23/04/2026

മരുമകൾ : ഭാഗം 17 & 18

രചന – ഗംഗ ശലഭം

ആരോ ചേർന്നിരിക്കുന്നത് അറിഞ്ഞാണ് ഞെട്ടിപ്പിടിഞ്ഞ് കണ്ണ് തുറന്നത്. എന്റെ മുഖത്തിന്റെ തൊട്ടരികെ ഹരിയേട്ടന്റെ മുഖം. എന്റെ തൊട്ടടുത്ത ചെയറിൽ ഇരിക്കുന്ന ആളിന്റെ കണ്ണ് ഞാൻ എഴുതിയ കവിതയിലാണ്.

“താൻ കവിതയൊക്കെ എഴുതുമോ?”

ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചാണ് ചോദ്യം.
എന്റെ ഹൃദയം പഞ്ചാരി മേളം തുടങ്ങി.
നാവ് വരണ്ടുണങ്ങി പോയി. മറുപടി പറയാൻ ഒക്കുന്നില്ല.

നാശം പിടിക്കാൻ… ഹരിയേട്ടൻ അടുത്ത് ചേർന്ന് നിക്കുമ്പോ ഞാൻ എന്തിനാണാവോ ഇങ്ങനെ വിറയ്ക്കണത്?

എന്റെടേയ്…. ഇത് നിന്റെ കാമുകനല്ല. ഭർത്താവാ… ഒന്ന് തൊട്ടാലോ പിടിച്ചാലോ ഉമ്മ വച്ചാലോ ഒന്നും കുഴപ്പമില്ലന്നേ…

ഞാൻ എന്നെത്തന്നെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി. എവിടെ…? കയ്യും കാലും കിടന്ന് വിറയലോട് വിറയൽ…..

ഞാൻ നിവർന്നിരുന്നു. ഹരിയേട്ടൻ കൈമുട്ട് ടേബിളിൽ കുത്തി താടിയിൽ കൈ കൊടുത്തിരുന്ന് എന്നെ തന്നെ നോക്കുന്നു. എന്റെ മേലുള്ള പിടിവിട്ടിട്ടില്ല.
എന്റെ വെപ്രാളം കൂടി വന്നു…. പക്ഷേ എന്നെ നോക്കിയിരിക്കുന്ന ആളിനിപ്പോൾ തീരെ വെപ്രാളമില്ല…. ചമ്മലും…

“കവിത കൊള്ളാട്ടോ….. നന്നായിട്ടുണ്ട്. ”

എന്റെ അവസ്ഥ മനസ്സിലായത് കൊണ്ടാവണം… ഒരു ചിരിയോടെ നോട്ടം മാറ്റി. പിടി വിട്ടു….

ഞാൻ ഒന്ന് നീട്ടി ശ്വാസം എടുത്തു.

“അത്രയ്ക്കൊന്നുമില്ല. വെറുതെ എഴുതിയതാ… ബോർ അടിച്ചപ്പോ…”

ഇത്തിരി ശബ്ദമേ പുറത്ത് വന്നുള്ളൂ…

“താൻ എഴുതെടോ… ബെസ്റ്റ് ചൂസ് ചെയ്തു നമുക്ക് പബ്ലിഷ് ചെയ്യാന്നെ….”

ഞാൻ ആളിനെ ഒന്ന് സൂക്ഷിച്ചു നോക്കി. തമാശയാണോ? അതോ കളിയാക്കിയതോ?

“നോക്കണ്ട… കളിയാക്കീതല്ല… സീരിയസായിട്ട് പറഞ്ഞതാ…’

ആളെന്നെ നോക്കി കണ്ണ് ചിമ്മി. എനിക്കും ചിരി വന്നു.

” അല്ല ദേവുവേ… കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരാഴ്ചയ്ക്ക് പുറത്തായി. ഇപ്പോഴും തനിക്കെന്നെ പേടിയാ?”

