26/05/2026

മരുമകൾ : ഭാഗം 49

രചന – ഗംഗ ശലഭം

വേറെ ഏതെങ്കിലും നല്ല ആശുപത്രിയിൽ പോവാൻ അമ്മയോട് പറഞ്ഞു പറഞ്ഞു മടുത്തിട്ടവസാനം ഹരിയേട്ടൻ മാമനെ വിളിച്ചു.

അമ്മേടെ മൂത്ത സഹോദരൻ ആയുർവേദ ഡോക്ടർ ആണ്. ഗവണ്മെന്റ് സെർവീസിൽ നിന്നും റിട്ടയർ ആയിട്ടിപ്പൊ കുറേ വര്ഷങ്ങളായി. അമ്മ ആരെങ്കിലും പറഞ്ഞാൽ എന്തെങ്കിലും കേക്കുമെങ്കിൽ അത് മാമൻ പറഞ്ഞാൽ മാത്രാണെന്ന് ഇടയ്ക്ക് ഹരിയേട്ടൻ എപ്പോഴൊക്കെയോ പറഞ്ഞിട്ടുണ്ട്. അല്ലാതെ അമ്മായിയച്ഛനെ അവർക്ക് തീരെയും വിലയില്ല എന്ന് ഞാൻ നേരിൽ കണ്ടറിഞ്ഞിട്ടുള്ളതാണല്ലോ?

മാമൻ എറണാകുളത്താണ്. മാമിയുടെ കുടുംബ വീട് അവിടെയാണ്. കല്യാണം കഴിഞ്ഞു കുറച്ചു നാളായപ്പോഴേ മാമൻ അവിടെ താമസമായത്രെ…. മാമിയും ഡോക്ടർ തന്നെയാണ്….. ഗൈനക്കോളജിസ്റ്റ്.

ഇതിൽ രസകരമായ കാര്യം എന്താണെന്ന് വച്ചാൽ ഹരിയേട്ടൻ എന്റെ വീട്ടിൽ വരുന്നതും എന്റെ വീട്ടിൽ ഒപ്പം നിൽക്കുന്നതും ഒക്കെ അഭിമാനക്ഷതം ആണെന്ന് പറയുന്നവർക്ക് മാമൻ ഭാര്യ വീട്ടിൽ താമസിക്കുന്നതിൽ കുറച്ചിൽ ഒന്നുമില്ല. വല്ലാത്ത അഭിമാനമാനത്തോടെയാണ് അതൊക്കെ പറയാറ്. എന്താ കാര്യം? മാമിയുടേത് എറണാകുളത്തെ അറിയപ്പെടുന്ന തറവാടാണത്രെ…

മാമിയുടെ കുടുംബ മഹിമയെക്കുറിച്ചും അവിടുത്തെ സ്വത്തുക്കളെക്കുറിച്ചുമൊക്കെ തട്ടി വിടുന്നത് കാണാം. ഇപ്പൊ ഇവര് താമസിക്കുന്നതും അമ്മായിക്ക് കിട്ടിയ കുടുംബ വീട്ടിൽ തന്നെയാണ്.
ഭാര്യ കോടീശ്വരി ആണെങ്കിൽ ഭാര്യ വീട്ടിൽ താമസിക്കുന്നതിൽ വലിയ പ്രശ്നം ഒന്നും ഇല്ലാന്ന്….. ഏത്?

അത് പോട്ടേന്ന് വയ്ക്കാം. ഇവിടെ എങ്ങനെയാണ്? ഹരിയേട്ടന്റെ അച്ഛനും സ്ഥിരതാമസം ഭാര്യ വീട്ടിലാണേ… അതും കല്യാണം കഴിഞ്ഞു കുറച്ചു നാള് കഴിഞ്ഞപ്പോ മുതൽ….

അമ്മായി നടുകഷ്ണം ആയിരുന്നിട്ടും ഈ വീട് അമ്മായിക്ക് കിട്ടിയതിനു പിന്നിലെ കാരണം ഒരിക്കെ പറഞ്ഞത് കുഞ്ഞമ്മയാണ്. സാധാരണ ആൺമക്കൾക്കോ, അല്ലെങ്കിൽ ഏറ്റവും ഇളയ പെൺകുട്ടിക്കോ ഒക്കെയല്ലേ കുടുംബവീട് കൊടുക്കുന്നത്?

