25/05/2026

മരുമകൾ : ഭാഗം 41

രചന – ഗംഗ ശലഭം

ദിവസങ്ങൾ പ്രത്യേകതകൾ ഇല്ലാതെ കടന്നു പോയി. ഇതിനിടയിൽ ഞാൻ ബി എഡ് ന് ജോയിൻ ചെയ്തു. പി ജി ചെയ്യാനാണ് ഹരിയേട്ടൻ പറഞ്ഞത്. പക്ഷെ ബി എഡ് ആയിരുന്നു എനിക്ക് താല്പര്യം. എനിക്ക് ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ആകാനാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോ ആള് കൂടുതൽ നിർബന്ധിച്ചില്ല. നിന്റെ ഇഷ്ടം എന്ന് മാത്രം പറഞ്ഞു. കൊച്ച് കുട്ടികളെ പഠിപ്പിക്കാനാണെൽ പിന്നെ പി ജി എടുക്കേണ്ട ആവശ്യം എന്താണ്?

കോളേജിൽ പോയി തുടങ്ങും മുന്നേ ഞങ്ങൾ രാജേഷ് ചേട്ടനോടൊപ്പം തന്നെ കൊടൈക്കനാൽ ട്രിപ്പ് പോയിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച രണ്ട് ദിവസങ്ങൾ ആയിരുന്നു അവ.

മരം കോച്ചുന്ന തണുപ്പത്ത് പൈൻ ഫോറെസ്റ്റിലെ പൈൻ മരങ്ങൾക്കിടയിലൂടെ ഹരിയേട്ടന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു നടന്നതും…. തണുത്തു മരവിച്ചിട്ടും ഞാനും ഐശ്വര്യയും ഐസ് ക്രീം വേണമെന്ന് വാശി പിടിച്ചതും…. ഞങ്ങൾ നാലാളും കൂടി പരസ്പരം കളിയാക്കി ഐസ് ക്രീം നുണഞ്ഞതും…. ഒരുമിച്ചുള്ള റോ ബോട്ട് യാത്രയും…. Pillar rock ഉം…. Guna Cave ഉം….. Coaker’s Walk ഉം… പിന്നെ പേര് പോലും ഓർമ്മയില്ലാത്ത വെള്ളച്ചാട്ടങ്ങളും…. അങ്ങനെ മരിക്കുവോളം മറക്കില്ല എന്നുറപ്പുള്ള രണ്ട് ദിനങ്ങൾ…..

പോക്ക് മുടക്കാൻ അപ്പോഴും അമ്മായിയും അമ്മാവനും ശ്രമിച്ചിരുന്നു കേട്ടോ….
ഇത്തവണ വയ്യാതായത് അമ്മാവനായിരുന്നു എന്ന് മാത്രം.

ഞങ്ങൾ ട്രിപ്പ് പോകാൻ തീരുമാനിച്ചിരുന്നതിന്റെ തലേന്ന് രാവിലെ മുതൽ അമ്മാവന് കലശലായ ശ്വാസം മുട്ടൽ തുടങ്ങി. ആളിന് അത് ഇടയ്ക്ക് ഉണ്ടാവാറുള്ളതാണ്. പണ്ടെന്നോ ന്യുമോണിയ വന്ന് അത് ലങ്സ് നെ വരെ ബാധിച്ചു അത്രേ…. കുറേ ലങ് സൽസ് നശിച്ചു പോയി. ആളിപ്പോ ഒരു COPD patient ആണ്.

സാധാരണ പുക വലിക്കുന്നവർക്കാണ് ഇങ്ങനൊരു കണ്ടീഷൻ വരുന്നത്. ഇവിടെ അച്ഛൻ പുകവലിക്കാറില്ല എന്നാണ് അമ്മ പറയുന്നത്. പുക വിളിക്കാത്ത ചിലർക്കും വരാറുണ്ട്. ആ ചിലരിൽ ഒരാളാണ് അച്ഛൻ.

അത് കൊണ്ടാവണം അച്ഛന് വയ്യാഥായപ്പോ ഹരിയേട്ടൻ പേടിച്ചു പോയത്. ഇനിയും ഒരിക്കൽക്കൂടി lung ഇൻഫെക്ഷൻ വന്നാൽ ജീവൻ നിലനിർത്താൻ തന്നെ പാടാണെന്നാ ഡോക്ടർസ് പറഞ്ഞിട്ടുള്ളത്. അതിന്റെ ടെൻഷൻ ആയിരുന്നു ആൾക്ക്.

