ആത്മരാഗം : ഭാഗം 41

രചന – ഗൗരി ലക്ഷ്മി

ആദി..

നിധിന്റെ വിളി കേട്ടതും ആദി തിരിഞ്ഞു നോക്കി..

ആദി അവനായി ഒരു പുഞ്ചിരി നൽകി..

സോറി നിധിൻ.. ഈ ഘട്ടത്തിൽ ഓഫീസിലോട്ട് വരാൻ മനസ്സനുവദിച്ചില്ല.. അതാ തന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്.. ബുദ്ധിമുട്ടായോ നിധിന്‌..

ആദി ചോദിച്ചതും നിധിൻ ഒന്ന് ചിരിച്ചു..

എന്ത് ബുദ്ധിമുട്ട് ആദി.. സത്യത്തിൽ അവിടെന്തൊക്കെയാണ് നടക്കുന്നത്.. എനിക്ക് ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല..

ആദി ഒന്ന് പുഞ്ചിരിച്ചു..

എനിക്കും പലതും മനസ്സിലാകുന്നില്ല നിധിൻ..

അവൻ പറഞ്ഞു..

എന്നാലും അല്ലിയിൽ നിന്ന് ഞാൻ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല.. ഒന്നുമില്ലെങ്കിലും അല്ലി തന്റെ ഭാര്യ അല്ലെ..

എന്റെ ഭാര്യ മാത്രമല്ലല്ലോ.. ഓഫീസിൽ എന്റെ പോസ്റ്റിന് നേരെ മുകളിലാണ് അല്ലിയുടെ സ്ഥാനം.. സോ അവൾക്ക് ഉത്തരവാദിത്വങ്ങൾ ഏറെയല്ലേ..

ആദി പറഞ്ഞു..

പിന്നെ ഇപ്പൊ എനിക്ക് തന്നെ എന്നെ മനസ്സിലാകുന്നില്ല.. പിന്നെയല്ലേ അല്ലിക്ക്..

അവൻ കൂട്ടിച്ചേർത്തു..

നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സോൾവ് ആയില്ലേ..

അത് സോൾവ് ആയല്ലോ.. അധികം വൈകാതെ ഡിവോഴ്‌സ് ഉണ്ടാകും.. അത് വരെ മറ്റുള്ളവർക്ക് മുൻപിലുള്ള വെറും അഭിനയം.. അതാണിപ്പോ ആദിയുടെ ജീവിതം..

തെല്ല് പുച്ഛത്തോടെ അവൻ പറഞ്ഞു..

ആദി വിഷമിക്കേണ്ട.. ശെരിക്കും അന്നത്രയും പ്രശ്നങ്ങൾ ഉണ്ടായപ്പോഴും പെട്ടെന്ന് ഒക്കെ സോൾവ് ആക്കി ആദി തിരിച്ചുവരും എന്നായിരുന്നു എന്റെ പ്രതീക്ഷ.. എന്റെ മാത്രമല്ല.. എല്ലാവരുടെയും.. പക്ഷെ..

അവനൊന്നു നിർത്തി ആദിയെ നോക്കി..

എന്നെ സി എം ഓ ആയി അപ്പോയിന്റ് ചെയ്തു..

മ്മ്.. ഞാനറിഞ്ഞു..

ആദി കാതോർത്തു വിഷമിക്കുവൊന്നും വേണ്ട.. ആദി തിരിച്ചു വരും വരെയുള്ള ഒരു ടെംപററി അപ്പോയ്ന്മെന്റ് അത്രേയുള്ളൂ.. ആദിയില്ലാതെ എന്ത് ഓഫീസ്..

നിധിൻ പറഞ്ഞു..

ആദി അവിടെ ഒരു ഇമ്പോർട്ടന്റ് ഫാക്ടർ അല്ല നിധിൻ.. ആയിരുന്നെങ്കിൽ ഇതിനോടകം കമ്പനി അടച്ചു പൂട്ടേണ്ടി വന്നേനെ.. അല്ലെ..

പിന്നെ നിധിൻ പറഞ്ഞില്ലേ ഞാൻ തിരികെ വരും വരെ എന്നു..

ഞാൻ വരില്ല നിധിൻ…

നിധിൻ സംശയത്തോടെ അവനെ നോക്കി..

