26/05/2026

മരുമകൾ : ഭാഗം 57

രചന – ഗംഗ ശലഭം

” അച്ഛന് വയ്യാതെ ഇരിക്കുമ്പോ തന്നെ ഭാര്യേടെ ശൃംഗാരത്തിന് നിന്ന് കൊടുക്കണം കേട്ടോടാ? അച്ഛനും അമ്മേം ചത്താലും കുഴപ്പമില്ലാതായോ നിനക്കിപ്പോ? നോക്കാൻ വയ്യെങ്കി വല്ല വൃദ്ധ സദനത്തിലും കൊണ്ടാക്ക്, അവര് ഇതിലും നന്നായിട്ട് നോക്കിക്കോളും…. ”

എന്ന് വല്യമ്മ ഹരിയേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞു കളഞ്ഞു. അങ്ങനെ വല്യമ്മ പറയണമെങ്കിൽ അമ്മ എത്ര മാത്രം പറഞ്ഞു കൊടുത്തിട്ടുണ്ടാകണം?

ആളിനത് നല്ലോണം വിഷമമാകുകേം ചെയ്തു.

എന്നെ ഓരോന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അവരോട് ദേഷ്യപ്പെടാറുണ്ടെങ്കിലും, എതിർത്തു പറയാറുണ്ടെങ്കിലും ഹരിയേട്ടന് അച്ഛനോടും അമ്മയോടുമുള്ള സ്നേഹം ആരെക്കാളും നന്നായി എനിക്കറിയാം. അങ്ങനെ ഉള്ള ഒരാൾക്ക് വല്യമ്മ പറഞ്ഞതൊക്കെ എങ്ങനെ സഹിക്കാൻ പറ്റും? അതൊക്കെ എന്നോട് വന്ന് പറയുമ്പോ കണ്ണ് നിറഞ്ഞിരുന്നു ആളിന്റെ….

പതിനായിരത്തിന് താഴെ മാത്രം ഉണ്ടായിരുന്ന അച്ഛന്റെ മാസശമ്പളം കൊണ്ട് വീട്ടുകാര്യങ്ങളും ഹരിയേട്ടന്റെ പഠിപ്പും ഒക്കെ അമ്മ നോക്കിയിരുന്നതിനെക്കുറിച്ച് പലതവണ ഹരിയേട്ടൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പ്ലസ് ടൂ വരെ ഒരു മുന്തിയ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചതും, അത് കഴിഞ്ഞു ഡിഗ്രിയും, പി ജി യും, എം ഫിലും, പി എച് ഡി യും, ഒടുവിൽ ഐഡഡ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിട്ട് കയറിയപ്പോ കൊടുക്കേണ്ടി വന്ന കാഷിനെക്കുറിച്ചും ഒക്കെ പറയുമ്പോ ഹരിയേട്ടന്റെ ഉള്ളിൽ അവരോടുള്ള സ്നേഹവും ബഹുമാനവും നന്ദിയും ഒക്കെ ഞാൻ അറിഞ്ഞിട്ടുള്ളതാണ്.

” സിംഗിൾ മാനേജ്മെന്റ്ന്റെ ഐഡഡ് കോളേജ് ആകുമ്പോ ട്രാൻസ്ഫർ ഒന്നും കാണില്ലല്ലോ? നിനക്ക് നാട്ടിൽ തന്നെ എന്നും നിക്കാല്ലോ? ”

എന്ന് പറഞ്ഞു അമ്മ നിർബന്ധിച്ചിട്ടാണ് ഹരിയേട്ടൻ ഇപ്പോ വർക്ക്‌ ചെയ്യുന്ന കോളേജിൽ കയറാൻ തയാറായത്.

” അമ്മയ്ക്ക് വേണേൽ കാശില്ല എന്നും പറഞ്ഞു ഡിഗ്രി വരെയൊക്കെ പഠിപ്പിച്ചിട്ട് ഇനി ജോലിക്ക് പോയി വീട് നോക്കാൻ എന്നോട് പറയാമായിരുന്നു. ഞാൻ ഡിഗ്രി ആകും മുന്നേ അച്ഛൻ റിട്ടയർ ആയതാണ്. പിന്നീട് ഒരു ഹോട്ടലിലെ അക്കൗണ്ടന്റ് ആയിട്ട് പോയിട്ടൊക്കെയാ എന്റെ ബാക്കി പഠിത്തം നോക്കിയത്. അത് കൂടാതെ ഞാൻ ആ സമയത്ത് ചെറിയ രീതിയിൽ ട്യൂഷൻ ഒക്കെ എടുക്കുകേം ചെയ്യാറുണ്ടായിരുന്നു.

ഞാൻ പി എച് ഡിക്ക് join ചെയ്യുന്ന സമയത്ത് അച്ചന് ഒരു ചെറിയ വീട് വയ്ക്കാൻ പ്ലാൻ ഉണ്ടായിരുന്നു. എന്റെ പഠനം മുടങ്ങാതിരിക്കാനാ ആ പ്ലാൻ ഡ്രോപ്പ് ചെയ്‌തതെന്ന് അമ്മ പറയും. ലോൺ ഒക്കെ എടുത്തു വീട് വച്ചാൽ പിന്നേ കിട്ടുന്ന കാശ് ലോൺ അടയ്ക്കാനല്ലേ തികയൂ?

അവര് അവരുടെ കാര്യങ്ങൾ പോലും മാറ്റി വച്ചാണ് എന്നെ പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചത്. അതവരുടെ കടമ ആണെന്നൊക്കെ പറഞ്ഞു ചെറുതാക്കാമെങ്കിലും ആ കടമ ചെയ്യാത്ത എത്രയോ parents ഉണ്ട് നമ്മുടെ നാട്ടില്.

