25/05/2026

മരുമകൾ : ഭാഗം 69 & 70

രചന – ഗംഗ ശലഭം

ഹരിയേട്ടന്റെ മൊബൈൽ തുടരെ റിങ് ചെയ്യുന്നത് കേട്ടാണ് ഉറക്കമുണർന്നത്. കയ്യെത്തിച്ചു എന്റെ മൊബൈൽ എടുത്ത് നോക്കുമ്പോ മൂന്നര ആകുന്നേയുള്ളൂ…. ഇത്രയും രാവിലെ ആരാണ്?

മൊബൈൽ റിങ് ചെയ്യുന്നതൊന്നും അറിയാതെ ഹരിയേട്ടൻ അപ്പോഴും സുഖ ഉറക്കമാണ്.

തട്ടി വിളിച്ച് എഴുന്നേൽപ്പിച്ചു. ഉറക്കച്ചടവോടെ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വച്ച ആളിന്റെ മുഖഭാവം പെട്ടെന്ന് മാറി. മറുപുറത്ത് നിന്നും കേട്ടത് ഒട്ടും സുഖകരമല്ലാത്ത വാർത്ത ആണെന്ന് വ്യക്തം.

” എന്താ ഹരിയേട്ടാ…? ”

കാൾ കട്ടാക്കിയ ഉടനെ ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

” ബീന ചേച്ചിയാ വിളിച്ചത്…. എറണാകുളത്തെ മാമൻ…. അറ്റാക്ക് ആയിരുന്നു എന്ന്…. ”

കേട്ടതേ ഞാനും ഒന്ന് സ്റ്റക്ക് ആയി.
അമ്മേടെ മൂത്ത സഹോദരൻ ആണ്. ആയുർവേദ ഡോക്ടർ. വയസ്സ് എൺപത് അടുപ്പിച്ച് ആയെങ്കിലും പ്രത്യേകിച്ച് അസുഖം ഒന്നും ഉണ്ടായിരുന്നില്ല ആളിന്.

” ഹരിയേട്ടൻ പോണില്ലേ? ”

” മ്മ്…. പോണം…. ബീന ചേച്ചിയും ജയൻ ചേട്ടനും കൂടി കാറിൽ ആണ് പോകുന്നത്. എന്നോട് ചെല്ലുന്നോ എന്ന് ചോദിച്ചു. ”

” എന്നാ അവരുടെ കൂടെ പൊയ്ക്കോ… ഞാൻ ഇന്നിപ്പോ എങ്ങനാ വരുന്നേ? ”

കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ ജോലിയാണ്. യു പി സ്കൂൾ അസിസ്റ്റന്റ് ആയിട്ട്. ഇന്നാണ് ജോയിൻ ചെയ്യേണ്ടത്.
ഗവണ്മെന്റ് ജോലി എന്ന പ്രതീക്ഷ ഒക്കെ വിട്ട സമയത്ത് അവസാന നിമിഷം കയ്യിൽ വന്ന ജോലിയാണ്.
അതുമല്ല… ഇന്ന് സുമ ചേച്ചിക്ക് വൈകിട്ട് നേരത്തെ പോകണമെന്നും പറഞ്ഞിരുന്നു. അമ്മയെ ഇവിടെ ഒറ്റക്കാക്കി പോകാൻ പറ്റുമോ?

” ഞാൻ എന്തായാലും ഇന്ന് ലീവ് ആണല്ലോ? ഞാൻ അവരുടെ കൂടെ പോകാം…. നീ തനിയെ പോവില്ലേ? ”

” ഞാൻ പൊക്കോളാം…. ”

സ്കൂളിലെ ഫസ്റ്റ് ഡേ അല്ലെ? ഹരിയേട്ടൻ കൂടി ഒപ്പം വരാമെന്നു പറഞ്ഞിരുന്നു. അത് കൊണ്ട് ആളിന്ന് നേരത്തെ ലീവാക്കി. ഇന്ന് ഹരിയേട്ടൻ കൂടെ ഉള്ളതായിരുന്നു എനിക്കും സന്തോഷം. പക്ഷെ…. എന്ത് ചെയ്യാൻ? ഇനി അത് പറ്റില്ലല്ലോ?

പിന്നീട് കിടന്നില്ല….

അമ്മയോട് ഒന്നും പറയണ്ട എന്ന് ഹരിയേട്ടൻ പറഞ്ഞിരുന്നു. എന്തായാലും അമ്മയ്ക്ക് ഈ അവസ്ഥയിൽ പോകാൻ പറ്റില്ല. പിന്നെ ഇപ്പോ പറഞ്ഞിട്ടെന്തിനാ?

ഇടയ്ക്കൊക്കെ അമ്മ കണ്ണ് നിറച്ച് കിടക്കുന്നത് കാണാം…. ചിലപ്പോ എന്തെങ്കിലും ഒക്കെ പിറുപിറുക്കുന്നത് കേൾക്കാം.

ഒരു ദിവസം പോലും കിടക്കേണ്ടി വരില്ല, ആരെയും ആശ്രയിക്കേണ്ടി വരില്ല എന്ന് കരുതിയിടത്ത് , കുറച്ചു വർഷങ്ങളായി ഇതേ കിടപ്പല്ലേ? അതും അവരേറ്റവും വെറുക്കുന്ന എന്നെത്തന്നെ പല കാര്യങ്ങൾക്കും ആശ്രയിച്ചു കൊണ്ട്…. അതിന് ദൈവത്തിനോട് പരാതി പറയുന്നതാവണം….

ഇപ്പോഴാണേൽ, മുൻപ് കൈക്കൊക്കെ ഉണ്ടായിരുന്ന സ്വാധീനവും ഇല്ലാതായിട്ടുണ്ട്. എഴുന്നേൽപ്പിച്ച് ചാരി ഇരുത്താനൊന്നും പറ്റുന്നില്ല. ഹോസ്പിറ്റലിൽ ഒക്കെ കാണുന്ന ടൈപ്പ് height അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന കട്ടിലിൽ water bed ഒക്കെ ഇട്ടാണ് കിടത്തിയേക്കുന്നത്. എന്നിട്ടും പുറം ഭാഗത്തെ തൊലി ഒക്കെ ഇളകി തുടങ്ങിയിട്ടുണ്ട്. കാലിൽ എന്തോ ഒരു കുഞ്ഞ് മുറിവ് വന്നത് വൃണം പോലെ ആയിട്ടുണ്ട്. ഷുഗർ ഒക്കെ ഹൈ ആണേ…

ഒരേ കിടപ്പ് കിടന്നാൽ മടുത്തു പോകില്ലേ? പലപ്പോഴും ജീവനെടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും എന്നോടുള്ള വിരോധത്തിന് ഒരു തുള്ളി പോലും കുറവ് വന്നിട്ടില്ല. എന്റേം എന്റെ അമ്മേടേം കൂടോത്രം ആണ് അവരിന്ന് ഇങ്ങനെ കിടന്ന് പോകാൻ കാരണം എന്ന് വരുന്നവരോടും പോകുന്നവരോടും ഇപ്പോഴും പറയുന്നത്.
അത് കേൾക്കുമ്പോ ഉണ്ടാകുന്ന ഒരിത്തിരി സമാധാനം കൂടി എങ്ങാണ്ടൊക്കെയോ പോയി മറയും.