അല്ലിയുമായുള്ള ഡിവോഴ്‌സ് കഴിഞ്ഞാൽ ഞങ്ങൾ രണ്ടാളും ഒരുപാട് പേരോട് മറുപടി പറയേണ്ടി വരും.. അതുപോലെ അത് കഴിഞ്ഞല്ലി കാർത്തിയെ വിവാഹം കഴിച്ചാലും ഞങ്ങൾ രണ്ടാളും ഒന്നിച്ചൊരിടത്ത്.. അത് അവനു അക്സപ്റ്റ് ചെയ്യാൻ പറ്റില്ല.. അവനു മാത്രമല്ല.. മറ്റൊരാളിന്റെ ഭാര്യയായി അവസ്‌ലെ എന്റെ മുൻപിൽ പഴയപോലെ ഇടപെടുന്നത് എനിക്കും സഹിക്കില്ല…

ഞാൻ ഇവിടുന്ന് പോകും നിധിൻ.. അധികം വൈകാതെ.. എന്റെ ഒരങ്കിൾ യു എ ഈയിൽ ഉണ്ട്.. പുള്ളിക്ക് മക്കളില്ല.. സോ.. എന്നെ കുറെയായി അങ്ങോട്ട് വിളിക്കുന്നു.. ഡിവോഴ്‌സ് കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് പോകും.. ഓഫീസിൽ നിന്നതാണ് റീസൈൻ ചെയ്യും.

ആദി.. അതൊക്കെ ഭാവിയിൽ ഉണ്ടായേക്കാവുന്ന കാര്യങ്ങൾ മാത്രമല്ലേ..

ഉണ്ടായേക്കാവുന്ന അല്ല.. ഉണ്ടാകാൻ പോകുന്ന.. അത് വിട്.. ഞാനിപ്പോ നിധിനെ വിളിച്ചത് വേറെ ഒരു കാര്യത്തിനാണ്.. അവിടുന്നിറങ്ങുന്നതിന് മുൻപ് എനിക്കവിടെ എന്റെ നിരപരാധിത്വം തെളിയിക്കണം..

നിധിൻ തെല്ല് ഭയത്തോടെ അവനെ നോക്കി..

ഓഫീസിൽ ഉള്ള ആരോ തന്നെ എന്നെ ചതിച്ചതാണ്.. ഇപ്പൊ എന്റെ സ്ഥാനത്തിരിക്കുന്ന നിനക്കും ഈ അവസ്ഥ വരാം.. അതുകൊണ്ട് അതാരാണെന്നു കണ്ടെത്തണം.. അതിന് നീയെന്നെ ഹെല്പ് ചെയ്യണം..

എങ്ങനെ..

നിധിൻ ചോദിച്ചു..

വേറൊന്നും വേണ്ട.. ഓഫീസിലെ ആ ചാരൻ അതാരാണെന്നു കണ്ടെത്തണം.. ഒരു ലീഗൽ മൂവ്മെന്റിന് പോകാൻ എനിക്ക് താൽപര്യമില്ല.. ഒരു കേസൊക്കെ ആയാൽ പിന്നെ എന്റെ പോക്കിനെ അത് ബാധിക്കും.. അതുകൊണ്ടാ.. അവിടെയിപ്പോഎനിക്ക് വിശ്വസിച്ചു സഹായം ചോദിക്കാൻ പറ്റിയ ഒരാൾ നീയെയുള്ളൂ.. കൂടെ നിന്നവർ വരെ എന്നെ തെറ്റിദ്ധരിച്ചു മാറ്റി നിർത്തിയില്ലേ..

ആദി വേദനയോടെ പറഞ്ഞതും നിധിൻ അവനെ നോക്കി പുച്ഛത്തോടെ ഉള്ളിലൊന്ന് ചിരിച്ചു..

ആദി വിഷമിക്കേണ്ട.. ഏത് വിധേനയും ആദിയെ ഞാൻ ഹെല്പ് ചെയ്യും..ആദിക്ക് എന്നെ വിശ്വസിക്കാം.. പൂർണ്ണമായും.

നിധിൻ പറഞ്ഞതും ആദി ഒന്ന് പുഞ്ചിരിച്ചു..

എങ്കിൽ നിധിൻ പൊയ്ക്കോളൂ.. പിന്നെ ഈ കാര്യങ്ങളൊന്നും നിധിനിൽ നിന്ന് വേറാരും അറിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.. എനിക്കിപ്പോ സ്വന്തം നിഴലിനെ പോലും പേടിയാണ് നിധിൻ..

അവൻ പറഞ്ഞതും നിധിൻ ആദിയെ ചേർത്തുപിടിച്ചു..

പിന്നെ യാത്രപറഞ്ഞു മുൻപോട്ട് നടക്കവേ നിഥിന്റെ ചുണ്ടിൽ നിഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു..ആദിയെ പൂർണ്ണമായും ചതിച്ചു അവന്റെ വിശ്വാസം നേടിയെടുത്തിൽ അവനത്യധികം സന്തോഷമുണ്ടായിരുന്നു..

ആ സന്തോഷത്തിൽ മുൻപോട്ട് നടക്കുമ്പോഴും അവനറിഞ്ഞില്ല പിന്നിൽ നിൽക്കുന്നവന്റെ ചുണ്ടിലും സമാനമായ ഒരു പുഞ്ചിരി വിരിഞ്ഞത്..