ഞാൻ ഇന്ന് എന്താണോ അതിന് കാരണം അവരാണ്. അപ്പൊ വയസ്സ് കാലത്ത് അവരെ സംരെക്ഷിക്കേണ്ടത് എന്റെ കടമയല്ലേ? ”

എന്ന് പറയും ഹരിയേട്ടൻ.

പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചതും, പിന്നീട് നിർബന്ധ പൂർവ്വം പി എച് ഡി എടുപ്പിച്ചതും ഒക്കെ അമ്മയ്ക്ക് ഹരിയേട്ടനോടുള്ള അമിതമായ കെയറും
ഹരിയേട്ടന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഒക്കെ കൊണ്ടാണെന്നാണ് ആളിപ്പോഴും ധരിച്ചു വച്ചിരിക്കുന്നത്.

പക്ഷെ പൂർണമായും അത് ശരിയല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അച്ഛന്റെ കാര്യത്തിൽ എനിക്ക് വ്യക്തത ഇല്ല. അമ്മേടെ കാര്യത്തിൽ എന്റെ ചിന്തകൾ ഏതാണ്ടൊക്കെ ശെരിയാണ് എന്ന് തന്നെയാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്.

വല്യച്ഛൻ… അതായത് അച്ഛന്റെ മൂത്ത ചേട്ടൻ… ആള് പ്രൊഫസർ ആയിരുന്നു. ആളിന്റെ മൂത്ത മകളും കോളേജ് അദ്ധ്യാപികയാണ്. ഇളയ മകൾ ഡോക്ടർ… നമ്മുടെ സുപ്രിയ ചേച്ചി.

ഹരിയേട്ടനെ സ്കൂളിൽ ചേർക്കാൻ നേരം വല്യച്ഛൻ പറഞ്ഞുവത്രെ ‘അച്ഛന് ചെറിയ മാസ ശമ്പളം അല്ലെ ഉള്ളൂ. പ്രൈവറ്റ് സ്കൂളിൽ ഒക്കെ വിട്ടാൽ പഠിപ്പിക്കാൻ പറ്റില്ല. അത് കൊണ്ട് ഗവണ്മെന്റ് സ്കൂളിൽ വിട്ടാൽ മതീന്ന്…’

അത് കേട്ട് അമ്മായിക്ക് കുറച്ചിലായി…. വാശി കേറി. വല്യച്ഛന്റെ മക്കൾക്ക് പ്രൈവറ്റ് സ്കൂളിൽ പഠിക്കാമെങ്കിൽ എന്റെ കൊച്ചും അവിടെ തന്നെയേ പഠിക്കൂ എന്നും പറഞ്ഞു അച്ഛനോട് അടിയുണ്ടാക്കി ആണത്രേ ഹരിയേട്ടനെ പ്രൈവറ്റ് സ്കൂളിൽ ചേർത്തത്.

അമ്മായിക്ക് അല്ലേലും ഗവണ്മെന്റ് ഹോസ്പിറ്റലിനോട്‌ പോലും വെറുപ്പാണല്ലോ? പിന്നല്ലേ ഗവണ്മെന്റ് സ്കൂള്?

ഗവണ്മെന്റ് സ്കൂളിൽ പഠിച്ചു വന്ന് ഐ എ എസ് നേടിയവരും ശാസ്ത്രജ്ഞർ ആയവരും കുറവല്ല എന്ന് ആരോർക്കാൻ? അർപ്പണബോധം ഉണ്ടെങ്കിൽ എവിടെയും വിജയം നേടാനാകും അല്ലേ? പക്ഷെ എന്റെ അമ്മായിയെപ്പോലെ ഉള്ളവരോട് അതൊന്നും പറഞ്ഞിട്ട് യാതൊരു പ്രയോജനവും ഇല്ല.

കല്യാണം കഴിഞ്ഞു വന്ന സമയത്തൊരിക്കൽ അമ്മായി തന്നെ അബദ്ധത്തിൽ പറഞ്ഞു പോയതാണ് വല്യച്ഛനോടുള്ള വാശിയുടെ കാര്യമൊക്കെ. ആവേശം കേറിയാൽ പുള്ളിക്കാരിക്ക് എന്താ ഏതാ പറയുന്നേന്നു വലിയ ബോധം ഒന്നും ഉണ്ടാവില്ല. സംസാരം അവർക്ക് വിരോധമുള്ള ആരെയെങ്കിലും കുറിച്ചാണേൽ പിന്നെ പറയുകേം വേണ്ട.

വല്യച്ഛനോട് ആയമ്മയ്ക്ക് കാര്യമായ വിരോധമുണ്ട്. അതെനിക്ക് പലപ്പോഴായുള്ള അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായതാണ്. അതിന്റെ കാരണം മാത്രം എനിക്കത്ര വ്യക്തമല്ല.

അല്ലെങ്കിൽ തന്നെ അവർക്ക് ആരോടാണ് വിരോധം ഇല്ലാത്തത്? അവരെക്കാൾ സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ബന്ധുക്കളോട് അവർക്ക് വിരോധം മാത്രമേ വച്ച് പുലർത്താനാകൂ…. അതിനി സ്വന്തം സഹോദരങ്ങൾ ആയാൽക്കൂടി.

ഹരിയേട്ടനെ പി എച് ഡി ചെയ്യാൻ നിർബന്ധിച്ചതും അമ്മായി തന്നെ. അതിന് പിന്നിലും വല്യച്ചനോടുള്ള വാശിയാണ്.

