രചന – ഗംഗ ശലഭം
ആറ് മാസങ്ങൾ കൂടി കടന്ന് പോയി. ബി എഡ് ന്റെ പരീക്ഷകൾ കഴിഞ്ഞു ഫലവും വന്നു. എ ഗ്രേഡ് ഉണ്ടായിരുന്നു.
ഹരിയേട്ടൻ ബി എഡിന് പോയിട്ടില്ലാത്തത് കൊണ്ടു ഇതിനെക്കാളും മാർക്ക് എന്റെ ഹരിക്ക് ഉണ്ടായിരുന്നു എന്ന് ഇത്തവണ അമ്മായി പറഞ്ഞില്ല.
ബി എഡിന്റെ റിസൾട്ട് വന്നപ്പോ മുതൽ ഏതെങ്കിലും സ്കൂളിൽ കയറാൻ പറഞ്ഞു അമ്മാവന് നിർബന്ധം. എന്നോടല്ല, ഹരിയേട്ടനോടാണ് ഒക്കെ പറയുന്നത്. ന്യൂസ് പേപ്പറിൽ വേക്കൻസി വല്ലതും കണ്ടാൽ അന്ന് തന്നെ ഹരിയേട്ടനെ കാണിക്കും. എന്നോട് പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറയും.
ഇതൊന്നും എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല കേട്ടോ? അങ്ങനെ ഒന്നും തെറ്റിധരിച്ചേക്കല്ലേ….
മരുമകൾക്ക് ജോലിയില്ല എന്ന് പറയുന്നത് അമ്മാവന് വല്ലാത്ത കുറച്ചിൽ ആണ്. പുള്ളിക്കാരന്റെ കുടുംബക്കാരൊക്കെ ഹൈ പ്രൊഫൈൽ ആൾക്കാർ ആണെന്ന് ഇടയ്ക്കിടെ പറയും. ജോലി ഇല്ലാത്ത കുട്ടികളെ ഒന്നും അവിടെ ആരും കല്യാണം കഴിച്ചിട്ടില്ലത്രെ….
അമ്മയ്ക്ക് പിന്നെ അതൊന്നും ഒരു പ്രശ്നമേ അല്ലിപ്പോ… പുള്ളിക്കാരി എന്നെ ഏതാണ്ട് തഴഞ്ഞ മട്ടാണ്.
അടുത്ത അക്കാദമിക് ഇയറിൽ ഏതെങ്കിലും സ്കൂളിൽ നോക്കാം എന്ന് ചിന്തയാണ് എനിക്കിപ്പോ. ഇപ്പോഴെന്റെ മനസ്സിൽ അതിലും പ്രധാനപ്പെട്ടൊരു വിഷയമുണ്ട്. ഒരു കുഞ്ഞ്…..
കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോഴേ എന്റെ അമ്മയും മീനൂന്റെ അമ്മയും ഒക്കെ ചോദിച്ചു തുടങ്ങിയതാണ്. നിങ്ങൾ ഇപ്പൊ ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന്…
ഞാൻ അന്നത് ഹരിയവട്ടനോട് സൂചിപ്പിക്കുകയും ചെയ്തു.
” എന്റെ പൊന്ന് ദേവൂ…. കുഞ്ഞിനെക്കുറിച്ച് ഇനി എന്തായാലും നിന്റെ കോഴ്സ് കഴിഞ്ഞേ ചിന്തിക്കുന്നുള്ളൂ… നിനക്ക് അറിയാമോ ഇന്ന് ഫിഫ്ത് സേം എക്സാം ആയിരുന്നു. എക്സാം ഹാളിൽ വച്ചു ഒരു പെൺകൊച്ചു ശർദ്ദിച്ചു കുഴഞ്ഞു തലകറങ്ങി വീണു. പ്രെഗ്നന്റ് ആണത്രേ… പിന്നെ അതിന്റെ വീട്ടുകാരെ വിളിച്ചു പറഞ്ഞു വിട്ടു. എക്സാം തുടങ്ങിയെ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം. ഇന്നത്തെ എക്സാം പോയില്ലേ? ഇനിയുള്ള എക്സാംസ് എങ്ങനെ ആണെന്ന് ആർക്കറിയാം? അത്യാവശ്യം പഠിക്കുന്ന കുട്ടിയും ആയിരുന്നു. ഫിഫ്ത് സേം ആയോണ്ട് അതിന്റെ ഒരു വർഷം പോയില്ലേ?
കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു ഇത് പോലെ ഒരു കുട്ടി. എക്സാം ടൈമിലോ മറ്റോ ആയിരുന്നു അതിന്റെ ഡെലിവറി. ഒറ്റ എക്സാം എഴുതാൻ പറ്റിയില്ല അതിന്.
പഠിക്കുമ്പോ വിവാഹം കഴിക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടെന്നല്ല.. പക്ഷെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ഒന്ന് പ്ലാൻ ചെയ്തു ചെയ്യുന്നതാകും നല്ലത്.
ആ സമയത്ത് പ്രെഗ്നന്റ് ആവേണ്ടിയിരുന്നില്ല എന്ന് പിന്നീട് ചിന്തിക്കാൻ പാടില്ല. നമ്മുടെ വരാനിരിക്കുന്ന കുഞ്ഞാവേക്കൊണ്ട് നിന്റെ പഠനതിന് ഒരു പ്രശ്നവും ഉണ്ടാകരുത്. നിന്റെ കോഴ്സ് കഴിയട്ടെ… വാവയൊക്കെ വരേണ്ട സമയമാകുമ്പോഴേക്കും വന്നോളും കേട്ടോ? ”
ഇങ്ങനെ ഒക്കെ പറഞ്ഞന്ന് കൊണ്ടു പിടിച്ച ഉപദേശം ആയിരുന്നു ഹരിയേട്ടൻ.
പറഞ്ഞതൊക്കെ ഉള്ളതാണെന്ന് തോന്നിയത് കൊണ്ടു ഞാനും അത് സമ്മതിച്ചു കൊടുത്തു.
🦋🦋🦋🦋🦋
ഇവിടെ ഉള്ളവരൊന്നും എന്നോട് കുഞ്ഞിനെക്കുറിച്ച് അങ്ങനെ സംസാരിച്ചിട്ടൊന്നുമില്ല. അമ്മ അതേക്കുറിച്ച് ഒന്നുമേ മിണ്ടിയിട്ടില്ല. ഞാൻ ഏറെ ഭയന്നിരുന്നത് അതാണ്. ഇനി കുഞ്ഞിന്റെ കാര്യം പറഞ്ഞു പുതിയ പ്രശ്നം ഉണ്ടാക്കുമോ എന്ന്….
ഇപ്പൊ കുറച്ചു നാളായി വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തട്ടീം മുട്ടീം അങ്ങനെ പോവാണേ….
പക്ഷെ ഒരുതവണ പോലും അമ്മ എന്നോട് അതേക്കുറിച്ച് പറഞ്ഞിട്ടില്ല… ഹരിയേട്ടനോടും സംസാരിച്ചിട്ടില്ല…. ഒരിക്കൽ വല്യമ്മയോട് മാത്രം ” അവർക്ക് വേണ്ടാന്നായിരിക്കും. വേണ്ടെങ്കി വേണ്ട. എനിക്കെന്ത്…. ” എന്ന് പറയുന്നത് കേട്ടു. കുഞ്ഞിന്റെ കാര്യം ആകുമെന്ന് ഞാൻ അന്ന് ഊഹിച്ചതാണ്. അല്ലാതെ അച്ഛനോട് പോലും ഇതേക്കുറിച്ച് ഒന്നും പറയുന്നത് ഞാൻ കേട്ടിട്ടില്ല.
അച്ഛനും അതേ….
ഇവിടെ കുഞ്ഞിന്റെ കാര്യം ചോദിച്ചിട്ടുള്ളത് ബീന ചേച്ചിയാണ്. പിന്നെ ഒരു തവണയോ മറ്റോ വല്യമ്മയും….
വല്യമ്മയിൽ നിന്നും വന്നത് ഒരു തരത്തിൽ പറഞ്ഞാൽ മുനയുള്ള സംസാരമായിരുന്നു.
” കൊച്ച് ഇപ്പൊ വേണ്ടാന്ന് പറഞ്ഞിരുന്ന പലർക്കും പിന്നെ വേണോന്ന് വച്ചപ്പോ കൊച്ചിനെ കിട്ടീട്ടില്ല. നമ്മക്ക് തോന്നുമ്പം തോന്നുമ്പം ദൈവം എടുത്ത് താരോന്നും ഇല്ല കൊച്ചേ… ദൈവം തരുമ്പം രണ്ട് കയ്യും നീട്ടി വാങ്ങിക്കണം. അങ്ങനാ നല്ല പെൺപിള്ളാര്. ഒരു കുടുംബം ആയാ ആദ്യം വേണ്ടത് കൊച്ചാ… അത് കഴിഞ്ഞേ പഠിതോം ജോലീം കൂലീം ഒക്കെ ഒള്ളൂ…..