അത്രമേൽ ആത്മവിശ്വാസത്തോടെ..

*************************

കയ്യിലിരിക്കുന്ന ഫയൽ തിരിച്ചും മറിച്ചും നോക്കി അല്ലി ഞെട്ടലോടെ മുൻപിലിരിക്കുന്നയാളെ നോക്കി..

പക്ഷെ ഇത്.. ഇതെന്തുകൊണ്ടാ മുൻപേ പറയാതിരുന്നത്..

അവൾ തെല്ല് ദേഷ്യത്തോടെ ചോദിച്ചു..

ഞാൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞല്ലോ അല്ലി.. എനിക്ക് ഇതിലൊക്കെ കയറി ഇടപെടാൻ ഒരുപാട് ലിമിറ്റേഷൻ ഉണ്ട്… ഇങ്ങനെ ഒരു ചതി നമ്മൾ എക്സ്പെക്റ്റ് ചെയ്തിട്ടില്ലല്ലോ.. അതുകൊണ്ട് തന്നെയാണ് ഇതുവരെയും ഇങ്ങനെ ഒരന്വേഷണം നടത്താതിരുന്നതും..

പക്ഷെ ഈയിടെയായി ഇവിടെ നടക്കുന്ന സംഭവം വികാസങ്ങൾ കണ്ടപ്പോൾ മൊത്തത്തിൽ ഒരു സംശയം.. അതുകൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഒരു അന്വേഷണം നടത്തിയത്.. അപ്പൊ പോലും പക്ഷെ ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചിരുന്നില്ല..

അതും നിങ്ങളിൽ ഒരാളുടെ ഭാഗത്തുനിന്നും..

അല്ലി വീണ്ടുമാ ഫയലിലേയ്ക്ക് നിറകണ്ണുകളോടെ നോക്കി..

ഇത്തരത്തിൽ ഒരു ചതി..

അവളുടെ ചുവപ്പ് രാശി പടർന്ന കണ്ണുകളിൽ നിന്നൊരിറ്റ് കണ്ണുനീർ ഒഴുകിയാ ഫയലിലേയ്ക്ക് വീണു..

ഇതിന് മുമ്പും ഇതുപോലെയൊക്കെ നടന്നിട്ടുണ്ടാകാം.. സമർഥമായി അതൊക്കെ അവർ തേച്ചു മായ്ച്ചു കളഞ്ഞിട്ടുമുണ്ടാകാം..

അയാൾ പറഞ്ഞു..

അവൾ കണ്ണു തുടച്ചു..

എന്തിന്..

ആ ചോദ്യം മാത്രമാണ് അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നത്..

ഇത് ഇത് വേറെ ആരെങ്കിലും അറിഞ്ഞുവോ..

ഇല്ല.. എനിക്ക് സത്യത്തിൽ മറ്റാരെയും വിശ്വാസം തോന്നിയില്ല.. അത് മാത്രമല്ല അല്ലി.. നിങ്ങളിൽ ഒരാളെക്കുറിച്ചാണ്.. മാനേജ്‌മെന്റിൽ അത്രത്തോളം സ്വാധീനമുള്ള ഒരാൾ.. ഈ കമ്പനിയിൽ സർവ്വ സ്വാതന്ത്ര്യമുള്ള ഒരാൾ.. അങ്ങനെ ഒരാളെക്കുറിച്ചു ഞാൻ ഇങ്ങനെ ഒരു കാര്യം പറയുമ്പോൾ എന്റെ സേഫ്റ്റിയും ഞാൻ നോക്കേണ്ടേ.. ഇത് അല്ലിയോടുള്ള എന്റെ വിശ്വാസം കൂടിയാണ്..

അയാൾ പറഞ്ഞു..

അവൾ മെല്ലെ എഴുന്നേറ്റു.. പിന്നെ അയാളെ നോക്കി.. സർ ഈ ഫയൽ ഞാൻ എടുത്തോട്ടെ..

അല്ലി എടുത്തോളൂ.. ഇതിന്റെയൊക്കെ കോപ്പി എന്റെ കയ്യിൽ സേഫ് ആണ്..

അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

പിന്നെ പുറത്തേയ്ക്ക് നടന്നു..

ഓഫീസിലുള്ള ഓരോ മുഖങ്ങളും അവൾ നോക്കി.. എല്ലാ മുഖങ്ങൾക്ക് പിന്നിലും ചതി ഉള്ള മറ്റൊരു മുഖമുണ്ടെന്ന് ആ നിമിഷം അവൾക്ക് തോന്നി..

ആരോടും ഒരു വാക്കും മിണ്ടാതെ പുറത്തേക്കിറങ്ങി.. കാറിൽ ഡ്രൈവ് ചെയ്യുമ്പോഴും അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു കാഴ്ച മങ്ങുന്നുണ്ടായിരുന്നു..

