രചന – നന്ദിത ദാസ്
എന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കിയിട്ട് കൈയിൽ ഉണ്ടായിരുന്ന എന്തോ ഒന്ന് അവളു ടേബിളിന്റെ പുറത്തേക്കു വെച്ചു….
അതിലേക്കും ഇന്ദുവിന്റെ മുഖത്തേക്കും ഞാൻ മാറി മാറി നോക്കി….
എനിക്കു മുഖം തരാതെ അവൾ ജനലഴികളിൽ പിടിച്ചു പുറത്തേക്ക് കണ്ണും നട്ടു നിന്നു….
ടേബിളിന്റെ പുറത്തിരുന്ന പ്രെഗ്നൻസി കിറ്റ് കണ്ടപ്പോൾ തന്നെ അവളുടെ മൂഡ് മാറ്റത്തിന്റെ കാരണം എനിക്കു ബോധ്യപ്പെട്ടു…
സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു പോയി…
ഒരു അച്ഛനാവാണെമെന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു…
പക്ഷേ ഇത്ര പെട്ടെന്ന് ഈശ്വരൻ അത് സാധിച്ചു തരുമെന്ന് കരുതിയില്ല…
ഭക്ഷണം പാതിവഴിയിൽ ഉപേക്ഷിച്ചു ഞാൻ കൈ കഴുകി വന്നു…
ഇരു കൈകൾ കൊണ്ടും അവളെ ചേർത്തു പിടിച്ചു…
മുഖം അവളുടെ കാതോരം ചേർത്തു വെച്ചു ചോദിച്ചു…
“സത്യമാണോ??….
എന്റെ ഇന്ദുവിനെ ഞാൻ പുണ്യവതി ആക്കിയോ…?? ”
മറുപടി ഒന്നും കിട്ടിയില്ല…
ശില പോലെ നിൽക്കുവാണ് അവൾ…
ഞാൻ അവളെ എനിക്കു മുഖാമുഖം തിരിച്ചു നിർത്തി…
ഉരുണ്ടു കൂടിയ കാർമേഘം പോലെ പെയ്യാൻ വിതുമ്പി നിൽക്കുന്ന കണ്ണുകൾ…
“ഹേയ്… എന്താ ഇതു പെണ്ണേ…
എന്തിനാ സങ്കടപ്പെടുന്നത്…
സന്തോഷിക്കുവല്ലേ വേണ്ടത്… ”
അവളുടെ മുഖം പിടിച്ചുയർത്തി ഞാനാ മൂർദ്ധാവിൽ ചുംബിച്ചു….
“പെട്ടെന്ന് റെഡി ആകു…
ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയേക്കാം… ”
അവളെയും തള്ളി ഞാൻ റൂമിനുള്ളിൽ കയറി…
“ദേ പെണ്ണേ എനിക്കു ദേഷ്യം വരുന്നുണ്ടേ…
ഇതെന്താ ഇങ്ങനെ ഒരു ഭാവം…
എന്താ നിന്റെ മനസ്സിൽ…. ”
എന്റെ കണ്ണുകളിലേക്കു നോക്കി അവൾ ചോദിച്ചു…
“ഞാനൊരു നല്ല ഭാര്യ ആണെന്ന് ഏട്ടന് തോന്നിയിട്ടുണ്ടോ?? ”
“ആഹ്… ബെസ്റ്റ്…
ഇപ്പോൾ എന്താ നിനക്ക് ഇങ്ങനെ തോന്നാൻ…
അത് പറഞ്ഞിട്ട് മതി ഇനി എന്തും…. ”
“ഞാനൊരു നല്ല ഭാര്യ അല്ല ഏട്ടാ…
എനിക്കത് നന്നായി അറിയാം…
ഏട്ടൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് എനിക്ക് വേണ്ടി…
പ്രായത്തിന്റേതായ പക്വത ഒരിക്കൽ പോലും ഞാൻ കാണിച്ചിട്ടില്ല…
എല്ലാം ഒരു തമാശ മാത്രം…
അങ്ങനെ ഉള്ള ഞാൻ ഒരു കുഞ്ഞിനെ…
എനിക്കൊരു നല്ല അമ്മ ആകാൻ കഴിയുമോ ഏട്ടാ…?? ”
“ഹും… അപ്പോൾ അതാണ് കാര്യം…
ശരിയാ നല്ല ഭാര്യ അല്ലാത്ത ഒരാൾ ഒരിക്കലും ഒരു നല്ല അമ്മ ആകില്ല…
പക്ഷേ എന്റെ ഇന്ദു ഒരിക്കലും അങ്ങനെ ആകില്ല…
ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെന്ന പുരുഷൻ ഞാനാണെന്ന് വിശ്വസിക്കുന്നവനാ ഞാൻ…
എന്റെ ആ ഭാഗ്യം നീയാണ്…
ഒരു കളങ്കവും ഇല്ലാതെ എന്നെ സ്നേഹിക്കുന്നില്ലേ നീ…
എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് പെരുമാറുന്നില്ലേ….
