20/04/2026

മരുമകൾ : ഭാഗം 27

രചന – ഗംഗ ശലഭം

ഹരിയേട്ടൻ തന്നെയാണ് എന്നെ വീട്ടിൽ കൊണ്ട് വിട്ടത്.

എന്നെ കണ്ട അമ്മേടെ മുഖം പൂർണ്ണ ചന്ദ്രൻ ഉദിച്ചത് പോലെ ഉണ്ടായിരുന്നു. കണ്ട പാടെ ഓടി വന്നെനെ കെട്ടിപ്പിടിച്ചു.
കുറേ ഉമ്മ തന്നു. ഞാനും അമ്മയെ ചുട്ടിപ്പിടിച്ചു കൊണ്ടാണ് വീടിനകത്തേക്ക് കയറിയത്.

ഹരിയേട്ടന്റെ വിഷമം കണ്ട് ഞാൻ വരാൻ മടിച്ചിരുന്നെങ്കിൽ എനിക്കെന്റെ അമ്മയുടെ മുഖത്തെ ഈ സന്തോഷം കാണാൻ പറ്റുമായിരുന്നോ….?

അമ്മയുടെ മുഖത്ത് മാത്രമല്ല, അച്ഛന്റെയും, എന്തിന് അച്ഛമ്മയുടെ മുഖത്ത് വരെ ഉണ്ട് ഞങ്ങളെ കണ്ട് ഒരു ചിരി.

മീനുവും മാമിയും ഞങ്ങടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മധു എവിടെയോ പോയിരിക്കുകയാണെന്ന് മീനുവാണ് പറഞ്ഞത്.

ഞങ്ങൾ വരുന്നത് പ്രമാണിച്ച് അമ്മ എന്തൊക്കെയോ ഉണ്ടാക്കി വച്ചിരുന്നു. ഹരിയേട്ടനെ കഴിപ്പിക്കാനൊക്കെ അമ്മയ്ക്ക് എന്തൊരുത്സാഹം ആയിരുന്നെന്നോ?

ഹരിയേട്ടൻ പക്ഷെ അധികം അങ്ങനെ സംസാരിച്ചൊന്നുമില്ല. ആള് പൊതുവെ അങ്ങനെയാണ്. ആരോടും പെട്ടെന്ന് ഇടപഴകുന്ന ടൈപ്പ് അല്ല. ഞാനും അങ്ങനെ തന്നെ ആണല്ലോ?

ചായ കുടിയൊക്കെ കഴിഞ്ഞ് ഹരിയേട്ടൻ അധിക നേരം നിന്നില്ല. ആള് പോയപ്പോ എനിക്ക് ചെറിയ വിഷമം ഒക്കെ തോന്നി എങ്കിലും അമ്മയും മീനുവും മാമിയുമൊക്കെ വിശേഷം ചോദിച്ചും പറഞ്ഞും കൂടെ കൂടിയപ്പോ അതൊക്കെ അങ്ങ് മാറി.

“ചേച്ചി എങ്ങനെ മക്കളേ…? നിന്നോട് സ്നേഹം തന്നെയല്ലേ?”

വിളിക്കുമ്പോഴൊക്കെ അമ്മ ചോദിക്കുന്ന ചോദ്യമാണിത്. എന്നാലും എപ്പോഴും ചോദിച്ചില്ലേൽ അമ്മയ്ക്ക് സമാധാനം ഇല്ലാത്തത് പോലെയാണ്. ഒരമ്മ മനസ്സിന്റെ ആധി…

” പിന്നേ…. അവളുടെ അമ്മായിക്ക് അവളോട് ഭയങ്കര സ്നേഹവാ… ഇങ്ങനെ ആണേൽ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും. അല്ലെ ദേവൂവേ…?”

മീനുവിന് വല്ലാത്തൊരു ചിരിയും പറച്ചിലും….

“നന്നായിരിക്കട്ടെ…. എന്റെ പോലെ ആവാതിരുന്നാ മതീന്നെ ഉള്ളൂ അമ്മയ്ക്ക്. ഹരി പാവവാ… അതോണ്ട് അമ്മയ്ക്ക് പേടിയില്ല.”

അമ്മ ആശ്വാസത്തോടെ പറയുന്നുണ്ട്. മീനും പറഞ്ഞതിലെ ദ്വയാർത്ഥം അമ്മയ്ക്ക് മനസ്സിലായിട്ടില്ല. ഭാഗ്യം….

