രചന – ഗംഗ ശലഭം
ദിനങ്ങൾ കൊഴിഞ്ഞു വീണു… പ്രത്യേകതകൾ ഏതുമില്ലാതെ…..
വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷത്തോളമായി….
പുറമെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും അമ്മായി അവരുടെ പഴയ പരിപാടി പൂർവാധികം ശക്തിയോടെ തുടർന്ന് കൊണ്ടേയിരുന്നു…. കിട്ടുന്ന അവസരങ്ങളിൽ ഒക്കെ അവരെന്റെ കുറ്റങ്ങൾ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു നടന്നു.
പലപ്പോഴും ഞാൻ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ചു. ചിലപ്പോഴൊക്കെ പ്രതികരിച്ചു. അപ്പോഴൊക്കെ എന്നെ പോലും അത്ഭുതപ്പെടുത്തി അമ്മായി മിണ്ടാതിരുന്നു കളയും…….
അതും ഞാൻ പറയുന്നതൊന്നും കേൾക്കുന്നു കൂടിയില്ല എന്ന ഭാവത്തിൽ…. അത് കാണുമ്പോ സത്യം പറയാമല്ലോ? എനിക്കെന്റെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്യാറ്.
ഇങ്ങനെ നേരിൽ എന്തെങ്കിലും ചോദിക്കുമ്പോ ‘ ഞാൻ ഈ നാട്ടുകാരിയേ അല്ല ‘ എന്ന ഭാവത്തിൽ ഇരുന്നിട്ട്, പിന്നീട് ഞാൻ അപ്പൊ പറഞ്ഞതും പറയാത്തതും കൂടി ചേർത്ത് പൊടിപ്പും തൊങ്ങലും വച്ച് മറ്റുള്ളവരോട് പറഞ്ഞു കൊടുക്കുന്നത് കേൾക്കേണ്ടി വരുമ്പോ പലപ്പോഴും എനിക്കെന്റെ നിയന്ത്രണം നഷ്‍ടപ്പെട്ട് പോയിട്ടുണ്ട്.
നേരിൽ വഴക്കുണ്ടാക്കുന്നവരാണ് ഇതിലും ഭേദമെന്ന് അപ്പോഴൊക്കെയും എനിക്ക് തോന്നാറുമുണ്ട്. അതാകുമ്പോ നമ്മുടെ മനസ്സിൽ ഉള്ളതൊക്കെ മുഖത്ത് നോക്കി അങ്ങ് പറഞ്ഞു തീർക്കാല്ലോ? ഇത് ഇപ്പോ നമ്മുടെ ഉള്ളിൽ ഉരുത്തിരിയുന്ന ഫ്രസ്ട്രേഷൻ ഉള്ളിൽ കിടന്ന് പുകഞ്ഞു പുകഞ്ഞു ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ തൊന്നും ചിലപ്പോ….
അന്നത്തെ ശേഷം നേരിൽ ഒരു വഴക്കുണ്ടാകാതെ അവരെപോഴും ശ്രദ്ധിച്ചിരുന്നു. ഞാൻ എന്തെങ്കിലും പറഞ്ഞു പോയാൽ, അന്നേരം പ്രതികരിക്കാതെ ഇരിക്കുന്നവർ, പിന്നീട് അമ്മാവനോടും വല്യമ്മയോടുമൊക്കെ എന്നെയും എന്റെ വീട്ടുകാരെയും കുറ്റം പറഞ്ഞും ചീത്ത വിളിച്ചും ആശ്വാസം കണ്ടെത്താറുണ്ടായിരുന്നു.
എനിക്കാണെങ്കിൽ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയിരുന്നത് അവരുടെ ആ സ്വഭാവമാണ്.
എന്നെയും എന്റെ വീട്ടുകാരെയും എല്ലാരുടേം മുന്നിലും മോശക്കാരിയാക്കുന്നവരുടെ മുഖത്ത് നോക്കി രണ്ട് പറയാൻ പോലും പറ്റാത്തത്തിന്റെ അസ്വസ്ഥത ആവോളം ഉണ്ടായിരുന്നു എന്റെ മനസ്സിൽ. ആ അസ്വസ്ഥത ഒരു വിഷക്കൂൺ പോലെ ദിനം പ്രതി എന്റെ ഉള്ളിൽ വളർന്നു പടർന്നു കൊണ്ടേയിരുന്നു….