ചിരിയോടെയാണ് ചോദ്യം എങ്കിലും ആളത് ചോദിക്കുന്നത് കേട്ടപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി. ഹരിയേട്ടൻ പറഞ്ഞതിൽ ചെറിയ സത്യം ഇല്ലാതില്ലല്ലോ? പേടിയല്ല…. വല്ലാത്ത ഒരു പരവേശം…. എങ്ങനെയാ ഞാനത് ആളിനോട് പറയേണ്ടത്?

“ഞാൻ നിന്നെ പിടിച്ചു തിന്നുവൊന്നും ഇല്ലെന്റെ ദേവൂ….”

താൻ ‘നീ’ യായി… കൂടെ ‘എന്റെ ദേവു’വും….

എനിക്കാ മുഖത്ത് നോക്കാനേ പറ്റുന്നില്ല….

” എന്നാൽ പേടി മാറ്റാൻ നമുക്കൊരു ട്രിപ്പ് പോയാലോ? കല്യാണം കഴിഞ്ഞാൽ ഹണിമൂൺ ട്രിപ്പ് പോകണം എന്നാണല്ലോ പ്രമാണം?”

എന്റെ മുഖത്തെ ഭാവങ്ങൾ അറിയാനെന്ന പോലെ നോക്കിയിരിപ്പുണ്ടവിടെ.

ഞാൻ തല ഉയർത്തി നോക്കി. കൂടെ തലയും ആട്ടി. അത് കഴിഞ്ഞാണ് ഞാൻ തലയാട്ടി സമ്മതിച്ചു എന്ന് എനിക്ക് തന്നെ മനസ്സിലായത്.

സത്യത്തിൽ എനിക്ക് യാത്രകളോട് ഭയങ്കര ഇഷ്ടമാണ്. അമ്മയും മീനും മാമിയും ഒക്കെക്കൂടെ ഇടയ്ക്ക് അമ്പലങ്ങളിൽ പോകാറുണ്ട്. ആറ്റുകാലും പത്മനാഭസ്വാമി ക്ഷേത്രത്തിലും കരിക്കകത്തും ഒക്കെ….

ബസിൽ അര മുക്കാൽ മണിക്കൂർ യാത്ര. അതുപോലും ഞാൻ ആസ്വദിക്കാറുണ്ട്. സൈഡ് സീറ്റ് കിട്ടിയാൽ, സീറ്റിന്റെ കമ്പിയിൽ തല മുട്ടിച്ചിരുന്ന് പുറത്തെ കാഴ്ചകളിൽ കണ്ണ് നാട്ടിരിക്കാൻ എനിക്ക് വല്ലാത്ത ഇഷ്ടമാണ്. അതുകൊണ്ടാവണം ഞാൻ പോലും അറിയാതെ സമ്മതിച്ചു പോയത്.

” എന്നാൽ നെക്സ്റ്റ് വീക്ക് പോകാം? രാജേഷും വൈഫും കൂടി കാണും. അവരും ന്യൂലി മാരീഡ് അല്ലെ? ഇതേ വരെ ഒരിടത്തും പോയിട്ടില്ലാന്ന്…. രാജേഷിന്റെ കാറിൽ പോകാം.”

ഞാൻ അതിനും തലയാട്ടി.

“തനിക്ക് എന്തെങ്കിലും സജഷൻ ഉണ്ടോ? എവിടെ പോകണമെന്ന്….?”

“അങ്ങനെ ഒന്നൂല്ല….”

” കൊടൈക്കനാൽ പോയാലോ?”

“മ്മ്…”

ഞാൻ അതിനും തലയാട്ടി. അല്ലാതെ അഭിപ്രായം പറയാൻ എനിക്ക് എന്തെങ്കിലും അറിയണ്ടേ? കൊടൈക്കനാൽ, ഊട്ടി, മൂന്നാർ എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ….

*****

ഹരിയേട്ടൻ തന്നെയാണ് അമ്മയോട് സംസാരിച്ചത്. അമ്മ എന്ത് പറഞ്ഞു എന്ന് അറിയില്ല. എന്തായാലും കൊടൈക്കനാൽ ട്രിപ്പ് ഫിക്സ് ചെയ്തു. നെക്സ്റ്റ് വീക്ക് പോകും. രണ്ടു ദിവസത്തെ ട്രിപ്പ്.

