രചന – ഗംഗ ശലഭം
ഞാൻ മീനുവിന്റെ കയ്യിൽ ഒരു തട്ട് കൊടുത്തു. അപ്പോഴാണ
വൾ പൊന്നൂനെ കണ്ടത്. പിന്നേ അവരായി കൂട്ട്.
അവളേം പൊന്നൂനേം കൂട്ടി അകത്തേയ്ക്ക് പോകും മുന്നേ ഞാൻ തിരിഞ്ഞ് നോക്കി. മധു ഹരിയേട്ടനെ അകത്തേയ്ക്ക് കൂട്ടുന്നുണ്ട്. അത് കണ്ടതും ഞാനും ചിരിയോടെ വീട്ടിലേക്ക് കയറി.
അപ്പോഴേക്കും അച്ഛനും അച്ഛമ്മേം ഇറങ്ങി വന്നിരുന്നു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അകത്തേയ്ക്ക് നടന്നു. അല്ല ഓടി എന്ന് വേണം പറയാൻ. അമ്മേ കാണാൻ അത്രയ്ക്കും ധൃതിയായിരുന്നു എനിക്ക്….
അമ്മേം മാമീം അടുക്കളയിലാണ്. ഞാൻ പിറകിൽ കൂടി ചെന്ന് കെട്ടിപ്പിടിച്ചപ്പോഴാ ഞങ്ങൾ വന്നത് അമ്മ അറിയുന്നത് തന്നെ.
“അമ്മേടെ ചക്കര വന്നോ? ശബ്ദം ഒന്നും കേട്ടില്ല.”
“ബൈക്കിലാ വന്നത്.”
ഞാൻ ചിരിച്ചു.
“ഹമ്… മോൻ എവിടെ?”
“വെളിയിലുണ്ട്. അച്ഛനും മധുവും ഉണ്ടല്ലോ അവിടെ…”
“നിനക്ക് സന്തോഷം അല്ലെ?”
ഞാൻ തലകുലുക്കി.
“ചേച്ചി?”
“വന്നില്ല.”
“നിന്നോടെങ്ങനെ?”
“നല്ല സ്നേഹമാ…”
“അമ്മയ്ക്ക് അത് കേട്ടാൽ മതി.”
അമ്മയെന്റെ കവിളിൽ കൈ ചേർത്ത് ചിരിച്ചു. ഞാനും അമ്മേ കെട്ടിപ്പിടിച്ചു നിന്നു. എത്ര ചേർന്ന് നിന്നിട്ടും മതിയാകാത്തത് പോലെ…..
പൊന്നൂനെ എല്ലാർക്കും വലിയ ഇഷ്ടമായി. കുറുമ്പി അല്ലെ അവള്. ആർക്കാ അവളെ ഇഷ്ടമാകാത്തത്?
പക്ഷെ അച്ഛമ്മയ്ക്ക് പിടിച്ചില്ല. ഇടയ്ക്ക് അച്ഛമ്മേടെ വെറ്റിലചെല്ലം എടുത്തോണ്ട് ഓടികളഞ്ഞു ആശാത്തി. “വാല് പിടിച്ച പെണ്ണ്” എന്നും പറഞ്ഞ് ആ ഇത്തിരീം പോന്ന കൊച്ചിനെ പ്രാകുന്നത് കേട്ടു.
അച്ഛന് ഹരിയേട്ടനെ പിടിച്ച മട്ടാണ്. കാര്യമായി സംസാരിക്കുന്നത് കണ്ടു. എന്നോടും അച്ഛനിന്ന് നല്ല സ്നേഹത്തിലാണ് സംസാരിച്ചതൊക്കെ.
അച്ഛമ്മയാണേൽ എന്നെ കണ്ടപ്പോ തൊട്ട് ഉപദേശമാണ്. അവിടെ ചെന്ന് അങ്ങനെ ചെയ്യരുത്… ഇങ്ങനെ ചെയ്യരുത് എന്നൊക്കെ. ഇതൊക്കെ കല്യാണത്തിന് മുൻപ് ഒരു നൂറ് വട്ടം എന്നോട് പറഞ്ഞതാണ്. പലതും എനിക്കിപ്പോ കാണാപ്പാഠം ആയിട്ടുണ്ട്.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഹരിയേട്ടൻ ഇറങ്ങാമെന്ന് പറഞ്ഞെങ്കിലും വൈകിട്ട് ചായ കൂടി കുടിച്ചിട്ട് പോകാമെന്ന് അച്ഛനും അമ്മയും കൂടി നിർബന്ധിച്ചപ്പോൾ ആള് പകുതി സമ്മതിച്ച മട്ടിലായി.