ഹരിയേട്ടനെ ഡിഗ്രി കഴിഞ്ഞു പി എസ് സി കോച്ചിംഗ് ക്ലാസ്സിന് വിട്ടിട്ട് പെട്ടെന്ന് എന്തെങ്കിലും ജോലിക്ക് കേറ്റാൻ ഒരിക്കൽ വല്യച്ഛൻ പറഞ്ഞത്രേ….

ഇവിടുത്തെ അച്ഛന് അന്നേ ശ്വാസം മുട്ടൽ ഉണ്ടേ… വയ്യാത്ത മനുഷ്യനെ പിന്നെയും ജോലിക്ക് വിടണ്ടല്ലോ എന്ന ഉദ്ദേശത്തിലാണോ വല്യച്ഛൻ പറഞ്ഞത് എന്ന് അറിയില്ല. എന്തായാലും അതോടെ അമ്മേടെ വാശി ഇരട്ടിയായി.

സുപ്രിയ ചേച്ചി ഡോക്ടർ അല്ലെ? എന്നാ എന്റെ മോനേ ഞാൻ അവളെക്കാൾ വലിയ ഡോക്ടർ ആക്കുമെന്നായി അമ്മ. ഹരിഏട്ടന് പക്ഷെ ആ പ്രൊഫഷൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ?

എം ബി ബി എസ് പഠിക്കാൻ പറ്റിയില്ലേൽ പി എച് ഡി എടുത്തിട്ട് ഡോക്ടർ ആയാൽ മതി എന്ന് അമ്മ കട്ടായം പറഞ്ഞു. ഹരിയേട്ടന് അമ്മ പറയുന്നതിന് അപ്പുറം ഒന്നും ഇല്ലല്ലോ? അങ്ങനെ വല്യച്ഛനോടുള്ള അമ്മേടെ വാശിയുടെ പുറത്താണ് ഹരിയേട്ടന്റെ പേരിന് മുന്നിൽ ഡോക്ടർ വന്നത്….

🦋

” അവനിപ്പോ നമ്മളോട് സ്നേഹമില്ല അവനിപ്പോ നമ്മളെയൊന്നും വേണ്ട” എന്നൊക്കെ അമ്മ അച്ഛനോട് പരാതി പറയുമ്പോ, ആ മനുഷ്യന് നിങ്ങളോടുള്ള സ്നേഹം മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ ഇപ്പോഴും ഇവിടെ താമസിക്കുന്നത് എന്ന് അവരുടെ മുഖത്ത് നോക്കി പറയാൻ പലതവണ തോന്നിയിട്ടുണ്ടെനിക്ക്.

സ്വന്തം മകനെപ്പോലും മനസ്സിലാകാത്ത ഒരമ്മ…. എന്റെ ഹരി എന്റെ ഹരി എന്ന് ദിനവും ഒരായിരം വട്ടം പറയുന്നവരാണ് ….

എന്റെ എന്ന ചിന്ത ഉണ്ടായിരുന്നെങ്കിൽ അവർക്ക്, ഹരിയേട്ടനെക്കുറിച്ച് വല്യമ്മയോട് മോശമായി സംസാരിക്കാൻ കഴിയുമോ? അതിനി എന്നോടുള്ള വിരോധത്തിന്റെ പുറത്താണെങ്കിൽ കൂടിയും…..

അവരങ്ങനെയാണ്. സ്വാർത്ഥതയും തന്നിഷ്ടവും കൊണ്ട് മൂടപ്പെട്ട ഒരു സ്ത്രീ രൂപം. അവരൊരിക്കലും മാറാൻ പോണില്ല…. ഒരിക്കലും…!

🦋

അതൊക്കെ അവിടെ നിക്കട്ടെ…. ചിലതൊക്കെ പറഞ്ഞു വന്നപ്പോ കൂടെ പറഞ്ഞു പോയതാണ്.

അച്ഛൻ അന്ന് ഹോസ്പിറ്റലിൽ ആയതോടെ ഒരു കാര്യം എനിക്ക് ഉറപ്പായി. ഹരിയേട്ടൻ ഇനി എന്റെ വീട്ടിൽ തങ്ങാൻ പോണില്ല എന്ന്….
അതിന് പ്രധാന കാരണം വല്യമ്മ ഹരിയേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞ, നെഞ്ച് കീറി മുറിക്കുന്ന വാക്കുകൾ തന്നെയാണ്.

🦋

പ്രതീക്ഷിച്ചത് പോലെ പാചകം ഒഴികെയുള്ള മറ്റ് പണികൾ എല്ലാം പിന്നെയും എന്റെ തലയിലായി. എനിക്ക് പിന്നെ അതത്ര ബുദ്ധിമുട്ടായി തോന്നിയില്ല. ക്ഷീണമുണ്ടെങ്കിലും വെറുതെ ഇരുന്ന് ബോർ ആയി തുടങ്ങിയിരുന്നു.

വെറുതെ ഇരിക്കുമ്പോഴാണ് അമ്മായി മുൻപ് പറഞ്ഞ പലതും ഓർമ്മ വരുന്നത്. വെറുതെ ഇരുന്നാൽ അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ചു ചിന്തിച്ചു കാട് കയറി മനസ്സ് വിഷമിപ്പിക്കും ഞാൻ. ഈ സമയത്ത് മനസ്സിനെ എപ്പോഴും കാം ആൻഡ് കൂൾ ആക്കി വയ്ക്കണം എന്നല്ലേ പറയാറ്.

