മരുമകൾ : ഭാഗം 58

രചന – ഗംഗ ശലഭം

” ഹരിയേട്ടാ….. ”

എന്റെ മടിയിലേക്ക് തല വച്ച് കിടന്ന് ഉന്തി നിൽക്കുന്ന വയറിനു മുകളിൽ കൈ ചേർത്ത് അതിനുള്ളിലെ ആളിനോട് കിന്നാരിക്കുവാണ് ഹരിയേട്ടൻ. എന്റെ വിളിയൊന്നും കേട്ട മട്ടില്ല. കുഞ്ഞിനോട് വർത്തമാനം തുടങ്ങിയാൽ എന്നെ മറന്നേ പോകും ആള്…

” ഹരിയേട്ടാ….! ”

കുറച്ചുറക്കെ വിളിച്ച് കൊണ്ട് കവിളിൽ ഒന്ന് പിച്ചി വിട്ടു ഞാൻ….

” ഹൗ…. എന്താടി? ”

കവിളും തടവി എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്.

” ഞാൻ വിളിച്ചത് കേട്ടില്ലേ? ”

ഞാൻ ഒന്ന് കണ്ണുരുട്ടി നോക്കി.

” നീ വിളിച്ചോ? ”

” അയ്യടാ….! അപ്പൊ കേട്ടില്ല അല്ലെ? അല്ലേലും ഇപ്പൊ നമ്മളെയൊന്നും വേണ്ടല്ലോ? ”

പിണക്കം നടിച്ചു തിരിഞ്ഞിരുന്നു.

” അസൂയക്കാളി…! ”

പൊട്ടിച്ചിരിച്ചു കൊണ്ട് എഴുന്നേറ്റ് വന്ന്, എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് വലം കൈ കൊണ്ട് എന്നെ പൊതിഞ്ഞു പിടിച്ച് ആ നെഞ്ചിലേക്ക് ചേർത്തിരുത്തി. എന്റെ പരിഭവം ഒക്കെ അലിഞ്ഞേ പോയി….

” എന്തിനാ വിളിച്ചേ? ”

” അതേ…. അമ്മയ്ക്ക് ആൺകുട്ടിയെ ആണോ പെൺ കുട്ടിയെ ആണോ ഇഷ്ടം? ”

” ആ….? അതിപ്പോ എനിക്ക് അങ്ങനെ അയാം ? ”

ചോദ്യം കേട്ട് ആള് അന്തം വിട്ട മട്ടുണ്ട്.

” അല്ല ഹരിയേട്ടാ…. അമ്മയ്ക്ക് ഇപ്പൊ ആൺകുട്ടിയെ ആണിഷ്ടം എന്നിരിക്കട്ടെ… എനിക്ക് എപ്പഴൊക്കെയോ അമ്മേടെ സംസാരത്തിൽ നിന്ന് അങ്ങനെ ഒക്കെ തോന്നിയിട്ടുണ്ട്. നമുക്ക് പെൺകുട്ടി ആയാൽ അമ്മ ആ കുഞ്ഞിനോട് ദേഷ്യം കാണിക്കോ? ”

കുറച്ചു നാളായി തോന്നിയ സംശയമാണെനിക്ക്.

” അതെന്താ ഇപ്പൊ ഇങ്ങനെ ഒരു സംശയം? അമ്മ എന്തെങ്കിലും പറഞ്ഞോ? ”

ഹരിയേട്ടൻ സംശയത്തിൽ എന്റെ താടി തുമ്പിൽ പിടിച്ചുയർത്തി.

” മ്ഹും… ചോദിച്ചതാ….
എന്നോട് എന്തെങ്കിലും പറയുവോ കാണിക്കുവോ ചെയ്താ ഞാൻ ചിലപ്പോ കെട്ടില്ലാന്ന് നടിക്കും….. ക്ഷമിച്ചെന്നിരിക്കും… പക്ഷെ എന്റെ കുഞ്ഞിനോട് എന്തെങ്കിലും മോശമായിട്ട് പെരുമാറിയാ എനിക്ക് സഹിക്കാൻ പറ്റിന്ന് വരില്ല ഹരിയേട്ടാ…. ഞാൻ റിയാക്ട് ചെയ്യുന്നതും ഇങ്ങനെ ഒന്നും ആവില്ല. ”

ഞാൻ ആ കയ്യിൽ ഒന്നാമർത്തി പിടിച്ചു. അക്കാര്യം ഓർത്ത് അത്രത്തോളം ടെൻഷൻ ഉണ്ടെനിക്ക്. അത് മനസ്സിലാക്കിയിട്ടാവും ഹരിയേട്ടൻ എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.

