The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗംഗ ശലഭം
” കൊച്ചിന്റടുത്ത് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടാവണോങ്കി പേറ്റ് നോവറിയണം. ഇല്ലെങ്കി എല്ലാം അത്രയ്ക്ക് അത്രേ കാണൂ…
കണ്ടില്ലേ ഭാമേടെ മോള്….? രണ്ട് വയസ്സ് തികയാത്ത കൊച്ചിനേം കളഞ്ഞിട്ടല്ലേ അവള് കണ്ടവന്റെ കൂടെ പോയത്. കാര്യം എന്താ? ഇത് പോലെ കീറി എടുത്തതാ… പേറ്റ് നോവറിഞ്ഞ അമ്മമ്മാർക്ക് അങ്ങനെ മക്കളേം കളഞ്ഞിട്ട് അങ്ങ് പോവാൻ ഒക്കോ? ”
ഡെലിവറി കഴിഞ്ഞതിന്റെ അന്ന് വന്ന് പോയിട്ട് അമ്മായി പിന്നീട് ഇന്നാണ് വരുന്നത്. പ്രസവം കഴിഞ്ഞു മൂന്നാം ദിനം…. അതും വല്യമ്മേടെ ഒപ്പം.
ഇവര് വന്നത് കണ്ടിട്ട് എന്റെ അമ്മ ക്യാന്റീനിലേക്ക് പോയതാണ്. ഞങ്ങൾക്കുള്ള ഫുഡ് വാങ്ങാൻ വേണ്ടി. മൂന്ന് ദിവസമായിട്ട് നേരത്തിന് ഊണും ഉറക്കോം ഇല്ലാതെ അമ്മയും ഹരിയേട്ടനും എന്റെ കൂടെയുണ്ട്. അച്ഛൻ ഇടയ്ക്ക് വന്ന് പോവും. എന്റെ അച്ഛൻ മാത്രമല്ല, ഹരിയേട്ടന്റെ അച്ഛനും വന്നിരുന്നു ഒന്ന് രണ്ട് വട്ടം….
അമ്മ ഇവിടുന്ന് മാറിയ നേരത്തിനാണ് അമ്മായീടെ ഈവക സംസാരം.
” ഹാ… ഇതൊക്കെ അറിയാന്നൊള്ളോണ്ടാ ഞാൻ ആദ്യമേ ഓരോന്നൊക്കെ പറഞ്ഞത്. ഇപ്പഴത്തെ പിള്ളാർക്കൊക്കെ സിസേറിയൻ അല്ലെ താല്പര്യം. ഓരോന്നൊക്കെ അങ്ങോട്ട് പോയി പറഞ്ഞല്ലേ സിസേറിയൻ ചെയ്യിക്കണത്. സിസേറിയൻ ആണെന്നും പറഞ്ഞു സുഖവായിട്ടങ്ങു കിടക്കാം. തിന്നാൻ മാത്രം എണീറ്റാ മതിയല്ല്….. ”
എന്നെ വല്ലാത്തൊരു നോട്ടം നോക്കി വല്യമ്മയോടാണ് അമ്മായി ഈ പറയുന്നത്. അവരുടെ നോട്ടോം സംസാരോം കേട്ടാൽ തൊന്നും c- section ഞാൻ ഡോക്ടറിനോട് പറഞ്ഞു ചെയ്യിച്ചതാണെന്ന്.
അങ്ങനെ “എന്നെ c -section ചെയ്താ മതീന്ന്” പറഞ്ഞ് അങ്ങ് ചെല്ലുമ്പോ ” എന്നാപ്പിന്നെ അത് തന്നെ ചെയ്തേക്കാ ” മെന്നും പറഞ്ഞു ഡോക്ടർസ് കണ്ണും പൂട്ടി സിസേറിയൻ ചെയ്യും എന്നാണോ ഇവരുടെ വിചാരം?
നിങ്ങൾ ഒന്ന് ഓർക്കണം, നോർമൽ ഡെലിവറിടേം സിസേറിയൻറേം വേദന ഒരുപോലെ അനുഭവിച്ച ഒരാളോടാണ് ഇവരീ പറയുന്നതെന്ന്.
പ്രാണൻ പിടഞ്ഞു അവസാനിക്കുമെന്ന് തോന്നിയ, വേദനയുടെ പരക്കോടി കണ്ട ആറ് മണിക്കൂർ….! അത് കഴിഞ്ഞോ? വയറിൽ പത്ത് പതിനഞ്ച് സെന്റിമീറ്റർ നീളത്തിൽ ഒരു കീറല്. അടിവയറ്റിൽ മാത്രമോ? യൂട്രസിലും ഉണ്ടാവും അങ്ങനെ ഒന്ന്….