ആ സന്തോഷം പറയാനാണ് മീനൂനെ വിളിച്ചത്. എന്റെ അമ്മയെ ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു.

വിളിച്ചപ്പോ ആ പെണ്ണിന് ഒടുക്കത്തെ ജാഡ. ഞാൻ ഇന്നലെ അവളെ വിളിച്ചില്ല പോലും…!

കാര്യം, അവളിന്നലെ എന്നെ വിളിച്ചിരുന്നു. അന്നേരം ഞാൻ അടുക്കളയിൽ കറിക്ക് അരച്ചോണ്ട് നിന്നത് കൊണ്ട് എടുത്തില്ല.

ഹരിയേട്ടന്റെ അമ്മയ്ക്ക്, നമ്മൾ എന്തെങ്കിലും ഒരു ജോലി ചെയ്തോണ്ട് നിന്നാൽ അത് പകുതിക്ക് ഇട്ടിട്ട് പോകുന്നത് തീരെ ഇഷ്ടമല്ല.

രണ്ട് ദിവസം മുൻപ് വരാന്ത തൂത്തോണ്ട് നിന്നപ്പോ എന്നെ വീട്ടീന്ന് അമ്മ വിളിച്ചു. കുറച്ചു നേരം സംസാരിച്ചിട്ടാണ് ഞാൻ കാൾ കട്ടാക്കിയത്. തിരികെ വരും വരെ ചൂല് വരാന്തയിൽ വച്ചിരുന്നു. മൂലയിൽ ഒതുക്കി തന്നെയാ വച്ചിരുന്നത്. എന്നിട്ടും അമ്മയ്ക്ക് അത് പിടിച്ചില്ല.

അമ്മ മുഖം വീർപ്പിച്ചിരുന്നിട്ടും എനിക്കതിന്റെ കാര്യം മനസ്സിലായില്ല. പിന്നീട് എപ്പോഴോ അച്ഛനോട് പറയുന്നത് കേട്ടു. എന്നെ എന്റെ അമ്മ നല്ലതൊന്നും ശീലിപ്പിച്ചിട്ടിലാത്രേ…. എന്തെങ്കിലും ചെയ്തോണ്ട് നിന്നാൽ അത് പകുതിക്ക് ഇട്ടിട്ട് പോവൂന്ന്…

അതോടെ ഒന്ന് മനസ്സിലായി. നമ്മളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായാലും അമ്മയത് നേരിട്ട് പറയില്ല. നമ്മൾ ഊഹിച്ചെടുത്തോണം.

അടുക്കളയിൽ അരച്ചോണ്ട് നിക്കുമ്പോ മീനൂന്റെ കാൾ എടുത്താൽ, ‘അടുക്കളയിൽ ആണ് പിന്നെ വിളിക്കാമെന്ന്’ അവളോട് പറയണം. ഇല്ലേൽ അവൾ മണിക്കൂറുകളോളം കത്തി വച്ച് കൊന്ന് കളയും. പകുതി അരച്ചു വച്ചിട്ട് പോയാൽ അമ്മയ്ക്ക് അതൊട്ട് ഇഷ്ടപ്പെടുകേം ഇല്ല.

അവിടെ വച്ചെങ്ങാനും കാൾ എടുത്ത് അങ്ങനെ അവളോട് പറയാമെന്നു വച്ചാലോ? അവള് ഫോണിൽ കൂടി അമ്മയെ ചീത്ത വിളിക്കാനും മതി.

അമ്മിക്കല്ലിലാ അരയ്ക്കുന്നെന്ന് പറഞ്ഞപ്പോ “ആ അമ്മിക്കല്ലെടുത്ത് നിന്റെ അമ്മായീടെ തലയ്ക്കടിയെടി” എന്ന് പറഞ്ഞ മുതലാ അത്.