” എനിക്കറിയാം ദേവൂ… എനിക്ക് വേണ്ടി നീ ഒത്തിരി അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് എന്ന്…. ”

ആ തടിത്തുമ്പു എന്റെ നെറുകയിൽ മുട്ടി. ഇരു കൈകളും എന്റെ വയറിനു മുകളിൽ ചേർത്ത് വച്ചു.

” അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. ഇനി ഉണ്ടായാൽ…. നമ്മൾ ഇവിടുന്ന് മാറും…. ഉറപ്പ്….! ”

ഞാൻ മുഖമുയർത്തി ആളിനെ നോക്കി. മുന്നിലെ ചുമരിലേക്കാണ് നോട്ടം.

” ഹരിയേട്ടനെക്കൊണ്ടത് പറ്റോ? ”
എനിക്ക് അത്ഭുതമായിരുന്നു.

” സാഹചര്യങ്ങൾ അല്ലെ ദേവൂ മനുഷ്യനെക്കൊണ്ട് ഓരോ തീരുമാനങ്ങൾ എടുപ്പിക്കുന്നത്? ഒട്ടും പറ്റില്ല എന്നായാൽ അതല്ലാതെ വേറെ എന്തുണ്ട് മാർഗ്ഗം? ”

ഒരു നെടുവീർപ്പോടെ പറഞ്ഞു ആള്.

” അപ്പോൾ അച്ഛനും അമ്മയും ഇവിടെ ഒറ്റയ്ക്കോ? ”

മറുപടിക്കായി ഞാനാ മുഖത്തേക്ക് ഉറ്റ് നോക്കി.

” ഒറ്റയ്ക്കാക്കാൻ പറ്റില്ലല്ലോ? ഞാൻ പറഞ്ഞിട്ടില്ലേ? എനിക്ക് നിന്നെപ്പോലെ അവരേം വേണം. ”

അത്രമാത്രം പറഞ്ഞു ഹരിയേട്ടൻ…

” പിന്നെ? ”

” അത് അപ്പോഴല്ലേ ദേവൂ? അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അപ്പൊ നോക്കാം….. ഇനിയും ഒരു പ്രശ്നമുണ്ടായാൽ നിന്നെ ഞാൻ കൂടുതൽ വിഷമിപ്പിക്കില്ല… ഇപ്പൊ ഉറങ്ങിക്കോ? ”

കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാത്തതുപോലെ എന്റെ നെറുകയിൽ തലോടി പറയവേ ഞാനും പതിഞ്ഞൊന്നു മൂളി. എങ്കിലും ഉറങ്ങുവോളം എന്റെ ചിന്ത “നമ്മൾ ഇവിടുന്ന് മാറും.” എന്ന് ഹരിയേട്ടൻ പറഞ്ഞ വാചകത്തെക്കുറിച്ച് തന്നെ ആയിരുന്നു.

🦋

ഏഴാം മാസത്തിൽ എന്നെ കൂട്ടീട്ട് പോകാനുള്ള ദിവസം നോക്കി വന്നതാണ് എന്റെ അച്ഛനും അമ്മയും. ദിവസം കണ്ടപ്പോ കുടിച്ചിട്ട് വന്ന ദിവസം പറ്റില്ല എന്നായി അമ്മായി.

അത് ഒരുപാട് നേരത്തെ ആയിപ്പോയത്രേ… ഒന്നുകിൽ ഏഴാം മാസം അവസാനം, അല്ലെങ്കിൽ ഒൻപതിൽ ആകട്ടെ എന്നാണ് ആശാത്തി പറയുന്നത്.

എന്റെ അമ്മയുടെ കണ്ണിൽ ആണെങ്കിൽ അമ്മായിയോടുള്ള ബഹുമാനം ഇങ്ങനെ നിറഞ്ഞു തുളുമ്പി നിൽപ്പുണ്ട്.

എന്നെ ഇവിടെ നിന്നും പറഞ്ഞു വിടാനുള്ള മടികൊണ്ടാണ്ടാവും അമ്മായി ഇങ്ങനെ പറയുന്നത് എന്നാവും പാവം അമ്മ ഇപ്പോൾ ചിന്തിക്കുന്നത്. അല്ല…. അമ്മയേയും കുറ്റം പറയാൻ പറ്റില്ല. അവര് രണ്ടാളും വന്നത് മുതൽ അമ്മായി എന്നെ തൊട്ടും തലോടിയും എന്റെ അടുത്ത് നിന്നും മാറാതെ നിൽപ്പാണേ….

