23/04/2026

മരുമകൾ : ഭാഗം 11&12

രചന – ഗംഗ ശലഭം

“എനിക്ക് ഇത്രേം വേണ്ടമ്മേ….”

ഞാൻ പറഞ്ഞതേയുള്ളൂ എന്റെ അടുത്ത് വന്നിരുന്ന് കഴിപ്പിക്കാൻ തുടങ്ങി.

” ഒന്നും കഴിക്കാഞ്ഞിട്ടാ ഇങ്ങനെ മെലിഞ്ഞിരിക്കണത്. ഇനി ഞാൻ നേരെയാക്കി എടുത്തോളാം. ഇവിടെ കഴിക്കാനൊക്കെ ഇഷ്ടം പോലെ ഉണ്ട്. മക്കൾക്കു വേണ്ടത് എന്താണെന്ന് പറഞ്ഞാ മതി. അമ്മ ഉണ്ടാക്കിത്തരാം.”

ഞാൻ അപ്പോഴും എന്റെ മുന്നിലെ പ്ളേറ്റിലേക്ക് നോക്കി ഇതെങ്ങനെ കഴിക്കുമെന്നറിയാതെ കണ്ണും മിഴിച്ചിരിക്കുകയായിരുന്നു.

അവരെന്നെക്കൊണ്ട് ആ അഞ്ചിഡ്ഡലിയും കഴിപ്പിച്ചു. നാലെണ്ണം കഴിച്ചപ്പോഴേ, മതി ഇനി പറ്റില്ല എന്നും പറഞ്ഞു മുന്നിലേക്ക് പ്ളേറ്റ് നീക്കി വച്ച എന്റെ അടുത്തിരുന്ന് അഞ്ചാമത്തെ ഇഡ്ഡലി മുറിച്ചു വായിൽ വച്ച് തന്നു അമ്മ.

അതങ്ങനെയല്ല കുത്തിക്കയറ്റി എന്ന് വേണം പറയാൻ….

ഹരിയേട്ടൻ ആണേൽ കഴിക്ക് കഴിക്ക് എന്ന് പറഞ്ഞോണ്ടിരിക്കുന്നു.

എനിക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ.

അതും പോരാഞ്ഞ് ഒരു ഗ്ലാസ്സ് പാലും കൂടി അവരെന്നെ കുടിപ്പിച്ചു. അതും ബൂസ്റ്റ്‌ ഇട്ട പാല്. ഈ പാല് എനിക്ക് പറ്റില്ല. കുടിച്ചാൽ അപ്പൊ ശർദ്ദിക്കാൻ വരും. പ്രത്യേകിച്ചും രാവിലെ. ബൂസ്റ്റിന്റെ ടേസ്റ്റ് ആണേൽ തീരേം പിടിക്കില്ലെനിക്ക്.
അത് പറഞ്ഞിട്ടും അമ്മയ്ക്ക് കുലുക്കമില്ല.

അത് കുടിച്ച് ശീലമില്ലാത്തൊണ്ടാണെന്നും പറഞ്ഞു എന്നെ നിർബന്ധിച്ചു കുടിപ്പിച്ചു.

എനിക്കാകെ ശ്വാസം മുട്ടാൻ തുടങ്ങി. കഴിച്ചത് മുഴുവനും അതേ പടി പുറത്തോട്ട് വന്നു. ഒന്നാമത്തെ എനിക്ക് പാല് പിടിക്കില്ല. അതിന്റെ കൂടെ ഉരുളി കമിഴ്ത്തിയത് പോലുള്ള അഞ്ച് ഇഡ്ഡലിയും. പിന്നേ എങ്ങനെ ശർദ്ദിക്കാതിരിക്കും?

വാഴേടെ ചുവട്ടിൽ കുനിഞ്ഞ് നിന്ന് വൊമിറ്റ് ചെയ്യുന്നേരം ഹരിയേട്ടാനാണ് വന്നെന്റെ പുറം തടവി തന്നത്. കസേരയിൽ കൊണ്ടിരുത്തി വെള്ളവും കുടിപ്പിച്ചു.

“ഒന്നും കഴിക്കാതെ കഴിക്കാതെ കൊച്ചിന്റെ കൊടലൊണങ്ങിപ്പോയി.
അതാ ഒന്നും തിന്നാനൊക്കാത്തെ…”

അല്ലാതെ കുത്തിക്കയറ്റിയിട്ടല്ല…!

ഞാൻ ദയനീയമായി ഹരിയേട്ടനെ നോക്കി. ആളെന്നെ കണ്ണ് ചിമ്മി കാണിച്ചു.

” മക്കള് ആ സാരീം മാറീട്ട് കുറച്ചു നേരം പോയി കിടന്നോ. എണീറ്റിട്ട് രണ്ട് ഏത്തൻ പഴം തിന്നണം. ഇങ്ങനെ കൊടലൊണങ്ങി കിടന്നാ പറ്റൂല്ല. ശെരിയാക്കി എടുക്കണം.”

