25/05/2026

മരുമകൾ : ഭാഗം 55

രചന – ഗംഗ ശലഭം

ഒത്തിരി സന്തോഷത്തോടെയാണ് വീട്ടിലേക്ക് ചെന്ന് കയറിയത്. എപ്പോഴും മുഖം കറുപ്പിച്ചു കണ്ടിട്ടുള്ള അച്ഛമ്മ പോലും സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു എന്നെ…..

ഹരിയേട്ടൻ എന്നെ കൊണ്ട് വിട്ടിട്ട് കുറച്ചു കഴിഞ്ഞു മടങ്ങിപ്പോയി. സത്യം പറഞ്ഞാൽ പതിവില്ലാതെ വല്ലാത്ത വിഷമം തോന്നി എനിക്ക്. അമ്മ അടുത്ത് നിക്കാണെന്ന് പോലും നോക്കാതെ ആളിനെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ….
അമ്മ ചിരിയോടെ നോക്കി നിൽപ്പുണ്ട്. അമ്മ ആയോണ്ട് എനിക്ക് ജാള്യത ഒന്നും തോന്നിയില്ല എങ്കിലും ആളിന്റെ മുഖത്ത് നല്ലോണം ചമ്മൽ തെളിഞ്ഞു കണ്ടു.

സാധാരണ എന്നെ കൊണ്ട് വിട്ടിട്ട് പോകുമ്പോ ചെറിയ വിഷമം ഒക്കെ വരാറുണ്ടെങ്കിലും ഇങ്ങനെ സഹിക്കാൻ പറ്റാത്ത സങ്കടം ഒന്നും തോന്നാറുണ്ടായിരുന്നില്ല.

ഇതിപ്പോ ” നാളെ കാലത്തെ ഞാനിങ്ങു വന്നേക്കാടി ” എന്നും പറഞ്ഞു ആളെന്റെ കവിളിൽ തട്ടി പോയപ്പോ നെഞ്ചു വിങ്ങി പൊട്ടും പോലെ തോന്നി എനിക്ക്. സഹിക്കാൻ വയ്യാത്ത പോലെ സങ്കടം വന്നെന്നേ പൊതിഞ്ഞു.

ഹോർമോണിന്റെ കളി അല്ലാതെന്താ?

അമ്മേ കെട്ടിപ്പിടിച്ചിരുന്ന് കുറച്ചു കരഞ്ഞപ്പോ സങ്കടം കുറച്ചങ്ങു മാറിക്കിട്ടി.

🦋

മാമി വന്നപ്പോ കുറേ സ്വീറ്റ്സും പലഹാരങ്ങളും ഒക്കെയായിട്ടാണ് വന്നത്. എന്തിന് മധു പോലും കൊണ്ട് വന്നു സ്വീറ്റ്സ്….

” എന്തോന്നെടേയ്…? ”

എന്ന് ചോദിച്ചു ഞാൻ കൈ മലർത്തിയപ്പോ, ” പിന്നെ ഗർഭിണിയെ കാണാൻ കയ്യും വീശി വരാൻ പറ്റോ ” എന്ന് ഒരു ചോദ്യോം…

ഇവൻ ഇങ്ങനെയൊക്കെ ചിന്തിക്കാറായോ എന്നാലോചിച്ചു പോയി ഞാൻ…..

ഏതോ ബന്ധു വീട്ടിൽ പോയിരുന്നോണ്ട് മീനു പിറ്റേന്നാണ് വന്നത്. അതും രണ്ട് വലിയ ഡയറി മിൽക്കും ബേബി സെറ്റും കുഞ്ഞുടുപ്പുമായിട്ട്…!

ഭൂലോക പിശുക്കി ആയവള്, മാമൻ അവൾക്ക് കൊടുക്കാറുള്ള പോക്കറ്റ് മണി ചിലവാക്കാതെ കൂട്ടി വച്ചിരുന്നതിൽ നിന്ന് എടുത്ത് വാങ്ങിയതാണത്രെ….

” ഇതെന്തോന്നാടി ഇതൊക്കെ? ഞാൻ പ്രസവിച്ചു കിടക്കുവല്ല… ഗർഭിണിയാ… ”

എന്നും പറഞ്ഞു ഞാൻ അന്തിച്ചിരുന്നപ്പോ അവള് പറഞ്ഞതെന്താണെന്ന് അറിയോ ….?

” നീ പ്രസവിക്കാൻ എന്തായാലും എട്ട് ഒൻപത് മാസം എടുക്കൂല്ലേ? അതിനിടേൽ എന്റെ കല്യാണം വല്ലോം കഴിഞ്ഞാലോ? സപ്പോസ്… കല്യാണം കഴിക്കുന്ന ആളൊരു ഗൾഫ്കാരനാണെന്ന് ഇരിക്കട്ടെ… ഞാൻ അയാൾടെ കൂടി ഗൾഫിൽ പോവൂലെ? എനിക്കപ്പൊപിന്നെ നീ പ്രസവിച്ചു എന്നറിഞ്ഞു കുഞ്ഞാപ്പൂനെ കാണാൻ വരാൻ പറ്റോ? ഇല്ലല്ലോ? അപ്പൊ കുഞ്ഞ് പറയൂല്ലേ എന്നാലും മീനു ചേച്ചി എന്നെ കാണാൻ വന്നില്ലല്ലോ? എനിക്ക് സമ്മാനം ഒന്നും കൊണ്ട് വന്നില്ലല്ലോ? എന്നൊക്കെ…. ആ പരാതി ഒഴിവാക്കാനാ ഇപ്പഴേ കൊണ്ടന്നത്. ”

” ഈ ഫുത്തി ഒക്കെ നീയിത് എവിടെ കൊണ്ട് ഒളിപ്പിച്ചു വച്ചേക്കയാരുന്നു? ”

താടീൽ കയ്യും കൊടുത്ത് ഞാൻ നോക്കുമ്പോഴുണ്ട് മാമീം മാമനും മധുവും എന്തിന് എന്റെ അച്ഛൻ പോലും ഏതാണ്ട് അതേ ഭാവത്തിൽ അവളെ നോക്കുന്നു.

ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നിൽപ്പുണ്ടവള്…

” അല്ലേടി… നീയിപ്പോ ചേച്ചിന്നെങ്ങാണ്ടോ പറഞ്ഞല്ലോ? അതേത് വകേല്? ”

മധുവിന് അതാണ്‌ സംശയം.

” പിന്നെ…. ഈ യുവ’കോമാളി’യായ എന്നെ മാമീന്നോ കുഞ്ഞമ്മാന്നോ ആന്റിന്നൊ ഒന്നും വിളിക്കാൻ ഞാൻ സമ്മതിക്കൂല്ല…. ”

യുവ കോമള എന്നാണ് ഉദ്ദേശിച്ചത്. പറഞ്ഞു വന്നപ്പോ കോമാളി ആയിപ്പോയി. പാവം അതൊട്ട് മനസ്സിലായതുമില്ല. എന്നാൽ ബാക്കി എല്ലാരും വെടിപ്പായിട്ട് കേൾക്കേം ചെയ്തു.

” ഹാ…. ആ പറഞ്ഞത് കറക്റ്റ്. ഇപ്പോ ശെരിയായി…. ”

മധു അടക്കി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് അവൾക്ക് പറ്റിപ്പോയ നാക്ക് പിഴ മനസ്സിലായത്. മുഖം വീർപ്പിച്ചു കെട്ടി ഇറങ്ങി ഒറ്റ പോക്ക്….
ഞങ്ങൾ അതും നോക്കി കൂട്ടച്ചിരി ചിരിച്ചു.

അത്രേം നേരം ഞാൻ എന്റെ അസ്വസ്ഥതകളൊക്കെ പാടേ മറന്ന് പോയിരുന്നു. എന്തിന് ശർദ്ദിൽ വരെ അതിന്റെ ഡ്യൂട്ടി മറന്ന് പോയെന്ന് തോന്നുന്നു. ഇല്ലേൽ ഈ നേരം കൊണ്ട് കുറഞ്ഞത് രണ്ട് വട്ടം എങ്കിലും ഹാജർ വയ്ക്കേണ്ടതാണ്.

🦋

ഏതാണ്ട് ഉച്ചയോട് അടുപ്പിച്ചാണ് ഹരിയേട്ടൻ വന്നത്. അമ്മേടെ അസുഖം ഒക്കെ കംപ്ലീറ്റ് മാറ്റിയത്രേ. അത് കൊണ്ട് എന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞാണ് വിട്ടതെന്ന്.

സാധാരണ ഞാൻ എന്റെ വീട്ടിൽ വന്ന് നിക്കുമ്പോ എന്നെ അങ്ങോട്ട് വരുത്താനായിട്ട് അവർക്ക് അസുഖം വരികയാണ് ചെയ്യാറ്. ഇതിപ്പോ ഉണ്ടായിരുന്ന അസുഖം ഇത്ര വേഗം ഓടിപ്പോയോ?

എന്തായാലും കൊള്ളാം….!

വൈകിട്ട് തിരികെ പോകുമ്പോ ഹരിയേട്ടൻ എന്നോട് കൂടി ചെല്ലാൻ പറയുമെന്ന് കരുതി എങ്കിലും രണ്ട് മൂന്ന് ദിവസം കൂടി നിന്നിട്ട് വന്നാൽ മതി എന്ന് ആള് ഇങ്ങോട്ട് പറഞ്ഞപ്പോൾ ആശ്വാസം തോന്നി.

🦋 🦋 🦋

വീട്ടിൽ നിന്ന മൂന്ന് നാല് ദിവസം ഫുൾ റസ്റ്റ്‌ തന്നെ ആയിരുന്നു. കുടിക്കാനുള്ള വെള്ളം വരെ ഇരിക്കുന്നിടത്ത് കിട്ടും.

ആഹാ പെണ്ണ് സുഖിക്കയാണല്ലോ എന്ന് കരുതാൻ വരട്ടെ…

സുഖം തോന്നണമെങ്കിൽ ഈ പണ്ടാരം ശർദ്ദിൽ ഒന്ന് മാറിക്കിട്ടണ്ടേ? അറ്റ്ലീസ്റ്റ് രുചി അറിഞ്ഞു എന്തെങ്കിലും ഒന്ന് വായിൽ വയ്ക്കാനെങ്കിലും തോന്നണ്ടേ?