പതിവില്ലാത്ത വിധം മനസ്സിടറുന്നത് അവളറിഞ്ഞു..

കൂടെ നിന്നുള്ള ചതി..

അത് ചില നിമിഷങ്ങളിൽ നമ്മെ തകർത്തുകളയും..

മുന്പെങ്ങുമില്ലാത്തവിധം..

ആ നിമിഷം അവളത് തിരിച്ചറിയുകയായിരുന്നു..

വല്ലാത്ത വേദനയോടെ..

************************

കോളിംഗ് ബെൽ മുഴക്കി കാത്തു നിൽക്കുമ്പോൾ പോലും കണ്ണുകൾ വല്ലാതെ നീറുന്നത് പോലെ തോന്നി അവൾക്ക്..

വാതിൽ തുറന്നതും അവൾ ഞെട്ടലോടെ മുൻപിൽ നിൽക്കുന്നവരെ നോക്കി..

‘അമ്മ..

അവൾ അറിയാതെ പറഞ്ഞുപോയി..

അവർ വാതിൽക്കൽ നിന്ന് മാറി നിന്നതും അവൾ അകത്തേയ്ക്ക് കയറി..

നീയെന്താ വല്ലാതിരിക്കുന്നത്..

അവർ ഗൗരവത്തോടെ ചോദിച്ചു..

ഹേയ്… ‘അമ്മ.. അമ്മയെപ്പോ വന്നു..

വന്നിട്ട് കുറച്ചുനേരമായി..

അവർ പറഞ്ഞു..

അമ്മ ഒറ്റയ്ക്ക് വന്നോ..

‘അമ്മ ഒറ്റയ്ക്കല്ല ഞങ്ങളുമുണ്ട്..

ഭാമ അതും പറഞ്ഞു വന്നതും അവൾ ബുദ്ധിമുട്ടി ഒരു ചിരി നൽകി അവർക്ക്..

എല്ലാരൂടെ എന്താ പെട്ടെന്ന്.. അല്ല.. ആരും ഇന്നലെ കൂടി ഒന്നും പറഞ്ഞില്ല..

അവൾ പറഞ്ഞു..

പറയാതെ വന്നതുകൊണ്ട് പലതും കണ്ടു..

മീന അപ്പോഴും ചൂടിലായിരുന്നു..

അപ്പോഴാണ് നിയ മുറിയിൽ നിന്നിറങ്ങി വന്നത്.. അവളുടെ കണ്ണ് കലങ്ങി ഇരിക്കുന്നത് കണ്ടതും അല്ലി ഞെട്ടി അമ്മയെ നോക്കി..

നിയയെന്താ വല്ലാതിരിക്കുന്നത്.. ‘അമ്മ എന്തേലും പറഞ്ഞോ..

പിന്നേ.. ഞാനെന്താ അവളോട് അമ്മായിയമ്മ പോരെടുക്കാൻ വന്നതാണോ..

അല്ലി പതോയെ മീനയോട് ചോദിച്ചതും അതും പറഞ്ഞവർ അടുക്കളയിലേക്ക് നടന്നു..

എന്താ മോളെ മുഖം വല്ലാതെ.. എന്തെങ്കിലും പ്രശ്നമുണ്ടോ..

ഭാമ ചോദിച്ചു..

അവൾ കയ്യിലിരുന്ന ഫയലിൽ മുറുകെ പിടിച്ചു..

ഹേയ്.. ഒന്നുമില്ല.. ഒരു തലവേദന..

അവൾ പറഞ്ഞൊപ്പിച്ചു..

അച്ഛനും അങ്കിളും എവിടെ..

രണ്ടാളും പുറത്തൊട്ടിറങ്ങി.. സാധനം വാങ്ങിക്കാൻ..

ഭാമ പറഞ്ഞു..

സാധനമോ.. ഇവിടെ എല്ലാം ഇരിപ്പുണ്ടല്ലോ..

അവൾ പറഞ്ഞു..

അത് പോരല്ലോ.. നാളെ എല്ലാരും വരുമ്പോ ചെറിയൊരു സദ്യ ഒരുക്കാം എന്നു കരുതി..

നാളെ എന്താ..

നാളെ എന്താണെന്നെന്റെ പൊന്നുമോള് മറന്നുപോയോ..

മീനയായിരുന്നു.. അവരുടെ ശബ്ദത്തിൽ വല്ലാത്ത ദേഷ്യവും നിറഞ്ഞിരുന്നു..

എന്താ അമ്മേ..

അവൾ ചോദിച്ചു..

നാളെ ആദിയുടെ പിറന്നാളല്ലേ..