കേൾക്കുന്നതൊക്കെ ഹരിയേട്ടനോട് പറയും. ആളെന്നെ ആശ്വസിപ്പിക്കും. ആദ്യമൊക്കെ ആളോട് ഒക്കെ ഷെയർ ചെയ്യുമ്പോ എനിക്ക് സമാധാനം കിട്ടിയിരുന്നെങ്കിൽ പിന്നെ പിന്നെ അത് കൊണ്ടും കാര്യമില്ലാതായി തുടങ്ങി.
അവര് പറയുന്നതൊക്കെ കേൾക്കുന്നത് ഏത് വിധേനെ ആയാലും, അത് കേട്ടിട്ട് അപ്പൊ മനസ്സിൽ തോന്നുന്നത് എന്തായാലും അത് അവരോട് തന്നെ പറഞ്ഞ് മനസ്സിലെ ടെൻഷൻ ഒഴിവാക്കി കളയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി തുടങ്ങിയത് ആയിടയ്ക്കാണ്.
🦋 🦋 🦋 🦋 🦋
ഇതിനിടയിൽ തന്നെ അമ്മാവൻ നാലോ അഞ്ചോ വട്ടം ആശുപത്രിയിൽ ആയി.
ഒരു തവണ ഐ സി യു വിൽ വരെ എത്തി.
ആ തവണ അത് കഴിഞ്ഞ് ഒരാഴ്ചയോളം ഹോസ്പിറ്റലിൽ കിടക്കേണ്ടിയും വന്നു. ഹരിയേട്ടൻ തന്നെ ലീവെടുത്തു കൂടെയിരുന്നു.
ഡിസ്ചാർജ് ആകുന്നതിന്റെ അന്നും തലേന്നും മാത്രം ആളിന് ലീവ് കിട്ടിയില്ല.
കോളേജിൽ എന്തോ അത്യാവശ്യം ഉണ്ടായി ആളിന്.
ആ രണ്ട് ദിവസവും അമ്മായിയാണ് രാത്രി ഹോസ്പിറ്റലിൽ ബൈ സ്റ്റാൻഡർ ആയിട്ട് ഇരുന്നത്. എന്റെ അച്ഛനും മധുവും അമ്മയും കൂടി അന്നും ആശുപത്രിയിൽ വന്നിരുന്നു. അച്ഛൻ പറഞ്ഞതാണ് മധുവോ അച്ഛനോ ആരെങ്കിലും അന്ന് ഇരിക്കാമെന്ന്. പക്ഷെ അമ്മായിക്ക് അത് അഭിമാന ക്ഷതം ആണല്ലോ? അതാകും, വേണ്ടാന്ന് പറഞ്ഞു അവര്.
അച്ഛൻ അങ്ങനെ പറഞ്ഞതിൽ എനിക്ക് പോലും അത്ഭുതം തോന്നിയിരുന്നു. അല്ലെങ്കിലും അച്ഛന് ഈയിടെയായി ഒത്തിരി മാറ്റം ഉണ്ടെന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ടിപ്പോ.
അച്ഛൻ അമ്മയോടിപ്പോ സ്നേഹത്തോടെ മിണ്ടാറുണ്ടെന്ന്, അവരിപ്പോ ഒരു മുറിയിലാണ് കിടക്കാറെന്ന്… അതൊക്കെ കേൾക്കുമ്പോ വല്ലാത്ത സന്തോഷം തോന്നാറുണ്ടെനിക്ക്. ഞാൻ കല്യാണം കഴിഞ്ഞു പോയിക്കഴിഞ്ഞാകും അമ്മയ്ക്ക് അച്ഛനും അച്ചന് അമ്മയും മാത്രേ ഉണ്ടാകൂ എന്ന് മനസ്സിലായത്. ബാക്കിയൊക്കെ പകുതി വഴിയിൽ പിരിഞ്ഞു പോകുന്ന ബന്ധങ്ങൾ അല്ലെ? അതിനി മക്കൾ ആയാലും ശെരി…
അന്ന് രാത്രി ഞാനും ഹരിയേട്ടനും കൂടിയാണ് തിരികെ വീട്ടിലേക്ക് വന്നത്. ഞങ്ങൾക്ക് രണ്ടാൾക്കും പിറ്റേന്ന് കോളേജിൽ പോകേണ്ടതുണ്ട്.