ഒരുപാട് കംപ്ലിക്കേഷൻസ് ഉള്ള ഒരു മേജർ സർജറി ആണ് സിസേറിയൻ എന്ന് ഇവർക്ക് ഇനി അറിയില്ല എന്നാണോ?
കഷ്ടം! എന്നൊരു വാക്കല്ലാതെ ഇവരോട് പറയാൻ എനിക്ക് ഒന്നും തന്നെയില്ല….
ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ കണ്ണടച്ച് കിടന്നു.
” ഇനിയിപ്പോ നൂല് കെട്ട് ഇരുപത്തി എട്ടിന്റെ അന്ന് നടത്താൻ പറ്റോ? ആൺകൊച്ചിന് ഇരുപത്തി എട്ടിന്റെ അന്ന് നൂലുകെട്ട് നടത്തുന്നതാ ഐശ്വര്യം. അല്ലെങ്കിലും ഐശ്വര്യം ഒക്കെ പോയിട്ട് നാളെത്രയായി…? ”
അവിടെയും എനിക്കിട്ടൊരു കുത്ത്!
കല്യാണത്തിന്റെ അന്ന് ഞാൻ വീട്ടിലേക്ക് വലത് കാലെടുത്തു വയ്ക്കുന്നത് കണ്ടിട്ട്, ഇവരുടെ വീട്ടിലെ ഐശ്വര്യ ദേവത കണ്ടം വഴി ഇറങ്ങി ഓടിയതാണത്രേ…..! പിന്നേ ഇതേവരെ തിരികെ വന്നിട്ടില്ല….!
ഓർത്തിട്ട് എനിക്ക് ചിരി വന്നു.
ഞാൻ ഒന്നുമേ മിണ്ടിയില്ല. പറയാൻ അറിയാഞ്ഞിട്ടല്ല… ഒന്നാമതെ വയ്യ. അതിന്റെ കൂടെ, ഇവരുടെ വിലയില്ലാത്ത വാക്കുകൾക്ക് എതിര് പറഞ്ഞ് വായിട്ടലച്ചിട്ട് എന്ത് കാര്യം…? വയ്യാഞ്ഞിട്ടാ….
പിന്നെയും കുറേ നേരം കൂടി ഇരുന്ന് ഓരോന്നൊക്കെ പറഞ്ഞിട്ടാണ് അവര് രണ്ടാളും പോകാൻ ഇറങ്ങിയത്.
അവര് പോയിക്കഴിഞ്ഞ് ഞാൻ എന്റെ കുഞ്ഞിനെ ഒന്ന് നോക്കി. കണ്ണും മിഴിച്ച് കിടന്ന് കൈകാലിട്ടിളക്കി കളിയാണ് ആശാൻ.
” സിസേറിയൻ ആയത് കൊണ്ട് എനിക്ക് നിന്നോട് തീരെ സ്നേഹം കാണില്ല കേട്ടോടാ കണ്ണാ…. നിന്നെ ഞാൻ അടിക്കും മാന്തും പിച്ചും… പിന്നേം എന്തൊക്കെ ചെയ്യോ ആവോ? ”
കുഞ്ഞിക്കയ്യിൽ പിടിച്ചു ചിരിച്ചു കൊണ്ട് അവനെ നോക്കി പറയുമ്പോ എന്നെ മിഴിച്ച് നോക്കി കിടപ്പുണ്ടവൻ.
പാവം എന്തറിയുന്നു അല്ലെ?
🦋
അഞ്ചിന്റെ അന്നാണ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയത്.
പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത ദിനങ്ങൾ ആയിരുന്നു. എന്റെ കൊച്ചെറുക്കൻ രാവിലെ മുഴുവൻ കിടന്നുറങ്ങും. എന്നിട്ട് രാത്രി ഒരു പത്തു പത്തര ആകുമ്പോ ഒരു കാറിച്ചയാണ്. ഏതാണ്ട് ഫയർ എഞ്ചിൻ സൈറൻ മുഴക്കുന്നത് പോലെ…. പിന്നെ ആ സൈറൺ ഓഫ് ആകണമെങ്കിൽ പുലർച്ചെ ഒരു അഞ്ച് ആറു മണി ആകണം. അതാകുമ്പോ രാത്രി ആരും ഉറങ്ങില്ലല്ലോ?
