19/04/2026

മരുമകൾ : ഭാഗം 40

രചന – ഗംഗ ശലഭം

ഹരിയേട്ടൻ പോയ ശേഷം ആഹാരവും കഴിച്ചിട്ട് റൂമിലേക്ക് കയറി. കതകടച്ചു കുട്ടിയിട്ടു. ബെഡിലേക്ക് കയറിയിരുന്ന് ഹെഡ് സെറ്റെടുത്തു കുത്തി ചെവിയിലേക്ക് വച്ചു.

അമ്മായി പറഞ്ഞതൊക്കെ നല്ല വെടിപ്പായിട്ട് കേട്ടു.

ഞങ്ങൾ ഇന്നലെ മാറി നിന്നത് നാല്പത്തിയഞ്ച് – അൻപതു മിനിറ്റ് നേരത്തേയ്ക്കാണ്. അതിൽ ആദ്യത്തെ പത്തു മിനിറ്റ് ഒഴികെ മുഴുവൻ സമയവും എന്റെയും വീട്ടുകാരുടെയും കുറ്റം പറച്ചിൽ തന്നെ ആയിരുന്നു. അമ്മായി മാത്രമല്ല… അമ്മാവനും…
രണ്ടും കട്ടയ്ക്ക് കട്ടയ്ക്ക് നിൽപ്പുണ്ട്.

എനിക്കും എന്റെ വീട്ടുകാർക്കും ഇല്ലാത്ത കുറ്റങ്ങൾ ഒന്നുമില്ല. അതൊക്കെ കേട്ടിട്ട് ഞങ്ങൾ ഇത്രയും വൃത്തികെട്ടവർ ആയിരുന്നോ എന്ന് എനിക്ക് തന്നെ തോന്നിപ്പോയി.

എന്തിന്, കഴിഞ്ഞ മാസം അമ്മാവന് പനി വന്നതും, അമ്മായിക്ക് കണ്ണില് കൺകുരു വന്നതും പോലും എന്റെ കുറ്റം ആയിരുന്നു അത്രേ ….! കേട്ടിട്ട് എനിക്ക് കരയണോ ചിരിക്കണോ എന്നറിയാതെ പോയി …..

എന്റെ അമ്മയെ അവർ ചീത്ത പറഞ്ഞ കാരണം കേട്ടപ്പോ ഓടി ചെന്ന് പിടിച്ച് നിർത്തി കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാനും മാത്രം കലി വന്നെനിക്ക്….

എന്റെ അമ്മയും അച്ഛനും നിറം കുറവാണ്. അച്ഛൻ ഇത്തിരി കറുത്തിട്ടാണ് അമ്മ ഇരുനിറവും. എന്നാലും എന്റെ അമ്മ സുന്ദരി ആണ് കേട്ടോ…..

ഞാൻ പക്ഷെ നന്നായി വെളുത്തിട്ടാണ്. അമ്മയ്ക്ക് അധികം മുടിയില്ല. എനിക്ക് നല്ലോണം മുടിയുണ്ട്. അമ്മ പറയാറുണ്ട് എനിക്ക് അമ്മമ്മേടെ മുടിയാണ് കിട്ടിയിട്ടുള്ളതെന്ന് .

എനിക്ക് അമ്മയിലും അച്ഛനിലും നിറം കൂടിയത് കൊണ്ട്… അമ്മയേക്കാളും മുടി കൂടിയത് കൊണ്ട്…. ഞാൻ എന്റെ അച്ഛന്റെ മകളല്ല എന്ന് പറഞ്ഞു കളഞ്ഞു അവര്……

എന്റെ അമ്മയ്ക്ക് അവിഹിതം ഉണ്ടായിരുന്നത്രെ….!

ഞാൻ അങ്ങനെ ഉണ്ടായതാന്ന്…. അതാണ്‌ എനിക്കിത്ര നിറമെന്ന്…
ഇത്ര മുടിയെന്ന്….
ഞാൻ അമ്മയിലും സുന്ദരി ആയത് അത് കൊണ്ടാണെന്ന്…..
എന്റെ സ്വഭാവം മോശമായത് അത് കൊണ്ടാണെന്ന്….

ചങ്ക് തകർന്നിട്ട് ഒരു നൊമ്പരം ഏങ്ങലായി പുറത്ത് വന്ന് പോയി. കൂടുതൽ കേൾക്കാൻ വയ്യാതെ ഏറെ നേരം ആ ഇരിപ്പിൽ ഇരുന്ന് കരഞ്ഞു ഞാൻ…..