എനിക്കു നല്ല ഭക്ഷണം ഉണ്ടാക്കി തരുന്നില്ലേ…
എന്റെ വീട്ടുകാരെ സ്വന്തം പോലെ കണ്ടു സ്നേഹിക്കുന്നില്ലേ…
എന്റെ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലേ…
ഇതിൽ പരം എന്താണ് ഒരു പുരുഷന് വേണ്ടത്…
നീയല്ലേ മോളെ എന്റെ പ്രാണൻ…
കുറുമ്പും വാശിയും കൂടുതൽ തന്നെയാ നിനക്കു …
പക്ഷേ അതൊരിക്കലും നിന്റെ പക്വത കുറവുകൊണ്ടാണെന്നു എനിക്കു ഇതുവരെ തോന്നിയിട്ടില്ല…
മനസ്സറിഞ്ഞു ആസ്വദിച്ചിട്ടേ ഉള്ളു…
മിണ്ടാപ്പൂച്ച പോലെയിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനേക്കാൾ എനിക്കിഷ്ടം എന്തുകൊണ്ടും എന്റെ കാന്താരി പെണ്ണിനെ തന്നെയാണ്…
നീ എന്റെ ഭാഗ്യം ആണെങ്കിൽ നമുക്കുണ്ടാകുന്ന കുഞ്ഞുങ്ങളും ഭാഗ്യവാന്മാരും ഭാഗ്യവതികളും ആയിരിക്കും…
കാരണം ഇത്രയും നല്ലൊരു അമ്മയെ ആണല്ലോ നമ്മുടെ കുഞ്ഞുങ്ങൾക്ക് കിട്ടുന്നത്…
വെറുതെ പൊളിവാക്ക് പറയുവല്ല പെണ്ണേ…
പച്ച പരമാർത്ഥം….. ”
“ഏട്ടാ… ”
ഒരു കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
ഞാനാ കണ്ണുകൾ തുടച്ചു…
“വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട കേട്ടോ…
സന്തോഷികുവല്ലേ പെണ്ണെ വേണ്ടത്…
സാധാരണ പെൺകുട്ടികൾ അമ്മ ആകാൻ പോകുന്നു എന്നറിയുമ്പോൾ നാണം കൊണ്ടും സന്തോഷം കൊണ്ടും മതി മറന്ന് പോകും…
ഇവിടെ ആണെങ്കിലോ നേരെ തിരിച്ചാണ് കാര്യങ്ങൾ… ”
“എനിക്കു നല്ല പേടി തോന്നുന്നു ഏട്ടാ…
അമ്മയെ കാണാൻ തോന്നുന്നു… ”
“എന്തിനാ പേടിക്കുന്നത്…
ഒട്ടും പേടിക്കണ്ട കേട്ടോ…
ഞാൻ ഇല്ലേ കൂടെ… പോരാത്തതിന് നിന്റെ കൃഷ്ണൻ കുട്ടിയും ഉണ്ടല്ലോ…
അത് പോരേ പെണ്ണേ… ”
“എന്നാലും….