ശരീരവും മനസ്സും encaged ആക്കി വച്ചാൽ മോശം ചിന്തകൾ ഒഴിവായിക്കിട്ടുമല്ലോ? അതുമല്ല, ഒരു ജോലിയും ചെയ്യാതെ ഇരിക്കുന്നതിനേക്കാൾ പറ്റുന്ന ജോലികളൊക്കെ ചെയ്യുന്നത് ശരീരത്തിന് നല്ലതാണെന്ന് എന്റെ അമ്മയും പറഞ്ഞു.

🦋

ജോലി ചെയ്യാനൊക്കെ കുറച്ചു മന്തതയുണ്ട്, കാലിലൊക്കെ ചെറുതായി നീര് വന്ന് തുടങ്ങിയതിന്റെ ബുദ്ധിമുട്ടുമുണ്ട്.

ആദ്യം കാലിൽ നീര് വന്നത് കണ്ടപ്പോ ടെൻഷൻ തോന്നിയിരുന്നു. സാധാരണ ഏഴ് മാസമൊക്കെ ആയിട്ടല്ലേ ഇങ്ങനെ വരുന്നത്. ഡോക്ടറിനോട് ഫോൺ ചെയ്തു ചോദിച്ചു.

” ഓരോ പ്രെഗ്നൻസിയും ഡിഫറെൻറ് ആണ്. സാധാരണ ഡെലിവറി അടുപ്പിച്ചാണ് കാലിൽ നീരോക്കെ വരാറ്. ചിലരിൽ അത് നേരത്തെയും കാണാറുണ്ട്. സോ… അതോർത്തു ടെൻഷൻ ആകണ്ട. ”

എന്ന് ഡോക്ടർ പറഞ്ഞതോടെ അക്കാര്യത്തിൽ സമാധാനമായി.

ആ സമാധാനവും കൊണ്ട്, വീട്ടീന് പുറം ഭാഗമൊക്കെ ഒന്ന് അടിച്ചു വാരാമെന്ന് കരുതി ചൂലുമെടുത്ത് ഇറങ്ങിയതാണ് മുറ്റത്തേയ്ക്ക്.

വീടിന് ചുറ്റും കരിയില നിറഞ്ഞു കിടപ്പുണ്ട്. ഞാൻ ഗർഭിണിയായ ശേഷം ഇന്ന് വരെ വീടിന് ചുറ്റും തൂത്തിട്ടില്ല. ഇന്ന് ഒരു ദിവസം കൊണ്ട് മുഴുവൻ വൃത്തിയാക്കാൻ പറ്റില്ല. കുറച്ചു കുറച്ചായി വൃത്തിയാക്കാമെന്ന് കരുതി വിശാലമായ മുറ്റം ഒരരികിൽ നിന്ന് തൂത്ത് തുടങ്ങി.

അഞ്ച് വട്ടം ചൂല് നിലത്തുരഞ്ഞു കാണില്ല. അതിന് മുന്നേ അമ്മായി പ്രത്യക്ഷപ്പെട്ടു. ഞാൻ ഒന്ന് തലയുയർത്തി നോക്കി.

മുന്നിൽ ‘ അമ്മായി വിത്ത്‌ എ കുറ്റിച്ചൂൽ…! ‘

ഒരുമുഴം തികച്ചു നീളമില്ലാത്ത ആ ചൂല് എന്റെ മുന്നിലേക്ക് നീക്കിപ്പിടിച്ചു അമ്മായി.

” ഇത്രേം നാളും മേലനങ്ങാതെ ചുമ്മാ ഇരുന്നതല്ലേ? തള്ളമാര് മേലങ്ങീല്ലെങ്കിലേ വയറ്റി കെടക്കണ കൊച്ച് പെരുത്ത് പോവും… പിന്നെ സിസേറിയനായി അതായി ഇതായി….
ദാണ്ടേ ഈ തൊറപ്പ വച്ച് നല്ലോണം കുനിഞ്ഞങ്ങോട്ട് തൂക്ക്…. ദേഹോക്കെ ഇത്തിരി എളവട്ട്…. ”

ഞാനാ ചൂല് കൈ നീട്ടി വാങ്ങി. എന്നിട്ട് അതും പിടിച്ചൊന്ന് കുനിഞ്ഞു നോക്കി.

ഹൈ.. ഇതിനേക്കാട്ടിലും നിലത്തു കിടന്ന് ഇഴഞ്ഞാ പോരെ? രണ്ടും സെയിം ഇഫ്ഫക്ട് ആവൂല്ലോ?

ഞാൻ കുനിഞ്ഞ അതേ സ്പീഡിൽ നിവർന്നു. എന്നിട്ട് ചൂല് അമ്മായീടെ കയ്യിലോട്ട് തന്നെ വച്ച് കൊടുത്തു.

” അമ്മ തൂക്കുമ്പോ ഇത് വച്ചിട്ട് തൂത്തോ…. വയസ്സായി വയസ്സായി മുതുമുത്തശ്ശി ആവുമ്പോ, നടു നല്ലോണം വളച്ചു വടീം കുത്തി നടക്കാനുള്ളതല്ലേ? ഇപ്പോഴേ പ്രാക്ടീസ് ആവട്ടെ…. ”

പതിയെ കുനിഞ്ഞു, എന്റെ കയ്യിൽ ഇരുന്ന ചൂല് കൊണ്ട് ചെയ്തു കൊണ്ടിരുന്ന ജോലി തുടർന്നു.

” അഹങ്കാരി…. ”

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അമ്മായി ചവിട്ടി കുലുക്കി അകത്തേയ്ക്ക് കയറിപ്പോയി.

എന്തായാലും അമ്മയ്ക്ക് ഇന്നത്തേക്ക് പരദൂഷണം പറയാനുള്ള ടോപിക് കിട്ടി. ഇത് ഇപ്പൊത്തന്നെ പൊടിപ്പും തൊങ്ങലും വച്ച് ഫോൺ വഴി വല്യമ്മേടെ ചെവിയിൽ എത്തും.