ഞാൻ പോയാൽ പിന്നെ വീട് തൂപ്പും തുടപ്പും വൃത്തിയാക്കലും പാത്രം കഴുകലും ഒക്കെ ആര് ചെയ്യും? ആ സങ്കടമാണ് അമ്മായിക്കെന്ന് എന്റെ അമ്മ ഉണ്ടോ അറിയുന്നു?

ആദ്യം ഞാൻ കരുതിയത് എന്നെ ഇവിടെ നിന്നും ഓടിക്കാൻ ആണ് ഇവരുടെ ശ്രമം എന്നാണ്. ഇപ്പൊ ദാ എന്നെ ഇവിടെ പിടിച്ചു നിർത്താൻ നോക്കുന്നു. ശരിക്കും ഇവരുടെ മനസ്സിൽ എന്താണാവോ? എനിക്കിവരെ മനസ്സിലാകുന്നേയില്ല.

ദിവസം മാറ്റി കുറിപ്പിക്കാൻ ഒക്കെ പറയുന്നുണ്ട് അമ്മായി. അച്ഛനും അമ്മയും ആകെ കൺഫ്യൂഷനിൽ പരസ്പരം നോക്കി ഇരിപ്പാണ്. അച്ഛന്റെ മുഖത്ത് ദേഷ്യമാണെൽ അമ്മേടെ മുഖത്ത് നിസ്സഹായതയാണ്. കൂടെ അച്ഛൻ എന്തെങ്കിലും പറഞ്ഞു പോകുമോ എന്നുള്ള പേടിയും…. ദേഷ്യം വന്നാൽ പിന്നെ അച്ഛന് കണ്ണ് കാണില്ല എന്ന് ആരെക്കാളും നന്നായി അമ്മയ്ക്കല്ലേ അറിയുക?

എന്റെ അച്ഛന്റെ ഇരിപ്പ് കണ്ട് അപകടം മണത്തിട്ടാവണം ഹരിയേട്ടൻ ഹരിയേട്ടൻ ഇടപെട്ടത്.

” എന്തെങ്കിലും നല്ല കാര്യത്തിന് ദിവസം കുറിപ്പിച്ചാൽ പിന്നെ മാറ്റി കുറിപ്പിക്കുന്നത് ദോഷമാണെന്ന് അമ്മ തന്നെയല്ലേ പറയാറ്? ഇനി ഇത് മാറ്റാൻ ഒന്നും നിക്കണ്ട. അങ്ങോട്ട് പോയാലും അമ്മക്ക് എപ്പോ വേണമെങ്കിലും അവളെ അങ്ങോട്ട് ചെന്ന് കാണാമല്ലോ…. ”

ഹരിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ അമ്മായിക്ക് എതിർത്തു പറയാൻ ഒന്നും ഇല്ലാതായി. ഹരിയേട്ടൻ പറഞ്ഞത് പോലെ, എന്തെങ്കിലും വിശേഷങ്ങൾക്കായി ദിവസം കുറിപ്പിച്ചാൽ പിന്നീടത് മാറ്റാൻ പാടില്ല എന്ന് അമ്മായി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്തിന് ഞങ്ങടെ encagement പോലും അവധി ദിവസത്തേക്ക് മാറ്റാൻ പറഞ്ഞിട്ട് കേൾക്കാത്തത് ഈയൊരു കാര്യം പറഞ്ഞിട്ടാണ്. പിന്നെ ഇപ്പൊ എങ്ങനെ മാറ്റി പറയും?

പക്ഷെ ഹരിയേട്ടൻ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

കല്യാണം കഴിഞ്ഞ് ഇതേവരെ എന്റെ വീട്ടിലേക്ക് ഒരുവട്ടം കൂടി വരാത്ത അമ്മായിയാണ് ഇനി വരാൻ പോകുന്നത്? നല്ല തമാശ തന്നെ…..!

എന്തായാലും കുറുപ്പിച്ച ഡേറ്റ് മാറ്റണ്ട എന്ന് തന്നെ അവസാനം തീരുമാനിച്ചു.

🦋

എന്നെ കൂട്ടീട്ട് പോകുന്ന ദിവസത്തിന് ഏതാണ്ട് ഒരാഴ്ച മുൻപ് അമ്മായിക്ക് പനി പിടിച്ചു.

പനി എന്ന് പറഞ്ഞാൽ നല്ല പൊള്ളുന്ന പനി. എന്നിരുന്നാലും അടുക്കളഭരണം ആർക്കും ഞാൻ വിട്ട് കൊടുക്കില്ല എന്ന വാശി തന്നെ ആയിരുന്നു ആളിന്. വയ്യാതിരിക്കുമ്പോഴും എഴുന്നേറ്റ് ചെന്ന് ആഹാരമുണ്ടാക്കും.