രാവിലെ പല്ല് തേയ്ക്കാൻ ബ്രെഷ് എടുക്കുമ്പോ തുടങ്ങുന്ന ശർദ്ദിൽ ആണ്. ബ്രേക്ക്‌ ഫാസ്റ്റ് ആയിട്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു ദോശയോ ഇഡലിയോ കഴിച്ചാലോ? അത് വയറിൽ എത്തും മുന്നേ ഇങ്ങ് തിരികെ പോരും…

ഉച്ചയ്ക്ക് ചോറിന്റെ ‘ചോ’ കേൾക്കുമ്പോഴേ തുടങ്ങും ഓക്കാനം. അത് കൊണ്ട് പൊടിയരി കഞ്ഞിയും അച്ചാറോ, രസമോ ഒക്കെയാണ് ഉച്ച ഭക്ഷണം.

കഞ്ഞി എന്ന് കേൾക്കുമ്പോ കണ്ടം വഴി ഓടിക്കൊണ്ടിരുന്ന ഞാനാണിപ്പോ ഡെയിലി ഈ കഞ്ഞി കുടിക്കുന്നത് എന്നോർക്കണം.

ഇപ്പോഴും ഇഷ്ടം ഉണ്ടായിട്ടൊന്നും അല്ല… ഗതികേട്. അല്ലാതെന്താ?
ഈ കുടിക്കുന്ന കഞ്ഞി മാത്രേ എന്റെ വയറ്റിൽ കിടക്കാറുള്ളൂ… വേറെ എന്ത് കഴിച്ചാലും അത് ഇരട്ടി സ്പീഡിൽ തിരികെ വരും. പിന്നെ ഇടയ്ക്കിടെ അമ്മ വെള്ളവും എന്തെങ്കിലും ഫ്രൂട്ട് ജ്യൂസും ഒക്കെ കൊണ്ട് തരുന്നത് കൊണ്ട് ഉള്ള ഒരിത്തിരി ബോധം പോകുന്നില്ല എന്ന് മാത്രം…..

ശർദ്ദിലിന്റെ ഗുളിക രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നുണ്ട്. എന്നിട്ടാണ് ഈ ബഹളം എന്നോർക്കണം.

അമ്മ ആണെങ്കിലോ ഇതേ വരെ ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത സാധനങ്ങളാണ് ഉണ്ടാക്കി മുന്നിൽ നിരത്തുന്നത്. പലതും കാണുമ്പോഴേ ഞാൻ ശർദ്ദിക്കാൻ ഓടും എന്നുള്ളത് വേറെ കാര്യം.

പണ്ട് അമ്മയ്ക്ക് ഒന്നും സ്വന്തം ഇഷ്ടത്തിന് ഉണ്ടാക്കാനുള്ള അധികാരം ഉണ്ടായിരുന്നില്ലല്ലോ? അച്ഛമ്മ കലിപ്പല്ലായിരുന്നോ? ഇപ്പൊ അതൊക്കെ മാറിയതിന്റെ അഹങ്കാരം ആണെന്ന് പറഞ്ഞു ഞാൻ അമ്മേ കളിയാക്കുകേം ചെയ്തു.

എന്തായാലും എന്റെ വയ്യായ്ക കൊണ്ട് കോളടിച്ചത് മീനൂനും മധുവിനുമാണ്. അമ്മ ഉണ്ടാക്കുന്നതൊക്കെ എന്റെ മുന്നിലിരുന്ന് രണ്ടും കൂടി ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോ, ഒരിക്കെ ആ പലഹാരം പെറുക്കി തന്നെ രണ്ടിനേം എറിയുക വരെ ചെയ്തു ഞാൻ….

🦋

” ദേവൂസേ… ഇടയ്ക്കിടെ ഇത് പോലെ വന്ന് നിക്കണേടി…. ”

നാല് ദിവസം കഴിഞ്ഞു ഞാൻ പോകാൻ ഇറങ്ങിയപ്പോ മീനു വന്നെന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.

” വരാടി… ”

എനിക്കും എന്തോ സങ്കടം വന്നു.

” വരണം… ഇല്ലേൽ നീ വരുമ്പോ മാമി ഉണ്ടാക്കുന്ന പലഹാരങ്ങളെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യും…. ”

ഇല്ലാത്ത മൂക്കളേം പിഴിഞ്ഞ് കളഞ്ഞ് ചുണ്ടും പിളർത്തി നിന്ന് അവള് പറയുന്നത് കേട്ട് നടുംപുറം നോക്കി ഒന്ന് കൊടുത്തു ഞാൻ…..

അല്ല പിന്നെ…!

എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് കരുതിയപ്പോ അവള് പറയുന്നത് കേട്ടില്ലേ?

🦋 🦋 🦋 🦋 🦋

” മക്കക്ക് ഒന്നും തിന്നാൻ പറ്റാത്തോണ്ടാണ്. ഇല്ലെങ്കിൽ അമ്മ എന്തെങ്കിലും ഒക്കെ ഒണ്ടാക്കി തന്നേനെ…. പാവം കൊച്ച് ഒന്നും തിന്നാൻ പറ്റാതെ ക്ഷീണിച്ചു പോയി. ”

ഹരിയേട്ടന്റെ മുന്നില് വച്ചോ, അയൽക്കാരോ മറ്റോ ഉള്ളപ്പോഴൊ ഒക്കെ അമ്മായി ഇങ്ങനെ ഡയലോഗ് അടിക്കും.

അല്ലാത്തപ്പോ പറയുന്നത് എന്താണെന്നോ?

