രചന – ഗംഗ ശലഭം
ഹരിയേട്ടനരികിൽ ഇരിക്കുന്നേരം കണ്ണ് നിറഞ്ഞൊഴുകി. കാറിന്റെ സീറ്റിൽ അമർത്തി പിടിച്ചിരുന്ന എന്റെ കൈക്ക് മുകളിൽ ഹരിയേട്ടൻ കൈ ചേർക്കുന്നതറിഞ്ഞു. വിതുമ്പൽ ഒതുക്കി ഇരിക്കുന്നേരം ഒരു വെളുത്ത കർച്ചീഫ് എനിക്ക് നേരെ നീട്ടി. ഒന്നും മിണ്ടാതെ ഞാൻ അത് വാങ്ങി കണ്ണ് തുടച്ചു.
ആരതിയൊരുക്കാൻ മാളൂന്റെ അമ്മയൊക്കെ നേരത്തെ പോയിരുന്നു.
ഹരിയേട്ടന്റെ അമ്മയും ഞങ്ങൾ ഇറങ്ങുന്നതിനു കുറച്ചു മുന്നേ പോയി.
മെയിൻ റോഡിൽ നിന്നും ഒരു ഇടവഴി കയറി മറ്റൊരു ഇടവഴിക്ക് മുന്നിൽ ഞങ്ങളുടെ കാർ വന്നു നിന്നു. ഞാൻ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. ഒരു കുത്തിറക്കമാണ്. ഓട്ടോ പോകും. വഴി സിമന്റ് ഇട്ടിട്ടുണ്ട്.
“ഇനി കാർ പോവില്ല. ഇറങ്ങിക്കോ….”
ഹരിയേട്ടൻ പറഞ്ഞിട്ട് കയ്യെത്തിച്ച് കാറിന്റെ ഡോർ ലോക്ക് മാറ്റിത്തന്നു.
ഞാൻ പതിയെ വഴിയിലേക്ക് ഇറങ്ങി നിന്നു.
തികച്ചും അപരിചിതമായൊരു സ്ഥലം. ഇനി മുതൽ പരിചിതമാകാൻ പോകുന്ന ഒന്ന്…..
ഹരിയേട്ടനും ഇറങ്ങി വന്നു.
അപ്പൊ കാറ്?
ചോദിച്ചില്ല. ഞാൻ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ ഹരിയേട്ടന് മനസ്സിലായിട്ടുണ്ടാകണം.
“അതു രാജേഷിന്റെ കാറാണ്. അവൻ വീട്ടിൽ പോയിട്ട് വരും. നമുക്ക് റിസപ്ഷന് പോണ്ടേ?”
രാജേഷ് ഹരിയേട്ടന്റെ കൂട്ടുകാരനും നാട്ടുകാരനുമൊക്കെയാണ്. ആളെക്കുറിച്ച് ഹരിയേട്ടൻ എന്നോട് എപ്പോഴോ പറഞ്ഞിട്ടുണ്ട്.
കാറിൽ വച്ച് ആളെന്നോട് എന്തൊക്കെയോ ചോദിച്ചിരുന്നത് ഞാൻ ഓർത്തു. അപ്പോഴത്തെ ടെൻഷനിൽ ഞാൻ എന്തൊക്കെയാണാവോ മറുപടി കൊടുത്തത്?
ഈ കാറിലാണ് ഹരിയേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നത്. അന്നും ഈ രാജേഷ് കൂടെയുണ്ടായിരുന്നു.
അന്ന് ഈ കാർ കണ്ടിട്ട് മധു പറഞ്ഞത് എന്താണെന്ന് അറിയാമോ…?
“ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ കാറാണ്. നിനക്ക് കോളടിച്ചെടി. നമ്മുടെ ഹരി സാർ ഹൈ ലെവൽ പാർട്ടി ആണെന്നാ തോന്നുന്നത്. എന്നാപ്പിന്നെ നിനക്കവിടെ പ്രിൻസസ്സ് ആയിട്ട് വാഴാടി” എന്ന്….