ശ്രീ പറഞ്ഞല്ലോ ഡെലിവറിയെ അത്ര സിമ്പിൾ ആയി കാണണ്ടന്നു…
അവൾ പറഞ്ഞതൊക്കെ ഓർക്കുമ്പോൾ എനിക്കു ദേഹം വല്ലാണ്ട് വരുവാ… ”
“ആഹ് ബെസ്റ്റ് നല്ല കൂട്ടുകാരി…
അവളു ചുമ്മാ പറയുന്നതല്ലേ പെണ്ണേ…
അവള് ഇതുവരെ പ്രസവിച്ചിട്ടൊന്നും ഇല്ലാലോ…
വെറുതെ വാചകമടിക്കുന്നതല്ലേ… ”
“ആണോ… അപ്പോൾ ഏറ്റവും വല്യ വേദന പ്രസവവേദന ആണെന്ന് പറയുന്നതോ…
അതും കള്ളമാണോ… ”
“ഓഹ് ഈ പെണ്ണിന്റ ഒരു കാര്യം…
നീ ഒന്ന് റെഡി ആയി ഇറങ്ങു ഇന്ദു… ഹോസ്പിറ്റലിൽ പോയി ചെക്ക്അപ്പ് ചെയ്തിട്ടു വരാം… ”
“മ്മ് ”
അവള് റെഡി ആകുന്നത് വരെ ഞാനും അവിടെ തന്നെ നിന്നു…
പൊട്ടി പെണ്ണാണ്… ഒരു കുന്തവും അറിയില്ല…
ഒരു കൗൺസിലിംഗ് അത്യാവശ്യം ആണ്…
അമ്മമാര് ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ…
ശ്രീക്കു ഞാൻ വെച്ചിട്ടുണ്ട് എന്റെ പെണ്ണിനെ പറഞ്ഞു പേടിപ്പിച്ചു വിട്ടിരിക്കുന്നു അവൾ..
“പോകാം ഏട്ടാ.. ”
“ഹയ്യോ എന്റെ പെണ്ണേ ഇങ്ങനെ ചാടി തുള്ളിയൊക്കെ ഇനി നടക്കല്ലേ…
എന്റെ രാജകുമാരനെ നന്നായി സൂക്ഷിക്കണം… ”
“രാജകുമാരൻ അല്ല രാജകുമാരി…
എനിക്കു മോളു മതി.. ”
“അയ്യടി… എനിക്കു മോൻ മതി…
എനിക്കറിയാം ഇതു മോനാ… ”
“അല്ല മോളാ… എനിക്കു ഉറപ്പാ.. ”
“അതെന്താ ഇത്ര ഉറപ്പ്… നീ സ്വപ്നം വല്ലതും കണ്ടോ”
“കൃഷ്ണൻകുട്ടി പറഞ്ഞു മോളാണെന്നു..
പുള്ളിക്കാരൻ പറഞ്ഞാൽ തെറ്റില്ലലോ…
ഇത് മോളു തന്നെയാ… ”
“ആഹാ… എന്നാൽ എന്റെ ഇന്ദുനെ പോലെ ഒരു കുറുമ്പത്തി സുന്ദരിക്കുട്ടി തന്നെ ആയിക്കോട്ടെ…
ഒത്തിരി സന്തോഷം… ”
ഹോസ്പിറ്റലിൽ എത്തുന്നത് വരെ അവളുടെ മൈൻഡ് ഞാൻ മാറ്റിയെടുത്തുകൊണ്ടേ ഇരുന്നു…
ആർമി ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് വിഭാഗത്തിലെ ഡോക്ടർ പീയുഷയെ ആണ് റെക്കമൻഡു ചെയ്തത്…
ഭാഷ ഇന്ദുവിന് ഒരു പ്രോബ്ലം ആയിരുന്നു..
