17/04/2026

മരുമകൾ : ഭാഗം 07&08

രചന – ഗംഗ ശലഭം

ഡ്രസ്സിങ് റൂമിലേക്ക് ചെല്ലുമ്പോൾ നേരത്തെ കാണാത്ത രണ്ട് പേര് കൂടി അവിടെ ഉണ്ടായിരുന്നു. ഭൂമിയിൽ എത്തിയ അന്യഗ്രഹ ജീവിയെപ്പോലെ ഞാൻ ചുറ്റുമുള്ള മുഖങ്ങളിൽ ഇങ്ങനെ മിഴിച്ചു നോക്കി നിന്നതും രണ്ട് പുതുമുഖങ്ങളിൽ ഒരാൾ വന്നെന്റെ കൈ പിടിച്ചു. നല്ല വെളുത്തുരുണ്ടൊരു കുട്ടി. സിന്ദൂരരേഖ ചുമപ്പിച്ചിട്ടുണ്ട്. അപ്പൊ കല്യാണം കഴിഞ്ഞത് തന്നെ.

സാരിയാണ് വേഷം. അത്യാവശ്യം മോഡേൺ ആണ്. എങ്കിലും ചുണ്ടിൽ നിറയെ ചിരിയാണ്. ചില ഡോക്ടർസിനെ കാണുമ്പോഴേ നമ്മുടെ പകുതി അസുഖം കുറയും എന്ന് പറയില്ലേ? ഏതാണ്ട് അത് പോലെ, ആ ചിരി കണ്ടപ്പോഴേ എന്റെ പകുതി ടെൻഷൻ കുറഞ്ഞു കിട്ടി.

“ദേവൂസേ… ടെൻഷൻ ആണോ?”

ആള് ചിരിയോടെ ചോദിച്ചതും ഞാൻ ഇല്ല എന്ന് തല വെട്ടിച്ചു.

” ഞാൻ മാളവിക. മാളൂന്ന് വിളിക്കും. ഹരിയേട്ടന്റെ പെങ്ങളാ… എന്ന് വച്ചാ കുഞ്ഞമ്മേടെ മോള്.”

ഞാൻ തലയാട്ടി.

“ദേ… ഇത്‌ മറ്റൊരു പെങ്ങൾ….”

ആ കുട്ടി രണ്ടാമത്തെ ആളിനെ ചൂണ്ടിക്കാട്ടി.

ആ ചേച്ചിക്ക് മാളുവിനെക്കാൾ പ്രായം വരും.

” ഞാൻ ബീന. ഹരീടെ വല്യമ്മേടെ മോളാ… ബാങ്കിൽ വർക്ക്‌ ചെയ്യുന്നു. ഞങ്ങൾ രണ്ടാളും ദേവൂന്റെ അയൽക്കാര് കൂടെയാണ്. ”

ആ ചേച്ചിയും ചിരിയോടെ തന്നെ പറഞ്ഞു. ബീനചേച്ചിക്ക് നല്ല പക്വത തോന്നും. മാളൂനെ പോലെ മോഡേൺ ഒന്നും അല്ല ആള്. അവരുടെ കൂട്ടത്തിൽ മേക്കപ്പ് ഇല്ലാതെ കണ്ട ഒരേയൊരാൾ എന്ന് വേണമെങ്കിൽ പറയാം.

എനിക്ക് എന്തോ അവരെ രണ്ടാളെയും ഇഷ്ടമായി. കാരണം അവര് കണ്ണ് കൊണ്ടെന്റെ സ്വർണ്ണം അളന്നില്ല. എന്നെയും…!

അവര് ഹരിയേട്ടന്റെ വീടിന്റെ തൊട്ടടുത്താണത്രേ താമസം. അത് കൂടി കേട്ടപ്പോ സന്തോഷം കൂടി. എന്തായാലും അവിടെ ചെന്നാലും മിണ്ടാനും പറയാനും ആൾക്കാരുണ്ടല്ലോ?

സത്യത്തിൽ മാളുവിന്‌ സാരി ഉടുക്കാനൊന്നും വലിയ വശമില്ല. ബീന ചേച്ചിക്ക് അറിയാം. ഞാൻ സാരി ഉടുക്കും എന്ന് പറഞ്ഞപ്പോ മാളുവിന് അതിശയം. പിന്നെ ഞാൻ സാരി ഉടുത്തു പഠിച്ചതിന്റെ കഥയായി……

മിണ്ടിയും പറഞ്ഞും ഒക്കെ തന്നെയാണ് സാരി മാറിയത്. എനിക്ക് അവരോട് അപരിചിതത്വം ഒന്നും തോന്നിയതേയില്ല.