കിടന്ന കിടപ്പിൽ തന്നെ പ്രാഥമിക കർമ്മങ്ങൾ ചെയ്യേണ്ടി വരിക, ഒന്ന് ദാഹം അകറ്റാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരിക… ഇതൊക്കെ തരുന്ന frustration നും മാനസിക പിരിമുറുക്കവും ചെറുതല്ലല്ലോ? പ്രത്യേകിച്ചും അമ്മായിയെപ്പോലെ എനിക്ക് ആരെയും ഒരിക്കലും ആശ്രയിക്കേണ്ടി വരില്ല എന്ന് അഹങ്കരിച്ചിരുന്ന ഒരാൾക്ക്….

ആ പിരിമുറുക്കം മാറ്റാനാകും ഇപ്പൊ ഇടയ്ക്കിടെ ഉറക്കെ അലറി വിളിക്കും… എന്തൊക്കെയോ പിറുപിറുക്കും…
ആ അവസരങ്ങളിൽ എന്നെയും എന്റെ വീട്ടുകാരെയും ഒക്കെ ഉറക്കെ പ്രാകും….

ഇതൊക്കെ കേട്ട് പേടിച്ചിട്ട് ഉണ്ണി പോലും ഇപ്പോ അമ്മായീടെ അടുത്തേക്ക് പോകാറില്ല.

🦋

എഴുന്നേറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു. ഉണ്ണിയ്ക്കും സ്കൂളിൽ പോകേണ്ടതുണ്ട്. അവനിപ്പോ അഞ്ചിലാണ്. പത്ത് വയസ്സ്….
എന്ന് വച്ചാൽ അമ്മായി കിടപ്പിൽ ആയിട്ട് ആറര വർഷം…!

ചോറൊക്കെ കെട്ടി ഉണ്ണിയേം ഒരുക്കി ഞാനും ഒരുങ്ങി ഇറങ്ങിയപ്പോ സമയം എട്ടര ആകാറായിരുന്നു. ഹരിയേട്ടൻ ഏഴു മണി ആയപ്പോഴേ എറണാകുളത്തേക്ക് പോയി. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കോ എന്തോ ആണ് ബോഡി എടുക്കുന്നത്. അതിന് മുന്നേ എത്തണ്ടേ?

ഞങ്ങൾക്ക് പോകാൻ ഒരു ഓട്ടോ പറഞ്ഞിരുന്നു. ആദ്യ ദിവസം എങ്കിലും സമയത്തിന് സ്കൂളിൽ എത്തണ്ടേ? ഉണ്ണിയെ സ്കൂളിൽ ആക്കിയിട്ട് വേണം എനിക്ക് പോകാൻ…..

ഉണ്ണിയേം അവന്റെ സ്കൂളിൽ ആക്കി എന്റെ സ്കൂളിൽ എത്തിയപ്പോഴേക്കും സമയം ഒൻപതേ കാൽ ആയിരുന്നു.

എച്ച് എമ്മിന്റെ റൂമിൽ കയറി സൈൻ ചെയ്തു. ആറാം ക്ലാസ്സിൽ ആയിരുന്നു ആദ്യം. ഫസ്റ്റ് ക്ലാസ്സ്‌ ആയത് കൊണ്ട് എച് എമ്മും കൂടെ വന്നു.

കുട്ടികൾ കോറസ് പോലേ good morning പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ? അത് അനുഭവിച്ചു തന്നെ അറിയണം….!

വൈകിട്ടായത് അറിഞ്ഞതേയില്ല.

സ്കൂളിന്റെ അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചാണ് തിരികെ വീട്ടിലേക്ക് പോന്നത്. പോരുന്ന വഴി ഉണ്ണിയേം കൂട്ടി.
വീട്ടിൽ എത്തുമ്പോ സുമ ചേച്ചി പോകാൻ ഇറങ്ങി നിൽപ്പുണ്ട്.

ഉണ്ണിയെ ഡ്രസ്സ്‌ ഒക്കെ മാറ്റിച്ചു മേല് കഴുകിച്ചു നിർത്തിയ ശേഷം ഞാനും ഒന്ന് ഫ്രഷ് ആയി. ഉണ്ണിക്ക് ടി വി ഇട്ട് കൊടുത്ത ശേഷം അടുക്കളയിലേക്ക് ചെന്ന് ചായ ഉണ്ടാക്കി. സുമ ചേച്ചി പഴം പൊരി ഉണ്ടാക്കി വച്ചിരുന്നു. അതിൽ രണ്ടെണ്ണം എടുത്ത് പാലും കൂടി ഉണ്ണിക്ക് കൊടുത്തു.

അച്ഛനുള്ള ചായയും പഴം പൊരിയും ഡെയിനിങ് ടേബിളിൽ എടുത്തു വച്ചിട്ട് ആളിനെ നോക്കിയെങ്കിലും പുറത്തൊന്നും കണ്ടില്ല. സാധാരണ ഈ സമയം വരാന്തയിൽ കാണുന്നതാണ്. തിരക്കി ചെന്നപ്പോ അമ്മേടെ മുറിയിൽ നിന്നും സംസാരം കേൾക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് ചെന്നു.

” കുമാരീ…. എന്റെ ചേട്ടൻ മരിച്ചെന്ന് അറിഞ്ഞിട്ട് അവസാനമായിട്ടൊന്ന് ചെന്ന് കാണാൻ നീ എന്നെ സമ്മതിച്ചായിരുന്നോ? ദൈവം ഉണ്ട് കുമാരീ… ഇപ്പൊ കണ്ടാ? നിന്റെ അണ്ണൻ മരിച്ചിട്ട് അവസാനമായിട്ട് നിനക്കൊരു നോക്കു കാണാൻ പറ്റണൊണ്ടാ? ”

അച്ഛൻ അമ്മയോട് ചോദിക്കുന്നത് കേട്ട് ഞാൻ വാതിൽക്കൽ തന്നെ നിന്ന് പോയി.

അച്ഛൻ പതിഞ്ഞു കരയുന്നുണ്ട് . അമ്മയുടെ കരച്ചിൽ അല്പം ഉച്ചത്തിലാണ്.

മാമൻ മരിച്ച കാര്യം അമ്മയോട് പറയരുത് എന്ന് ഹരിയേട്ടൻ എന്നോട് പ്രത്യേകം പറഞ്ഞിരുന്നതാണ്. ഇതിപ്പോ അച്ഛനത് അമ്മയോട് പറഞ്ഞ കോളാണ്.

അല്ല… അച്ഛനെയും കുറ്റം പറയാൻ പറ്റില്ല. ഉണ്ണി ജനിച്ച് ഏതാണ്ട് ഒരു വർഷം ഒക്കെ കഴിഞ്ഞപ്പോഴാണ് അച്ഛന്റെ മൂത്ത സഹോദരൻ മരിക്കുന്നത്. വല്യച്ഛന്റെ വീട് കൊല്ലം അടുപ്പിച്ചാണ്. ഏതാണ്ട് ഒരു മണിക്കൂറോളം യാത്രയുണ്ട്.