ഡോക്ടർ പീയുഷ മുംബൈക്കാരി ആണ്…
ഏട്ടനും ഡോക്ടറും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…
എനിക്കൊന്നും മനസ്സിലാകാത്തത് കൊണ്ടു ഞാൻ വായും പൊളിച്ചിരുന്നു…
ഡോക്ടറിന്റെ റൂമിലെ കുഞ്ഞു വാവകളുടെ ചിത്രങ്ങളിലേക്ക് എന്റെ കണ്ണുകൾ ഓടി നടന്നു…
ഞാൻ അറിയാതെ തന്നെ എന്റെ കൈകൾ എന്റെ വയറിന്മേൽ അമർന്നു…
“ഇന്ദു… ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം… നീ ഡോക്ടറുടെ കൂടെ അകത്തേക്ക് പൊയ്ക്കോ…
ചെക്ക്അപ്പ് ചെയ്യാൻ വേണ്ടിയാ… ”
“ഹയ്യോ… ഏട്ടാ… എനിക്കു പേടിയാ…പോകല്ലേ… ”
“അകത്തോട്ടു ആണുങ്ങളെ കയറ്റില്ല അതല്ലേ…
നല്ല ഡോക്ടർ ആണ്… പേടിക്കേണ്ട… ”
“മ്മ് ”
ഏട്ടൻ പുറത്തേക്കിറങ്ങി…
ഡോക്ടർ എന്നോട് ടേബിൾ ചൂണ്ടി കാട്ടി അതിൽ കിടന്നോളാൻ പറഞ്ഞു…
അങ്ങനെ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു….
ചെക്കപ്പ് കഴിഞ്ഞു പുറത്തിറങ്ങി…
ഏട്ടൻ അപ്പോളേക്കും അകത്തേക്ക് വന്നു…
എന്തൊക്കെയോ പറയുന്നുണ്ട്…
ഇറങ്ങാൻ നേരം ഡോക്ടർ എന്നെ നോക്കി പുഞ്ചിരിച്ചു…
ഞാനും ചിരിച്ചു..
“എന്താ ഏട്ടാ ഡോക്ടർ പറഞ്ഞത്…? ”
“നമ്മുടെ കുഞ്ഞിന് അഞ്ചു ആഴ്ച വളർച്ച എത്തിയിട്ടുണ്ട്…
വിശദമായ ചെക്കപ്പിന് നാളെ ഒന്നുകൂടി വരാൻ പറഞ്ഞു…
കുറച്ചു വിറ്റാമിൻ ടാബ്‌ലെറ്റ്സ് എഴുതി തന്നിട്ടുണ്ട് അത് വാങ്ങണം… ”
“എനിക്കു ഏതെങ്കിലും മലയാളി ലേഡി ഡോക്ടർസ് ഉണ്ടെങ്കിൽ അത് മതി ഏട്ടാ…
ഇത് ഒന്നും മനസിലാകുന്നില്ല… ”
“മ്മ്… ഞാനും അത് തന്നെയാ ആലോചിച്ചത്…
അതൊക്കെ നമുക്ക് ഓക്കേ ആക്കാം… ”
ഇന്ദുവിനെ റൂമിൽ ആക്കിയിട്ട് ക്യാമ്പിൽ പോയി ടു ഡേ ലീവ് എഴുതി കൊടുത്തിട്ട് പെട്ടെന്ന് തന്നെ തിരികെ വന്നു..
വീട്ടിൽ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു..
എല്ലാവർക്കും സന്തോഷം…
ഉടനെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു വരാൻ ഓർഡർ കിട്ടി…
ഇവിടെ നല്ല ട്രീറ്റ്‌മെന്റ് കിട്ടുമെന്ന് പറഞ്ഞിട്ടും ആരും സമ്മതിച്ചില്ല…
ഒടുവിൽ മൂന്നു മാസം യാത്ര പാടില്ലെന്ന് ഡോക്ടർ പറഞ്ഞു എന്ന് പറഞ്ഞു അതിൽ നിന്നും തടിയൂരി..