ഞാനും ഹരിയേട്ടനും കൂടി തന്നെയാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്. പരിശോധനയിൽ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ” എനിക്ക് വയ്യ ഡോക്ടറെ… തീരെ വയ്യ…. എന്നെ അഡ്മിറ്റാക്കൂ ” എന്ന് അമ്മാവൻ അവശതയോടെ പറഞ്ഞു നോക്കി. പക്ഷെ ഡോക്ടർ കേട്ടില്ല. ” ഒരു കുഴപ്പോം ഇല്ല. ഈ പനിക്കാർക്കിടയിൽ ഇവിടെ കിടക്കുന്നേനെക്കാളും വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതി എന്ന് പറഞ്ഞു ഡോക്ടറ്…. ”

അമ്മാവനെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വന്നപ്പോഴുള്ള അമ്മായീടെ മുഖം ആയിരുന്നു കാണേണ്ടത്. കണ്ട മാത്രയിൽ പുള്ളിക്കാരനെ കണ്ണുരുട്ടി നോക്കിയ ആ നോട്ടം…..! ആലോചിച്ച് ഞാൻ അന്നത്തെ ദിവസം മുഴുവൻ ചിരിച്ചു മറിഞ്ഞു.

അന്ന് രാവിലെ മുതൽ കലാശലായ ശ്വാസം മുട്ടൽ അഭിനയിച്ച് ഉച്ചയ്ക്ക് ആഹാരം പോലും കഴിക്കാതെ കിടന്നതായിരുന്നു അച്ഛൻ. പക്ഷെ വൈകിട്ട് ഹരിയേട്ടൻ പുറത്ത് പോയി വന്നപ്പോ വാങ്ങി വന്ന ഉള്ളിവടേടെ മണം അടിച്ചതും വിളിക്ക പോലും ചെയ്യാതെ ച്ചായ കുടിക്കാൻ ഹാജർ വച്ചു.

പക്ഷെ വന്നിരുന്നിട്ടെന്തിനാ? ” ശ്വാസം മുട്ടൽ ഉള്ളപ്പോ ഇതൊന്നും തിന്നൂടാ” എന്നും പറഞ്ഞ് അമ്മായി ആശാനൊന്ന് രുചിച്ചു നോക്കാൻ പോലും കൊടുത്തില്ല.

സംഗതി അഭിനയം ആണേലും ഒറിജിനാലിട്ടി വേണ്ടേ? അത് അമ്മായിക്ക് അറിയാം….. അത് മാത്രം ആവില്ല. അഡ്മിറ്റ് ആവണം എന്ന് രാവിലെ പിറകെ പിറകെ പറഞ്ഞാവും വിട്ടത്. അത് നടന്നില്ലല്ലോ? അതിന്റെ ദേഷ്യോം കാണും അച്ഛനോട്.

ഞങ്ങൾ അച്ഛന് അടുത്തിരുന്നു കഴിക്കുമ്പോ, വായിൽ ഓടിയ വെള്ളം ഇറക്കി ഇറക്കി തന്നെ അച്ഛന്റെ വയറ് നിറഞ്ഞിട്ടുണ്ടാവും. വയറു വേദന ഒന്നും വന്നേക്കല്ലേ ഭഗവാനെ എന്നാണ് അന്ന് കഴിച്ച് തീരുവോളം ഞാൻ പ്രാർത്ഥിച്ചത്.

🦋 🦋 🦋 🦋 🦋

” ഞാൻ നിന്നോട് പറഞ്ഞതല്ലേ കൊച്ചേ? എന്നിട്ടും ആ വൃത്തികെട്ടവന്റെ കൂടെ പോവാൻ പോവാണോ? ”

ട്രിപ്പ് പ്ലാൻ ചെയ്തത് അറിഞ്ഞപ്പോഴേ അമ്മായി എന്നോട് ചോദിച്ചിരുന്നു.

” ഞാൻ ഹരോയേട്ടനോട് പറഞ്ഞതാ അമ്മേ… ഹരിയേട്ടന് ആ ചേട്ടനെ വിശ്വാസാന്ന്… വിശ്വാസം ഇല്ലാത്തത് എന്നെ മാത്രാണ്…. ”

വിഷമത്തോടെ പറഞ്ഞപ്പോ അമ്മായീടെ മുഖം ഒന്നു തെളിഞ്ഞു. ഹരിയേട്ടന് എന്നെ വിശ്വാസം ഇല്ല എന്ന് പറഞ്ഞതിന്റെയാണ്.