പിന്നെയും കുറേ നേരം വീട്ടിലെയും നാട്ടിലെയും വാർത്തമാനങ്ങൾ പറഞ്ഞ് അങ്ങനെ ഇരുന്നു.

അച്ഛമ്മയ്ക്ക് പിന്നെ ഉപദേശം തന്നെ…. കല്യാണത്തിന് മുൻപ് പറഞ്ഞു വിട്ടതൊക്കെ റിപ്പീറ്റ് അടിക്കുന്നുണ്ട്. ചുമ്മാ കേട്ടിരുന്നു. ഇടയ്ക്കിടെ അച്ഛമ്മ പറയുന്നതിന് എന്റെ ചെവിയിൽ വന്നുള്ള മീനുവിന്റെ കൗണ്ടറുകൾ കേൾക്കുമ്പോൾ മാത്രം ചിരി വരും.

ഹരിയേട്ടൻ പോയതിനു പിറകെ അച്ഛൻ എങ്ങോട്ടോ പോയിരുന്നു. അത് കൊണ്ട് ഞങ്ങൾ കുറേ നേരം മുറ്റത് കസേരകളെടുത്തിട്ട് അവിടിരുന്നു കത്തി വച്ചു.

മുറിയിൽ നിന്നും എന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അങ്ങോട്ട് ചെന്നത്. ഹരിയേട്ടാനാണ്.

“എന്താ പരിപാടി?”

കാൾ എടുത്തുടനെ ചോദിച്ചു.

“ഒന്നൂല്ല. ഞാൻ ചുമ്മാ… വെളിയില് അമ്മേടേം മീനൂന്റേം കൂടെ വർത്തമാനം പറഞ്ഞിരുന്നു.”

“അതാണ്‌…. അമ്മേ കണ്ടപ്പോ നമ്മളെ മറന്നു ല്ലേ?”

പരിഭവമാണോ?

“അതെന്താ അങ്ങനെ പറഞ്ഞെ?”

ചോദിക്കാതിരിക്കാനായില്ല.

“ഞാൻ ഇവിടെ എത്തിയോന്ന് ഒന്ന് വിളിച്ചു ചോദിച്ചോ താൻ?”

ഒരു കോളേജ് അദ്ധ്യാപകനാണ്, കൊച്ച് കുട്ടികളെപ്പോലെ വീട്ടിൽ എത്തിയോ എന്ന് അന്വേഷിച്ചില്ല എന്ന് പറഞ്ഞു പരിഭവിക്കുന്നത്. എനിക്ക് ചിരി വന്നു പോയി…

“ഞാൻ…. അത്… അവരോട് സംസാരിച്ചിരുന്നപ്പോ സമയം പോയതറിഞ്ഞില്ല. സോറി….”

ചിരി അടക്കിയാണ് പറഞ്ഞത്. എന്നാലും ആ സോറിയിൽ ഇത്തിരി സങ്കടം കലർന്നോ എന്ന് എനിക്ക് തന്നെ സംശയം തോന്നി.

” ഹെയ്… ഞാൻ ചുമ്മാ പറഞ്ഞതാടോ… ഇപ്പൊ എത്തിയതേ ഉള്ളൂ…. വെറുതെ വിളിച്ചതാ… എന്നാ താൻ വച്ചോ…അവരോട് സംസാരിച്ചിരുന്നതല്ലേ? ഞാൻ രാത്രി വിളിക്കാം. പോയി ചായ കുടിക്കട്ടെ….”

ആൾക്കും ചിരിയാണ്.

“ചായയോ….? ഇവിടുന്ന് കുടിച്ചിട്ടല്ലേ ഇറങ്ങിയത്?”

ഞാൻ അന്തിച്ചു. ഇനി ഇവിടുത്തെ ചായ ഇഷ്ടമായില്ലേ?

” ഓ… എന്ത് പറയാൻ? ഇവിടെ അമ്മ എന്നെ കണ്ട പാടെ ചായ ഒഴിച്ച് വച്ചിട്ട് വിളിക്കാൻ തുടങ്ങിയതാ. ഞാൻ ഒന്ന് ഡ്രസ്സ്‌ change ചെയ്യട്ടെ എന്നും പറഞ്ഞു മുറിയിൽ വന്നു. കുടിച്ചില്ലെങ്കിൽ ഇനി അത് മതി. വെറുതെ എന്തിനാ? ഒരു ചായ കൂടി കുടിച്ചൂന്ന് വച്ച് നമുക്ക് നഷ്ടം ഒന്നും ഇല്ലല്ലോ?”