🦋 🦋 🦋 🦋 🦋
രാവിലെ എഴുന്നേറ്റ് ഹരിയേട്ടനും എനിക്കുമുള്ള ചോറുണ്ടാക്കാമെന്ന് വച്ചു. എനിക്കും കോളേജിലേക്ക് പോകണമല്ലോ? എന്തായാലും ഉണ്ടാക്കുന്നതല്ലേ അച്ഛനും അമ്മയ്ക്കും കൂടി ഉണ്ടാക്കാൻ പറഞ്ഞത് ഹരിയേട്ടൻ തന്നെയാണ്. അവരത് കഴിക്കില്ല എന്ന് പറഞ്ഞെങ്കിലും ഹോസ്പിറ്റലിൽ കിടക്കുമ്പോ അങ്ങനെ ഒന്നും കാണിക്കില്ല എന്ന് ആള് പറഞ്ഞപ്പോ ഞാനും മറുത്തൊന്നും പറഞ്ഞില്ല.
ക്യാന്റീൻ ഫുഡ് കഴിക്കുന്നതിനേക്കാൾ വീട്ടിൽ നിന്നും കൊണ്ടു വരുന്നത് കഴിക്കാനല്ലേ നോക്കൂ….?
ഞാൻ വാഴയിലയിൽ ഊണും കറികളുമൊക്കെ പൊതിഞ്ഞെടുത്തു. വിളമ്പി കഴിക്കാനായി അവർക്ക് രണ്ട് പ്ളേറ്റ് എടുത്തു വയ്ക്കുകയും ചെയ്തു. കൂടെ രണ്ട് സ്പൂണും…
രാവിലെ ഹരിയേട്ടൻ കോളേജിലേക്ക് പോകും വഴിയത് ഹോസ്പിറ്റലിൽ കൊടുക്കുകയും ചെയ്തു.
വൈകിട്ട് ആളും ഞാനും കോളേജിൽ നിന്നും വന്നിട്ട് ഞങ്ങൾ ഒന്നിച്ചാണ് ഹോസ്പിറ്റലിലേക്ക് പോയത്.
രാത്രി അവർക്ക് കഴിക്കാനായി ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി അതും കയ്യിൽ കരുതിയിരുന്നു.
എന്നാല് ഞങ്ങൾ രണ്ടാളൂടെ റൂമിലേക്ക് കേറി ചെന്ന പാടേ അമ്മായി പറഞ്ഞത് എന്താണെന്നോ?
” എടാ ഹരി… ഉച്ചയ്ക്ക് കാന്റീനീന്ന് ചോറ് വാങ്ങിച്ച പൈസ എന്റെ കയ്യീന്നാ കൊടുത്തത്. പോകുമ്പം പൈസ തന്നിട്ട് പോണം. എന്തെങ്കിലും ആവശ്യം വന്നാ ഇനി എന്റേല് വേറെ പൈസ ഒന്നും ഇല്ല. ”
” അതിന് ഉച്ചയ്ക്കുള്ള ചോറ് ഞാൻ കാലത്തെ കൊണ്ട് തന്നതല്ലേ? ”
കൂൾ ആയിട്ട് പറയുന്ന അമ്മയെ അമ്പരന്ന് നോക്കിയിട്ട് ഹരിയേട്ടൻ തിരിഞ്ഞ് എന്നെയും നോക്കി… ഇതെന്ത് കഥ എന്ന മട്ടിലാണ് ഞാനും നിന്നത്.
” അത് വായില് വയ്ക്കാൻ കൊള്ളൂല്ല എന്നും പറഞ്ഞ് അച്ഛൻ തിന്നില്ല. അങ്ങേർക്ക് ഗുളികയൊക്കെ ഒള്ളതല്ലേ? ഒന്നും തിന്നാതെ എങ്ങനെ ഗുളിക തിന്നും? അതോണ്ട് ഞാൻ കാന്റീനിൽ പോയി വേറെ ഊണ് വാങ്ങീട്ടു വന്നു. ”
അമ്മ പറയുന്നത് കേട്ട് ഞാനാകെ വല്ലാതായി. എന്റെ കണ്ണ് നിറഞ്ഞു.
