30/04/2026

സ്നേഹമയി : ഭാഗം 18

രചന – ആരുണി കൃഷ്ണ

“Mr. ശ്രീറാം ദേവരാജ്, ചതിക്ക്, മറുപടി ചതി… ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ.. ” പ്രതികാരം നിറഞ്ഞ ചിരിയുമായി അവൾ തിരിഞ്ഞു നടന്നു…
********************************************

പിന്നീട് എക്സാമിന്റെ തിരക്കുകൾ ആയിരുന്നു…. പഠിപ്പിച്ചു തീർക്കാൻ ഉള്ള പോർഷൻസ് കവർ ചെയ്യുന്ന തിരക്കിൽ ആയിരുന്നു ശ്രീ പലപ്പോഴും…പഠനത്തിന്റെ തിരക്കിൽ മിഥുവും… എങ്കിലും ഇടക്കൊക്കെ ശ്രീയുടെ ശ്രദ്ധ മിഥുവിൽ പതിക്കും… പക്ഷെ അവൾ പഴയത് പോലെ ആയിരുന്നില്ല, മുൻപ് ആ നോട്ടത്തിന്റെ തീഷ്ണത നേരിടാൻ കഴിയാതെ വേറെങ്ങോ മിഴികൾ നട്ടിരുന്നവൾ ഇന്ന് സധൈര്യം ശ്രീയുടെ കണ്ണുകളിൽ നോക്കാറുണ്ട്… ഭാവം പ്രണയം അല്ലെന്ന് മാത്രം…

പക്ഷെ പുറത്ത് വെച്ച് കാണുമ്പോൾ മിഥു ഒരു നോട്ടം കൊണ്ട് പോലും അവനിൽ എത്തിച്ചേരാൻ ആഗ്രഹിച്ചിരുന്നില്ല… മനഃപൂർവം പലപ്പോഴും അവന്റെ നോട്ടത്തെ അവഗണിച്ചു… ശ്രീ വീട്ടിൽ വന്നാലും അവൾ അവനെ ശ്രദ്ധിച്ചതേ ഇല്ല… ലക്ഷ്മി കാരണം ഇത്രയും ദേഷ്യം ഉണ്ടായോ എന്ന് ശ്രീ ഇടക്കൊക്കെ സംശയിക്കാറുണ്ട്… പിന്നെ എക്സാം കഴിയുന്ന ദിവസം എല്ലാ തെറ്റിദ്ധാരണകളും പരിഹരിക്കാം എന്ന വിശ്വാസത്തിൽ അവൻ കാത്തിരുന്നു…

അങ്ങനെ സെക്കന്റ്‌ ഇയർ എക്സാം കഴിയുന്ന ദിവസം…….

എക്സാം കഴിഞ്ഞ്, അവൾ പുറത്തേക്ക് ഇറങ്ങി… ആമിയും ഒപ്പം ഉണ്ടായിരുന്നു…. അന്ന് മിഥു അവളുടെ സ്കൂട്ടി എടുത്തില്ല… ബസ്സിൽ ആയിരുന്നു വന്നത്… പക്ഷെ ആമിക്ക് എവിടെയോ പോകാൻ ഉണ്ടെന്ന് പറഞ്ഞു മിഥുവിനോട് യാത്ര പറഞ്ഞു പോയി… കോളേജിൽ നിന്ന് ബസ് സ്റ്റോപ്പ്‌ വരെ നടക്കാൻ അല്പം ദൂരം ഉണ്ടായിരുന്നു… അന്ന് മിഥുവിന്റെ ബാച്ചിന് മാത്രം ആയിരുന്നു എക്സാം, അതുകൊണ്ട് തന്നെ ആളും കുറവായിരുന്നു…

മിഥു റോഡിന്റെ ഒരറ്റം ചേർന്ന് പതിയെ നടന്നു…. ബസ് സ്റ്റോപ്പ്‌ എത്തി, റോഡ് മുറിച്ചു കടക്കാൻ ഒരുങ്ങിയതും, ഒരു ജിപ്സി അവൾക്ക് അരികിലേക്ക് പാഞ്ഞടുത്തതും ഒരുമിച്ച് ആയിരുന്നു… ഒരുനിമിഷം അവൾ പകച്ചു നിന്നെങ്കിലും, ആരോ തന്നെ വലിച്ചു മാറ്റിയത് അവൾ അറിഞ്ഞു…

കണ്ണുതുറക്കാതെ തന്നെ മിഥുവിന് ആ സ്പർശം മനസ്സിലായി….. ശ്രീ… ഇരുവരും റോഡിനു അരികിൽ നിലത്ത് വീണു കിടക്കുക ആയിരുന്നു…മിഥു അവന്റെ നെഞ്ചോടു ചേർന്ന് കിടന്നപ്പോൾ, അവൻ അവളെ ഇരു കൈകൾ കൊണ്ടും ഇറുക്കെ പുണർന്നിരുന്നു… ആരൊക്കെയോ വന്നു അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു…