ഭാമ ചോദിച്ചതും അല്ലി ഞെട്ടി കലണ്ടറിൽ നോക്കി.. പിന്നെ സ്വയം തലയ്ക്കടിച്ചു..

കല്യാണത്തിന് മുൻപ് ഇതൊന്നും എന്റെ മോളെ ലൈഫിൽ ഒരിക്കൽ പോലും ഓര്മിപ്പിക്കേണ്ട കാര്യമില്ലയിരുന്നു.. ഇപ്പൊ അതും മറന്നോ..

അവർ ചോദിച്ചു..

അമ്മേ.. ഞാൻ..

അല്ലി.. നിന്റെയീ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല.. എപ്പോ വിളിച്ചാലും തിരക്ക്.. ഒഴിഞ്ഞുമാറ്റം.. ഒന്നും വിട്ടു പറയില്ല.. കല്യാണം കഴിഞ്ഞുള്ള അവന്റെ ആദ്യത്തെ പിറന്നാൾ ആണ്.. അതോർത്ത് വെക്കേണ്ടത് ഭാര്യേടെ കടമയുമാണ്.. അതുപോലും മറക്കാൻ തക്ക എന്ത് മലമറിക്കുന്ന കാര്യാ നിനക്കുള്ളത്.. ഹേ..

മീന നല്ലതുപോലെ ചൂടായി..

അല്ലി ഭാമയെ നോക്കി.. പിന്നെ നിയയെയും.. ശേഷം ഒന്നും പറയാതെ മുറിയിൽ കയറി വാതിൽ അടച്ചതും ഭാമ മീനയെ നോക്കി..

അവൾക്ക് സങ്കടമായി..

ഞാനെന്ത് പറഞ്ഞിട്ടാ.. ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്വമുണ്ട്.. കല്യാണം കഴിഞ്ഞാൽ പഴയ കൂട്ടുകാർ മാത്രമല്ല ഭർത്താവും ഭാര്യയുമാണ് എന്ന തോന്നൽ വേണം.. ആ ബോധം വേണം.. ഏത് നേരവും ഓഫീസും കെട്ടിപിടിച്ചിരുന്നാൽ മാത്രം ജീവിതമാകില്ലല്ലോ..

ഭാമ തന്നെ ഒന്നോർത്തു നോക്ക്.. കല്യാണം എങ്ങനെയോ നടന്നു.. അത് കഴിഞ്ഞു ജോലീന്നും പറഞ്ഞിങ്ങോട്ട് വന്നു.. ഇവരൊന്നിച്ചൊരു യാത്ര പോലും പോയിട്ടില്ല.. എന്നും കുന്നും ഓരോഫീസ്.. എല്ലാം വേണം.. പക്ഷെ അതിന്റെ കൂട്ടത്തിൽ കുടുംബവും നോക്കണം.. നമ്മൾ ഒക്കെതിന്റെയും കൂടെ നിൽക്കുന്നതുകൊണ്ടാ രണ്ടിനുമീ മെല്ലെപ്പോക്ക്.. അതൊക്കെ മാറേണ്ട സമയമായി..

മീന പറഞ്ഞു.. അതിൽ കുറച്ചൊക്കെ കാര്യമുണ്ടെന്ന് ഭമായ്ക്കും തോന്നി തുടങ്ങിയിരുന്നു.. അതിലുപരി ആദിയിൽ ചില നേരം നിറഞ്ഞു നിൽക്കുന്ന നിസ്സംഗത അവരിലെ അമ്മയ്ക്ക് ഭയമുളവാക്കി തുടങ്ങിയിരുന്നു..

ഇപ്പൊ ആ പെണ്ണ്.. കുറെ നാൾ ആദിയുമായി ഇഷ്ടത്തിലായിരുന്നു.. അത് കഴിഞ്ഞെന്തൊക്കെ പ്രശ്നമുണ്ടാക്കി.. ആദിമോൻ കെട്ടിയ താലി പോലും വലിച്ചെറിഞ്ഞു കളഞ്ഞവളാണ്. എന്നിട്ട് ദേ അതിനെയും വിളിച്ചിവിടെ കൊണ്ട് നിർത്തിയിരിക്കുന്നു.. ഈ പെണ്ണിത് എന്ത് ഭാവിച്ചാണെന്നെനിക്കൊരു പിടിയുമില്ല ഭാമേ..

ഹേയ്.. നമ്മുടെ കുട്ട്യോളല്ലേ..

മീന ആധിയോടെ പറഞ്ഞതും ഭാമ അവരെ സമാധാനിപ്പിക്കാൻ പറഞ്ഞു..

നമ്മുടെ കുട്ടിയല്ല നിയ.. അതൊരിക്കൽ അവൾ തെളിയിച്ചതാ..