അന്നവൻ ആ കാറിന്റെ പേരും പറഞ്ഞിരുന്നു…. എന്താണോ എന്തോ? ഞാൻ മറന്നു പോയി. എനിക്ക് ഈ കാറുകളെക്കുറിച്ചൊന്നും തീരെ ധാരണയില്ല
പിന്നെ ആഡംബരത്തിൽ ഒന്നും അന്നും ഇന്നും എനിക്ക് കമ്പം തോന്നീട്ടില്ല. അത് കൊണ്ട് മറ്റൊരാളിന്റെ കാറാണെന്ന് അറിഞ്ഞിട്ടും പ്രത്യേകിച്ചൊന്നും തോന്നിയില്ല.
“വാ…”
ഹരിയേട്ടൻ സ്വാതന്ത്ര്യത്തോടെ എന്റെ കൈപിടിച്ചു. ആദ്യം എനിക്കൊരു ചമ്മൽ തോന്നിയെങ്കിലും പിന്നെ ആളിന്റെ ഒപ്പം ഞാനും നടന്നു. ഹരിയേട്ടന്റെ അച്ഛനും മാളുവിന്റെ അച്ഛനും ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്.
ഒരു കുത്തിറക്കമാണ്. അതിന്റെ താഴെ പഴയ ഒരു ഓട് പാകിയ വീട്. ഞങ്ങളുടെ വീടിനെക്കാളും പഴക്കം പറയും. മുൻവശത്തെ രണ്ടു മുറികൾ ടെറസാണെന്ന് തോന്നുന്നു. അത് ചിലപ്പോൾ കല്യാണം പ്രമാണിച്ച് ചെയ്തതാകണം.
വലിയ പണക്കാരുടെ അടുത്തേയ്ക്ക് എന്നെ പറഞ്ഞു വിടുന്നു എന്ന ഭാവത്തിലുള്ള അച്ഛന്റെ സംസാരം ഒക്കെ കേട്ടപ്പോ ഞാൻ ഒരു കൊട്ടാരം പോലുള്ള വീടാണ് പ്രതീക്ഷിച്ചത്. അപ്പൊ മുതൽ വല്ലാത്തൊരു അപകർഷതാ ബോധം എന്നെ പിടികൂടിയിരുന്നു. എനിക്ക് അർഹത ഇല്ലാത്തത് എന്തോ എന്നെ അടിച്ചേൽപ്പിക്കുന്നത് പോലെ…
ഇപ്പൊ…. ഈ വീട് കണ്ടപ്പോ… ഈ പരിസരം കണ്ടപ്പോ… ആ കാർ ഹരിയേട്ടന്റേത് അല്ല എന്ന് കേട്ടപ്പോ…
എന്തോ…. വല്ലാത്ത ഒരാശ്വാസം….
ടൗണിൽ ആണെങ്കിലും ബഹളങ്ങളിൽ നിന്നൊക്കെ മാറി ഒതുങ്ങിയ ഒരിടം. ശരിക്കും നമ്മുടെ നാട്ടിൻപുറം പോലൊക്കെ തൊന്നും. എന്തായാലും എനിക്ക് ഇവിടെ ഇഷ്ടമായി.
വീടിനു മുന്നിൽ എത്തിയതും ഹരിയേട്ടന്റെ അമ്മ ആരതി ഉഴിഞ്ഞു നിലവിളക്കും തന്നെന്നെ അകത്തേയ്ക്ക് കയറ്റി. അമ്മയുടെ മുഖത്ത് അല്പവും നീരസം കണ്ടില്ല.
പൂജാമുറിയിൽ വിളക്ക് കൊണ്ട് വൈയ്ക്കുന്നേരം ഞാൻ അവിടെ ആകെയൊന്ന് കണ്ണോടിച്ചു. ചുമരിൽ ഒരു ‘ആൾ ദൈവ’ത്തിന്റെ വലിയ ചിത്രം.
അതു കണ്ടപാടേ എന്റെ നെറ്റി ചുളിഞ്ഞു.
എനിക്ക് ഇത്തരക്കാരിൽ വിശ്വാസമോ അവിശ്വാസമോ ഒന്നുമില്ല. ഞാൻ അങ്ങനെ ഉള്ളവരെ ആരാധിക്കാറില്ലെങ്കിലും ആരാധിക്കുന്നവരോട് വിരോധവുമില്ല. അതൊക്കെ ഓരോരുത്തരുടെ വിശ്വാസം അല്ലെ?