” എനിക്ക് ഇതിനേക്കാട്ടിലും ശർദ്ദിലായിരുന്ന്… എണീറ്റ് നടക്കാൻ കൂടി വയ്യാരുന്നു. അപ്പഴും ഒരു വീട്ടിലെ മുഴുവൻ ജോലീം ഞാൻ ഒറ്റയ്ക്ക് ചെയ്യും. അന്നീ മൂന്ന് മാസം റസ്റ്റ്‌ അങ്ങനെ ഒന്നും ഇല്ലാരുന്നല്ലോ? എല്ലാം നമ്മള് തന്നെ ചെയ്യണ്ടേ ”
എന്ന്….

അങ്ങനെ ബെഡ് റസ്റ്റ്‌ ഒന്നും പറഞ്ഞിട്ടില്ല എങ്കിലും മൂന്ന് മാസം ഒന്ന് ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞിരുന്നേ…. അത് പറഞ്ഞതിന് ശേഷം അമ്മായി ഇടയ്ക്കിടെ ഈ ഡയലോഗ് അടിക്കാറുണ്ട്.

അമ്മായീടെ ആ പറച്ചിൽ നിന്നത് ഇടയ്ക്ക് വീട്ടിലേക്ക് വന്ന കുഞ്ഞമ്മേടെ ഒറ്റ വാചകത്തിലാണ്.

” നിനക്ക് പിന്നെ ഇങ്ങനെ ശർദ്ദിൽ ഒന്നും ഇല്ലായിരുന്നല്ലോ? അതുവല്ല ജോലിയൊക്കെ അമ്മ ചെയ്യൂല്ലാരുന്നോ? കംപ്ലീറ്റ് റസ്റ്റ്‌ ആയിരുന്നുവല്ലോ? ഞാനൊക്കെ ആ സമയം എന്തോരം ബുദ്ധിമുട്ടിയിട്ടുണ്ടെന്നോ? ചേട്ടന്റെ അമ്മ ഒരല്പം പ്രശ്നക്കാരി ആയിരുന്നെ…. ”

എന്ന് കുഞ്ഞമ്മ പറഞ്ഞതും ഞാൻ നേരെ നോക്കിയത് അമ്മായീടെ മുഖത്താണ്. ആള് നല്ലോണം ചമ്മി നിൽപ്പുണ്ട്.

എന്തൊക്കെ ആയിരുന്നു?

അവശയായി എണീറ്റ് നിക്കാൻ വയ്യാതിരുന്നപ്പോ വടീം കുത്തി അടുക്കളയിൽ നിന്ന് പാചകം ചെയ്ത കഥ വരെ പറഞ്ഞിട്ടുണ്ടേ…. ആ കഥയൊക്കെ ഇപ്പൊ കുഞ്ഞമ്മേടെ ഒറ്റ ഡയലോഗിൽ കള്ളക്കഥ ആയില്ലേ? അതിന്റെ ഒരു നാണക്കേട് ആളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

അന്ന് കുഞ്ഞമ്മേടെ മുന്നിൽ വച്ച് ചിരിക്കാതിരിക്കാൻ, പൊട്ടി വന്ന ചിരി അടക്കി പിടിച്ച പാട് എനിക്കേ അറിയൂ….

🦋 🦋 🦋 🦋 🦋

ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോ വിശപ്പൊക്കെ വരൂന്നോ, ശർദ്ദിൽ മാറൂന്നോ, ആഹാരമൊക്കെ നല്ലോണം കഴിക്കാൻ പറ്റൂന്നോ ഒക്കെയാണ് എല്ലാരും പറഞ്ഞത്. പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല.

മൂന്ന് മാസത്തിനു ശേഷവും, ദിവസം എട്ടും പത്തും തവണ വന്നിരുന്ന ശർദ്ദില്, ഗുളിക കഴിക്കുന്ന പോലെ ദിവസം മൂന്ന് നേരം എന്നതിലേക്ക് ചുരുങ്ങി എന്നതൊഴിച്ചാൽ മറ്റെല്ലാം പഴയത് പോലെ തന്നെ ആയിരുന്നു.

വിശപ്പ് എന്താണെന്ന് മറന്ന മട്ടാണ് എന്റെ വയറ്…. ഇപ്പോഴും ഉച്ചയ്ക്ക് കഞ്ഞി അല്ലാതെ വേറൊന്നും കഴിക്കാൻ പറ്റൂല്ല.

ആ കഞ്ഞി തന്നെ ഞാൻ ഉണ്ടാക്കി കഴിക്കണം. അല്ലാതെ ഇതേവരെ അമ്മായി എനിക്ക് ഉണ്ടാക്കിത്തന്നിട്ടില്ല. കഞ്ഞി എന്നല്ല ഒന്നും…. എന്തെങ്കിലും എനിക്ക് ഇഷ്ടമുള്ളതുണ്ടോ എന്ന് ചോദിച്ചിട്ടും ഇല്ല.
ഞാൻ അത് പ്രതീക്ഷിച്ചിട്ടും ഇല്ല….

അക്കാര്യത്തിൽ എനിക്ക് വിഷമവും തോന്നിയിട്ടില്ല. ഉണ്ടാക്കിയാലും എനിക്ക് കഴിക്കാനൊന്നും പറ്റില്ലല്ലോ?