******
മധുവും ഹരിയേട്ടനും കൂടി സംസാരിച്ചിരിപ്പാണ്. അച്ഛൻ ഉറങ്ങാൻ പോയി. ആര് വന്നാലും പോയാലും വീട്ടിൽ നിക്കുവാണേൽ ഊണ് കഴിഞ്ഞുള്ള ഉറക്കം അച്ഛന് നിർബന്ധമാണ്.
പൊന്നു മീനുവിന്റെ കയ്യിലാണ്. അവളാ കുഞ്ഞിനെ താഴെ വയ്ക്കുന്നില്ല.
ഞാൻ അമ്മേം കൂട്ടി അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങുന്ന പടിയിൽ ഞങ്ങളിരുന്നു. മുൻപും അതാണ് ഞങ്ങളുടെ സ്ഥിരം സ്ഥലം. കുറച്ചു നേരം ലോക കാര്യവും പറഞ്ഞിരുന്നതും ഹരിയേട്ടൻ വന്നു വിളിച്ചു.
“അമ്മ വിളിച്ചു. അമ്മയ്ക്ക് വയ്യാന്ന്… നമുക്ക് വീട്ടിൽ പോയാലോ?”
“അയ്യോ… അമ്മയ്ക്ക് എന്ത് പറ്റി ഹരിയേട്ടാ? രാവിലെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ?”
ഞാൻ ചാടി എഴുന്നേറ്റു.
“ചേച്ചിക്ക് എന്ത് പറ്റി മോനെ?”
അമ്മയും ആധിയോടെ ചോദിക്കുന്നുണ്ട്.
” ഏയ്… അങ്ങനെ പേടിക്കാനൊന്നുമില്ല. അമ്മയ്ക്ക് ഇടയ്ക്കിടെ ബി പി കുറഞ്ഞിട്ട് തലചുറ്റൽ വരും. കുറച്ചു കിടന്നാൽ മാറും. എന്തായാലും നമുക്ക് പോയേക്കാം…”
ഞാൻ തലയാട്ടി. പെട്ടെന്ന് പൊയ്ക്കോന്ന് അമ്മയും പറഞ്ഞു.
” ഹരിമോന്റെ അമ്മയ്ക്ക് വയ്യെങ്കിൽ പിന്നേ നീയെന്തിനാ ഇന്ന് ഇങ്ങോട്ട് വന്നത്? ഇതിപ്പോ രണ്ടൂസം കഴിഞ്ഞായാലും മതിയായിരുന്നല്ലോ? കല്യാണം കഴിച്ചു വിട്ടാ പിന്നെ പെൺപിള്ളേർക്കേ അമ്മേ കാളും വലുത് അമ്മായി ആയിരിക്കണം. പിന്നെ അതാ പെണ്ണിന്റെ വീട്. അവിടെ ഉള്ളോരാ അവക്ക് സ്വന്തക്കാര്.”
അച്ഛമ്മ ഓരോന്നൊക്കെ പറയാൻ തുടങ്ങി. കൂടെ എന്റെ അമ്മേ കൂർപ്പിച്ചൊരു നോട്ടവും.
കല്യാണം കഴിഞ്ഞാ അമ്മ അമ്മയല്ലാതാവുമോ? അമ്മായിയെ അമ്മയായി കാണണമെന്ന് പറഞ്ഞാൽ ഓക്കേ. ഇതിപ്പോ കല്യാണം കഴിഞ്ഞാ സ്വന്തം വീട് ഉപേക്ഷിക്കണം എന്ന മട്ടിലാ അച്ഛമ്മേടെ സംസാരം.
ഹരിയേട്ടൻ ഉള്ളോണ്ടാവും മീനുവും മധുവും ഇതൊക്കെ കേട്ട് പല്ല് കടിച്ചു ദേഷ്യം ഒതുക്കി നിൽക്കുന്നുണ്ട്.