പക്ഷെ, അവരുടെ ചിത്രം എന്തിനാണ് പൂജാറൂമിൽ ദൈവങ്ങൾക്കൊപ്പം വയ്ക്കുന്നത്? അതു മാത്രം എനിക്ക് ദഹിച്ചില്ല. ഇനിയും എന്തൊക്കെ ദഹിക്കായ്കകൾ ഉണ്ടാകാൻ കിടക്കുന്നു എന്നോർത്തപ്പോൾ ഞാൻ ഒന്ന് നെടുവീർപ്പിട്ടു.
പൂജാ മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴേ അമ്മ എന്നെ സിറ്റൗട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. തുറന്ന സിറ്റൗട്ട് അല്ല. സിറ്റൗട്ട് കം ഹാൾ എന്നൊക്കെ പറയാം. അവിടെ ഇരുന്നാണ് ഞാനും ഹരിയേട്ടനും പാലും പഴവും കഴിച്ചത്. എന്തൊക്കെ ചടങ്ങുകളാണ്…..
അതു കഴിഞ്ഞു അമ്മ തന്നെ മുറിയിലേക്ക് കൊണ്ട് പോയി. ഇപ്പൊ പണിത മുറിയാണെന്ന് കണ്ടാൾത്തന്നെ അറിയാം. നല്ല വലിപ്പത്തിൽ അടുക്കും ചിട്ടയുമുള്ള മുറി.
” അഞ്ചരയ്ക്കാണ് റിസപ്ഷൻ തുടങ്ങുന്നത്.
ഇപ്പൊത്തന്നെ നാല് നാല്പതായി. കുളിക്കാനൊന്നും നിക്കണ്ട. ഈ സാരി മാറ്റി പുതിയ സാരി ഉടുക്കണം. ആ പടർന്ന കരിയൊക്കെ ഒന്ന് തുടച്ചു ശരിയാക്കണം… മുടിയൊന്നും മാറ്റണ്ട. കരിഞ്ഞ പൂവ് മാറ്റി വേറെ വച്ചാൽ മതി. നമുക്ക് അഞ്ചേ കാലിനെങ്കിലും ഇറങ്ങണ്ടേ?”
റൂമിലേക്ക് എന്റെ ഒപ്പം വന്ന മാളുവിനും മാളുവിന്റെ അമ്മയ്ക്കും നിർദേശങ്ങൾ കൊടുക്കുകയാണ് അമ്മായി.
“ഈ മുടി കൂടി ഒന്ന് അഴിച്ചു കെട്ടണം…”
എവിടെയൊക്കെയോ ഹെയർ പിന്നുകൾ കുത്തിക്കയറുന്നുണ്ട്. നല്ല വേദന. എനിക്കിതൊക്കെ ഒന്ന് അഴിച്ചു മാറ്റിയാൽ മതിയെന്നാണ്.
“അതിനൊന്നും നേരമില്ല മോളെ. കുറച്ചു നേരത്തെ കാര്യമല്ലെയുള്ളൂ….”
അതും പറഞ്ഞു അമ്മായി പുറത്തേക്കിറങ്ങി ഒറ്റ പോക്ക്…
” ബെസ്റ്റ്. എല്ലാം ഇങ്ങോട്ടെ പറയൂ…. റേഡിയോയ? പതിനെട്ടാം നൂറ്റാണ്ടീന്ന് ഇത് വരെ വണ്ടി കിട്ടീട്ടില്ല.”
മാളു കുഞ്ഞമ്മേടെ ചെവിയിൽ പറഞ്ഞതാണെങ്കിലും അവൾക്കടുത്തു നിന്ന ഞാനത് വ്യക്തമായി കേട്ടു.
മൂത്രമൊഴിക്കാൻ ബാത്ത്റൂമിൽ കയറിയപ്പോ ഞാൻ മുഖം കൂടി കഴുകി. അമ്മായി വേണ്ടാന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ ഉണങ്ങിപ്പിടിച്ച കണ്ണീരും വിയർപ്പും ഒക്കേം കൂടി ആകെ വല്ലാതായിരുന്നു. മുഖം കഴുകിയപ്പോ ഇത്തിരി ഒരാശ്വാസം കിട്ടി.
പിന്നീട് എല്ലാം ശടപടേന്ന് ആയിരുന്നു. ആഭരണങ്ങൾ പോലും ഊരി മാറ്റാതെയാണ് ബ്ലൗസ് ഇട്ടതും സാരി ഉടുത്തതും ഒക്കെ…. അധികം ആഭരണം ഒന്നും ഇല്ലാത്തത് കൊള്ളാം.