ഈ സിനിമയിലും സീരിയലിലും ഒക്കെ ഗർഭിണികൾ പാതിരാത്രി പോലും ഭർത്താവിനെ മസാല ദോശ വാങ്ങാനും പച്ച മാങ്ങ വാങ്ങാനുമൊക്കെ പറഞ്ഞു വിടുന്നതൊക്കെ കണ്ടിട്ടുള്ളത് കൊണ്ട് എന്റെ ഗർഭകാലവും അങ്ങനെ ഒക്കെ ആകുമെന്ന് കരുതിയതാണേ…

ഇപ്പൊ മാസം നാലായിട്ടും ഒരു ഗ്ലാസ്സ് കട്ടൻ ചായ എങ്കിലും നേരാവണ്ണം കുടിക്കാൻ പറ്റിയാൽ മതിയെന്ന് ചിന്തിച്ചിരുന്ന് വിഷമിക്കുമ്പോ ഞാൻ ഹരിയേട്ടനോട് പറയും….

” ഈ വയറ്റിൽ കിടക്കുന്നത് ഹരിയേട്ടന്റെ അമ്മേടെ ശിങ്കിടി ആണെന്നാ തോന്നണത്. ഇല്ലേൽ പിന്നെ എന്നോട് ഇത്രേം വിരോധം കാണോ? എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തോ ”
എന്ന്….

അത് കേക്കുമ്പോ ” ആണോടാ? നീ അമ്മൂമ്മേടെ ശിങ്കിടിയാ? ” എന്ന് ചോദിച്ചു എന്റെ വയറിൽ തടവി ഹരിയേട്ടൻ ഒരു ചിരിയുണ്ട്.

അത് കാണുമ്പോ എന്റെ ദേഷ്യവും ഇരട്ടിക്കും…. അല്ലെങ്കിലും ഇപ്പൊ ഈ ദേഷ്യവും സങ്കടവും ഒക്കെ വളരെ കൂടുതൽ ആണെന്നെ…. കണ്ട്രോൾ ചെയ്യാനേ പറ്റാറില്ല….

വെറുതെ ദേഷ്യപ്പെട്ടു കളയും ഞാൻ…. അല്ലെങ്കിൽ അമ്മായി എന്നെ മുൻപ് പറഞ്ഞിട്ടുള്ളത് ഓരോന്നൊക്കെ ഓർത്തിട്ട് ചുമ്മാതിരുന്ന് കരയും.

അമ്മായി ഓരോന്നൊക്കെ കുത്തി പറയുമ്പോ അവരുടെ മുന്നിൽ വച്ച് തന്നെ കരയുക, കുറച്ചു കഴിഞ്ഞു അമ്മായി ആ പറഞ്ഞതിന്റെ ദേഷ്യം കൂടി ഹരിയേട്ടന്റെ അടുത്ത് തീർക്കുക, അമ്മായി വെറുതെ ഇരിക്കുന്ന അവസരങ്ങളിൽ മുൻപ് എന്നെ ഇങ്ങനെ പറഞ്ഞില്ലേ എന്നൊക്കെ ചോദിച്ചു ദേഷ്യപ്പെടുക…. ഇതൊക്കെയാണ് ഈയിടെയായി എന്റെ ഹോബിസ്….

ഇങ്ങനെ പോയാൽ എന്നാണോ അമ്മായി എന്റെ ഭക്ഷണത്തിൽ വിഷം കലക്കി തരുന്നത്? അല്ലേല് സഹികെട്ട് ഹരിയേട്ടൻ തന്നെ എന്നെ എടുത്തു വല്ല തോട്ടിലും ഇടും….

ചിലപ്പോ എനിക്ക് വട്ടാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്.

ഹരിയേട്ടനോട് എന്റെ ഈ മൂഡ് സ്വിങ്സ്നെക്കുറിച്ച് പറയുമ്പോ ” ഹോർമോൺ ചേഞ്ചസ് ആണെടോ… ഇതൊക്കെ ഈ പ്രെഗ്നൻസി ടൈമിൽ ഉണ്ടാവുന്നതാ…. മൈൻഡ് എപ്പോഴും കാം ആൻഡ് കൂൾ ആയിട്ട് വയ്ക്കണം. വെറുതെ ഇരുന്ന് ഓരോന്ന് ചിന്തിച്ചു ടെൻസ്ഡ് ആകാതെ ആ സമയം മറ്റെന്തെങ്കിലും ചെയ്യണം. ഇഷ്ടമുള്ള പാട്ട് കേൾക്കാം…. നിറയെ ബുക്സ് വായിക്കാം…. പുറത്തൊക്കെ ഇറങ്ങി നടക്കാം…. നല്ല കാറ്റൊക്കെ കൊള്ളുമ്പോ മനസ്സിന് സന്തോഷം കിട്ടും… ”

ഇങ്ങനെ ഒക്കെ പറയും ഹരിയേട്ടൻ. ഇതൊക്കെ ചെയ്തിട്ടും അമ്മായീടെ പലപ്പോഴുമുള്ള പെരുമാറ്റം എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

🦋

ഏതാണ്ട് അഞ്ച് മാസമെടുത്തു ശർദ്ദിൽ ഒന്ന് കുറഞ്ഞു കിട്ടാൻ. കുറഞ്ഞു എന്നല്ലാതെ പൂർണമായും മാറുകയൊന്നും ഉണ്ടായില്ല. ഇടയ്ക്കൊക്കെ ഞാൻ ഇവിടെ തന്നെ ഉണ്ട് എന്നറിയിക്കാൻ ആശാൻ വന്ന് പോകാറുണ്ട്. അങ്ങനെയുള്ള ദിവസം ആകെ വശം കെട്ട് പോകും ഞാൻ….

