രചന – ഗംഗ ശലഭം
അമ്പലത്തിൽ ചെന്ന് കാറീന്ന് ഇറങ്ങിയപ്പോഴേ കണ്ടു ആൽമരത്തിന്റെ ചോട്ടിൽ ഇരിക്കുന്ന ആളിനെ.
അമ്മമ്മ….!
ഞാൻ അമ്മമ്മേടെ അടുത്തേക്ക് ഓടിച്ചെന്നു.
അമ്മേടെ അച്ഛനും സഹോദരന്മാരും അവരുടെ വീട്ടീന്നും മനസീന്നും അമ്മേ പടിയടച്ചു പിണ്ഡം വച്ചപ്പോ പെട്ടു പോയത് പാവം അമ്മമ്മയാണ്. അപ്പൂപ്പനെ എതിർക്കാനും വയ്യ അമ്മേടെ ഭാഗത്തു നിക്കാനും വയ്യ എന്നുള്ള അവസ്ഥയിൽ ആയിപ്പോയി ആള്.
അപ്പൂപ്പനും മാമന്മാരും മേലാൽ അമ്മേ കണ്ട് പോകരുത് എന്ന് താക്കീത് കൊടുത്തെങ്കിലും അമ്മയെ കാണാതിരിക്കുക എന്നത് അമ്മമ്മയ്ക്ക് അത്ര ഈസി ആയിരുന്നില്ല. മക്കളിലെ ഒരേ ഒരു പെൺതരി ആയിരുന്നില്ലേ? അത്ര മാത്രം സ്നേഹിച്ചിരുന്നു കാണണം…. ഒരുപക്ഷെ ഒരുപാട് സ്നേഹിച്ചു പോയത് കൊണ്ടാവണം അപ്പൂപ്പനും മാന്മാരും അമ്മേ അത്ര മാത്രം വെറുത്തു പോയതും. പക്ഷെ അമ്മമാർക്കത് പറ്റില്ലല്ലോ? ക്ഷമിക്കാനും പൊറുക്കാനുമൊക്കെ അവരോളം വേറെ ആർക്ക് കഴിയും?
അപ്പൂപ്പന്റെ വിലക്ക് ഉള്ളത് കൊണ്ട് ഏതാണ്ട് നാലഞ്ച് വർഷത്തോളം അമ്മേ ശെരിക്കൊന്ന് കാണാനോ സംസാരിക്കാനോ പറ്റാതെ അമ്മമ്മ വിഷമിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവര് തമ്മിൽ ഈ അമ്പലത്തിൽ വച്ച് കാണുന്നത്.
അമ്മ പണ്ട് മുതൽക്കേ ദേവി ഭക്തയാണ്. കല്യാണം കഴിഞ്ഞ ശേഷം അച്ഛന്റെ വീടിനടുത്ത് അമ്പലം ഉണ്ടെന്ന് അറിഞ്ഞപ്പോ മുടങ്ങാതെ ചൊവ്വയും വെള്ളിയും അമ്പലത്തിൽ പോയി തുടങ്ങി അമ്മ. അത് പോലെ ഒരു വെള്ളിയാഴ്ച ഇളയ മാമന് ഏതോ നേർച്ച നടത്താനായി അമ്മൂമ്മയും ഈ അമ്പലത്തിൽ വന്നു. മാമന് വിവാഹം നടക്കാതായപ്പോ ശക്തിയുള്ള ദേവിയാണ്, ഇവിടെ വന്ന് എന്തൊക്കെയോ വഴിപാടുകൾ നടത്തിയാൽ നടക്കുമെന്ന് ആരോ പറഞ്ഞു അത്രേ.
അപ്പൂപ്പനും മാമന്മാർക്കും ദൈവത്തിലൊന്നും വലിയ വിശ്വാസമില്ല. അത് കൊണ്ട് അമ്മൂമ്മ ഡ്രൈവറിന് ഒപ്പമാണ് വന്നത്. അവരുടെ തറവാട്ടിൽ നിന്നും ഏതാണ്ട് അര മണിക്കൂറിൽ അധികം യാത്രയുണ്ട് ഇങ്ങോട്ടേക്ക്.
അന്ന് രണ്ട് പേരും കണ്ടതും കെട്ടിപ്പിടിച്ചു കരഞ്ഞതും പിന്നെ ഇത് രണ്ട് പേരുടെയും സ്ഥിരം മീറ്റിംഗ് പ്ളേസ് ആയതും ഒക്കെ അമ്മ ഇന്നും ഇടയ്ക്കിടെ പറയും. ‘ എല്ലാരും പറയണത് പോലെ ശക്തിയുള്ള ദേവി തന്നാ… അതല്ലേ എനിക്ക് എന്റെ അമ്മേ പിന്നേം കാണാനൊത്തത്?’ ചിരിയോടെ അമ്മ പറയാറുള്ളത് എന്റെ ഓർമ്മയിൽ തെളിഞ്ഞു.