വല്യച്ഛൻ, അതായത് വല്യമ്മേടെ ഭർത്താവ്, ഗവണ്മെന്റ് സെർവീസിൽ ആയിരുന്നു. എക്സൈസൊ മറ്റോ…. കല്യാണം കഴിഞ്ഞു കുറച്ചായപ്പോഴേ അവര് പറഞ്ഞു അത്രേ അവർക്ക് കുറച്ചു സ്ഥലം കൊടുത്താൽ മതി അതില് വേറെ വീട് വച്ചോളാമെന്ന്. അങ്ങനെ വല്യമ്മയ്ക്ക് റോഡ് സൈഡിലെ കുറച്ചു വസ്തു കൊടുക്കാൻ അന്നേ തീരുമാനമായി.

പിന്നെയുള്ളത് കുഞ്ഞമ്മയും രണ്ട് മാമന്മാരും…. അതിൽ ഒരു മാമന്റെ പേര് പോലും എനിക്കറിയില്ല. നമ്മുടെ ഡോക്ടർ മാമന്റെ ഇളയതോ മറ്റോ ആണെന്ന് തോന്നുന്നു. എന്തോ കുടുംബ പ്രശ്നം കാരണം ആള് പോടീം തട്ടി പോയി. പിന്നെ ഇങ്ങോട്ട് വന്നിട്ടേയില്ല എന്നാ കേട്ടത്. കല്യാണം ഒക്കെ അന്നേ കഴിഞ്ഞിരുന്നു അത്രേ.

അപ്പൊ ആ മാമനേം മാമിയേം ഇവിടുത്തെ അമ്മ നാത്തൂൻ പോര് നടത്തി പുകച്ച് പുറത്ത് ചാടിച്ചതായിരിക്കാനാണ് കൂടുതൽ ചാൻസ്…. ഞാൻ ഊഹിച്ചതാണേ…. അല്ല… അതാണല്ലോ കയ്യിലിരിപ്പ്.

ആ സമയത്ത്, അതായത് ആ മാമന്റെ കല്യാണം കഴിഞ്ഞ സമയത്ത്, ഇവിടെ അമ്മേടെ മാത്രം കല്യാണമേ കഴിയാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ…. അമ്മേടെ കല്യാണം ഒത്തിരി താമസിച്ചാണ് നടന്നത്. ഏതാണ്ട് മുപ്പത് വയസ്സൊക്കെ ആയിരുന്നു എന്നൊക്കെ കുഞ്ഞമ്മ പറഞ്ഞതോർക്കുന്നു. പണ്ടത്തെ കാലത്ത് അതൊക്കെ വലിയ പ്രായം ആണല്ലോ?

എന്റെ ‘വീക്ഷണകോണകത്തിൽ’ ഇവര് എന്തോ കോണിഷ്ട് ഒപ്പിച്ചു കാണണം. അതായത് സുഗുണാ….. ഈ പ്രേമമോ മറ്റോ….!

വീട്ടുകാരുടെ സമ്മതം കിട്ടാതെ ഒളിച്ചോടിപ്പോകാൻ തീരുമാനിച്ച അമ്മായിയെ കയ്യോടെ പിടിച്ച് വീട്ടിൽ പൂട്ടിയിട്ടതായിക്കൂടെ? അല്ലേൽ നാട്ടുകാരറിഞ്ഞു ആകെ നാറ്റകേസായത് കൊണ്ടു കല്യാണം വൈകിയതും ആകാം.

അമ്മായീടെ കാര്യം ആയത് കൊണ്ട് എനിക്ക് ഇങ്ങനെ ഉള്ള കോണിഷ്ട്കളൊക്കെ ആലോചനയിൽ വരുന്നുള്ളൂ… എന്താണോ എന്തോ?