മീന വീണ്ടും പറഞ്ഞതും എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും ആ ‘അമ്മ മനസ്സിൽ സ്വന്തം മകളുടെ ജീവിതത്തിൽ നിയ ഒരു തടസ്സമാകുമോ എന്ന ഭയമാണ് അവരിലെന്നു ഭാമയ്ക്ക് ബോധ്യമായി..

എന്നാൽ ആ നിമിഷവും അവർക്കെന്ത് മറുപടി നൽകണമെന്ന് ഭാമയ്ക്ക് നിശ്ചയമില്ലായിരുന്നു..

കാരണം ആ നിമിഷം അവരുടെ മനസ്സിലും നിയ ഒരു ചോദ്യചിഹ്നമായി മാറി കഴിഞ്ഞിരുന്നു..

ഏറെ കുഴപ്പിക്കുന്ന ഒരു ചോദ്യചിഹ്നം..

***********************

അല്ലി..

സ്നേഹത്തോടെയുള്ള വിളി കേട്ടാണ് അല്ലി കണ്ണു തുറന്നത്..

തന്റെ അരികിൽ ഇരിക്കുന്ന ഭാമയെ കണ്ടതും അവൾ എഴുന്നേറ്റു..

എന്തുറക്കമാ ഇത്.. വന്നപ്പോ കിടന്നതല്ലേ.. നേരം ഒരുപാടായി എഴുന്നേൽക്ക്.. വന്നു വല്ലോം കഴിക്ക്..

ഭാമ പറഞ്ഞു..

കഴിക്കാനോ.. അതിനുള്ള നേരമായോ..

അവൾ ചോദിച്ചു..

ഒൻപതര കഴിഞ്ഞു..

ആദി വന്നോ..

അവൾ ഞെട്ടലോടെ ചോദിച്ചു..

ഇടയ്ക്കൊന്നു വന്നിട്ട് ആരെയോ കാണാൻ എന്നും പറഞ്ഞിറങ്ങി പോയി..

ഭാമ പറഞ്ഞു…

ഈ രാത്രി ആരെ കാണാൻ.. അവനെന്തിനാ ഒറ്റയ്ക്ക് പോയെ. ആരെ കാണാൻ പോയതാ..

അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് മുടി വാരികെട്ടി ചോദിച്ചു..

ഒന്നും പറഞ്ഞില്ല.. എന്താ മോളെ..

അവളൊന്നും പറയാതെ പോയി ഫോണെടുത്തു.. ആദിയെ വിളിച്ചു..

കോൾ റിങ് ചെയ്തു കട്ടായതും ഒന്നുകൂടി വിളിച്ചു..

മോളെ അവൻ ഇത്തിരി മുൻപ് ഇറങ്ങിയതെയുള്ളൂ.. രാത്രി വരാമെന്നുറപ്പ് പറഞ്ഞിട്ട് പോയതാ..

അവർ പറഞ്ഞതും അവളവരെ നോക്കി.. പിന്നെ ഫോൺ മാറ്റിവെച്ചു കാട്ടിലിലേയ്ക്കിരുന്നു തലയ്ക്ക് കൈകൊടുത്തു..

എന്താ അല്ലിമോളെ..

ഭാമ സമാധാനത്തോടെ ചോദിച്ചു..

ഒന്നൂലാന്റി.. ഞാനെന്തോ.. ദുസ്വപ്നം..

അവൾ പറഞ്ഞൊപ്പിച്ചു.. അപ്പോഴും അവളുടെ മനസ്സ് കലങ്ങി മറിയുകയായിരുന്നു..

ഒന്ന് പോയി ഫ്രഷായി വാ മോള്.. നമുക്ക് രാത്രി ആദി വരുമ്പോ കേക്ക് മുറിക്കാം.. കേക്ക് ഒക്കെ വാങ്ങി വെച്ചിട്ടുണ്ട്.. അതിനുമുമ്പ് ആദ്യമെന്റെ കുട്ടി എണീറ്റു വന്നെന്തെങ്കിലും കഴിക്ക്.. ആദിക്ക് ഒന്നും വരില്ല.. അവനിങ്ങ് വരും.. വാ..

ഭാമ പറഞ്ഞതും അവൾ മെല്ലെ അവരുടെ മടിയിൽ കിടന്നു.. പിന്നെ വയറിൽ ചുറ്റിപ്പിടിച്ചു കണ്ണടച്ചു..

കണ്ണിൽ എരിയുന്ന അഗ്നിയുടെ ചൂട് കൊണ്ട് പുകയും പോലെ അവൾക്ക് തോന്നി.. ഹൃദയമുരുകി ഒഴുകുന്ന കണ്ണുനീരിനും ആ അഗ്നിയോളം ചൂടുണ്ടെന്ൻ അവൾക്ക് തോന്നി..