ഞാൻ ഒന്നും മിണ്ടാതെ അമ്മേ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മേം കൊടുത്തു ഹരിയേട്ടന്റെ കൂടെ ഇറങ്ങി. ഹരിയേട്ടൻ ബൈക്കെടുക്കുമ്പോ പിന്നേം തിരിഞ്ഞു നോക്കി. എന്റെ വീടെനിക്ക് കണ്ടിട്ടും കണ്ടിട്ടും മതിയാകാത്ത പോലെ…..!
*****
വീട്ടിൽ എത്തുമ്പോ അമ്മ കിടപ്പാണ്. ഞാൻ ആദ്യമേ മുറിയിലേക്ക് ചെന്നു.
“നിങ്ങള് പോയേപ്പിന്നെ കുമാരിക്ക് തലചുറ്റൽ വന്നു. അപ്പൊ തുടങ്ങിയ കിടപ്പാ… ഒട്ടും വയ്യ.”
അച്ഛൻ ഹരിയേട്ടനോട് പറയുന്നത് എനിക്ക് കേൾക്കാം.
അമ്മ ഞങ്ങളെ കണ്ട് ” ഹാ മക്കള് വന്നോ? ഇപ്പോ ഓടിപ്പിടിച്ചു വരേണ്ട കാര്യോന്നും ഇല്ലായിരുന്നു.”
എന്ന് പറഞ്ഞ് എഴുന്നേറ്റിരുന്നു.
” അതൊന്നും സാരമില്ലമ്മേ … അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോണോ?”
ഞാൻ ബെഡിലേക്കിരുന്ന് കൊണ്ട് ചോദിച്ചു.
” ഏയ്.. അതൊന്നും വേണ്ട. ഇത് ബി പി കുറഞ്ഞതാ…. ഇപ്പൊ മാറി.”
“ഞാൻ ഇത്തിരി കൂടി കിടക്കട്ടെ” എന്നും പറഞ്ഞ് അമ്മ പിന്നേം കിടന്നു.
ഞാൻ ഡ്രെസ്സൊക്കെ മാറി വന്ന് അടുക്കളയിൽ നോക്കുമ്പോഴുണ്ട് പാത്രങ്ങൾ മുഴുവൻ സിങ്കിൽ കിടക്കുന്നു. രാവിലേം ഉച്ചയ്ക്കും അച്ഛൻ കഴിച്ച പ്ളേറ്റ് ഉൾപ്പെടെയുണ്ട്. അമ്മ കഴിച്ചത് കഴുകി വച്ചതാണോ അതോ ഇനി കഴിച്ചില്ലേ ആവോ?
എന്ത് പറയാനാ? തലചുറ്റൽ വന്നാൽ നിന്ന് കൊണ്ട് പാത്രം കഴുകാൻ പറ്റോ? അതിപ്പോ എനിക്കാണേലും പറ്റില്ല.
ഞാൻ പാത്രങ്ങൾ ഓരോന്നായി കഴുകി വച്ചു. സിങ്കിന് ചുറ്റും വൃത്തിയാക്കി അടുക്കളേം വീടുമൊക്കെ തൂത്തിട്ടു.
ഇവിടെപ്പിന്നെ നേരംവെളുക്കും മുന്നേ തൂക്കണം എന്നൊന്നുമില്ല. എപ്പോഴാണോ നമുക്ക് സൗകര്യം അപ്പോ തൂക്കാം. തുടയ്ക്കാം…..
എന്റെ വീട്ടിൽ ആണേൽ വെയിലാകും മുന്നേ തൂത്തില്ലേൽ അച്ഛമ്മ ചൂലിനടിക്കും.
പണിയൊക്കെ ഒതുക്കിയപ്പോ മണി നാലരയായി. പിന്നെ പാലെടുത്തു തിളപ്പിച്ചു. വെള്ളം തിളപ്പിച്ച് അതിൽ തേയിലപ്പൊടി ഇട്ടപോ അമ്മ എഴുന്നേറ്റു വന്നു.
” ചായ ഞാൻ ചേർക്കാം. പഞ്ചസാരയുടെ പാകമൊന്നും മോക്ക് അറിയില്ലല്ലോ?”
എനിക്കിപ്പോ എന്താ? ചെയ്തോട്ടെ….
ഞാൻ മാറിക്കൊടുത്തു.