ഹരിയേട്ടൻ അന്ന് ഇവിടെ ഇല്ല. കോളേജിലെ പിള്ളേരേം കൊണ്ട് നാല് ദിവസത്തെ സ്റ്റഡി ടൂർ പോയിരിക്കയാണ്‌. ഉണ്ണിക്ക് ആണേൽ നല്ല പനിയും.

അച്ഛന് ഒറ്റയ്ക്ക് അത്ര ദൂരെയൊന്നും പോകാൻ വയ്യ. കാഴ്‌ചയും കേൾവിയും ഒക്കെ കുറവാണ് പുള്ളിക്കാരന്. അതിന്റെ കൂടെ ഉണ്ണീടെ പനി ചെറിയ രീതിയിൽ അച്ചനും പകർന്നു കിട്ടിയിട്ടുണ്ട്. ഇത്രേം ദൂരം ആളിനെ ഒറ്റയ്ക്ക് വിടാൻ തീരെ പറ്റില്ല.

എരിഞ്ഞ് അടങ്ങും മുൻപ് അവസാനമായി സഹോദരനെ ഒന്ന് കാണണമെന്ന് ആശ ഇല്ലാത്തവരുണ്ടാകുമോ?

ഉണ്ണിയെ പ്രെഗ്നന്റ് ആയ ശേഷം അച്ഛന് എന്നോട് ഉണ്ടായിരുന്ന താല്പര്യക്കുറവൊക്കെ മാറിയിരുന്നല്ലോ? അതിന് ശേഷം അച്ഛന്റെ ബന്ധുക്കളെക്കുറിച്ചൊക്കെ അച്ഛൻ ഇടയ്ക്ക് പറയാറുണ്ടായിരുന്നു. ഈ മൂത്ത ചേട്ടനാണ് അച്ഛനെ കുഞ്ഞിലേ നോക്കിയിരുന്നതെന്നൊക്കെ അച്ഛൻ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട് എന്നോട്. പുള്ളിക്കാരന് ഏറ്റവും ഇഷ്ടവും ഈ വല്യേട്ടനോട് തന്നെയാണ്. അപ്പൊ ആളിനെ അവസാനമായിട്ടൊന്ന് കാണണമെന്ന് തോന്നാതിരിക്കുമോ?

എന്നിരുന്നാലും അച്ഛനെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ? അതും ഇത്രേം ദൂരം? അതിന്റെ കൂടെ പെരു മഴയും….

കൊല്ലത്തുള്ളത് വലിയച്ചന്റെ പുതിയ വീടാണ്. അവിടെയ്ക്കുള്ള വഴി പോലും അച്ഛന് അറിയില്ല.

ഹരിയേട്ടനെ വിളിച്ചപ്പോൾ ഒരു ഓട്ടോ ഏർപ്പെടുത്തി അച്ഛനേം അമ്മേം കൂടി വിടാൻ പറഞ്ഞു ആള്. അമ്മയ്ക്ക് ആവുമ്പോ വഴി പറഞ്ഞു കൊടുത്താൽ മനസ്സിലാവുകയെങ്കിലും ചെയ്യുമല്ലോ?

പക്ഷെ അമ്മായി കൊന്ന് കളഞ്ഞാൽ കൂടെ പോകില്ല എന്ന് കട്ടായം പറഞ്ഞു. വലിയ കോടീശ്വരൻ ആയിരുന്നിട്ടും ഞങ്ങളുടെ കല്യാണത്തിന് വല്യച്ഛൻ ഇരുപത്തി അയ്യായിരം രൂപ മാത്രേ കൊടുത്തുള്ളൂ അത്രേ…. അറു പിശുക്കാനായ അങ്ങേരു ചത്തു മലച്ചു കിടക്കുന്നത് കാണാൻ പോകാൻ അവർക്ക് സൗകര്യം ഇല്ലാന്ന്….

വയ്യാത്ത ഉണ്ണിയേം ഇട്ടിട്ട് ഞാൻ എങ്ങനെ കൂടെ പോകാനാണ്? എന്നിട്ടും അവനെ എന്റെ വീട്ടിൽ ആക്കിയിട്ട് കൂടെ പോകാമെന്നു കരുതി ഞാൻ അമ്മയെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മായീടെ അടുത്ത ഡയലോഗ് വരുന്നത്.

അമ്മായിയെ ധിക്കരിച്ചു അമ്മാവൻ മരണ വീട്ടിലേക്ക് പോയാൽ തിരികെ വരുമ്പോ അവരുടെ വീട്ടിൽ പുള്ളിയെ കയറ്റില്ലാത്രേ…. ഈ പെരുമഴയത്തു ഇറങ്ങി പോയാൽ പോകുന്ന പോക്കങ്ങു പൊക്കോണംന്ന്…

എന്നിട്ടും ഞാൻ പുള്ളിക്കാരനോട് പറഞ്ഞതാണ് കൂടെ ചെല്ലാമെന്ന്… പക്ഷെ അച്ഛന് ധൈര്യം പോരാ….

” അവള് പറഞ്ഞാ പറഞ്ഞത് പോലെ ചെയ്യും മക്കളേ… ഈ വയസാം കാലത്ത് തെരുവിൽ കിടന്ന് ചാവാൻ വയ്യ എനിക്ക്. ”

എന്നും പറഞ്ഞു എന്റെ മുന്നിൽ നിന്ന് കരഞ്ഞു ആള്.

പോകുന്നില്ല എന്ന് തീരുമാനിച്ചു എങ്കിലും അമ്മാവൻ അന്ന് അവരോട് ഒരു വാചകം പറഞ്ഞു.

” നിനക്കും ഒരു ചേട്ടൻ ഉണ്ടല്ലോ കുമാരീ …. അയാളും ഒരു ദിവസം ചാവും ” എന്ന്….

അമ്മ അന്നത് പുച്ഛിച്ചു വിട്ടു.

ഇങ്ങനെ ഒരവസരം അച്ഛന് വേണ്ടി കാലം കാത്ത് വച്ചിരുന്നു എന്ന് അവരും ചിന്തിച്ചിട്ടുണ്ടാവില്ല.

കർമ്മ എന്നൊന്ന് ഉണ്ടല്ലോ അല്ലെ? തൊടുത്തു വിട്ടാൽ അത് ബൂമറാങ് പോലേ തിരികെ വരും….!

അമ്മായീടെ കരച്ചിൽ ഉച്ചത്തിൽ ആയിട്ടുണ്ട്. അച്ഛനോട് ഇപ്പൊ അവര് മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നുണ്ടാകുമോ? ചെയ്തു പോയ തെറ്റിന്റെ പേരിൽ പശ്ചാതപിക്കുന്നുണ്ടാകുമോ?

അറിയില്ല… പക്ഷെ അവരുടെ കരച്ചിൽ കേട്ടിട്ടും എന്ത് കൊണ്ടോ എനിക്ക് ഒരു തരിമ്പും സഹതാപമോ സങ്കടമോ തോന്നിയില്ല.

രണ്ടാളും കൂടി കരഞ്ഞും പറഞ്ഞും തീർക്കട്ടെ എന്ന് കരുതി ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു.