എന്റെ ഫോണിന്റെ സ്പീക്കർ ആണേൽ വല്ലാത്ത ജാതിയാ… പറയുന്നത് ലൗഡ് സ്പീക്കറിൽ ഇടാതെ തന്നെ അടുത്ത് നിൽക്കുന്ന സകലർക്കും കേൾക്കാം.

നാക്കിനു ലൈസൻസ് ഇല്ലാത്ത അവൾ എന്തെങ്കിലും പറഞ്ഞാ… അത് അമ്മ കേട്ടാ… വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്? അതോണ്ട് ഞാൻ എടുത്തില്ല. പിന്നെ വിളിക്കാമെന്ന് കരുതിയത് മറന്നും പോയി. അതാണ്‌ ഇപ്പൊ ഈ പിണക്കം. ചിലപ്പോഴൊക്കെ കൊച്ച് പിള്ളേരെപ്പോലെയാ പെണ്ണ്…

ആശാത്തീടെ പിണക്കം മാറ്റിയെടുക്കാൻ അധികം കഷ്ട്ടപ്പെടേണ്ടി വന്നില്ല. ട്രിപ്പിന്റെ കാര്യം പറഞ്ഞപ്പോഴേ ആള് ഹാപ്പിയായി.

“ഹെയ്… കൊടൈക്കനാലാ? വല്ല സിങ്കപ്പൂരോ മലേഷ്യയോ വല്ലോം പറയെടീ….”

കൊടൈക്കനാൽ എന്ന് കേട്ടപ്പോ അവൾക്ക് പുച്ഛം.

“എടീ…. നിനക്ക് പുതിയ ഡ്രസ്സ്‌ വല്ലോം വാങ്ങിത്തന്നോ ഹരിയേട്ടൻ?”

“ഇല്ല.”

“എന്നാൽ വാങ്ങിത്തരാൻ പറ.”

“എനിക്കിപ്പോ എന്തിനാ പുതിയത്?”

ഇവളിത് എന്തൊക്കെയാ പറയുന്നത്?

“എടി പൊട്ടി… നിന്റെ ആ ഭൂലോക പിശുക്കൻ തന്തപ്പടി ആണ്ടിലൊരിക്കൽ വാങ്ങിത്തരുന്ന ഡ്രസ്സ്‌ ഒക്കെ ഇപ്പൊ ഏത് കോലത്തിൽ ആയിട്ടുണ്ടാകുമെന്ന് എനിക്കറിയാം. നിങ്ങടെ കൂടെ വേറൊരു ഫാമിലി കൂടി ഉണ്ടാകുമെന്നല്ലേ പറഞ്ഞത്? ആ നരച്ച ഡ്രെസ്സുകളിൽ ഏതെങ്കിലും ഇട്ടോണ്ട് പോയാലേ നിങ്ങടെ കൂടെ വരുന്നവർ നീ ഏതോ അമ്മച്ചി ആണെന്ന് കരുതി നിന്നെപ്പിടിച്ചു വല്ല വൃദ്ധസദനത്തിലും കൊണ്ടിടും….”

അവൾ പറഞ്ഞപ്പോഴാ ഞാനും അതേക്കുറിച്ച് ആലോചിക്കുന്നത്.

എനിക്ക് നല്ല ഡ്രസ്സ്‌ എന്ന് പറയാൻ ആകെ ഒരെണ്ണമാണുള്ളത്. കല്യാണം അടുപ്പിച്ചു മാമി, മീനൂന്റെ അമ്മ, വാങ്ങിത്തന്നത്. ബാക്കി ഏതാണ്ട് എല്ലാം നിറം മങ്ങിയതാണ്.

ഇത്തിരി നല്ലത് ഉള്ളത് ഒന്ന് രണ്ടെണ്ണം ആകട്ടെ സാരിയും. അതും ഉടുത്ത് എങ്ങനെ ട്രിപ്പ് പോകും? രാജേഷേട്ടനും ആതിരയും കാണുമല്ലോ കൂടെ…. ഹരിയേട്ടനോട് പുതിയ ഡ്രസ്സ്‌ വാങ്ങാൻ പറയാനും വല്ലാത്ത മടി തോന്നി.