ശ്വാസം മുട്ടിച്ചിരുന്ന വിഷമം ഒന്ന് കുറഞ്ഞപ്പോ കണ്ണ് തുടച്ച് ബാക്കിയും കൂടി കേട്ടു….

എന്തോ ബാധ കേറിയത് പോലെ അവരെന്തൊക്കെയോ പുലമ്പുന്നു… അങ്ങേര് അതൊക്കെ ഏറ്റ് പിടിക്കുന്നു.
പറഞ്ഞതെന്തൊക്കെയാണെന്ന് ഒന്നും കൂടി ചോദിച്ചാൽ ഈ പറഞ്ഞവർക്ക് തന്നെ അറിയുന്നുണ്ടാവില്ല.

ഇന്നലെ ഞങ്ങൾ ടി വി റൂമിൽ ചേർന്നിരിക്കുന്നത് കണ്ടെന്നും, ഞാൻ നാണം ഇല്ലാത്തവളാണെന്നും പറഞ്ഞ് അതിനും ചീത്ത പറയുന്നു….
പക്ഷെ എന്നെ പിടിച്ചു ചേർത്തിരുത്തിയ ഹരിയേട്ടന് കുറ്റം ഒന്നും ഇല്ല കേട്ടോ?

അമ്മായി കട്ട്ലറ്റ് കഴിച്ച് ശർദ്ദിച്ചതിനും ഉണ്ട് കുറ്റം. പറയുന്നത് കേട്ടാൽ വേണ്ടാതിരുന്നവരുടെ വായിൽ ഞാൻ അതെടുത്ത് തിരുകി കേറ്റിയതാണെന്ന് തോന്നിപ്പോകും….

ഇന്നലെ കോളേജിൽ നിന്നും ക്ഷീണിച്ച് അവശനായി വന്ന ഹരിയേട്ടനെ വീട്ടിൽ ഇരുന്നൊന്ന് റസ്റ്റ്‌ ചെയ്യാൻ പോലും സമ്മതിക്കാതെ ഞാൻ ചുറ്റിക്കറങ്ങാൻ വിളിച്ചോണ്ട് പോയത്രെ…! ഊര് തെണ്ടിയാ ഞാനെന്ന്…. അങ്ങനെ പറഞ്ഞ് പുതിയതായി ഇറക്കുമതി ചെയ്ത ഏതൊക്കെയോ ചീത്ത പറഞ്ഞ് കൊണ്ടിരുന്നപ്പോൾ നേരിയ ബൈക്കിന്റെ ഒച്ച കേൾക്കുന്നതും, സംസാരം അവസാനിപ്പിച്ച് ടി വി യുടെ വോളിയം കൂട്ടി വയ്ക്കുന്നതും അറിഞ്ഞു…. അതിന് ശേഷം സീരിയലിന്റെ ഒച്ച മാത്രം.

കേട്ട് തീർന്നതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി. അമ്മായിക്ക് മാത്രമല്ല… അമ്മായിയച്ഛനും ഭ്രാന്ത് തന്നെ….!
മീനു പറഞ്ഞത് പോലെ അസ്സൽ സൈക്കോകൾ…

അപ്പോഴേക്കും ഉച്ചയായിരുന്നു. കരഞ്ഞു വീർത്ത മുഖവുമായിട്ടാണ് അടുക്കളയിലേക്ക് ചെന്നത്. അമ്മായി എന്തൊക്കെയോ പറയാൻ വന്നെങ്കിലും അധികം മുഖം കൊടുത്തില്ല. എന്തോ കഴിച്ചെന്നു വരുത്തി പാത്രവും കഴുകി അടുക്കളയും ഒതുക്കി പിന്നെയും റൂമിലേക്ക് വന്നിരുന്നു.

ദേഷ്യവും സങ്കടവും ഒക്കെ കൂടിക്കുഴഞ്ഞ അവസ്ഥ മനസ്സിനെ ഉലച്ചു. എന്നെ പറഞ്ഞതിൽ ആയിരുന്നില്ല. പാവം എന്റെ അമ്മയെ പറഞ്ഞതിൽ ആയിരുന്നു എനിക്ക് സങ്കടം അത്രയും…

ഹരിയേട്ടൻ വന്നപ്പോഴും അധികം മുഖം കൊടുത്തില്ല ഞാൻ. എന്റെ വാടിയ മുഖം കണ്ടിട്ട് പലവട്ടം എന്നോട് എന്ത് പറ്റി എന്ന് ചോദിച്ചിരുന്നു. മറുപടി കൊടുത്തില്ല.

രാത്രി കഴിക്കാൻ ഇരിക്കുമ്പോഴും ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു ഹരിയേട്ടൻ.

