24/04/2026

മരുമകൾ : ഭാഗം 33

രചന – ഗംഗ ശലഭം

” നാളെ കോവിലിൽ പോണില്ലേ? ”

” പോകുന്നുണ്ട്. രാവിലെ അഞ്ചരയ്ക്ക് പോകാന്നാ പറഞ്ഞത്. ”

” മ്മ്… ”

അതിനും ഒന്നിരുത്തി മൂളി കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അമ്മ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി.

ഇതെന്ത് കൂത്ത്? നാളത്തെ യാത്ര മുടക്കാനുള്ള പുതിയ പ്ലാൻ ഉണ്ടാക്കുന്നതിന്റെ മുന്നോടിയാണോ ഈ പിണക്കം എന്ന് ആലോചിച്ച് കുറച്ചു നേരം അവിടെത്തന്നെ നിന്നു ഞാൻ….

നാളെ ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ രാവിലെ തന്നെ അയൺ ചെയ്തു വച്ചിരുന്നു. അത് കൊണ്ട് വെള്ളവും എടുത്തു റൂമിലേക്ക് ചെന്ന പാടേ കട്ടിലിലേക്ക് കയറി കിടന്നു. കുടന്നതേ ഉറങ്ങിപ്പോയി. പിന്നീട് ഉണർന്നത് നാല് മണിക്കുള്ള അലാറം കേട്ടിട്ടാണ്.

ഞാൻ എഴുന്നേറ്റ് ഒന്ന് ഫ്രഷായി അടുക്കളയിലേക്ക് ചെല്ലുമ്പോഴും അമ്മ എഴുന്നേറ്റിരുന്നില്ല.

ഒരു ഫുൾ ഡേ ഇല്ലേ? രണ്ട് മൂന്ന് ബോട്ടിൽ വെള്ളം വേണ്ടി വരുമല്ലോ കൊണ്ട് പോകാനായിട്ട്? അത് കൊണ്ട് ഞാൻ ആദ്യം തന്നെ ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിക്കാൻ ആയിട്ട് ഗ്യാസിലേക്ക് വച്ചു. ഒഴിച്ചെടുക്കുമ്പോ നന്നായിട്ട് തണുക്കണമെന്നില്ല. സ്റ്റീലിന്റെ മൂന്ന് ബോട്ടിലുകൾ ഇന്നലെ തന്നെ കഴുകി വച്ചിരുന്നു.

ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് തണുക്കാനായിട്ട് വെള്ളത്തിലിട്ടു. അടുപ്പ് കത്തിച്ച് കഞ്ഞിക്കലം അടുപ്പത്തു വച്ചു. ഞങ്ങൾ ഉച്ചയ്ക്ക് ഉണ്ണാൻ ഇല്ലാത്തോണ്ട് അവൾ ചോറിനു വെള്ളം പോലും ഇട്ടില്ല എന്ന് പറയരുതല്ലോ?

ഫ്രിഡ്ജിൽ നിന്നും ദോശ മാവെടുത്തു പുറത്ത് വച്ചു. എത്ര നേരത്തെ പോയാലും ഹരിയേട്ടൻ എന്തെങ്കിലും ഒന്ന് കഴിച്ചിട്ടേ ഇറങ്ങൂ എന്ന് ഇന്നലെ ആള് തന്നെ പറഞ്ഞിരുന്നു. ഇല്ലേൽ അസിഡിറ്റി പ്രശ്നം ഉണ്ടാക്കുമത്രേ…. ഞാൻ പിന്നെ ദൂരയാത്ര ഒന്നും പോയിട്ടില്ലാത്തോണ്ട് എന്റെ അവസ്ഥ എങ്ങനെയാ എന്ന് എനിക്ക് തന്നെ അറിയില്ല.

ഈ എക്സാം ടൈമിലെ ടെൻഷൻ ഒക്കെ വരുമ്പോ അസിഡിറ്റി പ്രശ്നം എനിക്കും ഉണ്ടാകാറുള്ളതാണ്. അത് കൊണ്ട് എന്തെങ്കിലും കഴിച്ചിട്ട് ഇറങ്ങുന്നതാണ് എനിക്കും നല്ലതെന്ന് ഒരു തോന്നൽ ഉണ്ട്.

തേങ്ങ എടുത്തു ചിരകി വച്ചു. ചമ്മന്തി ഉണ്ടാക്കാൻ….

