09/05/2026

ദിൽന : ഭാഗം 15

രചന – നന്ദിത ദാസ്

പിന്നെ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടായില്ല… അനുസരണ ഉള്ള കുട്ടിയെ പോലെ ഞാൻ എബിയുടെ ബൈക്കിനു പുറകിൽ കയറി ഇരുന്നു….

ആളുടെ ദേഷ്യം മാറിയിട്ടില്ലാന്നു ബൈക്കിന് സ്പീഡ് കൂട്ടുംതോറും എനിക്ക് മനസ്സിലായി… ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല…

ഈർക്കിലു കൊണ്ടു പോലും പപ്പ ഇതുവരെ എന്നെ തല്ലിയിട്ടില്ല… കുഞ്ഞുനാളിൽ സ്കൂളിൽ പഠിക്കുമ്പോൾ സാറുമ്മാരുടെ കയ്യിന്നു തല്ല് കിട്ടിയിട്ടുണ്ടെന്നല്ലാതെ ഇതുവരെ വേറെ ആരും എന്നെ തല്ലിയിട്ടില്ല… ഇതിപ്പോൾ ഇത്രയും മുതിർന്നപ്പോൾ ആണൊരുത്തന്റെ കൈച്ചൂട് കവിളിൽ പതിഞ്ഞിരിക്കുന്നു…

നല്ല വേദന ഉണ്ട്… എന്നാലും എബിയുടെ ഈ തല്ല് ശരിക്കും ഞാൻ ആസ്വദിച്ചു… ഒട്ടും ദേഷ്യം തോന്നുന്നതേ ഇല്ല… എനിക്കെന്തോ കുഴപ്പം പറ്റിയിട്ടുണ്ട്.. അത് ഉറപ്പാ…

റൂമിൽ എത്തിയിട്ടും എബി ഒരു വാക്കുപോലും എന്നോട് മിണ്ടിയില്ല… എന്റെ മുഖത്തോട്ടു ഒന്ന് നോക്കുന്നത് പോലും ഇല്ല… ശരിക്കും വേദന തോന്നിയത് അപ്പോൾ മാത്രം ആണ്… ഞാൻ എന്തെങ്കിലും ചോദിച്ചാൽ ഇനി തല്ലു കിട്ടുവോ എന്ന ഭയവും ഇല്ലാതില്ല…

കിടന്നിട്ടാണേൽ ഉറക്കം വരുന്നതും ഇല്ല… നിമിഷങ്ങളുടെ വ്യത്യാസത്തിൽ എന്തൊക്കെയാ ഇന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചത്.. ഓർക്കും തോറും ഒരു തരം വിറയൽ ശരീരം ആകെമാനം ഉരുണ്ടു കയറുന്നു… പാവം എന്റെ ഡെല്ല… കിട്ടിയ അഡ്രസ്സ്‌ വെച്ച് എങ്ങനെ എങ്കിലും തപ്പി പിടിച്ചു അവളുടെ അടുത്ത് എത്തണം…

ഓരോന്ന് ആലോചിച്ചു കിടന്നപ്പോളാണ് റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്… ഞാൻ പെട്ടെന്ന് ഉറക്കം നടിച്ചു കിടന്നു…

എബി എന്റെ അരികിൽ വന്നിരുന്നു… അടികൊണ്ട കവിളിൽ മെല്ലെ തലോടി…

ആൾക്ക് നല്ല വിഷമം ഉണ്ട്… ഹും ഞാൻ ഉറങ്ങിക്കാണുമെന്നു കരുതി നോക്കാൻ വന്നതാ… എന്തായാലും അനങ്ങാതെ കിടന്നേക്കാം…

“നന്നായി വേദനിച്ചു ഇല്ലേ… സോറി ഡാ.. ചിലസമയത്ത് ദേഷ്യം വന്നാൽ പിന്നെ ആ സമയത്തു എന്താ ചെയ്യുക എന്ന് പോലും പറയാൻ പറ്റില്ല… പെണ്ണിനെ തല്ലുന്നത് അത്ര നല്ലതൊന്നും അല്ലെന്നും അറിയാം… പക്ഷേ പറ്റിപ്പോയി… ”

എന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് ഉറക്കം നടിച്ചു കിടക്കുന്ന എന്നോട് സംസാരിക്കുവാണ് പാവം….
കുറച്ചു നേരം എബി എന്റെ അടുത്ത് തന്നെ ഇരുന്നു… പിന്നെ എഴുന്നേറ്റു പോവാൻ തുടങ്ങിയപ്പോൾ ഞാൻ ആ കൈയിൽ കയറി പിടിച്ചു… അത് എബി ഒട്ടും പ്രതീക്ഷിച്ചില്ല….