മുടിയും അഴിച്ചു കെട്ടിയില്ല. ഉണങ്ങിയ പൂവ് മാറ്റി പുതിയത് ചൂടി. മുൻഭാഗം ചീപ്പ് കൊണ്ട് ശരിയാക്കി. കണ്ണെഴുതി… പൊട്ട് പോലും മാറ്റിയില്ല. മാറ്റി വയ്ക്കാൻ വേറെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ സമയം 5. 40. പിന്നെയും തിരക്കുകളിലേക്ക്…
നിന്നും ഇരുന്നും കാലു കഴച്ചു. അതിന്റെ കൂടെ തലവേദനയും.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും ഒക്കെ വന്നു. മധുവും മീനുവും വന്നപ്പോൾ അച്ഛമ്മയും അവർക്ക് പിറകെ കയറി വന്നു. മധു എന്റെ അടുത്തേയ്ക്ക് വന്നതും അവനെ പിടിച്ചു മാറ്റി ആയമ്മ ഇടയ്ക്ക് കയറി നിന്ന് കളഞ്ഞു. എന്നിട്ട് അവനെ നോക്കി കണ്ണുരുട്ടി കാണിക്കേം ചെയ്തു. ഇനി കല്യാണമണ്ഡപത്തിലെ സീൻ ഇവിടെ എങ്ങാനും ആവർത്തിച്ചാലോ എന്ന് പേടിച്ചിട്ടാണ്…
അമ്മയും കയറി വന്നു. ചിരിച്ചിട്ടാണ് വരുന്നത്. ഞാനും നിറഞ്ഞു ചിരിച്ചു. അപ്പോഴേക്കും അമ്മായി ഒരു വലിയ ഗ്ലാസ്സിൽ എന്തോ ജ്യൂസുമായിട്ട് വന്നു.
“കുടിക്ക് മോളെ….
ആകെ വല്ലാതായി കുഞ്ഞ്.”
എന്റെ തലയിലൊക്കെ തലോടി ആ ജ്യൂസ് ഗ്ലാസ്സ് എന്റെ കയ്യിൽ പിടിപ്പിച്ചു. ഹരിയേട്ടൻ കുറച്ചു മാറി ആരോടോ സംസാരിച്ചു നിൽക്കുകയാണ്.
“കുടിക്ക്…”
അടുത്ത് നിന്ന് അവരതെന്നെ കുടിപ്പിച്ചു.
ഞാൻ എന്റെ അമ്മേടെ മുഖത്തേക്ക് നോക്കി. അവിടെ സൂര്യൻ ഉദിച്ചത് പോലുണ്ട്…
🦋 മരുമകൾ 🦋 10
അമ്മയും കയറി വന്നു. ചിരിച്ചിട്ടാണ് വരുന്നത്. ഞാനും നിറഞ്ഞു ചിരിച്ചു. അപ്പോഴേക്കും അമ്മായി ഒരു വലിയ ഗ്ലാസ്സിൽ എന്തോ ജ്യൂസുമായിട്ട് വന്നു.
“കുടിക്ക് മോളെ….
ആകെ വല്ലാതായി കുഞ്ഞ്.”
എന്റെ തലയിലൊക്കെ തലോടി ആ ജ്യൂസ് ഗ്ലാസ്സ് എന്റെ കയ്യിൽ പിടിപ്പിച്ചു. ഹരിയേട്ടൻ കുറച്ചു മാറി ആരോടോ സംസാരിച്ചു നിൽക്കുകയാണ്.
“കുടിക്ക്…”
അടുത്ത് നിന്ന് അവരതെന്നെ കുടിപ്പിച്ചു.
ഞാൻ എന്റെ അമ്മേടെ മുഖത്തേക്ക് നോക്കി. അവിടെ സൂര്യൻ ഉദിച്ചത് പോലുണ്ട്…
അമ്മയൊക്കെ പോയിക്കഴിഞ്ഞപ്പോൾ പിന്നെയും വല്ലാത്തൊരു ശൂന്യത എന്നെ വന്ന് മൂടി. അച്ഛനെയും അച്ഛമ്മയെയും ഞാൻ മിസ്സ് ചെയ്യില്ല എന്ന് ഉറപ്പാണ്. പക്ഷേ അമ്മയെയും മീനുവിനെയും മധുവിനെയും അങ്ങനെയല്ല.