എന്നാലും ആ ചൂലിനെ ഇത്രേം കുഞ്ഞാക്കി എടുത്തത് എങ്ങനാണാവോ?
തൂത്ത് തീരുവോളം എന്റെ ചിന്ത അത് തന്നെയായിരുന്നു.

🦋

കുറ്റിചൂലിലും രസകരമായ മറ്റൊരു സംഭവം ഉണ്ടായി. എനിക്ക് ഒരു ആറ് മാസമൊക്കെ ആയ സമയമാണ്.

ഞാനന്ന് എന്റെ ഉച്ചയുറക്കമൊക്കെ കഴിഞ്ഞു വന്ന് ചായക്കുള്ള പാല് തിളപ്പിക്കാൻ വച്ചിട്ട് അടുക്കളയിൽ നിൽക്കുവായിരുന്നു.

ഗർഭിണികൾ ഉച്ചയ്ക്ക് ഉറങ്ങാൻ പാടില്ല എന്ന് അമ്മ പലവട്ടം പറഞ്ഞിട്ടുണ്ട്. പക്ഷെ, അടുക്കളയിലെ പണിയൊക്കെ ഒതുക്കിക്കഴിഞ്ഞു ഇത്തിരി നേരമൊന്ന് നടു നിവർത്തിയില്ലേൽ പിന്നേ വല്ലാത്ത ക്ഷീണവും അസ്വസ്ഥതയുമൊക്കെയാണ്. അത് കൊണ്ട് കുറച്ചു സമയം കിടക്കും ഞാൻ.
അതിന്റെ പേരിൽ കാര്യമായിത്തന്നെ അമ്മ പിറുപിറുക്കാറുണ്ടെങ്കിലും ഞാനത് കാര്യമാക്കാറില്ല.

പാല് തിളച്ചതും ഗ്യാസ് ഓഫ് ആക്കി. തിരിഞ്ഞതും തൊട്ട് പിന്നിൽ അമ്മായി. സാമാന്യം വലിയൊരു പൊതിയുണ്ട് കയ്യില്. ഞാൻ സംശയത്തിൽ നെറ്റി ചുളിച്ചു. ദൈവമേ ഇനി പൊതി ബോംബ് എങ്ങാനുമാണോ? നല്ലതൊന്നും തരാൻ ചാൻസ് ഇല്ലല്ലോ?

അമ്മ ആ പൊതിയെന്റെ നേർക്ക് നീട്ടി.

” മക്കള് തുറന്ന് നോക്ക്. ”

സ്നേഹത്തിലാണ്. എന്താണാവോ പുതിയ കോണിഷ്ട്?

ഞാനത് കൈ നീട്ടി വാങ്ങി.
ആലോചനയോടെ പൊതി തുറന്നു.

രണ്ട് സെറ്റും മുണ്ടും. പുതിയത് ഒന്നുമല്ല. കുറച്ചു തവണ ഉടുത്ത ശേഷം കഞ്ഞിപ്പശ മുക്കി അലക്കി വച്ചതാണെന്ന് കണ്ടാൽതന്നെ അറിയാം. എന്നാൽ അധികം പഴയതുമല്ല.

ഇതിപ്പോ എന്തിനാ എനിക്ക് തരുന്നത്? ചിലപ്പോ കുഞ്ഞ് വന്ന ശേഷം കുഞ്ഞിന് ഉപയോഗിക്കാൻ വേണ്ടിയാകും.

ഞാൻ അങ്ങനെ ചിന്തിച്ചു അമ്മായിയെ നോക്കുമ്പോൾ ആള് പിന്നെയും വായ തുറന്നു.

” ഇനി ഇതുടുത്ത് വേണം വീട്ടില് നടക്കാൻ കേട്ടോ? വയറിങ്ങനെ പൊതിഞ്ഞു വച്ചാലെ കൊച്ചിന് മഞ്ഞ വരും. പിന്നേ വല്യ പാടാ…. വയറ്റില് വെയിലടിക്കണം. പ്രസവം വരെ ഇനി സെറ്റും മുണ്ടും സാരിയും ഒക്കെ ഉടുക്കാവൂ… അതും നിങ്ങളൊക്കെ സാരി ഉടുക്കണത് പോലെ വയറു മൂടിക്കെട്ടി ഉടുക്കല്ല്. വീട്ടില് നിക്കണത് തന്നല്ലാ…? ആരും വന്ന് വയറ്റിലോട്ട് നോക്കേന്നും ഇല്ല… ”

സുബാഷ്…!

എന്റെ കയ്യിലെ പൊതി അറിയാതെ താഴെ വീണു.

ഇത്രേം കോണിഷ്ട്ടൊക്കെ എവിടുന്ന് കിട്ടുന്നു?
ഞാൻ ദയനീയമായി അമ്മായിയെ നോക്കി. ശേഷം കുനിഞ്ഞു നിലത്തു കിടക്കുന്ന പൊതി എടുത്തു. ഒന്നും മിണ്ടാതെ അതെടുത്തു റൂമിലേക്ക് കൊണ്ട് ചെന്ന് വച്ചു.

” അതില് രണ്ടെണ്ണേ ഒള്ളൂ… ഇനീം തരാം. എന്റല് വേറെ പഴയത് കുറേ ഒണ്ട്. ”

അമ്മായി പിറകിൽ നിന്ന് വിളിച്ച് പറയുന്നുണ്ട്.