അമ്മ പറഞ്ഞത് കേട്ടപ്പോ ഭക്ഷണം കഴിച്ചു ചാവാനാണ് എന്റെ വിധി എന്ന് എനിക്ക് ഏകദേശം മനസ്സിലായി.

ഡ്രസ്സും മാറ്റി കിടന്നതേ ഓർമ്മയുള്ളൂ ഉറങ്ങിപ്പോയി. ഉണരുമ്പോൾ ഹരിയേട്ടൻ അടുത്തുണ്ട്. എന്നെത്തന്നെ നോക്കിയിരിക്കുകയാണ്. എനിക്ക് വല്ലാത്ത ചമ്മൽ തോന്നി.

“ഇപ്പൊ ഓക്കേ ആയോ?”

ആളെന്റെ മുടിയൊക്കെ ഒതുക്കി വച്ച് തന്ന് കൊണ്ട് ചോദിച്ചു. അന്നേരം ആ കണ്ണുകളിൽ വാത്സല്യം ആയിരുന്നു. എനിക്കെന്തോ എന്റെ അമ്മയെ ഓർമ്മ വന്ന്. ഞാൻ കണ്ണ് നിറച്ചു തലയാട്ടിക്കൊണ്ട് എഴുന്നേറ്റു.

“അമ്മേ വിളിക്കണോ?”

എന്റെ അടുത്തേയ്ക്ക് ചേർന്നിരുന്നു ഹരിയേട്ടൻ. ഒപ്പം എന്റെ മനസ്സറിഞ്ഞത് പോലെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു എന്റെ നേർക്ക് നീട്ടുകയും ചെയ്തു.

“വിളിച്ചോ…”

ഞാൻ അത് വാങ്ങി അമ്മേ വിളിക്കുമ്പോ ആളെന്നെ തോളിൽ ചേർത്ത് പിടിച്ചു. ഫോട്ടോഗ്രാഫർസ് ചേർന്ന് നിൽക്കാൻ പറഞ്ഞപ്പോ തോന്നിയ വെപ്രാളം എന്തോ ഇപ്പൊ തോന്നിയില്ല. ചിലപ്പോ മനസ്സ് നിറയെ അമ്മയായത് കൊണ്ടാകും.

അമ്മേ വിളിച്ചു കഴിഞ്ഞപ്പൊ ഇത്തിരി ആശ്വാസം കിട്ടി.

അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും ഉച്ചയ്ക്കുള്ളതൊക്കെ അമ്മ തയാറാക്കിക്കഴിഞ്ഞിരുന്നു. എനിക്ക് വല്ലായ്ക തോന്നി. ഒരു പത്ത് മിനിറ്റ് കിടക്കണം എന്നേ കരുതിയുള്ളൂ. ഉറങ്ങിപ്പോകുമെന്ന് ആരെങ്കിലും കരുതിയോ? ഇതിപ്പോ ആദ്യ ദിവസം തന്നെ കല്ലുകടി ആകുമോ എന്ന് പേടിച്ചെങ്കിലും അമ്മ അതൊന്നും ഒരു പ്രശനമേ അല്ല എന്നുള്ള രീതിയിലാണ് പെരുമാറിയത്.

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് പാത്രങ്ങൾ കഴുകാൻ ചെന്നപ്പോഴും പോയി കിടന്നോ എന്നും പറഞ്ഞു എന്നെ ഓടിച്ചു വിട്ടു. രാവിലെ ഉറങ്ങിയത് കൊണ്ട് ഉറക്കമൊന്നും വന്നില്ല. ഹരിയേട്ടനാണേൽ ഉറങ്ങുകേം ചെയ്തു.

മുന്നിൽ പോയി പത്രം വായിച്ചിരിക്കുമ്പോഴാണ് മാളു വരുന്നത്. പിന്നേ മാളുവിനോട് കത്തി വച്ചിരുന്നു. ആളൊരു സംസാരപ്രിയയാണ്. നേരം പോകുന്നതറിയില്ല. കുറച്ചു കഴിഞ്ഞു അമ്മയും, ഉറക്കം കഴിഞ്ഞു ഹരിയേട്ടനും വന്നു.

അച്ഛൻ ഉറക്കമാണ്. അല്ലെങ്കിലും ആളങ്ങനെ സംസാരിക്കുന്ന കൂട്ടത്തിൽ ഒന്നുമല്ല. വീട്ടിൽ ആരോടും അധികം മിണ്ടുന്നതും കണ്ടില്ല. എന്നെ കാണുമ്പോൾ ഒന്ന് ചിരിക്കും. തിരികെ ഞാനും. അത്ര തന്നെ.

അമ്മ കസേരയിൽ ഇരുന്ന് ഉറക്കം തുടങ്ങി. ഞങ്ങൾ മൂന്നാളും സംസാരിച്ചിരുന്നു. അവർ രണ്ടും സംസാരിച്ചു എന്ന് പറയാം. ഹരിയേട്ടൻ വന്ന ശേഷം എന്റെ ശബ്ദം ആരാണ്ടോ കട്ടോണ്ട് പോയെന്ന് എനിക്ക് തന്നെ തോന്നി.