ആളത് നിസ്സാരമായി പറഞ്ഞെങ്കിലും എനിക്ക് വിഷമം തോന്നി. ഇവിടെ വന്ന് ചായ കുടിച്ചിട്ട് പോയത് കൊണ്ടാണ് അമ്മ ഹരിയേട്ടനെക്കൊണ്ട് പിന്നെയും ചായ കുടിപ്പിക്കുന്നത്. എന്ന് വച്ചാൽ ഇവിടുന്ന് ഒന്നും കഴിക്കാൻ കൊള്ളില്ലന്ന്…. എനിക്കത് മനസ്സിലായി. പക്ഷെ ആളിനത് മനസ്സിലാവുന്നില്ലല്ലോ?

വീർത്ത മുഖവുമായിട്ടാണ് പുറത്തേക്ക് ചെന്നത്. മീനു എന്നെ കണ്ട പാടെ എന്താണെന്ന് ചോദിക്കുന്നുണ്ട്. ഞാൻ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു. അവള് നെറ്റി ചുളിക്കുന്നു. ഞാൻ പിന്നെ പറയാമെന്നു കൈ കാട്ടിയതും അവൾ സന്തോഷത്തോടെ നോട്ടം മാറ്റി.

പരദൂഷണം കേൾക്കാൻ ഇവളെ പോലെ ഇൻട്രെസ്റ്റ് അച്ഛമ്മയ്ക്ക് പോലും ഇല്ലെന്ന് തോന്നുന്നു. അമ്മയും മാമിയുമൊക്കെ പറയുന്ന നാട്ടുകാര്യങ്ങളിൽ ശ്രദ്ധ കൊടുത്തിരിക്കുന്നേരം ഉള്ളിൽ ഊറിക്കൂടിയ കുഞ്ഞ് വിഷമം മാഞ്ഞേ പോയിരുന്നു.

അമ്മയുടെയും മാമിയുടെയും സംസാരം കേട്ടിരിക്കാൻ എനിക്ക് പണ്ടേ ഇഷ്ടമാണ്. ഹരിയേട്ടന്റെ അമ്മയെയും എന്റെ അച്ഛമ്മയെയും പോലെ ആരെയും അടച്ചാക്ഷേപിക്കുന്നതോ കളിയാകുന്നതോ ഞാൻ കേട്ടിട്ടില്ല. ഇവരുടെ വർത്തമാനം ഞാൻ ഇഷ്ടപ്പെടുന്നതിനും, ഹരിയേട്ടന്റെയും അച്ഛമ്മയുടെയും സംസാരം ഇഷ്ടപ്പെടാത്തതിനും കാരണം ഇത് തന്നെയാണ്.

കുറച്ചു നേരം കൂടി കഴിഞ്ഞാണ് മധു വന്നത്.

“ഇന്നാടി….”

അവൻ വന്ന ഉടനെ എന്റെ കയ്യിൽ ഒരു പൊതി കൊണ്ട് തന്നു.

“എന്താടാ?”

ചോദ്യത്തോടെയാണ് ഞാനത് തുറന്നത്.
കട്ലറ്റ്…..

കണ്ട പാടെ എന്റെ നാവിൽ വെള്ളമൂറി.

“അപ്പോ നിനക്ക് എന്നോട് സ്നേഹമുണ്ട്.”

ഒരെണ്ണമെടുത്തു കടിച്ച് കൊണ്ട് ഞാൻ പറയുന്നേരം അവൻ ചിറി കോട്ടി.

“വോ… പിന്നേ….. ഇവക്ക് വാങ്ങി. അപ്പൊ പിന്നെ നീ ഇന്ന് വരൂന്ന് പറഞ്ഞല്ലോ അതോണ്ട് വാങ്ങിയതാ….”

മധു ഇങ്ങനെയാണ്. മീനുവിന് വേണ്ടി അവൻ എന്ത് വാങ്ങിയാലും എനിക്കും കൂടി വാങ്ങും. എനിക്കൊരു കൂടെപ്പിറപ്പില്ലാത്തതിലെ വിഷമം തീരുന്നത് ഇവരിലൂടെയാണ്.

മീനു അതിനിടയിൽകൂടി വന്ന് പൊതിയിൽ കയ്യിട്ട് ഒരു കട്ലറ്റ് എടുത്തു.