” എന്തോന്നാ അമ്മാ…? കാലത്തെ അവള് എണീറ്റ് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. അത് കളഞ്ഞൂന്നാ? ”
ഹരിയട്ടന് ദേഷ്യം വന്നിട്ടുണ്ട്.
” ഞാനും നിനക്ക് കാലത്തെ കഷ്ടപ്പെട്ട് തന്നാടാ ഇത് വരെ ഉണ്ടാക്കി തന്നിട്ടുള്ളത്. ”
ഹരിയേട്ടൻ എന്നെ സപ്പോർട്ട് ചെയ്യുന്നത് മാത്രം അമ്മായിക്ക് പിടിക്കില്ല. അവിടെ അവര് പ്രതികരിച്ചിരിക്കും….!
” അതൊന്നും ഞാൻ വേസ്റ്റ് ബക്കറ്റിൽ തട്ടീട്ടില്ല…. ഉപ്പില്ലേലും മുളകില്ലേലും എന്തില്ലേലും മുഴുവൻ കഴിച്ചു തീർത്തിട്ടേ ഉള്ളൂ… ”
നീരസത്തോടെ അത്രേം പറഞ്ഞ് ഹരിയേട്ടൻ പുറത്തേക്ക് ഇറങ്ങിപ്പോയി. ഇനിയും നിന്നാൽ കൂടുതൽ എന്തെങ്കിലും പറഞ്ഞു പോയാലോ എന്ന് പേടിച്ചാകും. ഹോസ്പിറ്റൽ അല്ലെ?
ഇറങ്ങിപ്പോകും വഴി ആളെന്നെയൊരു നോട്ടം നോക്കി. ഹരിയേട്ടൻ പറഞ്ഞിട്ടല്ലേ ഞാൻ അവർക്കൂടെ ഉണ്ടാക്കിയത്. ആ ഒരു വിഷമം മുഖത്തുണ്ട്.
” ഫുഡിന് എന്തായിരുന്നു അമ്മേ കുഴപ്പം? ”
ഹരിയേട്ടൻ പുറത്ത് ഇറങ്ങിയ ശേഷം ഞാൻ പതിയെ ചോദിച്ചു. ശാന്തമായി ചോദിക്കണമെന്നാണ് കരുതിയത്. പക്ഷെ അറിയാതെ ശബ്ദം ഇടറിപ്പോയി. എത്രയൊക്കെ ദേഷ്യം ഉണ്ടെങ്കിലും അത് ആഹാരത്തിനോട് കാണിക്കണോ?
” മെഴുക്കു വരട്ടീല് മുഴുവൻ എണ്ണ, തോരൻ ഉപ്പ് കയ്ച്ചിട്ട് ഇറക്കാൻ വയ്യ…. ”
എങ്ങോട്ടോ നോക്കിക്കൊണ്ട് അവര് പറഞ്ഞു. അമ്മാവൻ പിന്നെ ഈ ദേശക്കാരനേ അല്ല എന്ന ഭാവത്തിലാണ് കിടപ്പ്.
” ഒഴിക്കാൻ ഉണ്ടായിരുന്നില്ലേ അമ്മ? അത് വച്ചിട്ട് കഴിച്ചൂടായിരുന്നോ? എന്നോടുള്ള ദേഷ്യം ആഹാരത്തിനോട് കാണിക്കണോ? കുറച്ച് … കുറച്ച് കൂടിപ്പോയി…. ”
മുഖത്ത് നോക്കി അത്രേം പറഞ്ഞെങ്കിലും പുറത്തിറങ്ങാതെ ഞാൻ അവിടെ തന്നെ നിന്നു. പിന്നെയും കുറച്ചു കൂടി കഴിഞ്ഞാണ് ഹരിയേട്ടൻ തിരികെ വന്നത്. ദേഷ്യം മാറാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണെന്ന് എനിക്ക് ആദ്യമേ മനസ്സിയിലായിരുന്നു.
രാത്രിയിലേക്ക് ഞങ്ങൾ കൊണ്ടു വന്ന ഫുഡ് അവർക്ക് കൊടുത്തില്ല. എട്ട് മണിയായപ്പോ ഹരിയേട്ടൻ തന്നെ ക്യാന്റീനിൽ പോയി അവർക്കുള്ള ആഹാരം വാങ്ങി വന്നു.
