവല്ലോ? അത് കൊണ്ട്, ഞാനിനി കൂടുതൽ എന്തെങ്കിലും പറഞ്ഞാലോ എന്ന് പേടിച്ചിട്ടാവും ഞാൻ മെലിഞ്ഞു പോയതിലെ സങ്കടം അമ്മായിക്ക് പെട്ടെന്ന് ഇല്ലാതായത്.

അമ്മായി പതിയെ എന്റെ അടുത്ത് നിന്നും എഴുന്നേറ്റു. അവര് കൊണ്ടു വന്ന സഞ്ചി അമ്മ ടേബിളിന് പുറത്ത് എടുത്തു വച്ചിരുന്നു. അത് തുറന്ന് അതിൽ നിന്ന് എന്തൊക്കെയോ പാത്രങ്ങൾ എടുത്ത് നിരത്തി വച്ചു.

” മക്കളെ അമ്മ കൊണ്ടുവന്നത് ഒക്കെ എടുത്ത് കഴിക്ക്. ഇത് എല്ലാം ഞാൻ ഉണ്ടാക്കിയതാ… വെറും കയ്യോടെ കാണാൻ വരാൻ പറ്റുമോ? അതാ വയ്യാഞ്ഞിട്ടും ഞാൻ ഇതൊക്കെ ഉണ്ടാക്കിയത്. ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല ഞാൻ…. ”

അവര് വളരെ സ്നേഹത്തോടെ എന്നെ വിളിച്ചു.

” അതെന്ത് മാമി? രാത്രി കൊതൂന്റെ ശല്യം കൂടുതലാണാ അവിടെ? ”

മീനുവിന്റെ നിഷ്കു ചോദ്യം. അമ്മായി അവളെ കണ്ണുരുട്ടി നോക്കുന്നത് കണ്ട് ഞാൻ വന്ന ചിരി വായ പൊത്തി അടക്കി പിടിച്ചു.

ഉഴുന്നുവട, ഉള്ളിവട, വാഴക്കാപ്പം, മുറുക്ക്, പക്കാവട അങ്ങനെ എന്തൊക്കെയോ ഉണ്ടാക്കി കൊണ്ടു വന്നിട്ടുണ്ട് അമ്മായി.

കഴിഞ്ഞ ഏഴ് മാസം ഞാൻ അവിടെ ഉണ്ടായിരുന്നു. എന്റെ അമ്മയുടെ മുന്നിൽ വച്ച് അന്ന് വാഴക്കാപ്പം ഉണ്ടാക്കിയത് അല്ലാതെ, ഇതേവരെ ഒന്നും തന്നെ എനിക്കായി ഉണ്ടാക്കിയിട്ടില്ല അവര്…. അവരാണ് ഇപ്പോൾ ഇമ്മാതിരിയൊക്കെ കാണിക്കുന്നത് എന്ന് ഓർക്കുമ്പോ എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയുന്നില്ല…

വയറു ശരിയല്ല എന്നും പറഞ്ഞു ഞാൻ ഒന്നും കഴിക്കാൻ എടുത്തില്ല. ഇപ്പൊ അങ്ങനെ ഒരു ഗുണം ഉണ്ടല്ലോ? വയറ് വയ്യാന്ന് പറഞ്ഞാൽ പിന്നെ ആരും നിർബന്ധിക്കില്ല.

അതിൽ നിന്നും എന്തെങ്കിലും എടുത്ത് കഴിക്കാൻ എന്റെ ആത്മാഭിമാനം അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി. ഒരുതരം വാശിയായിരുന്നു എനിക്ക്.

ഒരു 15 മിനിറ്റ് കൂടി കഴിഞ്ഞതും അമ്മായി പോകാൻ ഇറങ്ങി. അതുവരെയും മാമിയോടും അമ്മയോടും ഒക്കെ എന്തൊക്കെയോ സംസാരിച്ച് ഹോളിലെ സോഫയിൽ അങ്ങനെ ഇരുന്നു. അമ്മ ഇട്ട് മുന്നിൽ കൊണ്ടുവച്ച ചായ പോലും കുടിച്ചില്ല.

” ഞാൻ കാലത്ത് ഒരു ചായയെ കുടിക്കൂ ” എന്ന് ഒരു പറച്ചിലും…

അങ്ങനെ ആയാൽക്കൂടിയും ഒരു ബന്ധുവീട്ടിൽ പോയാൽ അതിന്റെ മര്യാദ കാട്ടില്ലേ നമ്മള്? അതിന് ഇതവരുടെ ബന്ധു വീടല്ലല്ലോ? ശത്രു വീടല്ലേ?

മുൻപ് എന്നോ അച്ഛനോട് അവര് പറഞ്ഞത് എനിക്ക് ഇപ്പൊ ഓർമ്മ വരുന്നുണ്ട് .