അങ്ങനെ ഒരു ദിവസം….
രാത്രി ഹരിയേട്ടൻ വാങ്ങിക്കൊണ്ട് വന്ന മൈസൂർ പാവ് കഴിച്ചു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വീറ്റ് ഐറ്റം ആണ് മൈസൂർ പാവ്. ഇപ്പൊ പക്ഷെ ഇഷ്ടമോ താല്പര്യമോ തോന്നിയില്ല എങ്കിലും, സാധനം മൈസൂർ പാവല്ലേ, കണ്ടില്ലാന്നു നടിക്കാൻ ഒക്കില്ലല്ലോ എന്ന് കരുതി ഒരെണ്ണം കഴിച്ചു പോയി.

പോരെ പൂരം….?

അന്നേരം തുടങ്ങിയ ശർദ്ദിൽ ആണ്… രാവിലെ ആയിട്ടും മാറ്റമൊന്നും ഉണ്ടായില്ല.

” വേണ്ടാത്തത് ആണേൽ തിന്നരുത്. ഇങ്ങനെ ഒണ്ടോ കടപ്പണ്ടത്തിന്റോടെ കൊതി? ഓരോന്നൊക്കെ വാങ്ങിപ്പിച്ചു എന്റെ ചെറുക്കനെ മുടിപ്പിക്കാനായിട്ട്. അല്ലാതെന്താ..? ”

അച്ഛനോടാണ് പറഞ്ഞത് എങ്കിലും ഞാൻ കേൾക്കാൻ വേണ്ടി തന്നെ ആണ് എന്ന് എനിക്ക് ഉറപ്പായിരുന്നു. അമ്മായി പറയുന്നത് കേട്ടിട്ടും മറുത്തു പറയാനുള്ള ശക്തി ഒന്നും അന്നേരം എനിക്ക് ഉണ്ടായില്ല. ഒടുവിൽ മനസ്സിൽ അവരെ പത്ത് ചീത്ത വിളിച്ച് ആശ്വാസം കണ്ടെത്തി.

ഹരിയേട്ടന് കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ പ്രാക്ടിക്കൽ എക്സാമിന്റെ external എക്സാമിനർ ആയി പോകേണ്ടത് കൊണ്ട് ലീവ് എടുക്കാനൊന്നും പറ്റിയില്ല.

” കുറവില്ലേൽ നമുക്ക് വൈകിട്ട് ഞാൻ വന്നിട്ട് ഹോസ്പിറ്റലിൽ പോകാം. തീരെ വയാന്ന് ആണേൽ നീ വീട്ടിൽ വിളിച്ച് അച്ഛനേം കൂട്ടി ഹോസ്പിറ്റലിൽ പൊയ്ക്കോ… ”

എന്നും പറഞ്ഞു ആള് രാവിലെ തന്നെ ഇറങ്ങി.

എനിക്കിനി എത്ര വയ്യാതായാലും അമ്മായി എന്റെ കൂടെ ഹോസ്പിറ്റലിലേക്കൊന്നും വരാൻ പോണില്ല. ഈ അഞ്ച് മാസത്തിനിടയ്ക്ക് ഒരു തവണ പോലും വന്നിട്ടുമില്ല.

ഇടയ്ക്ക് ഒരുതവണ ഇത് പോലെ ഹരിയേട്ടന് ലീവ് എടുക്കാൻ പറ്റാതിരുന്നപ്പോ എനിക്ക് വയ്യാതായി. അന്ന് ഞാൻ എന്റെ അമ്മേം അച്ഛനേം വിളിച്ചാണ് ഹോസ്പിറ്റലിലേക്ക് പോയത്.

കുറേ നാള് കൂടീട്ട് അമ്മായിക്ക് അന്ന് തലചുറ്റൽ വന്നു. കൂടെ വരാൻ പറ്റാത്തത് തീരെ വയ്യാഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞു എന്റെ അമ്മേടേം അച്ഛന്റേം മുന്നില് അഭിനയിച്ചു തകർക്കുന്നുണ്ടായിരുന്നു.

ഇന്നിപ്പോ ഏകാദശിയോ മറ്റോ ആണ്. രാവിലെ തന്നെ അമ്പലത്തിൽ പോകാൻ ഒരുങ്ങി ഇറങ്ങിയിട്ടുണ്ട് ആള്.

ഏകാദശി ദിവസങ്ങളിൽ അമ്പലത്തിൽ നാരണീയ പാരായണം ഉണ്ട്. അമ്മ രാവിലെ പോയാൽ വൈകിട്ടേ വരൂ….

” കുമാരീ… നോക്ക്…. ആ കൊച്ചിന് വയ്യാതിരിക്കയല്ലേ? കുമാരി ഇന്ന് കോവിലിൽ പോയാ എങ്ങനെ ശെരിയാവും? അതിന് എങ്ങാനും വയ്യാതായാലോ? ഞാൻ എന്തോ ചെയ്യും? ”

പുറത്ത് നിന്നുള്ള അച്ഛന്റെ സംസാരം പകുതി ഉറക്കത്തിലാണ് കേട്ടത്.

അമ്മയുടെ മറുപടി ഒന്നും കേട്ടില്ല. മിക്കവാറും മൈൻഡ് പോലും ചെയ്യാതെ ഇറങ്ങി പോയിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു.

അങ്ങനെയേ കിടന്ന് ഞാൻ ഉറങ്ങിപ്പോയി. മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് പിന്നീട് ഉണർന്നത്. ഹരിയേട്ടനാണ്….