” മ്ച്ചും… അത് അവള് തിന്നട്ടെടി… നിനക്ക് വേറെ ഞാൻ വീട്ടില് കൊണ്ട് വച്ചിട്ടൊണ്ട്.”

മധു അവളുടെ കയ്യിൽ തല്ലി.

” നീ പോടാ…. ഇവക്ക് എനിക്ക് എന്നൊന്നും ഇല്ല. ഞങ്ങള് ചങ്ക്‌സ് അല്ലെ? അല്ലേടി…”

മീനു തോള് കൊണ്ടെന്റെ തോളിൽ തട്ടിയതും ഞാൻ തലകുലുക്കി ചിരിച്ചു.

“അവക്കിപ്പം ഇതൊക്കെ വാങ്ങിച്ചു കൊടുക്കാൻ വേറെ ആളൊണ്ടെടാ ചെറുക്കാ…. ”

അച്ഛമ്മ രംഗപ്രവേശനം ചെയ്തു. വല്ലാത്തൊരു നോട്ടവും….
എന്നേം മധുവിനേം അടുത്ത് കാണുമ്പോ ഉള്ള ചൊറി മാറിയിട്ടുണ്ടെന്നാ ഞാൻ കരുതിയത്. എവിടെ? അത് ഒരു കാലത്തും മാറാൻ പോണില്ല.

” ആരൊണ്ടായാലും എന്റെ അനിയത്തിക്കുള്ളത് ഞാൻ കൊടുക്കും. അതിനിപ്പോ ആരാ തെറ്റ് പറയാണെന്ന് ഞാൻ ഒന്ന് നോക്കട്ടെ….”

അച്ഛമ്മേ രൂക്ഷമായിട്ട് ഒന്ന് നോക്കി പറഞ്ഞു കൊണ്ട് മധു എന്റെ അടുത്ത് കേറി ഇരുന്നു.

അച്ഛമ്മ അവനെ ദഹിപ്പിയ്ക്കും മട്ടിൽ നോക്കീട്ട് എന്തൊക്കെയോ മുറുമുറുത്ത് കൊണ്ട് അകത്തേയ്ക്ക് കേറിപ്പോയി.

“നിനക്ക് ഒന്ന് മിണ്ടാതിരുന്നൂടെടാ. പ്രായമായതല്ലേ? എന്തെങ്കിലും പറഞ്ഞിട്ട് പോട്ടേന്ന് വച്ചൂടെ?”

മാമിയാണ്.

” അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ? ഇവളെന്റെ അനിയത്തിയാണ്. എന്റെ മീനൂനെ പോലെ… ഞാൻ എനിക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കും. അതിന് വേറെ അർത്ഥം കണ്ടോണ്ട് ഓരോന്ന് പറഞ്ഞാ പിന്നെ മിണ്ടാതിരിക്കണോ? ”

അവനെന്നെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു. മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു ഞാൻ.

*******

സന്ധ്യയ്ക്ക് ഞാനും മീനുവും മധുവും അമ്മയും കൂടി അമ്പലത്തിൽ പോയി. എനിക്കും കൂടി വേണ്ടി മീനു സംസാരിക്കുന്നുണ്ട്. കുറച്ച് നാളുകളുടെ വിശേഷം അവൾ ശ്വാസം വിടാതെ പറഞ്ഞു തീർക്കുന്നുണ്ട്. അവളുടെ കലപില കേട്ട് നടന്നത് കൊണ്ടാവും അമ്പലത്തിൽ എത്തിയതും ദീപാരാധന തൊഴുതു തിരികെ വന്നതുമൊന്നും അറിഞ്ഞത് കൂടിയില്ല.

ഇടയ്ക്ക് ഞാൻ അവളോട് ‘ചായക്കാര്യം ‘ പറഞ്ഞു. ” ഇനി വരുമ്പോ ഹരി ചേട്ടനെ നീ രാത്രി വിട്ടാൽ മതി. പാതിരാത്രി അവര് ചായ കുടിപ്പിക്കുന്നത് ഒന്നറിയാലോ? ”

അവളത്തിന് പറഞ്ഞ മറുപടിയാണ്. അവള് പറഞ്ഞത് കേട്ടപ്പോ ചിരി വന്നെങ്കിലും ആലോചിക്കുമ്പോൾ ഇപ്പോഴും വിഷമം തോന്നുന്നുണ്ടെനിക്ക്.
ചിലപ്പോ അമ്മ പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പക്ഷെ നമ്മൾ മനുഷ്യന്മാർക്ക് ഒരു കുഴപ്പമുണ്ടല്ലോ? ഒരാളോട് നീരസം തോന്നിയാൽ പിന്നേ അവരെന്തു ചെയ്താലും നമ്മൾ ആ കണ്ണിലൂടെയല്ലേ കാണുള്ളൂ….?