ഹരിയേട്ടൻ ഇവിടേക്ക് വരുമ്പോൾ ഞാനും എന്റെ അമ്മയും കൂടെ ആഹാരത്തിൽ എന്തൊക്കെയോ കലർത്തിക്കൊടുത്ത് ആളിനെ വശീകരിച്ചത് ആണത്രേ… അത് കൊണ്ടാണത്രേ ഹരിയേട്ടൻ ഞാൻ പറയുന്നതിന് അപ്പുറം കടക്കാത്തത്…. അത് പേടിച്ചാണ് അവര് ഇങ്ങോട്ട് വരിക പോലും ചെയ്യാത്തതെന്ന്. അവരുടെ ആഹാരത്തിലും ഇനി ഞങ്ങൾ എന്തെങ്കിലും കലർത്തി കൊടുത്താലോ എന്ന്…. അത് കൊണ്ടാവാം അല്പം ചൂട് വെള്ളം പോലും കുടിക്കാത്തത്.

അങ്ങനെ കൂടോത്രം ഒക്കെ ഫലിക്കുമായിരുന്നെങ്കിൽ എന്തെളുപ്പമായിരുന്നു? ഇന്ത്യ ഒന്ന് കൂടോത്രം ചെയ്‌താൽ പാകിസ്ഥാൻ ഒക്കെ പപ്പടപ്പൊടി ആയിപ്പോവില്ലേ?

അധികം വൈകാതെ അവരിറങ്ങി. ഹരിയേട്ടനോട് എനിക്കൊന്നു നേരാംവണ്ണം മിണ്ടാൻ പോലും പറ്റിയില്ല. അതിന്റെ പരിഭവം എന്റെ കണ്ണുകളിൽ കണ്ടതു കൊണ്ടാകണം നാളെ വരാം എന്ന് പറഞ്ഞിട്ട് കയ്യിലൊന്ന് അമർത്തിപ്പിടിച്ചു ആള്. വിഷമം മറച്ചു ഞാനും ഒന്ന് പുഞ്ചിരിച്ച് തലയാട്ടി.

പിന്നെയും ഇടയ്ക്കൊക്കെ അമ്മായി ഇതുപോലെ വന്നു പോയി. ചിലപ്പോഴൊക്കെ അമ്മാവനും…

വരുമ്പോഴൊക്കെ അവരുടെ കയ്യിൽ സഞ്ചി നിറഞ്ഞു പലഹാരവും കാണും. അതുകൊണ്ട് കോളടിച്ചത് മീനുവിന് ആണെന്ന് മാത്രം….

🦋

എപ്പോഴും ചിന്ത വരാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് മാത്രമായതു കൊണ്ടാവും ദിവസങ്ങളുടെ വേഗത ഞാനറിഞ്ഞതേയില്ല…..

മാസം ഒൻപത് ആകുന്നു….. സ്കാനിങ്ങിനു പോയപ്പോൾ അടുത്ത ആഴ്ച തന്നെ വന്ന് അഡ്മിറ്റ് ആവാൻ പറഞ്ഞു ഡോക്ടർ. ഡേറ്റിനു പിന്നെയും ഉണ്ട് ഒരാഴ്ച. കുഞ്ഞാവയ്ക്ക് വെയിറ്റ് കൂടുതലാണത്രേ… ഇപ്പൊ തന്നെ നാല് കിലോ അടുപ്പിച്ചുണ്ട്. ഇനിയും വെയിറ്റ് കൂടിയാൽ നോർമൽ ഡെലിവറി ബുദ്ധിമുട്ടാകും.

” ഒരാഴ്ച കൂടി വെയിറ്റ് ചെയ്യൂ. അതിനുള്ളിൽ pain വന്നില്ല എങ്കിൽ ലേബർ induce ചെയ്യിക്കാം ” എന്നാണ് ഡോക്ടർ പറയുന്നത്.

Induced labour കൂടുതൽ painful ആണെന്ന് എവിടെയൊക്കെയോ വായിച്ചിട്ടുണ്ട് ഞാൻ. അതൂടെ ഓർത്തപ്പോ കൂടുതൽ ടെൻഷനായി.

ഇതറിഞ്ഞിട്ട് അമ്മായി എന്നെ കാണാൻ വീട്ടിലേക്ക് വന്നിരുന്നു.

” ഞാൻ അന്നേ പറഞ്ഞതാണ് മേലനങ്ങി പണിയെടുക്കാൻ. അതെങ്ങനെ? പറഞ്ഞാ കേക്കോ? ഇപ്പൊ എന്തായി? കൊച്ച് ചീർത്തത് കണ്ടാ? ഇനിയിപ്പം സുഖ പ്രസവം ഒന്നും നടക്കൂല്ല. കീറി എടുക്കാം. അല്ല…. അതാവുമ്പം സുഖമാണല്ല്… ”

അമ്മ അടുക്കളയിലേക്കോ മറ്റോ പോയ തക്കത്തിന് ആരും കേൾക്കാതെ എന്നോട് പറഞ്ഞതാണവര്.

സിസേറിയൻ സുഖമാണത്രേ…!
ആവോ എനിക്കറിയില്ല….

എനിക്ക് സിസേറിയൻ എങ്ങാനുമാണെങ്കിൽ ഇവരിപ്പോ പറഞ്ഞതിന്റെ എത്ര ഇരട്ടി പറയും എന്നോർത്തപ്പോ ഒരു നെടുവീർപ്പോടെ ഇരുന്ന് പോയി ഞാൻ….!

🦋 🦋 🦋 🦋 🦋

അഭിപ്രായം മറക്കല്ലേ….