ഞാൻ ഉണ്ടാക്കാമെന്ന് പറഞ്ഞപ്പോ,

” നിനക്ക് വയ്യാതിരിക്കയല്ലേ? അതുവല്ല, വേറെ ആരും ഉണ്ടാക്കുന്നത് അച്ഛൻ തിന്നൂല്ല ” എന്നുള്ള പതിവ് മറുപടി കിട്ടി ബോധിച്ചു.

അപ്പൊ ഹോട്ടലീന്ന് കഴിച്ചിട്ടുള്ളപ്പോ അവിടേം അമ്മയാണോ ഉണ്ടാക്കിക്കൊണ്ടിരുന്നത് എന്ന് ചോദിക്കാൻ അറിയാഞ്ഞിട്ടല്ല…. അതും പറഞ്ഞു ആവശ്യമില്ലാതെ തർക്കിക്കേണ്ട കാര്യം എന്താ? ഒന്നാമതെ മനുഷ്യന് വയ്യ. ഞാൻ എന്റെ പാട്ടിന് ഇങ്ങ് മുറിയിലേക്ക് പൊന്നു.

പക്ഷെ എന്റെ അടുക്കള ഞാൻ വിട്ട് കൊടുക്ക മാട്ടേൻ എന്നുള്ള വാശി കണ്ട് ദൈവത്തിന് പോലും ദേഷ്യം പിടിച്ചെന്ന് തോന്നുന്നു. അടുക്കളയിൽ നിന്നും പാത്രം വീഴുന്ന ഒച്ച കേട്ട് ചെല്ലുമ്പോ നിലത്തു വീണു കിടക്കുന്നുണ്ടായിരുന്നു അമ്മായി.

എത്രയൊക്കെ ദേഷ്യം ഉണ്ടെന്ന് പറഞ്ഞാലും ആ കിടപ്പ് കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി. തട്ടി വിളിച്ചിട്ടും എണീക്കാതായപ്പോ പേടിച്ചു…..

ഈ വയറും വച്ച് എനിക്ക് ഒറ്റയ്ക്ക് പിടിച്ചു പൊക്കാൻ പറ്റുമോ.? ഹരിയേട്ടൻ ആണെങ്കിൽ കോളേജിലേക്കും പോയി…

ഞാൻ അച്ഛനെ വിളിച്ചു. മുഖത്തിന് വെള്ളം തളിച്ചപ്പോ ആളിന് ബോധം വന്നു. ഞാനും അച്ഛനും കൂടെ എങ്ങനെയൊക്കെയോ പിടിച്ചു പൊക്കി കട്ടിലിൽ കൊണ്ട് കിടത്തി.

ഉടനെ തന്നെ ഹരിയേട്ടനെ വിളിച്ച് പറഞ്ഞു. ശേഷം ബീന ചേച്ചിയുടെ മോനെയും വിളിച്ച് ഞാൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഓട്ടോയ്ക്ക് പകരം ഹരിയേട്ടൻ ഒരു കാർ വിളിച്ച് ഏർപ്പാടാക്കിയിരുന്നു.

വീഴ്ചയിൽ അമ്മായിയുടെ കാല് മടങ്ങിയിരുന്നു. കാല് വയ്യാത്തത് കൊണ്ട് ജനറൽ മെഡിസിനൊപ്പം ഓർത്തോയിലും കാണിക്കേണ്ടി വന്നു. പൊട്ടൽ ഒന്നും ഇല്ലെങ്കിലും നന്നായി നീര് വന്നിരുന്നു.

കാലിൽ അടിക്കാനുള്ള സ്പ്രേയും പനിക്കുള്ള മരുന്നുകളുമൊക്കെ കുറച്ചു തന്നു. കണ്ണൻ ഉണ്ടായിരുന്നത് കൊണ്ട് മരുന്ന് വാങ്ങാനൊക്കെ അവൻ തന്നെയാണ് പോയത്.

ഈ വീഴ്ചയ്ക്കും കുറ്റം എനിക്കാവും എന്ന് കാറിലേക്ക് കേറുന്നേരവും ഞാൻ ഓർക്കാതിരുന്നില്ല.