🦋

കണ്ണുകൾ അടച്ച്, മൂക്കിൽ പഞ്ഞി തിരുകി, ഇരു കാലിലെയും തള്ള വിരലുകൾ കൂട്ടികെട്ടി, വെളുത്ത തുണി പുതച്ച് , എന്നും ഉറങ്ങുമ്പോഴെന്ന പോലെ വായ തുറന്ന് വച്ച് നീണ്ട ഹാളിലെ വെറും നിലത്ത് ശാന്തയായി ഉറങ്ങുകയാണ് അമ്മായി.

ഞാൻ എന്ന അഹന്ത ഇല്ലാതെ….
എന്റേതായതൊന്നും ആർക്കും വിട്ട് നൽകില്ല എന്ന വാശി ഇല്ലാതെ…..
മകൻ എന്നിൽ നിന്നും ഒരിഞ്ച് പോലും അകന്ന് പോകരുത് എന്ന ദു:ശാഢ്യം ഇല്ലാതെ….
ഗർവൊടുങ്ങി…
മനസ്സ് മടുത്ത്….
ഒടുവിൽ…..

ഇത്രയും ശാന്തതയോടെ അവരുടെ മുഖം ആദ്യമായി കാണുന്നത് കൊണ്ടാകാം ആ മുഖത്തേക്ക് തന്നെ ഞാൻ അൽപനേരം നോക്കി നിന്ന് പോയി.

കുമാരി….
എന്റെ ഹരിയേട്ടന്റെ അമ്മ; അവർ മരിച്ചു പോയി….!

എന്നിട്ടും എനിക്ക് അല്പവും വേദനിക്കുന്നില്ലേ?
ഞാൻ ഇത്രയും ദുഷ്ട ആയിപ്പോയോ?
ഒരല്പവും കരുണ ഇല്ലാത്തവൾ?

എനിക്ക് തന്നെയൊരു വല്ലായ്മ തോന്നി.

ഇന്ന് ഞാൻ ഒരമ്മയാണ്.
നാളെ ഞാനും ഒരമ്മായിയമ്മയാകും…. ഞാൻ മരണപ്പെടുമ്പോൾ എന്റെ മരുമകളും എന്റെ മൃതദേഹം നോക്കി ഇത് പോലെ നിർവികാരയായി നിൽക്കുമോ?

ഒന്ന് ശ്വാസം വലിച്ചു വിട്ട് കൊണ്ട് ഞാൻ കണ്ണുകൾ മുറുകെ പൂട്ടി.

🦋

ഇന്നലെ വൈകിട്ട് മാമന്റെ മരണം പറഞ്ഞത് മുതൽ അമ്മായി ഒരേ നിലവിളി തന്നെ ആയിരുന്നു. സ്വന്തം അച്ഛനെക്കാൾ അവർക്ക് പ്രിയം സഹോദരനോടായിരുന്നു എന്ന്, ഞാൻ കല്യാണം കഴിഞ്ഞ് ഇങ്ങോട്ടേക്ക് വന്ന സമയത്ത് എപ്പോഴൊക്കെയോ അമ്മായി തന്നെ പറഞ്ഞിട്ടുണ്ട്.

അമ്മായി ഈ ലോകത്ത് അവരെ അല്ലാതെ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ഈ മാമനെ ആണെന്ന് തോന്നിയിട്ടുണ്ടെനിക്ക്…

അപ്പൊ ഹരിയേട്ടനെ അവര് സ്നേഹിച്ചിട്ടില്ലേ എന്ന് ചോദിച്ചാൽ കൃത്യമായ ഒരുത്തരം എനിക്കറിയില്ല.

ഹരിയേട്ടനോട് അവർക്ക് സ്നേഹമായിരുന്നോ, അതോ എന്റെ മകൻ എന്റേത് മാത്രമാണ് എന്നുള്ള സ്വാർത്ഥത ആയിരുന്നോ എന്നെനിക്ക് സംശയമാണ്.

സ്നേഹിച്ചിരുന്നു എങ്കിൽ ഹരിയേട്ടന്റെ സന്തോഷം മാത്രമല്ലേ അവർ ആഗ്രഹിക്കുമായിരുന്നുള്ളൂ…. അങ്ങനെയെങ്കിൽ എന്നോട് ഹരിയേട്ടനുള്ള സ്നേഹത്തിന്റെ പുറത്ത് കുശുമ്പ് കുത്താനും വിരോധം കാണിക്കാനും അതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കാനും അവര് ശ്രമിക്കുമായിരുന്നോ? അതൊക്കെ ഹരിയേട്ടനെ വേദനിപ്പിക്കുമെന്ന് ചിന്തിക്കുമായിരുന്നില്ലേ?

സ്വന്തമായ കളിപ്പാട്ടങ്ങൾ മറ്റാർക്കും പങ്ക് വച്ച് നൽകാതെ, ഇതൊക്കെ എന്റേതാണ് ഞാൻ ഇതാർക്കും തരില്ല എന്ന് വാശി കാണിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ? ഹരിയേട്ടന്റെ കാര്യത്തിൽ അമ്മായിയുടെ ഭാവം അത് തന്നെ ആയിരുന്നു.

അവനെ പ്രസവിച്ചു വളർത്തി വലുതാക്കിയത് ഞാനാണ്.
അത് കൊണ്ട് അവൻ എന്റെയാണ്…. അവനിലുള്ള പൂർണ്ണ അധികാരം എനിക്ക് മാത്രമാണ്…
അവൻ എന്നെയല്ലാതെ ആരെയും സ്നേഹിക്കരുത്….
പരിഗണിക്കരുത്…..
എന്നും എപ്പോഴും എന്റെ ഒപ്പം തന്നെ ഉണ്ടാവണം…. തുടങ്ങിയ സ്വാർത്ഥ താല്പര്യങ്ങൾക്ക് സ്നേഹം എന്ന പേരിട്ടു വിളിക്കാൻ എനിക്കെന്തോ കഴിയുന്നേയില്ല….!

പക്ഷെ, മാമനോട് അമ്മായിക്ക് സ്നേഹവും ബഹുമാനവും ഒക്കെ തന്നെയായിരുന്നു. പലപ്പോഴും അവരുടെ സംസാരത്തിൽ നിന്നെനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാമന്റെ മരണം അറിഞ്ഞത് മുതൽ വായ പൂട്ടാതെ നിലവിളി തന്നെ ആയിരുന്നു. ഇടയ്ക്ക് എപ്പഴൊക്കെയോ ” നിങ്ങൾ പ്രാകീട്ടാ എന്റെ അണ്ണൻ പോയത്… ആക്കും വേണ്ടാത്ത നിങ്ങളാ ചത്തു തുലയേണ്ടത് ” എന്നൊക്കെ പറഞ്ഞ് അച്ഛനെ എന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.

മാമന്റെ മരണാനന്ദര ചടങ്ങുകൾ കഴിഞ്ഞ് ഹരിയേട്ടൻ വന്നപ്പോഴേക്കും രാത്രിയായി.