പോകുന്നേരം മീനു വന്നതിനെ കെട്ടിപ്പിടിച്ചു. മധു മാറി നിന്നതേയുള്ളൂ… അച്ഛമ്മയെ പേടിച്ചാണോ. അതോ ഹരിയേട്ടന്റെ അമ്മയെ പേടിച്ചോ? ആവോ ..?
ഇടയ്ക്ക് ഹരിയേട്ടന്റെ അമ്മ വന്ന് കഴിക്കാനായിട്ട് വിളിച്ചു കൊണ്ടുപോയി. ഹരിയേട്ടന്റെ അച്ഛനും അമ്മയും ഒക്കെ ഞങ്ങൾക്ക് ഒപ്പം തന്നെയാണ് കഴിക്കാൻ ഇരുന്നത്. എന്തൊക്കയോ വിഭവങ്ങൾ ഉണ്ടായിരുന്നു. എനിക്ക് ഒന്നും ഇറങ്ങിയില്ല. ക്ഷീണം കൊണ്ടാണോ വിശപ്പൊക്കെ കെട്ട് പോയി.
റിസപ്ഷൻ ഒക്കെ കഴിഞ്ഞു തിരികെ എത്തിയപ്പോ ഒൻപതരയോളം ആയിരുന്നു. മാളുവും കൂടെ വന്നു. സാരിയും ആഭരണവും മുടിയിൽ ഉണ്ടായിരുന്ന വച്ച്കെട്ടും ഒക്കെ അഴിച്ചു മാറ്റാൻ അവളാണ് സഹായിച്ചത്.
“ദേവൂന് ശരിക്കും ഇത്രേം മുടിയുണ്ടായിരുന്നു അല്ലെ?”
എന്റെ നീണ്ട മുടിയിൽ പിടിച്ചു മാളു അത്ഭുതം കൂറി. ഞാൻ ചുമ്മാ ചിരിച്ചതേയുള്ളൂ. ഞാൻ കുളിക്കാൻ കേറിയതും അവൾ ഗുഡ് നൈറ്റും പറഞ്ഞു പോയി. ഹരിയേട്ടന്റെ വീട്ടിലെ കേറ്റം കേറി ചെല്ലുന്നത് അവളുടെ വീടിരിക്കുന്നിടത്തേയ്ക്കാണ്..
കുളിച്ചിറങ്ങിയപ്പോ എനിക്ക് ശരിക്കും സ്വർഗ്ഗം കിട്ടിയ പോലെ ആയിരുന്നു.
മറുവീട് കാണാൻ അമ്മയൊക്കെ ആദ്യം ഇങ്ങോട്ടാണ് വന്നതത്രേ. വീട്ടിൽ വന്നിട്ടല്ലേ ഓഡിറ്റോറിയത്തിൽ വരുള്ളൂ. അവരിവിടെ വരും മുന്നേ, അവിടെ ഏതൊക്കെയോ വി ഐ പി കൾ കാത്ത് നിൽക്കുന്നു എന്നും പറഞ്ഞു ഹരിയേട്ടന്റെ അമ്മ ഞങ്ങളെ ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞു വിട്ടിരുന്നു. അത് കൊണ്ട് അവരിവിടെ വന്നതൊന്നും ഞങ്ങൾ അറിഞ്ഞില്ല.
അമ്മയൊക്കെ വന്നപ്പോ കൊണ്ട് വന്ന എന്റെ പഴയ കുറച്ചു തുണികൾ അടങ്ങിയ ബാഗ് മുറിയിൽ വച്ചിരുന്നു. ഞാൻ അത് തുറന്ന് നോക്കി. ആദ്യം തന്നെ മൊബൈൽ കണ്ണിൽപ്പെട്ടു. അതെടുത്തു ബെഡിൽ വച്ചിട്ട് പഴയ ഒരു ചുരിദാർ എടുത്തിട്ടു. എന്നിട്ട് അമ്മേ വിളിച്ചു സംസാരിച്ചു.
അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു. ഹരിയേട്ടനാണ്. ആളിനും കുളിക്കണമല്ലോ? ഞാൻ പുറത്തിറങ്ങി അടുക്കളയിലേക്ക് ചെന്നു.
അവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ല. ഹരിയേട്ടന്റെ അമ്മ കട്ടൻ ഇടുന്നു.