” രാവിലെ മുഴുവൻ ആ മുറീക്കേറി അടിച്ചിരുന്നു. ഉച്ചക്കെങ്ങാണ്ടോ വെളീൽ ഇറങ്ങിയപ്പോതൊട്ട് മോന്ത ഇങ്ങനെ കടന്നൽ കുത്തിയത് പോലെ ഇരിപ്പൊണ്ട്. ആർക്കറിയാം ഇതിന്റെയൊക്കെ മനസ്സിലിരിപ്പ് എന്തോന്നാണെന്ന്? ”

ഞാൻ പാത്രവുമെടുത്ത് വാതിലിനപ്പുറം വേസ്റ്റ് കളയാനായി പോയി തിരികെ വന്നപ്പോ അമ്മാവൻ ഹരിയേട്ടനോട് കുശുകുശുക്കുന്നുണ്ട്… എന്നെ കണ്ടതും ഒന്നും അറിയാത്ത മട്ടിൽ നേരെയിരുന്നു.

അയാളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ട് തന്നെയാണ് അടുക്കളയിലേക്ക് കയറി പോയത്. ഹരിയേട്ടൻ അത് കണ്ട് കാണും എന്ന് അറിയാമെങ്കിലും ആ മുഖത്തേക്കേ നോക്കിയില്ല ഞാൻ….

കുശുമ്പും കുന്നായ്മയും പെണ്ണുങ്ങളുടെ കുത്തകയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്… ഇത് അതിലും കഷ്ടം തന്നെ…!

🦋 🦋 🦋 🦋 🦋

അടുക്കള ഒതുക്കി മുറിയിലേക്ക് ചെല്ലുമ്പോ എന്നെ കാത്തെന്നോണം ബെഡിൽ ചാരി ഇരിപ്പുണ്ട് ഹരിയേട്ടൻ. ഞാൻ അത് പ്രതീക്ഷിച്ചതായിരുന്നു. കയ്യിൽ ഇരുന്ന ഫ്ലാസ്ക് ടേബിളിലേക്ക് വച്ച് ഹരിയേട്ടനെ ഒന്ന് നോക്കി. അവിടെ എന്നെത്തന്നെ നോക്കിയിരിപ്പാണ്.

ചോദിക്കാതെ തന്നെ വിഷമത്തിന്റെ കാരണം പറയണം എന്നൊരു അർത്ഥമുണ്ട് ആ നോട്ടത്തിൽ. ഒന്നും മിണ്ടാതെ മൊബൈലും ഹെഡ് സെറ്റും കയ്യിൽ എടുത്തു. ഹരിയേട്ടൻ ബെഡിൽ നീട്ടി വച്ച കാലിന് താഴെക്കൂടി മറുവശത്തേക്ക് കടന്നു.

ഞങ്ങൾക്ക് ഇരുവർക്കും ഇടയിലായി മൊബൈൽ വച്ചിട്ട് കിടന്നതും ചോദ്യം വന്നു.

” എന്താ ദേവൂ തന്റെ പ്രശ്നം? ”

നല്ല ഗൗരവത്തിലാണ് ആള്.

മറുപടി കൊടുത്തില്ല. പകരം മൊബൈൽ കയ്യിൽ എടുത്ത് റെക്കോർഡഡ് വോയിസ്‌ പ്ളേ ചെയ്ത് ആളിന് നീട്ടി. അതിന്റെ വരും വരായ്കകളെക്കുറിച്ച് അന്നേരം ഓർത്തില്ല ഞാൻ.

എന്നെ പുന്നാര അമ്മ ഒന്നും പറയില്ല എന്നല്ലേ പറഞ്ഞത്. എന്തൊക്കെയാ പറയുന്നെന്ന് കേൾക്കട്ടെ….

ആളത് വാങ്ങി നെറ്റി ചുളുക്കി എന്നെ നോക്കി. പിന്നെ ഹെഡ് സെറ്റ് സ്വന്തം ചെവിയിലേക്ക് തിരുകി.

സത്യം പറഞ്ഞാൽ എനിക്ക് ടെൻഷൻ തുടങ്ങിയത് അപ്പൊ മുതൽക്കാണ്. അത് വരെ എന്റെ അമ്മയെ പറഞ്ഞതും കുറച്ചു മുൻപ് അമ്മായയച്ഛൻ ഹരിയേട്ടനോട്‌ പറഞ്ഞതുമൊക്കെ പിന്നെയും പിന്നെയും ഓർത്തെടുത്ത് ഇല്ലാത്ത ധൈര്യം ഉണ്ടാക്കി എടുത്തതായിരുന്നു. ആ ഒരാവേശത്തിലാണ് ഹരിയേട്ടന് ഫോൺ എടുത്തു കൊടുത്തതും….