ചെറിയുള്ളിയും വറ്റൽ മുളകും തേങ്ങയും ചേർത്ത് അമ്മയിൽ അരച്ചെടുത്തിട്ടും അമ്മ എണീറ്റ് വന്നില്ല.

അതൊന്ന് കലക്കി കടുക് വറുത്ത് എടുത്താൽ മതി. പക്ഷെ ചെയ്യാൻ ഒരു മടി. ഞാൻ ചെയ്‌താൽ ഇഷ്ടമാകില്ല എന്ന് ഉറപ്പാണ്.

ഇതിപ്പോ സമയോം അഞ്ച് ആകാറായി. ഇനിയും വൈകിയാൽ എങ്ങനെ അഞ്ചരയ്ക്ക് ഇറങ്ങും?

കറിവേപ്പിലയും വറ്റൽ മുളകും കടുകും എടുത്തു വച്ചു. കുറച്ചു ഉഴുന്ന് പരിപ്പെടുത്ത് കഴുകി വച്ചു. ഹരിയേട്ടന്റെ അമ്മ ഉഴുന്ന് പരിപ്പിട്ടാണ് ചമ്മന്തിക്ക് കടുക് വറക്കുന്നത്. എന്റെ അമ്മ ആണേൽ അതിന് പകരം ചെറിയുള്ളി ചെറുതായി അറിഞ്ഞിടും. അതിനാണ് കൂടുതൽ ടേസ്റ്റ് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ഇവിടുത്തെ അമ്മയാണേൽ ഉഴുന്ന് കഴുകുന്നത് കൂടി കണ്ടിട്ടില്ല. പാത്രത്തിൽ വച്ചിരിക്കുന്ന ഉഴുന്ന് അങ്ങനെയേ വാരി എണ്ണയിൽ ഇടുന്നത് കാണാം.

രണ്ടും കല്പ്പിച്ചു കലക്കി കടുക് വറുത്തെടുക്കാമെന്ന് കരുതി നിൽക്കുമ്പോഴുണ്ട് അമ്മ എണീറ്റ് വരുന്നു….

” ആ… മക്കള് നേരത്തെ എണീറ്റോ? ”

അലസമായിട്ടൊരു ചോദ്യം.

” ഹാ അമ്മേ… അഞ്ചരക്ക് കാർ കൊണ്ട് വരുമെന്നാ പറഞ്ഞത്. ”

അമ്മേ ഒന്ന് തിരിഞ്ഞു നോക്കി ഞാൻ ഗ്യാസ് അടുപ്പിന് മുന്നിൽ നിന്നും മാറി നിന്നു.

” അയ്യോ…. ഞാൻ അതങ്ങു മറന്ന് പോയി കേട്ടോ…. ഹരിക്കാണേൽ ഒന്നും തിന്നാതെ പോകാനും ഒക്കൂല്ല.
ഇനിയിപ്പോ എപ്പഴാ? നേരം ഒരുപാട് ആയല്ലേ? ചമ്മന്തി ഉണ്ടാക്കാം. നീ ഇത്തിരി തേങ്ങ ചിരകി വയ്ക്ക്. ”

” ഞാൻ ദേണ്ടേ അരച്ച് വച്ചമ്മാ…. ”

ഞാൻ തങ്ങാ അരച്ച് വച്ചേക്കുന്ന പത്രത്തിന്റെ അടപ്പെടുത്തു കാണിച്ചു കൊടുത്തു.

” ഓ…. ഇതാ…? ഇതെന്തിനാ അരച്ചേ? ഞാൻ വെള്ള ചമ്മന്തി ഉണ്ടാക്കാന്നാ വിചാരിച്ചത്. എവിടേലും പോകുമ്പോ ഹരിക്ക് അതെ പറ്റൂ… ഒരു കാര്യം ചെയ്യ്… ഇതെടുത്തു ഫ്രിഡ്ജിൽ വയ്ക്ക്. നാളെ രാവിലെ എടുത്ത് കടുക് വറുക്കാം. വേറെ തേങ്ങ ചിരകിക്കോ…. ഞാനേ ഫ്രിഡ്ജിന്ന് പച്ച മുളക് എടുത്തോണ്ട് വരട്ടെ…. ”

ഞാൻ അരച്ച് വച്ചതൊന്ന് നോക്കീട്ട് മുഖം വീർപ്പിച്ചു വച്ച് ഇത്രേം പറഞ്ഞു ഫ്രിഡ്ജിനടുത്തേക്ക് അമ്മയൊരു പോക്ക്….