അല്പനേരം കിടന്നതും അവൾക്ക് അല്പം ആശ്വാസം തോന്നി.. എഴുന്നേറ്റ് ഭാമയ്ക്കൊരു പുഞ്ചിരിയും സമ്മാനിച്ചു ടവ്വലുമെടുത്തു വാഷ്‌റൂമിൽ കയറുമ്പോഴും മനസ്സ് നിറയെ ചതിക്കപ്പെട്ടവളുടെ വേദനയായിരുന്നു..

അതല്ലെങ്കിലും വിശ്വാസത്തിൽ നിന്നുണ്ടാകുന്ന മുറിവുകൾക്ക് ആഴമേറെയാകും..

*********************

ആ മെഴുകുതിരി കൂടി ഇവിടെ വെയ്ക്കാം..

മീന പറഞ്ഞതും നിയ സംശയത്തോടെ അവരെ നോക്കി..

ഇങ്ങോട്ട് വെച്ചോളൂ കുട്ടി..

അവർ ദേഷ്യമൊന്നുമില്ലാതെ പറഞ്ഞതും അവൾ ചെറു ചിരിയോടെ അവർ പറഞ്ഞയിടത്തേയ്ക്ക് കയ്യിലിരുന്ന മെഴുകുതിരി വെച്ചു..

ഞാനോർത്തു ആന്റിക്ക് എന്നോട് ദേഷ്യാകും എന്ന്..

എന്തിന്.. എനിക്ക് ഈ ലോകത്ത് ഏറ്റവും വലുത് എന്റെ കുടുംബമാണ്.. ഭർത്താവും മോളും.. പിന്നെ എന്റേം പ്രസാദേട്ടന്റെയും കുടുംബങ്ങളും..

എന്റേം പ്രസാദേട്ടന്റെയും കയ്യിലുള്ള അതുവരെയുള്ള സമ്പാദ്യം ഒക്കെ സ്വരുകൂട്ടി വാങ്ങീതാ നാട്ടിലെ വീടും സ്ഥലവും..

കുടുംബ വീതത്തിൽ വീട് വെയ്ക്കാമെന്ന് പറഞ്ഞിട്ടും അകലം കൂടുംതോറും അടുപ്പം കൂടുമെന്നും പറഞ്ഞു പ്രസാദേട്ടൻ നിർബന്ധംപിടിച്ചു പോന്നതാ.. എന്റേത് ഒരു കൂട്ടുകുടുംബം ആയിരുന്നു. കല്യാണം കഴിഞ്ഞു വന്നിട്ടും പ്രസാദേട്ടന്റെ അമ്മേം പെങ്ങളും ഏട്ടനും ഏട്ടത്തിയും ഒക്കെ എന്നോട് ഭയങ്കര കൂട്ടുമായിരുന്നു.. അങ്ങനെ നിറേ ആളോളുള്ള വീട്ടീന്നു വന്ന എനിക്ക് ഒറ്റയ്ക്കുള്ള ജീവിതമൊക്കെ വല്ലാത്ത ബോറായിരുന്നു..

പതിയെ ആ വീടുമായി ഞാനിണങ്ങി.. പ്രസാദേട്ടന്റെ ‘അമ്മ ഞങ്ങൾക്കൊപ്പം വന്നു.. ഞാൻ പ്രഗ്നന്റ് ആയി..

ആ സമയത്താണ് ഭാമയുമായി കൂടുതൽ അടുക്കുന്നത്.. ഭാമയേക്കാൾ അടുപ്പമായൊരുന്നു ആദിയോട് എനിക്ക്.. തീരെ കുഞ്ഞാ അവൻ.. ഗർഭിണി ആയിരിക്കുമ്പോ പൊതുവെ കുഞ്ഞുങ്ങളോട് അറ്റാച്ച്മെന്റ് കൂടുമല്ലോ.. ഭാമ ശെരിക്കും പെട്ടെന്ന് എന്റെ കൂട്ടുകാരിയായി.. മുരളിയേട്ടനും ഭയങ്കര പാവമാണ്.. എല്ലാവരുമായി കൂട്ടായി.. ‘അമ്മ ഇടയ്ക്ക് ചേട്ടന്റെ വീട്ടിൽ പോകുന്നതൊക്കെ ഭാമയുടെ അമ്മയെ എന്നെ ഏല്പിച്ചിട്ടായിരുന്നു..

അല്ലി കൂടെ വന്നതോടെ ആദി എപ്പോഴും ഞങ്ങളുടെ കൂടെയായി..

ആ അടുപ്പമാണ് ആ കുടുംബത്തോട് എനിക്കുള്ളത്.. അന്ന് തൊട്ട് കാണുന്നതാണ് അവരെ ഞാൻ.. ആദി ശെരിക്ക് എന്റെ മോൻ തന്നെയാ..