പിന്നീടമ്മ കിടന്നൊന്നുമില്ല. കുറവുണ്ടോ എന്ന് ചോദിച്ചപ്പോ ‘ആ ഇപ്പൊ നല്ല ആശ്വാസം ഉണ്ടെന്ന്’ മറുപടി പറഞ്ഞു.
ചായ കുടി കഴിഞ്ഞിരിക്കുമ്പോഴാണ് ‘ഞങ്ങളൊന്ന് പുറത്തു പോകുമെന്ന്’ ഹരിയേട്ടൻ അമ്മയോട് പറയുന്നത്.
“ഇന്നിപ്പോ നിങ്ങള് പോയി വന്നല്ലേ ഉള്ളൂ. നാളെ പോരെ?”
അമ്മ പെട്ടെന്ന് ചോദിച്ചു.
“അതിനിപ്പോ എന്താ? രാജേഷും വൈഫും കൂടൊണ്ട്.”
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. എന്നോട് പെട്ടെന്ന് റെഡിയാകാൻ പറഞ്ഞു.
ആദ്യമായിട്ട് ഹരിയേട്ടനൊപ്പം പുറത്തേക്ക് പോകുന്നു…. വല്ലാത്ത ഒരുന്മേഷം തോന്നി എനിക്ക്. ഞാൻ പെട്ടെന്ന് പോയി റെഡിയായി വന്നു.
രാജേഷേട്ടന്റെ വീട്ടിലേക്കാണ് ഞങ്ങൾ പോയത്. അവിടെ രാജേഷേട്ടനും ആളിന്റെ ഭാര്യ അർച്ചനയും റെഡിയായി നിന്നിരുന്നു.
രണ്ട് ബൈക്കുകളിലായി ഞങ്ങൾ യാത്ര തുടങ്ങി. നേരെ കോവളത്തേയ്ക്ക്….
ആദ്യമായി കടല് കാണുന്നതിന്റെ എക്സൈറ്റ്മെന്റാണെന്റെ ഉള്ള് നിറയെ.
കൊച്ച് കുഞ്ഞുങ്ങളെപ്പോലെ തുള്ളുന്ന മനസ്സിന്റെ ആനന്ദം ചിരിയായാണ് പുറത്ത് വരുന്നത്. ഞാൻ അങ്ങനെ ചിരിച്ചോണ്ടേ ഇരിക്കുവായിരുന്നു എന്ന്, മിററിലൂടെ എന്നെ നോക്കി ‘”എന്തിനാടോ ചിരിക്കുന്നത്?” എന്ന് ഹരിയേട്ടൻ ചോദിച്ചപ്പോഴാണ് മനസ്സിലായത് തന്നെ. ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞ് ചിരി ഒതുക്കി ചുറ്റും നോക്കിയിരുന്നു.
**********
🦋 മരുമകൾ 🦋 14
കടലിന് ഇത്ര ഭംഗി ഉണ്ടായിരുന്നോ?
എന്ത് രസമാണീ കടല് കാണാൻ? നീല നിറത്തിൽ പരന്ന് കിടക്കുന്ന അറ്റമില്ലാത്ത കടല് കണ്ടെന്റെ കണ്ണ് വിടർന്നു വന്നു.
സത്യം പറയട്ടെ….?
ജനിച്ചിട്ട് ഇതുപത്തിയൊന്ന് വർഷങ്ങളാകുന്നു. ഇന്നേവരെ ഞാൻ കടല് നേരിൽ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം….!
“ദേവു ഇതിന് മുൻപ് ഇവിടെ വന്നിട്ടില്ലേ?”
ഞാൻ ഇമ വെട്ടാതെ കടലിൽ നോക്കി നിന്നതിനാലാകണം, ഹരിയേട്ടൻ ചോദിച്ചു.
“ഇല്ല….”
“ശംഖ്‌മുഖം പോയിട്ടുണ്ടോ?”
ഞാൻ അതിനും ഇല്ലെന്ന് തലവെട്ടിച്ചു.
“വേറെ എവിടെ പോയിട്ടുണ്ട്? വേളി, വർക്കല….?”
“കടല് കണ്ടിട്ടില്ല….”
എന്റെ തല കുനിഞ്ഞു പോയി.
“അതിനെന്താ? തനിക്ക് ഇഷ്ടമാണേൽ നമുക്ക് ഇടയ്ക്കിടെ വരാന്നേ….
ഇപ്പൊ വാ… കടലിൽ ഇറങ്ങാം.”