കുഞ്ഞിക്കണ്ണന് അവന്റെ അച്ഛമ്മേടെ സ്വഭാവം ആണെന്ന് ഞാൻ ഹരിയേട്ടനോട് തമാശ പറയും. ഒറ്റൊരു മനുഷ്യൻ സമാധാനത്തോടെ ഇരിക്കുന്നത് അവന് പിടിക്കില്ല….!
രാവിലെ കുഞ്ഞൻ ഉറങ്ങുമ്പോ ഞാനും കൂടി കിടന്ന് ഉറങ്ങും. എനിക്ക് ആകെ മൊത്തം വയ്യായ്ക ആണന്നേ…. അത് കൊണ്ട് അമ്മ തന്നെ പറയും നീ ഇപ്പൊ ഇത്തിരി ഉറങ്ങിക്കോ എന്ന്…. രാത്രി ഉറങ്ങാൻ അവൻ സമ്മതിക്കില്ലല്ലോ?
പകലുറങ്ങുന്നതിന് അച്ഛമ്മ വഴക്ക് പറയുമെങ്കിലും ഞാനത് കാര്യമാക്കില്ല.
അമ്മേടെ കാര്യമാണ് കഷ്ടം. കുഞ്ഞൂട്ടൻ മൂത്രം ഒഴിച്ചതും അപ്പിയിട്ടതുമായിട്ട് ഒരു കുന്നു തുണി ഉണ്ടാകും. അതൊക്കെ കഴുകി വൃത്തിയാക്കണം… എന്റെ കാര്യം നോക്കണം… വീട്ടിലെ ജോലികൾ നോക്കണം…. രാത്രി ആണേൽ കുഞ്ഞൻ ഉറങ്ങാനും സമ്മതിക്കില്ല.
മാമിയുണ്ട് സഹായത്തിന്. എന്നാലും നിന്ന് തിരിയാൻ വയ്യാത്ത തിരക്കാണ് പാവത്തിന്. എന്നിട്ടും ഒരു പരിഭവം ഇല്ല…. പരാതിയും ഇല്ല…..
” എന്തൊരു കഷ്ടപ്പാടാണ് ല്ലേ അമ്മാ? ” എന്ന് ചോദിച്ചാൽ പറയും ” നിനക്കും എന്റെ കൊച്ചിനും വേണ്ടി അല്ലാതെ ഞാൻ പിന്നേ ആർക്ക് വേണ്ടി കഷ്ടപ്പെടാൻ ആണ് ” ന്ന്….
അമ്മയ്ക്ക് തുല്യം അമ്മ മാത്രം….
അല്ലെ….?
അന്നേരം ഞാൻ ഓർക്കും….
എന്റെ അമ്മായിയും ഒരമ്മയല്ലേ…?
എന്നിട്ടും അവരെന്തേ സ്വന്തം മകന്റെ സന്തോഷം ആഗ്രഹിക്കുന്നില്ല എന്ന്….
ഇത്രയധികം സ്വാർത്ഥയായി പോയത് എന്തെന്ന്….?
അവർക്ക് ഭയമാണ്…..
മകൻ അവരെക്കാൾ അധികം എന്നെ സ്നേഹിച്ചാലോ എന്ന്….
ഞാൻ മകനെ അവരിൽ നിന്നും വേർപെടുത്തി കൊണ്ട് പോയാലോ എന്ന്….
അങ്ങനെ ചിന്തിക്കുന്നവർ എന്ത് കൊണ്ട് എന്റെ വീട്ടിൽ നിന്നും ഞാൻ മാറി നിൽക്കുമ്പോൾ എനിക്കുണ്ടാകുന്ന വിഷമം മനസ്സിലാക്കുന്നില്ല?
ഞാൻ അകന്ന് നിൽക്കുമ്പോ എന്റെ അമ്മയ്ക്കും നോവുന്നുണ്ടാകും എന്ന് അവരെന്തേ ചിന്തിക്കുന്നില്ല….?
മകനോട് അവർക്ക് എത്ര സ്നേഹം ഉണ്ടോ അതേ സ്നേഹം എന്നോട് എന്റെ മാതാപിതാക്കൾക്കും ഉണ്ടാകുമെന്ന് അവരെന്തേ ഓർക്കാതെ പോകുന്നു…?
അവരും ഒരു മകൾ ആയിരുന്നില്ലേ? അവരും ഒരു മരുമകൾ ആയിരുന്നില്ലേ? എന്നിട്ടും അവർക്ക് എന്നെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്?