ഇടയ്ക്ക് ബീന ചേച്ചിയെ തിരക്കി ഒരു കുഞ്ഞിപ്പെണ്ണു വന്നു. നാലോ അഞ്ചോ വയസ്സുണ്ടാവും. ചേച്ചിടെ ഇളയ മോളാണ് ആള്. പൊന്നു.

ബീന ചേച്ചിക്ക് ഒരു മകൻ കൂടിയുണ്ട്. വിഷ്ണു. വിഷ്ണു പ്ലീസ് ടുവിന് പഠിക്കുന്നു. രണ്ടാളുടെയും വീട്ടിലെ പേര് മാത്രേ പറഞ്ഞുള്ളൂ… കൂടുതൽ ഞാൻ ചോദിച്ചും ഇല്ല. സമയം ഉണ്ടല്ലോ? ബീന ചേച്ചിടെ ഭർത്താവും ബാങ്കിൽ തന്നെയാണ്.

മാളൂന് കുഞ്ഞുങ്ങൾ ഇല്ല. വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം ആകുന്നേ ഉള്ളെന്ന് ചോദിക്കാതെ തന്നെ അവൾ പറഞ്ഞു. അവളുടെ ഹസ്ബൻഡ് ഏതോ പ്രൈവറ്റ് ഫേമിലാണ് ജോലി നോക്കുന്നത്. ചെന്നെയിലാണ്. ഇവളും ആളുടെ ഒപ്പമാണത്രേ… അവിടെ അവർക്ക് ഫ്ലാറ്റുണ്ടെന്ന്…

സെറ്റും മുണ്ടും ഉടുക്കുന്നതിനിടയിൽ പറഞ്ഞ വിശേഷങ്ങളാണ് ഇതെല്ലാം.

പൊന്നൂസ് എന്റെ അടുത്ത് വന്ന് ചാഞ്ഞും ചരിഞ്ഞും തൊട്ടും തലോടിയും ഒക്കെ നോക്കുന്നുണ്ട്.

“വെളുത്ത ആൾക്കാരെ ഭയങ്കര ഇഷ്ടമാണ്. അതാണ്‌ ഈ നോട്ടം.”

ബീനചേച്ചി കാര്യം വിശദമാക്കി.

ഞാൻ കുഞ്ഞിന്റെ കവിളിൽ ഒന്ന് തലോടി വിട്ടു. വെളുപ്പിലും കറുപ്പിലും ഒന്നും കാര്യം ഇല്ലെന്ന് അതിന് അറിയില്ലല്ലോ?

എന്റെ അച്ഛൻ നന്നേ വെളുത്തിട്ടാണ്. അമ്മ ഇരുനിറവും. അച്ഛന്റെ മനസ്സിൽ ആരോടും ഒരിറ്റ് സ്നേഹമില്ല. അച്ഛനോടല്ലാതെ… അമ്മയുടെ മനസ്സ് പൂവ് പോലെ മൃദുവും. അവിടെ എല്ലാരോടും സ്നേഹമാണ്. എല്ലാരോടും ദയയുണ്ട്… പുറമെയുള്ള നിറം നോക്കി ഒരാളുടെ ഉള്ളളക്കാൻ ഒക്കുമോ?

” ചേച്ചിക്ക് ഇത്രേം മുടിയാ? മാളുക്കുഞ്ഞയ്ക്ക് ഇത്തിരിയേ ഉള്ളൂ….”

എന്റെ മെടഞ്ഞിട്ട മുടിയുടെ തുമ്പിൽ തൊട്ട് കണ്ണ് വിടർത്തി അതിശയത്തോടെ നോക്കുന്നുണ്ട് പൊന്നൂസ്.

“അത് മുടിയല്ല… തിരുപ്പനാ…”
മാളൂന്റെ അസൂയ വർക്ക്‌ഔട്ടായി. ഞാനത് തിരുത്താനും പോയില്ല.

” പിന്നെ ഇത് ചേച്ചി അല്ല. എന്നെപോലെ നിന്റെ കുഞ്ഞയാ….”