“എന്തേലും പറ്റിയോ മക്കളെ… ഹോ എന്തൊരു പോക്കാ ആ വണ്ടി പോയത്…വെള്ളം അടിച്ചിട്ട്, പിന്നെ വണ്ടിയും കൂടി കിട്ടിയാൽ ഇവന്മാർക്ക് ബോധം ഇല്ലല്ലോ… ” കൂട്ടത്തിൽ ഒരാൾ പറഞ്ഞു…

“എന്തായാലും ഈ കൊച്ചൻ ഓടി വന്നു പിടിച്ചു മാറ്റിയത്കൊണ്ട് മോള് രക്ഷപെട്ടു.. ” ഒരു ചേച്ചി അത് പറഞ്ഞപ്പോഴാണ് അവൾ ശ്രീയെ ശ്രദ്ധിച്ചത്… അവൻ ഇപ്പോഴും ഒരു കൈകൊണ്ടു തന്നെ ചേർത്ത് നിർത്തിയിരിക്കുകയാണ്… അവൾ എന്തോ ഓർത്തെന്നപോലെ അകന്ന് നിന്നു…

ശ്രീ അവളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൾ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു… പക്ഷേ ഒന്നും ഉണ്ടായില്ല…

“നിന്റെ വണ്ടി എവിടെ…? ”

“എടുത്തില്ല…. ”

“എന്തെ…? ”

“പെട്രോൾ തീർന്നു.. ”

“മ്മ്… ആമി പോയോ.. ”

“മ്മ്… ”

“വാ, ഞാൻ കൊണ്ടാകാം… ”

“വേണ്ട ഞാൻ ബസ്സിൽ പൊക്കോളാം… ”

“ബസ്സ് കിട്ടി എപ്പോ എത്താനാണ്… ”

“സാരമില്ല… ”

“നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ… “ശ്രീയുടെ ശബ്ദം കനത്തപ്പോൾ മിഥു ഒന്ന് നടുങ്ങി…

അപ്പോഴാണ് മിഥു അവന്റെ കയ്യിലെ മുറിവ് ശ്രദ്ധിക്കുന്നത്… കൈമുറിഞ്ഞു ഷർട്ടിൽ ചോര പറ്റിയിട്ടുണ്ട്…

“അയ്യോ, കൈ മുറിഞ്ഞല്ലോ… ”

അവൾ വേവലാതിപ്പെട്ടുകൊണ്ട് കയ്യിലുണ്ടായിരുന്ന കർചീഫ് എടുത്ത് അവന്റെ കയ്യോട് ചേർത്ത് വെച്ച് അമർത്തി…. ചെറിയ നീറ്റലിലും അവന് ഒരു സുഖം തോന്നി… ഇത്രയും ദിവസം തന്നോട് അവൾ മിണ്ടാതെ ഇരുന്നതിന്റെ വേദന എല്ലാം ആ ഒരു നിമിഷംകൊണ്ട് ശ്രീ മറന്നു…

“ആ സാരമില്ല, ചെറിയ മുറിവല്ലേ…. വാ പോകാം… ”

അവൻ അവളുടെ കയ്യിൽ പിടിച്ചു… റോഡ് ക്രോസ്സ് ചെയ്തു.. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മിഥുവിനെ നോക്കി… അവൾ തീർത്തും യാന്ത്രികമായി അവനൊപ്പം കയറി… വണ്ടിയിൽ ഇരിക്കുമ്പോഴും അവൾ കഴിഞ്ഞ നിമിഷങ്ങളെ കുറിച്ച് ചിന്തിച്ചു…

“അച്ഛന്റെ മരണത്തിനും, എന്റെ ഇന്നത്തെ അവസ്ഥക്കും ഒക്കെ കാരണം ആയ കുടുംബത്തിലെ ഒരാൾ .. എന്നെ ചതിയിൽ പെടുത്താൻ നോക്കുന്നയാൾ… ഇയാളോട് എങ്ങനെ എനിക്ക് സഹതപിക്കാൻ കഴിയുന്നു… എങ്ങനെ ഇയാളോടൊപ്പം ചേർന്ന് നിൽക്കാനും ഇരിക്കാനും കഴിയുന്നു…. ”

അവൾക്ക് സ്വയം പുച്ഛം തോന്നി…

മിഥു വീട്ടിൽ എത്തിയപ്പോൾ കോട്ടൂർ തറവാട് പൂട്ടി ഇട്ടിരിക്കുക ആയിരുന്നു… അത് ഇരുവരർക്കും അത്ഭുതം ആയി തോന്നി… കാരണം ഇത്രയും പേരുള്ള വീട്ടിൽ ഒരു സമയം, ആരെങ്കിലും ഒക്കെ ഉണ്ടാകും…

“എല്ലാരും എവിടെ പോയി മിഥു…? ”

“അറിയില്ല.. ” അവൾ ആശങ്കയോടെ പറഞ്ഞു..