ആളെന്റെ കയ്യിൽ കൈ കോർത്തു.
ഞാൻ കൈ പിറകിലേക്ക് വലിച്ചു.
“പേടിയാ?”
ഞാൻ മിണ്ടാതെ നിന്നതും വന്നെന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു. എനിക്ക് ചമ്മൽ തോന്നി. ഞാൻ ചുറ്റും നോക്കി. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.
“എന്തിനാ പേടി? ഞാനില്ലേ?”
പതിഞ്ഞ ആർദ്രമായ സ്വരം…
എന്റെ മനസ്സ് നിറഞ്ഞു. എന്നും ഇത് പറയാൻ ഈ ആള് എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ…..
മോഹിച്ചു പോയി ഞാൻ….
ഞങ്ങൾ ഒരുമിച്ചു കടലിലേക്കിറങ്ങി. ഒരുമിച്ചു തിരയിൽ കളിച്ചു. ഒരുമിച്ചു അസ്തമയം കണ്ടു. ഹരിയേട്ടൻ എന്റെ കൈ വിടാതെ കോർത്തു പിടിച്ചിരുന്നു. ഹരിയേട്ടനോട് എന്റെ മനസ്സിൽ ഉണ്ടായിരുന്ന അപരിചിതത്വവും മാഞ്ഞേ പോയി….
രാജേഷേട്ടനും അർച്ചനയും അത് വരെ അവരുടേത് മാത്രമായ ലോകത്തായിരുന്നു. കടലിൽ നിന്നും കയറി വന്ന് രാജേഷേട്ടൻ ചോദിച്ചു.
“നമുക്ക് കഴിച്ചിട്ട് പോയാലോ? സമയം ഏഴ് കഴിഞ്ഞില്ലേ?”
“എന്നാൽ അങ്ങനെ ചെയ്താലോ?”
ഹരിയേട്ടൻ എന്നെ നോക്കി. എനിക്ക് പിന്നെ സമ്മതം അല്ലാതിരിക്കുമോ? ഞാൻ ആദ്യമായിട്ടല്ലേ പുറത്തൂന്ന് ഫുഡ് കഴിക്കാൻ പോകുന്നത്.
“ഞാൻ ഒന്ന് അമ്മേ വിളിച്ചു പറയട്ടെ…”
ഹരിയേട്ടൻ മൊബൈൽ എടുത്തു അമ്മേ വിളിച്ചു. ഞാൻ അടുത്ത് നിന്നത് കൊണ്ടാകും അമ്മ പറഞ്ഞതൊക്കെ എനിക്ക് അവ്യക്തമായി കേൾക്കാനാകുന്നുണ്ട്.
“നീ നേരത്തെ പറയാത്തത് എന്താ ഹരീ? ഞാൻ ഇവിടെ ചമ്മന്തി ഒക്കെ അരച്ചു വച്ചു. ഇനി അതൊക്കെ വെറുതെ പോകില്ലേ?”
“ചമ്മന്തി ബാക്കി വന്നാൽ അമ്മ ഫ്രിഡ്ജിൽ വച്ചേരെ ഞാൻ നാളെ കഴിച്ചോളാം. രാജേഷിനോട് ഞാൻ ഓക്കേ പറഞ്ഞതാ അമ്മേ… ഇനി എങ്ങനാ മാറ്റി പറയുന്നേ…?”
“ഹ്മ്… ഒരുപാട് ഇരുട്ടും മുൻപേ ഇങ്ങ് വന്നേക്കണം. ഒരു പെങ്കൊച്ചും കൂടെ ഉള്ളതാ…”
അമ്മ നീരസത്തോടെയാണെന്ന് തോന്നുന്നു ഫോൺ കട്ടാക്കിയത്.
ഹരിയേട്ടൻ എന്നെ നോക്കി കണ്ണ് ചിമ്മി. ഞാൻ എല്ലാം കേട്ടെന്ന് മനസ്സിലായിക്കാണണം.
******
വലിയൊരു റെസ്റ്ററന്റിലേക്കാണ് പോയത്. എനിക്കതിന്റെ ഉൾവശം കണ്ടപ്പോഴേ കണ്ണ് മിഴിഞ്ഞു.