സ്കൂളിൽ ഒന്നും പോകണ്ടാത്ത ദിവസങ്ങളിൽ അവരുടെ കൂടിക്കാഴ്ചകളിൽ മൂന്നാമനായി ഞാനും കാണും. പിന്നെ ഡ്രൈവർ കേശവൻ മാമനും. മാമൻ അമ്മമ്മേടെ ഒരു അകന്ന ബന്ധു കൂടിയാണ്. അമ്മേടെ ബന്ധുക്കാരിൽ അമ്മയോട് ഇപ്പോഴും സ്നേഹം സൂക്ഷിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ എന്നും പറയാം.
” അമ്മമ്മേടെ ചക്കര വന്നോ? എത്ര നേരമായി കാത്തിരിക്കുവാണെന്ന് അറിയാമോ?”
എന്നെ കണ്ട പാടെ അമ്മമ്മ ചിരിയോടെ എഴുന്നേറ്റു.
ഞാൻ ഓടിച്ചെന്ന് അമ്മമ്മയെ കെട്ടിപ്പിടിച്ചു. അമ്മമ്മയും എന്നെ ചേർത്ത് പിടിച്ചു.
ഞാൻ ആലോചിക്കുകയായിരുന്നു. അരികിലുള്ള അച്ഛമ്മയ്ക്ക് എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ…. ഉള്ളിൽ കടലോളം സ്നേഹമുള്ള അമ്മമ്മയാകട്ടെ അതൊന്ന് നേരാംവണ്ണം പ്രകടിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലും. സ്നേഹം കൊതിക്കുന്നർക്ക് നീയത് കൊടുക്കാത്തതെന്താണ് ദൈവമേ? സ്നേഹം കൊടുക്കാൻ ആശയുള്ളവർക്ക് ആണേൽ അതിന് അവസരവും കൊടുക്കുന്നില്ല. ഇക്കാര്യത്തിൽ ഈ ദൈവത്തിന്റെ ഇക്യുവേഷൻസ് എനിക്ക് മനസ്സിലാകുന്നേയില്ല….!
“ലീല വന്നില്ല അല്ലെ?”
അമ്മമ്മ ചോദിച്ചതിന് അടുത്തേക്ക് വന്ന മീനുവാണ് മറുപടി പറഞ്ഞത്.
” അയ്യോ… മാമി അവിടെ തിരക്കോ തിരക്കാണ്. അല്ല അമ്മൂമ്മേ… മാമിക്ക് വല്ലോം കൊടുക്കാൻ ആണേൽ എന്റെൽ തന്നാ മതി ഞാൻ കൃത്യമായിട്ട് കൊടുത്തേക്കാം.”
അവള് വായിലെ പല്ല് മുഴുവൻ കാട്ടി ഒരു ചിരി.
പിന്നെ അവരായി സംസാരം. അവര് തമ്മിൽ കുറച്ചു തവണയേ കണ്ടിട്ടുള്ളൂ എങ്കിലും ‘ ഞങ്ങൾ കൂടെപിറക്കാതെ പോയ അളിയന്മാരാണ് ‘ എന്നാണ് മീനുവിന്റെ ഭാഷ്യം. ഞാൻ അധികം സംസാരിക്കുന്ന കൂട്ടത്തിൽ അല്ല. മധുവും എന്നെപോലെ തന്നെ. മീനുവും അമ്മമ്മയും അക്കാര്യത്തിൽ ഒരേ റേഞ്ച് ആണ്.
അപ്പോഴേക്കും കാർ പാർക്ക് ചെയ്തു മധുവും വന്നു.
” അമ്മൂമ്മക്കിളി വാ… നമുക്ക് തൊഴുതിട്ട് വന്നു ബാക്കി കത്തി വയ്ക്കാം….”
മീനു അമ്മമ്മേടെ കൈ പിടിച്ച് അവളുടെ കൈമുട്ടിന് ഇടയിൽ വച്ച് വലിച്ചു.
” അമ്പലം കത്തിക്കാനാ ഈ പോണത്?”
മധുവിന് സംശയം….
” പോ ചെറുക്കാ… കത്തിക്കാം എന്നല്ല. കത്തി വയ്ക്കാന്നാ പറഞ്ഞത്. ചെവിയും കേട്ടൂടാ കണ്ണും കണ്ടൂടാ… പൊട്ടൻ…!”
മീനു അവനെ നോക്കി കണ്ണുരുട്ടി.
“ഞാൻ തൊഴുതു കഴിഞ്ഞതാ… ദേവൂനെ കാത്തിരുന്നതാ…”
അമ്മമ്മ ചിരിയോടെ പറഞ്ഞു.
” ഓഹ്… നോ…! ഇനീപ്പോ പ്രദക്ഷിണം വയ്ക്കുമ്പോ ഞാൻ ആരോട് വർത്തമാനം പറയും? ഇവളും ഇവനും ആണേൽ അമ്പലത്തിൽ വന്നാൽ പിന്നെ പ്രാർഥനയോട് പ്രാർത്ഥനയാണ്. കമാന്ന് മിണ്ടില്ല. എനിക്ക് ബോറടിക്കും അമ്മൂസേ…. നമുക്ക് ഒന്നൂടെ അമ്പോറ്റിയെ സോപ്പിടാന്നെ… വാ…”
അവൾ പിന്നേം അമ്മമ്മേടെ കൈ പിടിച്ച് വലിച്ചു.