“ഞങ്ങൾ വൈകിട്ടെന്ന് പുറത്ത് പോയിട്ട് വരാം അമ്മാ…”

കണ്ണടച്ചിരുന്ന അമ്മ കണ്ണ് തുറന്നു.

“എന്തോന്ന്?”

“ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാന്ന്…”

“വ്യാഴാഴ്ച അല്ലെ ദേവൂന്റെ വീട്ടിലെ വിരുന്ന്. അത് കഴിഞ്ഞേ എവിടേം പോകാവൂ. വേണേൽ അമ്പലത്തിൽ പൊക്കോ. അല്ലാതെ എവിടേം പൊയ്ക്കൂടാ…”

“മ്ച്ചും… വേറെ വീട്ടിൽ പൊയ്ക്കൂടാ എന്നല്ലേ ഉള്ളൂ… അല്ലാതെ പുറത്ത് പോകാല്ലോ?”

“എവിടേം പൊയ്ക്കൂടാ… അതാ ശാസ്ത്രം.”

ഇനി ഒന്നും പറയാനില്ലാത്തത് പോലെ അമ്മ പിന്നേം ഇരുന്ന് ഉറക്കമായി.

ഇതെന്ത് ശാസ്ത്രം?

ഞാൻ കണ്ണും മിഴിച്ചു മാളൂനേം ഹരിയേട്ടനേം മാറി മാറി നോക്കി.

ഹരിയേട്ടന്റെ മുഖം മങ്ങിയിട്ടുണ്ട്. മാളുവിന്റെ മുഖത്ത് നവരസങ്ങളാണ്.

എനിക്ക് പിന്നേ വിഷമം ഒന്നും തോന്നിയില്ല. മുൻപും ഞാൻ ഒരിടവും ‘കറങ്ങാൻ’ പോയിട്ടില്ല. ഇനിയും അങ്ങനെ തന്നെ ആയാലും എനിക്ക് അതൊരു വിഷയവുമല്ല.

എന്നെ സ്‌നേഹിക്കുന്ന…. മനസിലാക്കുന്ന കുറച്ചു പേര്… എനിക്ക് സ്നേഹിക്കാൻ കുറച്ചു പേര്… അതിനുമപ്പുറം ആഗ്രഹങ്ങളൊന്നും ഇല്ലെനിക്ക്….

അന്നത്തെ ദിവസം അങ്ങനെ പോയി. ഹരിയേട്ടൻ നാളെക്കൂടി ലീവ് പറഞ്ഞിരുന്നതാണ്. പക്ഷെ രാത്രിയായപ്പോ പ്രിൻസിപ്പാളിന്റെ കാൾ വന്നു. കോളേജിൽ സ്റ്റുഡന്റസ് എന്തോ പ്രശ്നം ഉണ്ടാക്കിയത്രേ… ഹരിയേട്ടൻ അവിടെ ഡിസിപ്ലിൻ കമ്മിറ്റിയുടെ എന്തോന്നോ ആണ്. അത് കൊണ്ട് ആള് ലീവ് ക്യാൻസൽ ചെയ്തു.

പിറ്റേന്ന് കാലത്തെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് അടുക്കളയിലേക്ക് ചെന്നു. അമ്മ അതിനും മുന്നേ എണീറ്റിരുന്നു. പൊട്ടിച്ചു വച്ചിരുന്ന തേങ്ങ എന്നോട് ചിരകി വയ്ക്കാൻ പറഞ്ഞു.
ഞാൻ ഒരു പ്ളേറ്റ് എടുത്തു തേങ്ങ ചിരകി. ചിരവ കുറച്ചു മുകളിലായിട്ടാണ് ഉറപ്പിച്ചിരിക്കുന്നത്. നല്ല ബുദ്ധിമുട്ട് തോന്നി എനിക്ക്. എന്നാലും കഷ്ടപ്പെട്ട് ചിരകി എടുത്തു.

അത് കഴിഞ്ഞപ്പോ തേങ്ങ അരയ്ക്കണം, അവിയലിനും തോരനും… അതും അമ്മിക്കല്ലിൽ…

“മിക്സി ഇല്ലേ അമ്മാ…”
ഞാൻ ചോദിച്ചു.

” ഇവിടെ ആർക്കും മിക്സിയിൽ അരയ്ക്കണത് പിടിക്കില്ല മോളെ. ടേസ്റ്റ് ഇല്ലെന്ന് പറയും.”

വണ്ടർഫുൾ….!

എനിക്കാണേൽ ഈ അമ്മിയിൽ അരച്ച് വശമില്ല. വീട്ടിൽ അമ്മിക്കല്ല് ഉണ്ടെങ്കിലും കറന്റ്‌ ഇല്ലാത്തപ്പോഴലല്ലാതെ അത് ഉപയോഗിക്കാറില്ല. അതും അമ്മയാണ് അരയ്ക്കാറ്. ഇങ്ങനെ ആവശ്യം വരുമെന്ന് അറിയാമായിരുന്നേൽ അരച്ചു പഠിക്കാമായിരുന്നു.

അവസാനം രണ്ടും കല്പിച്ചു അരയ്ക്കാൻ തന്നെ തീരുമാനിച്ചു.