അല്ലെങ്കിലും നമുക്ക് ആരോടെങ്കിലും വിരോധം തോന്നിയാൽ അവരെക്കുറിച്ച് താഴ്ത്തി പറയുന്നതും ചിന്തിക്കുന്നതും മനുഷ്യന്റെ ഏറ്റവും മോശമായ സ്വഭാവത്തിൽ ഒന്നാണല്ലോ? അമ്മായിയെക്കുറിച്ചിപ്പോ എനിക്കും നല്ലതൊന്നും ചിന്തിക്കാനേ പറ്റുന്നില്ല. ഏത് മനുഷ്യനാണ് നൂറ് ശതമാനം പെർഫെക്ട് ആയിട്ടുള്ളത് അല്ലെ? എല്ലാരുടെ ഉള്ളിലും കാണും കുറച്ചൊക്കെ കുശുമ്പും കുന്നായ്മയും…
എന്റെ ഉള്ളിലുമുണ്ട്.

പറഞ്ഞു വന്നത് ഇതൊന്നും അല്ല, അമ്മായിക്ക് കുടുംബ വീട് കിട്ടിയ കാര്യം….. അതിലേക്ക് വരാം.

കുഞ്ഞമ്മയ്ക്ക് കല്യാണത്തിന് മുന്നേ ഗവണ്മെന്റ് ജോലി കിട്ടിയിരുന്നു. ടൈപ്പിസ്റ് ആയിട്ട്. കാര്യം അമ്മയും കുഞ്ഞമ്മയും രമ മാമിയും ഒന്നിച്ചു ടൈപ്പ് റൈറ്റിങ് പഠിച്ചതാണെങ്കിലും അതിൽ ജോലി കിട്ടാത്തത് അമ്മയ്ക്ക് മാത്രമാണ്. അതിന്റെ ഒരു ചെറിയ വലിയ കുശുമ്പ് നമ്മുടെ കുശുമ്പിന്റെ ഹോൾ സെയിൽ ഡീലർക്ക് ഉണ്ട് താനും. “എനിക്കാണ് ആവരെക്കാളും മാർക്ക് കിട്ടേണ്ടത്. എനിക്ക് പരീക്ഷടെ അന്ന് പനി പിടിച്ചത് കൊണ്ടു നേരാവണ്ണം എഴുതാൻ പറ്റീല്ല അതാ…” എന്ന് അമ്മായി എന്നോട് ഒരിക്കൽ നേരിട്ട് പറഞ്ഞിട്ടുമുണ്ട്.

അമ്മയ്ക്കും ജോലിയില്ല. അച്ഛന് ആണേൽ ഏതോ ഒരു പ്രൈവറ്റ് കമ്പനിയിൽ ചെറിയ സാലറിയുള്ള ജോലിയും. ഇതൊക്കെ കൊണ്ടു നമ്മുടെ ഡോക്ടർ മാമൻ ആണത്രേ പറഞ്ഞത് കുടുംബ വീട് അമ്മയ്ക്ക് കൊടുക്കാമെന്നു….. അതിന് വേണ്ടി മാമൻ അപ്പൂപ്പനോട് കുറേ ഒച്ചയിടുകയൊക്കെ ചെയ്തു എന്നൊക്കെയാ കുഞ്ഞമ്മ എന്നോട് പറഞ്ഞത്.

എന്തായാലും ഈ പറഞ്ഞു കേട്ടതോടെ മൂന്ന് സഹോദരിമാരുടെ കൂട്ടത്തിൽ കുഞ്ഞമ്മ എങ്കിലും നല്ല ആളാണ്‌ എന്നുള്ള എന്റെ ധാരണ അങ്ങോട്ട് മാറിക്കിട്ടി.

കുഞ്ഞമ്മയ്ക്ക് ഇതൊക്കെ ഇപ്പൊ എന്നോട് പറയേണ്ട കാര്യം എന്തെങ്കിലും ഉണ്ടോ? ഇല്ല… എന്നിട്ടും ഇതൊക്കെ എന്നോട് പറഞ്ഞത് അമ്മയെ താഴ്ത്തി കെട്ടാൻ അല്ലെ?

