രചന – ഭവ്യ ഭാസ്കരൻ
ആരാ സ്മിത… അവൾ ചോദിച്ചു.
സ്മിത.. എനിക്കവൾ ആരായിരുന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. ഇഷ്ടമായിരുന്നു അവളെ.
മാളു ഞെട്ടി കൊണ്ടവനെ നോക്കി.
ഇഷ്ടം.. അപ്പോ.. ഉണ്ണിയേട്ടൻ ആ കുട്ടിയേ സ്നേഹിച്ചിരുന്നോ..? ശബ്ദം ഇടറി കൊണ്ടവൾ ചോദിച്ചു.
മ്മ്. അവനൊന്ന് മൂളി.
മാളുവിനെ ദേഹം തളരുന്നപ്പോലെ തോന്നി. ഒരു ആശ്രയമെന്നോണം ഉണ്ണിയുടെ കൈകളിൽ മുറുകെ പിടിച്ചു.
പിന്നെ എന്തിനാ.. എന്നെ… അവളുടെ വാക്കുകൾ മുറിഞ്ഞു. കണ്ണുകൾ നിറഞ്ഞു.
ഉണ്ണി അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.
നിറ കണ്ണുകളോടെ മാളു അവനെ നോക്കി.
സ്കൂളിൽ പഠിക്കുമ്പോൾ എപ്പോഴോ തോന്നിയ ഒരിഷ്ടം അതായിരുന്നു സ്മിത.
പക്ഷേ പ്രണയം എന്താണെന്ന് അറിഞ്ഞത് നിന്നിലൂടെയാണ് മാളൂ. എന്റെ ജീവൻ തന്നെ നീയാണ്. എന്റെ മരണം വരെ എന്റെ ഈ നെഞ്ചിൽ ഒരു പെണ്ണിനെ സ്ഥാനമുള്ളൂ, നിനക്ക് മാത്രം. ഞാൻ ഇന്ന് എന്നേക്കാൾ കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ് മാളൂ. ഐ മാഡലി ലവ് വിത്ത് യൂ.
മാളൂ അവനെ നെഞ്ചിലേക്ക് ചാഞ്ഞു.
എനിക്കറിയണം എല്ലാം..? മാളു നേർത്ത സ്വരത്തിൽ പറഞ്ഞു.
ഉണ്ണി ഓർമകളിലേക്ക് ഊളിയിട്ടു.
അവളെ ഞാൻ ആദ്യമായ് കണ്ടത് അവളുടെ അമ്മയോടൊപ്പം ഞങളുടെ പാടത്തെ കൊയ്ത്തിന് വന്നപ്പോഴാണ്. ഒരു കൊച്ചു സുന്ദരി, നാലു വയസേ അന്നവൾക് ഉള്ളൂ. ഷിമിയിട്ട് കൈയിൽ അച്ചിങ്ങ (കുഞ്ഞു തേങ്ങ) കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടം ചുറ്റിച്ചു കൊണ്ട് പാടത്തെ വരമ്പിൽ ഇരിക്കുകയായിരുന്നു. ഓർമയിൽ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
അവന്റെ മുഖത്തെ പുഞ്ചിരി മാളു നോക്കി കാണുകയായിരുന്നു.
പിന്നീട് ഇടക്ക് അടുക്കള ജോലിക്ക് വരുന്ന അവളുടെ അമ്മയുടെ കൂടെ അവളെയും കാണാം.
അങ്ങനെ പരിചയപ്പെട്ടു. നല്ല കൂട്ടുകാരായി. അവൾക്ക് എന്ത് കിട്ടിയാലും എനിക്ക് കൊണ്ട് വന്ന് തരും. തിരിച്ചും അങ്ങനെ തന്നെയായിരുന്നു.
പാടവും മേടുകളും ഞങ്ങളുടെ കളിസ്ഥലങ്ങളായി. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം, ഒരിക്കൽ ഞാൻ സ്കൂൾ വിട്ട് വരുമ്പോൾ അവൾ ആടുകളെ മെയ്ക്കുന്നതാണ് കണ്ടത്. അവളുടെ പ്രായത്തിൽ ഉള്ളവർ എല്ലാം ഒന്നാം ക്ലാസ്സിൽ ചേർന്നിരുന്നു.
ആ ദിവസം അവന്റെ ഓർമയിൽ എത്തി.
സുമി… നീ എന്താ സ്കൂളിൽ വരാഞ്ഞേ…?
അമ്മ.. സ്കൂളിൽ പോണ്ടന്ന്.. പറഞ്ഞു. അവൾ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞു.
അവൻ അവളുടെ അടുത്തേക്ക് ചെന്നു.
അതെന്താ.. സുമിക്ക് പഠിക്കണ്ടേ..?
മ്മ്. അമ്മടെത്ത് പൈയ്ച്ച ഇല്ലന്ന് പറഞ്ഞു. സങ്കടത്തോടെവൾ അവനെ നോക്കി കൊണ്ട് പറഞ്ഞു.