വിചാരിച്ചത് പോലെയല്ല കേട്ടോ. നല്ല പാടുണ്ട്. തേങ്ങ മിക്സിയിൽ എടുത്തിട്ട് കിർ കിർ ന്ന് രണ്ട് കറക്ക് കറക്കുമ്പോ അരഞ്ഞു കിട്ടണതാണ്. ഇതിപ്പോ അരച്ചിട്ടും അരച്ചിട്ടും അരയുന്നില്ല. ചിലപ്പോ എനിക്ക് ശീലമില്ലാത്തോണ്ടാവും.

അവിയലിന് തേങ്ങയും ജീരകവും മാത്രം അരച്ചാൽ മതി. വീട്ടിൽ എന്റെ അമ്മ രണ്ടല്ലി വെളുത്തുള്ളി കൂടി ചേർക്കും. പിന്നെ കുറച്ചു കറിവേപ്പിലയും ഒരു പച്ച മുളകും. അതൊരു പ്രത്യേക ടേസ്റ്റ് ആണ്. നല്ല മണവും.

“മുളക് പൊടി എവിടമ്മേ?”

അവിയലിന് അരച്ചത് ഒരു പ്ളേറ്റിലേക്ക് എടുത്തു വച്ചിട്ട് ഞാൻ ചോദിച്ചു.

“പൊടിയല്ല. വറ്റൽ മുളകാ…”

അമ്മ രണ്ട് വറ്റൽ മുളക് എടുത്തു തന്നു.

അതെടുത്തിട്ട് അരച്ചിട്ടാണേൽ തീരെ അരയുന്നില്ല. അവസാനം രണ്ട് ജീരകം കൂടി അതിന്റെ കൂട്ടത്തിൽ ഇട്ട് അരച്ചു. അമ്മിക്കല്ലൊക്കെ തേഞ്ഞു തുടങ്ങി. അതാണ്‌ അരയാൻ ഇത്ര പാടെന്ന് തോന്നുന്നു.

മുളകും ജീരകോം വെളുത്തുള്ളിയും തേങ്ങയും ചേർത്ത് അരച്ചെടുത്തു. മഞ്ഞൾപൊടി അമ്മ അവിയൽ ഉണ്ടാക്കുമ്പോൾ ഇട്ടോളുമത്രേ.

“ഇനി മക്കള് ചെന്ന് ഹരിയ്ക്ക് ഷർട്ടും പാന്റും ഒക്കെ അയൺ ചെയ്തു കൊടുക്ക്.”

ആയമ്മ പറഞ്ഞതും ഞാൻ അന്തംവിട്ടവരെ നോക്കി.

പണ്ട് സ്കൂളിൽ പഠിക്കുമ്പോ അമ്മ യൂണിഫോം അയൺ ചെയ്തു തന്നിട്ടുള്ളതല്ലാതെ വലുതായ ശേഷം ഒറ്റ ഡ്രസ്സ്‌ പോലും ഞാൻ അയൺ ചെയ്തിട്ടതായിട്ട് എനിക്ക് ഓർമ്മയില്ല. ആ എന്നോട് ഷർട്ടും പാന്റും അയൺ ചെയ്യാൻ…?

“എനിക്കറിയില്ലമ്മേ…”

ഞാൻ ദയനീയമായിട്ട് അവരെ നോക്കി.

” ഇങ്ങനൊക്കെ വേണം പഠിക്കാൻ. ഹരീടെ അച്ഛന്റെ ഡ്രെസ്സൊക്കെ ഞാനാ അയൺ ചെയ്തു കൊടുക്കാറുണ്ടായിരുന്നത്. ”

ഇതാണോ ഉത്തമ ഭാര്യ?!

എതിർത്തു പറഞ്ഞെനിക്ക് ശീലമില്ല. വീട്ടിൽ അച്ഛമ്മയും ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അവിടെയും അച്ഛനേം അച്ഛമ്മേം അനുസരിച്ചു തന്നെയാണ് ശീലിച്ചത്. അമ്മയേക്കണ്ടു പഠിച്ച മകൾക്ക് മറുത്തു പറയാൻ അത്ര പെട്ടെന്നൊന്നും പറ്റില്ല. പ്രത്യേകിച്ചും ഒട്ടും പരിചയമില്ലാത്ത ഈ വീട്ടിലുള്ളവരോട്.

ഞാൻ പതിയെ റൂമിലേക്ക് നടന്നു. ഹരിയേട്ടൻ ഉണർന്നിട്ടില്ല. ടേബിളിൽ ഒരു ഷർട്ടും പാന്റ്സും എടുത്തു വച്ചിട്ടുണ്ട്. നാളെ ഇടാനുള്ളാതാണെന്ന് ഇന്നലെ പറഞ്ഞതോർത്തു.

അയൺ ബോക്സിന്റെ പ്ലഗ് എടുത്തു കൊടുത്തു സ്വിച്ചിട്ടു. ചുവന്ന ലൈറ്റ് തെളിഞ്ഞു. ഷർട്ടെടുത്തു തിരിച്ചും മറിച്ചും നോക്കി. ഇതിപ്പോ ഞാൻ എവിടുന്ന് തുടങ്ങും?