മാളു ആ പറഞ്ഞത് പക്ഷെ പൊന്നൂസിന് ഇഷ്ടപ്പെട്ടില്ല.

” ഹും… ഇത് ചേച്ചി. ഇത് കുഞ്ഞ….”

മാളു എന്തോ തെറ്റി പറഞ്ഞത് പോലെ പൊന്നൂസ് എന്നേം മാളൂനേം വിരൽ കൊണ്ട് കുത്തി പറഞ്ഞു.

” ചേച്ചി ചെറുതല്ലേ? കുഞ്ഞ വലുതല്ലേ? കണ്ടില്ലേ കുഞ്ഞ ഇത്രോം ഒണ്ട്. ചേച്ചി ഇത്രേ ഉള്ളല്ലോ?”

കൈ കൊണ്ട് മാളു വലതാണെന്നും ഞാൻ ചെറുതാണെന്നും ആള് കാണിക്കുന്നുണ്ട്. അതാണ്‌ ഞാൻ ചേച്ചിയും മാളു കുഞ്ഞയും ആയത്. പൊന്നൂസിന്റെ കണ്ണിൽ വണ്ണം കൂടിയ ആൾക്കാർക്ക് പ്രായവും കൂടും എന്ന് തോന്നുന്നു.

പൊന്നു ആ പറഞ്ഞത് എന്തായാലും മാളൂന് ഇഷ്ടപ്പെട്ടില്ല. ഇത്തിരി തടിയുള്ളത് കുറ്റമാണോ? ആർക്കായാലും ഇഷ്ടപ്പെടില്ല.

അവൾ ‘എടീ…..’ എന്ന് നീട്ടി വിളിച്ചതും പൊന്നു റൂമീന്ന് ഇറങ്ങി ഓടി. പിറകെ മാളുവും…

“ചേച്ചി… ഐ ലവ് യൂ… ഉമ്മാ…”

ഓടുന്ന വഴിയിൽ പൊന്നൂസ് എനിക്കൊരു ഫ്ലയിങ് കിസ്സും പറത്തി വിട്ടു. എനിക്കവരുടെ ഓട്ടം കണ്ട് ചിരി വന്നു. ബീന ചേച്ചിയും ചിരിക്കുന്നുണ്ട്.

ഹരിയേട്ടന്റെ അമ്മേടെ മുഖത്ത് പക്ഷെ അനിഷ്ടമാണ്. മാളു പൊന്നൂന്റെ പിറകെ ഓടിയതൊന്നും ആൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു.

“ഇപ്പോഴത്തെ ഓരോ പെൺപിള്ളേര്….”

എന്ന് പിറുപിറുക്കുന്നുമുണ്ട്.
ബീന ചേച്ചി എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

സെറ്റും മുണ്ടും ഉടുത്തു കഴിഞ്ഞതും മാളു പിന്നെയും വന്നു. ആളെന്നെ കണ്ട പാടെ… “സുന്ദരീ…. ആരും കണ്ണ് വയ്ക്കണ്ട. ” എന്നും പറഞ്ഞ് എന്റെ അടുത്ത് വന്ന് കൈ കൊണ്ട് ഉഴിഞ്ഞു തലയിൽ വച്ച് ഞൊട്ടയിട്ടു.

അത്രയ്ക്കൊക്കെ ഉണ്ടോ? ഞാൻ തിരിഞ്ഞ് കണ്ണാടിയിൽ നോക്കി. ശെരി തന്നെ. ഈ സെറ്റും മുണ്ടും ഉടുക്കുമ്പോ എല്ലാ പെൺകുട്ടികൾക്കും ഒരു പ്രത്യേക ഭംഗി ഉണ്ടാവാറില്ലേ? അത് പോലൊരു ഭംഗി. അതിനൊപ്പം ഒരുക്കവും കൂടി ആയപ്പോ കൊള്ളാം….

കൂടുതൽ ചന്തം നോക്കാൻ സമ്മതിച്ചില്ല ക്യാമറ ചേട്ടന്മാര്.