മനപ്പൂർവം ആണിത്. അവരോട് ചോദിക്കാതെ ചെയ്തതിന്….
ദേഷ്യം വരുന്നുണ്ടെങ്കിലും മിണ്ടാൻ പറ്റില്ലല്ലോ? എങ്കിൽ ഈ യാത്ര കൂടി മുടക്കും ആശാത്തി….
ഞാൻ ഒന്ന് നെടുവീർപ്പിട്ട് ദേഷ്യവും സങ്കടവും ഒക്കെ അടക്കി നിർത്തി.

നേരത്തെ പൊട്ടിച്ച തേങ്ങയുടെ ഒരു മുറി ബാക്കി ഉണ്ടായിരുന്നു. അതെടുത്തു ചിരകി വച്ചപ്പോഴേക്കും അമ്മായി പച്ചമുളക് എടുത്തിട്ട് വന്നു. അതും ചെറിയുള്ളിയും തേങ്ങയും കൂടി പിന്നെയും അമ്മിക്കല്ലിൽ തന്നെ അരച്ചെടുത്തു.

പാല് തിളപ്പിച്ച്‌ വന്നപ്പോഴേക്കും വെള്ളം നന്നായി തിളച്ചിരുന്നു. അതിനെ വേറൊരു പാത്രത്തിലേക്ക് ഒഴിച്ചെടുത്തു ഫാനിന് ചുവട്ടിൽ കൊണ്ട് വച്ചു.
കുറച്ച് തണുത്തിട്ട് ബോട്ടിലിൽ ആക്കാം. അപ്പോഴേക്കും അമ്മായി ചമ്മന്തി കടുക് വരുത്തിരുന്നു. അതിനായിട്ട് ഞാൻ നേരത്തെ എടുത്തു വച്ചിരുന്ന സാധനങ്ങൾ ഒന്നും തൊട്ട് നോക്കിയിട്ടില്ല.

അത് അവിടെത്തന്നെ ഇരിക്കട്ടെ എന്ന് വച്ച് ഞാൻ റൂമിലേക്ക് പോയി.

ഞാൻ റൂമിൽ എത്തുമ്പോഴേക്കും ഹരിയേട്ടൻ തയാറായിരുന്നു. ഞാനും പെട്ടെന്ന് തന്നെ റെഡിയായിറങ്ങി. വെള്ളമൊക്കെ എടുത്ത് ഒരു ചെറിയ ട്രാവൽ ബാഗിനകത്താക്കി.

ദോശ ഉണ്ടാക്കി. ഹരിയേട്ടൻ ഒരെണ്ണമേ കഴിച്ചുള്ളൂ…. വിശപ്പ് ഒട്ടും തോന്നിയില്ലെങ്കിലും ഞാനും കഴിച്ചു ഒരെണ്ണം. ഞങ്ങൾ കഴിച്ചോണ്ടിരിക്കുമ്പോഴേ രാജേഷേട്ടന്റെ വിളി വന്നു. പെട്ടെന്ന് കഴിച്ചെഴുന്നേറ്റു. ചൂട് ചായ എങ്ങനെയൊക്കെയോ ഊതിക്കുടിച്ചു പെട്ടെന്ന് ഇറങ്ങി.

പോകുന്ന നേരം വരെയും അമ്മായി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന് തന്നെയായിരുന്നു മനസ്സിൽ. പക്ഷെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല…

” സൂക്ഷിച്ചു പോണേ മോളെ…. എടാ എന്റെ കൊച്ചിനെ നോക്കിക്കോണം കേട്ടോ… ”
എന്നൊക്കെ പറഞ്ഞ് തൊട്ടും തലോടിയും ഉമ്മ വച്ചും ഒക്കെയാണ് യാത്രയാക്കിയത്.

ഇനി തിരികെ വരുമ്പോഴേക്കും എന്തെങ്കിലും കരുതി വച്ചിരിക്കുമോ ആവോ?