ഒടുവിൽ ഐശ്വര്യമായിട്ട് കൈ തന്നെ തേയ്ച്ചു തുടങ്ങാമെന്ന് കരുതി. ടേബിളിന് മുകളിൽ ഷർട്ടിന്റെ കൈ വിരിച്ചിട്ട് അയൺ ബോക്സ്‌ അതിന്റെ മുകളിലേക്ക് വച്ചതേ ഓർമ്മയുള്ളൂ…
അയൺ ബോക്സ്‌ വച്ചിടം മുഴുവനായും ഉരുകിപ്പോയി…..

എന്റെ ഉള്ളം കാൽ മുതൽ ഒരു തരിപ്പ് ഉച്ചി വരെ കയറി.

*********

🦋 മരുമകൾ 🦋 12

അയൺ ബോക്സിന്റെ പ്ലഗ് എടുത്തു കൊടുത്തു സ്വിച്ചിട്ടു. ചുവന്ന ലൈറ്റ് തെളിഞ്ഞു. ഷർട്ടെടുത്തു തിരിച്ചും മറിച്ചും നോക്കി. ഇതിപ്പോ ഞാൻ എവിടുന്ന് തുടങ്ങും?

ഒടുവിൽ ഐശ്വര്യമായിട്ട് കൈ തന്നെ തേയ്ച്ചു തുടങ്ങാമെന്ന് കരുതി. ടേബിളിന് മുകളിൽ ഷർട്ടിന്റെ കൈ വിരിച്ചിട്ട് അയൺ ബോക്സ്‌ അതിന്റെ മുകളിലേക്ക് വച്ചതേ ഓർമ്മയുള്ളൂ…
അയൺ ബോക്സ്‌ വച്ചിടം മുഴുവനായും ഉരുകിപ്പോയി…..

എന്റെ ഉള്ളം കാൽ മുതൽ ഒരു തരിപ്പ് ഉച്ചി വരെ കയറി.

പെട്ടെന്ന് അയൺ ബോക്സ്‌ നിവർത്തി വച്ച് സ്വിച്ച് ഓഫ് ചെയ്തു ഞാൻ. അപ്പോഴത്തെ വെപ്രാളത്തിൽ കൈ തട്ടി അയൺ ബോക്സ് പിന്നെയും ഉടുപ്പിന്റെ പുറത്തേക്ക് തന്നെ മറിഞ്ഞു വീണു. എനിക്ക് കരച്ചില് വന്നു.

ശബ്ദം കേട്ട് ഹരിയേട്ടൻ ഉണർന്നു. ഞാൻ നിന്ന് കരയുന്നത് കണ്ടിട്ടാവണം ചാടി എഴുന്നേറ്റ് അടുത്തേയ്ക്ക് വന്നു.

” എന്താടോ? എന്ത് പറ്റി? എന്താ കരയുന്നെ?”

” ഞാൻ… അത്… അയൺ ചെയ്തപ്പോ… ഷർട്ട്…. അറിയാതെ…. ഉരുകിപ്പോയി…”

കരച്ചിലിനിടയിൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

” അയ്യേ… ഇത്രേ ഉള്ളോ? അതിനാണോ കരയുന്നത്? പോട്ടെ…”

ഹരിയേട്ടൻ എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

എന്റെ കരച്ചിൽ കൂടിയതേയുള്ളൂ…

ആളെന്നെ മുടിയിൽ തഴുകിയും തോളിൽ തട്ടിയുമൊക്കെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്. എനിക്ക് പക്ഷെ കരച്ചിൽ നിർത്താൻ പറ്റണ്ടേ? ഞാൻ അത്രയ്ക്കും പേടിച്ചു പോയിരുന്നു.

വീട്ടിൽ അച്ഛന്റെന്നും അച്ഛമ്മേടെ കയ്യീന്നും ഒക്കെ നിറയെ വഴക്ക് കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ വന്നിട്ട് ആദ്യം തന്നെ ഇങ്ങനെ ഉണ്ടായപ്പോ ഹരിയേട്ടനെക്കാളും അമ്മ വഴക്ക് പറയുമോ എന്നാണെന്റെ പേടി.

” മ്ച്ചും… താനിങ്ങനെ കരയാതെ… ഷർട്ടൊക്കെ ഞാനും കുറേ ഉരുക്കീട്ടുള്ളതാ… ഇതാണേൽ ഇട്ട് പഴകിയ ഷർട്ടുമാണെന്ന്…”

ഹരിയേട്ടൻ ഒന്ന് കൂടി എന്നെ ചേർത്ത് നിർത്തി. ഇപ്പൊ ഞാൻ ആളിന്റെ നെഞ്ചിൽ ചാരിയാണ് നിൽക്കുന്നത്.
ടെൻഷൻ അടിച്ചു കരയുന്നെനിടയിൽ അതൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്ന് മാത്രം.

“അല്ല… താനിപ്പോ ഈ വെളുപ്പിനെ അറിയാത്ത പണി ചെയ്യാൻ പോയതെന്തിനാ?”