” മീനൂട്ടിയെ… നിന്നെ ഞാൻ കൊണ്ടോയിക്കോട്ടെ?”
അമ്മമ്മയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ മീനു സംശയ ദൃഷ്ടിയോടെ അമ്മമ്മേ നോക്കി. കൂടെ ഞാനും മധുവും.
” എന്റെ കണ്ണനെക്കൊണ്ട് നിന്നെ കെട്ടിക്കാം. എന്തായാലും ദേവൂട്ടിടേത് ആയില്ലേ? ഇനീപ്പോ അടുത്ത് നീയല്ലേ?”
അമ്മമ്മ അവളെ നോക്കി കണ്ണിറുക്കി.
” ഓഹോഹോ… വിവാഹലോചന…! ജസ്റ്റ് എ മിനുട്ട് ഞാൻ ഒന്ന് നാണിച്ചോട്ടെ…. ”
അവള് കണ്ണൊക്കെ ചിമ്മി കാണിച്ച് മുഖം കുനിച്ച് കാലു കൊണ്ട് കളം വരയ്ക്കുന്നു. ഞാനും മധുവും പരസ്പരം നോക്കി വായ പൊത്തി ചിരിച്ചു.
” അല്ല… ഈ കണ്ണൻ ആരാ? കാണാൻ എങ്ങനെയാ? ജോലി എന്താ? സാമ്പത്തികം ഒക്കെ ഉള്ള കൂട്ടത്തിൽ ആണോ?”
കളം വരപ്പ് നിരത്തി പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് അമ്മമ്മ പോലും അന്തിച്ചു നോക്കുന്നുണ്ട്.
” കണ്ണൻ എന്റെ ചെറുമോൻ. കാണാൻ സൂപ്പറാ… നല്ല ജോലി. അഞ്ചക്ക ശമ്പളം. നല്ല സാമ്പത്തികം. എന്തെ നോക്കുന്നോ?”
ആദ്യത്തെ ഞെട്ടൽ മാറിയപ്പോ അമ്മമ്മയും അവളെ നോക്കി കണ്ണിറുക്കി.
“എന്നാ എനിക്ക് ഒരു അര സമ്മതം.”
“ബാക്കി അര എവിടെ പോയി?”
അമ്മമ്മ താടിക്ക് കൈ കൊടുത്തു.
” അതിന് ആദ്യം ആ ‘കിണ്ണം കട്ട കണ്ണന്റെ’ പോട്ടം എനിക്ക് ഒന്ന് കാണണം. വാട്സ്ആപ്പ് ചെയ്തേരെ….. കൂടെ ഫോൺ നമ്പറും….. ആദ്യം ഒരു വീഡിയോ കാൾ വഴി കണ്ട് ഒരു ഇന്റർവ്യൂ ഒക്കെ നടത്തി നോക്കട്ടെ. എന്നിട്ട് ആലോചിക്കാം…”
അമ്മമ്മ ചിരി കടിച്ച് പിടിച്ചു നിൽക്കുന്നുണ്ട്.
” ബൈ ദുഫായ്… പോട്ടം അയക്കാൻ എന്റെ മൊബൈൽ നമ്പർ വേണ്ടേ? മൈ മോഫീൽ നമ്പർ ഈസ്….”
എന്നും പറഞ്ഞു ഏതോ ഫിലിമില് മോഹൻലാൽ പറയുന്നത് പോലെ ഏതൊക്കെയോ നമ്പർ വിളിച്ചു പറയുന്നുണ്ടവൾ…
” എടിയേ… മതി… മതി.. അമ്പലമുറ്റം ആണ്…. പിന്നെ ഈ പെണ്ണിന്റെ കല്യാണോം. അതൊന്ന് ഓർത്താൽ നല്ലത്.”
മധു അവളെ നോക്കി തൊഴുതു കാണിച്ചു. ഞാനും അമ്മമ്മയും കൂടി ചിരി തുടങ്ങി. എന്നെ അതുവരെ വീർപ്പുമുട്ടിച്ച ടെൻഷന്റെ ഭാരം വല്ലാതെ കുറഞ്ഞത് പോലെ…..
അവളും അമ്മമ്മയും ചേർന്ന് ഈ കാട്ടിക്കൂട്ടിയതൊക്കെയും അതിന് വേണ്ടി തന്നെയാണെന്ന് എനിക്ക് നന്നായറിയാം.
” ഈ ചിരി കാണാതെ മങ്ങിയ മുഖവും കണ്ടോണ്ട് അമ്മമ്മ എങ്ങനെ പോവാനാ?”
അമ്മമ്മ ചിരിച്ചു നിൽക്കുന്ന എന്നെ ഒന്നൂടെ ചേർത്ത് നിർത്തി.
***********
അഭിപ്രായം പറയണേ…

by