“അടികൊണ്ടത് എനിക്കണേലും വേദനിച്ചത് എബിക്കാണ് അല്ലേ… ”

“അത്.. അത് ഞാൻ… പിന്നെ… പെട്ടെന്ന്…ഉറങ്ങിയില്ലാരുന്നോ? ”

“ഇല്ല… എനിക്ക് ഒട്ടും വേദനിച്ചില്ല എബി… സത്യം… താൻ പോയി കിടന്നോ… ”

“5 വിരലും തിണർത്തു കിടപ്പുണ്ടല്ലോ കവിളത്തു… എന്നിട്ടും വേദനിച്ചില്ല പോലും… എന്നോട് കള്ളം പറയണ്ട… സോറി ടാ… പറ്റിപ്പോയി… പെട്ടെന്ന് എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല… ”

“എബി എന്നോട് മിണ്ടാതെ ഇരുന്നപ്പോളാ ശരിക്കും മനസ് വേദനിച്ചത്… രണ്ടു തല്ലു തന്നാലും ഞാൻ വാങ്ങിക്കോളാം… മിണ്ടാതെ ഇരിക്കല്ലേ എബി… അത് മാത്രം എനിക്ക് സഹിക്കാൻ പറ്റത്തില്ല… ”

“ഇല്ലടാ… ഇനി തല്ലുകേം ഇല്ല… മിണ്ടാതിരിക്കുകയും ചെയ്യില്ല… ഇപ്പോൾ ഉറങ്ങിക്കോ… സമയം ഒരുപാട് ആയി… നമുക്ക് നാളെ രാവിലെ സംസാരിക്കാം… ”

“മ്മ് ഒക്കെ ഗുഡ് നൈറ്റ്‌ എബി ”

“ഗുഡ് നൈറ്റ്‌ ”

***************************************

തലേന്നത്തെ അടിയുടെ ആഴം ശരിക്കും മനസ്സിലായത് രാവിലെയാണ് .. അവളുടെ കവിൾ നീരുവെച്ചു വീർത്തിരിക്കുന്നു… എന്നോട് തന്നെ വെറുപ്പ് തോന്നി…
അവളെ തല്ലിയ കൈ ഭിത്തിയിൽ ഇടിച്ചു സ്വയം വേദനിപ്പിച്ചു ഞാൻ…

“എബി… എന്താ ഈ കാണിക്കുന്നത്… കൈ വേദനിക്കില്ലേ… ”

അവൾ ഓടി വന്നു എന്റെ കൈയിൽ കയറി പിടിച്ചു

“വേദനിക്കട്ടെ… എന്നാലും നിനക്ക് വേദനിച്ചപോലെ ആകില്ലല്ലോ… ”

“എനിക്ക് വേദന ഇല്ല എബി…. ഐസ് വെച്ചാൽ മതി ഈ നീര് അങ്ങ് കുറഞ്ഞോളും… ”

“എബി ഓഫിസിൽ പോകാൻ റെഡി ആയിക്കോളൂ… ”

“ഞാൻ ഇന്ന് പോകുന്നില്ല… ഒട്ടും മൂഡ് ഇല്ലടോ… ”

“എന്നെ ഓർത്താണോ? എങ്കിൽ അത് വേണ്ടാട്ടോ… പുതിയ ജോബ് കണ്ടുപിടിക്കണം… ഇനി എന്തായാലും ആ വൃത്തികെട്ടവന്റെ അടുത്തേക്ക് ഇല്ല… ”

“അതിനു ഞാൻ വിട്ടിട്ടു വേണമല്ലോ ഇനി അങ്ങോട്ട് പോകാൻ… ഒരു വാക്ക് നിനക്ക് എന്നോട് പറയാരുന്നു… അവൻ ഇത്രക്ക് വൃത്തികെട്ടവൻ ആണെന്ന് ഞാൻ വിചാരിച്ചില്ല… ”