പക്ഷെ ഇപ്പൊ
കയ്യും കാലുമൊക്കെ വിറച്ചു തുടങ്ങി. നെഞ്ചിടിപ്പ് എന്റെ ചെവിയിൽ കേൾക്കും വണ്ണം ഉയർന്നു വന്നു. വല്ലാത്ത ഒരു വെപ്രാളം… പരവേശം…..

മാറി വരുന്ന ആ മുഖഭാവങ്ങളിലേക്ക് നോട്ടം ഉറപ്പിച്ചു കിടന്നു ഞാൻ. ഒന്ന് രണ്ട് വട്ടം ഹരിയേട്ടന്റെ നോട്ടം എന്നെ തേടി വന്നപ്പോ കണ്ണുകൾ മുറുക്കെ അടച്ചു കിടന്നു. നെഞ്ച് ഇപ്പൊ പൊട്ടിപ്പോവും എന്ന് തോന്നുന്നുണ്ട്.

എപ്പോഴോ ലൈറ്റ് ഓഫ് ആകുന്നതും എന്റെ അടുത്തേയ്ക്ക് ആള് കിടക്കുന്നതും അറിഞ്ഞു. എന്റെ തലയണ അപ്പോഴേക്കും കണ്ണീരിൽ കുതിർന്നിരുന്നു.

” ദേവൂ…. ”

പതിയെ വിളിച്ചതേയുള്ളൂ…. പൊട്ടിക്കരഞ്ഞു പോയി ഞാൻ….

അപ്പോഴേക്കും കയ്യിൽ പിടിച്ചു വലിച്ചെന്നെ ആ നെഞ്ചിലേക്ക് ചേർത്ത് മുറുകെ പുണർന്ന് കഴിഞ്ഞിരുന്നു ഹരിയേട്ടൻ.

എത്ര നേരം അങ്ങനെ കിടന്ന് കരഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല. ആള് ഒന്നും മിണ്ടാതെ മുടിയിൽ പതിയെ തഴുകി കിടന്നതേയുള്ളൂ….

കരച്ചിലിന്റെ ശക്തി കുറഞ്ഞപ്പോ എന്നെ അടർത്തി മാറ്റി കണ്ണീരൊക്കെ തുടച്ച് തന്നു.

” എന്തിനാ ഇങ്ങനെ ചെയ്തത്? ”

അതായിരുന്നു ആദ്യ ചോദ്യം.

നമുക്ക് ഒരുപാട് പ്രിയപ്പെട്ടവരുടെ അടുത്ത സങ്കടം പറയുമ്പോ അത് അധികരിക്കുകയേയുള്ളൂ എന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്. അടർന്നു മാറാൻ തോന്നിയിരുന്നില്ലെനിക്ക്….

പക്ഷെ ഈ ചോദ്യം… ഇതെന്നെ ഭയപ്പെടുത്തുന്നുണ്ട്. എന്നോട് ദേഷ്യപ്പെടുമോ?

” ഞാൻ…. ഞാൻ… എന്നെ വിശ്വസിച്ചില്ലല്ലോ? വിശ്വസിപ്പിക്കാൻ വേറെ വഴിയൊന്നും കണ്ടില്ല…. അതാ… സോറി… ”

ചെയ്തത് തെറ്റാണെന്ന് ഇപ്പോഴും വാദിക്കുന്ന ഹൃദയത്തിന്റെ ഒരു ഭാഗം കൊണ്ടാണത് പറഞ്ഞത്. അത് കൊണ്ടാവണം എന്റെ ശബ്ദം ഇടറിയത്. സ്വരത്തിൽ കുറ്റബോധത്തിന്റെ ലഞ്ചന കലർന്നത്.

” ഇഷ്ടമില്ലാത്തവരെക്കുറിച്ച് എന്തും വിളിച്ചു പറയുന്നൊരു വൃത്തികെട്ട സ്വഭാവം അമ്മയ്ക്കുണ്ടെന്ന് അറിയാം. പക്ഷെ തന്നേക്കുറിച്ച് …. ഇങ്ങനെ ഒക്കെ പറയുമെന്ന് ഞാൻ കരുതിയില്ലെടോ…. ”

ആ ചുണ്ടുകൾ എന്റെ നെറ്റിയിൽ അമർന്നു. ക്ഷമ പറയും പോലെ….