🦋 🦋 🦋 🦋 🦋

രാജേഷേട്ടനെയും ആതിരയെയും നേരത്തെ പരിചയം ഉള്ളത് കൊണ്ട് എനിക്ക് അവരോടൊപ്പമുള്ള യാത്ര അങ്ങനെ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

രാജേഷേട്ടൻ പിന്നെ നിർത്താതെ സംസാരം തന്നെ ആയിരുന്നു. ഹരിയേട്ടനും മോശം ആയിരുന്നില്ല. എന്തൊക്കെയോ തമാശകൾ പറഞ്ഞു അവർ കാർ യാത്രയുടെ വിരസതയൊക്കെ മാറ്റിക്കളഞ്ഞു.

പ്രതീക്ഷിച്ചത് പോലെ അമ്പലങ്ങളിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. മനസ്സ് നിറഞ്ഞു തൊഴുതു.

എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു. ഹരിയേട്ടൻ എന്നും എന്റെ കൂടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചു. അമ്മായിക്ക് എന്നോടുള്ള വിരോധം അത് എന്ത് തന്നെ ആയാലും മാറ്റിത്തരണേ ദൈവമേ എന്നും പ്രാർത്ഥിച്ചു…..

ഒരു കുടുംബത്തിന്റെ സന്തോഷം ആ വീട്ടിലുള്ള എല്ലാവരെയും ആശ്രയിച്ചല്ലേ ഉള്ളത്? വീട്ടിലുള്ള ഓരോരുത്തരുടെയും വാക്കിലൂടെയും പ്രവർത്തിയിലൂടെയും വേണ്ടേ അവിടെ സന്തോഷവും സമാധാനവും രൂപപ്പെടാൻ? അതിൽ ഒരാളുടെ വാക്കോ പ്രവർത്തിയൊ മോശമായാൽ കൂടെ ഉള്ളവരെയും സാരമായത് ബാധിക്കും. പ്രത്യേകിച്ചും ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്നവരാകുമ്പോ…..

അമ്മായീടെ ഒളിച്ചും പാത്തുമുള്ള പറച്ചിലുകൾ കേട്ട് എത്ര നാളാണ് എനിക്ക് പിടിച്ചു നിൽക്കാനാകുക? കേൾക്കണ്ട എന്ന് കരുതിയാലും പറയുന്നത് എന്നെക്കുറിച്ചാണ് എന്ന് ഓർക്കുമ്പോ അറിയാതെ ശ്രദ്ധിച്ചു പോകും.

എന്ത് പറഞ്ഞാലും അത് എന്നെ ബാധിക്കുന്നില്ല എന്ന് കരുതാൻ ശ്രമിച്ചാലും പറ്റണ്ടേ?

ഇപ്പൊ തന്നെ ഞാനവരെ മനസ്സ് കൊണ്ട് വെറുത്തു തുടങ്ങിയിട്ടുണ്ട്. ഇനിയും എത്ര നാൾ അവിടെ ജീവിക്കേണ്ടതാണ് ഞാൻ? അറിയാതെ ഞാനും എന്തെങ്കിലും പറഞ്ഞു പോയാലോ? ഒരു വാക്ക് കൊണ്ട് നശിച്ചു പോകുന്നത് എന്റെ തന്നെ ജീവിതം ആയിരിക്കും. എന്റെ അച്ചൻ പോലും എന്നെ സപ്പോർട്ട് ചെയ്യാൻ കാണില്ല…..

അത് കൊണ്ട് മാത്രമാണ് അവരുടെ മനസ്സ് മാറണേ എന്നുള്ള ഈ പ്രാർത്ഥന. എല്ലാവരെയും പോലെ വീട്ടിലെ അംഗങ്ങൾ എല്ലാം സ്നേഹത്തോടെ സന്തോഷത്തോടെ കഴിയുന്നൊരു വീടാണ് എന്റെയും സ്വപ്നം. ജനിച്ച് ഇരുപത്തിയൊന്ന് വയസ്സ് വരെ എന്റെ ആ ആശ നടന്നിട്ടില്ല. കല്യാണ ശേഷം എങ്കിലും അത് നടക്കണമെന്ന് ഒരു മോഹമുണ്ട്. അതിന് വേണ്ടിയാണ് ഈ പ്രാർത്ഥന.

🦋 🦋 🦋 🦋 🦋

അമ്പലപ്പുഴയും തിരക്കുണ്ടായില്ല. നടയിൽ നിന്ന് കണ്ണനെ തൊഴുമ്പോ കണ്ണ് നിറഞ്ഞു തുളുമ്പിപ്പോയിരുന്നു.