ഞാൻ എബിയുടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ രോക്ഷം…

“നിന്റെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ ഓഫ്… കുറേനേരം ഓഫിസിനു വെളിയിൽ കാത്തു നിന്നു… ഒരുപാട് ടൈം ആയപ്പോൾ നീ പോയിക്കാണുമെന്നു വിചാരിച്ചു ഞാൻ റൂമിലേക്ക്‌ വന്നു… പക്ഷേ ഇവിടെയും നീ എത്തിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഒരു തരം ഭ്രാന്ത് ആയിരുന്നു… വീണ്ടും ഓഫീസിൽ വന്നു ചോദിച്ചു അപ്പോൾ സെക്യൂരിറ്റിയാണ് പറഞ്ഞത് നീ പോയിട്ടില്ലെന്ന്… ശ്വാസം നേരെ വീണത് അപ്പോൾ ആണ്…
കുറേ കഴിഞ്ഞപ്പോൾ സ്റ്റാഫ്‌ എല്ലാരും പോകുന്നത് കണ്ടു… പക്ഷേ ആ കൂട്ടത്തിലും നീ ഇല്ലായിരുന്നു… അകത്തു വന്നു അന്വേഷിക്കാമെന്നു കരുതിയാണ് അകത്തേക്ക് കയറിയത്… പക്ഷെ അവിടെ ഒന്നും ഒരൊറ്റ കുഞ്ഞും ഇല്ലായിരുന്നു… അപ്പോൾ ആണ് ഞാൻ നിന്നിടത്തുനിന്നും വലതു വശത്തു മാറി ഒരു റൂമിൽ നിന്ന് എന്തൊക്കെയോ സൗണ്ട് കേട്ടത്… വാതിൽ തുറന്നു നോക്കിയപ്പോൾ നിന്റെ നേരെ നടന്നടുക്കുന്ന അവനെയാണ് കാണുന്നത്… സംഗതിയുടെ കിടപ്പ് മനസിലാക്കിയ ഞാൻ അവനെ ചവുട്ടി വീഴ്ത്തി ”

“എന്റെ കൈയിലും തെറ്റുണ്ട് എബി… ഞാൻ എബിയോടെങ്കിലും തുറന്നു പറയണമായിരുന്നു അയാളെ കുറിച്ച്… പക്ഷേ ഓഫീസിനുള്ളിൽ വെച്ച് അയാൾ ഒന്നും ചെയ്യില്ല എന്നായിരുന്നു എന്റെ ധാരണ… ”

“എന്തായാലും അവനു കിട്ടാൻ ഉള്ളത് കിട്ടി… ഇനി തലപൊക്കാൻ കുറച്ചു ദിവസം എടുക്കും… ഞാൻ നിന്നെ പേടിപ്പിക്കാൻ പറയുവല്ല എങ്കിലും നീ സൂക്ഷിക്കണം… ഒറ്റക്കെങ്ങും പുറത്തിറങ്ങരുത്… ഇന്ന് എന്തായാലും ഞാൻ പോകുന്നില്ല.. ”

“മ്മ് എനിക്ക് അവനെ പേടി ഒന്നുല്ല എബി… പിന്നെ എബിയെ പോലെ ഒരാൾ കൂടെ ഉള്ളപ്പോൾ ഞാൻ ആരെ പേടിക്കണം… പപ്പയിൽ നിന്നും മാത്രമേ ഇതുവരെ ഇതുപോലെ കെയർ കിട്ടിയിട്ടുള്ളു… ഇപ്പോൾ എബിയും… ഐ ലൈക് യുവർ കാരക്ടർ…. ”

ഞാൻ അത് പറഞ്ഞപ്പോൾ എബി എന്റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ തല താഴ്ത്തി കളഞ്ഞു…

ഇതെന്താ ഇപ്പോൾ ഇങ്ങനെ? എത്ര കൂളായി എബിയോട് സംസാരിച്ചോണ്ടിരുന്നതാ… ഇപ്പോൾ എന്തോ ആ കണ്ണുകൾ എനിക്ക് നേരെ നീളുമ്പോൾ ഹൃദയമിടിപ്പു വല്ലാതെ കൂടുന്നു…

തെറ്റായ ദിശയിലേക്കാണോ കർത്താവെ വീണ്ടും സഞ്ചരിക്കുന്നത്… പപ്പക്ക് കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വരുമോ…
ഹേയ് ഇല്ല… എല്ലാവരെയും പോലെ അല്ലല്ലോ ഞാൻ ബോൾഡ് അല്ലേ… ചില സമയത്തു വെറും പെണ്ണായി പോകുന്നു… അങ്ങനെ ഉള്ള ചിന്തകൾ കടന്നു വരുന്നു…

“എന്താണ് ഇത്ര വല്യ ആലോചന… നാട്ടിലേക്കു പോകുന്നുണ്ടോ? ”

“അയ്യോ… ഉടനെ പോകാൻ പറ്റില്ല… എബിക്ക് ഇവിടൊക്കെ നല്ല പരിചയം അല്ലേ… എനിക്കൊരു ജോബ് കണ്ടുപിടിച്ചു താ… ചെറുതാണെലും സാരമില്ല… വീട്ടിലേക്കു പോകാൻ പറ്റില്ല… പോയാൽ പിന്നെ കല്യാണം വല്ലതും ഉറപ്പിച്ചിട്ടാരിക്കും വരിക.. ”