“തന്നോട് ഒന്നും പറഞ്ഞില്ലേ….? ”

അപ്പോഴേക്കും ശ്രീയുടെ ഫോണിൽ ഒരു കാൾ വന്നു… പ്രണവ് ആയിരുന്നു…

“ഡാ, നിങ്ങൾ എല്ലാവരും എവിടെയാ… വീടും അടച്ചിട്ടിരിക്കുക ആണല്ലോ….മിഥു വന്നു നിൽക്കുന്നുണ്ട്…. ”

“ശ്രീകുട്ടാ, അത് നീ എത്രയും വേഗം മിഥുവിനെയും കൂട്ടി സിറ്റി ഹോസ്പിറ്റലിൽ വരെ വരണം… സുഭദ്ര അമ്മായിക്ക് ഒരു ആക്‌സിഡന്റ്…”

“പ്രണവേ… ഡാ… “ഇടർച്ചയോടെ ശ്രീ ഒന്ന് വിളിച്ചു..

“കുറച്ചു ക്രിട്ടിക്കൽ ആണ്… മിഥു ഇപ്പൊ അറിയണ്ട…”

“മ്മ്.. ”

“വാ കയറ്… ”

“എങ്ങോട്ട്, പ്രണവ് ഏട്ടൻ എന്താ പറഞ്ഞത്…? ”

“പറയാം, നിന്നെ കൂട്ടി ചെല്ലാൻ പറഞ്ഞു… ”

“എങ്ങോട്ട്..? ”

“മിഥു, വാശി കാണിക്കാൻ സമയം ഇല്ല വന്നു കയറ്..”.

വണ്ടി സിറ്റി ഹോസ്പിറ്റലിന് മുന്നിൽ നിൽകുമ്പോൾ ഒരു പകപ്പോടെ അവൾ ഇറങ്ങി…

“എന്താ ഇവിടെ…? ”

“നീ വാ.. ”

“ശ്രീയേട്ടാ…. “അവൾ പോലും അറിയാതെ ആ വിളി നാവിൽ വന്നു…
“എന്താ ഇവിടെ.. ” മിഥു കരയുമെന്നായിരിക്കുന്നു…

“അത്, സുഭദ്ര ആന്റിക്ക് ഒരു ചെറിയ ആക്‌സിഡന്റ്… പേടിക്കണ്ട കാര്യമില്ല മിഥു…”

ശ്രീ പറഞ്ഞു തീരും മുന്നേ അവളുടെ ബോധം മറഞ്ഞിരുന്നു…. വീഴും മുന്നേ ശ്രീ അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു…

കുറച്ചു സിസ്റ്റർമാർ വന്നു അവളെ പെട്ടന്ന് casuality ലേക്ക് കൊണ്ട്പോയി…കണ്ണ് തുറക്കുമ്പോൾ മുന്നിൽ ശ്രീയും പ്രണവും ഉണ്ട്…

” ബി പി ലോ ആയതാ… സാരമില്ല… കുറച്ചു നേരം റസ്റ്റ്‌ എടുക്കു.. ” ഡോക്ടർ അത് പറഞ്ഞു എഴുനേറ്റു…

“പ്രണവേട്ടാ, എന്റെ അമ്മ… ”

“മിഥു, മോളെ അമ്മായിക്ക് ഒന്നുമില്ലടാ… ”

“എനിക്ക് അമ്മയെ ഒന്ന് കാണണം… ”

“കാണാം… ഇപ്പൊ മോള് റസ്റ്റ്‌ എടുക്ക്… അമ്മായി മയക്കത്തിലാ… ”

“ഏട്ടാ പ്ലീസ്…

“കുറച്ചു കഴിയട്ടെ മോളെ… ഏട്ടൻ കൊണ്ട് പോയി കാണിക്കാം.. അമ്മായിക്ക് ഒരു കുഴപ്പവുമില്ല… ”

പ്രണവ് അവളുടെ തലയിൽ പതിയെ തലോടി.. മരുന്നിന്റെ ക്ഷീണത്തിൽ മിഥുവിന്റെ കണ്ണുകൾ അടഞ്ഞു…

©ആരുണി കൃഷ്ണ ❤️

“ഡാ, എന്താ സംഭവിച്ചത്… “ശ്രീ പ്രണവിനെ മാറ്റി നിർത്തി ചോദിച്ചു…

“ഇന്ന് മിഥുവിന്റെ അച്ഛന്റെ മരണവും ആയി ബന്ധപ്പെട്ട, കേസിന്റെ ഹിയറിങ് ആയിരുന്നു….അമ്മായി കോടതിയിൽ പോയി മടങ്ങും വഴിയാണ് ആക്‌സിഡന്റ് ഉണ്ടായത്… കണ്ടു നിന്നവർ പറഞ്ഞത് ഒരു ജിപ്സി വന്ന് അമ്മായിടെ കാറിൽ ഇടിച്ചിട്ട് നിർത്താതെ പോയെന്നാ… ”