“ഹരിക്ക് തലവേദന ആണെന്ന്. കട്ടൻ വേണമെന്ന് പറഞ്ഞു.”
എന്നെ കണ്ടതും അമ്മ പറഞ്ഞു.
“ഞാൻ ചെയ്യണോ അമ്മേ?”
പേടിച്ചാണ് ചോദിച്ചത്. ഇഷ്ടമാകുമോ എന്നറിയില്ലല്ലോ?
“വേണ്ട. വേണ്ട. ഞാൻ ഇടുന്നതേ ഇവിടെ എല്ലാർക്കും പിടിക്കൂ…മോളവിടെ ഇരുന്നോ…”
ഞാൻ ഇരിക്കാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.
കുറച്ചു കഴിഞ്ഞതും ഹരിയേട്ടൻ വന്നു.
അമ്മ ഞങ്ങൾക്ക് രണ്ടാൾക്കും കട്ടൻ ഗ്ലാസ്സിൽ പകർന്ന് തന്നു.
“കേറി ഇരിക്കരുത്. പെട്ടെന്ന് കിടന്നേക്കണം. ആ കൊച്ചിന് നല്ല ക്ഷീണം കാണും.”
ഹരിയേട്ടനോടാണ്. ആളെന്നെ നോക്കി കണ്ണ് ചിമ്മി.
“ചുമ്മാ….”
എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു ശബ്ദം താഴ്ത്തി പറഞ്ഞു.
“പോയി കിടന്നോ രണ്ടും.”
ഞാൻ ഞങ്ങളുടെ രണ്ടാളുടെയും ഗ്ലാസ് കഴുകി വച്ച് കഴിഞ്ഞതും അമ്മ പറഞ്ഞു.
എന്നോട് സെറ്റ് സാരി ഉടുക്കാനോ പാല് കൊണ്ട് പോകാനോ ഒന്നും ആരും പറഞ്ഞില്ല. ഹരിയേട്ടന്റെ അച്ഛനെ ആണേൽ കണ്ടത് കൂടിയില്ല. ആ വീട്ടിൽ ഞങ്ങൾ അല്ലാതെ വേറെ ബന്ധുക്കൾ ആരും ഉണ്ടായിരുന്നുമില്ല.
ഞാനും ഹരിയേട്ടനും ഒന്നിച്ചാണ് റൂമിലേക്ക് പോയത്. റൂമിലേക്ക് കേറുമ്പോ എന്നെ നന്നായി വിറയ്ക്കുന്നുണ്ടായിയുന്നു.
“നല്ല തലവേദന…. കിടന്നാലോ?”
ഹരിയേട്ടൻ ചോദിച്ചതേ ഞാൻ തലകുലുക്കി. എന്റെ തലയാട്ടൽ കണ്ടിട്ടാകും ഹരിയേട്ടൻ ചിരിക്കുന്നുണ്ട്.
കിടന്നെങ്കിലും ഉറങ്ങിയില്ല. ഹരിയേട്ടൻ കുറേ സംസാരിച്ചു. പതിനായിരത്തിനു താഴെ ശമ്പളം ഉള്ള അച്ഛന്റെ ജോലിയുടെ മാത്രം ബലത്തിൽ വീട് നോക്കിയതും ഹരിയേട്ടനെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചതും കോളേജ് അദ്ധ്യാപകനാക്കിയതും ഒക്കെ അമ്മയുടെ മിടുക്കാണെന്ന്….. കുറച്ചു നേരത്തെ സംസാരത്തിൽ നിന്ന് തന്നെ അമ്മ എന്ന ലോകത്തിനു ചുറ്റും കറങ്ങുന്നൊരു കുഞ്ഞ് ഗ്രഹമാണ് ഹരിയേട്ടൻ എന്നെനിക്ക് മനസ്സിലാക്കാനായി.
ഞാൻ ഒന്നും മിണ്ടാതെ കേട്ട് കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് ഉണർന്നത്. ഹരിയേട്ടന്റെ മൊബൈലിൽ ആണ്.
സമയം നോക്കിയപ്പോ അഞ്ചര.
“അമ്മ അഞ്ച് മണിക്ക് എണീക്കും. താൻ കുളിച്ചിട്ട് അടുക്കളയിലേക്ക് ചെല്ല്.”
