26/05/2026

മരുമകൾ : ഭാഗം 54

രചന – ഗംഗ ശലഭം

രണ്ട് ഡ്രിപ് കേറീട്ടാണ് ഇത്തിരി എങ്കിലും ആശ്വാസം വന്നത്. ഇൻജക്ഷൻ ഒക്കെ എടുത്തത് കൊണ്ടാകും വോമിറ്റിംഗ് കുറഞ്ഞിരുന്നു. എങ്കിലും പിറ്റേന്ന് ഗൈനക്കൊളജിയിലെ ഡോക്ടർ വന്ന് സ്കാൻ ഒക്കെ നോക്കിയിട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിച്ച ശേഷം ഉച്ചയോട് അടുപ്പിച്ചാണ് ഡിസ്ചാർജ് ആക്കിയത്.

വീട്ടിൽ എത്തുമ്പോൾ ഒരു മണി ആയിട്ടുണ്ടായിരുന്നു. കണ്ട പാടേ ഇത്രേം നേരം ഹരിയേട്ടൻ ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നതിന്റെ സങ്കടം മുഴുവൻ അമ്മായി പറഞ്ഞു തീർത്തു. ദേഷ്യത്തിൽ ഒന്നും അല്ലായിരുന്നു കേട്ടോ? എന്നാലും സംസാരത്തിനിടയിൽ എനിക്കിട്ട് ഓരോ കുത്ത് തരാൻ മറന്നില്ല ആള്. തിരികെ പറയാനുള്ള ആവതില്ലാത്തത് കൊണ്ട് ഞാൻ മനസ്സിലാകാത്തത് പോലെ ഇരുന്നു.

അച്ഛൻ വന്ന് ഇപ്പൊ എങ്ങനെ ഉണ്ടെന്നൊക്കെ ചോദിച്ചു എന്നോട്. ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. കുഞ്ഞിന്റെ വരവ് അമ്മായിയെ മാറ്റുമെന്ന് കരുതിയിടത്ത് പാടേ മാറിപ്പോയത് അമ്മാവനാണ്. മുഖത്ത് നോക്കിയാൽ മിണ്ടാതെ പൊയ്ക്കോണ്ടിരുന്ന ആളാണ് ഇപ്പൊ വന്ന് സുഖവിവരം അന്വേഷിക്കുന്നത്. എങ്ങനെ ഞെട്ടാതിരിക്കും?

🦋 🦋 🦋

വിശപ്പൊന്നും തോന്നിയില്ലെങ്കിലും ഹരിയേട്ടൻ നിർബന്ധിച്ചു കഴിക്കാൻ വിളിച്ചു കൊണ്ട് പോയി. ഹരിയേട്ടന് ഊണ് എടുത്ത് വച്ചിട്ട് അമ്മായിയും കഴിക്കാൻ ഇരുന്നിരുന്നു. അത് പതിവില്ലാത്തതാണ്.

ഞങ്ങളെ കണ്ട പാടേ ആള് പറഞ്ഞു….

” വയ്യടാ… നല്ല തലച്ചുറ്റല്. നേരത്തെ വീഴാൻ പോയി. ബി പി യോ ഷുഗറോ കുറഞ്ഞതായിരിക്കും. അതാ ഞാൻ തിന്നാന്ന് വിചാരിച്ചത്. ഇവക്കേ വയ്യ… അപ്പൊ ഞാനും കൂടി വീണു പോയാ എന്തോ ചെയ്യും? ”

ഇപ്പൊ കഴിക്കാൻ ഇരുന്നതിനുള്ള വിശദീകരണമാണ്.

ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് കടന്നു. സിങ്കിൽ രാവിലെ മുതൽക്കുള്ള പാത്രങ്ങൾ കിടപ്പുണ്ട്. അത് ശ്രദ്ധിക്കാനേ പോയില്ല…

പ്ളേറ്റ് എടുത്തു കഴുകി അതിലേക്ക് ഒരു തവി ചോറെടുത്തിട്ടു.

ചോറ് കഴിക്കാൻ തോന്നുന്നില്ല. ചോറെന്നല്ല…. ഒന്നും കഴിക്കാൻ തോന്നുന്നില്ല. വിശപ്പൊക്കെ കെട്ട് പോയിരിക്കുന്നു. ഇച്ചിരി പൊടിയരി കഞ്ഞിയും അച്ചാറും ആയിരുന്നേൽ കുറച്ചെങ്കിലും കഴിക്കാമായിരുന്നു.

എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ അമ്മയോട് പറഞ്ഞിപ്പോ ഉണ്ടാക്കിക്കാരുന്നു. ആ ചിന്തയ്ക്കും നെടുവീർപ്പിനുമൊപ്പം കണ്ണുകളും ഒരു നീർപ്പാളി തീർത്തു.

കറികളുടെ പാത്രം തുറന്നിട്ട അതേപോലെ തന്നെ അടച്ചു വച്ച് പോയി. പുളിശ്ശേരിയും, കിച്ചടിയും, അവിയലും….

അവിയലിലും നല്ല പുളി വരുന്നത് വരെ തൈര് കോരി ഒഴിച്ച് കുളമാക്കും അമ്മായി. എനിക്കീ തൈരിന്റെ പുളി ഇഷ്ടമല്ല എന്നറിഞ്ഞതിനു ശേഷം തുടങ്ങിയതാണാ പരിപാടി. അത് കൊണ്ട് ഇവിടുത്തെ അവിയലും ഞാൻ കഴിക്കാറില്ല.

തൈര് ഒഴിച്ച കറികൾ ഞാൻ കഴിക്കില്ല എന്ന് അറിയുന്നതാണ് അമ്മായിക്ക്. എന്നും ഇതിന്റെ ഒക്കെ ഒപ്പം ഒരു തോരനോ മെഴുക്കു വരട്ടിയോ ഉണ്ടാവും. ഇന്ന് അതും ഇല്ല….

കയ്യിൽ പിടിച്ച ചോറിന്റെ പാത്രത്തിൽ നോക്കി അങ്ങനെ നിന്നു. കണ്ണ് തുളുമ്പിപ്പോയി. നിസ്സഹായതയുടെ അങ്ങേ അറ്റത്താണ് ഞാൻ എന്ന് തോന്നി…. ശരീരത്തിനൊപ്പം മനസ്സും തളരുന്നു.

വിശപ്പില്ല എന്നുള്ളത് നേര് തന്നെ. പക്ഷെ കഴിക്കാതിരിക്കാൻ പറ്റില്ല. ഇന്നലെ മുതൽക്കേ വയറ്റിലേക്ക് ഒന്നും ചെന്നിട്ടില്ല. മൂന്ന് ഡ്രിപ്പിന്റെ ബലത്തിലാണ് ഈ നിൽക്കുന്നത്.

കഴിക്കുന്നതിനിടയിലും ഒളി കണ്ണിട്ടുള്ള അമ്മായിയുടെ നോട്ടം കണ്ടപ്പോ മനഃപൂർവം ആണ് ഇന്ന് ഈ കറികൾ തന്നെ ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാൻ പ്രയാസം ഒന്നും ഉണ്ടായില്ല. ആ നിമിഷം തളർച്ചയൊക്കെ എങ്ങോട്ടോ ഓടിപ്പോയി.

എടുത്ത ചോറ് ഒരു പാത്രത്തിൽ തട്ടി കുറച്ചു വെള്ളവും ഒഴിച്ച് ഗ്യാസിലേക്ക് എടുത്ത് വച്ചു. അത് തിളയ്ക്കുന്ന നേരം കൊണ്ട് ഉപ്പും പുളിയും ചെറിയുള്ളിയും കാ‍ന്താരി മുളകും ഒക്കെ കൂടി ഞെരടി എടുത്തു. കഞ്ഞിയിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ട്
ഞെരടി വച്ച കറിയും ചേർത്ത് ഒരു സ്പൂണും എടുത്തു ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു.

കൈ കഴുകി വന്നിട്ടും കഴിക്കാതെ എന്നെ കാത്തിരുന്ന ആള് അത് കണ്ട് സംശയത്തിൽ എന്നെ നോക്കി.

” എനിക്ക് തീരെ പറ്റാത്ത കറികളാ ഹരിയേട്ടാ. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് കഴിച്ചാൽ ഞാൻ ചിലപ്പോ ഇനീം ശർദ്ദിക്കും. ”

പറഞ്ഞിട്ട് പതിയെ കഞ്ഞി ഊതി കുടിച്ച് തുടങ്ങി.

ഹരിയേട്ടൻ അമ്മായിയെ നോക്കി.