സാരമില്ലാട്ടോ.. ഞാൻ അച്ഛനോട് സുമിയെ സ്കൂളിൽ ചേർത്താൻ പറയാം.
ചത്യമാണോ.. ഉണ്ണിയേട്ടാ…?
അവൻ അവളുടെ കൈയിൽ പിടിച്ചു.
സത്യം.
അവളുടെ കണ്ണുകൾ വിടർന്നു. ഉണ്ണി പോക്കറ്റിൽ നിന്നും മിഠായിയെടുത്ത് അവൾക്ക് നൽകി.
കണ്ണുകൾ തുടച്ചു കൊണ്ടവൾ അവന്റെ കൈയിൽ നിന്നും മിഠായി വാങ്ങി പുഞ്ചിരി.
ഉണ്ണി അവളുടെ കവിളിൽ പിടിച്ചു.
സുമി ചിരിക്കുന്നത് കാണാനാട്ടോ… ചന്തം. അവളെ നോക്കി പുഞ്ചിരിയോടെ അവൻ പറഞ്ഞു.
അവളും പുഞ്ചിരിച്ചു.
നാളെ കാണാംട്ടോ..?
ആഹ്.
ഉണ്ണി നടന്ന് നീങ്ങി.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഭാരതിയോടപ്പം ഉണ്ണിയും കേശവൻ വരുന്നതും നോക്കി ഉമ്മറത്ത് ഇരുന്നു.
ഉണ്ണി.. നിനക്ക് ഇന്ന് പഠിക്കാൻ ഒന്നുമില്ലേ..?
അച്ഛൻ വന്നിട്ടു പഠിക്കാം.. അമ്മാ. അവൻ ഉമ്മറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
അച്ഛൻ എന്താ വരാത്തെ…?
ഇപ്പോ വരും, ഭാരതി അവന്റെ മുതുകിൽ തലോടി കൊണ്ട് പറഞ്ഞു.
അംബാസിറ്റർ കാർ ഉമ്മറത്ത് വന്നു നിന്നു. രാമൻ കാറിൽ നിന്നും ഇറങ്ങി.
അച്ഛാ… അവൻ ഓടി ചെന്ന് കേശവനെ പിടിച്ചു. കേശവൻ അവനെ ചേർത്ത് പിടിച്ചു. കാറിൽ നിന്നും പലഹാര പൊതിയെടുത്ത് അവനെ നൽകി.
അവൻ അച്ഛന്റെ കൈയും പിടിച്ചു ഉമ്മറത്തേക്ക് കയറി.
ബാഗ് ഭാരതിയെ ഏല്പിച്ച് കേശവൻ അകത്തേക്ക് കയറി. ഹാളിലെ സോഫയിൽ ചെന്നിരുന്നു. അപ്പോഴേക്കും ഭാരതി കുടിക്കാൻ ഉള്ള വെള്ളവുമായി വന്നു.
ഉണ്ണി കേശവന്റെ അടുത്ത് പോയിരുന്നു.
കൃഷ്ണൻ എവിടെ..?
പഠിക്കാ.. ഭാരതി പറഞ്ഞു.
ഭാരതി വെള്ളം കേശവന് കൊടുത്തു.
അച്ഛാ..
എന്താ ഉണ്ണി…?
അച്ഛാ.. സുമിയെ സ്കൂളിൽ ചേർക്കോ..? കേശവൻ നെറ്റി ചുളുക്കി കൊണ്ടവനെ നോക്കി.
കേശവൻ ഭാരതിയെ നോക്കി.
ജാനകിടെ മകൾ. ഭാരതി പറഞ്ഞു.
അതിന് അച്ഛൻ അല്ലല്ലോ.. ആ കുട്ടിയേ ചേർത്തേണ്ടത്. അവളുടെ അമ്മയല്ലേ..? കേശവൻ പറഞ്ഞു.
അവരുടെ കൈയിൽ പൈസ ഇല്ല അച്ഛാ അതാ. ഉണ്ണി പറഞ്ഞു.
ആരാ… നിന്നോട് ഇത് പറഞ്ഞെ. ഭാരതി ഗൗരവത്തോടെ ചോദിച്ചു.
സുമി.
മ്മ്. ഭാരതി ഒന്ന് അമർത്തി മൂളി.
അച്ഛാ.. പൈസ കൊടുക്കോ സുമിക്ക്. പാവാ അച്ഛാ.
മ്മ്. ഞാനൊന്ന് ആലോചിക്കട്ടെ. നീ പോയി പഠിക്ക്. കേശവൻ ഗൗരവത്തോടെ പറഞ്ഞു.
മ്മ്. ഉണ്ണി റൂമിലേക്ക് പോയി.
എന്താ ഏട്ടാ.. ആ പെണ്ണിനെ സ്കൂളിൽ ചേർക്കാൻ പോവണോ..? ഭാരതി ചോദിച്ചു.
ഞാനൊന്ന് ആലോചിക്കട്ടെ.. ഭാരതി.