” എന്നെ പറഞ്ഞതിനേക്കാൾ എനിക്ക് വിഷമം എന്റെ അമ്മേ പറഞ്ഞതിലാ ഹരിയേട്ടാ… പാവാ എന്റെ അമ്മ. ആരെന്തു പറഞ്ഞാലും സ്നേഹിക്കാനേ അറിയൂ… ആ അമ്മേയാ…?

പിന്നെ… എന്ത് പറഞ്ഞാലും….. എന്നോട് ദേഷ്യം കാണിക്കാരുണ്ടെങ്കിലും അതെന്റെ അച്ഛൻ അല്ലെ? അങ്ങനെ അല്ലാന്ന് പറയുമ്പോ… എന്റെ അമ്മയെക്കുറിച്ച് അങ്ങനേ ഒക്കെ പറയുമ്പോ…. സഹിക്കാൻ പറ്റണില്ല എനിക്ക്. ”

” പോട്ടേ ദേവൂ… നിന്റെ അമ്മേ നിനക്കറിയാമല്ലോ? പിന്നെ മറ്റുള്ളവർ എന്ത് പറഞ്ഞാൽ എന്താണ്? ”

” എന്നാലും ഇതൊക്കെ കേക്കുമ്പോ….? ഇനി ഇത് പോലെ ഒക്കെ അമ്മ ഹരിയേട്ടനോടും പറഞ്ഞാലോന്ന്…. ഹരിയേട്ടൻ അതൊക്കെ വിശ്വസിച്ചാലോന്ന്…. എന്നോട് ദേഷ്യം തോന്നിയാലോന്ന് ഒക്കെ ആലോചിച്ചപ്പോ… അത് കൊണ്ടാ ഞാൻ ഇങ്ങനെ ചെയ്തത്… ”

” പോട്ടെ… സാരമില്ല…. ”

ഹരിയേട്ടന്റെ ഇടത് കൈ ഇപ്പോഴും എന്റെ മുടിയിൽ തഴുകുന്നുണ്ട്. ഞാൻ ആ നെഞ്ചിലാണ് കവിൾ ചേർത്ത് കിടക്കുന്നത്. ഷർട്ടൊക്കെ എന്റെ കണ്ണീരിൽ കുതിർന്നിട്ടുണ്ട്.

” എന്നോട് എന്താ ഹരിയേട്ടാ അമ്മയ്ക്ക് ഇഷ്ടമില്ലാത്തത്? എനിക്ക് ജോലി ഇല്ലാഞ്ഞിട്ടാണോ? എന്റെ അച്ഛന് പണം ഇല്ലാഞ്ഞിട്ടാണോ? ഇതൊക്കെ ആദ്യമേ അറിയാരുന്നില്ലേ? പിന്നെ എന്തിനാ കല്യാണത്തിന് സമ്മതിച്ചത്? ബ്രോക്കറിനോട് അന്നേ വേണ്ടാന്ന് പറയാരുന്നില്ലേ? ”

ആദ്യമായിട്ട് എന്നെ കുറ്റം പറയുന്നത് കേട്ടപ്പോൾ മുതൽ മനസ്സിനെ നീറ്റുന്ന ചോദ്യമാണിത്.

” എനിക്ക് ഇഷ്ടമുണ്ടായിരുന്നല്ലോ? പിന്നെ എങ്ങനെ വേണ്ടാന്ന് പറയും. ”

അത് പറയുമ്പോൾ എന്നെ പൊതിഞ്ഞിരുന്ന കയ്യുടെ മുറുക്കം ഒന്ന് കൂടുന്നതറിഞ്ഞു.

” എനിക്ക് നിന്നെ മതീന്ന് ഞാനാ പറഞ്ഞത്? ”

ഞാൻ അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി.

” പെണ്ണ് കാണാൻ വരുന്നേന് മുന്നേ ഞാൻ നിന്നെ കണ്ടിട്ടുണ്ട്. ”

” എങ്ങനെ? ”

കണ്ണീരു നിറഞ്ഞിട്ട് ആ മുഖം കാണാനോക്കാഞ്ഞിട്ട് കണ്ണൊന്ന് അമർത്തി തുടച്ച് കൊണ്ട് വീണ്ടും ആ മുഖത്തേക്ക് നോക്കി.