“ജിപ്സിയോ !!!” ശ്രീ ഒരു നടുക്കത്തോടെ ചോദിച്ചു…

“ആ അതെ, അങ്ങനെയാ പറഞ്ഞത്… അങ്കിളിന് ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു… അങ്കിളിന്റെ മരണവും, കേസുകളും… ആന്റിയും സാക്ഷി ആയിരുന്നു… അതായിരിക്കണം ഇങ്ങനെ ഒരു ശ്രമം…. അഭി വന്നിട്ടുണ്ട്… അന്വേഷണം നടക്കുന്നു… ”

അഭി വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ശ്രീക്ക് കുറച്ചു ആശ്വാസം തോന്നി…

ഹോസ്പിറ്റലിന് പുറത്ത് ശ്രീ അഭിക്കായി കാത്തുനിന്നു…

“ആ ശ്രീ, നീ എത്തിയോ… ഒന്ന് കാണാൻ ഇരിക്കുക ആയിരുന്നു.. ”

“അഭി എനിക്ക് കുറച്ചു സംസാരിക്കണം…അത്യാവശ്യം ആണ്… ഓഫീസിൽ വേണ്ട… പുറത്ത് എവിടെ എങ്കിലും പോകാം.. ”

“മ്മ് വാ…. ”

ശ്രീയുടെ ബൈക്കിൽ അവർ ബീച്ചിലേക്ക് പോയി…

“അഭി, പ്രണവ് പറഞ്ഞു മിഥുവിന്റെ അമ്മയെ ഇടിച്ചത് ഒരു ജിപ്സി ആണെന്ന്… അത് പോലെ മിഥുവിന് നേരെയും ഒരു നീക്കം ഉണ്ടായി… അതും ഒരു ജിപ്സി ആയിരുന്നു.. ”

“വാട്ട്‌… ”

ശ്രീ നടന്ന കാര്യങ്ങൾ എല്ലാം അഭിയോട് വിശദീകരിച്ചു…

“ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ, മിഥു ആപത്തിൽ ആണെന്ന്… മിഥു മാത്രം അല്ല… അവളുടെ അമ്മയും മഞ്ജുവും… കാരണം ആ ആപത്ത് അവളുടെ അച്ഛന്റെ മരണം, അല്ല കൊലപാതകവും ആയി ബന്ധപെട്ടു കിടക്കുന്നതാണ്…. ”

“കൊലപാതകമോ…? ”

“അതെ ശ്രീകുട്ടാ, മിഥുവിന്റെ അച്ഛൻ നന്ദഗോപാൽ സാർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷനിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു… വളരെ സത്യസന്ധനായ ഒരു മനുഷ്യൻ… ടാക്സ് വെട്ടിച്ചും, ബിനാമി ഇടപാടുകളിലൂടെ കോടികൾ സമ്പാദിച്ചും വലിയ നിലയിൽ എത്തിയ ഒരു വ്യക്തിയെ സാർ എല്ലാ തെളിവുകളോടും കൂടി പൂട്ടി…പക്ഷെ അത് പുറം ലോകം അറിയും മുന്നേ അവർ സാറിനെ വകവരുത്തി..ഇന്ന് നടന്ന പോലൊരു ആക്‌സിഡന്റ് ലൂടെ .. നിലവിൽ അന്ന് അദ്ദേഹത്തോടൊപ്പം സഹകരിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും, ഡിഎം എന്നൊരു ബിനാമി പേര് അല്ലാതെ മറ്റൊന്നും അറിയില്ല… സാറിന് മാത്രം അറിയുന്ന ആ സത്യത്തിന്റെ തെളിവുകൾ, മരിക്കും മുൻപേ സാർ ഭദ്രമായി എവിടെയോ ഒളിപ്പിച്ചിട്ടുണ്ട്… ആ രേഖകൾ എന്തെങ്കിലും പുറത്ത് വന്നാൽ അവർ കുടുങ്ങും എന്ന് ഉറപ്പുള്ളത് കൊണ്ട് ആണ് ഇപ്പൊ മിഥുവിനെയും അമ്മയെയും അപായപെടുത്താൻ ശ്രമിക്കുന്നതും..ചിലപ്പോൾ ആ തെളിവുകൾ അവരുടെ കയ്യിൽ ഉണ്ടെന്ന് കരുതി ആവാം…കൂടാതെ സുഭദ്രാന്റിയും മിഥുവും അദ്ദേഹത്തിന്റെ മരണത്തിന്റെ ദൃക്സാക്ഷി കൂടിയാണ്… അവർ മൂന്നു പേരും ഒരുമിച്ചുള്ള ഒരു യാത്രയിൽ ആയിരുന്നു ആ ആക്‌സിഡന്റ് ഉണ്ടായത്… ”