പണ്ടത്തെ പിള്ളാർക്ക് ഭർത്താവും പിള്ളാരും കഴിഞ്ഞേ ബാക്കി എന്തും ഉണ്ടാരുന്നുള്ളൂ… ഇപ്പഴത്തെ പിള്ളാർക്ക് കല്യാണം കഴിഞ്ഞ് ഉടനെ പ്രസവിക്കാൻ കൊറച്ചില്…. കൊച്ചുങ്ങൾ ആയാപ്പിന്നെ പത്രാസ് കാണിക്കാണും കെട്ടിയോന്റെ കൂടെ കറങ്ങി നടക്കാനും ഒന്നും പറ്റൂലല്ലോ അല്ലെ? കാലം പോയ പോക്കേ? ”
വല്യമ്മ കുറച്ചു നാള് മുൻപ് എന്നെ കണ്ടപ്പോ താടിയിൽ കൈ കൊടുത്തു നിന്ന് പറഞ്ഞതാണ് ഇതൊക്കെ.
ഇതൊക്കെ ഞാൻ മീനൂനോട് പറഞ്ഞപ്പോ അവള് പറഞ്ഞത് എന്താണെന്നോ?
” ഇപ്പോഴത്തെ പിള്ളാർക്ക് ബുദ്ധിയുണ്ട്. പണ്ടത്തെ പെൺപിള്ളാർക്ക് അത് ഇച്ചിരി കുറവായിരുന്നു എന്ന് അങ്ങോട്ട് പറഞ്ഞു കൊടുക്കാൻ മേലാരുന്നോ നിനക്ക് ” എന്ന്….
വല്യമ്മ ഇങ്ങനെ ഒക്കെ ആണേലും കുഞ്ഞമ്മ ഇതേവരെ എന്നോട് ഇക്കാര്യം ചോദിച്ചിട്ടില്ല കേട്ടോ. അമ്മൂന് ഇതേവരെ കുഞ്ഞുങ്ങൾ ആയിട്ടില്ലല്ലോ? അത് കൊണ്ട് എന്നോട് ചോദിക്കാൻ ആൾക്ക് ചിലപ്പോ മടി കാണും.
🦋 🦋 🦋 🦋 🦋
അയൽക്കാരൊന്നും എന്നോട് പിന്നെ ആവശ്യത്തിന് പോലും മിണ്ടാറില്ലിപ്പൊ…
അവരുടെയൊക്കെ കണ്ണിൽ ഞാൻ ക്രൂരയായ മരുമകൾ ആണല്ലോ? അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി ഞനും ആരോടും ഒന്നും ചോദിക്കണോ പറഞ്ഞു തിരുത്താനോ പോയിട്ടില്ല. അല്ലെങ്കിൽ തന്നെ ഞാൻ അങ്ങോട്ട് ചെന്ന് അവരോടൊക്കെ എന്ത് പറയാനാണ്? എങ്കിലും ചിലരൊക്കെ മിണ്ടാതെ പോകുന്നത് കാണുമ്പോ ഇപ്പോഴും മനസ്സിങ്ങനെ പുകഞ്ഞു നീറും…. ചിലപ്പോഴൊക്കെ കണ്ണും നനയും. കല്യാണം കഴിഞ്ഞു വന്ന സമയത്തൊക്കെ എത്ര സ്നേഹത്തോടെ സംസാരിച്ചിരുന്നവരാണ് എന്നോർക്കും…
ശൈലജ മാമി മാത്രം ഇപ്പോഴും സ്നേഹത്തോടെ സംസാരിക്കും. മാമി മരുമകളെക്കുറിച്ച് ഓരോന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ, അവർക്ക് ആ ചേച്ചിയോട് എത്ര സ്നേഹമാണ് എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്.
എന്റെ അമ്മായിയോ? എന്നെക്കുറിച്ച് ആരോടെങ്കിലും എന്തെങ്കിലും നല്ലത് പറഞ്ഞിട്ടുണ്ടാകുമോ?