അച്ഛനോട് അമ്മയെ രാത്രിയിൽ ഒന്ന് ശ്രദ്ധിച്ചോണെ എന്ന് പറഞ്ഞിട്ടാണ് ഞങ്ങൾ ഉറങ്ങാൻ പോയത്. എന്തുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു. ഞങ്ങളുടെ മുറിയുടെ വാതിലും പൂട്ടിയിരുന്നില്ല.

രാത്രിയിൽ ഒരു വട്ടം ഞാൻ എഴുന്നേറ്റു ചെന്ന് നോക്കിയിരുന്നു. അപ്പോഴും അമ്മായി ഉറങ്ങാതെ കരച്ചിൽ തന്നെ ആയിരുന്നു. പിന്നീട് ഞാനും ഉറങ്ങിപ്പോയി.

പതിവ് പോലേ രാവിലെ നാലരക്ക് അലാറം കേട്ടുണർന്നു. അടുക്കളയിലേക്ക് പോകും മുന്നേ അമ്മായിയുടെ മുറിയിലേക്കൊന്ന് ചെന്ന് നോക്കി.

ചാരിയിരുന്ന വാതിൽ തള്ളി തുറന്നപ്പോഴേ വല്ലാത്ത ഒരു ദുർഗന്ധം പുറത്തേക്ക് വന്നു. ഒക്കാനം വന്ന് പോയി. മുറിയിലെ ലൈറ്റ് ഒന്നും അണയ്ക്കാറില്ല ഇപ്പോൾ….

വല്ലാത്ത ഒരു നെഞ്ചിടിപ്പോടെയാണ് അമ്മായിയുടെ അടുത്തേയ്ക്ക് ചെന്നത്. മലത്തിലും മൂത്രത്തിലും കുളിച്ച് കിടക്കുന്നു….! വായൊക്കെ തുറന്ന് കണ്ണൊക്കെ തുറിച്ച്…. കണ്ടപ്പോഴേ പേടിയായെനിക്ക്…

പക്ഷെ ആഞ്ഞു ശ്വാസമെടുക്കുന്നുണ്ട്….

എന്നെ കണ്ട പാടേ എന്തോ പറയാനൊരുങ്ങി….

” വെ…. വെ….. വെ… ”

അത്രേ വരുന്നുള്ളൂ….

വെള്ളം ചോദിക്കുന്നതാണെന്ന് തോന്നി.
അടുക്കളയിലേക്ക് ഓടുന്ന വഴി ടി വി റൂമിൽ വിലങ്ങനെ കിടന്ന അമ്മാവന്റെ കാലിൽ തട്ടി വീഴാൻ പോയി. പുള്ളിക്കാരനും ചാടി എഴുന്നേറ്റു.

രാത്രി മുഴുവനും അമ്മാവനെ പ്രാകുകയും ചീത്ത പറയുകയും ആയിരുന്നു എന്ന്… കേട്ട് കേട്ട് സഹിക്ക വയ്യാതെയായപ്പോൾ ആളിറങ്ങി പുറത്ത് കിടന്നതാണ്.

അടുക്കളയിലേക്ക് ചെന്ന് രാത്രി തിളപ്പിച്ച വെള്ളത്തിന്റെ ബാക്കി ഉണ്ടായിരുന്നത് ഒരു ഗ്ലാസ്സിലേക്ക് പകർന്നെടുത്തു. തിരികെ മുറിയിലേക്കോടി….

വെള്ളം കണ്ടപ്പോഴേ വികൃതമായി എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി തുടങ്ങിയ അവരുടെ തുറന്ന വായിലേക്ക് ഗ്ലാസ്സിൽ നിന്നും അല്പം വെള്ളം ഒഴിച്ച് കൊടുത്തു. വീണ്ടും ഒരിക്കൽ കൂടി ഒഴിച്ചതും അതേ പടി പുറത്തേക്ക് ഒഴുകി. വല്ലാത്ത ഒരു ശബ്ദത്തോടെ അവരുടെ കണ്ണ് കൂടുതൽ മിഴിഞ്ഞു. നെഞ്ചോന്ന് ഉയർന്നു താണ് നിശ്ചലമായി…..

എന്റെ കാലിൽ നിന്നും ഒരു വിറയൽ മുകളിലേക്ക് അരിച്ചു കയറി. വല്ലാതെ പേടി തോന്നി എനിക്ക്….
കൈകാലുകൾ നിർത്താതെ വിറക്കുന്നു….

ഒരു മരണം കണ്മുന്നിൽ കാണുന്നത് ഒട്ടും നിസ്സാര കാര്യമല്ല.

അച്ഛൻ അവരെ തട്ടി വിളിക്കുന്നത് കണ്ട് കൊണ്ട് ഞാൻ ഞങ്ങളുടെ മുറിയിലേക്കോടി…

🦋

ഒരിക്കൽ ഞാൻ കൈ കൊണ്ട് തൊടുന്നതൊക്കെ വിഷം പോലേ കണ്ടിരുന്നവർ, പിന്നീട് ഞാൻ ഉണ്ടാക്കിയത് മാത്രം കഴിക്കേണ്ടി വന്നു…. ഒടുവിൽ അവസാനമായും ഞാനാണ് ആ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുത്തത്.

ദൈവം എന്താണ് കണ്ടിരിക്കുന്നത് എന്ന് ആർക്കറിയാം? നടക്കുന്ന വഴിയിൽ ഒന്ന് വീണു പോയാൽ ചിലപ്പോൾ ഹോസ്പിറ്റലിൽ എത്തിക്കാനോ, ജീവൻ രക്ഷിക്കാനോ ചിലപ്പോൾ വരുന്നത് അത് വരെ ശത്രുവായി കണ്ട ഒരാളായിക്കൂടാ എന്നില്ല…

അയൽക്കാരും ബന്ധുക്കളുമായി വീട് നിറഞ്ഞിട്ടുണ്ട്. പക്ഷെ അവരിൽ ഒരാളുടെ കണ്ണ് പോലും നിറഞ്ഞു കണ്ടില്ല. ഈ എനിക്കും ഒരല്പവും നോവുന്നില്ല.

എന്തിന് അമ്മയുടെ ഡെഡ് ബോഡിക്ക് അരികിലായി നിൽക്കുന്ന അച്ഛന്റെ കണ്ണിൽ പോലും നനവില്ല. പകരം ആ മുഖത്ത് ആശ്വാസമാണ്. വലിയൊരു ഭാരം ഒഴിഞ്ഞു പോയത് പോലൊരു ആശ്വാസം….!

നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ…. ഒരാൾ തന്റെ പങ്കാളിയുടെ മരണത്തിൽ ആശ്വാസം കൊള്ളുന്നു എങ്കിൽ അയാൾ അവരെ എത്രയധികം വെറുക്കുന്നുണ്ടാവണം?

എനിക്ക് അമ്മായിയോട് വല്ലാത്ത സഹതാപം തോന്നി.

വീട്ടിൽ നിന്ന് അമ്മയും അച്ഛനും മാമനും മാമിയും ഒക്കെ വന്നിട്ടുണ്ട്. ഉണ്ണി എന്റെ അമ്മേടെ അടുത്താണ്.