******

രാത്രി എട്ടരയൊക്കെ ആയപ്പോ അച്ഛൻ വന്നു. അന്നേരം വരെ മീനു വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

അച്ഛനെ കണ്ടതും “യ്യോ വന്ന്…” എന്നും പറഞ്ഞു എഴുന്നേറ്റ് ഒറ്റപ്പോക്കാണവള്….

അച്ഛൻ എന്നോട് അവിടുത്തെ വിശേഷം ഒന്നും തന്നെ ചോദിച്ചില്ല. ഞാനൊട്ട് പറയാനും നിന്നില്ല.

രാത്രി അമ്മ എനിക്ക് ഏറെ ഇഷ്ടമുള്ള അടദോശയും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കുതന്നു. ആസ്വദിച്ചു കഴിച്ചു.

കിടക്കാൻ നേരമാണ് പിന്നീട് ഹരിയേട്ടന്റെ കാൾ വന്നത്. സത്യം പറഞ്ഞാൽ അത്രേം നേരം ഞാൻ ആളിനെ മറന്നേ പോയിരുന്നു.

“കഴിച്ചോ…?”

ഞാൻ ആദ്യമേ അങ്ങോട്ട് ചോദിച്ചു.

“മ്മ്… കഴിച്ചിട്ടിപ്പോ വന്നെ ഉള്ളൂ… നീയോ?”

“ഞാനും….”

“എന്തായിരുന്നു സ്പെഷ്യൽ…?”

കുറച്ചു നേരം അങ്ങനെ ഓരോന്നും പറഞ്ഞു സമയം കളഞ്ഞു.

“അമ്മ എന്തിയെ?”

ചോദിക്കാതിരുന്നാൽ ഹരിയേട്ടൻ എന്ത് കരുതും എന്ന് വിചാരിച്ചു ചോദിച്ചതാണ്.

“അമ്മ കിടന്നു. തലവേദനയെന്നോ മറ്റോ പറയുന്നത് കേട്ടു….”

അടിപൊളി…!
അപ്പൊ പിന്നേം പണി തുടങ്ങിയോ?
ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.

” അത് പോട്ടേ… താൻ അവിടുത്തെ വിശേഷം പറയ്…. ”

അമ്മയുടെ വയ്യായ്കയെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയുമെന്നും എന്നോട് ചിലപ്പോ തിരികെ ചെല്ലാൻ പറയുമെന്നുമൊക്കെ കരുതിയിടത്ത് ഹരിയേട്ടൻ തന്നെ വിഷയം മാറ്റി. കൂടുതൽ എന്തെങ്കിലും ചോദിക്കാൻ ഞാനും താല്പര്യപ്പെട്ടില്ല.

പിന്നെയും കുറേ നേരം കൂടി സംസാരിച്ച് കാൾ അവസാനിപ്പിക്കുമ്പോ നെഞ്ചിന്റെ അടിത്തട്ടിൽ എവിടെയോ കുഞ്ഞൊരു വിഷമം കൂട് കൂട്ടി. ആളിനെ കാണാനൊക്കെ ഇപ്പൊ തോന്നുന്നുണ്ട്. ഇന്നലെ എന്നെ ചുട്ടിപ്പിടിച്ചു ഉമ്മ തന്നതും മിസ്സ്‌ ചെയ്യും എന്ന് പറഞ്ഞതും ഒക്കെ ഓർക്കുമ്പോ അറിയാതെ ചിരി വരുന്നുണ്ട്….

രാത്രി അമ്മയെ കെട്ടിപ്പിടിച്ചു കിടന്നിട്ടും ഓർമ്മ വന്നത് ആളിന്റെ മുഖമാണ്. അങ്ങനെ ഓർത്തോർത്തു കിടന്ന് എപ്പോഴോ മയങ്ങിപ്പോയി.

*******

പിറ്റേന്ന് രാവിലെ ഹരിയേട്ടന്റെ അമ്മേ വിളിച്ചു. വയ്യാന്ന് പറഞ്ഞതല്ലേ? വിളിച്ചു തിരക്കാതിരിക്കുന്നത് മോശമാവില്ലേ എന്ന് തോന്നിയത് കൊണ്ട് മാത്രം വിളിച്ചതാണ്. ഒട്ടും വയ്യാന്നോ, ആഹാരം ഉണ്ടാക്കി വച്ചിട്ട് കിടക്കുവായിരുന്നെന്നോ ഒക്കെ പറയുന്നത് കേട്ടു.