പുറത്തിറങ്ങിയതിതും കണ്ടു… മണ്ഡപതിനടുത്തായി നിൽപ്പുണ്ട് ഹരിയേട്ടൻ. എന്നെ കണ്ടതും ചൂണ്ടു വിരലും തള്ള വിരലും കൂടി ചേർത്ത് നന്നായിട്ടുണ്ട് എന്ന് ആംഗ്യം കാട്ടി. സത്യം പറയാല്ലോ…? എനിക്ക് നാണം വന്നു. ആ സാധനം എന്താണെന്ന് ഞാൻ അറിയുന്നത് ഇപ്പോഴാണ്. മാളു സുന്ദരീ എന്ന് വിളിച്ചപ്പോൾ പോലും ഇല്ലാത്ത ഒരു സുഖം.

” ദേവൂട്ടീ….”

അപ്പോഴേക്കും എന്റെ അമ്മ എവിടുന്നോ ഓടി വന്നു.

“എന്റെ കുട്ടി സുന്ദരി ആയിട്ടുണ്ട്.”

നേരത്തെ പറഞ്ഞ സെയിം ഡയലോഗ്. കണ്ണ് നിറച്ച് കൊണ്ടാണ് പറയുന്നത്. ഞാൻ അമ്മേ ചേർത്ത് പിടിച്ചു ”

“അമ്മേടെ ദേവൂട്ടി അല്ലെ? അതാ… ”
എന്ന് പറഞ്ഞതും കണ്ണീരിനിടയിലും ആള് ചിരിക്കുന്നത് കണ്ടു.

മീനുവിനെ കണ്ണ് കൊണ്ട് തിരഞ്ഞെങ്കിലും കണ്ട് കിട്ടിയില്ല. മധു പിന്നെ ആഹാരം വിളമ്പുന്നിടത്ത് ആരോടോ കത്തി വച്ച് നിൽക്കുന്നത് ഊണ് കഴിക്കാൻ നേരം കണ്ടിരുന്നു.

കൂടുതൽ നേരം അമ്മേടെ അടുത്ത് നിൽക്കാൻ ഫോട്ടോ ചേട്ടന്മാർ സമ്മതിച്ചില്ല.

വീണ്ടും ഫോട്ടോ സെഷൻ തുടങ്ങി. പക്ഷെ ആദ്യം ചേർന്ന് നിന്നപ്പോഴുള്ള ചളിപ്പ് ഇപ്പൊ തോന്നുന്നില്ല. അത് ഫോട്ടോ ചേട്ടന്മാർക്കാണ് ഉപകാരമായത്.

അഞ്ച് മിനിറ്റാകും മുന്നേ അടുത്ത സാരി മാറാനുള്ള വിളി വന്നു… ഹരിയേട്ടന്റെ അമ്മയാണ് വന്നു വിളിച്ചത്. അത് കൊണ്ടാവാം ഒന്നും പറയാതെ ഫോട്ടോഗ്രാഫർസ് അപ്പോഴേ പൊയ്ക്കോളാൻ പറഞ്ഞു.

അമ്മേടെ കൂടെ നടന്നു പോകുമ്പോ ഞാൻ ഓർത്തത് ഈ രണ്ടും മൂന്നും സാരി മാറുന്ന ചടങ്ങിനെക്കുറിച്ചാണ്. എല്ലായിടത്തും എല്ലാം മതങ്ങളിലും ഇങ്ങനെ തന്നെ ആണോ ആവോ? ഈ പ്രായത്തിനിടയിൽ ആകെ പോയിട്ടുള്ളത് മൂന്നോ നാലോ ബന്ധുക്കളുടെ കല്യാണത്തിനാണ്. പിന്നെ എന്റെ കൂട്ടുകാരി ഗായത്രിയുടെ കല്യാണത്തിനും. അതൊക്കെയും ഇതുപോലൊക്കെ തന്നെ ആയിരുന്നു.

ഈ ആണുങ്ങൾക്ക് എന്ത് സുഖമാണ്. ഒരൊറ്റ ഡ്രസ്സ്‌ മതി. കല്യാണപ്പെണ്ണിനോ? ഒന്നാമതെ ഫുൾ പെയിന്റ്… അതിന്റെ കൂടെ കിലോ കണക്കിന് ഓർണമെൻെറസ്…( എന്റെ കാര്യം അല്ല കേട്ടോ )… അതും കൂടാതെ രണ്ടും മൂന്നും സാരി മാറുകയും വേണം.. എന്തൊരു പാടാണ് എന്റപ്പാ…

അടുത്ത സാരി മാറാനും മാളുവും ബീന ചേച്ചിയും തന്നെയാണ് സഹായിച്ചത്. അമ്മായി അടുത്ത് നിന്ന് നിർത്താതെ സാരിയുടെ മാഹാത്മ്യം പറഞ്ഞു കൊണ്ടിരിക്കുന്നു…..