കുറച്ചു മാറി എന്റെ അമ്മയോട് വാ തോരാതെ വർത്തമാനം പറഞ്ഞു ചിരിയോടെ ഇരിക്കുന്ന ഉണ്ണിയെ ഞാൻ ഒന്ന് നോക്കി.

അമ്മൂമ്മ മരിച്ചു എന്നറിഞ്ഞിട്ടും അവനൊരു തരിമ്പും വിഷമം ഇല്ല എന്നതാണെന്നെ പിന്നെയും അത്ഭുതപ്പെടുത്തിയത്.

ഉണ്ണിയോട് എങ്ങനെ അമ്മൂമ്മ മരിച്ചുപോയി എന്ന് പറയുമെന്ന് കരുതി പരുങ്ങി നിന്ന എന്റെ അടുത്തേക്ക് ” എന്താ അമ്മ അമ്മൂമ്മയെ ഇങ്ങനെ വെളുത്ത തുണി മൂടി കിടത്തിയേക്കുന്നെ? അമ്മൂമ്മ മരിച്ചു പോയോ? ” എന്ന് അവൻ വന്ന് കൂൾ ആയിട്ട് ചോദിച്ച് കളഞ്ഞു.

” ഹോ… ഇനിയിപ്പോ അമ്മൂമ്മയുടെ കരച്ചിലും ബഹളവും ഒന്നും കേൾക്കാതെ സമാധാനമായിട്ട് പഠിക്കാനും ടിവി കാണാനും ഒക്കെ ഇരിക്കാല്ലോ ” എന്നവൻ ആശ്വസിക്കുന്നതും കണ്ടു….

എനിക്ക് പിന്നെയും അമ്മായിയോട് സഹതാപം തോന്നി. ഭർത്താവിനൊപ്പം ചെറുമകനും അമ്മൂമ്മയുടെ മരണത്തിൽ ആശ്വാസം കൊള്ളുന്നു!!!

അല്ല…. അവനെയും കുറ്റം പറയാനൊക്കില്ല….

എങ്ങനെ അവന് അവരോട് സ്നേഹം കാണും? ഒരുതവണ എങ്കിലും അവരവനെ വാത്സല്യത്തോടെ ലാളിച്ചിട്ടുണ്ടോ? സ്നേഹത്തോടെ എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ?

വയസ്സ് പത്തേ ഉള്ളെങ്കിലും രാവിലെ വിളിച്ചുണർത്തി വിട്ടാൽ തനിയെ കുളിമുറിയിൽ കയറി അവൻ കുളിച്ച് വൃത്തിയായി വരും…
ഞാൻ ഇട്ട് വച്ച ചായ തനിയെ ഒഴിച്ച് കുടിക്കും….
തനിയെ സ്കൂൾ യൂണിഫോം ഇടും…
ടൈം ടേബിൾ നോക്കി ബാഗിൽ ബുക്സ് എടുത്തു വയ്ക്കും….
ഞാൻ ഒരുക്കി വയ്ക്കുന്ന ചോറ്റ് പാത്രവും വെള്ളവും എടുത്തു ബാഗിലേക്ക് വച്ചോളും….

അമ്മ രാവിലെ കിടന്ന് ഓടുന്നത് കണ്ടിട്ട്, ഇത്തിരി അറിവ് വന്നപ്പോ അവൻ തന്നെ ഓരോന്നായി ചെയ്തു തുടങ്ങിയതാണ്. ഞാൻ ഒന്നും തടഞ്ഞില്ല. പകരം അവനെ പ്രോത്സാഹിപ്പിച്ചു. ഓരോന്നും അവൻ ഇപ്പോഴേ ചെയ്തു പഠിക്കട്ടെ എന്ന് കരുതി.

എന്നാൽ ഇതൊക്കെ അറിഞ്ഞ് കിടന്ന കിടപ്പിൽ കിടന്ന്, കുഞ്ഞിനെക്കൊണ്ട് ഞാൻ പണിയെടുപ്പിക്കുന്നു എന്ന് പരാതി പറയുമായിരുന്നു എന്റെ അമ്മായി….! “എന്റെ മോനെക്കൊണ്ട് ഞാൻ വലിതായിട്ടും ഒന്നും ചെയ്യിപ്പിച്ചിട്ടില്ല” എന്ന് ഊറ്റം കൊള്ളുമായിരുന്നു. കൂട്ടത്തിൽ എന്നെ ചീത്ത പറയാനും മറക്കില്ല…

എന്നെ ഏത് നേരവും ചീത്ത പറയുന്ന ഒരാളെ എന്റെ കുഞ്ഞെങ്ങനെ സ്നേഹിക്കാനാണ്? അവരുടെ മരണത്തിൽ അവന് വിഷമം ഉണ്ടാകേണ്ട കാര്യം എന്താണ്?

വിതയ്ക്കുന്നതേ കൊയ്യൂ എന്ന് കേട്ടിട്ടില്ലേ? സ്നേഹത്തിന്റെ കാര്യവും അങ്ങനെ തന്നെ….!

ഒരുപരാതിയും ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്ന മനുഷ്യർ ഉണ്ടാകുമോ? വെറുത്താലും സ്നേഹിക്കാൻ കഴിയുന്നവർ….? ദേഷ്യം കാണിച്ചാലും വിരോധം ഭാവിച്ചാലും ദ്രോഹിച്ചാലും തിരികെ സ്നേഹിക്കാൻ മാത്രം കഴിയുന്നവർ?

അങ്ങനെ ഉള്ളവർ ഉണ്ടാകുമോ?
എന്റെ ജീവിതത്തിൽ അങ്ങനെ ഒരാളെ പോലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല…..! ഞാൻ അങ്ങനെയുള്ള ഒരാളുമല്ല…..!

🦋 🦋 🦋 🦋 🦋

മരുമകൾ 70

” എടുക്കാറായി ദേവൂ…. ”

എന്റെ അച്ഛൻ വന്ന് പറഞ്ഞപ്പോ കണ്ണുകൾ തിരഞ്ഞത് ഹരിയേട്ടനെയാണ്. പതിയെ ആ അടുത്തേക്ക് നടന്ന് ചെന്നു.
ഞാൻ അരികിൽ നിൽക്കുന്നത് ആശ്വാസം ആണെന്ന പോലെ ആ കണ്ണുകളും എന്നെ തിരയുന്നുണ്ടായിരുന്നു.

ആളിന്റെ മുഖത്ത് മാത്രമുണ്ടൊരു വിഷാദം…. കണ്ണുകളിൽ നനവും…
അമ്മ മരിച്ചാൽ വേദനിക്കാത്ത മക്കൾ ഉണ്ടാകുമോ?

മരിച്ചു എന്ന് അറിഞ്ഞപ്പോൾ കരഞ്ഞൊന്നും ഇല്ലെങ്കിലും നല്ല വിഷമത്തിൽ ആയിരുന്നു ആള്. ഒരു വിധത്തിലാണ് അന്നേരം ആളിനെ ഒന്ന് സമാധാനിപ്പിച്ചത്.

ശാന്തി കവാടത്തിലേക്കാണ് ബോഡി കൊണ്ട് പോയത്. ഇവിടെയൊന്നും വീട്ട് വളപ്പിൽ അടക്കം ചെയ്യുന്ന പതിവില്ലാത്രേ….