മിക്കവാറും ഞാനും എന്റെ അമ്മയും കൂടി കൂടോത്രം ചെയ്തു തള്ളിയിട്ടതാണ് എന്നാവും പറയുക. വല്യമ്മയോട് ഫോൺ ചെയ്ത് കൂടോത്രക്കഥ പറഞ്ഞു അമ്മായി എന്നെ ചീത്ത വിളിക്കുന്നത് ഓർത്തപ്പോ ചിരി വന്ന് പോയെനിക്ക്. വന്ന ചിരി മറച്ച് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. ആ ചെക്കൻ കണ്ടാൽ അമ്മായി വീണത് കൊണ്ട് ഞാൻ സന്തോഷിച്ചു ചിരിക്കുന്നതാണെന്നെങ്ങാനും കരുതിയാലോ?

എനിക്ക് എന്തെങ്കിലും അസുഖം വരുമ്പോ അമ്മായി പറയുന്നത് പോലെ ” ഇത് എന്നെ പറഞ്ഞതിന് അവക്ക് ദൈവം കൊടുത്തതാണ് ” എന്നും പറഞ്ഞു സന്തോഷിക്കാനും മാത്രം ദുഷിച്ച മനസല്ല എന്റേത് എന്ന് അവന് അറിയില്ലല്ലോ?

എന്തായാലും പിന്നീട് മൂന്ന് നാല് ദിവസം എന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ആഹാരം മൂന്ന് നേരവും കഴിക്കേണ്ടി വന്നു അമ്മായിക്ക്.

സ്നേഹത്തോടെ “മോളേ” ന്ന് വിളിക്കുന്ന വിളിയിൽ ഇനി ഇവരെങ്ങാനും നന്നായിപ്പോയോ എന്ന് എനിക്ക് തന്നെ സംശയം തോന്നി തുടങ്ങി….

🦋 🦋

വീണത് വിദ്യായാക്കുക എന്ന് കേട്ടിട്ടുണ്ടോ? അത് അക്ഷരാർത്ഥത്തിൽ മനസ്സിലായത് അമ്മായീടെ സ്നേഹത്തിന്റെ ഉദ്ദേശം തിരിച്ചറിഞ്ഞപ്പോഴാണ്.

” എനിക്കിങ്ങനെ വയ്യാതിരിക്കുമ്പോ ഇവള് പോയാൽ എങ്ങനാടാ? ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ആര് നോക്കും? ഒൻപതാം മാസത്തിൽ വിടാടാ… ”

എന്ന് അമ്മായി ഹരിയേട്ടനോട് പറഞ്ഞപ്പോ പകച്ചു പോയി ഞാൻ.

ഇതവര് ഒരവസരം ആയിട്ടെടുക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. പനിയൊക്കെ മാറിയിരുന്നു. കാലിലെ നീരും കുറഞ്ഞു. എന്നിട്ടും ഞൊണ്ടി ഞൊണ്ടിയുള്ള നടപ്പിന്റേം സ്നേഹത്തിൽ കുതിർന്ന മക്കളേ വിളിയുടേം പിന്നിലുള്ള ചേതോ വികാരം ഇപ്പോഴല്ലേ മനസ്സിലായത്.

ഹരിയേട്ടന്റെ മറുപടിയ്ക്കായി നേരിയൊരു ടെൻഷനോടെയാണ് ഞാൻ കാതോർത്തത്.

” ഇവളിവിടുന്ന് പോയ ശേഷമാണ് അമ്മയ്ക്ക് ഇങ്ങനെ പറ്റിയേങ്കിൽ എന്ത് ചെയ്തേനെ? അമ്മയ്ക്ക് സുഖമാകുന്നത് വരെ പുറം പണികൾക്കൊക്കെ ആരെയെങ്കിലും ഏർപ്പാടാക്കാം. ”

എന്ന് മറുപടി പറഞ്ഞു അമ്മായീടെ പ്ലാൻ ഏട്ടാക്കി മടക്കി തിരികെ കൊടുത്തു ഹരിയേട്ടൻ. അമ്മേടെ ഉദ്ദേശം മകനും മനസ്സിലായിക്കാണണം.

പറഞ്ഞത് പോലെ പിറ്റേന്ന് തന്നെ ഹരിയേട്ടൻ, വീടിനടുത്തുള്ള ഒരു മാമിയെ സഹായത്തിന് ഏർപ്പാടാക്കുകയും കൂടി ചെയ്തതോടെ അമ്മയ്ക്ക് ഒന്നും പറയാനില്ലാതായി.

🦋

അങ്ങനെ ഏഴാം മാസത്തിലെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഇറങ്ങാൻ നേരമായി. ഈ സങ്കടവും സന്തോഷവും കൂടി കൂടിക്കലർന്ന അവസ്ഥ എന്ന് കേട്ടിട്ടില്ലേ? അതാണ്‌ ഇപ്പോ എന്റെ അവസ്ഥ.