ഫാമിലിക്ക് വേണ്ടി സെറ്റ് ചെയ്തിരുന്ന ഇടത്താണ് ഞങ്ങൾ ഇരുന്നത്. എന്ത് വേണമെന്ന് ഹരിയേട്ടൻ എന്നോട് ചോദിച്ചു. ദോശ മതീന്ന് ഞാൻ പറഞ്ഞു. അല്ലാതെ വേറെ എന്ത് പറയണമെന്ന് സത്യം പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു.
“ഞാൻ ഓർഡർ ചെയ്യട്ടെ? താൻ കഴിക്കോ?”
ഞാൻ തല കുലുക്കി സമ്മതിച്ചു.
അവരെന്തൊക്കെയോ ഓർഡർ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത എന്തൊക്കെയോ വിഭവങ്ങൾ മുന്നിൽ നിരന്നു. ഞാൻ അന്തം വിട്ട് നോക്കിയിരുന്നു.
ഹരിയേട്ടൻ തന്നെ എന്റെ പ്ളേറ്റിലേക്ക് വിളമ്പി. പത്തിരിയും ചിക്കന്റെ എന്തോ വിഭവവും. അവരെന്തോ പേര് പറഞ്ഞു. എനിക്ക് മനസ്സിലായത് കൂടിയില്ല.
ഞാൻ ആകെ ചിക്കൻ കറിയും ചിക്കൻ പെരട്ടും മാത്രേ കഴിച്ചിട്ടുള്ളൂ… വല്ലപ്പോഴും വീട്ടിൽ ചിക്കൻ വാങ്ങുമ്പോൾ അമ്മ ഉണ്ടാക്കുന്നത്. സൂപ്പർ ടേസ്റ്റ് ആണത്. അമ്മയ്ക്ക് അപാര കൈപ്പുണ്യം ആണ്.
ഇതും നല്ല ടേസ്റ്റ് ആയിരുന്നു. ആസ്വദിച്ചു കഴിച്ചു. പെട്ടെന്ന് വയറു നിറഞ്ഞു. എല്ലാം കൂടി കണ്ടപ്പോഴേ എന്റെ വയറു പകുതി നിറഞ്ഞിരുന്നു.
” എടാ ഹരിയെ… നീ കിളിക്കുഞ്ഞിനെയാണോ കല്യാണം കഴിച്ചത്? കൊത്തിപ്പെറുക്കി തിന്നുന്നു.”
ഇടയ്ക്ക് എപ്പോഴോ രാജേഷേട്ടൻ എന്നെ കളിയാക്കി.
” കുളിക്കുഞ്ഞ് പതിയെ വളർന്ന വലുതാവട്ടെ…അല്ലെ?”
ഹരിയേട്ടൻ എന്റെ നേർക്ക് മുഖം പൊക്കി ചോദിച്ചതും ഞാൻ ചിരിച്ചു കാണിച്ചു.
ഹരിയേട്ടനും രാജേഷേട്ടനും അർച്ചനയുമൊക്കെ നന്നായി കഴിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു. സംസാരിച്ചിരുന്ന് അവർ ഓർഡർ ചെയ്തത് എല്ലാം കഴിച്ചു തീർത്തു.
കമ്പനിയാകാൻ കുറച്ചു സമയമെടുത്തു എങ്കിലും പിരിയുന്നേരം ഞാനും അർച്ചനയും നല്ല കൂട്ടായി മാറിയിരുന്നു.
********
വീട്ടിൽ എത്തുമ്പോ അമ്മ വായനയാണ്. ഏതോ പുരാണ പുസ്തകമാണ് വായിക്കുന്നത്. വലിയ ഭക്തയാണമ്മ.
ഞങ്ങൾ വന്നതറിഞ്ഞിട്ടും ഒന്നും മിണ്ടാതെ വായന തുടർന്നു.
“എവിടെങ്കിലും പോകുന്നേൽ നേരത്തെ പൊയ്ക്കൂടേ? പാതിരാത്രിയായിട്ടാ വരവ്….”
ഞങ്ങൾ റൂമിലേക്ക് പോകുന്നേരം അച്ഛൻ പിറുപിറുക്കുന്നത് കേട്ടു. അമ്മയോടാണ്. അമ്മ പക്ഷെ അപ്പോഴും വായന തന്നെ.
ഹരിയേട്ടൻ അത് കേട്ടില്ല എന്ന് തോന്നുന്നു.
അമ്മ ഇനി പിണങ്ങുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു.