അപ്പൊ ആ തെളിവുകൾ ആന്റിയുടെ കയ്യിൽ ഉണ്ടാകുമോ…

“എനിക്ക് തോന്നുന്നില്ല ശ്രീകുട്ടാ… നന്ദഗോപാൽ സാറിനെ പോലെ കണ്ണിങ് ആയൊരു ഓഫീസർ അത്ര എളുപ്പം കിട്ടാവുന്ന രീതിയിൽ ആ തെളിവുകൾ ഒളുപ്പിക്കും എന്ന്… പിന്നെ അത് കൊണ്ട് സ്വന്തം ഭാര്യക്കും മക്കൾക്കും ആപത്ത് മാത്രമേ സംഭവിക്കു എന്നും അദ്ദേഹത്തിന് ഊഹിക്കാമല്ലോ… ആദ്യം ആ തെളിവുകൾ കണ്ടെത്തണം…. ”

© ആരുണി കൃഷ്ണ ❤️

ലക്ഷ്മിയുടെ ഫോൺ റിങ് ചെയ്തു….

“ഡി എം കാളിങ്… ”

“ഹലോ സാർ…. ”

“നീ പറഞ്ഞത് കൊണ്ട് മാത്രമാണ്…. ആ ശ്രീറാമിനെ ഞാൻ വെറുതെ വിട്ടത്… പക്ഷെ എല്ലായിടത്തും രക്ഷകൻ ആയി അവതരിക്കുകയാണ് അവൻ… അവൻ വന്നില്ലായിരുന്നെങ്കിൽ മൈഥിലി നന്ദഗോപാൽ ഇന്ന് ഈ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു… തീർത്തേനെ… ”

കാൾ കട്ടായതും ലക്ഷ്മിക്ക് നിരാശ തോന്നി….

ഡി എം : “മൈഥിലിയെ തീർക്കാൻ അല്ലെ നിന്നോടൊക്കെ പറഞ്ഞത്… സുഭദ്ര… അവൾ ജീവനോടെ വേണം… കാരണം അവൾക്ക് അറിയാം ആ തെളിവുകൾ എവിടെ ആണെന്ന്… അത് കിട്ടി കഴിഞ്ഞാൽ അവളെയും പറഞ്ഞയക്കണം…. എല്ലാം തുലച്ചു…. ഇപ്പൊ പോലീസ്കാർക്ക് നമ്മളിലേക്ക് ഒരു വഴി തുറന്ന് കൊടുത്തപോലെ ആയിട്ടുണ്ട്… എന്തായാലും അടുത്ത നീക്കം ഉടനെ വേണ്ട….

അയാൾ തന്റെ ശിങ്കിടികൾക്ക് നിർദ്ദേശം നൽകിയ ശേഷം, കാറിൽ കയറി പോയി….

© ആരുണി കൃഷ്ണ ❤️

“എങ്ങനെയുണ്ട് ഡോക്ടർ… ” അനന്ദൻ ഡോക്ടറോഡ് തിരക്കി..

“സർജറി സക്സെസ്സ്ഫുൾ ആണ്… ഹെഡ് ഇഞ്ചുറി ഇല്ലെങ്കിലും, കുറച്ചു ആഴമുള്ളത് ആയിരുന്നു മറ്റ് മുറിവുകൾ…. എല്ലാം പെട്ടന്ന് ശരിയാവില്ല… ടൈം എടുക്കും… ഹോപ്‌ ഫോർ ദി ബെസ്റ്റ്… ഇപ്പൊ തല്ക്കാലം ഒരു 48 ഹവർ ഒബ്സർവേഷനിൽ ഐ സി യൂവിൽ തന്നെ കിടക്കട്ടെ…. ”

എല്ലാവരിലും നേരിയൊരു ആശ്വാസം നിഴലിച്ചു…

രണ്ട് ദിവസത്തിനുള്ളിൽ സുഭദ്ര കണ്ണ് തുറന്നു…ഇനി പേടിക്കാൻ ഒന്നുമില്ല എന്ന് ഡോക്ടർ ഉറപ്പ് നൽകി … അവരെ റൂമിലേക്ക് മാറ്റി… കാലിൽ പൊട്ടൽ ഉണ്ടായിരുന്നത് കൊണ്ട് പതിയെ എണീറ്റ് നടക്കാൻ കഴിയു…. ദിവസങ്ങൾ കടന്നുപോയി… മറ്റു മുറിവുകൾ ഭേദമാകാൻ തുടങ്ങി….
സെമസ്റ്റർ ലീവ് ആയത് കൊണ്ട് മിഥു എപ്പോഴും സുഭദ്രയോടൊപ്പം തന്നെ നിന്നു…ഒപ്പം പ്രവീണയോ, മായയൊ സുജാതയൊ നില്കും… മഞ്ജുവും ഹോസ്പിറ്റലിലും സ്കൂളിലും ആയി ഓടി നടന്നു… പിന്നെ പഠിപ്പ് മുടങ്ങും എന്ന് പറഞ്ഞു അവളെ എല്ലാവരും കൂടി തിരിച്ചയച്ചു ….