അതോടെ ഒന്ന് ഞാൻ ഉറപ്പിച്ചു…
മൂന്ന് സഹോദരിമാരും കണക്കാ… ചുമ്മാതല്ല… രണ്ടാമത്തെ മാമൻ മാമിയേം വിളിച്ചോണ്ട് ഇവിടുന്ന് ഓടിയത്.

അമ്മായി ഹരിയേട്ടനെ ഗർഭിണി ആയപ്പോഴേ അമ്മാവന്റെ വീട്ടിലെ താമസം മതിയാക്കി ഇങ്ങോട്ടേക്കു താമസം മാറ്റിയതാണ്…. അന്ന് മുതൽ അമ്മാവനും ഇവിടെയാണ്.

സ്വന്തം കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഹരിയേട്ടൻ എങ്ങാനും എന്റെ വീട്ടിൽ വന്ന് നിന്നാൽ അത് പൊറുക്കാനാകാത്ത തെറ്റാണ്. അന്നേരം ഹരിയേട്ടൻ ‘അച്ചിക്കോന്തൻ’ ആകും. അതിന്റെ ലോജിക്ക് എനിക്ക് ഇത് വരെയും പിടി കിട്ടിയിട്ടില്ല….

അല്ലെങ്കിൽ തന്നെ ഹരിയേട്ടൻ എന്റെ വീട്ടിൽ രാത്രി താങ്ങാറില്ല. മിക്കപ്പോഴും എന്നെ കൊണ്ടു വിട്ടിട്ട് ഇങ്ങ് പോരും. രണ്ട് ദിവസം കഴിഞ്ഞു തിരികെ കൂട്ടാൻ വരും. ഇപ്പൊ കോളേജിൽ പോകുന്നോണ്ട് ലീവ് ഒക്കെ അഡ്ജസ്റ്റ് ചെയ്തു വേണ്ടേ പോകാൻ? അതുമല്ല ആഴ്ചയിൽ രണ്ട് ദിവസമല്ലേ ഇവിടുന്ന് പോകാൻ അനുവാദവുമുള്ളൂ…. അത് കൊണ്ടു മിക്കപ്പോഴും രാവിലെ പോയി വൈകിട്ട് തിരികെ പോരുകയാണ് ചെയ്യാറ്.
ഹരിയേട്ടനും അവിടെ നിൽക്കും. ഉച്ചയ്ക്ക് ഊണും കഴിഞ്ഞു വൈകിട്ട് ചായയും കുടിച്ചിട്ടാണ് ഞങ്ങൾ അവിടുന്ന് ഇറങ്ങുന്നത്. ചിലപ്പോ രാത്രിയും അവിടുന്ന് തന്നെ കഴിക്കും.

അങ്ങനെ ഉള്ളപ്പോ ഇവിടെ വന്ന് എത്ര നേരം കോളിങ്ങ് ബെൽ അടിച്ചാലാണെന്നറിയുമോ ഒന്ന് വാതിൽ തുറന്ന് കിട്ടുന്നത്? അന്ന് മാത്രം ഇവിടെ ഉള്ളവർ ഒൻപത് മണിക്കേ വീടും പൂട്ടി കിടന്ന് ഉറങ്ങിക്കളയും…..!

🦋 🦋 🦋 🦋 🦋

അങ്ങനെ ഹരിയേട്ടൻ മാമനെ വിളിച്ചു. മാമൻ അമ്മയോട് സംസാരിച്ചു. ഒടുവിൽ മറ്റൊരു ഡോക്ടറിനെ കാണാമെന്ന് അമ്മ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.

ഹരിയേട്ടന്റെ കോളേജിലെ ഏതോ സാറിന്റെ പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ട്. മെഡിക്കൽ കോളേജിലെ ഡോക്ടർ ആണ്.