സത്യം പറഞ്ഞാൽ അവരിപ്പോ പറഞ്ഞതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. അതുമല്ല ഗർഭിണികൾ വെയിൽ കൊള്ളുന്നത് കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം ഒഴിവാക്കാൻ നല്ലതാണെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുമുണ്ട്. അറിയാത്ത കാര്യത്തെക്കുറിച്ച് തർക്കിക്കുന്നത് ശരിയല്ലല്ലോ? അതാണ് ഒന്നും മിണ്ടാതെ ഇങ്ങ് പോന്നത്.

എന്ന് വച്ച് അവര് പറഞ്ഞതു പോലെ ഡെലിവറി വരെ വീട്ടില് സെറ്റും മുണ്ടും ഉടുത്ത് നടക്കുന്നതൊന്നും പ്രാക്ടിക്കൽ അല്ല എന്ന് എനിക്ക് തന്നെ അറിയാം. പണ്ടുള്ളവർ ഫുൾടൈം സാരി അല്ലേ ഉടുത്ത് നടന്നതെന്ന് ചോദിക്കാം….. അവര് അതല്ലേ ശീലിച്ചത്. അതുകൊണ്ട് അവർക്കതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവില്ല…

പക്ഷേ എന്റെ കാര്യം അങ്ങനെയല്ല. ബി എഡിന് സാരി ഉടുത്തോണ്ട് പോയ പാട് എനിക്കറിയാം. സാരിയൊക്കെ വൃത്തിയായിട്ട് ഉടുക്കാൻ അറിയാം എങ്കിലും ഒരുപാട് നേരം അതുടുത്തിട്ട് നടക്കുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സാരി പിന്നെയും പോട്ടെ….

പക്ഷേ സെറ്റും മുണ്ടും?
ഞാനും ആ സാധനവും പണ്ടേ മൂന്നാം നാൾ ആണെന്നേ…..

എന്തായാലും അമ്മ പറഞ്ഞതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണമല്ലോ? ഗൂഗിൾ അമ്മായി തന്നെ ശരണം. ഫോൺ എടുത്തു കുത്താൻ തുടങ്ങി.

ഗൂഗിൾ അമ്മായി കുറെ കാര്യങ്ങൾ പറഞ്ഞുതന്നു കേട്ടോ…..

ഗർഭിണികൾ അയഞ്ഞ ഇളം നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും സൂര്യപ്രകാശം ഏൽക്കുന്നതും നല്ലതുതന്നെ. അതിനു സാരിയോ സെറ്റുമുണ്ടോ തന്നെ വേണമെന്ന് നിർബന്ധമൊന്നുമില്ല.

വൈറ്റമിൻ ഡി ലഭിക്കുന്നതിനും അതുവഴി അമ്മയുടെയും കുഞ്ഞിന്റെയും എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായകമാകും. അത് കൊണ്ട് രാവിലെയും വൈകിട്ടും 15-20 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് ഗർഭിണിയുടെ മനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലതാണെന്ന് പലയിടത്തും കണ്ടു. കൂടുതൽ സമയം വെയിൽ ഏൽക്കുന്നതും അധികം ചൂടുള്ള വെയിൽ ഏൽക്കുന്നതും നല്ലതല്ല എന്നും കണ്ടിരുന്നു….

പക്ഷെ കുഞ്ഞുങ്ങളിലെ മഞ്ഞയുമായി ബന്ധപ്പെടുത്തി ഒരു വിശദീകരണം എവിടെയും ഞാൻ കണ്ടില്ല.

എന്നാപ്പിന്നെ നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തതിന് കാരണം എന്താണെന്ന് നോക്കാമെന്ന് കരുതി. അതും സേർച്ച്‌ ചെയ്തു പിന്നെയും കുറച്ചു നേരം ഇരുന്നു….

സത്യത്തിൽ കുഞ്ഞിക്കരളിന് സാധാരണ പോലെ പ്രവർത്തിച്ചു തുടങ്ങാൻ എടുക്കുന്ന കാലതാമസമാണ് കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തതിന് കാരണം എന്നാണ് ഗൂഗിൾ അമ്മായി പറഞ്ഞു തന്നത്. ജനിക്കുന്ന പത്ത് കുഞ്ഞുങ്ങളിൽ ആറ് പേർക്കും ഇതുണ്ടാവാറുണ്ടത്രേ….

മഞ്ഞ ഉണ്ടെന്ന് കണ്ടാൽ ഡോക്ടറിനെ കാണിക്കണം. സാധാരണ ജനിച്ച് ഏഴു ദിവസം കഴിയുമ്പോ കുഞ്ഞിക്കരളിന്റെ പ്രവർത്തനം സാധാരണ പോലെ ആവുകയും മഞ്ഞ താനേ സുഖപ്പെടുകയും ചെയ്യാറാണുള്ളത്. ചിലപ്പോ അത് സാധിക്കാതെ വരും. അങ്ങനെ ഉള്ളപ്പോ ചികിത്സ വേണ്ടി വരും….

അപ്പൊ പിന്നെ ഗർഭിണികൾ വെയിൽ കൊണ്ടാൽ കുഞ്ഞുങ്ങളിൽ മഞ്ഞ വരില്ല എന്ന് പറയുന്നതിൽ എത്രത്തോളം സത്യമുണ്ട്? ഇനി ഗൂഗിൾ അമ്മായി കള്ളം പറഞ്ഞതാണോ? അല്ല പുള്ളിക്കാരിയെ പൂർണമായും വിശ്വസിക്ക വയ്യല്ലോ? അടുത്ത തവണ ഡോക്ടറിനെ കാണുമ്പോ നേരിൽ ചോദിക്കാമെന്ന് തീരുമാനിച്ച് ഫോൺ ടേബിളിലേക്ക് തന്നെ തിരികെ വച്ചു..