” ഇടയ്ക്ക് വ്യാഴാഴ്ച നീ ഹനുമാൻ കോവിലിൽ വരാറുണ്ടായിരുഞ്ഞില്ലേ? അവിടെ വച്ച്…. മൂന്ന് നാല് വട്ടം കണ്ടിട്ടുണ്ട്. ”

അമ്മേം മാമീം കൂടി എല്ലാം വ്യാഴാഴ്ചയും ഹനുമാൻ കോവിലിൽ പോകാറുണ്ട്. പറ്റുമ്പോഴൊക്കെ ഞാനും മീനുവും കൂടെപ്പോകും. അവിടെ വച്ച് ഹരിയേട്ടൻ എന്നെ കണ്ടിട്ടുണ്ടോ? പക്ഷെ ഒരിക്കൽപ്പോലും ഞാൻ കണ്ടിട്ടില്ലാലോ ആളിനെ…?

” ഇടയ്ക്ക് രാജേഷിന്റെ കൂടി പോകുമായിരുന്നതാ…

ഈ സിനിമയിലും സീരിയലിലും ഒക്കെ പറയും പോലെ കണ്ട മാത്രയിൽ ഇതാണെന്റെ പെണ്ണെന്ന് ഉറപ്പിച്ച്, പിന്നെ നിന്നെ മാത്രം സ്വപ്നം കണ്ട് നടന്നതൊന്നും അല്ല കേട്ടോ….

ചിലരെ കാണുമ്പോ നമുക്ക് ഒരു കൗതുകം തോന്നില്ലേ? ഈ കൊച്ച് കൊള്ളാം എന്ന് തോന്നില്ലേ? അങ്ങനെ….

എല്ലാർക്കും തന്റെ ലൈഫ് പാർട്ണറിനെക്കുറിച്ച് ഒരു സങ്കൽപം ഉണ്ടാവില്ലേ? അങ്ങനെ എന്റെ സങ്കല്പവുമായിട്ട് തന്റെ അപ്പിയറൻസ് ഒത്തു വന്നത് കൊണ്ടാവും ഒന്ന് നോക്കി പിന്നെയും നോക്കാൻ തോന്നുന്നൊരു കൗതുകം മനസ്സിൽ തോന്നിയത്.

ജോലി കിട്ടിയപ്പോ മുതൽ ഇവിടെ അമ്മ ആലോചനകളുടെ ബഹളം തന്നെ ആയിരുന്നു. രണ്ടിടത്ത് എന്നെ പെണ്ണ് കാണാനും കൊണ്ട് പോയിട്ടുണ്ട്. എന്തോ അതൊന്നും ശരിയായില്ല.

ഒരു ദിവസം കോളേജിൽ നിന്നും വന്നപ്പോ കുറേ ഫോട്ടോകളും ടേബിളിൽ നിരത്തിയിട്ട് എന്നെ നോക്കി ഇരിപ്പായിരുന്നു അമ്മ. നിന്റെ ഫോട്ടോ അമ്മ മാറ്റി വച്ചിരുന്നു. പക്ഷെ ഞാൻ ആദ്യം എടുത്തു നോക്കിയത് അതാണ്‌. ഒറ്റ നോട്ടത്തിൽ എനിക്ക് ആളെ മനസ്സിലായി.

ഈ കുട്ടിയെ കാണാൻ പോകാമെന്ന് അങ്ങോട്ട് പറഞ്ഞപ്പോ അമ്മയ്ക്ക് അത്ഭുതം ആയിരുന്നു. അത് വരെ എന്നെ നിർബന്ധിച്ചാണ് പെണ്ണ് കാണാനൊക്കെ കൊണ്ട് പൊയ്ക്കൊണ്ടിരുന്നതേ…. ഞാൻ അങ്ങോട്ട്‌ പറഞ്ഞപ്പോ അമ്മ അമ്പരന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ? ”

” അമ്മയ്ക്ക് ഇഷ്ടമായിരുന്നോ ? ”

അല്ലായിരുന്നു എന്ന് തന്നെയാകും മറുപടി. എങ്കിലും വെറുതെ ചോദിച്ചു.

” എനിക്ക് ഇഷ്ടമായിരുന്നു. അത് പോരെ?
ഇപ്പോഴും ഇഷ്ടാണ്. ഈ ഇഷ്ടം ഇനി ഒരിക്കലും മാറുകേം ഇല്ല. ആരെന്തു പറഞ്ഞാലും അതൊന്നും ശ്രദ്ധിക്കേണ്ട. എന്നെ ഓർത്താൽ മതി. ”

എന്റെ കണ്ണൊക്കെ തുടച്ച് തന്നു. ഞാൻ ആ മുഖത്ത് തന്നെ നോക്കി കിടപ്പായിരുന്നല്ലോ? ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിലും ആ തിളങ്ങുന്ന കണ്ണുകൾ എനിക്ക് കാണാം? ഹരിയേട്ടനും കരയുവാണോ?