ആദ്യം ജനറൽ ഹോസ്പിറ്റലിൽ പോകാം എന്നായിരുന്നു പറഞ്ഞിരുന്നത്. അവിടെ ഏതോ ഫേമസ് ഡോക്ടർ ഉണ്ടെന്ന് ഹരിയേട്ടനോട് മഹേഷ്‌ സാർ പറഞ്ഞിരുന്നു. അമ്മായി ആണേൽ ജനറൽ ഹോസ്പിറ്റലിൽ വരികേ ഇല്ലെന്ന് കട്ടായം പറയുന്നു. ഗവണ്മെന്റ് ആശുപത്രിയിൽ ഒക്കെ പോകുന്നത് പാവപ്പെട്ടവരാണെന്നൊരു ധ്വനിയാണ് സംസാരത്തിലൊക്കെ….

താമസിക്കുന്നത് കഴുക്കോല് ചിതലെടുത്ത വീട്ടിൽ ആണെങ്കിലും, അമ്പാനീടെ അമ്മൂമ്മ ആണെന്നാ ഭാവം. ചിലപ്പോ കേൾക്കുമ്പോ വല്ലാതെ ദേഷ്യം വരും. ഈയിടെയായി എന്നെക്കാൾ ദേഷ്യം വരും ഹരിയേട്ടന്.

ഡോക്ടറിന് ആണേൽ വീട്ടിൽ consultation ഇല്ല താനും. പിന്നെ ആ സാറിന്റെ പരിചയത്തിന്റെ പുറത്ത് അമ്മേ വീട്ടിൽ കൊണ്ടു ചെന്നാൽ നോക്കാമെന്ന് ഡോക്ടർ പറഞ്ഞു.

അങ്ങനെ ഞാനും ഹരിയേട്ടനും കൂടി ഓട്ടോയിൽ അങ്ങോട്ട് തിരിച്ചു. വരണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും ആ സാറ് ഞങ്ങളെ കാത്ത് അവിടെ നിന്നിരുന്നു.

ഞങ്ങൾ ഒരുമിച്ചാണ് consultation റൂമിലേക്ക് കയറിയത്.

ഡോക്ടറിനെ കണ്ട പാടേ മാമനും മാമിയും ഡോക്ടർസ് ആണെന്നൊക്കെ അമ്മായി തട്ടി വിടുന്നുണ്ട്.

ഡോക്ടർ അതൊന്നും ശ്രദ്ധിക്കാതെ അമ്മായീടെ കാലു പരിശോധിക്കാൻ തുടങ്ങി.

” ഇത് നോക്കാൻ ഒന്നുമില്ല ഡോക്ടറേ… വേരിക്കോസ് പൊട്ടിയതാ…. ഇത് ഈ ഇടയ്ക്കൊന്നും മാറൂല്ല. ”

അമ്മായി ആ പറഞ്ഞതിനും ഡോക്ടർ മറുപടി ഒന്നും പറഞ്ഞില്ല. അവരിത് പോലെ ദിവസവും എത്ര എണ്ണതിനെ കാണുന്നതാകും?

അമ്മായീടെ കാലിൽ വളർന്ന് നിന്നിരുന്ന നഖം ഒക്കെ ഹരിയേട്ടനാണ് ഇന്ന് രാവിലെ നെയിൽ കട്ടർ വച്ചിട്ട് വെട്ടി ഒതുക്കി കൊടുത്തത്. ഇപ്പൊ ആ കാല് കാണാൻ ഒരിത്തിരി വൃത്തിയുണ്ട്. അത് ചെയ്യാൻ എനിക്കുള്ള ബുദ്ധിമുട്ട് അറിയുന്നത് കൊണ്ടാകും ആളത് എന്നോട് ചെയ്യാൻ പറഞ്ഞില്ല. ചെയ്തോളാമെന്ന് ഞാനും പറഞ്ഞില്ല.

“ബി പി യോ ഷുഗറോ എന്തെങ്കിലും ഉണ്ടോ?”

കാലിലെ പരിശോധന നിർത്തി ഡോക്ടർ ചോദിച്ചു.

” എനിക്ക് അതൊന്നും ഇല്ല. ഞാൻ അതെല്ലാം സ്വയം നിയന്ത്രിക്കും….
ഇതിപ്പോ ഷുഗർ ഒന്നും അല്ല ഡോക്ടറേ… വേരിക്കോസാ…. പൊട്ടിയതാ… ഇത് അത്ര പെട്ടെന്നൊന്നും ഉണങ്ങൂല്ല എന്ന് ഞാൻ ഇവരോട് പറഞ്ഞതാ…. നമ്മൾ ഇതൊക്കെ എത്ര കണ്ടതാ….”