ഹോസ്പിറ്റലിൽ വച്ചു തന്നെ, ഞങ്ങൾ കൊണ്ടു വന്ന ആഹാരം ഞങ്ങൾ രണ്ടാളും കൂടി പങ്കിട്ടു കഴിച്ച ശേഷമാണ് അവിടെ നിന്നും ഇറങ്ങിയത്. വീട്ടിൽ പോയി കഴിക്കാമെന്ന് പറഞ്ഞെങ്കിലും അതൊരു വാശി പോലെയായിരുന്നു ഹരിയേട്ടന്.
🦋 🦋 🦋 🦋 🦋
പിറ്റേന്ന് ആയപ്പോഴേക്കും എനിക്ക് പനി പിടിച്ചു. നല്ല തൊണ്ട വേദനയും ശരീര വേദനയും തുടങ്ങി. അത് കൊണ്ട് അന്ന് ഞാൻ കോളേജിൽ പോയില്ല.
എനിക്ക് വയ്യാതിരുന്നത് കൊണ്ടു ഹരിയേട്ടനും കോളേജിലേക്ക് ചോറ് കൊണ്ടു പോയില്ല. ക്യാന്റീനിൽ നിന്ന് കഴിച്ചോളാം എന്ന് പറഞ്ഞു. എന്തെങ്കിലും വിഷമം തോന്നുന്നെങ്കിൽ വിളിക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു. കോളേജിൽ പോയ ശേഷവും എത്ര തവണ വിളിച്ചെന്നോ? ഇടയ്ക്ക് വിളിച്ചപ്പോ മൂന്ന് മണിയൊക്കെ ആയിട്ടേ ഡിസ്ചാർജ് ഉണ്ടാകൂ എന്ന് അമ്മേ വിളിച്ചപ്പോ പറഞ്ഞു എന്ന് ഹരിയേട്ടൻ തന്നെയാണ് പറഞ്ഞത്.
രാവിലത്തെ ദോശ മാവ് ബാക്കി ഉണ്ടായിരുന്നത് ഞാൻ ഉച്ചയ്ക്കും കൂടി ഉണ്ടാക്കി കഴിച്ചു. വിശപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ഗുളിക കഴിക്കാനുള്ളത് കൊണ്ട് കഴിച്ചതാണ്. രാവിലെ പോകും മുന്നേ ഡോളോ വാങ്ങി തന്നിരുന്നു. ഇടയ്ക്കിടെ വിളിക്കുമ്പോഴൊക്കെ പനി ഉണ്ടെങ്കിൽ ഗുളിക കഴിക്കണം എന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട്. കഴിച്ചില്ലേൽ വന്നിട്ട് നല്ലത് കിട്ടും എന്നറിയുന്നത് കൊണ്ടു മാത്രം ഉണ്ടാക്കി കഴിച്ചു.
അമ്മയുടെ സ്വഭാവമൊക്കെ മനസ്സിലായ ശേഷം ഒരു പ്രത്യേക സ്നേഹമാണ് ഹരിയേട്ടന്. പ്രണയത്തിലുമധികം വാത്സല്യം കലർന്ന സ്നേഹം….
അതാണെന്നെ ഇവിടെ പിടിച്ച് നിർത്തുന്നത്. എന്തും നേരിടാൻ പ്രാപ്തയാക്കുന്നത്.
മറ്റാര് ഒപ്പം ഇല്ലെങ്കിലും ആ ഒരാള് കൂടെയുണ്ട് എന്നറിഞ്ഞാൽ കിട്ടുന്ന ആശ്വാസം ചെറുതല്ല…. ഒരു ചേർത്ത് നിരത്തലോ…ആശ്വാസവാക്കോ… നനുത്തൊരു ചുംബനമോ… വാത്സല്യം നിറഞ്ഞൊരു നോട്ടമോ കരുതലോ ഒക്കെ മതിയാകും ഒരു പെണ്ണിന് മറ്റെല്ലാം മറക്കാൻ…. ക്ഷമിക്കാൻ…..
ആരെന്തു പറഞ്ഞാലും ഞങ്ങടെ ബന്ധത്തെ അത് ബാധിക്കാത്തിടത്തോളം പറയുന്നവര് പറഞ്ഞിട്ട് പോട്ടേ എന്നങ്ങ് കരുതിയേക്കണം….