” ഇനി കരയണ്ട… ഇപ്പൊ സങ്കടം ഒക്കെ കുറഞ്ഞില്ലേ? ”

ഞാൻ അതിന് മറുപടി പറഞ്ഞില്ല. അതങ്ങനെ പെട്ടെന്ന് മാറില്ലല്ലോ?

” എന്നാ സങ്കടം മാറ്റി തരട്ടെ? ”

എന്റെ മുഖം പിടിച്ചുയർത്തി കവിളിൽ ചുണ്ട് ചേർത്ത് കൊണ്ടാണ് ചോദ്യം.
എന്നെ ഒന്ന് കൂടി മുറുകെ പിടിച്ചു ചേർത്ത് കിടത്തിയപ്പോ ദേഹം ഒന്ന് വിറച്ചു.

” പേടിയാ…? ”
വളരെ പതിഞ്ഞൊരു ചോദ്യം.

” മ്ഹും…. ”

ഇല്ലെന്ന് മൂളി.

പേടി തന്നെ ആയിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമൊക്കെ…. പിന്നെ പിന്നെ ഹരിയേട്ടനോടുള്ള പേടിയൊക്കെ മാറിയല്ലോ? അല്ലെങ്കിലും പ്രണയം ജനിക്കുന്നിടത്തു പേടി മരിക്കുമല്ലോ?

പിന്നീട് എപ്പോഴൊക്കെയോ ചിന്തിച്ചിട്ടുണ്ട്… ഹരിയേട്ടൻ എന്താ എന്നെ മറ്റൊരു രീതിയിൽ സ്നേഹിക്കാത്തതെന്ന്… അമ്മ പറഞ്ഞത് പോലെ എന്നോട് ഇഷ്ടക്കുറവ് ഉണ്ടായിട്ടാണോ എന്ന്….

പക്ഷെ ഇപ്പൊ തോന്നുന്നു. എന്നെ എല്ലാ രീതിയിലും കംഫേർട്ടബിൾ ആക്കാനായി കാത്തിരുന്നതാവണം.

ആ ചുണ്ടുകൾ എന്റെ മുഖമാകെ പടർന്ന കണ്ണുനീര് മുഴുവനായും തുടച്ച് മാറ്റി ഒടുവിലെന്റെ ചുണ്ടുകളിൽ വിശ്രമിക്കുമ്പോഴേക്കും എന്റെ ശരീരം ഒരു തൂവൽ പോലെ ഭാരമില്ലാതായി മാറിയിരുന്നു. ഉള്ളിൽ മൂടൽ മഞ്ഞു പോലെ കനത്തു നിന്ന നൊമ്പരമൊക്കെ
ഉരുകി ഇല്ലാതായിരുന്നു…..

🦋 🦋 🦋 🦋 🦋

” ഇനി ഇങ്ങനെ ചെയ്യണ്ട കേട്ടോ ദേവൂസേ…. നമ്മുടെ കുറ്റങ്ങള് മറ്റുള്ളവർ പറയുമ്പോ എന്തിനാ അതിന് ചെവി കൊടുത്തു നമ്മുടെ മനസ്സിനെ വിഷമിപ്പിക്കുന്നത്. ഉള്ള മനസമാധാനം കൂടി കളയുന്നത്…? ”

വിയർത്തു കുളിച്ചിട്ടുണ്ടെങ്കിലും കഴുത്തൊപ്പം പുതപ്പ് മൂടി ആ നെഞ്ചിൽ ഒട്ടി കിടക്കുന്നേരം എന്റെ മുടിയിൽ ചുണ്ട് ചേർത്തിട്ടാണ് പറയുന്നത്.

” അത്…. എന്നെ…. ”

പറഞ്ഞു പൂർത്തിയാക്കും മുന്നേ എന്റെ വായ പൊത്തി.

” വിശ്വസിക്കാഞ്ഞിട്ടാണ് എന്നല്ലേ? ഇനിയത് പറയണ്ട. ഇപ്പൊ ഞാൻ വിശ്വസിച്ചില്ലേ? ഇനി അങ്ങനെ ചെയ്യണ്ട…. മ്മ്…? ”

” മ്മ്…. ”

ഞാനും വെറുതെ മൂളി.

” ദേവൂ…. എന്ത് പറഞ്ഞാലും അവരെന്റെ അച്ഛനും അമ്മയുമാണ്. ഞാൻ ഇന്ന് ഈ നിലയിൽ ആയിട്ടുണ്ടെങ്കിൽ അതിന് കാരണം അവര് മാത്രമാണ്. അവരെ എനിക്ക് ഉപേക്ഷിച്ചു കളയാനൊന്നും പറ്റില്ലല്ലോ?