ഹരിയേട്ടൻ എണീക്കാതെ തന്നെ പറഞ്ഞു.
ഞാൻ എഴുന്നേറ്റ് എന്റെ ബാഗിൽ നിന്നും
മാറാനുള്ള ഡ്രസ്സും എടുത്തു വാഷ്റൂമിൽ കയറി.
എല്ലാം അമ്മ മയം. എന്താകുമോ എന്തോ?
കുളിക്കിടെ ആലോചിച്ചു പോയി….
കുളിച്ചിറങ്ങിയപ്പോഴേക്കും ആള് ഉറക്കമായി.
ഞാൻ അടുക്കളയിലേക്ക് ചെന്നു.
“ആഹാ… മോള് ഉണർന്നോ?”
എന്നെ അടിമുടി നോക്കി ഒരു ചിരിയും ചോദ്യവും. ഞാനും ചിരിച്ചു.
“ആറ് മണിക്കേ കട്ടൻ ഉണ്ടാക്കൂ… ഇവിടെ രാവിലെ എല്ലാരും ആദ്യം കട്ടൻ ആണ് കുടിക്കാറ്. കാപ്പി കഴിക്കുമ്പോ ചായ കുടിക്കും. അവിടെ എങ്ങനെ?”
സാമ്പാറിനോ മറ്റൊ പച്ചക്കറി നുറുക്കുകയാണ് അമ്മ. അതിൽ ശ്രദ്ധിച്ചാണ് എന്നോട് ചോദ്യം.
“വീട്ടിൽ രാവിലെ എണീക്കുമ്പോ ചായയാ…..”
കട്ടൻ ഇടാനൊക്കെ പ്രത്യേകിച്ച് സമയമുണ്ടോ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഇനിയിപ്പോ ഇവിടുത്തെ ശീലങ്ങൾ അല്ലെ വേണ്ടത്?”
പച്ചക്കറിയിലാണ് ശ്രദ്ധ. എന്നാലും ഞാൻ തലയാട്ടി.
“ഞാൻ അരിയാം അമ്മേ…”
“വേണ്ട…. അതിനൊക്കെ സമയം ഉണ്ടല്ലോ?”
ഞാൻ അതിനും തലയാട്ടി.
“കട്ടന് വെള്ളം വയ്ക്കട്ടെ അമ്മേ?”
ആറ് മണി ആകാൻ കാത്ത് നിന്നത് പോലെ ഞാൻ ചോദിച്ചു. വെറുതെ നിന്നിട്ട് എനിക്ക് ബോറടിക്കുന്നു.
“വേണ്ട… വേണ്ട… അതൊക്കെ ഞാൻ ചെയ്തോളാം.”
ഇനി ഞാനെങ്ങാനും ചെയ്യുമെന്ന് പേടിച്ചാണാവോ? ഓടിപ്പോയി വെള്ളം വയ്ക്കുന്നത് കണ്ടു.
ചുരുക്കി പറഞ്ഞാൽ അവിടെ നിന്ന് തിരിഞ്ഞു കളിക്കൽ മാത്രമായി എന്റെ ജോലി.
“നീ മോളേം കൂട്ടി താഴെ കോവിലിൽ പോയിട്ട് വാ…”
ഹരിയേട്ടൻ എഴുന്നേറ്റ് കുളിച്ച് വന്നു കട്ടൻ കുടിച്ചതും അമ്മ പറഞ്ഞു.
ഹരിയേട്ടൻ റെഡിയാകാൻ പോയതും അമ്മ എനിക്കൊരു സെറ്റ് സാരി എടുത്തു തന്നു.
“എന്റെൽ വേറെ ഉണ്ടമ്മാ…”
ഞാൻ അത് വാങ്ങാൻ മടിച്ചു.
” ഇന്ന് പുത്തൻ ഉടുത്തു വേണം പോകാൻ. ഇത് ഉടുത്ത പോയാ മതി. എനിക്ക് വാങ്ങിയതാ. ഞാൻ ഉടുത്തിട്ടില്ല. ”
പിന്നേ തർക്കിക്കാതെ ഞാൻ അത് വാങ്ങി.