” ഞാൻ പറഞ്ഞില്ലേ മക്കളെ? എനിക്ക് തീരെ വയ്യായിരുന്നു. അതാ എളുപ്പകറികള് ഉണ്ടാക്കിയത്. ”

അമ്മായി ന്യായീകരണവും കൊണ്ട് വന്നു.

” എന്നാപ്പിന്നെ രസം ഉണ്ടാക്കാത്തത് എന്താ അമ്മാ? ”
ഹരിയേട്ടൻ ചോദിച്ചു.

” അത്…. പച്ചമുളക് ഇല്ലായിരുന്നു. ”

” ഞാൻ ഇന്നലെയല്ലേ പച്ചമുളക് വാങ്ങി വന്നത്? ”

” അത്… പിന്നെ.. ഞാൻ… ഓർമ്മില്ല…. അല്ല… ചേച്ചിക്ക് കൊടുത്തു….. ”

അമ്മായി വിക്കി തുടങ്ങി.

” കഴിച്ചിട്ട് റെഡിയാക് ദേവൂ… ഞാൻ നിന്നെ നിന്റെ വീട്ടിൽ ആക്കാം. ”

തീർപ്പ് പോലെ പറഞ്ഞു കൊണ്ട് ഹരിയേട്ടൻ കഴിച്ചു തുടങ്ങി.

” അയ്യോ… എടാ… മക്കളേ… സത്യായിട്ടും എനിക്ക് വയ്യാത്തോണ്ടാടാ… രാത്രി അവക്ക് ഇഷ്ടമുള്ളത് ഞാൻ ഒണ്ടാക്കി കൊടുക്കാം. ”

ഹരിയേട്ടൻ അങ്ങനെ പറയുമെന്ന് അമ്മായി ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും പോലെ ഇഷ്ടമില്ലാത്ത കാര്യം അവർക്ക് വേറെ ഉണ്ടോ? അത് ഒഴിവാക്കാൻ അവർ എന്ത് വാഗ്ദാനവും കൊടുക്കും.

” അതാ പറഞ്ഞതു…. അമ്മക്ക് വയ്യല്ലോ? അവക്കും വയ്യ. എന്നാപ്പിന്നെ അവള് കുറച്ചു ദിവസം അവളുടെ വീട്ടിൽ പോയി നിക്കട്ടെ… നിങ്ങളിൽ ആരുടെയെങ്കിലും വയ്യായ്ക മാറുമ്പോ തിരികെ കൊണ്ട് വരാം. ”

” എനിക്ക് ഇപ്പൊ കുഴപ്പമില്ലടാ….
ഇപ്പൊ എല്ലാം മാറി. നീ ഇന്നിവളെ അങ്ങ് കൊണ്ട് വിട്ടാ നാട്ടുകാരും അവളുടെ വീട്ടുകാരും ഒക്കെ എന്ത് പറയും? ഞാൻ ഇവളെ നോക്കാത്തോണ്ട് ആണെന്നല്ലേ? ”

അമ്മായിക്ക് അതാണ്‌ സങ്കടം. എനിക്ക് ചിരി വന്നു.

” ഏയ്‌… അമ്മെപ്പോലെ വേറെ ആരും ചിന്തിക്കാത്തത് കൊണ്ട് അങ്ങനെ ഒന്നും ആരും കരുതൂല്ല…. ”

ഞാനാണത് പറഞ്ഞത്.

ഹരിയേട്ടൻ ഇനിയൊന്നും പറയാനില്ലാത്തത് പോലെ കുനിഞ്ഞിരുന്ന് കഴിക്കുന്നുണ്ട്.

” എടാ… ഇന്ന് ശനിയാഴ്ച ആണ്. ഇന്നെന്തായാലും പോവാൻ പറ്റൂല്ല. ഒന്നാമത്തെ നിനക്കും നിന്റെ അച്ഛനും വയ്യാതിരിക്കാണ് . വല്ലതും വന്ന് പോയാ എനിക്കാ പോണത്…. ”

അമ്മായി അവസാനത്തെ അടവെടുത്തു.

” ഞാൻ കഴിഞ്ഞ ആഴ്ച ഇവിടുന്ന് പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതും ഒരു ശനിയാഴ്ച ആണമ്മാ….. ”

ഹരിയേട്ടൻ കഴിച്ചെഴുന്നേറ്റിരുന്നു.