🦋

കുറച്ചു കഴിഞ്ഞതും “അത് ഉടുക്കാത്തത് എന്ത് മക്കളേ” എന്നും ചോദിച്ചു അമ്മ വന്നു.

” ഇതൊന്നും ഉടുത്തോണ്ട് വീട്ടില് നടക്കാൻ പറ്റില്ലമ്മാ…. ”

എന്ന് ഞാനും പറഞ്ഞു.

” ഹാ… ഇത് തന്നെ…! ഇപ്പഴത്തെ പെൺപിള്ളേർ ഒരു വക പറഞ്ഞാ അനുസരിക്കില്ല. എല്ലാത്തിനും തന്നിഷ്ടവും അഹങ്കാരവും. സുമലതേടെ മോള് കണ്ടാ? വെയില് കേറാത്ത ഇറുവിപിടിച്ചത് ഓരോന്ന് ഇട്ടോണ്ട് നടന്ന്
അവസാനം കൊച്ചിന് മഞ്ഞ കൂടി കൊച്ച് ചത്തും പോയി. അത് പോലെ വയറ്റി കെടക്കണതിന് ഒന്നും പറ്റാതിരിക്കാൻ വേണ്ടി പറയണതാ… അതെങ്ങനാ പറഞ്ഞാ മനസ്സിലാവോ? ”

എന്റെ നെഞ്ചോന്ന് കാളി. ഗർഭിണി ആയിട്ടിരിക്കുന്ന എന്നോട് പറയുന്ന വാർത്തമാനമാണെന്ന് ഓർക്കണം.

അവര് പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് പോയതും ഞാൻ ഫോൺ എടുത്തു ഡോക്ടറിനെ വിളിച്ചു സംസാരിച്ചു. ഡോക്ടറിന്റെ വിശദീകരണം കേട്ടതും മനസ്സൊന്നു ശാന്തമായി.

ഒരു പുഞ്ചിരിയോടെ പുറത്തിറങ്ങി വഴിയിലൊക്കെ നടന്നു. നല്ല കാറ്റാണ് പുറത്ത്. കാട്ട് പൂക്കളെയും പൂമ്പാറ്റകളെയുമൊക്കെ നോക്കി കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു .

🦋

കുറച്ചു കഴിഞ്ഞു ലോല മാമി വന്നു. മുൻ വശത്തിരുന്ന് ലോല മാമിയോടും അമ്മായി എന്തൊക്കെയോ മുറുമുറാന്ന് പറയുന്നത് കേട്ടു കൊണ്ടാണ് ഞാൻ വീടിന് പിന്നിലേക്ക് നടന്നത്. ഈയിടെയായി പരദൂഷണത്തിന്റെ ‘ പ ‘ കേൾക്കുന്നതേ എനിക്ക് അലർജിയാണ്.

വീടിന്റെ പുറകു വശത്തെ പടിയിൽ ഇരുന്ന് പുറത്തേക്ക് കാലും നീട്ടി വച്ച് കറുമ്പി പൂച്ചയോട് കിന്നരിച്ചിരിക്കുമ്പോഴാണ് ലോല മാമി വീടിന്റെ പുറത്ത് കൂടി അടുക്കളഭാഗത്തേക്ക് വന്നത്.

” മക്കളെന്ത് ചേച്ചി തന്ന സെറ്റ് മുണ്ട് ഉടുക്കാത്തത്? കൊച്ചിന് ഒന്നും വരാതിരിക്കാനല്ലേ? ”

വന്ന പാടേ ചോദിച്ച ചോദ്യമാണ്.

” സ്മിത ചേച്ചി പ്രെഗ്നന്റ് ആയിരുന്നപ്പോ വീട്ടില് ചുരിദാർ അല്ലെ മാമി ഇട്ടിരുന്നത്? എന്നിട്ട് വാവയ്ക്ക് മഞ്ഞ ഒന്നും ഉണ്ടായില്ലല്ലോ? ”

എന്റെ മറുചോദ്യം കേട്ട് ലോല മാമിക്ക് ഉത്തരം മുട്ടി. സ്മിത, ലോല മാമീടെ മോളാണ്…

” ഈ സമയത്തു നമുക്ക് സൗകര്യം തോന്നുന്ന ഡ്രസ്സ്‌ അല്ലെ മാമി ഇടാൻ? ദാ നോക്ക്, ഞാൻ ലൂസ് ആയിട്ടുള്ളതൊക്കെ ഇടാറുള്ളൂ…. ഈ സെറ്റും മുണ്ടും ഒക്കെ ചുറ്റിക്കൊണ്ട് നടന്നാ ശ്വാസം മുട്ടും മാമി. രാവിലേം വൈകിട്ടും വെയില് ഞാൻ കൊണ്ടോളാം. അത് നല്ലത് തന്നെയാ… എന്നും പറഞ്ഞു ഇരുപത്തി നാല് മണിക്കൂറും ഇതും ചുറ്റി നടക്കണമെന്ന് പറഞ്ഞാ? എനിക്ക് വെപ്രാളം എടുക്കും…. ”

ഞാൻ പറഞ്ഞത് മനസ്സിലായിട്ടോ എന്തോ, മാമി കൂടുതൽ ഒന്നും പറയാതെ ആരോഗ്യം ശ്രദ്ധിക്കാനൊക്കെ പറഞ്ഞിട്ടങ്ങ് പോയികളഞ്ഞു.