30000 രൂപയാണത്രേ ആ സാരിക്ക്. അത്രയ്ക്കൊക്കെയുണ്ടോ? ഞാൻ എന്നെ ഉടുപ്പിക്കുന്ന സാരി ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഒന്ന് പിടിച്ചു നോക്കി. ആവോ എനിക്കറിയില്ല……

2800 രൂപയായിരുന്നു ഞങ്ങൾ വാങ്ങിയ കല്യാണസാരിക്ക്. ഒരു ദിവസം ഉടുത്തു കളയാനല്ലേ അത്രയും മതിയെന്ന് അച്ഛൻ പറഞ്ഞു. ഞാനും അമ്മയും കൂടുതൽ ഒന്നും പറയാനും പോയില്ല. അതുതന്നെ കൂടിപ്പോയി എന്നാ എന്റെ അച്ഛമ്മ പറഞ്ഞത്. അപ്പോഴാണ് മുപ്പതിനായിരം?!

” മോളുടെ വീട്ടീന്ന് എടുത്ത സാരി കൊള്ളായിരുന്നു കേട്ടോ… നല്ല നിറമായിരുന്നു. അതെത്രയുണ്ട്? പത്ത് വരോ?”

ഹരിയേട്ടന്റെ അമ്മയുടെ ചോദ്യം കേട്ട് എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു.

**********

🦋 മരുമകൾ 🦋 8

ആദ്യം അമ്മായിയുടെ കൂടെ ഡ്രസിങ് റൂമിലേക്ക് വന്നവരൊക്കെ ഇപ്പോഴും ഇവിടെയുണ്ട്. അവരൊക്കെ അച്ഛന്റെ ബന്ധുക്കാരാണത്രേ… ഹൈപ്രൊഫൈൽ ആൾക്കാരാണെന്നാണ് ഹരിയേട്ടന്റെ അമ്മയുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റിയത്. അവരുടെയൊക്കെ മുന്നിൽ വച്ച് ഞാൻ സാരീടെ വില പറഞ്ഞാൽ? ആദ്യം എന്റെ സ്വർണ്ണം കണ്ടപ്പോത്തന്നെ നെറ്റി ചുളിച്ചു പിറുപിറുത്തവരാണ് അതെല്ലാം.

എന്റെ സാരി വില കുറഞ്ഞതാവുമെന്ന് അമ്മയ്ക്ക് അറിയില്ലേ? പിന്നെ എന്തിനാണ് ഈ ചോദ്യം? എന്നെ ഇവരുടെയൊക്കെ മുന്നിൽ നാണം കെടുത്താനോ? എനിക്ക് സങ്കടം വന്നു.

” അതൊക്കെ പിന്നെ ചോദിക്കാം കുഞ്ഞമ്മ… അവൾ അങ്ങോട്ട് തന്നല്ലേ വരുന്നത്? ഇതൊന്ന് ഉടുക്കാൻ സഹായിക്ക്. ഇറങ്ങാൻ നേരമായില്ലേ?”

ബീന ചേച്ചി എന്റെ വിഷമം മനസ്സിലാക്കിയത് പോലെ ചോദിച്ച് കൊണ്ട് ഞൊറിവെടുത്ത മുന്താണി അമ്മായീടെ നേർക്ക് നീട്ടി. “ഞാൻ ചുമ്മാ ചോദിച്ചെന്നേയൊള്ളൂ…” എന്നും പറഞ്ഞ് അമ്മായി അത് വാങ്ങി പിടിച്ചു. കൂടുതൽ സംസാരത്തിന് ഇടക്കൊടുക്കാതെ, ബീന ചേച്ചി പ്ലീറ്റ്സ് നേരെയാക്കുന്നതിനിടയിൽ ഹരിയേട്ടന്റെ അമ്മയോട് എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു കൊണ്ടുനിന്നു.

ബീന ചേച്ചിയോട് ഞാൻ അന്നേരം മനസ്സ് കൊണ്ട് ഒരായിരം നന്ദി പറഞ്ഞു.