അത് കൊണ്ടാണ് അമ്മാവൻ വഴി പുതിയ അടവെടുത്തത്. ഇത് കൊണ്ട് അവർക്കുള്ള ലാഭം മാത്രം എനിക്ക് മനസ്സിലാവുന്നില്ല.

ഹരിയേട്ടന്റെ അമ്മയ്ക്കും അച്ഛനും എന്നെ ഹരിയേട്ടൻ കല്യാണം കഴിക്കുന്നതിയിൽ ഒരു ശതമാനം പോലും താല്പര്യം ഉണ്ടായിരുന്നില്ല. ജോലി, സാമ്പത്തികം ഒക്കെ തന്നെയാകും കാരണം. രണ്ടാൾക്കും പൊങ്ങച്ചം പറയാൻ ഒക്കില്ലല്ലോ? ഹരിയേട്ടൻ ഒരാളുടെ നിർബന്ധം കൊണ്ട് നടന്ന കല്യാണം ആവണം. ‘ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ‘ എന്ന് കേട്ടിട്ടില്ലേ? അത് തന്നെയാണ് ഇവിടെയും.

എന്നെ എപ്പോഴും കുറ്റം പറയണം. ഞാൻ ഒരുകാരണവശാലും സന്തോഷിക്കരുത്… അത് തന്നെ കാരണം.

രാജേഷ് ചേട്ടനെക്കുറിച്ച് അമ്മ പറഞ്ഞതൊക്കെ ഞാൻ ഹരിയേട്ടനോട് പറഞ്ഞിരുന്നതാണ്.

” നീ രാജേഷ് ശെരിയല്ല എന്ന് എന്നോട് പറഞ്ഞെന്നും ഞാൻ നിന്നെ വിശ്വസിച്ചില്ല എന്നും അമ്മയോട് പറഞ്ഞേക്ക്. ”

എന്ന് പറഞ്ഞത് ഹരിയേട്ടൻ തന്നെയാണ്.

കൊടൈക്കനാൽ പോയി വന്ന ശേഷം രണ്ട് ദിവസം എന്റെ വീട്ടിലും പോയി നിന്നിരുന്നു. ഇത്തവണ വീട്ടിൽ ചെന്നപ്പോ അമ്മേടെ മുഖത്ത് പതിവിലും തെളിച്ചമുണ്ട്. അച്ഛനിപ്പോ അമ്മയോട് ചെറുതായിട്ടൊക്കെ മിണ്ടി തുടങ്ങിയത്രേ….

അച്ഛമ്മയ്ക്ക് ഇപ്പൊ വയ്യാതായിട്ടുണ്ട്. ഇടയ്ക്ക് വീടിന് പിറകിൽ ആളൊന്നു വീണു. കാലിനും ഇടതു കൈക്കും പൊട്ടലുണ്ടായിരുന്നു. പ്രായമായതല്ലേ? ഇനി പഴയ പോലെ ആകില്ലന്നാ ഡോക്ടർ പറഞ്ഞത്. ഒന്ന് ബാത്‌റൂമിൽ പോണേൽ പോലും അമ്മേടെ സഹായം വേണമിപ്പോ…

ഒന്ന് വീണു പോയാൽ സഹായത്തിന് അമ്മേ കാണൂ എന്ന് മനസ്സിലായത് കൊണ്ടാണോ എന്തോ ആശാത്തി ഇപ്പൊ ഇത്തിരി ഒതുങ്ങിയിട്ടുണ്ട് എന്നാണ് മീനു പറയുന്നത്. അമ്മ പിന്നെ പണ്ടും ഇന്നും ആരെയും കുറ്റം പറയില്ലല്ലോ?

ഒരുപക്ഷെ ആ ചിന്ത കൊണ്ട് തന്നെ ആവണം അച്ഛനും അമ്മയോട് മിണ്ടി തുടങ്ങിയത്. എങ്കിലും അച്ഛന്റെ ഗൗരവത്തിനും ഞാനെന്ന ഭാവത്തിനും ഇപ്പോഴും കുറവൊന്നുമില്ല.