” അമ്മ എവിടെ നിന്നാ എം ബി ബി എസ് എടുത്തത്? ”

താടിക്ക് കൈ കൊടുത്തിരുന്ന ഡോക്ടർ സൗമ്യനായി ചോദിച്ചു. അമ്മായി അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല എന്ന് തോനുന്നു. ആകെ വിലറിപ്പോയി ആള്.

” എന്റെ അണ്ണൻ ഡോക്ടർ അല്ലെ? എനിക്കും കുറച്ചൊക്കെ അറിയാം. ”

അമ്മായി വിട്ട് കൊടുക്കാൻ തയ്യാറല്ല…..

‘ഇതിനെയൊക്കെ എങ്ങനെ സഹിക്കുന്നെടേയ്’ എന്ന ഭാവത്തിൽ ഡോക്ടർ മുഖം ചരിച്ചു ഹരിയേട്ടനെ നോക്കി. ഹരിയേട്ടനും ആകെ ചമ്മി ഇരിപ്പാണ്. അമ്മായിയോട് കണ്ണുരുട്ടി മിണ്ടാതിരിക്കാൻ ഒക്കെ പറയുന്നുണ്ടാള്. ആര് കേൾക്കാൻ?

” ബി എ എം എസ് പഠിച്ചത് ചേട്ടൻ അല്ലെ? അമ്മ അല്ലല്ലോ? പലതും പഠിച്ചും ദിവസവും പലതരം രോഗികളെ കണ്ട് ചികിൽസിച്ചും ഒക്കെ ഇക്കാര്യത്തിൽ അറിവ് നേടിയവരാണ് ഓരോ ഡോക്ടർസും… അവരെ അവരുടേതായ രീതിയിൽ ചികിൽസിക്കാൻ വിടുന്നതല്ലേ അമ്മ നല്ലത്? ”

അമ്മായീടെ മുഖം പെട്ടെന്ന് കടുത്തു. ദേഷ്യത്തിൽ മുഖം വെട്ടിച്ചു ഒറ്റ ഇരിപ്പായിരുന്നു പിന്നീട് അങ്ങോട്ട്.

” വേരിക്കോസ് ulser ആണോന്ന് ആദ്യം ഞാനൊന്ന് സംശയിച്ചു. ഇതിപ്പോ വേരിക്കോസ് അത്ര പേടിക്കാനില്ല. നമുക്ക് injuction therapy യോ laser therapy യോ ഒക്കെ വച്ചിട്ട് മാറ്റാവുന്നതേയുള്ളൂ…

ഈ മുറിവ് വേരിക്കോസ് ulser ഒന്നുമല്ല. Skin allergy ആണ്. ഞാൻ മരുന്ന് തരാം. ഒരു ടു വീക്സ് ഉപയോഗിച്ചിട്ട് കുറവില്ലെങ്കിൽ വന്നാൽ മതി. ”

ഞങ്ങളോടായി പറഞ്ഞിട്ട് ഡോക്ടർ അമ്മയുടെ നേരെ തിരിഞ്ഞു.

” പിന്നെ അമ്മാ… കാലൊക്കെ ക്‌ളീൻ ആക്കി വയ്ക്കണം കേട്ടോ? ചെറിയ രീതിയിൽ വേരിക്കോസ് ഉള്ളത് കൊണ്ടു ബ്ലഡ്‌ circulation കുറവായിരിക്കും. പെട്ടെന്ന് ഇത് പോലുള്ള ഇൻഫെക്ഷൻ ഒക്കെ വരാൻ chance ഉണ്ട്. ”

” ഇത് വേരിക്കോസ് തന്നാ….. എത്ര നാളായിട്ട് എന്റെ കാലിൽ ഒള്ളതാ…. അത് പൊട്ടിയാൽ പതുക്കെ മാറൂ… അല്ലാതെ… വേറെ രോഗത്തിന്റെ മരുന്ന് കഴിച്ചാ വേരിക്കോസ് മാറുവോ? ”

ഇത്രയും നാളും വേരിക്കോസ് ആണെന്നും പറഞ്ഞു അമ്മായി കരിയാൻ പോലും സമ്മതിക്കാതെ കൊണ്ടു നടന്ന മുറിവാണ്. അത് അങ്ങനെ അല്ല എന്ന് ഡോക്ടർ ഒറ്റയടിക്ക് പറഞ്ഞു കളഞ്ഞില്ലേ?