വിവാഹിതയായി ഭർതൃവീട്ടിലേക്ക് വരുന്ന ആദ്യ നാളിൽ ഒരു പെണ്ണിന്റെ മനസ്സ്, ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെത് പോലെ തന്നെയാകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്നും ഒന്നും അറിയാത്ത അവസ്ഥ. എങ്ങോട്ട് പോകണം? എന്ത് ചെയ്യണം? എങ്ങനെ പെരുമാറണം? അങ്ങനെ അങ്ങനെ….
അറിയായ്കകൾ മാത്രമാകും അവളിൽ ഉണ്ടാവുക.
അതിലുമേറെ അത് വരെ ജീവിച്ച സാഹചര്യത്തിൽ നിന്നും, ഏറ്റവും അധികം സ്നേഹിച്ച മാതാപിതാക്കളിൽ നിന്നുമുള്ള അകൽച്ച അവളുടെ മനസ്സിനേറ്റുന്ന നോവ് അവളെ തളർത്തുന്നുമുണ്ടാകും…..
ആശങ്കയും കൗതുകവും ഭയവും സമ്മിശ്രമായി നിറഞ്ഞ മനമോടെയാകില്ലേ അവൾ ജീവിതത്തിന്റെ പുതിയ അദ്ധ്യായം തുറക്കുന്നത്? ആ അപരിചിതത്വത്തിൽ നിന്നും പരിചിതത്വത്തിലേക്ക് അവളെ കൈ പിടിച്ചു നടത്തേണ്ടുന്ന ഉത്തരവാദിത്വം ആ വീട്ടിലെ ഓരോരുത്തർക്കുമില്ലേ? അവളുടെ ഭർത്താവിൽ മാത്രമായി ആ ഉത്തരവാദിത്തം ഒതുങ്ങുന്നത് എങ്ങനെയാണ്?
ഇതും എന്റെ വീടാണ് എന്ന് ചിന്തിക്കാനുള്ള ഒരു സാഹചര്യം ഒരുക്കികൊടുത്താൽ ആ വീട്ടിൽ ഉള്ളവരെയും അവൾ സ്വന്തമായി കരുതിക്കോളില്ലേ?
അവൾക്കും ഉണ്ടാകും ഒരു നൂറായിരം ഇഷ്ടങ്ങൾ…..
അവൾക്കും ഉണ്ടാകും ഒരു കടലോളം സ്വപ്നങ്ങൾ…..
പുതിയ വീട്ടിലേക്ക്, പുതിയ സാഹചര്യങ്ങളിലേക്ക് വലത് കാൽ വച്ച് കയറുമ്പോൾ അതിൽ കുറെയെങ്കിലും മാറ്റാൻ മനസാലേ തയാറായിട്ടുണ്ടാകും അവൾ. കുറച്ചെങ്കിലും ഉപേക്ഷിച്ചിട്ടും ഉണ്ടാകും.
അത് പോലെ കുറച്ചു മാറ്റങ്ങൾക്കും വിട്ട് വീഴ്ചകൾക്കും ആ വീട്ടുകാരും തയാറാകണ്ടേ?
പുതുതായി ജീവിതത്തിലേക്ക് കടന്ന് വരുന്നൊരു പെൺകുട്ടിക്ക് അത്രയേ വേണ്ടൂ…. അവളുടെ ഇഷ്ടങ്ങൾ കൂടി ഒന്ന് പരിഗണിച്ചു നോക്കൂ… അവളുടെ താല്പര്യങ്ങൾ കാണാൻ ശ്രമിച്ചു നോക്കൂ…. അവളെ ആ വീട്ടിലെ ഒരംഗമായി അംഗീകരിച്ചു നോക്കൂ….
അവൾ ഉറപ്പായും നിങ്ങളെ സ്നേഹിക്കും…
അവൾ സ്വയം നിങ്ങളെ അച്ഛനായും അമ്മയായും കാണും.
ആരും പറയാതെ തന്നെ….!
🦋 🦋 🦋 🦋 🦋
🦋🦋🦋🦋🦋🦋
എത്രയൊക്കെ സ്നേഹിച്ചാലും അമ്മായിയമ്മമാരെ ശത്രുവായി കാണുന്ന മരുമക്കളും കുറവല്ല….
അത് പോലെ എല്ലാ അമ്മായിയമ്മമാരും ഈ കഥയിലെത് പോലെയും അല്ല….
അതും പറയണമല്ലോ അല്ലേ? 😁
പിന്നെ മറ്റൊരു കാര്യം ഇത് മരുമകളുടെ pov യിൽ എഴുതുന്ന കഥയാണ്. അത് കൊണ്ടാണ് ഇങ്ങനെ. 😌