ഞാൻ ചെല്ലാമെന്ന് പറയുമെന്ന് കരുതിയിട്ടുണ്ടാവണം. ഞാൻ പക്ഷെ ഒന്നും പറയാൻ പോയില്ല. ഇങ്ങോട്ട് പറയില്ല എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ചെല്ലാൻ പറയില്ല, ചെന്നില്ല എന്ന് അച്ഛനോട് പരാതി പറയുകയല്ലേ ഉള്ളൂ…. അതും ആരും കേൾക്കാതെ…..

എന്നാലും ഉച്ചയ്ക്ക് ഹരിയേട്ടൻ വിളിച്ചപ്പോ എന്നോട് ചെല്ലാൻ എങ്ങാനും പറയുമോ എന്നൊരു പേടി തോന്നിയിരുന്നു. ആളൊന്നും പറഞ്ഞില്ല എന്ന് മാത്രമല്ല വൈകിട്ട് എന്നെ കാണാനായി വീട്ടിലേക്ക് വരികയും ചെയ്തു.

ചായ കുടി കഴിഞ്ഞാണ് വന്നത്. ഡിന്നറിന് മുന്നേ പോവുകയും ചെയ്തു. എങ്കിലും പോകുന്നേരം എന്റെ കണ്ണ് നനഞ്ഞു. വീട്ടിൽ നിന്നും പോകാനെനിക്ക് തോന്നുന്നില്ല. ഹരിയേട്ടൻ ഒപ്പം ഇല്ല എന്നുള്ള വിഷമവും തോന്നുന്നു. ഹരിയേട്ടന് എന്റെ ഒപ്പം നിന്ന് കൂടെ എന്നൊരു കുഞ്ഞ് പരിഭവം മോട്ടിട്ടു. എങ്കിലും ചിരിയോടെ തന്നെ ആളിനെ യാത്രയാക്കി.

കിടക്കും മുൻപ് ഇന്നും വിളി വന്നു. കുറേ നേരം സംസാരിച്ചിട്ട് തന്നെയാണ് കിടന്നതും… അത് കൊണ്ടാവണം ഹരിയേട്ടൻ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തം തരുന്നത് സ്വപ്നം കണ്ടാണ് പിറ്റേന്ന് ഞാൻ ഉണർന്നത്.

കാണാൻ തോന്നി. ഫോൺ എടുത്തു വിളിച്ചു. വിവാഹമേ വേണ്ടാന്ന് കരുതിയിരുന്ന എന്നിലെ മാറ്റങ്ങൾ എന്നെ തന്നെ അത്ഭുതപ്പെടുത്തി.

“എന്താ ദേവൂവേ…?”

സന്തോഷത്തേക്കാൾ ആധിയായിരുന്നാ ശബ്ദത്തിൽ. ചിലപ്പോ ഞാൻ ഇത്ര പുലർച്ചെ വിളിച്ചത് കൊണ്ടാവണം.

” ഒന്നൂല്ല… ചുമ്മാ… വിളിക്കാൻ തോന്നി. ”

ഞാൻ പതിയെ പറഞ്ഞു.
അപ്പുറത്ത് കേട്ട നനുത്ത ചിരി എന്റെ ചുണ്ടിലും ചിരി വിടർത്തി.

******

അമ്മയോടും മീനുവിനോടും കത്തി വച്ചും പാചക പരീക്ഷണങ്ങൾ നടത്തിയുമൊക്കെ രണ്ട് ദിവസം ‘ഇതാ’ ന്ന് പറയും വേഗത്തിൽ തീർന്ന് പോയി.

അതിനിടയിൽ അച്ഛമ്മേടെ ഉപദേശങ്ങൾ മാത്രം അസഹനീയമായിരുന്നു. അച്ഛൻ പിന്നെ മുന്നത്തെ പോലെ ഞാൻ ആ വീട്ടിൽ ഉണ്ടെന്നേ ഭാവിച്ചില്ല.