“ആഹ് ഞാൻ നോക്കട്ടെടോ… ജോബ് കിട്ടാൻ പാടൊന്നും ഇല്ല… പിന്നെ കല്യാണക്കാര്യം പറഞ്ഞപ്പോളാ ഓർത്തത്… ചിന്നൂട്ടി ഫോട്ടോ അയച്ചിട്ടുണ്ട്.. ഞാൻ പോയി കണ്ടുന്നു പറഞ്ഞില്ലേ… ”

“ആഹാ ഉവ്വോ… നോക്കട്ടെ… ”

എബി ഫോണിൽ ഉള്ള ഫോട്ടോ എന്നെ കാണിച്ചു…

“നല്ല കുട്ടിയാണല്ലോ… എബിക്ക് ചേരും… ”

“അപ്പോൾ ഇത് അങ്ങ് ഉറപ്പിക്കാൻ പറയട്ടെ ”

എബി അത് പറഞ്ഞപ്പോൾ ചങ്കിനുള്ളിൽ ഒരു നോവ് പടർന്നു…

“എബിക്ക് ഇഷ്ടായോ? ”

“തനിക്ക് ഇഷ്ടം ആയെങ്കിൽ എനിക്ക് ഒക്കെ ആണ്… ”

“മ്മ് ഞാൻ ഒന്നൂടി നോക്കട്ടെ… ഇയാള് ആ ഫോട്ടോ എന്റെ ഫോണിലേക്കു ഒന്ന് സെന്റ് ചെയ്തേക്കു ”

“ഇയാളോ?? ഇതെന്താ പെട്ടെന്ന് ഒരു ഗൗരവം… എന്നെ ഇതുവരെ അങ്ങനെ വിളിച്ചിട്ടില്ലല്ലോ? ”

“ഓർക്കാതെ പറഞ്ഞു പോയതാ.. ഇടക്കൊക്കെ ഈ വിളി ഒരു ശീലമായി ”

അതും പറഞ്ഞു ഞാൻ റൂമിലേക്ക്‌ കയറി…

എബി സെന്റ് ചെയ്ത ഫോട്ടോസിന്റെ കൂട്ടത്തിൽ അന്ന് ഞങ്ങൾ വിഷുവിനു ഒരുമിച്ചു നിന്നെടുത്ത ഫോട്ടോസും ഉണ്ടായിരുന്നു… അത് ഇപ്പോൾ ആണ് എബി സെൻറ് ചെയ്യുന്നത്.. ആ പെണ്ണിനേക്കാൾ എബിക്ക് ചേരുന്നത് ഞാൻ അല്ലേ… ഈ ഫോട്ടോ കണ്ടിട്ടും എബിക്ക് അത് മനസ്സിലായില്ലേ… ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോയിലേക്കു കണ്ണെടുക്കാതെ കുറേ നേരം നോക്കി ഇരുന്നു ഞാൻ…

“ഇങ്ങനെ ഒന്നും ചിന്തിക്കരുത് ദിൽന… ”

ഞാൻ ചുറ്റും നോക്കി.. ആരാണ് ഇപ്പോൾ സംസാരിച്ചത്

“ചുറ്റും നോക്കണ്ട… ഞാൻ തന്നെയാ നിന്റെ മനസ്സ് ”

ഓഹ്.. അതെന്താ ഞാൻ അങ്ങനെ ചിന്തിച്ചാൽ.. എബി അല്ലാതെ വേറെ ആരാണ് എനിക്ക് യോജിക്കുന്നത്… ഐ ആം ഫാൾ ഇൻ ലവ് വിത്ത്‌ ഹിം

“ബെസ്റ്റ്… നിന്റെ മാനം രക്ഷിച്ച പുരുഷനോടുള്ള ആരാധനയാണോ? എങ്കിൽ അത് വേണ്ട മോളെ… എബി നിന്റെ സുഹൃത് മാത്രം ആണ് ”

സൗഹൃദം പ്രണയത്തിൽ കലാശിച്ചിട്ടുള്ള ഒരുപാട് പേരുണ്ടല്ലോ

“അതിന് നിന്റെ പ്രണയം അവനു അറിയില്ലല്ലോ.. വൺ സൈഡ് ലവ് ”

നീ എന്നെ ഇങ്ങനെ സങ്കടപെടുത്താതെ..