ഇവിടുന്ന് എന്റെ വീട്ടിലേക്ക് പോകുന്നതിൽ അതിയായ സന്തോഷം ഉണ്ട്. എന്നാലോ? ഹരിയേട്ടനെ ഓർക്കുമ്പോ വിഷമവും തോന്നുന്നുണ്ട്.

ഒരാളാണെങ്കിൽ രാവിലെ മുതൽ എനിക്ക് മുഖം പോലും തരാതെ നടപ്പാണ്. ഞാൻ ഇറങ്ങുന്നേരം ഒന്ന് ചിരിച്ചു തലയാട്ടി എന്നല്ലാതെ എന്റെ അടുത്തേയ്ക്ക് പോലും വന്നില്ലാള്. എനിക്കറിയാം… നല്ല വിഷമത്തിലാണ് പുള്ളിക്കാരൻ.

ഇപ്പോ നല്ലോണം വിഷമം തോന്നുന്നുണ്ടെങ്കിലും ഞാൻ പോകുന്നതെന്റെ വീട്ടിലോട്ട് അല്ലേ? മീനുവിന്റെ ചളി ഒക്കെ കേട്ടിരിക്കുമ്പോൾ ഹരിയേട്ടനെ ഞാൻ അത്രത്തോളം മിസ്സ് ചെയ്യാൻ വഴിയില്ല.

പക്ഷേ ഹരിയേട്ടന്റെ കാര്യം അങ്ങനെയല്ലല്ലോ?

ഈയിടെയായി രാത്രി ഏതാണ്ട് ഒന്നൊന്നര മണിക്കൂർ അച്ഛനും കുഞ്ഞും കൂടി കിന്നാരം പറച്ചിലാണേ…. അതാവും ഹരിയേട്ടൻ എന്നെക്കാട്ടിലും മിസ്സ്‌ ചെയ്യുന്നത്.

എന്തോ എനിക്ക് ആ മുഖം കണ്ടപ്പോൾ സങ്കടം വന്നു. കണ്ണൊക്കെ നിറഞ്ഞു.

കാറിൽ കയറി അമ്മേടെ അടുത്തായി ഇരിക്കുന്നേരം ഫോൺ എടുത്തു ഹരിയേട്ടന്റെ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ഇട്ടു.

” വൈകിട്ട് അങ്ങ് വന്നേക്കണം…. എനിക്ക് കാണാൻ തോന്നും. ”

ഉടനെ തന്നെ ഹരിയേട്ടൻ online ആകുന്നതും, ടൈപ്പിംഗ്‌ എന്ന് കാണിക്കുന്നതും കണ്ട് മറുപടിക്കായി നോക്കിയിരുന്നു.

” വരാതെ പിന്നെ? എനിക്കും കാണാതിരിക്കാൻ പറ്റോ? നിന്നേം കുഞ്ഞി മണിയേം ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യും. Love you… ഉമ്മ 😘. ”

മറുപടി വായിച്ചെന്റെ കണ്ണ് നിറഞ്ഞു. വിതുമ്പി തുടങ്ങിയ ചുണ്ടുകളെ ഉള്ളിലേക്ക് മടക്കി പിടിച്ച് അമ്മേടെ തോളിലേക്ക് തല ചായ്ച്ചിരുന്നു ഞാൻ….

🦋

വീട്ടിൽ വന്നതിന്റെ പിറ്റേന്ന് തന്നെ അമ്മമ്മ കാണാൻ വന്നിരുന്നു. കൂടെ മാമനും കണ്ണൻ ചേട്ടനും….

ഇതിനിടയിൽ ഞാൻ പറയാൻ വിട്ട് പോയ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. അമ്മമ്മ പറഞ്ഞത് പോലെ മീനൂന്റേം കണ്ണൻ ചേട്ടന്റെയും കല്യാണം വീട്ടുകാരങ് ഉറപ്പിച്ചു. പത്തിൽ ഒൻപത് പൊരുത്തം ആയിരുന്നത്രെ…!

മീനു ഇപ്പോ വന്ന എൽ ഡി സി ലിസ്റ്റിൽ പെട്ടിട്ടുണ്ട്. ഉടനെ പോസ്റ്റിങ്ങ്‌ ഉണ്ടാകുമെന്നാണ് അറിഞ്ഞത്. അതൂടെ കേട്ടപ്പോ മാമനും മാമിക്കും താല്പര്യം കൂടി.