മനസില്ലാമനസോടെ അവർക്കു സമ്മതിക്കേണ്ടി വന്നു…
“അല്ലെങ്കിലും ഞാൻ നാട്ടിലേക്കു പോകില്ലാരുന്നു ഏട്ടാ…
എനിക്കു ഏട്ടന്റെ കൂടെ നിന്നാൽ മതി… ”
അതും പറഞ്ഞു അവളെന്റെ മടിയിലേക്കു കിടന്നു…
ഞാൻ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു…
“അല്ലെങ്കിലും ഞാൻ വിട്ടിട്ട് വേണ്ടേ പോവാൻ….
ഞാൻ നോക്കിക്കോളാം എന്റെ പെണ്ണിനെ…
പൊന്നുപോലെ… ”
“ഇത്ര പെട്ടെന്ന് ഞാൻ പ്രതീക്ഷിച്ചില്ല ഏട്ടാ…
ഡേറ്റ്സ് തെറ്റിയെന്ന് ശ്രീയോട് പറഞ്ഞപ്പോൾ അവളാണ് ഇതേക്കുറിച്ചു സൂചിപ്പിച്ചത്..
ചെറിയ ഒരു ഡൌട്ട് ഉണ്ടായിരുന്നു…
പിന്നെ പ്രെഗ്നൻസി കിറ്റോക്കെ അവൾ സംഘടിപ്പിച്ചു…
റിസൾട്ട് കണ്ടപ്പോൾ സന്തോഷം അല്ല ശരിക്കും സങ്കടം വന്നു…
എന്താണെന്നു ചെയ്യേണ്ടതെന്ന് പോലും അറിയില്ല…
ആകെ ഒരു ആശ്വാസം ശ്രീ മാത്രം ആയിരുന്നു…
അവളു പോയ പുറകെ ആണ് ഏട്ടൻ വന്നത്.. ”
“ഈശ്വരൻ തന്നതല്ലേ മോളെ…
നല്ലത് മാത്രം ചിന്തിച്ചാൽ മതി…
അനാവശ്യ ചിന്തകളൊക്കെ അങ്ങ് കളഞ്ഞേക്ക്…
ഇപ്പോൾ ഞാനും നീയും പിന്നെ നമ്മുടെ രാജകുമാരിയും…
അത് മാത്രം ഓർത്താൽ മതി… ”
“മ്മ്… ”
വൈകിട്ടു വിവരം അറിഞ്ഞു ഹരിയേട്ടനും കൂട്ടാളികളും വന്നു…
ചെറിയ ഒരു കേക്ക് മുറിച്ചു ആഘോഷിച്ചു…
പിന്നീടുള്ള ഓരോ ദിവസവും ഏട്ടന്റെ കരുതലും സ്നേഹവും കൂടുതലായി ഞാൻ അനുഭവിച്ചു അറിയുകയായിരുന്നു…
ഇവിടെ ഉണ്ടായിരുന്ന എന്റെ ജോലിയെല്ലാം ഇപ്പോൾ ഏട്ടനാണ് ചെയ്യുന്നത്…
ഡ്യൂട്ടി പോകുന്നതിനു മുൻപ് ശ്രീയുടെ കൈയിൽ എന്നെ ഏൽപ്പിക്കും…
മിക്ക ദിവസങ്ങളിലും എനിക്കു വേണ്ടി ലീവ് എടുത്തു…
ഒടുവിൽ ‘കടുവ ‘ഗർജിക്കാൻ തുടങ്ങിയതോടെ പഴയത് പോലെ ഡ്യൂട്ടിക്ക് പോയി തുടങ്ങി…
നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ ഹരിയേട്ടനോ ജോണോ… അവരുടെ കൂട്ടത്തിൽ ആരെങ്കിലും എനിക്കു കവലിരിക്കുമായിരുന്നു…
ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ സങ്കടമെല്ലാം എന്നെന്നേക്കുമായി മാഞ്ഞു പോകാൻ അവരുടെയൊക്കെ സ്നേഹവും പരിചരണവും ധാരാളം ആയിരുന്നു…
ദിവസങ്ങൾ കഴിയും തോറും ശാരീരികമായി ഒരുപാട് മാറ്റങ്ങൾ ഉണ്ടായി…
വയറു വീർക്കാൻ തുടങ്ങിയിരുന്നു…
ഓരോ ആഴ്ചയും ഏട്ടൻ വയറിന്റെ അളവെടുത്തു എഴുതി വെക്കാൻ തുടങ്ങി….