നീയും അമ്മയും എനിക്ക് ഒരുപോലെ തന്നല്ലേ? നിങ്ങള് തമ്മിൽ വെറുപ്പ് കാണിക്കുന്നത് എനിക്കെങ്ങനെ സഹിക്കാൻ കഴിയും ദേവൂ? ഇന്ന് കേട്ടതൊക്കെ മനസ്സിൽ വച്ച് അമ്മയോട് മിണ്ടാതിരിക്കരുത്.

അതൊന്നും അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് പോവില്ല എന്ന് എനിക്കും അറിയാം. എന്നാലും അതൊന്നും പുറമെ കാണിക്കരുത്. എനിക്ക് വേണ്ടി…. മ്മ്…? ”

” മ്മ്…. ”

ഞാൻ വെറുതെ മൂളിക്കൊടുത്തു.

” ഞാൻ കോളേജിൽ നിന്ന് ആകെ tired ആയിട്ട് വരുമ്പോ നിന്റെ വീർത്ത മുഖം കണ്ടാൽ അത് എന്നെ എത്ര മാത്രം വിഷമിപ്പിക്കുമെന്ന് അറിയാമോ നിനക്ക്? അമ്മേടെ മുഖം ഇടയ്ക്കൊക്കെ അങ്ങനെ വീർത്തു കണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് അതത്ര പ്രശ്നമായിട്ട് തോന്നാറില്ല. അവിടെ പിന്നെ മുഖം വീർപ്പിക്കാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടാന്ന് അറിയാം.

പക്ഷെ നിന്റെ അങ്ങനെ അല്ല. ഇന്ന് നിന്റെ മുഖം കണ്ടപ്പോ അതിന്റെ കാരണം അറിയും വരെ ഞാൻ എന്തോരം ടെൻഷൻ അടിച്ചുന്ന് അറിയാമോ നിനക്ക്? ”

” മ്മ്മ്…? സത്യം…? ”

ഗൗരവത്തോടെയുള്ള ചോദ്യത്തിന് കുസൃതിയോടെയാണ് മറുചോദ്യം ചോദിച്ചത്.

” അല്ല… കള്ളം…! ”

പിണക്കത്തോടെ മുഖം വെട്ടിച്ചപ്പോ എനിക്ക് ചിരിയാണ് വന്നത്. അസിസ്റ്റന്റ് പ്രൊഫസർ ആണത്രേ… എന്നിട്ടിപ്പോ കൊച്ച് പിള്ളേരെപ്പോലെ പിണങ്ങുന്നത് നോക്ക്?

തല ഉയർത്തി തടിത്തുമ്പിൽ ഒരുമ്മ കൊടുത്തു.

” അത്ര പെട്ടെന്നൊന്നും മറക്കാൻ ഒന്നും പറ്റില്ല എനിക്ക്. എന്റെ അമ്മേ പറഞ്ഞത്….. എന്നാലും ഞാൻ വിരോധം ഒന്നും കാണിക്കാതിരിക്കാം. മിണ്ടേം ചെയ്യാം. ”

” ഇനി റെക്കോർഡ് ചെയ്യേം വേണ്ട. ”

എന്റെ കണ്ണിലേക്കു നോട്ടം മാറ്റിട്ടുണ്ട്.

” മ്മ്…. ”

ചിരിയോടെ തലയാട്ടി.

” എന്നാൽ ഉറങ്ങിയാലോ? ഒരുപാട് നേരമായി. ”

” മ്മ്…. ”

മൂളിക്കൊണ്ട് ചാഞ്ഞു കിടന്നു.
ആ നെഞ്ചിൽ ചെവി ചേർത്ത് വച്ച് ഹൃദയമിടിപ്പിന്റെ താരാട്ടിൽ ഉറങ്ങാൻ തയാറെടുക്കുമ്പോൾ ഒന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു.

ആരെന്തോ പറയട്ടെ…. എനിക്കിനി ഒന്നുമില്ല. ഈ ഒരാളുണ്ടല്ലോ? എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ? എന്നെ സ്നേഹിക്കുന്നുണ്ടല്ലോ? അത് മതി….
അത് മാത്രം മതി….!

🦋 🦋 🦋 🦋 🦋

ബാക്കി പിന്നെ….

പിന്നേ…. ഇത് അമ്മായീടേം മരുമകളുടേം കഥയാണ് ട്ടോ.. ബാക്കി ഉള്ളവർക്ക് അങ്ങനെ വലിയ റോൾ ഒന്നും കാണില്ല.