എന്തായാലും ഇന്ന് വൈകിട്ട് ഞാൻ തിരികെ പോകുമെന്ന് പറഞ്ഞപ്പോ അച്ഛമ്മേടെ മുഖം ഒന്ന് തെളിഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ വീട്ടിൽ വന്ന് നിൽക്കാൻ പാടില്ല എന്ന പക്ഷക്കാരിയാണ് അച്ഛമ്മ. കല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടുകാർ എങ്ങനെ അന്യരാവുമെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

അച്ഛനോട് ഇന്ന് പോകും എന്ന് പറഞ്ഞപ്പോ ‘മ്മ് ‘എന്നൊരു മൂളൽ മാത്രം കിട്ടി. എങ്ങനെ പോകും എന്ന് കൂടി ചോദിച്ചില്ലച്ചൻ. ഇപ്പൊ പിന്നെ അച്ഛന്റെ പെരുമാറ്റം ഒന്നും എന്നെ വിഷമിപ്പിക്കുന്ന കാര്യമേ അല്ലാതായിട്ടുണ്ട്.

********

ഇന്ന് ഡിഗ്രി റിസൾട്ട്‌ വരുമെന്ന് അറിഞ്ഞപ്പോ രാവിലെ തൊട്ടേ വയറിനകത്തൂന്ന് ഒരു ഉരുണ്ട് കയറ്റം തുടങ്ങിയതാണ്. രാവിലെയും ഉച്ചയ്ക്കും ഒക്കെ നേരാം വണ്ണം ഒന്നും കഴിക്കാൻ കൂടി ഒത്തില്ല.

ഞാൻ പണ്ടേ ഇങ്ങനെയാണ്. പരീക്ഷയും റിസൾട്ടും ഒക്കെ വലിയ ടെൻഷൻ ആണെനിക്ക്. ഇന്നും അതിനൊരു മാറ്റവുമില്ല.

സാധാരണ വൈകിട്ടോ രാത്രിയോ ഒക്കെയാണ് യൂണിവേഴ്സിറ്റി റിസൾട്ട്‌ പബ്ലിഷ് ചെയ്യുന്നത്. ഇത്തവണ എന്താണെന്ന് അറിയില്ല ഉച്ചയ്ക്കെ ഇട്ടു.

റിസൾട്ട്‌ വന്നെന്ന് അറിഞ്ഞപ്പോഴേ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. മാർക്ക് എങ്ങാനും കുറഞ്ഞാൽ ഹരിയേട്ടൻ എന്ത് പറയും എന്നൊരു ടെൻഷൻ കൂടിയുണ്ട് ഇത്തവണ.

മധുവിന്റെ വീട്ടിൽ പോയിരുന്നാണ് റിസൾട്ട്‌ നോക്കിയത്. അവിടെ കമ്പ്യൂട്ടർ ഉണ്ട്. നെറ്റും.

സൈറ്റ് ലോഡ് ആകാതെ കിടന്ന് കറങ്ങുന്നത് കണ്ടപ്പോ ഉള്ളം കാൽ മുതൽ ഒരു പെരുപ്പായിരുന്നു. അല്ലെങ്കിലും റിസൾട്ട്‌ വന്നാൽ പിന്നെ സൈറ്റ് ഇങ്ങനെ തന്നെ ആണല്ലോ?

അത് ലോഡ് ആയി വരുന്നത് വരെ അനുഭവിച്ച വെപ്രാളം… അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.

പക്ഷേ റിസൾട്ട് കണ്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന ടെൻഷൻ ഒക്കെ മാഞ്ഞേ പോയി.

ഗ്രേഡ് പോയിന്റ് 8.7 ഉണ്ട്. എന്ന് വച്ചാൽ 80% മുകളിൽ മാർക്ക് ഉണ്ടാവണം. എന്നെ സംബന്ധിച്ചത് വളരെ നല്ല മാർക്കാണ്. സന്തോഷം സഹിക്കാൻ പറ്റിയില്ല. മധു എന്നെ ചേർത്ത് പിടിച്ചാണ് congrats പറഞ്ഞത്. ചിലവ് ചോദിച്ചവനോട് അതൊക്കെ പിന്നെ എന്നും പറഞ്ഞു ഇറങ്ങി ഓടി. അമ്മയോട് പറയാനായിരുന്നു വെപ്രാളം.

വീട്ടിലേക്കോടിച്ചെന്ന് അമ്മയോട് പറയുമ്പോൾ അമ്മയെനിക്ക് കുറേ ഉമ്മ തന്നു.

” പായസം വച്ച് തരാം. ”

ചിരിയോടെ പറയുന്നത് കേട്ടപ്പോ ഞാനും തലയാട്ടി.