“ആഹ് പോട്ടെ… ബട്ട്‌ നിന്റെ പപ്പക്ക് കൊടുത്ത വാക്കോ? അത് നീ മറന്നോ … ഒരിക്കൽ ഒരു പ്രണയം തകർത്തു കളഞ്ഞതല്ലേ നിന്റെ സ്വപ്നങ്ങളും ജീവിതവും ”

ഒന്നും മറന്നിട്ടില്ല… പക്ഷേ എബിയോട് ഒരു അടുപ്പം തോന്നി പോകുന്നു… തെറ്റായിപ്പോയി… ഇനി അതുണ്ടാകാതെ ഞാൻ സൂക്ഷിച്ചോളാം….

അപ്പോൾ ഈ കുട്ടി തന്നെ എബിക്ക് ഭാര്യ ആയിക്കോട്ടെ .. നല്ല കുട്ടിയാ എബിക്ക് ചേരും…

***************************************

“ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ… ഒറ്റക്ക് പുറത്തെങ്ങും പോകരുത്… ഇന്നുകൂടി ലീവ് എടുക്കാൻ പറ്റില്ല… അതാ ഞാൻ പോകുന്നത്… ”

“എബി പോയിട്ട് വാ.. ഞാൻ ഇവിടെ തന്നെ കാണും… പിന്നെ എന്റെ ജോലിയുടെ കാര്യം മറക്കല്ലേ കേട്ടോ ”

“ഇല്ലടോ… ഒക്കെ എന്നാൽ ബൈ ”

“ബൈ… ”

എബി പോയിക്കഴിഞ്ഞു കുറേനേരം ഒറ്റക്ക് റൂമിൽ ഇരുന്നു മടുത്തപ്പോളാണ് ഡെല്ലയെ ഒന്ന് വിളിച്ചു നോക്കാമെന്നു കരുതിയത്… അവളുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോൺ ഓഫ് മോഡിൽ തന്നെ ആയിരുന്നു…

ഒരു വിവരവും അറിയാനും പറ്റുന്നില്ലല്ലോ കർത്താവേ… ആ ദുഷ്ടൻ ഇനി കൊന്നു കുഴിച്ചു മൂടിയോന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു… ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ല… ഒടുവിൽ എന്തായാലും കിട്ടിയ അഡ്രെസ്സ് വെച്ച് തേടി ഇറങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു…. എബിയുടെ വാക്ക് ധിക്കരിക്കേണ്ടി വന്നതിൽ മനസാൽ ക്ഷമ ചോദിച്ചു…

തൃശൂർ നഗരത്തിൽ നിന്നും കുറച്ചു ഉള്ളിലേക്ക് കയറി ഒരു കൊച്ചു ഗ്രാമം… ഓട്ടോക്കാരന് വഴി നല്ല തിട്ടം ആയതിനാൽ കറക്റ്റ് വീടിനു മുന്നിൽ തന്നെ കൊണ്ടെത്തിച്ചു… വീടിനു മുന്നിൽ അഞ്ചാറു ആളുകൾ കൂടി നിൽക്കുന്നു… അത് കണ്ട് എന്റെ ചങ്കിടിപ്പു ദ്രുത ഗതിയിൽ ആയി… അവൾ ഇനി എന്തെങ്കിലും കടുംകൈ കാണിച്ചു കാണുമോ … ഉള്ളിൽ ഒരു നൂറായിരം ചോദ്യങ്ങൾ ഉയർന്നു…
വിറയ്ക്കുന്ന ശബ്ദത്തോടെ ഞാൻ ഓട്ടോക്കാരനോട് ചോദിച്ചു…

“ചേട്ടാ… അവിടെ.. അവിടെ എന്താ ഒരു ആൾക്കൂട്ടം… ”

“ഓഹ് അതോ… കാശ് കൊടുത്തിട്ട് തിരികെ കിട്ടാത്തവരാ… കടക്കെണിയുടെ അങ്ങേയറ്റമാ അവിടെ ഉള്ളോർ… കുട്ടിക്കും വല്ലതും തരാൻ ഉണ്ടോ? ”

അയാൾ അത് പറഞ്ഞപ്പോളാണ് ശ്വാസം നേരെ വീണത്… ഭാഗ്യം അവൾക്കൊന്നും പറ്റിയിട്ടില്ല…

“ഹേയ് ഇല്ല ചേട്ടാ… എന്റെ കൂടെ ജോലി ചെയ്ത കുട്ടിയാ.. ”