🦋 🦋 🦋 🦋 🦋

ഞാൻ ബി എഡ് ന് പോകാൻ തുടങ്ങിയപ്പോ മാത്രം അമ്മായി മുടക്കം ഒന്നും പറഞ്ഞില്ല. അതിനും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയതാണ്. എന്താണോ എന്തോ?

കോളേജിൽ പോകാൻ തുടങ്ങിയ ശേഷമുള്ള ഗുണം എന്താണെന്ന് വച്ചാൽ ഒന്നും ആലോചിക്കാനോ ടെൻഷൻ അടിക്കാനോ എനിക്ക് സമയം കിട്ടാറില്ല. രാവിലെ പോയാൽ എത്തുമ്പോ വൈകിട്ടാകും. വന്നാൽത്തന്നെ കോളേജിലെ ഓരോ വർക്കുകൾ ഉണ്ടാകും.

പോക്കും വരവും നല്ല തിരക്കുള്ള ബസിൽ ആണേ…. അതിന്റെ ക്ഷീണവും… രാത്രി ബെഡിലേക്ക് കിടക്കുന്നത് മാത്രേ ഓർമ്മയുണ്ടാകൂ… അപ്പോഴേ ഉറങ്ങിപോകും. പലപ്പോഴും ഹരിയേട്ടന്റെ പതിവ് ചുംബനം നെറ്റിയിൽ പതിയുന്നത് പോലും പകുതി ഉറക്കത്തിലാണ് അറിയുന്നത്.

🦋 🦋 🦋

ഇപ്പോഴും അമ്മായിയും അമ്മാവനും എനിക്കും എന്റെ വീട്ടുകാർക്കും വേണ്ടി പുതിയ ചീത്തകളൊക്കെ കണ്ട് പിടിക്കുന്നതിൽ റിസേർച്ച് നടത്തുന്നത് മുടക്കിയിരുന്നില്ല.

അപ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കാൻ രണ്ട് കൈകളും ചേർന്ന് നിന്ന് കണ്ണീർ വാർക്കാൻ ആ നെഞ്ചവും ഉള്ളത് കൊണ്ട് മാത്രം എന്റെ വിഷമങ്ങൾ ഞാൻ ഉള്ളിൽ ഒതുക്കി. അല്ലെങ്കിലും പണ്ടും ഞാൻ ഇങ്ങനെ ആയിരുന്നല്ലോ?

അച്ഛന്റെന്നും അച്ഛമ്മേടെന്നും വഴക്ക് കേൾക്കുമ്പോ, അച്ഛൻ തല്ലുമ്പോ ഒക്കെ അമ്മേടെ മടിത്തട്ടിൽ ചാഞ്ഞു കിടക്കുന്നേരം കിട്ടുന്ന അതേ ആശ്വാസം എനിക്കിന്ന് ഹരിയേട്ടൻ എന്റെ ചേർത്ത് നിർത്തി തലയിൽ തലോടി ആശ്വസിപ്പിക്കുമ്പോ കിട്ടാറുണ്ട്.

കാലിൽ ചക്രം വച്ചോടുന്ന ദിവസങ്ങൾക്കൊപ്പം ഞാനും കിതച്ചു കിതച്ചു ഓടിക്കൊണ്ടിരുന്നു.

🦋 🦋 🦋 🦋 🦋

അങ്ങനെ ഒരു വെള്ളിയാഴ്ച. കോളേജിൽ ലാസ്റ്റ് ഹൗർ ക്ലാസ് ഉണ്ടായിരുന്നില്ല. നേരത്തെ ഇറങ്ങി. സ്റ്റോപ്പിൽ എത്തിയതും ബസ്സും കിട്ടി.

വഴിയിൽ എത്തിയപ്പോഴേ കേട്ടു അമ്മായീടെ സംസാരം. ഫോണിൽ ആണെന്ന് തോന്നി. എന്റെ കുറ്റം പറച്ചിൽ തന്നെ….. വല്യമ്മയോ കുഞ്ഞമ്മയോ ആകുമെന്ന് കരുതി.

പക്ഷെ രമേ രമേ ന്ന് വിളിച്ചോണ്ടുള്ള സംസാരം കേട്ടപ്പോ മനസ്സിലായി അമ്മേടെ കൂട്ടുകാരി രമ മാമിയാണെന്ന്.