അപ്പൂപ്പന് ഇപ്പോഴും അറിയില്ല അച്ഛന്റെ സഹോദരീടെ മോളാണ് മീനുവെന്ന്… അറിയുമ്പോ ഇനി എന്ത് പൂരം നടക്കുവോ ആവോ? എന്തായാലും ഉടനെ അവരുടെ എൻഗേജ്മെന്റ് കാണും. അന്ന് അപ്പൂപ്പൻ അറിയാതിരിക്കില്ലല്ലോ? ഒക്കേം നന്നായി വന്നാ മതിയായിരുന്നു എന്നാണെനിക്ക്. ഇതോടെ പിണക്കമൊക്കെ മാറി എല്ലാരും ഒന്നായിരുന്നെങ്കിൽ എന്ന്…

ഇപ്പോഴത്തെ കണ്ണൻ ചേട്ടന്റെ വരവ് മീനൂനെ കാണാൻ തന്നെ ആകണം. അമ്മമ്മ പറഞ്ഞത് പോലെ പാവമാണ് ആള്. കാണാനും സുന്ദരൻ. നല്ല പെരുമാറ്റവും. മാമനെപോലെ തന്നെ….

പക്ഷെ അമ്മമ്മ പറഞ്ഞ ഒരു കാര്യം മാത്രം ശരിയായിരുന്നില്ല. രണ്ടാളുടേം സ്വഭാവം ചേരുമെന്ന് പറഞ്ഞില്ലേ? അത്….

മീനുവിന്റെ നേരെ വിപരീത സ്വഭാവമാണ് ചേട്ടന്. മീനൂന് വായില് മുഴുവനും നാക്കാണല്ലോ? കണ്ണൻ ചേട്ടനാണേൽ വായ്ക്കകത് നാക്കുണ്ടോ എന്നറിയാൻ കോലിട്ട് കുത്തി നോക്കണം.

അതാണ്‌ നല്ലത് എന്നാണ് മീനുവിന്റെ കണ്ട് പിടിത്തം. രണ്ടാളും ഒരുപോലെ സംസാരിക്കുന്നവരായാൽ അവൾക്ക് സംസാരിക്കാനും ചളി അടിക്കാനും ഗ്യാപ് കിട്ടില്ലാത്രേ… അവക്കാണേൽ ഒരു മിനിറ്റ് മിണ്ടാതിരിക്കുന്നത് പോലെ വീർപ്പുമുട്ടൽ വേറൊന്നും തന്നെ ഇല്ല. ഇതാകുമ്പോ അവളെന്ത്‌ പറഞ്ഞാലും ചേട്ടൻ കേട്ടോണ്ട് ഇരുന്നോളുമല്ലോ…?

മുൻപ് കണ്ണാമ്പക്കി കണ്ണൻ ചിരട്ട കണ്ണിലെ കരട് എന്നൊക്കെ പറഞ്ഞോണ്ടിരുന്നവളാണ്. ഇപ്പൊ കണ്ണേട്ടാ എന്ന് വിളിക്കുന്നത് കേട്ടാൽ തേനൊഴുകും… അതേക്കുറിച്ച് എന്തെങ്കിലും ചോദിച്ചാലോ? ഇല്ലാത്ത നാണത്തിന്റെ എക്സ്പ്രഷൻ ഒക്കെ ഇട്ട് കളയും പെണ്ണ്. അത് കാണാനുള്ള ത്രാണി ഇല്ലാത്തോണ്ട് ഞാൻ ചോദിക്കാറേയില്ല.

എന്തായാലും അവള് ഹാപ്പിയാണ്. ഞങ്ങളും….

🦋

വീട്ടിൽ എത്തിക്കഴിഞ്ഞ് ഹരിയേട്ടനെ കാണാനുള്ള തോന്നലൊക്കെ അങ്ങ് മാറുമെന്ന് കരുതിയിരുന്നതാ ഞാൻ… അതൊക്കെ വെറുതെ ആണെന്ന് ഒരാഴ്ച കൊണ്ട് തന്നെ മനസ്സിലായി. ഹരിയേട്ടൻ തിരക്കിനിടയിലും സമയം കിട്ടുമ്പോഴൊക്കെ ഓടി വരാറുണ്ട്. രാത്രി താങ്ങാറില്ല എന്ന് മാത്രം.

എന്നിരുന്നാലും ഇടയ്ക്കൊക്കെ എനിക്കാളിനെ വല്ലാതെ മിസ്സ്‌ ചെയ്യും…. അന്നേരം വീഡിയോ കാൾ വിളിച്ചു സംസാരിക്കും.