ബോഡി കൊണ്ട് പോയ പിറകെ ആളൊഴിഞ്ഞു.

ഞാനും ഉണ്ണിയും എന്റെ അച്ഛനും അമ്മയും സുമ ചേച്ചിയും ബീന ചേച്ചിയും ഒന്ന് രണ്ട് അയൽക്കാരും മാത്രം ബാക്കിയായി. അവരൊക്കെ ആണേൽ കാര്യമായ സംസാരത്തിലും….

ഉച്ചയ്ക്ക് കഞ്ഞിയും പയറും ആണുണ്ടാക്കിയത്. ഉണ്ണിയത് കഴിക്കാൻ കൂട്ടാക്കിയില്ല. ഫ്രിഡ്ജിൽ ഇരുന്ന ദോശ മാവെടുത്ത് അവനായി അമ്മ രണ്ട് ദോശ ഉണ്ടാക്കി കൊടുത്തു. അവനത് കഴിക്കുന്ന നേരം കൊണ്ട് ക്രമേഷന് പോയവരൊക്കെ തിരികെ എത്തി.

” വിശക്കുന്നു മക്കളേ…. എന്തെങ്കിലും തന്നേ…. ”

എന്ന് പറഞ്ഞു അച്ഛൻ കയറി വന്നപ്പോ ഞാനും ബീന ചേച്ചിയും അന്തിച്ചു പരസ്പരം നോക്കി. ഉണ്ണിക്ക് കുടിക്കാൻ വെള്ളം എടുത്ത് കൊണ്ട് നിന്ന് അമ്മ പോലും ഒന്ന് തിരിഞ്ഞു നോക്കുന്നത് കണ്ടു.

ഞാൻ എടുത്തു കൊടുത്ത കഞ്ഞിയും പയറും അച്ഛൻ മുഴുവനായി കഴിച്ച് തീർത്തു.

” ഞാൻ ഒന്ന് കിടക്കട്ടെ ” എന്ന് പറഞ്ഞു എഴുന്നേറ്റ് പോകുന്നത് കണ്ടു.

അവര് പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ അച്ഛന്റെ മനസ്സിൽ അവരുടെ ഓർമ്മകൾ എന്നും മായാതെ മരിക്കാതെ അങ്ങനെ പതിഞ്ഞു കിടന്നേനെ…. ഇതിപ്പോ ഇന്നേ അച്ഛൻ അവരെ മറന്ന മട്ടാണ്.

അതിൽ അച്ഛനെ തെറ്റ് പറയാനൊക്കുമോ?

അമ്മ അച്ഛനോട് സ്നേഹത്തോടെ സംസാരിക്കുന്നത് ഞാൻ ഇതേ വരേ കണ്ടിട്ടില്ല. ആജ്ഞാപിക്കുക മാത്രമാണ് ചെയ്യാറ്. ‘നിർഗുണ പരബ്രഹ്മം’ എന്ന് പറഞ്ഞ് പുള്ളിക്കാരനെ എത്രയോ വട്ടം കളിയാക്കുന്നത് കേട്ടിട്ടുണ്ട്.

അവര് തമ്മിൽ ആകെ യോജിപ്പുണ്ടായിരുന്നത് എന്നെ കുറ്റം പറയുന്ന കാര്യത്തിൽ മാത്രമായിരുന്നു. ഞാൻ ഗർഭിണി ആയതോടെ അതും ഇല്ലാതായി. അച്ഛൻ എന്നോട് സ്നേഹത്തോടെ പെരുമാറാൻ
തുടങ്ങിയതോടെ അമ്മയ്ക്ക് ആളെ കാണുന്നതേ ചതുർത്ഥി ആയി.

നിസ്സാര കാര്യങ്ങൾക്ക് വാക്ക് തർക്കം ഉണ്ടാവുമ്പോ “മറ്റുള്ളോർക്ക് ഭാരമാവാതെ ചത്തു തുലഞ്ഞൂടെ ” എന്ന് എത്രയോ തവണ പുള്ളിക്കാരനോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്.

അച്ഛൻ ജോലി ചെയ്തു കിട്ടിയ ശമ്പളം കൊണ്ട് തന്നെയാണ് അമ്മയും ജീവിച്ചിരുന്നത്. എന്നിട്ടും… ജോലി ചെയ്യാൻ വയ്യാതായപ്പോ ആ മനുഷ്യൻ നിർഗുണനായി… ഒന്നിനും കൊള്ളാത്തവനായി. എങ്ങനെ ആണോ ആവോ?

ചിലപ്പോഴൊക്കെ എനിക്ക് അച്ഛന്റെ ഈ സ്വഭാവത്തോട് ദേഷ്യം തോന്നാറുണ്ട്. അമ്മയുടെ അടിമയായി സ്വയം പ്രഖ്യാപിച്ച സ്വഭാവത്തോട്….!
സീരിയൽ അമ്മായിയപ്പൻ എന്ന് പലതവണ മനസ്സിൽ പറഞ്ഞിട്ടുമുണ്ട്.

ഞാൻ ഇത് ഒരിക്കൽ ഹരിയേട്ടനോട് സൂചിപ്പിക്കുകയും ചെയ്തു.

അന്ന് ഹരിയേട്ടൻ പറഞ്ഞ ചിലതുണ്ട്.

സ്വഭാവരൂപീകരണം, പുരുഷനിൽ ആയാലും സ്ത്രീയിൽ ആയാലും കുഞ്ഞ് നാള് മുതൽക്കേ തുടങ്ങുന്നതാണ്.
അടിമയായി ശീലിച്ചവന് ആ ശീലത്തിൽ നിന്നും പുറത്ത് കടക്കാൻ വലിയ പ്രയാസം തന്നെ ആകും. അത് ആണായാലും പെണ്ണായാലും…. അതല്ലെങ്കിൽ അവനവൻ തന്നെ വിചാരിക്കണം.

അച്ഛൻ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജനിച്ച ആളായിരുന്നു. അച്ഛന്റെ അച്ഛൻ താഹസിൽ ദാർ. വീട്ടിലെ ഏറ്റവും ഇളയ കുട്ടി. എല്ലാരും കുഞ്ഞൻ എന്ന് വിളിച്ചു കൊഞ്ചിച്ചു കൊണ്ട് നടന്നിരുന്നു അന്നൊക്കെ.

അച്ഛന്റെയും അമ്മയുടെയും ഇള്ളക്കുട്ടിയായി വളർന്നു. എല്ലാത്തിനും ചേട്ടന്മാരും ചേച്ചിയും കൂടെ ഉണ്ട്. ഒന്നുമൊന്നും തനിയെ ചെയ്യേണ്ടി വന്നിട്ടില്ല….. ഒന്നിനും കുറവുമില്ല….
വായിൽ സ്വർണക്കരണ്ടി ആയിട്ട് ജനിക്കാന്നൊക്കെ പറയില്ലേ? അത് തന്നെ…..

വിവാഹത്തോടെ രാജകീയ ജീവിതത്തിൽ നിന്നും അടിമത്തത്തിലേക്ക് മാറി എന്ന് മാത്രം. അച്ഛൻ പോലും അത് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല….