അമ്മ പിന്നെ അപ്പൊ തന്നെ, ഞാൻ പറഞ്ഞാൽ കേൾക്കുന്നില്ല എന്നൊക്കെ വല്യമ്മേ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതിന്റെ കൂടെ പുതുതലമുറയിലെ പെൺകുട്ടികളുടെ തന്നിഷ്ടത്തേക്കുറിച്ചും അനുസരണയില്ലായ്മയെക്കുറിച്ചും ഘോര ഘോരം പ്രസംഗിക്കുന്നുമുണ്ടായിരുന്നു.

എനിക്കത് കേട്ട് ചിരിച്ചു വന്നു. പുതു തലമുറയിലെ പെൺകുട്ടികൾക്ക് അവരുടെ അഭിപ്രായ സ്വാതന്ത്രത്തേക്കുറിച്ചും മറ്റും അറിവുണ്ടായിപ്പോയത് അവരുടെ തെറ്റാണോ?

എന്തായാലും അമ്മ തന്ന സെറ്റും മുണ്ടും ഞാൻ അപ്പൊ തന്നെ തിരികെ കൊടുത്തു. അതോടെ അത് വരെ കടന്നൽ കുത്തിയത് പൊലിരുന്ന അമ്മായീടെ മുഖം കലം കമിഴ്ത്തിയത് പോലെ കൂടുതൽ വീർത്തു.

🦋

മാസം ഏഴാകുന്നു. ഇത് വരെയും എന്റെ ഇഷ്ടങ്ങൾ ഒന്നും തന്നെ അമ്മ ചോദിച്ചിട്ടില്ല. മുൻപ് വല്ലപ്പോഴും ഉണ്ടാക്കാറുണ്ടായിരുന്ന പലഹാരങ്ങൾ പോലും ഇപ്പൊ ഉണ്ടാക്കാറില്ല എന്നതാണ് അതിലും രസം. ഈ സമയത്തെ കുഴപ്പം അറിയാല്ലോ? എന്തെങ്കിലും വേണമെന്ന് തോന്നിയാലും സ്വയം ഉണ്ടാക്കാൻ തോന്നില്ലന്നെ…. ആരെങ്കിലും ഉണ്ടാക്കി തന്നാൽ പിന്നേം കഴിക്കാം എന്ന കണക്കാണ് ഞാൻ….

വീട്ടിൽ പോകുമ്പോ അമ്മ ആവശ്യം ഉള്ളതും ഇല്ലാത്തതും ഒക്കെ ഉണ്ടാക്കി നിരത്തും…. ഒന്നോ രണ്ടോ കഴിക്കേ ഉള്ളെങ്കിലും ഞാനത് ആസ്വദിച്ചു കഴിക്കും. ഈയിടെയായി ശർദ്ദിൽ അങ്ങനെ ഇല്ല. അതാ കാര്യം.

പ്രത്യേകിച്ച് ഒരാഹാരത്തിനോടും കൊതി തോന്നാറില്ല എങ്കിലും, ഉച്ചയ്ക്ക് കഞ്ഞിയും, രാത്രി ദോശയും കഴിച്ചു മടുക്കുമ്പോ “ഹരിയേട്ടന്റെ പുറത്ത് പോയി എന്തെങ്കിലും കഴിക്കാം” എന്നുള്ള ക്ഷണം ഞാൻ സ്വീകരിക്കും.

ഇങ്ങനെ വല്ലപ്പോഴും ഞങ്ങൾ പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിനും അമ്മായി കാര്യമായിത്തന്നെ മുറുമുറുക്കാറുണ്ട്. ഈ സമയത്ത് പുറത്ത് നിന്ന് food കഴിക്കാൻ പാടില്ല. കുഞ്ഞിന് വല്ലോം പറ്റിപ്പോവും എന്നും പറഞ്ഞു പിറുപിറുക്കും ആശാത്തി.

എന്ത് പറഞ്ഞാലും അവസാനം പറയുന്നത് അതാണ്‌. കുഞ്ഞിന് എന്തെങ്കിലും പറ്റിപ്പോവൂന്ന്. ഇനി അവരുടെ ആഗ്രഹം അതാണോ എന്ന് പോലും എനിക്ക് സംശയം വന്ന് തുടങ്ങി.

ഏഴ് മാസം ആകാൻ പോകുന്നു. ഇതിനിടേൽ ആകെക്കൂടി അഞ്ചോ ആറോ തവണയാണ് പുറത്ത് നിന്ന് ആഹാരം കഴിച്ചത്. അതിനാണ് ഈ പറയുന്നത് എന്നോർക്കണം….

പണ്ട് അമ്മായി ഹരിയേട്ടനെ ഗർഭിണി ആയിരുന്നപ്പോ അരിയും ഗോതമ്പും ഒന്നും കഴിക്കാൻ തോന്നാത്തോണ്ട് എല്ലാ സൺഡേയ്സിലും അച്ഛനേം കൂട്ടി ഹോട്ടലിൽ പോയി റവ ദോശ കഴിക്കാറുണ്ടായിരുന്നു എന്ന് മുൻപ് എപ്പോഴോ പറഞ്ഞിട്ടുള്ളവരാണ്. മരുമകൾ ഗർഭിണി ആയപ്പോ അതൊക്കെ നേരെ തിരിഞ്ഞു. അത് എങ്ങനെയാണാവോ?

എന്തായാലും അമ്മായി അവിടിരുന്നു പറഞ്ഞോട്ടെ എന്ന് കരുതി ഞാൻ ഇതിനൊന്നും മറുപടി കൊടുക്കാൻ പോകാറില്ല. ഹരിയേട്ടൻ പിന്നെ മൈൻഡ് ചെയ്യാറേയില്ല. നാവ് കഴയ്ക്കുമ്പോൾ നിർത്തിക്കോളും എന്നൊരു ഭാവമാണൾക്ക്….