പതിയെ ഞാൻ ഓരോ ചുവടും മുന്നിലേക്ക്‌ വെച്ചു .. പുരാതന രീതിയിൽ നിർമ്മിച്ചിരിക്കുന്ന വീട്… പക്ഷേ പൂർത്തിയാക്കിയിട്ടില്ല… എവിടെയൊക്കെയോ എന്തൊക്കെയോ കുറവ് പോലെ…
അകത്തേക്ക് കയറുംതോറും മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവിടെയാകെ തങ്ങി നിൽക്കുന്നതുപോലെ…. പാതി ചാരിയ വാതിൽ പതുക്കെ തുറന്നപ്പോൾ കണ്ട കാഴ്ച്ച…
ഒരു കൊച്ചു പെൺകുട്ടി കട്ടിലിൽ കിടക്കുന്ന മനുഷ്യന് കഞ്ഞി കോരി കൊടുക്കുന്നു…
വളരെ സൂഷ്മതയോടെ അവൾ തന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്… ഇടക്കിടക്ക് നിറഞ്ഞു വരുന്ന ആ മനുഷ്യന്റെ കണ്ണുനീരൊപ്പി നെറ്റിയിൽ ചുംബിക്കുന്നു…
അവിചാരിതമായി എന്നെ അവിടെ കണ്ട അവളുടെ കണ്ണുകളിൽ ഭയം പോലെ… ഞാനും കാശ് ചോദിക്കാൻ വന്നതാകുമെന്നു ആ പാവം ചിന്തിച്ചു കാണും…

“പേടിക്കണ്ട… ഞാൻ ഡെല്ലയുടെ ഫ്രണ്ട്‌ ആണ്… അവൾ എവിടെ? ”

മുൻപ് അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ഭയം മാറി… പകരം ഒരു ചെറു പുഞ്ചിരി എനിക്ക് സമ്മാനിച്ചു അവൾ പറഞ്ഞു…

“ചേച്ചി അകത്തുണ്ട്… ഞാൻ വിളിക്കാം… ”

“വേണ്ട… ഞാൻ മോളുടെ കൂടെ വന്നോളാം… ”

ആ കുട്ടിയുടെ പുറകെ നടക്കുമ്പോൾ അന്നൊരിക്കൽ താമസിക്കാൻ ഇടം കിട്ടാതിരുന്ന എന്നെ സഹായിക്കാൻ അവൾക്കു കഴിയാഞ്ഞത് ഈ നിസ്സഹായാവസ്ഥ കൊണ്ടാണെന്നു എനിക്ക് ബോധ്യമായി…

കരിപുരണ്ട അടുക്കളയുടെ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി ആ കുട്ടി പറഞ്ഞു

“ദാ ചേച്ചി അവിടെ ഉണ്ട്… ഞാൻ അപ്പക്ക് മരുന്ന് കൊടുത്തിട്ട് വരാം… ”

ആ കുഞ്ഞിന്റെ നെറുകയിൽ തലോടി ഞാൻ തല കുലുക്കി…

ഡെല്ലയുടെ അടുത്തേക്ക് ചെന്നു… അവളുടെ തോളിൽ കൈ വെച്ചു… എന്തോ ഓർത്തപോലെ അവൾ ഞെട്ടിത്തിരിഞ്ഞു… ഭീതി കൊണ്ടു കണ്ണുകൾ നിറഞ്ഞിരുന്നു… എന്നെ അവിടെ കണ്ടിട്ടും വിശ്വാസം വരാതെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു… അവളുടെ ഭാവമാറ്റം എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…

“ഡെല്ലാ… ഇത് ഞാനാടാ… ”

എന്റെ ആ വിളിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

“എന്തിനാ നീ ഇങ്ങോട്ട് വന്നത്… ഈ ഡെല്ല നശിച്ചു പോയി മോളെ… ആകെ ഉണ്ടായിരുന്ന മാനവും നഷ്ടമായില്ലേ എനിക്ക്…. ഒരു മുഴം കയറിൽ തീർത്തു കളയാൻ പോലും പറ്റാത്ത അവസ്ഥ ആയി പോ..യി… ”

വാക്കുകൾ പലയിടത്തും അവൾക്കു മുറിഞ്ഞുപോയി… എന്നെ കണ്ടപ്പോൾ സങ്കടം ഒന്നൂടി അണപൊട്ടി ഒഴുകി… ഞാൻ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു… അവളെയും കൊണ്ട് വീടിനു പിന്നാമ്പുറം ഉള്ള കുളപ്പടവിലേക്കു കയറി ഇരുന്നു…

“നിനക്കറിയുവോ മനസ്സറിഞ്ഞു ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ… ആരോടും ഒന്നും തുറന്നു പറയാനാകാതെ ചങ്കുപൊട്ടി ഉരുകുക ആയിരുന്നു ഞാൻ ഇവിടെ…. ”

“ഞാൻ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്… ”