🦋 🦋 🦋
ഹരിയേട്ടൻ ഉച്ചയ്ക്ക് ശേഷം ലീവ് എടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് പോയി. ഡിസ്ചാർജ് ആയി അമ്മയേം അച്ഛനേം കൂട്ടി വന്നപ്പോഴേക്കും സമയം നാലായിരുന്നു.
വയ്യെങ്കിലും അവര് വരും മുന്നേ വീടൊക്കെ ഞാൻ ചെറുതായി തൂത്ത് വൃത്തിയാക്കി ഇട്ടിരുന്നു. എന്നിട്ടും വന്ന് കേറിയ പാടേ അമ്മായി പറഞ്ഞത് എന്താണെന്നോ?
” രണ്ട് ദിവസം ഞാൻ മാറി നിന്നപ്പോ എന്റെ വീട് കിടക്കണ കിടപ്പ് നോക്കണേ ” ന്ന്….
ഹരിയേട്ടൻ ഹോസ്പിറ്റലിൽ വച്ച് ദേഷ്യപ്പെട്ടിരുന്നില്ലേ? അതിന്റെ ചൊരുക്ക് തീർത്തതാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല.
പിറ്റേന്നും ഞാൻ കോളേജിൽ പോയില്ല. ഹരിയേട്ടൻ കോളേജിൽ പോകാൻ കാത്തിരുന്നത് പോലെ അമ്മായി വല്യമ്മേ വിളിക്കുന്നത് കേട്ടു.
എന്റെ കുറ്റങ്ങൾ ഒക്കെ അങ്ങനെ നിരത്തിപ്പിടിച്ചു പറയുന്നുണ്ട്. ഞാൻ ഉണ്ടാക്കിയ ആഹാരം ഒരു കാശിനു കൊള്ളില്ല എന്നും, വിശന്നിരുന്നവര് ക്യാന്റീൻ വരെ നടന്ന് പോയി വേറെ ആഹാരം വാങ്ങി കഴിക്കേണ്ടി വന്ന ഗതികേടിനെക്കുറിച്ചും ഒക്കെ ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്.
ഹരിയേട്ടൻ അവരോട് മോശമായി സംസാരിച്ചുന്നോ… അതും ഞാൻ കാരണം ആണെന്നോ… അങ്ങനെ എന്തൊക്കെയോ…
അതിന്റെ കൂടെ ഞാൻ ഹരിയേട്ടനെ എന്റെ സാരി തുമ്പിൽ കെട്ടിയിട്ടേക്കുവാണെന്ന് പറയുന്നത് കേട്ടപ്പോ സത്യം പറയാല്ലോ എനിക്ക് ചിരി പൊട്ടിപ്പോയി.
ഞാൻ സിറ്റൗട്ടിൽ കസേരയിൽ വിശാലമായിട്ടിരുന്നാണ് ഇതൊക്കെ കേൾക്കുന്നത്. ഞാൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടാണോ അറിയാതെയാണോ ഇതൊക്കെ പറയുന്നത് എന്നെനിക്ക് അറിഞ്ഞ് കൂടാ….. ചിലപ്പോ വയ്യാത്തോണ്ട് ഞാൻ കിടക്കുവാണെന്ന് കരുതിയിട്ടുണ്ടാവും.
” ഞാൻ സാരി ഉടുക്കാറില്ല. ചുരിദാറാ ഇടുന്നത്. അപ്പൊ ചുരിദാറിന്റ ഷാളിന്റെ തുമ്പിൽ എന്ന് തിരുത്തി പറയണം കേട്ടോ…? ”
ഞാൻ അവിടെ തന്നെ ഇരുന്ന് കുറച്ചു ഉറക്കെ വിളിച്ചു പറഞ്ഞു.
ങ്ങെഹേ…! അവിടെ ഒരു കുലുക്കോം ഇല്ല. പിന്നെയും ആശുപത്രി പുരാണം തന്നെ. ആവേശത്തിന്റെ ഇടയിലിനി ഞാൻ പറയുന്നത് കേട്ടില്ലേ ആവോ?