“മോക്ക് ഉടുക്കാൻ അറിയാല്ലോ അല്ലെ? എനിക്ക് തനിയെ ഉടുക്കാനേ അറിയൂ. ഉടുപ്പിക്കാൻ അറിഞ്ഞൂടാ…”
അമ്മ ഊർന്ന് പോയ സാരി എടുത്തു പിറകിൽ കുത്തിക്കൊണ്ട് പറഞ്ഞു. ഞാൻ തലകുലുക്കി.
അമ്മ സാരി ഉടുക്കുന്നത് രസമാണ്. മുൻഭാഗം മാത്രം തോളിൽ ഉണ്ടാകും. ബാക്കിയൊക്കെ നടക്കുമ്പോ വലിച്ചിഴച്ചു കൊണ്ടാണ് നടപ്പ്. ഇടയ്ക്കിടെ എടുത്തു കുത്തും. പിന്നേം താഴെ പോകും. അടിപ്പാവാടയൊക്കെ പകുതിയും വെളിയിലാ….വീട്ടിൽ ആയത് കൊണ്ടാകും. എന്നാപ്പിന്നെ ഒരു നൈറ്റി ഇട്ടുകൂടെ എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല.
ഹരിയേട്ടൻ റെഡിയായി വന്നപ്പോഴേക്കും ഞാനും പോയി ഒരുങ്ങി വന്നു. അമ്പലത്തിലേക്ക് ബൈക്കിലാണ് പോയത്.
അമ്പലത്തിൽ നിന്നും തിരികെ വന്നപ്പോഴേ അമ്മ ഹരിയേട്ടന്റെ പ്ളേറ്റിൽ ഇഡലിയും സാമ്പാറും വിളമ്പി ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചു. കൂടെ ബൂസ്റ്റ് ഇട്ട പാലും.
അച്ഛൻ കഴിച്ചു കഴിഞ്ഞെന്ന് തോന്നുന്നു. പുള്ളിക്കാരനെ കാണാനേയില്ല. അല്ലെങ്കിലും ചില സീരിയലുകളിലെപ്പോലെ അച്ഛന് ഇവിടെ വലിയ റോൾ ഒന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.
“ഡ്രെസ്സൊക്കെ പിന്നേ മാറാം. മണി ഒൻപതായി. നിങ്ങള് കഴിക്ക്.”
ഹരിയേട്ടൻ എന്നെ ഒന്ന് നോക്കി കൈ കഴുകാൻ പോയി.
ഞാനും പോയി കൈ കഴുകി വന്നപ്പോഴേക്കും ഒരു പ്ളേറ്റിൽ എനിക്കും ഇഡലി എടുത്തു വച്ചിരിക്കുന്നു. അതും അഞ്ചെണ്ണം. കണ്ടപ്പോത്തന്നെ എന്റെ കണ്ണ് തള്ളി.
മൂന്നിൽ കൂടുതൽ ഞാൻ കഴിക്കാറില്ല. അതും എന്റെ അമ്മേടെ ചെറിയ ഇഡലി. ഇത് ഒരെണ്ണം തന്നെ രണ്ട് ഇഡലീടെ വലിപ്പമുണ്ട്. എങ്ങനെ ഉണ്ടാക്കിയതാണാവോ? ഏതോ സിനിമയിൽ ഏതോ നടി ദൊഡ്ഡലി ഉണ്ടാക്കിയത് പോലെ ആകണം.
“എനിക്ക് ഇത്രേം വേണ്ടമ്മേ….”
ഞാൻ പറഞ്ഞതേയുള്ളൂ എന്റെ അടുത്ത് വന്നിരുന്ന് കഴിപ്പിക്കാൻ തുടങ്ങി.
” ഒന്നും കഴിക്കാഞ്ഞിട്ടാ ഇങ്ങനെ മെലിഞ്ഞിരിക്കണത്. ഇനി ഞാൻ നേരെയാക്കി എടുത്തോളാം. ഇവിടെ കഴിക്കാനൊക്കെ ഇഷ്ടം പോലെ ഉണ്ട്. മക്കൾക്കു വേണ്ടത് എന്താണെന്ന് പറഞ്ഞാ മതി. അമ്മ ഉണ്ടാക്കിത്തരാം.”
ഞാൻ അപ്പോഴും എന്റെ മുന്നിലെ പ്ളേറ്റിലേക്ക് നോക്കി ഇതെങ്ങനെ കഴിക്കുമെന്നറിയാതെ കണ്ണും മിഴിച്ചിരിക്കുകയായിരുന്നു.
തുടരും

by