ചിലപ്പോ തോന്നും ഞാനൊരു മോശപ്പെട്ട മരുമകൾ ആയത് കൊണ്ടാകുമോ എന്ന്… ഈ സീരിയലിലൊക്കെ കാണുന്നത് പോലെ എന്ത് കേട്ടാലും മിണ്ടാതെ നിന്നിരുന്നെങ്കിൽ അവരെന്നെക്കുറിച്ച് ഇങ്ങനെ നാട് നീളെ മോശം പറഞ്ഞു നടക്കാതിരുന്നേനേല്ലോ എന്ന്….
അപ്പൊത്തന്നെ എന്റെ ഇന്നർ മൈൻഡ് അത് തിരുത്തുകയും ചെയ്യും. പ്രതികരിക്കാൻ തുടങ്ങും മുന്നേയും നല്ലതൊന്നും പറഞിട്ടില്ലലോ എന്ന ചിന്ത ഉണരുമ്പോൾ അതും ശരിയാണല്ലോ എന്ന് തോന്നും.
നമുക്ക് നമ്മൾ ആയിരിക്കുമല്ലോ എപ്പോഴും ശരി…
അതിപ്പോ അമ്മായിയോട് ചോദിച്ചാൽ അവർക്കും ഉണ്ടാകും അവരുടേതായ കുറേ ന്യായങ്ങൾ…..
🦋 🦋 🦋
മറ്റുള്ളവരോട് പറഞ്ഞിട്ടുള്ളത് പോലെ ശൈലജ മാമിയോടും അമ്മ പലതും പറഞ്ഞിട്ടുണ്ടാകും. എന്നിട്ടും അവര് മാത്രം എന്താണ് എന്നോട് മോശമായി പെരുമാറാത്തത് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരുപക്ഷെ അവർക്ക് അമ്മയുടെ സ്വഭാവം മനസ്സിലായിട്ടുണ്ടാകണം… അതിനുള്ള എന്തെങ്കിലും സാഹചര്യം ഉണ്ടായിട്ടുണ്ടാകണം…..
ഇടയ്ക്കൊക്കെ ശൈലജ മാമീടെ ഇടുപ്പിൽ ഒരു കുഞ്ഞും കാണും. മാമീടെ മകന്റെ കുഞ്ഞാണ്. രണ്ട് വയസ്സുകാരൻ ഇച്ചു.
കൊഞ്ചി പറയുന്നൊരു കുറുമ്പൻ. എന്നോട് വലിയ കൂട്ടാണ് ആള്. അവനെ കാണുമ്പോഴൊക്കെ ഒരു കുഞ്ഞ് വേണമെന്ന മോഹം ഇങ്ങനെ നെഞ്ചിലേക്ക് ഇരമ്പിയെത്തും….
ഹരിയേട്ടനോട് അത്രയും ആശയോടെ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നത് അവനെ കാണുന്ന ദിവസങ്ങളിൽ ആയിരിക്കും.
” ഒക്കെ നടക്കൂടോ…. നിന്റെ ആഗ്രഹം പോലെ ഉടനെ ഒരു മോളൂട്ടി വരൂന്നേ… ”
കണ്ണും നിറച്ചിരിക്കുമ്പോ ഹരിയേട്ടൻ എന്നെ ആശ്വസിപ്പിക്കും….. എത്ര തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റി വച്ച് അന്നെന്നോട് ഒത്തിരി സംസാരിക്കും.
രാത്രി ഞാൻ ഉറങ്ങുവോളം എന്നെ ആ നെഞ്ചിലേക്ക് കയറ്റി കിടത്തി പാട്ട് മൂളിത്തരും…
വലിയ പാട്ടുകാരാനൊന്നുമല്ല…
എന്നാലും എനിക്കത് കേൾക്കാൻ വലിയ ഇഷ്ടമാണ്.
അപ്പോഴൊക്കെയും ഞാൻ ഓർക്കും….
ഈ മനുഷ്യനാണ്….
ഈ സ്നേഹമാണ് എല്ലാം സഹിച്ചു നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നതെന്ന്…..
കണ്ണുകൾ മൂടും മുൻപ് മനസ്സിൽ പ്രത്യാശ നിറയും…
എന്റെ മോഹവും പൂവണിയും…..
ഹരിയേട്ടൻ പറയും പോലെ ഒരു ചുന്ദരി മണി ഞങ്ങൾക്കിടയിലേക്ക് വരും….
ഞങ്ങൾക്ക് പ്രാണനെപ്പോലെ സ്നേഹിക്കാൻ…..
അധികം വൈകാതെ…
🦋 🦋 🦋 🦋 🦋
അടുത്ത പാർട്ട് വൈകാതെ തരാട്ടോ….

by