ഛർദി ആദ്യ നാളുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു…
മഞ്ഞ കലർന്ന ദ്രാവകം ഛർദിച്ചു ഛർദിച്ചു ഒരു പരുവം ആയിരുന്നു അന്നൊക്കെ…
ഇപ്പോൾ വല്യ കുഴപ്പം ഒന്നുല്ല…
സ്വകാര്യ നിമിഷങ്ങളിൽ ഏട്ടൻ വയറിൻമേൽ ചെവി വെച്ചു കുഞ്ഞിനോട് സംസാരിക്കുമായിരുന്നു…
എനിക്കും ഒരുപാട് മാറ്റം വന്നതായി എനിക്കു തോന്നി തുടങ്ങിയിരുന്നു…
ഒരു അമ്മ ആകാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഞാനും തുടങ്ങികഴിഞ്ഞിരുന്നു…
നടപ്പിലും ഭക്ഷണകാര്യത്തിലുമെല്ലാം ഞാൻ അത് പ്രകടിപ്പിച്ചിരുന്നു…
ഇപ്പോൾ എന്നെ നോക്കുന്നത് മലയാളിയായ ഒരു ലേഡി ഡോക്ടർ ആണ്…
പേര് ഡോണ…
നല്ല ഫ്രണ്ട്‌ലി ആണ് അവർ…
മനസ്സറിഞ്ഞു കാര്യങ്ങൾ പറഞ്ഞു തരും…
അവരുടെ ചിരി കണ്ടാൽ തന്നെ നല്ല മോട്ടിവേഷൻ ലഭിക്കും….
അഞ്ചാം മാസത്തിലോട്ടു കടന്നപ്പോൾ തന്നെ വീട്ടിൽ നിന്നും വിളി വന്നു…
ചടങ്ങ് നടത്താൻ കൂട്ടിക്കൊണ്ടു വന്നേ പറ്റുള്ളൂ എന്നായി…
മനസില്ലാമനസ്സോടെ ഏട്ടന് സമ്മതിക്കേണ്ടി വന്നു…
ഏട്ടനെ മാത്രം അല്ല ശ്രീയെയും ഹരിയേട്ടനെയും ബാക്കി എല്ലാവരെയും പിരിയുന്നത് തന്നെ ഒരുപാട് സങ്കടം ഉണ്ടാക്കി…
ഒരുപാട് സഹായം ശ്രീ എനിക്കു വേണ്ടി ചെയ്തിട്ടുണ്ട്…
എനിക്കു ഇഷ്ടം ഉള്ള ഫുഡ് എല്ലാം അവളായിരുന്നു ഉണ്ടാക്കി നൽകിയിരുന്നത്…
അവളിൽ നിന്നും ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും കരുതലും എനിക്കു ലഭിച്ചു…
മനോഹരമായ ദേവലാലി ക്യാമ്പിൽ നിന്നും ഞാൻ വീണ്ടും നാട്ടിലേക്കു…
കൂടെ ഏട്ടനും ഉണ്ട്…
ഫ്ലൈറ്റിൽ ആയിരുന്നു യാത്ര…
രണ്ടു ദിവസം കഴിഞ്ഞാൽ ഏട്ടൻ തിരികെ മടങ്ങും…
നിറവയറുമായി നിൽക്കുന്ന ഭാര്യയെ തനിച്ചാക്കി പോകാൻ മനസ്സുണ്ടായിട്ടല്ല…
പക്ഷേ പോയല്ലേ പറ്റു…
(തുടരും )

by