എന്റെ കരച്ചിൽ ഒന്ന് ഒതുങ്ങിയപ്പോ തടിക്ക് കൈ കൊടുത്തു നിന്ന് എന്റെ മുഖത്തേയ്ക്കും ഉരുകിയ ഷർട്ടിലേക്കും മാറി മാറി നോക്കിയാണ് ചോദ്യം.

“അത്… അമ്മ പറഞ്ഞു…”

ഞാൻ പയ്യെ പറഞ്ഞു.

“എന്ത്?ഷർട്ട് ഉരുക്കാനോ?”

ഹരിയേട്ടന് ചിരി.

“അല്ല… അയൺ ചെയ്യാൻ… അമ്മയാ അച്ചന്റെ ഷർട്ടൊക്കെ അയൺ ചെയ്തു കൊടുത്തിരുന്നത്. ഇനി ഇതൊക്കെ ഞാനാ ചെയ്യേണ്ടത് എന്ന് പറഞ്ഞു.”

“എന്റെ ദേവൂസെ… അമ്മ അങ്ങനെ പറഞ്ഞെന്ന് കരുതി അറിയാത്ത പണിക്ക് പോണോ?”

ഹരിയേട്ടൻ എന്നെ ഏതോ അന്യഗ്രഹ ജീവിയെ കണ്ടത് പോലെ നോക്കുന്നു.

ഞാൻ തല താഴ്ത്തി നിന്നു.

“ഹാ… സാരമില്ല.. പോട്ടെ…

തനിക്ക് അറിയാമോ? ജോലി കിട്ടിയ ശേഷമാ ഞാൻ ഈ ഡ്രെസ്സൊക്കെ തന്നെ അയൺ ചെയ്യാൻ തുടങ്ങിയത്. അത് വരെ ഞാൻ ചെയ്യാന്ന് പറഞ്ഞാലും അമ്മ എന്നെക്കൊണ്ട് ചെയ്യിക്കില്ല. ഈ ചുരുങ്ങിയ സമയം കൊണ്ട് ഞാൻ ഒരു മൂന്ന് നാല് ഷർട്ട് എങ്കിലും ഉരുക്കീട്ടൊണ്ട്. ഇതിപ്പോ ഒന്നല്ലേ ആയുള്ളൂ….?”

ഇതൊന്നും ഒരു പ്രശ്നം അല്ലെന്ന മട്ടിൽ ഹരിയേട്ടൻ ടവലിലും എടുത്തു വാഷ് റൂമിലേക്ക് നടന്നു.

വഴക്ക് പറയുമെന്ന് കരുതിയിടത്ത് ആളെന്നെ ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല ആശ്വസിപ്പിക്കേം ചെയ്തു. എനിക്ക് സന്തോഷം തോന്നി. ഒപ്പം ആളിനോട് വല്ലാത്ത ഒരിഷ്ടവും….. എന്തായാലും എന്റെ അച്ഛനെ പോലെ അല്ല. അച്ഛൻ അമ്മേ കുഞ്ഞ് കാര്യങ്ങൾക്ക് പോലും എന്തോരം വഴക്കാ പറയുന്നത്.?

“പിന്നേ… ഇതൊന്നും പോയി അമ്മയോട് പറഞ്ഞേക്കല്ലേ? അയൺ ചെയ്തോന്ന് ചോദിച്ചാ ചെയ്തൂന്ന് പറഞ്ഞാൽ മതി.”

വാഷ് റൂമിലേക്ക് കയറും മുന്നേ ഹരിയേട്ടൻ അത്ര കൂടി പറഞ്ഞു.

*******

ഹരിയേട്ടൻ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോ അമ്മ തന്നെ കട്ടൻ എടുത്തു കൊടുത്തു.

എട്ട് മണിക്ക് ആള് ഇറങ്ങും. കോളേജിലേക്ക് ഏതാണ്ട് ഒരു മണിക്കൂറോളം യാത്രയുണ്ട്. ബൈക്കിലാണ് പോകുന്നത്. കാറില്ല. ഒരെണ്ണം വാങ്ങണമെന്നുണ്ടെന്ന് ഇടയ്ക്ക് എപ്പോഴോ പറഞ്ഞതോർത്തു.

കോളേജിൽ പോകാനായി ആള് തയ്യാറായി വന്നപ്പോ ബ്രെക്ക് ഫാസ്റ്റ് വിളമ്പിയതും ഉച്ചത്തേയ്ക്കുള്ള ലഞ്ച് പാത്രത്തിൽ ആക്കി വച്ചതും ഒക്കെ അമ്മ തന്നെയാണ്. എല്ലാം സ്വയം ചെയ്യണമെന്ന് നിർബന്ധം ഉള്ളത് പോലെ വല്ലാത്ത ഒരു വെപ്രാളം ഉണ്ടായിരുന്നു അമ്മയ്ക്ക്. ഇനി ഞാൻ എങ്ങാനും ചെയ്താലോ എന്ന് ഓർത്തിട്ടാണോ എന്തോ?