ശ്രീ ഇടക്ക് ഇടക്ക് വന്നു കാര്യങ്ങൾ തിരക്കും…. പക്ഷെ മിഥു പലപ്പോഴും അവന് മുഖം നൽകാറില്ല… അവളുടെ പരിഭവത്തിന്റെ കാരണം ചിന്തിച്ചു ശ്രീ ഇടക്കൊക്കെ നിരാശപ്പെടും… പിന്നെ അവളുടെ സാഹചര്യം, പ്രശ്നങ്ങൾ ഒക്കെ കാരണം ആകും എന്നോർത്ത് സമാധാനിക്കും…. ഒരു ദിവസം ശ്രീ കുടുംബസമേതം ഹോസ്പിറ്റലിൽ എത്തി…

“ആ ശ്രീകുട്ടനോ… എന്നും എന്നെ വന്നു കാണുന്ന ആളല്ലേ… ഇന്നലെ കാണാത്തത് കൊണ്ട് ഞാൻ മിഥുവിനോട് തിരക്കിയതേ ഉള്ളു…. ” സുഭദ്ര അത് പറഞ്ഞപ്പോൾ ശ്രീ മിഥുവിനെ ഒന്ന് നോക്കി അവൾ തിരിച്ചും….

“അത് ആന്റി, പി എച് ഡി ചെയ്യുന്നതിന്റെ ഒരു കാര്യത്തിന് വേണ്ടി പോകേണ്ടി വന്നു ഇന്നലെ… അതാ .. ”

“ശ്രീക്കുട്ടൻ മാത്രമല്ല ഞങ്ങളും ഉണ്ട്…. ” ശ്രീക്കുട്ടി പറഞ്ഞപ്പോഴാണ് സുഭദ്ര കണ്ടത്…. ദേവനും ലതയും ശ്രീകുട്ടിയും…

“ആ ദേവേട്ടനും ലതയും ഉണ്ടോ…. വാ… ”

മിഥുവിന്റെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തി… ഏറ്റവും വെറുക്കപ്പെട്ടവർ തന്നെ തന്റെ കണ്മുന്നിൽ…

” ഇറങ്ങി പോ…”

എന്ന് ഉറക്കെ വിളിച്ചു പറയാൻ അവൾക്ക്തോന്നി…. പക്ഷെ നാവിന് ബലം ഇല്ലാതെ പോയി ….

“ഇല്ല, എല്ലാ തെളിവുകളോടും കൂടി ഇവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം… അത് വരെ കാത്തിരുന്നേ മതിയാകു…. ലക്ഷ്മി പറഞ്ഞ കാര്യങ്ങളും തെളിവുകളും ഇന്ന് വിലയില്ലാത്തവയാണ്….അത് തനിക്ക് തെളിയിക്കാൻ ഒന്നും ഇവർ ബാക്കി വെച്ചിട്ടില്ല….. അച്ഛന്റെ മരണം… ഇയാളുടെ ഇപ്പോഴുത്തെ ബിസിനസ്‌ ഇടപാടുകൾ ഇതിനെ കുറിച്ച് അറിയാൻ ഇവരോട് ചേർന്ന് നിൽക്കണം ” മിഥു ഓരോന്ന് മനസ്സിൽ ഓർത്ത് കൊണ്ട് നിന്നു…

“ഇപ്പൊ എങ്ങനുണ്ട് സുഭദ്രേ …..” ദേവൻ ഒരു കസേര വലിച്ചിട്ടു ഇരുന്ന്കൊണ്ട് ചോദിച്ചു…

“ആ നടക്കാൻ പറ്റില്ല ദേവേട്ടാ … അതിന് ഇനിയും 2 ആഴ്ച്ച കൂടി എടുക്കും എന്ന് ഡോക്ടർ പറഞ്ഞു… പിന്നെ മുറിവുകൾ കരിഞ്ഞു തുടങ്ങി… മനസ്സിന്റെ മുറിവുകൾ മാത്രമാണ് ഉണങ്ങാത്തത്… ”

“വിഷമിക്കാതെ ആന്റി അതൊക്കെ ശരിയാകും…. ”

“അതെ മോനെ, എനിക്ക് പ്രതീക്ഷ ഉണ്ട്… എന്റെയും നന്ദേട്ടന്റെയും ജീവിതത്തിൽ വീണ കരിനിഴൽ, ഇനി എന്റെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ കൂടി തടസ്സം ആവാൻ പാടില്ല… ” സുഭദ്രയുടെ ശബ്ദം ഉറച്ചതായിരുന്നു…