ആ കുട്ട്യോളെയാണ് നിന്റെ അച്ഛൻ നോവിച്ചത്.. സഹിക്യോ ഞങ്ങൾക്ക്.. ആദിയും അല്ലിയും എന്താണെന്ന് ഞങ്ങൾക്ക് നല്ലോണം അറിയാം.. ശെരിക്കും അവരൊന്നു മനസ്സ് വെച്ചാൽ എന്നേ അവരുടെ കല്യാണം നടന്നേനെ.. ഞങ്ങൾക്കൊക്കെ അതിഷ്ടമായിരുന്നു..

പിന്നെ ഇപ്പൊ.. ഇപ്പൊ അല്ലിയുടെ ഭർത്താവാണ് ആദി.. ആ ആദിയുടെ പൂർവ്വകാമുകി അവരുടെ ജീവിതത്തിലേയ്ക്ക് വരിക എന്നൊക്കെ കേൾക്കുമ്പോ എന്നെപോലെയുള്ളവർക്ക് അതൊന്നും ഉൾക്കൊള്ളാൻ പെട്ടെന്ന് കഴിയില്ല.. അത്രേയുള്ളൂ..

പിന്നെ കുട്ടിയോട് എനിക്ക് വിരോധമൊന്നുമില്ല..

ഞാൻ.. ഞാൻ ആന്റി വരുന്ന വരെ..ഒന്ന് നിൽക്കാൻ..

ഹേയ്.. അതിന് കുഴപ്പോന്നുമില്ല..വേണോങ്കി ഞങ്ങള് പോകുമ്പോ കൂടെ പോരൂ.. കുറച്ചീസം അവിടെ നിൽക്കാം.. ഞങ്ങളുടെ കൂടെ.. ചിലപ്പോ ഈ അന്തരീക്ഷത്തിൽ നിന്നൊക്കെ മാറി നിൽക്കുമ്പോ കുട്ടിക്ക് ഈ സങ്കടമൊക്കെ പെട്ടെന്ന് മാറാനും മതി..

ആന്റി ഒക്കെ അടുത്ത ആഴ്ച എത്തും.. അല്ലിടെ ‘അമ്മ അതിന് മുമ്പ് പോകുന്നെങ്കിൽ ഞാനും വരാം.. ഇവിടെ അവരും തിരക്കിലായത് കൊണ്ട് ഞാൻ ശെരിക്കും ഒറ്റയ്ക്കാ..

നിയ പറഞ്ഞതും അവർ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു..

മീന ഇവിടെ നിൽക്കുവായിരുന്നോ.. ഞാൻ ചോദിക്കുവായിരുന്നു എല്ലാരും കൂടെ എവിടെ കിടക്കുമെന്ന്..

പ്രസാദ് അങ്ങോട്ട് വന്നു ചോദിച്ചു..

ഞാൻ ഹാളിൽ കിടന്നോളാം.. ആ റൂം അങ്കിൾ എടുത്തോളൂ..

ഹാളിലൊന്നും ആരും കിടക്കേണ്ട.. നിങ്ങള് ആണുങ്ങളെല്ലാം കൂടെ ആ മുറി എടുത്തോ.. ഞങ്ങൾ നാലും കൂടെ ഈ മുറിയിൽ 5കിടന്നോളാം..

അല്ലി വന്നു പറഞ്ഞു..

നിങ്ങൾ നാലാളും കൂടെയോ..

വല്യ കട്ടിലല്ലേ.. സുഖമായി കിടക്കാം.. അല്ലേൽ ഇവിടെ ചെറിയ ബെഡ് ഉണ്ട്.. നിലത്തേക്ക് കിടക്കും..

അല്ലി ചിരിയോടെ പറഞ്ഞു..

ആദിയെ വിളിച്ചിരുന്നോ അച്ഛാ..

മുരളി വിളിച്ചിരുന്നു.. ഉടനെ വരുമെന്നാ പറഞ്ഞേ..

പ്രസാദ് പറഞ്ഞു..

അവൾ നിയയ്ക്കൊരു പുഞ്ചിരി നൽകി അകത്തേയ്ക്ക് നടന്നു..

നിയ അപ്പോഴും മീനയോട് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു..

മുറിയിലേയ്ക്ക് കയറി കണ്ണാടിക്കു മുൻപിൽ നിന്ന് സ്വയം നോക്കുമ്പോഴും അസ്വസ്ഥമായ തന്റെ മനസ്സിനെ മൂടുന്ന ചിന്തകളുടെ ഭാരം പുറമെ കാണിക്കാതെ ചിരിക്കാൻ അവൾ ശീലിക്കുകയായിരുന്നു..

വരാൻ പോകുന്ന നിമിഷങ്ങൾ തന്റെ ജീവിതം കീഴിന്മേൽ മറിക്കുമെന്ന് തിരിച്ചറിയാതെ..

തുടരും.

 

Leave a Reply