അതുമല്ല, ഇത് എന്തോ ഇൻഫെക്ഷൻ ആണെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ? ഇപ്പൊ ഞാൻ പറഞ്ഞത് ശെരിയായില്ലേ? അവർക്കത് സഹിക്കാൻ പറ്റുമോ? പിന്നെ എങ്ങനെ പ്രതികരിക്കാതിരിക്കും,?

നല്ല എക്സ്പീരിയൻസ് ഉള്ള ഗവണ്മെന്റ് സെക്ടറിലെ ഡോക്ടറിനോടാണ് ഈ പറഞ്ഞത് എന്നോർക്കണം. ഡോക്ടർ എന്തെങ്കിലും പറയും എന്ന് ഞങ്ങൾ പേടിച്ചെങ്കിലും, പുള്ളിക്കാരൻ ‘ഇതും ഇതിനപ്പുറവും കണ്ടവനാണീ k k ജോസഫ് എന്ന’ മട്ടിൽ ഇരുന്ന് കളഞ്ഞു.

അമ്മായീടെ അഹങ്കാരത്തിന്റെ പത്തിയിൽ അല്ലെ നമ്മുടെ ഡോക്ടർ ആഞ്ഞടിച്ചത്. വീട്ടിൽ എത്തുന്നത് വരെയും ഡോക്ടറിനെയും അങ്ങേരുടെ അപ്പനെയും അപ്പൂപ്പനെയും അപ്പൂപ്പന്റെ അപ്പൂപ്പനെയും വരെ ചീത്ത വിളി ആയിരുന്നു. ഓട്ടോ ഡ്രൈവർ ലോല മാമീടെ ഭർത്താവ് ആയത് കൊണ്ടു ഞങ്ങളെ വഴിയിൽ ഇറക്കി വിട്ടില്ല.

“ഞാനിത് തിന്നൊന്നും ഇല്ല. ഇല്ലാത്ത രോഗത്തിനൊള്ള മരുന്നും തന്ന് വിട്ടേക്കുന്ന്…..”

വീട്ടിൽ എത്തിയ പാടേ അമ്മായി ഗുളിക കഴിക്കില്ല എന്ന് പ്രഖ്യാപിച്ചു.

” മര്യാദയ്ക്ക് ഇത് കഴിച്ചോണം. ഇല്ലെങ്കിൽ….? ”

ഹരിയേട്ടൻ ദേഷ്യത്തിൽ പറഞ്ഞതും അമ്മായി എന്നെ നോക്കി ദഹിപ്പിച്ചിട്ട് അകത്തേയ്ക്ക് കയറിപ്പോയി.

എന്തായാലും ആ മരുന്നും ഓയിന്റ്മെന്റും ഒരാഴ്ച ഉപയോഗിച്ചപ്പോഴേ നല്ല മാറ്റം കണ്ടു.

” ഇതേ വേരിക്കോസിനുള്ള് മരുന്ന് തന്നാ… കണ്ടിട്ട് ചേച്ചി പറഞ്ഞിരുന്നു. അതാ പെട്ടെന്ന് കുറഞ്ഞത്. ”

മുറിവ് ഉണങ്ങി തുടങ്ങിയപ്പോ സിറ്റൗട്ടിൽ ഇരുന്ന് അമ്മായി ഒരു ദിവസം പറയുന്നത് കേട്ടു. സത്യം പറഞ്ഞാൽ ഇവരുടെ ശെരിക്കുള്ള പ്രശ്നം എന്താണ് എന്നണ് അന്നേരവും ഞാൻ ആലോചിച്ചത്.

🦋 🦋 🦋 🦋 🦋