ഹരിയേട്ടനറിയാം കാണാൻ അത്രയ്ക്കും ആശ തോന്നുമ്പോഴാണ് ഈ വീഡിയോ കാൾ വിളി എന്ന്. അത് കൊണ്ട് പിറ്റേന്ന് എത്ര തിരക്കുണ്ടെങ്കിലും രാവിലെ കോളേജിലേക്ക് പോകും മുന്നേ എന്നെ വന്നൊന്ന് കണ്ടിട്ടേ പോകുള്ളൂ ഹരിയേട്ടൻ…. അന്ന് ബ്രേക്ക്ഫാസ്റ്റും വീട്ടീന്ന് കഴിക്കും.

ഇന്നും കാണാൻ വല്ലാത്ത കൊതി തോന്നീട്ടാണ് വീഡിയോ കാൾ വിളിച്ചത്. ഉറക്കം വരുവോളം ഓരോന്നൊക്കെ പറഞ്ഞിരുന്നു. എനിക്കിപ്പോ ഉറക്കം നന്നേ കുറവാണ്. ഹരിയേട്ടന്റെ കണ്ണ് അടഞ്ഞു പോകുന്നത് കണ്ടാണ് കട്ടാക്കിയത്.

അന്ന് ഞാൻ ഹരിയേട്ടന്റെ കയ്യിൽ, വെളുത്ത തുണിക്കുള്ളിൽ മുഖം മാത്രം കാണുന്ന രീതിയിൽ കണ്ണും പൂട്ടി കിടക്കുന്നൊരു കുഞ്ഞാവയെയാണ് സ്വപ്നം കണ്ടത്. നല്ല പിങ്ക് നിറത്തിൽ പഞ്ഞി പോലൊരു കുഞ്ഞിനെ…..
ഒരു പുഞ്ചിരിയോടെയാണ് പുലർച്ചെ കണ്ണ് തുറന്നതും…. അതേ സന്തോഷത്തോടെ തന്നെയാണ് ഞാൻ ആളിനെ കാത്തിരുന്നതും… വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

ഹരിയേട്ടൻ വരും മുന്നേ മീനു വന്നു. അവൾക്കിപ്പോ കുഞ്ഞിനോട് വർത്തമാനം പറയുന്നതാണ് പ്രധാന ഹോബി.

അവളുടെ ഭാഷയിൽ പറഞ്ഞാൽ രാവിലെ ഇങ്ങോട്ട് വരുന്നതിൽ രണ്ടുണ്ട് കാര്യം. ഒന്ന് കുഞ്ഞിനോട് സംസാരിക്കാം. അവള് കൈ എന്റെ വയറിലേക്ക് വച്ചു വർത്തമാനം പറയുമ്പോ അകത്തു കിടക്കുന്ന ആള് react ചെയ്യാറുണ്ട് ഇപ്പോ.
രണ്ട്, അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കുന്ന, മസാലദോശ, കാരറ്റ് പൂരി തുടങ്ങിയ സ്പെഷ്യൽ ഫുടൊക്കെ കഴിക്കേം ചെയ്യാം.

അവള് കുഞ്ഞിനോട് സംസാരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്. ഓരോന്നൊക്കെ പറയുന്നത് കേട്ടാൽ കൊച്ച് കുഞ്ഞുങ്ങള് തോറ്റു പോകും.

എന്തിന് വയറ്റിൽ കിടക്കുന്ന കൊച്ചിനെ ABCD വരെ പഠിപ്പിക്കുന്നുണ്ട് ആശാത്തി. ഇടക്കുള്ള അവളുടെ പാട്ട് ആണ് സഹിക്കാൻ വയ്യാത്തത്. ‘കാക്കേ കാക്കേ കൂടെവിടെ’ മുതൽ ‘ഏഴി മല പൂഞ്ചോല’ വരെ പാടിക്കൊടുക്കും അവള്.

അതും ഏതോ സിനിമേല് പറയും പോലെ തൊണ്ടേല് ഞണ്ടിറുക്കിയ ശബ്ദത്തില്…

അങ്ങനെ അവളുടെ ഏഴി മല പൂഞ്ചോലയും കേട്ട് ചിരിച്ച് ഒരു വഴിയായിട്ടിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്.

പ്രതീക്ഷിച്ച പോലെ ഹരിയേട്ടൻ ആയിരുന്നു. പക്ഷെ ഒപ്പമുള്ള ആളിനെ കണ്ടതും ഞാൻ അത്ഭുതപ്പെട്ടു പോയി.

🦋 🦋 🦋 🦋 🦋

Leave a Reply