മുറിയിൽ ചെന്ന് ഫോൺ എടുത്തു. ഹരിയേട്ടനെ വിളിച്ചു പറയാമെന്ന് കരുതി. പിന്നെ തോന്നി വേണ്ടാന്ന്. എന്തായാലും റിസൾട്ട്‌ വന്നത് ഹരിയേട്ടൻ അറിഞ്ഞിട്ടുണ്ടാകും. ഹരിയേട്ടന്റെ കോളേജിലെ കുട്ടികളുടെയും വന്ന് കാണുമല്ലോ?

” ഇങ്ങോട്ട് വിളിക്കട്ടെ…. അപ്പൊ പറയാം. ”

എന്തിനെന്നറിയാതെ ഒരു കുഞ്ഞ് വാശി. ഞാൻ ഇങ്ങനെ എന്റെ അമ്മയോട് മാത്രേ വാശി കാണിക്കാറുള്ളൂ…. ഇപ്പോ ദാ ഹരിയേട്ടനോടും… എന്താണാവോ?

ചിരിയോടെ കയ്യിൽ എടുത്ത ഫോൺ ബെഡിലേയ്ക്കിട്ട് അടുക്കളയിലേക്ക് നടന്നു. അമ്മ പായസം ഉണ്ടാക്കുന്നത് നോക്കി നിന്നെങ്കിലും ശ്രദ്ധ ഫോണിലേക്ക് കാൾ വരുന്നുണ്ടോ എന്നായിരുന്നു. ഇടക്ക് ഒന്ന് രണ്ട് തവണ എടുത്തു നോക്കി സൈലന്റ് അല്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

ഹരിയേട്ടൻ ഒന്ന് വിളിച്ചു പോലും ചോദിച്ചില്ലല്ലോ എന്ന് ഓർത്തപ്പോ കുഞ്ഞ് സങ്കടം തോന്നി. അങ്ങോട്ട് വിളിച്ചു പറയില്ല എന്ന് തന്നെ തീരുമാനിച്ചു.

വൈകിട്ട് എന്നെ കൂട്ടിക്കൊണ്ട് പോകാൻ ഹരിയേട്ടൻ വരാമെന്നു പറഞ്ഞിരുന്നു.

പറഞ്ഞ സമയത്ത് തന്നെ ആളെത്തി. എന്നോട് റിസൾട്ട്‌ ചോദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചോദ്യം ഒന്നും ഉണ്ടായില്ല. ഞാനും പറഞ്ഞില്ല.

ഹരിയേട്ടന്റെ ഒപ്പം തിരികെ പോകാൻ ഇറങ്ങുമ്പോ നല്ലോണം സങ്കടം വന്നു. ഇന്നലെയൊക്കെ തിരികെ പോയിരുന്നെങ്കിൽ ഹരിയേട്ടനെ കാണാമായിരുന്നു എന്നൊക്കെ കരുതിയിരുന്ന ഞാനാണ്. ഇപ്പോ ദേ ഇറങ്ങാൻ നേരം അമ്മേം കെട്ടിപ്പിടിച്ചു നിന്ന് കരയുന്നു…..!

അച്ഛമ്മ ആണേൽ ഇത് കണ്ട് ഹരിയേട്ടൻ കേൾക്കാതെ അവിടെ നിന്ന് എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്.

വിവാഹം കഴിഞ്ഞ ഒട്ട് മിക്കവാറും പെൺകുട്ടികളുടെയും അവസ്ഥ ഇത് തന്നെയാകുമല്ലേ? വീട്ടിൽ വന്ന് നിൽക്കാൻ അതിയായ കൊതി തൊന്നും. ഭർത്താവ് ഒപ്പം വന്ന് നിന്നില്ലെങ്കിലോ? വീട്ടിൽ നിൽക്കുമ്പോഴും എവിടെയോ ഒരു കുഞ്ഞ് മനഃസമാധാനക്കേട്…. പ്രിയപ്പെട്ടൊരാളെ കാണാനുള്ള ആശ തീർക്കുന്നൊരു കുഞ്ഞ് നോവ്…..
തിരികെ പോകാൻ ഹൃദയത്തിന്റെ ഒരു കോൺ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും. തിരികെ പോകേണ്ടുന്ന ദിവസം ആയാലോ? വീട്ടിൽ നിന്നൊട്ട് പോകാനും തോന്നില്ല.

വല്ലാത്ത ഒരവസ്ഥ തന്നെയാണല്ലോ?

*********