ഹരിയേട്ടൻ പോയപ്പോ ആകെ ഒറ്റയ്ക്കായത് പോലെ തോന്നി എനിക്ക്.

വെളിയിൽ പോയിരുന്നു. സോഫയോ സെറ്റിയോ ഒന്നുമില്ല. കുറച്ചു കസേരകൾ മാത്രേ ഉള്ളിവിടെ. ഒരു കുഞ്ഞു ടേബിളും. ടേബിളിന് മുകളിൽ കിടന്ന പത്രം എടുത്തു നിവർത്തിയപ്പോഴേക്കും അമ്മ വന്ന് അടുത്തിരുന്നു.

“മോക്ക് മീന് നിർബന്ധം ഒന്നും അല്ലല്ലോ അല്ലെ?”

“ഇല്ലമ്മാ… ഉണ്ടെങ്കിൽ കഴിക്കും. അത്രേ ഉള്ളൂ….”

“ഹമ്… നന്നായി. ഞാൻ ഇവിടെ അങ്ങനെ മീനൊന്നും വാങ്ങൂല്ല. വല്ലപ്പോഴും മാത്രം. മുട്ടയും അങ്ങനെ തന്നെ. ഇറച്ചി പിന്നേ ഞാൻ ഈ വീട്ടിലേക്ക് കേറ്റൂല്ല. ഞാൻ വെജിറ്റേറിയാനാ… മോക്കറിയാല്ലോ?”

“ഹരിയേട്ടനും അച്ഛനും? അവരും കഴിക്കില്ലേ?”

“അവര് തിന്നും… അതോണ്ടാ വല്ലപ്പോഴുമൊക്കെ മീനും മുട്ടയും ഉണ്ടാക്കണത്. ഇന്നെന്തായാലും മീന് വാങ്ങാം. മോള് ഉള്ളതല്ലേ?

ഇവിടെ കൊണ്ട് ഇറങ്ങൂല്ല. മോളില് ചേച്ചിടെ വീട്ടില് വരും. വിളിച്ച് പറഞ്ഞാ വാങ്ങിച്ചു വെച്ചേക്കും. ഞാൻ ഇവിടെ ചാളേം മത്തീം കൊഞ്ചും വാളേം ഒന്നും വാങ്ങൂല്ല. എന്തായാലും മോളിവിടെ ഇരി. ഞാൻ ചേച്ചിടെ അടുത്തൊന്നു വിളിച്ചു പറഞ്ഞിട്ട് വരാം.”

അമ്മ എഴുന്നേറ്റു പോയി.

എന്തായാലും ഈ രണ്ട് ദിവസം കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി. ഇവിടെ അമ്മയുടെ ഇഷ്ടങ്ങൾ മാത്രേ ഉള്ളൂ. അമ്മ പറയുന്നതിനപ്പുറം ആർക്കും ഒന്നും ഇല്ല. എന്റെ വീട്ടിലെ എന്റെ അച്ഛനെ പോലെയാണ് ഇവിടെ അമ്മ. എന്റെ അമ്മയെപോലെയാണ് ഇവിടുത്തെ അച്ഛൻ.

മീനിന്റെ കാര്യം പറയാൻ പോയ അമ്മ പിന്നീട് ഏതാണ്ട് അര മണിക്കൂറോളം ഫോണിൽത്തന്നെ ആയിരുന്നു.

തിരികെ വന്നപ്പോ….

“ഞങ്ങള് സുമതീടെ കാര്യം പറഞ്ഞോണ്ട് നിന്നു. അയ്യോ… അത് കേക്കണോ?”

എന്നും ചോദിച്ചു എന്റെ അടുത്ത് വന്നിരുന്ന് സുമതിക്കഥ പറയാൻ തുടങ്ങി. ഈ സുമതി ആരാന്ന് പോലും അറിയാത്ത എന്നോടാണ് ഈ പറയുന്നത് എന്നോർക്കണം. ഞാൻ എല്ലാം തല കുലുക്കി കേട്ടിരുന്നു. ആരാണോ? എന്താണോ? ആവോ?

പറഞ്ഞ് പറഞ്ഞ് അമ്മ അങ്ങനേ ഇരുന്ന് ഉറങ്ങി. ഞാൻ പതിയെ കയ്യിലെ ന്യൂസ്‌ പേപ്പർ പിന്നേം നിവർത്തി പിടിച്ചു. അഞ്ചു മിനിറ്റ് ആയപ്പോഴേക്കും അമ്മ പൂച്ചയുറക്കം കഴിഞ്ഞുണർന്നു.

സുമതിക്കഥ പകുതിയിൽ നിൽക്കുകയാണ്. ആ പറഞ്ഞതിൽത്തന്നെ എനിക്ക് കാൽഭാഗമേ മനസ്സിലായിരുന്നുമുള്ളൂ.