ഓഫിസിൽ നടന്ന എല്ലാ സംഭവങ്ങളും ഞാൻ അവളോട്‌ വിവരിച്ചു… എന്റെ കൈയിൽ ഉണ്ടായിരുന്ന അവളുടെ വീഡിയോ പകർത്തിയ മെമ്മറി കാർഡ് ആ കൈകളിൽ വെച്ചു കൊടുത്തു

“ഇത് നീ തന്നെ നശിപ്പിച്ചു കളഞ്ഞേക്ക്… തളർന്നു പോകരുത്… ജീവിച്ചു കാണിച്ചു കൊടുക്കണം… ഒരു തുണിക്കടയിൽ നിന്നാലും നിനക്കു ജീവിക്കാൻ പറ്റും… ഇത് ഇപ്പോൾ നമ്മൾ മാത്രമേ അറിഞ്ഞിട്ടുള്ളു… വേറെ ആരും അറിയാൻ ഇട ആകണ്ട… നിനക്കു ഒരു ജീവിതം ഉള്ളതാ… ”

“നിന്റെ മനസ്സ് നല്ലതായിട്ടാ ഇങ്ങനെയൊക്കെ എന്നോട് പറയാൻ തോന്നുന്നത്… പക്ഷേ ഒന്നും പ്രാക്ടിക്കൽ അല്ലടാ… തളർന്നു കിടക്കുന്ന അപ്പയെ കണ്ടില്ലേ നീ… കുഞ്ഞനുജത്തിയെ കണ്ടില്ലേ… ഒരാൾ കൂടി ഉണ്ട് എന്റെ തൊട്ടു താഴെ… എല്ലാരുടെയും പ്രതീക്ഷ എന്നിൽ ആയിരുന്നു… പക്ഷേ… ”

അവൾ എന്റെ മുന്നിൽ മനസ്സ് തുറന്നു…

ഗൾഫുകാരനായ അപ്പ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ട കാശ് മുഴുവൻ ആഡംബര ജീവിതം നയിച്ചു അമ്മ നശിപ്പിച്ചു… അപ്പ നാട്ടിൽ വന്നപ്പോൾ കാശിന്റെ കണക്കുകൾ ചോദിച്ചത് അമ്മക്ക് തീരെ സുഖിച്ചില്ല…
ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്‌ ഒരു പട്ടാപ്പകൽ ഞങ്ങളുടെ എല്ലാവരുടെയും മുന്നിലൂടെ കാമുകന്റെ കൈയും പിടിച്ചു അവർ വീട് വിട്ടിറങ്ങി…
മൂന്നു പെൺകുട്ടികളെ തനിച്ചാക്കി വീണ്ടും വിദേശത്ത് പോകാൻ അപ്പ കൂട്ടാക്കിയില്ല…
നാട്ടിൽ ചെറിയ ബിസിനസ്‌ തുടങ്ങാമെന്ന് വിചാരിച്ചു… വീടിന്റെ ആധാരം പണയപ്പെടുത്തി ലോൺ എടുക്കാൻ തീരുമാനിച്ചു… എന്നാൽ വീടും അതിരിക്കുന്ന ഇരുപതു സെന്റ് സ്ഥലവും അതിന് മുന്നേ തന്നെ അമ്മ പണയത്തിൽ ആക്കിയിരുന്നു… അച്ഛന് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നു അത്… ചോര നീരാക്കി കഷ്ടപ്പെട്ടത് മുഴുവൻ കടക്കാർ കൊണ്ടുപോയി… സ്വന്തം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അവസ്ഥയിൽ വരെ എത്തി… ശാരീരികമായും മാനസികമായും അപ്പ തളർന്നു പോയി… ഞാൻ MBA പഠനം പൂർത്തിയാക്കിയ സമയം ആയോണ്ട് അപ്പയുടെ പ്രതീക്ഷ പിന്നെ എന്നിലായി… ജെ കെ ഗ്രൂപ്പിൽ ജോലിക്ക് കയറിയപ്പോൾ ഒരുപാട് സന്തോഷിച്ചതും അപ്പയാണ്…