അപ്പൂപ്പന്റെ ആഗ്രഹപ്രകാരം അച്ഛൻ അന്ന് മദ്രാസിൽ പോയി പഠിച്ചു പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് പൂർത്തിയാക്കി. വിദേശത്തു പോകാൻ ഒരു ജോലി അവസരവും വന്നു. അച്ഛന്റെ അമ്മ വിട്ടില്ല. ഇളയ മകൻ കൂടെത്തന്നെ വേണമെന്ന് വാശി പിടിച്ചു. അങ്ങനെ അച്ഛൻ ആ അവസരം ഉപേക്ഷിച്ചു നാട്ടിൽ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിക്ക് കയറി.

ജാതകപ്രശ്നത്തിന്റെ പേരിൽ വിവാഹം നീണ്ടു പോയി. ഒടുവിൽ സാമ്പത്തികം ഒന്നും നോക്കാതെ അമ്മയെ വിവാഹം ചെയ്തു.

എന്നും എല്ലാരേയും അനുസരിച്ചു മാത്രം ശീലിച്ച, ഒന്നിനും സ്വന്തം അഭിപ്രായം ഇല്ലാത്ത ഒരാൾ അമ്മായിയെപ്പോലെ ഒരാളെ വിവാഹം ചെയ്‌താലുള്ള അവസ്ഥ ഒന്നോർത്തു നോക്കൂ?
സ്വഭാവികമായും അമ്മായി ഗൃഹനാഥയായി. അച്ഛൻ അവരുടെ അടിമയും….!

ആൺമക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസം നൽകി ജോലിയുമായി. അത് കൊണ്ട് സ്വത്തുക്കൾ മുഴുവൻ പെണ്മക്കൾക്ക് കൊടുത്താൽ മതി എന്ന് അച്ഛന്റെ അച്ഛൻ തീരുമാനിച്ചു. അതോടെ അമ്മായി കലിപ്പിലായി. ആ വീട്ടിൽ നിന്നും അച്ഛനെയും വിളിച്ചു സ്വന്തം വീട്ടിലേക്ക് താമസം മാറി. സ്വത്തുക്കൾ ഒന്നും ഭാഗം വച്ച് കിട്ടാതായതോടെ അച്ഛൻ എടുക്കാത്ത നാണയത്തുട്ട് പോലെ തീരെ വില ഇല്ലാത്തവനുമായി….!

🦋

സഞ്ചയനം ഞായറാഴ്ച ആയിരുന്നു. അത് കൊണ്ട് തന്നെ മാമിയും മാമനും വന്നപ്പോ മീനുവും കൂടി വന്നു.

ഉണ്ണിയും മീനൂന്റെ മോളും അയല്പക്കതുള്ളതും ബന്ധത്തിൽ ഉള്ളതുമായ മറ്റ് മൂന്നാല് പിള്ളേരും കൂടി തലങ്ങും വിലങ്ങും ഓട്ടം തന്നെ ആയിരുന്നു. മറ്റുള്ളവരൊക്കെ അവിടവിടെ കൂടിയിരുന്നു കാര്യം പറച്ചിലും ചിരിയും ബഹളവും….

ഇതൊരു മരണ വീടാണോ അതോ കല്യാണ വീടോ എന്ന് കണ്ട് നിൽക്കുന്ന ആർക്കും സംശയം തോന്നും.

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും പിരിയും വരെയും അത് തന്നെയായിരുന്നു അവസ്ഥ.

നാളെ മുതൽ ഹരിയേട്ടന് കോളേജിൽ പോകണം… എനിക്ക് സ്കൂളിൽ പോകണം… ഉണ്ണിക്കും….

രാത്രി ആഹാരവും കഴിച്ച് അടുക്കളയും ഒതുക്കി നേരത്തെ ബെഡ് റൂമിലേക്ക് വന്നപ്പോഴെക്കും അവിടെ അച്ഛനും മോനും കൂടി കെട്ടിപ്പിടിച്ചു കിടന്ന് ഉറക്കമായി കഴിഞ്ഞിരുന്നു.

ഞാനും ലൈറ്റ് കെടുത്തി ബെഡിന്റെ മറുവശത്തേയ്ക്ക് ചെന്ന് കിടന്നു.

മൊബൈൽ എടുത്തു രാവിലെ നാലരയ്ക്ക് അലാറം സെറ്റ് ചെയ്തു.

ഉറങ്ങും മുന്നേ വെറുതെ അമ്മായിയെ കുറിച്ച് ഓർത്തു.

അമ്മായിയുടെ മരണം ആരുടെ ഉള്ളിലും ഉണങ്ങാത്ത മുറിവ് തീർത്തിട്ടില്ല. ഈ വീടിനുള്ളിലും അത് നികത്താൻ ആകാത്ത വിടവ് ഉണ്ടാക്കിയിട്ടില്ല.
നാളെ മുതൽ എല്ലാം പിന്നെയും പഴയതുപോലെ….!

ഞാനാണ് ഈ വീടിന്റെ എല്ലാം എന്ന് അഹങ്കരിച്ചവരാണ്….
എന്നിട്ടോ? ഇനിയവരെ ആരെങ്കിലും ഓർക്കുകയെങ്കിലും ചെയ്യുമോ ആവോ?ഹരിയേട്ടൻ ചിലപ്പോൾ ഓർക്കുമായിരിക്കും…
ഞാൻ എന്തായാലും അവരെ ഓർക്കാൻ ഇഷ്ടപ്പെടുകയേ ഇല്ല.
അവരെ ഓർക്കുമ്പോ നല്ലതൊന്നും ഓർമ്മ വരാറില്ല….

അല്ലെങ്കിലും മനുഷ്യൻ അങ്ങനെ ആണല്ലോ? ഒരാൾ എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അത് എത്ര നാൾ നമ്മൾ ഓർത്തിരിക്കും? അതേ ആളൊരു മോശം പ്രവൃത്തി ചെയ്താലോ? അത് മരണം വരെ മറക്കുകയും ഇല്ല….!
മനുഷ്യ മനസ്സ് അങ്ങനെയാണ്. നല്ലതിനെക്കാൾ മോശമായത് ഓർത്തിരിക്കാനാണ് അതിനിഷ്ടം.

ഞാനും ഒരു സാധാരണ മനുഷ്യനാണ്….
അമ്മായി എന്ന് ഓർക്കുമ്പോ തന്നെ എന്റെ അച്ഛനും അമ്മയും മരിക്കാൻ അവർ പ്രാർത്ഥിച്ചതാണ് ഓർമ്മ വരുന്നത്. അതോടെ ഉള്ളിൽ അവരോടുള്ള വെറുപ്പിങ്ങനെ നുരഞ്ഞു പതഞ്ഞു പൊന്തി വരും….

അപ്പൊ അവരെ ഓർക്കുന്നതിനേക്കാൾ ഓർക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് തോന്നും…

ഞാൻ ഒന്ന് നെടുവീർപ്പിട്ടു.

കണ്ണടച്ചതേ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.

🦋 🦋 🦋 🦋 🦋

അഭിപ്രായം മറക്കല്ലേ….