ഉറക്കം ഉണർന്ന് പറഞ്ഞതാണേൽ വേറേതോ കഥ. അതും കുറച്ചു പറഞ്ഞപ്പോ പിന്നേം ഉറക്കമായി. ഇതിങ്ങനെ റിപ്പീറ്റടിച്ച് എനിക്ക് ഏതാണ്ട് വട്ടായിരിക്കുമ്പോഴാണ് ബീന ചേച്ചിയും പൊന്നുവും കൂടെ വരുന്നത്. സത്യം പറയാല്ലോ അവരെ കണ്ടപ്പോ എനിക്ക് ഏതാണ്ട് മരുഭൂമിയിൽ പെട്ടെന്ന് മഴ പെയ്ത്ത് പോലെ ഒരു ഫീൽ ആയിരുന്നു. വല്ലാത്ത ആശ്വാസം.

കുറേ നേരം അവര് സംസാരിച്ചിരുന്നു. പൊന്നുവിന് എന്നെ ഇഷ്ടമായിന്ന് തോന്നുന്നു. ഏത് നേരോം ദേവു ചേച്ചി വിളി. എനിക്കും അവളെ ഇഷ്ടമായി. കുറുമ്പി….

രണ്ട് ദിവസം പൊന്നുവിന് സ്കൂൾ അവധി ആണത്രേ…

അത് കൊണ്ട് രണ്ട് ദിവസവും രാവിലെ ഇങ്ങ് വന്നേക്കണമെന്ന് പറഞ്ഞാണ് ഞാൻ അവളെ വിട്ടത്. ഇല്ലെങ്കിൽ ഇവിടെ ഇരുന്ന് അമ്മയുടെ പരസ്പര ബന്ധം ഇല്ലാത്ത കഥകൾ കേട്ടെനിക്ക് പ്രാന്തായിപ്പോവും.

*******

വ്യാഴാഴ്ച ഹരിയേട്ടൻ ലീവെടുത്തു. ഞാനും ഹരിയേട്ടനും പൊന്നുവും മാത്രമാണ് വീട്ടിലേക്ക് വിരുന്നിനു പോയത്. അമ്മയും അച്ഛനും ഒക്കെക്കൂടി പോകുന്നത് പുതിയ പരിഷകാരം ആണത്രേ. പണ്ടൊക്കെ പെണ്ണും ചെക്കനും കൂടെ ഒരു കൊച്ചും കൂടി പോകും. അങ്ങനെ തന്നെ മതീന്ന് അമ്മ പറഞ്ഞു. അമ്മ പറഞ്ഞാൽ പിന്നേ അപ്പീൽ ഇല്ലല്ലോ?

എങ്ങനെ ആയാലും എനിക്ക് എന്റെ അമ്മേ കണ്ടാൽ മതിയായിരുന്നു.

ബൈക്കിലാണ് പോയത്. പൊന്നുവിനെ നടുക്കിരുത്തി. പൊന്നൂസ് ആകെ ഹാപ്പിയാണ്. ഞാനും…..

വീട്ടിൽ ചെല്ലുമ്പോൾ ആദ്യം ഓടി വന്നത് മീനുവാണ്. പിറകെ മധുവും.

“നീ ഹാപ്പി അല്ലേടി?”

മധു വന്നെന്റെ കയ്യിൽ പിടിച്ചു ഹരിയേട്ടൻ കേൾക്കാതെ പതിയെ ചോദിച്ചു.

വല്ലാത്ത കരുതലാണ് ചെക്കന്. ഇത് പോലെ ഒരേട്ടനെ കിട്ടിയത് മീനൂന്റെ ഭാഗ്യം.

ഞാൻ ചിരിയോടെ തലയാട്ടിയതും മീനു വന്നേനെ കെട്ടി പിടിച്ചു.

“ഹായ്… രണ്ട് ദിവസം കൊണ്ട് നീയങ്ങു വെളുത്തു തുടുത്തു സുന്ദരിയായി.”

ഹരിയേട്ടൻ കേൾക്കാൻ ഉറക്കെയാണ് പറച്ചിൽ.

“ഇങ്ങനൊക്കെ കേക്കുമ്പോ നിന്റെ കെട്ടിയോൻ ഹാപ്പിയാവില്ലേ? ബെർതെ ഒരു രസം. അല്ലാതെ നിനക്ക് ഒരു മാറ്റോം ഇല്ല.”

അവളെന്റെ ചെവി തിന്നു.

“പൊടീ….”

ഞാൻ അവളുടെ കയ്യിൽ ഒരു തട്ട് കൊടുത്തു. അപ്പോഴാണ
വൾ പൊന്നൂനെ കണ്ടത്. പിന്നേ അവരായി കൂട്ട്.
അവളേം പൊന്നൂനേം കൂട്ടി അകത്തേയ്ക്ക് പോകും മുന്നേ തിരിഞ്ഞ് നോക്കി ഞാൻ. മധു ഹരിയേട്ടനെ അകത്തേയ്ക്ക് കൂട്ടുന്നുണ്ട്.

അപ്പോഴേക്കും അച്ഛനും അച്ഛമ്മേം ഇറങ്ങി വന്നിരുന്നു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അകത്തേയ്ക്ക് നടന്നു. അല്ല ഓടി എന്ന് വേണം പറയാൻ. അമ്മേ കാണാൻ അത്രയ്ക്കും ധൃതിയായിരുന്നു എനിക്ക്….

********