എന്നാൽ വീണ്ടും അമ്മ എന്ന സ്ത്രീ വന്നു… ഞങ്ങളുടെ കുഞ്ഞുസിനെ ( ഏറ്റവും ഇളയ കുട്ടി ) അവർക്ക് വേണമെന്നായിരുന്നു ആവിശ്യം… വിട്ട് കൊടുക്കാൻ അപ്പ തയ്യാറായില്ല… ഒടുവിൽ കേസ് നടത്തി… എതിർ ഭാഗം വക്കീലിന്റെ ഭീഷണി അച്ഛനെ നന്നായി തളർത്തി… ഇളയ മകളെ വിട്ടു കൊടുക്കേണ്ടി വരുമോ എന്ന ആധി യിൽ അപ്പ ആകെ പരിഭ്രാന്തനായി… ഒടുവിൽ മാനസികമായും ശാരീരികമായും ആ പാവം തളർന്നു വീണു പോയി… അപ്പയെ വിട്ടു പോകാൻ ആകില്ലെന്ന് കുഞ്ഞുസിന്റെ വാക്കു കോടതി അംഗീകരിച്ചു… അന്ന് മുതൽ അപ്പയെ പഴയപോലെ ആക്കിയെടുക്കാൻ നെട്ടോട്ടം ഓടുന്ന തിരക്കിലായിരുന്നു ഞങ്ങൾ… രണ്ടാമത്തവളെ പള്ളിക്കാർ ഏറ്റെടുത്തു പഠനം തുടരാൻ സഹായിച്ചു…

ഒരു ഭാഗത്തു തളർന്നു കിടക്കുന്ന അപ്പ… മറുഭാഗത്ത് എടുത്താൽ പൊങ്ങാത്തത്ര കടങ്ങൾ.. ഇപ്പോൾ മാനവും അഭിമാനവും നഷ്ടപ്പെട്ടു ഞാനും… ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ… ആരും ഇല്ല ഒന്ന് തിരിഞ്ഞു നോക്കാൻ പോലും…

“ഹേയ്… അങ്ങനെ ഒന്നും ചിന്തിക്കേണ്ട… നിനക്കു ഞാൻ ഉണ്ട്… എനിക്ക് ഉള്ളവർ എല്ലാം ഇനി നിന്റേത് കൂടിയാണ്… നിന്റെ ഉത്തരവാദിത്യങ്ങൾ ഇനി എന്റേത് കൂടിയാണ്… വെറും വാക്കു പറയുവല്ല ഞാൻ… വിശ്വസിക്കാം നിനക്കെന്നെ… ”

“മറ്റാരേക്കാളും ഞാൻ നിന്നെ വിശ്വസിക്കുന്നു ദിൽന… പേരുപോലെ നല്ല ഹൃദയം ഉള്ളവളാ നീ ”

“മ്മ് അപ്പോൾ എന്റെ മോള് കുറച്ചു ബോൾഡ് ആയിട്ട് ഇരിക്ക്… എനിക്ക് കുറച്ചു ജോലി ഉണ്ട്… എല്ലാം ഭംഗിയാക്കിയിട്ട് ഞാൻ വരും… പിന്നെ ദാ ഇതൊരു ന്യൂ സിം ആണ്… ഇത് നിന്റെ ഫോണിൽ ഇട്ടോളൂ.. ഞാൻ വിളിക്കുമ്പോൾ എടുക്കണം … മറ്റേ നമ്പർ ഇനി നമുക്ക് വേണ്ട… ഒക്കെ ”

“മ്മ് ഒക്കെ ഡാ ”

അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ എബിയെ വിളിച്ചു… ആദ്യം കുറേ വഴക്ക് പറഞ്ഞെങ്കിലും ഇപ്പോൾ നിൽക്കുന്നിടത്തു തന്നെ നിൽക്കാനും എബി ഉടനെ വരാമെന്നും പറഞ്ഞു ഫോൺ വെച്ചു….

കുറേ സമയത്തിന് ശേഷം എബി വന്നു.. ഞങ്ങൾ ഒരുമിച്ചു ഫ്ലാറ്റിലേക്ക് തിരിച്ചു…

“ഒരു വണ്ടി നമ്മളെ മെയിൻ റോഡ് മുതൽ ഫോളോ ചെയ്യുന്നുണ്ട് എബി… ”

“ഞാനും ശ്രദ്ധിച്ചു അത്… സ്പീഡ് കുറയ്ക്കാം… കയറി പോകുന്നേൽ പോകട്ടെ ”

എബി ബൈക്കിന്റെ സ്പീഡ് കുറച്ചു… പെട്ടെന്ന് മറ്റേ വാഹനം ഞങ്ങളെ ഓവർ ടേക്ക് ചെയ്തു കടന്നു പോയി…
കുറച്ചു മുന്നിലായി പോയ ആ വാഹനം പെട്ടെന്ന് ബൈക്കിനെ ക്രോസ്സ് ചെയ്തു… അതിൽ നിന്നും ഇറങ്ങി വന്ന ആളിനെ വ്യക്തമായി ഞാൻ കണ്ടു

‘ജിതിൻ തമ്പാൻ ‘

(തുടരും)