തൊഴുതിറങ്ങുമ്പോ ഹരിയേട്ടൻ തോളിൽ കയ്യിട്ട് എന്നെ ചേർത്ത് നിർത്തിക്കൊണ്ട് എന്തിനാ കരഞ്ഞത് എന്ന് ചോദിച്ചു. ആളത് കണ്ടതിൽ ചമ്മൽ തോന്നി എങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.

” മനസ്സറിഞ്ഞു തൊഴുമ്പോ കണ്ണും അറിയാതെ നിറഞ്ഞു പോകുമല്ലേ? എനിക്കും ഉണ്ടാ അസുഖം…. ”

എന്നും പറഞ്ഞു ആള് കണ്ണ് ചിമ്മി ചിരിച്ചപ്പോ ഞാനും ആ ചിരിക്കൊപ്പം ചേർന്ന് പോയി.

അമ്പലപ്പുഴയിൽ നിന്നും കിട്ടിയ പാല്പായസം പണ്ട് കഴിച്ചതിലും രുചി ഉണ്ടെന്ന് തോന്നി. കാറിൽ കയറിയിട്ട് വീട്ടിലേക്ക് കൊണ്ട് പോകാൻ കരുതിയിരുന്നതിൽ നിന്ന് ഞാനും അർച്ചനയും വീണ്ടും വീണ്ടും എടുത്തു കഴിക്കുന്നത് കണ്ടപ്പോ ” കൊതിച്ചികൾ ” എന്നും പറഞ്ഞു ഹരിയേട്ടനും രാജേഷേട്ടനും ഞങ്ങളെ കളിയാക്കി കൊന്നു.

അതും ഒരു രസമായിരുന്നു…..!

ചക്കുളത്തു കൂടി തൊഴുതിറങ്ങിയപ്പോ നേരം വൈകി. വൈകിട്ട് ആറ് മണിയൊക്കെ ആകുമ്പോ വീട്ടിൽ തിരികെ എത്താം എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. അത് എന്തായാലും ഇല്ലാതായി. മീനുവിന്റെ അവിടെ ഇന്നല്ലേ വിരുന്നിനു ചെല്ലാമെന്ന് പറഞ്ഞിരുന്നത്…? അതിന് പറ്റില്ലേ എന്നോർത്തപ്പോ എനിക്ക് ടെൻഷൻ തുടങ്ങി.

അവരൊക്കെ ഒരുക്കി വച്ചിരിക്കുകയാകും. ചെന്നില്ലെങ്കിൽ മോശമല്ലേ?

അതിനിടയിൽ കയറുന്ന റോഡിലൊക്കെ നല്ല ബ്ലോക്കും.

വിരുന്നിന്റെ കാര്യം രാജേഷേട്ടനോടും പറഞ്ഞിരുന്നു. ആളത്കൊണ്ട് ബ്ലോക്ക് ഇല്ലാത്ത ഇടത്തൊക്കെ സാമാന്യം വേഗതയിൽ തന്നെ കാർ ഓടിക്കുന്നുണ്ട്.

അങ്ങനെ കുറച്ചു വേഗതയിൽ ഓടിക്കുന്നതിന് ഇടയിലാണ്, ഒരിടറോഡിൽ നിന്നും ഒരമ്മാവൻ വേഗത്തിൽ വരുന്ന കാറിന് വെറുതെ ഒന്ന് കയ്യും കാണിച്ചിട്ട്, അമ്മാവന്റെ പഴയ ഏതോ സ്കൂട്ടരും കൊണ്ട് റോഡിനു കുറുകെ കയറിയത്.

ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നില്ലേ? കാർ ആണെങ്കിൽ വേഗത്തിലും….
രാജേഷേട്ടൻ അയാളെ ഉറക്കെ ചീത്ത വിളിച്ചു ബ്രെക്കിലേക്ക് ആഞ്ഞു ചവിട്ടി…
പക്ഷെ വൈകിപ്പോയിരുന്നു.

കാർ വന്ന് മുട്ടി സ്കൂട്ടറിൽ ഇരുന്ന അമ്മാവൻ മുകളിലേക്ക് തെറിച്ചു പോകുന്നത് കണ്ടതും ഞാൻ കണ്ണ് രണ്ടും പൂട്ടിക്കൊണ്ട് അയ്യോ എന്ന് ഉറക്കെ വിളിച്ചു പോയി….

🦋 🦋 🦋 🦋 🦋 🦋 🦋 🦋 🦋 🦋 🦋 🦋