അങ്ങനെ ഒന്നും ഉണ്ടായില്ല. ഞാൻ ഡ്രസ്സ് മാറ്റി പുറത്തിറങ്ങിയപ്പോ അമ്മ വായന നിർത്തിയിരുന്നു.
“നിങ്ങൾക്ക് കട്ടൻ വല്ലോം വേണോ?”
സാധാരണ പോലെ മുഖം കറുപ്പിക്കാതെയാണ് ചോദ്യം.
ഞാൻ വേണ്ടെന്ന് പറഞ്ഞു. ഹരിയേട്ടനോട് ചോദിച്ചപ്പോ ആളും അത് തന്നെ പറഞ്ഞു.
“എന്നാപ്പിന്നെ ഞാൻ കിടക്കട്ടെ… വയ്യ.”
അതും പറഞ്ഞ് അമ്മ കിടക്കാനായി പോയി.
എന്നും ഞങ്ങളുടെ റൂമിൽ ഫ്ലാസ്കിൽ വെള്ളം കൊണ്ട് വയ്ക്കാറുണ്ട്. ഞാൻ വെള്ളമെടുക്കാനായാണ് അടുക്കളയിലേക്ക് ചെന്നത്. അപ്പോഴതാ സിങ്കിൽ കിടക്കുന്നു എച്ചിൽ പാത്രങ്ങൾ… കുറച്ചേയുള്ളൂ…. ഒരു മൂന്നാലെണ്ണം.
എനിക്കത് കണ്ടപ്പോ ഒരു കാര്യം ഉറപ്പായി. ഇവിടെ ഓരോരുത്തർക്കും ഓരോ ജോലി അമ്മ തീരുമാനിച്ചിട്ടുണ്ട്. അതിനി വീട്ടിൽ ഉണ്ടെങ്കിൽ അപ്പൊ ചെയ്യണം. ഇല്ലേൽ വന്നിട്ട് ചെയ്യണം. വേറെ ആരും അത് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട. ഇവിടെ പാത്രം കഴുകുന്നതും വീട് വൃത്തിയാക്കുന്നതും തേങ്ങ ചിരകി കറിക്ക് അരയ്ക്കുന്നതും ഒക്കെയാണ് എന്റെ പണി. അതിനി എന്ത് വന്നാലും അമ്മ ചെയ്യാൻ പോണില്ല.
ഞാൻ സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകി വച്ചു. ഇതൊന്നും എനിക്കത്ര പാടുള്ള പണിയല്ല. ഇതൊക്കെ ഞാൻ എന്റെ വീട്ടിലും ചെയ്യുന്നതായിരുന്നല്ലോ?
റൂമിൽ ചെല്ലുമ്പോൾ ഹരിയേട്ടൻ കിടക്കാനുള്ള തയാറെടുപ്പിലാണ്. എന്നെ കണ്ടതും ലൈറ്റ് അണച്ച് കിടന്നു. കട്ടിലിന്റെ മറുഭാഗത്ത് ഞാനും കിടന്നു. കുറേ നേരം എന്തൊക്കെയോ സംസാരിച്ചു. അധികവും ഹരിയേട്ടാനാണ്. കുറച്ച് കഴിഞ്ഞപ്പോ ആള് കൊട്ടുവായിടാൻ തുടങ്ങി.
“ഉറങ്ങിയാലോ?”
എനിക്കും നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു.
കണ്ണടച്ചതും ഹരിയേട്ടന്റെ പതിഞ്ഞ വിളിയൊച്ച കേട്ടു.
“ദേവൂ……..”
ഞാൻ ഹരിയേട്ടന് നേരെ തിരിഞ്ഞു കിടന്നു.
ആളിന് ഒരു പരുങ്ങൽ പോലെ…
“അത്… പിന്നെ….”
എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.
ഞാൻ ആളിനെത്തന്നെ നോക്കിക്കിടന്നു.
“ഞാനേ…. ഞാനൊരു ഉമ്മ തന്നോട്ടെ?”
ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ഹരിയേട്ടൻ. ആളിന്റെ വെപ്രാളം കണ്ടെനിക്ക് ചിരി പൊട്ടിയെങ്കിലും, ചോദിച്ചത് എന്താണെന്ന് മനസ്സിലായതും ഞാൻ ഉമിനീർ വിഴുങ്ങി.
*********

by