ഒരു ആലോചനയും വേണ്ട. പണമില്ലാത്തവർ പഠിക്കണ്ട. അല്ലെങ്കിൽ ആ പെണ്ണ് പഠിച്ച് എവിടെ എത്താനാ. നാളെ ഏതെങ്കിലും വീടിന്റെ അടുക്കളയിലാവും ജീവിതം. ഭാരതി പറഞ്ഞു.
അതല്ല.. ഭാരതി, ഉണ്ണി ആദ്യമായ് ഒരു കാര്യം പറഞ്ഞതല്ലേ. അവന്റെ മനസ് വേദനിപ്പിക്കണ്ട. നീ കുറച്ച് പണം ജാനകിയെ ഏല്പിച്ചു ആ കുട്ടിയേ സ്കൂളിൽ ചേർക്കാൻ പറയൂ.
ഏട്ടാ.. ആലോചിക്കാതെ എടുത്ത് ചാടണ്ട. ആ കുട്ടിയേ പോലെ എത്രെയോ കുട്ടികൾ ഈ നാട്ടിൽ ഉണ്ട്. ഒരാളെ സഹായിച്ചാൽ മറ്റുള്ളവരും സഹായം ചോദിച്ചു വരും. ഭാരതി പറഞ്ഞു.
ഇപ്പോ നീ അതിനെ കുറിച്ച് ചിന്തിക്കണ്ട. ഞാൻ പറഞ്ഞത് ചെയ്യാ. ദൃഡസ്വരത്തിൽ പറഞ്ഞു കൊണ്ട് കേശവൻ റൂമിലേക്ക് നടന്നു.
വേലക്കാരിയുടെ മകളെ പഠിപ്പിക്കാത്തതിന്റെ കുറവേ ഉള്ളൂ. ഭാരതി പിറുപിറുത്തു കൊണ്ട് ദേഷ്യത്തോടെ അടുക്കയിലേക്ക് നടന്നു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ജാനകി.. ഗൗരവത്തോടെ ഭാരതി വിളിച്ചു.
പാത്രം കഴുകുന്നിടത്ത് നിന്ന് ജാനകി എഴുനേറ്റ് നിന്നു.
എന്താ തമ്പ്രാട്ടി…?
സുമി.. പേടിയോടെ ജാനകിയുടെ പിറകിലേക്ക് മാറി.
ഇന്നലെ തന്റെ മകൾ ഉണ്ണിയോട് പണമില്ലാത്തത് കൊണ്ടാ.. പഠിക്കാത്തെ എന്ന് പറഞ്ഞോ..? ഭാരതിയുടെ മുഖത്തു ദേഷ്യം പ്രതിഫലിച്ചു.
ജാനകി.. സുമിയെ നോക്കി. അവൾ തല താഴ്ത്തി നിന്നു.
തമ്പ്രാട്ടി.. പെണ്ണ് അറിയാതെ പറഞ്ഞതാ.
മ്മ്. കൈ നീട്ട്.
ജാനകി കൈ നീട്ടി.
കുറച്ചു പണം ജാനകിയുടെ കൈയിൽ വച്ചു കൊടുത്തു.
തമ്പ്രാട്ടി.. ഇത്.
പെണ്ണിനെ കൊണ്ട് പോയി സ്കൂളിൽ ചേർക്കെ.
ജാനകി നിറ കണ്ണുകളോടെ ഭാരതിയെ നോക്കി. സുമിയുടെ കണ്ണുകൾ വിടർന്നു.
മ്മ്. കരയാൻ നില്കാതെ പണികൾ ചെയ്ത് വേഗം പോവാൻ നോക്ക്. ഭാരതി അകത്തേക്ക് കയറി പോയി.
ജാനകി സുമിയെ ചേർത്തു പിടിച്ചു. പിന്നെ കൈയിൽ ഇരിക്കുന്ന പണത്തിലേക്കും നോക്കി. ജാനകി പണം മടിക്കുത്തിൽ തിരുകി.
മോളെ.. അമ്മ പണികൾ എല്ലാം തീർക്കട്ടെ. എന്നിട്ട് നമ്മുക്ക് സ്കൂളിൽ പോവാം.
മ്മ്. അവൾ സന്തോഷത്തോടെ തലയാട്ടി. ജാനകി പാത്രം കഴുകാൻ ഇരുന്നു.
സുമി ചുറ്റും നോക്കി. പറമ്പിൽ നിൽക്കുന്ന ഉണ്ണിയുടെ അടുത്തേക്കവൾ ഓടി.
അവളെ കണ്ട് ഉണ്ണിയുടെ കണ്ണുകൾ വിടർന്നു.
അവൾ ഓടി വന്ന്, എത്തി വലിഞ്ഞു കൊണ്ടവൾ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.
മമ്പ്രാട്ടി.. പൈയ്ച്ചാ തന്നു സ്കൂളിൽ ചേരാൻ. കൊഞ്ചിക്കൊണ്ടവൾ പറഞ്ഞു.
ഉണ്ണിയുടെ കണ്ണുകൾ വിടർന്നു.
തുടരും

by