” ഇങ്ങനെ കിടന്നാൽ എങ്ങനെ ദേവൂ? മണി പതിനൊന്നായില്ലേ? എഴുന്നേറ്റു ഇത്തിരി വെള്ളം എങ്കിലും കുടിക്ക് നീ….. ചെറിയ ചൂട് വെള്ളം ഞാൻ അവിടെ മുറിയിൽ ഫ്ലാസ്കിൽ കൊണ്ട് വച്ചിട്ടുണ്ട്. ”

പറഞ്ഞതൊക്കെ മൂളിക്കേട്ടു. കാൾ കട്ടാക്കി പതിയെ എഴുന്നേറ്റു. ടേബിളിന് മുകളിൽ ഫ്ലാസ്ക് ഇരിക്കുന്നുണ്ട്. അത് വരെ എണീറ്റ് നടക്കാൻ വയ്യ.

കട്ടിലിനു താഴേക്ക് നോക്കുമ്പോ രാവിലെ കുടിച്ച് ബാക്കി വച്ച വെള്ളം ഗ്ലാസിൽ ഇരിക്കുന്നു. മൂടി ഒന്നും വച്ചിട്ടില്ല. എപ്പോഴോ തുറന്ന് വച്ചതാണ്. ഒന്ന് അനങ്ങാൻ പോലും വയ്യാതിരിക്കുന്ന എനിക്കിപ്പോ തുറന്ന് വച്ചതായാലെന്ത് അടച്ചു വച്ചതായാലെന്ത്?

അതിൽ ഉണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ചു… ശേഷം ഒന്ന് കിടന്നതേയുള്ളൂ വയറിൽ നിന്നെന്തോ എരിഞ്ഞു പുകഞ്ഞു മുകളിലേക്ക് കയറി വന്നു. എങ്ങനെയൊക്കെയോ ബാത്ത് റൂം വരെ എത്തിപ്പെട്ടു. കുടിച്ച വെള്ളം മുഴുവൻ ശർദ്ദിച്ചു കളഞ്ഞിട്ടും ഒക്കാനം നിൽക്കുന്നില്ല.

കണ്ണിലാകെ ഇരുട്ട് കയറി ശർദ്ദിലിനു മുകളിലേക്ക് തന്നെ ചരിഞ്ഞു വീഴുമ്പോൾ, സ്വന്തം ശർദ്ദിലിന്റെ തന്നെ ദുഷിച്ച ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി അന്നേരവും എനിക്ക് ഒക്കാനം വരുന്നുണ്ടായിരുന്നു.

ബോധം മറഞ്ഞു പോകുമ്പോ ആരോ എന്നെ വന്ന് തട്ടി വിളിക്കുന്നത് അറിഞ്ഞു… താങ്ങി എഴുന്നേൽപ്പിക്കാൻ നോക്കുന്നതും….

🦋

പിന്നീട് കണ്ണ് തുറക്കുമ്പോ ഹോസ്പിറ്റലിൽ ആണ്. എന്റെ അമ്മയും അച്ഛനും അടുത്തുണ്ട്.

” മക്കളേ….. ”

കണ്ണും നിറച്ച് അമ്മ എന്റെ അടുത്ത് വന്നിരുന്നതും ഞാൻ കുഴപ്പമൊന്നുമില്ല എന്ന് കണ്ണ് ചിമ്മി കാണിച്ചു. ആ മുഖം നിറയെ ആധിയാണ്.

” ഹരി വിളിച്ച് പറഞ്ഞിട്ടാ ഞങ്ങള് വന്നത്. ഹരീടെ അച്ഛൻ നിനക്ക് വയ്യാന്ന് അവനെ വിളിച്ചു പറഞ്ഞുത്രേ… ഞങ്ങള് വന്നപ്പോ നീ ബാത്ത് റൂമിനകത്തു വിഴുന്ന് കിടക്കാരുന്നു. അങ്ങേരെക്കൊണ്ട് ഒറ്റയ്ക്ക് എടുത്ത് പൊക്കാൻ പറ്റോ? വയസ്സായതല്ലേ? അതാവും ഹരിയെ വിളിച്ചത്. ”

എന്റെ സംശയം മനസിലാക്കിയത് പോലെ അമ്മ പറഞ്ഞു.

എന്നെ തട്ടി വിളിച്ചതും താങ്ങി പിടിക്കാൻ നോക്കിയതും ഹരിയേട്ടന്റെ അച്ഛൻ ആയിരിക്കണം….

അച്ഛന് എന്നോട് സ്നേഹം വന്നുവോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ജനിക്കാനിരിക്കുന്ന കുഞ്ഞിനോട് സ്നേഹം ഉണ്ടെന്ന് എന്തായാലും തീർച്ചയായി. അമ്മായി എങ്ങാനും ആയിരുന്നേൽ ഞാൻ ആ ബാത്ത് റൂമിനുള്ളിൽ കിടന്ന് ചത്തു പോട്ടേ എന്ന് കരുതുകേ ഉണ്ടായിരുന്നുള്ളൂ….