” അത് പിന്നെ ആശുപത്രിയിൽ അല്ലെ? ഒഴിവാക്കാൻ പറ്റൂലല്ലോ? ”

” അത് കൊള്ളാം. അപ്പൊ ഒഴിവാക്കാൻ പറ്റാത്തതാണേൽ ഈ അന്ധവിശ്വാസങ്ങൾ ഒക്കെ മാറ്റിപ്പിടിക്കാം അല്ലെ? എന്നാൽ ഇതും ഒഴിവാക്കാൻ പറ്റാത്തതാണെന്ന് കരുതിയാൽ മതി. എന്തായാലും രണ്ട് ദിവസം ഇവള് വീട്ടിൽ പോയി നിക്കട്ടെ. അത് കഴിഞ്ഞു കൂട്ടീട്ട് വരാം. ഇനി ഇവളിങ്ങു വന്ന വേഷം അമ്മയ്ക്ക് പിന്നേം വയ്യാതെ വന്നാൽ, ഡെലിവറി കഴിയും വരെ അവള് അവിടെ നിക്കട്ടെ ന്ന് വയ്ക്കാം. ”

അവസാന തീരുമാനം പോലെ പറഞ്ഞു കൊണ്ട് ആള് എഴുന്നേറ്റ് പോയി.

എനിക്കും മതിയായിരുന്നു. ആകെ മൂന്ന് നാല് വായെ കഴിച്ചുള്ളൂ… എങ്കിലും വയറു വീർത്തു കെട്ടി നിക്കും പോലെ….

വാതിൽ കടന്ന് പുറത്തേക്കിറങ്ങി ബാക്കി വന്നത് വാഴേടെ മൂട്ടിലേക്ക് തട്ടി.
തിരികെ കയറുമ്പോ അമ്മാവന്റെ പതിഞ്ഞ സ്വരം കേൾക്കാം….

” ആ കൊച്ചിന് വയ്യാത്തതല്ലേ കുമാരീ… അതിവിടെ നിന്നാ നിനക്ക് നോക്കാൻ പറ്റോ? നിനക്കും വയ്യല്ലോ? രണ്ട് ദിവസം വീട്ടീ പോയി നിന്നിട്ട് വരട്ടെ…. അതല്ലേ നല്ലത്? ”

അച്ഛനപ്പോ നന്നായി വരുന്നുണ്ട് എന്ന് ചിന്തിച്ചു അകത്തേക്ക് കേറുമ്പോഴുണ്ട് അമ്മായി പുള്ളിക്കാരനെ കണ്ണുരുട്ടി പേടിപ്പിക്കുന്നു…..

ആ നോട്ടം കണ്ട് ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു കഴിക്കുന്ന മനുഷ്യനെ കണ്ട് എനിക്ക് ആദ്യമായിട്ട് പാവം തോന്നി. ഇന്ന് ആളിനെ മുറിക്കാത്ത് കിടത്തോ ചവിട്ടി പുറത്താക്കോന്ന് കണ്ടറിയാം….!

കഴിച്ച പാത്രം മാത്രം കഴുകി വച്ച് മുറിയിലേക്ക് നടക്കുമ്പോ ഡൈനിങ് റൂമിൽ നിന്ന് അമ്മായീടെ ശബ്ദം കുറച്ചു ഉറക്കെ തന്നെ കേട്ടു….

” ഞാൻ എന്ത് പറഞ്ഞാലും മറുത്തു ഒരക്ഷരം പറയാതിരുന്ന ചെറുക്കാനാ… ഇപ്പ കണ്ടാ…? കൂടോത്രവാ… അവള്ടേം തള്ളേടേം കൂടോത്രം….! ”

ആഹാ…. ബെസ്റ്റ്….!
ഇതിന്റൊരു കുറവും കൂടേ ഉണ്ടാരുന്നോള്ളൂ… കൂടോത്രം…!
അതുമായി….

ചിന്തിച്ചു കഴിഞ്ഞതും വയറ്റീന്ന് എന്തോ ഒന്ന് ഉരുണ്ട് കയറി മേലേക്ക് വന്നു. വായും പൊത്തിപ്പിടിച്ചു ഞാൻ പുറത്തേക്കൊടി.

 

🦋 🦋 🦋 🦋 🦋