“മിഥു…മോളെന്താ മാറി നില്കുന്നത്… ഇങ്ങ് വാ… ” ലത അവളെ അരികിലേക്ക് വിളിച്ചു…

“അല്ലെങ്കിലും ഈ സ്ത്രീയോട് താൻ വിരോധം കാണിക്കുന്നത് എന്തിന്… ഭർത്താവും മകനും ചെയ്ത തെറ്റ്, ഇവർ അറിഞ്ഞിട്ട് ഉണ്ടാവില്ലെങ്കിലോ… ” മിഥു മനസ്സിൽ ഓർത്തുകൊണ്ട് ലതക്ക് അരികിലേക്ക് ചെന്നു…അവർ അവളെ ചേർത്ത് പിടിച്ചു…

പിന്നെയും കുറച്ചു നേരം കൂടി അവർ കാര്യം പറഞ്ഞിരുന്നു…

“ദേവേട്ടാ, എങ്കിൽ നിങ്ങൾ സംസാരിക്കു… എന്റെ ഒരു ഫ്രണ്ട് ഇവിടെ വർക്ക്‌ ചെയ്യുന്നുണ്ട്…ഞാൻ ഒന്ന് കണ്ടിട്ട് വരാം സുഭദ്രേ … ”

“ശരി ലതേ… ”

“അമ്മേ എന്നാ ഞാനും വരുന്നു… ” ശ്രീക്കുട്ടിയും അവരുടെ കൂടെ പോയി…

“മോളെ മിഥു, അമ്മക്ക് കുറച്ചു ചൂട് വെള്ളം വാങ്ങി വരുമോ…. ”

“ആ വരാം അമ്മേ…” ഫ്ലാസ്കും ആയി മിഥു പുറത്തേക്ക് ഇറങ്ങി…..ഒപ്പം ശ്രീയും, ഒരു കാൾ എന്ന് പറഞ്ഞു അവൾക്ക് പിറകെ പോയി…

“ദേവേട്ടാ, ഒന്ന് തനിച്ചു സംസാരിക്കാൻ കാത്തിരിക്കുക ആയിരുന്നു ഞാൻ… ”

“എനിക്കും ചില കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ടായിരുന്നു സുഭദ്രേ…”

© ആരുണി കൃഷ്ണ ❤️

” മിഥു നിന്നേ… ഞാനും വരുന്നു… ”

“ഞാൻ ക്യാന്റീനിലേക്കാണ്…. ”

“അതിനെന്താ, അവിടെ പുരുഷൻമാർക്ക് പ്രവേശനം ഇല്ലേ….? ”

അവൾ അവനെ ഒന്ന് നോക്കി വീണ്ടും നടന്നു…

“സെമസ്റ്റർ ബ്രേക്ക്‌ 1 മാസം ഉള്ളത് നന്നായി അല്ലെ… അത് കൊണ്ട് തനിക്ക് ഇവിടെ ആന്റിയുടെ കൂടെ നിക്കാല്ലോ.. ”

“അവധി ഇല്ലെങ്കിലും ഞാൻ നിക്കും… എനിക്ക് നിന്നെ പറ്റു… ചിലരൊക്കെ ചേർന്ന് എനിക്കെന്റെ അച്ഛനെ നഷ്ടപ്പെടുത്തി… അമ്മയെ കൂടി ഞാൻ വിട്ട് കൊടുക്കില്ല…. ”

അവൾ അത് പറഞ്ഞു നേരെ നോക്കിയതു ശ്രീയുടെ മുഖത്തേക്ക് ആയിരുന്നു… മിഥുവിന്റെ വാക്കുകൾ ശ്രീയിൽ വേദന നിറച്ചു… അവളുടെ ഉള്ളിലെ പ്രതികാരവും പകയും ഒരു നിമിഷം കൊടും പിരി കൊണ്ടു…

“നിങ്ങളാണ്, നിങ്ങളാണ് എന്റെ അച്ഛനെ ഇല്ലാതാക്കിയത്… എന്റെ അമ്മയെ ഈ അവസ്ഥയിൽ എത്തിച്ചത്… വെറുതെ വിടില്ല നിങ്ങളെ… ”

“മിഥു… മിഥു…. താൻ എന്താ ഈ കാണിക്കുന്നത്… ”
ശ്രീ മിഥുവിന്റെ ഇരു കൈയിലും പിടിത്തം ഇട്ട് കൊണ്ടു ചോദിച്ചു…
അവൾ നോക്കിയപ്പോൾ, തന്റെ കൈകൾ ശ്രീയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഉലച്ചുകൊണ്ട് ഇരിക്കുകയായിരുന്നു… അവളുടെ കൈകൾ മെല്ലെ അയഞ്ഞു, പക്ഷെ ശ്രീ കയ്യിലെ പിടിത്തം വിടാതെ ആ കൈകൾ അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു…