സാരി ഉടുത്തു കഴിഞ്ഞതും ഇറങ്ങാൻ നേരമായീന്നും പറഞ്ഞ് അച്ഛൻ വന്നു. അച്ഛനെ ഞാൻ മണ്ഡപത്തിൽ വന്നിട്ട് കാണുന്നത് എന്നെ ഹരിയേട്ടന് കൈ പിടിച്ചു കൊടുത്ത സമയത്താണ്. അത് കഴിഞ്ഞ് ദാ ഇപ്പഴും.

അച്ഛൻ എന്നെ ഒന്ന് നോക്കിയത് പോലുമില്ല. വന്നു പറഞ്ഞിട്ട് ഇറങ്ങി ഒറ്റ പോക്ക്. എനിക്കെന്തോ സങ്കടം വന്നു.

ഡ്രെസ്സിങ് റൂമിൽ നിന്നിറങ്ങി മണ്ഡപത്തിന്റെ സൈഡിലെ സ്റ്റെപ്പ് വഴി ഹാളിൽ എത്തിയതും മധുവും മീനുവും അമ്മയും കൂടി അടുത്ത് വന്നു.

“ഹോ…. അങ്ങനെ ഇന്നത്തോടെ ഈ ശല്യം ഒഴിയും.”

എന്നെ കണ്ട പാടെ മീനു പറഞ്ഞു.

“ശല്യം ആണോടി ഞാൻ നിനക്ക്? ങേ?”

പറഞ്ഞത് തമാശ ആണെന്ന് അറിയാമെങ്കിലും കരയാൻ കാരണം അന്വേഷിച്ചു നിന്നത് പോലെ ഞാൻ അതിൽ പിടിച്ചു….

“എന്തോന്നെടേയ്… കരയാനാ പ്ലാൻ?”

മധു ചോദിച്ചു തീർന്നതും രണ്ട് കൈ കൊണ്ടും രണ്ടിനേം കൂടെ ചുറ്റിപ്പിടിച്ചു കരഞ്ഞു ഞാൻ… മധു എന്തൊക്കെയോ പറഞ്ഞെന്നെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്. മീനു എന്തൊക്കെയോ ചളി പറയുന്നുണ്ട്. അതിന്റെ കൂടെ കരയുന്നുമുണ്ട്. അമ്മയും കരഞ്ഞു തുടങ്ങിയിട്ടുണ്ട്. ആകെ കരച്ചിൽ മയം…

പെട്ടെന്ന് എവിടുന്നോ അച്ഛമ്മ പാഞ്ഞുവന്ന് എന്നെ പിടിച്ചു മാറ്റി.

” പെണ്ണിനെ ഒട്ടി അങ്ങ് നിക്കാണവൻ… ആൾക്കാര് കാണൂന്നെങ്കിലും ഒണ്ടോ? അതെങ്ങനെ അവള് മോശവാ? കല്യാണം കഴിഞ്ഞെന്നൊള്ള വിചാരവെങ്കിലും വേണ്ടേ?”

ഞങ്ങൾക്ക് കേൾക്കാൻ മാത്രം പിറുപിറുക്കുന്നുണ്ടവര്..

മധു നിന്ന് പല്ല് കുടിക്കുന്നുണ്ട്. മീനുവും… കല്യാണമണ്ഡപം ആയോണ്ടാ രണ്ടാളും അടങ്ങി നിൽക്കുന്നത്.

അവരുടെ പറച്ചിൽ കേട്ടതും എന്റെ കരച്ചിലിന് ആക്കം കൂടി. മധു എനിക്കെന്റെ ചേട്ടൻ തന്നെയാ… അവന് ഞാൻ മീനൂനെ പോലെയും… അതെന്താ ഇവർക്ക് മനസ്സിലാവാത്തത്?

ആയമ്മേ സംബന്ധിച്ച് ഒരേ വയറ്റിൽ പിറക്കാതെ അടുത്ത് ഇടപ്പഴകുന്ന സ്ത്രീ പുരുഷന്മാർ ഒക്കെ അവിഹിതം ഉള്ളവരാണത്രേ!