ഇത്ര നാളും ഞാൻ കരുതിയിരുന്നത് അവരിവിടുത്തെ അച്ഛനോടും വല്യമ്മയോടും കുഞ്ഞമ്മയോടും മാത്രേ എന്നെക്കുറിച്ച് കുറ്റം പറയാനുള്ളൂ എന്നാണ്. ഇന്ന് മനസ്സിലായി കൂട്ടുകാരോടും നാട്ടുകാർക്കും ഉൾപ്പെടെ എല്ലാരോടും പറയുന്നുണ്ടാവും.

ഞാൻ ഇവിടെ വന്ന സമയത്തൊക്കെ സ്നേഹത്തോടെ ചിരിച്ചു സംസാരിച്ച പലരും ഇന്നൊന്നു ചിരിക്കാൻ പോലും മടിച്ച് വഴിയിൽ കാണുമ്പോഴേ തിരിഞ്ഞു നടക്കുന്നതിന്റെ കാരണവും ഇതാവണം.

എനിക്ക് അമ്മായിയോട് അതിയായ ദേഷ്യം തോന്നി. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? ഞാൻ പതിയെ നടന്നു ചെന്ന് അവരുടെ മുറിയിലേക്ക് തലയിട്ടു.

” ഓഹ്… ഫോണിൽ ആയിരുന്നോ? ഞാൻ കരുതി അമ്മ അച്ചനോടാകും ഇതൊക്കെ പറയുന്നേന്ന്….! ”

ചിരിയോടെ അവരുടെ മുഖത്ത് നോക്കി അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോ, എന്നെക്കണ്ട് വിളറിപ്പോയ അവരുടെ മുഖമെന്റെ മനസ്സിൽ ആനന്തം നിറയ്ക്കുന്നുണ്ടായിരുന്നു.

ഇനിയും മിണ്ടാതിരുന്നാൽ ഈ നാട്ടുകാരടുത്തു മുഴുവൻ ഞാൻ വൃത്തികെട്ടവളും അവര് നല്ല പിള്ളയുമാകും… അത് വേണ്ട. ഞാൻ എല്ലാം കേട്ടൂന്ന് അറിയട്ടെ. അതോടെ മറ്റുള്ളവരോട് ഇങ്ങനെ ഇല്ലാത്തത് പറയുന്ന പരിപാടി നിർത്തിയാലോ?

മുറിയിൽ കയറി ബാഗ് സ്റ്റഡി ടേബിളിലേക്ക് വച്ച് കട്ടിലിലേക്ക് മലർന്ന് വീണു. കഴിഞ്ഞ ഒൻപത് മാസം കൊണ്ട് ഞാൻ ഇത്ര കണ്ട് മാറിപ്പോയോ? എനിക്ക് തന്നെ അത്ഭുതം തോന്നി.

മുൻപ് വായിൽ വിരലിട്ടാൽ കടിക്കാത്ത ഞാനായിരുന്നു…..!

🦋 🦋 🦋 🦋 🦋

ഒന്ന് മേല് കഴുകി ഡ്രസ്സും മാറ്റിയിട്ട് അടുക്കളയിലേക്ക് ചെന്നപ്പോ അമ്മായി അവിടെ നിൽപ്പുണ്ട്.

” ഞാനേ…. മുകളില് ബീനേടെ കാര്യം പറയുവാരുന്ന് രമയോട്. കാണണത് പോലൊന്നും അല്ലന്നേ…. ചേച്ചി ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞതെ ഉള്ളൂ ഒരു വക വീട്ടില് ചെയ്യൂല്ല. രാവിലെ ജോലിക്കെന്നും പറഞ്ഞു പോയാ മതിയല്ലാ… ബാക്കി പണിയൊക്കെ എങ്ങനെ നടക്കുന്നെന്ന് എന്നൊന്നും അറിയണ്ടല്ലാന്ന്… ”

ഞാൻ കേട്ടെന്ന് മനസ്സിലായത് കൊണ്ടുള്ള ന്യായീകരണമാണ്.

” അതിന് ബീന ചേച്ചീടെ ചേട്ടന്റെ പേര് ഹരി എന്നല്ലല്ലോ? അമ്മ ഇടയ്ക്ക് പറയുന്ന കേട്ടല്ലോ എന്റെ ഹരീടെ വിധിന്ന്…. ”

ഞാനത് ചോദിച്ചപ്പോ ഒരു നിമിഷം അവര് മിണ്ടാനാവാതെ നിന്നു.