” പിന്നെ നിന്റടുത്ത് ഞാൻ പറഞ്ഞിട്ടില്ലേ? എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ അവർക്കൊള്ളത് ദൈവം ഉടനടി കൊടുക്കൂന്ന്…. ഇന്നലെത്തൊട്ട് കോളേജിൽ പോണില്ല. പനി….. തൊണ്ടേം വയ്യാന്ന്… ആ തൊണ്ട വച്ചല്ലേ അവളെന്നെ ഇന്നലെ കൊറേ പറഞ്ഞത്. അതിനുള്ളത് ഉടനെ കിട്ടിയത് കണ്ടാ? ”
ദൈവമേ.. അവിടുന്നിപ്പോ കൊട്ടേഷനും തുടങ്ങിയാ?
അറിയാതെ ഞാൻ കണ്ണുയർത്തി നോക്കിപ്പോയി.
ഒപ്പം എന്റെ ചുണ്ടിലൊരു പരിഹാസ ചിരിയും വിരിഞ്ഞു.
നേരം പുലർന്നാൽ ഇരുട്ടും വരെയും സമയം കിട്ടുമ്പോഴൊക്കെ ദൈവത്തെ വിളിക്കുകയും പുരാണ പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നവരാണ്. എന്നിട്ടും ദൈവം എന്ന ശക്തിയുടെ മഹത്വം അവർക്കറിയില്ല. ദൈവം വൈരാഗ്യം തീർക്കാനും മറ്റുള്ളവരെ ദ്രോഹിക്കാനും കൂടെ നിൽക്കും എന്നൊക്കെ വിശ്വസിക്കുന്ന ഇവരോട് എന്ത് പറഞ്ഞിട്ടെന്തിനാണ്? ഇവരതൊക്കെ വായിച്ചിട്ട് എന്തിനാണ്?
നാരായണീയം വായിച്ചു കഴിയുമ്പോ എന്നും ” ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്ന് പറയുന്നവരാണ്….
അതിന്റെ അർത്ഥം എങ്കിലും അറിയുമോ ആവോ?
പിന്നെയും എന്തൊക്കെയോ പറഞ്ഞ് ഫോണും വച്ചിട്ട് അവര് വെളിയിലേക്ക് വരും വരെയും ഞാൻ കയ്യും കെട്ടി സിറ്റൗട്ടിൽ കസേരയിൽ തന്നെ ഇരുന്നു.
ഇപ്പൊ കുറച്ചു നാളായി ഞാൻ കേൾക്കെയുള്ള കുറ്റം പറച്ചിലുകൾ ഇല്ലാതിരുന്നതാണ്. എന്നാൽ ഇപ്പോ അത് വീണ്ടും തുടങ്ങിയല്ലോ എന്നോർക്കവേ മനസ്സ് പിന്നെയും അസ്വസ്ഥമായി തുടങ്ങിയിരുന്നു. അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് അമ്മായി മുറിയിൽ നിന്നും ഇറങ്ങി വന്നത്. സിറ്റൗട്ടിൽ ഇരിക്കുന്ന എന്നെ കണ്ടതും അവരുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു.
അതോടെ ഞാൻ അവിടെ കാണുമെന്ന് പ്രതീക്ഷിക്കാതെയാണ് ഇത്രയും നേരം പറഞ്ഞത് എന്നുറപ്പായി.
” എന്റെ ദൈവമേ… ഞാൻ അറിയാതെ അമ്മയെ പറഞ്ഞു പോയതാണ്. അതിന് എനിക്ക് ഇത്രേം വലിയ ശിക്ഷയൊന്നും തരേണ്ടായിരുന്നു….. വർത്താനം പറയാൻ പോലും വയ്യാതെ ആക്കിക്കളഞ്ഞില്ലേ നീയെന്നെ? ”
മുകളിലേക്ക് നോക്കി അമ്മായി കേൾക്കാൻ പാകത്തിന് സങ്കടത്തോടെ പറഞ്ഞ്, ഇല്ലാത്ത കണ്ണീരും തുടച്ച് ഞാൻ മുറിയിലേക്ക് കയറി പോകുമ്പോ, അടി കിട്ടിയത് പോലെ അവര് തിരിഞ്ഞ് അടുക്കളയിലേക്ക് പോകുന്നത് കണ്ടു. ഊറി ചിരിച്ചു കൊണ്ടു ഞാൻ എന്റെ കട്ടിലിലേക്ക് വീണ് കണ്ണടച്ചു.
🦋 🦋 🦋 🦋 🦋

by