” കല്യാണമണ്ഡപം ആയിപ്പോയി. ഇല്ലേൽ എന്റെ നാക്കിന്റെ നീളം ഇന്ന് തള്ള അറിഞ്ഞേനെ…

എന്റെ ദൈവമേ….
എന്തോരം ഇടീം മിന്നലും നല്ല കായ്ഫലമുള്ള മരങ്ങളിൽ വീണു പോകുന്നു… എന്തോരം ആക്‌സിഡന്റിൽ നല്ല നല്ല മനുഷ്യര് ചത്തു പോകുന്നു…. ഞങ്ങടെ തൊടിയിൽ തന്നെ എന്തോരം തേങ്ങ ചുമ്മാ ചുമ്മാ വീണു പോകുന്നു… എന്തെങ്കിലും ഒരെണ്ണം… ഇത് പോലെ നാക്കിനെല്ലില്ലാത്ത മന്ധരകളുടെ മണ്ടയ്ക്ക് ഒരെണ്ണം ദിശ തിരിച്ചു വിട്ടൂടെ നിനക്ക്? ഇത്രേം പോരെങ്കിൽ എത്ര ഓപ്ഷൻ വേണേലും ഞാൻ തരാം… ഒന്ന് പരിഗണിക്കണെ… പ്ലീസ്….”

മീനു മുകളിലേക്ക് നോക്കി കൈ കൂപ്പി പിറുപിറുക്കുന്നത് കേട്ടപ്പോ കരഞ്ഞു കൊണ്ടിരുന്ന എനിക്ക് പോലും ചിരി വന്നുപോയി.

കണ്ണ് തുടച്ചു തല പൊക്കി നോക്കിയത് കുറച്ചു മാറി നിന്നിരുന്ന ഹരിയേട്ടന്റെ അമ്മയുടെ മുഖത്ത്. അവിടെ വല്ലാത്ത കടുപ്പം. എന്നേം മധുവിനെയും മാറി മാറി നോക്കുന്നു.
അറിയാതെന്റെ നെറ്റി ചുളിഞ്ഞു. മനസ്സിൽ വീണ്ടുമൊരു പോറൽ വീണു.

“നാല് മണി കഴിഞ്ഞു. ഇറങ്ങാൻ നേരമായി.”

അമ്മായീടെ ശബ്ദത്തിനുമുണ്ട് വല്ലാത്ത കനം.

“ഇറങ്ങിക്കോ മക്കളെ…. ഇപ്പൊത്തന്നെ മണി നാല് കഴിഞ്ഞു. നാലരയ്ക്ക് മുൻപ് അങ്ങ് ചെന്ന് കേറാനുള്ളതല്ലേ?”

അമ്മ സങ്കടം കടിച്ചമർത്തുന്നുണ്ട്. ഞാൻ ഒന്നും പറഞ്ഞില്ല. എന്തെങ്കിലും മിണ്ടിപ്പോയാൽ ഞാൻ ഇനിയും കരഞ്ഞു പോകും. അച്ഛൻ കുറച്ചു മാറി നിൽക്കുന്നുണ്ട്. അച്ഛമ്മയും. ആ രണ്ട് മുഖങ്ങളിലും ഒരു തുള്ളി സങ്കടം ഞാൻ കണ്ടില്ല.

അമ്മ പറഞ്ഞത് പോലെ ഞാൻ ഇറങ്ങി…
വിതുമ്പൽ അടക്കി….
കരച്ചിൽ ഒതുക്കി….

കാറിൽ കയറും നേരം തിരിഞ്ഞ് നോക്കിയില്ല. എന്റെ അമ്മയെ ഇനിയും വിഷമിപ്പിക്കല്ലേ എന്നാണ് അന്നേരവും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചത്.

ഹരിയേട്ടനരികിൽ ഇരിക്കുന്നേരം കണ്ണ് നിറഞ്ഞൊഴുകി. കാറിന്റെ സീറ്റിൽ അമർത്തി പിടിച്ചിരുന്ന എന്റെ കൈക്ക് മുകളിൽ ഹരിയേട്ടൻ കൈ ചേർക്കുന്നതറിഞ്ഞു. വിതുമ്പൽ ഒതുക്കി ഇരിക്കുന്നേരം ഒരു വെളുത്ത കർച്ചീഫ് എനിക്ക് നേരെ നീട്ടി. ഒന്നും മിണ്ടാതെ ഞാൻ അത് വാങ്ങി കണ്ണ് തുടച്ചു.

തുടരും