🦋

പിറ്റേന്നാണ് ഡിസ്ചാർജ് കിട്ടിയത്. നേരെ എന്റെ വീട്ടിലേക്കാണ് പോയത്.
അമ്മായി സുഖമായോ എന്നൊന്ന് വിളിച്ചു ചോദിച്ചത് കൂടിയില്ല.
എത്രയൊക്കെ പറഞ്ഞാലും അവരുടെ മോന്റെ കുഞ്ഞല്ലേ എന്റെ വയറ്റിൽ….? ആ ഒരു സ്നേഹം എങ്കിലും അവരെന്നോട് കാണിക്കുന്നില്ലല്ലോ എന്നോർക്കുമ്പോ വല്ലാത്ത ദേഷ്യം തോന്നാറുണ്ട് എനിക്ക് അവരോട്. കുഞ്ഞ് വന്ന ശേഷമുള്ള അവസ്ഥ എങ്ങനെ ആകുമെന്ന് ഓർത്തുള്ള ആശങ്കയുമുണ്ട്.

ഏതാണ്ട് രണ്ടാഴ്ചയോളം വീട്ടിൽ ഉണ്ടായിരുന്നു ഞാൻ. അതിനിടേൽ അമ്മമ്മേം മാമനും കൂടി എന്നെ കാണാൻ വന്നു. കയ്യിൽ കൊള്ളാത്തത്ര സാധനങ്ങളും കൊണ്ടാണ് വന്നത്. ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞിട്ട് ഇതേവരെ വരാൻ പറ്റാത്തതിലെ സങ്കടം പറയുന്നുണ്ടാള്. അപ്പൂപ്പനെ ഒളിച്ചു വേണ്ടേ വരാൻ?

അമ്മമ്മയും മാമനും വല്ലപ്പോഴുമൊക്കെ വരാറുണ്ടെങ്കിലും അപ്പൂപ്പൻ ഇപ്പോഴും മൂശേട്ട തന്നെയാണ്. അമ്മേടെ കാര്യം പറയുമ്പോഴേ ദേഷ്യം വരുമത്രേ…

പൊന്ന് പോലെ നോക്കി വളർത്തിയതല്ലേ? പ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതല്ലേ? ആ മകളല്ലേ ഒരു സുപ്രഭാതത്തിൽ തങ്ങൾ ആരുമല്ല എന്നും പറഞ്ഞു ഇറങ്ങിപ്പോയത്? സഹിക്കാൻ പറ്റോ?

അച്ഛന്റേം അച്ഛമ്മേടേം സ്വഭാവം ഒക്കെ അന്വേഷിച്ചു അറിഞ്ഞത് കൊണ്ടാണ് അന്ന് അത് വേണ്ടാന്ന് പറഞ്ഞതെന്നൊക്കെ അപ്പൂപ്പൻ പിന്നെ ന്യായം പറഞ്ഞത്രേ…

രണ്ടാളുടെയും ശെരിക്കുള്ള സ്വഭാവം അമ്മയ്ക്കും മനസ്സിലായത് ഇവിടെ വന്നിട്ടല്ലേ? പുറം തോട് നോക്കി ഒരു സാധനം നല്ലതാണെന്നു പറയാൻ പറ്റില്ല എന്ന് അമ്മയ്ക്കും ഇങ്ങ് വന്ന ശേഷമല്ലേ മനസ്സിലായത്? എന്റെ അമ്മായീടെ കാര്യത്തിൽ ഞാനും അത് മനസ്സിലാക്കിക്കൊണ്ടിരിക്കയാണല്ലോ?

” എനിക്കിവളോട് ദേഷ്യം കാണിക്കാനൊന്നും പറ്റില്ല. അന്നും അതേ… പെറ്റ വയറിനെന്ത് ദേഷ്യവും വിദ്വെഷവും….? ഇവളുടെ അച്ഛൻ അങ്ങനെ അല്ല. വെട്ടൊന്ന് മുറി രണ്ട് എന്ന കണക്കാ… സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും. വെറുത്താല് പിന്നെ തിരിഞ്ഞ് നോക്കൂല… അതിനി മക്കളായാലും ഭാര്യയായാലും…. ”

അമ്മമ്മ എന്നോട് ഇതൊക്കെ പറയുമ്പോ അമ്മേടെ കണ്ണിലും നനവ് പടർന്നിരുന്നു.

അപ്പൂപ്പന്റെ സ്വഭാവം നല്ലോണം അറിയുന്നോട് ഒളിച്ചും പാത്തും ഒക്കെയാ പുള്ളിക്കാരി ഇപ്പോഴും അമ്മേ കാണാൻ വരണത്. അപ്പൂപ്പൻ അറിഞ്ഞാൽ അമ്മമ്മയും പടിക്ക് പുറത്താകും എന്ന് ആളിന് നല്ല ഉറപ്പാണ്.

മാമനും പഞ്ച പാവമാണ്. ഏതാണ്ട് അമ്മമ്മേ പോലെ. കാണാനും അങ്ങനെ ഒക്കെ തന്നെ…. എന്നോട് കുറേ നേരം സംസാരിച്ചിരുന്നു ആള്.

അങ്ങനെ ഞങ്ങള് മൂന്നാളൂടെ കത്തി വച്ചിരിക്കുമ്പോഴാണ് മീനൂന്റെ വരവ്.

” ആഹാ… അമ്മൂമ്മക്കിളി ഇതെപ്പോ ലാൻഡ് ചെയ്തു? ”

അമ്മമ്മേടെ അടുത്തേക്ക് കയറിയിരുന്നു തോളിൽ കയ്യിട്ട് കൊണ്ട് മീനു ചോദിക്കുന്നത് കേട്ട് മാമൻ കണ്ണും മിഴിച്ച് നോക്കി ഇരിപ്പുണ്ട്.

🦋 🦋 🦋 🦋 🦋