” അത്… അത് ഞങ്ങള് വേറൊരു കാര്യം പറഞ്ഞതാ ”
എന്നും പറഞ്ഞ് ഒരു പുളുക്കഥ കൂടി പറഞ്ഞു എന്നോട്. അമ്മായീടെ കയ്യിലാണോ പുളുക്കഥയ്ക്ക് പഞ്ഞം?

അമ്മായി പിന്നെയും നാട്ടുകാര്യം പറയാൻ തുടങ്ങി. ഞാൻ കേട്ടെന്ന് അറിഞ്ഞിട്ടും ഇവർക്കതിന്റെ യാതൊരു ചളിപ്പും ഇല്ലല്ലോ എന്നോർക്കുകയായിരുന്നു ഞാൻ അന്നേരം….

🦋 🦋 🦋 🦋 🦋

പിന്നീട് മീനുവിനെ വിളിച്ചപ്പോ ഞാൻ ഇക്കാര്യം അവളോട് പറഞ്ഞു.

അവര് പറയുന്നതൊക്കെ നീ അറിയാറുണ്ട് എന്ന് എന്തായാലും അവരെ അറിയിക്കണം. ഇങ്ങനെ പോയാൽ ആ നാട്ടില് ഒറ്റ മനുഷ്യര് നിന്റെ മുഖത്ത് നോക്കേണ്ട മിണ്ടേ ചെയ്യില്ലല്ലോ? മറ്റേത് നീ ഇതൊക്കെ അറിയുന്നുണ്ട് എന്നറിഞ്ഞാൽ അവരീ പറച്ചിൽ നിർത്തിയാലോ?

അവളാ പറഞ്ഞത് നേരാണെന്ന് എനിക്കും തോന്നാതല്ല. അതിന് ഒരവസരം കിട്ടണ്ടേ?

അങ്ങനെ അവസരം കാത്തിരുന്നപ്പോഴാണ് ഒരു ഞായറാഴ്ച എന്നേം കൂടി അമ്പലത്തിൽ പോകാനായി അവര് വിളിച്ചത്. കല്യാണം കഴിഞ്ഞ ഇടയ്ക്ക് ഞാനും അവരുടെ ഒപ്പം അമ്പലത്തിൽ പോകാറുണ്ടായിരുന്നതാണ്.

അന്നത്തെ റെക്കോർഡിങ് സംഭവത്തിൽ ഞാൻ അവരുടെ കൂടെ പോകുന്നത് എനിക്ക് ഭക്തി ഉണ്ടായിട്ടല്ല… അവര് ആരെയൊക്കെ കാണുന്നെന്നോ ആരോടൊക്കെ സംസാരിക്കുന്നു എന്നൊക്കെ അറിയാനായിട്ടാണ് എന്ന് പറഞ്ഞു കളഞ്ഞു അവര്. അതോടെ അവരുടെ കൂട്ടത്തിൽ അമ്പലത്തിൽ പോകുന്നത് നിർത്തി. അവര് ആരെയോ കാണട്ടെ…. ആരുടെ കുറ്റമോ പറയട്ടെ…. എന്റെ ഭക്തി അവരെ ബോധിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ?

പിന്നീടുള്ള അമ്പലത്തിൽ പോക്ക് ഹരിയേട്ടനോടൊപ്പം മാത്രമായി. കോളേജിൽ പോയി തുടങ്ങിയതിനു ശേഷം വീട്ടിൽ അങ്ങനെ നിൽക്കാറുമില്ലല്ലോ? അത് കൊണ്ട് നിൽക്കുന്ന ദിവസങ്ങളിൽ അമ്പലത്തിൽ പോകാൻ വിളിക്കുന്നവരോട് എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞു മാറും…. അവര് സമാധാനത്തില് പരദൂഷണം പറഞ്ഞോട്ടെന്നേ… വെറുതെ നമ്മൾ എന്തിനാ?

എന്തായാലും ഇന്ന് അവരുടെ ഒപ്പം പോകാമെന്നു തന്നെ തീരുമാനിച്ചു. അവര് പറയുന്നതൊക്കെയും ഞാൻ അറിയുന്നുണ്ട് എന്നവരെ ബോധ്യപ്പെടുത്തുക തന്നെയായിരുന്നു ഉദ്ദേശം.

🦋 🦋 🦋 🦋 🦋

ബാക്കി പിന്നെ….