“ഭഗവാനെ എന്റെ നാവ് ചതിച്ചുവോ… ”

“താൻ എന്ത് ആലോചിച്ചു നിന്നിട്ടാ, എന്റെ കോളറിൽ പിടിച്ചു ഉലച്ചുകൊണ്ട് ഇരുന്നേ… ചോദിച്ചിട്ട് ഒന്നും മറുപടിയും ഇല്ലായിരുന്നു… ദേ അവരൊക്കെ നമ്മളെ നോക്കി നിൽകുവാ… ”
മിഥു അവന്റെ കൈകളിൽ നിന്ന് തന്റെത് വിടുവിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ, ആശുപത്രിയിലെ പലരും അവരെ തന്നെ നോക്കുന്നു…

“ദൈവമേ, സ്ഥലകാല ബോധം ഇല്ലാതെ ഞാൻ എന്തൊക്കെയാ കാണിച്ചുകൂട്ടിയത്… ”
പക്ഷെ ഉള്ളിലെ പകയിൽ ഉയർന്ന വാക്കുകൾ നിശ്ശബ്ദം ആയിരുന്നു, നാവ് ചതിച്ചിട്ടില്ല എന്നോർത്ത് അവൾക്ക് ആശ്വാസം തോന്നി…

“എന്താമോനെ , ഭാര്യയും ആയുള്ള വഴക്ക് ഒക്കെ ആശുപത്രിയിൽ വെച്ചാണോ തീർക്കുന്നെ… ” ഒരു വൃദ്ധൻ അവർക്ക് അരികിലേക്ക് വന്നു പറഞ്ഞു..

“ഭാര്യയൊ !! ഈ മൂപ്പീന്ന് എന്തോന്നാ ഈ പറയുന്നേ.? ”
മിഥു ദേഷ്യത്തോടെ മനസ്സിൽ അയാളെ പ്രാകി, തിരുത്താൻ ഒരുങ്ങിയതും, ഒരു വയസ്സായ സ്ത്രീ കൂടി ആ വൃദ്ധന്റെ അടുത്തേക്ക് വന്നു…

“എന്താ കുട്ടി, ജീവിതത്തിൽ ചെറിയ വഴക്കും പിണക്കവും ഒക്കെ ഉണ്ടാകും എന്ന് കരുതി, ഭർത്താവിനോട് ഇങ്ങനെ ഒക്കെ പെരുമാറാമോ… ഒരു ബഹുമാനം വേണ്ടേ… ”

“ഈ തള്ള ഇത് എന്ത് അറിഞ്ഞിട്ടാണോ… ”
മിഥു എതിർക്കാൻ തുനിഞ്ഞപ്പോഴേക്കും ശ്രീ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു… പെട്ടന്ന് മിഥുവിന്റെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു…

“ചെറിയൊരു പിണക്കം, അത്രേ ഉള്ളു… വീട്ടിൽ ചെന്ന് ഇതുപോലെ ഇങ്ങനെ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുക്കുമ്പോ, ഇവളുടെ എല്ലാ പിണക്കവും തീരും… ”
മിഥു ഞെട്ടിപ്പിടഞ്ഞു ശ്രീയെ നോക്കിയപ്പോൾ അവൻ ഒരു കണ്ണിറുക്കി കാണിച്ചു…

അത് കണ്ട് നാണത്തോടെ ആ മുത്തശ്ശി മുത്തശ്ശനെ നോക്കി ചിരിച്ചു…

“ആ ഇവളെ പോലെ തന്നെ… ” മുത്തശ്ശൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഒന്ന് പോ എവിടുന്ന്… പിള്ളേര് കേൾക്കും… ”

ആ വൃദ്ധ ദമ്പതികൾ കൈകോർത്തു പിടിച്ചുപോകുമ്പോൾ മിഥുവും ശ്രീയും അറിയാതെ ഒരു നിമിഷം ആ കാഴ്ച്ച നോക്കി നിന്നുപോയി …അപ്പൊഴും താൻ ശ്രീയുടെ കരവലയത്തിൽ ആണെന്ന ബോധം വന്നതോടെ മിഥു കുതറിമാറി അവനെ നോക്കാതെ വേഗം മുന്നോട്ട് നടന്നു..

അല്പനേരം കഴിഞ്ഞു എല്ലാവരും തിരികെ റൂമിൽ എത്തി… പിന്നെ ശ്രീയും കുടുംബവും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ സുഭദ്ര, ദേവനെ ഒന്ന് നോക്കി… ദേവൻ നൽകിയ പുഞ്ചിരിയിൽ ഉള്ളിലെ ഭാരം ഇറക്കി വെച്ച പോലെ സുഭദ്രക്ക് തോന്നി…

തുടരും…..