” എടീ…. അത് ഞങ്ങൾ പരിചയം ആയി വരുന്നല്ലേ ഉള്ളൂ…. അതാ എനിക്ക് ഒരു ചമ്മല്….”

” ഹാ… എന്നാ നിങ്ങള് ഒരു രണ്ട് രണ്ടര വർഷം കഴിഞ്ഞു ഹണിമൂൺ പ്ലാൻ ചെയ്‌താൽ മതിയാരുന്നല്ലോ? അതാവുമ്പോ നിങ്ങള് നല്ല കമ്പനീം ആകും ഭാഗ്യം ഉണ്ടേൽ നിങ്ങടെ കുട്ടിയേക്കൂടി കൊണ്ട് പോകേം ചെയ്യാം. ഹണിമൂണിന് കൊച്ചിനേം കൊണ്ട് പോകുന്നത് വെറൈറ്റി അല്ലെ? എങ്ങനുണ്ട്? ”

അവൾക്ക് കളിയാക്കൽ…

അവൾടൊരു തമാശ…!
ഞാൻ പിണക്കം നടിച്ചു കാൾ കട്ടാക്കി.

*********

പിറ്റേന്ന്…..

” എല്ലാ മലയാള മാസവും ഒന്നാം തീയതി ഞാൻ സദ്യ ഉണ്ടാക്കും. പണ്ട് തൊട്ടേ ഉള്ള ശീലമാണ്. എന്റെ അമ്മയും ഉണ്ടാക്കാറുണ്ടായിരുന്നു. സദ്യ നല്ല സമൃദ്ധമായിട്ടുള്ള ആഹാരമല്ലേ? ഒന്നാം തീയതി സദ്യ ഉണ്ടാൾപിന്നെ ആ മാസം മുഴുവൻ നല്ല സമൃദ്ധി ഉണ്ടാവൂന്നാ…. ”

ഞാൻ ഇങ്ങനെ ഒന്ന് കേട്ടിട്ടേ ഉണ്ടായിരുന്നില്ല. ഇതിപ്പോ അമ്മേടെ കണ്ട് പിടുത്തം ആണോ ആവോ?

എന്റെ വീട്ടിൽ ആണേൽ എന്തെങ്കിലും വിശേഷ ദിവസം അല്ലാതെ സദ്യ ഉണ്ടാക്കാറേയില്ല. അത് തന്നെ അച്ഛൻ കരഞ്ഞു കരഞ്ഞാണ് പച്ചക്കറിയൊക്കെ വാങ്ങിക്കൊണ്ട് വരുന്നത്. അച്ഛനും അച്ഛമ്മയ്ക്കും ഒരു മീൻ കറി ഉണ്ടേൽ പിന്നേ വേറെ ഒന്നുമേ വേണ്ട.

ഇന്ന് മലയാള മാസം ഒന്നാം തീയതിയാണേ… രാവിലെ ഇഡ്ഡലിയും സാമ്പാറും ആയിരുന്നു. ഉച്ചയ്ക്ക് എന്തൊക്കെ കറിക്ക് വേണ്ടി തേങ്ങ ചിരകണം എന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞതാണ്. ഇന്ന് സദ്യ ആണത്രേ…

പരിപ്പ്, സാമ്പാർ, അവിയൽ, കിച്ചടി, തോരൻ, അച്ചാറുകളും പിന്നെ ഏതെങ്കിലും ഒരു തരം പായസവും. പായസം ഹരിയേട്ടൻ ഊണ് കഴിക്കാൻ ഉണ്ടെങ്കിൽ മാത്രം.

ഹരിയേട്ടനിന്ന് ഗവണ്മെന്റ് ആർട്സ് കോളേജിൽ വച്ച് പേപ്പർ വാല്യുവേഷൻ ക്യാമ്പ് ആണ്. അത് കൊണ്ട് ഉച്ചയ്ക്ക് ഇങ്ങ് ഉണ്ണാൻ വരും. ഹരിയേട്ടൻ ഉണ്ണാൻ ഉള്ളത് കൊണ്ട് പായസം കൂടി ഉണ്ടാക്കാമെന്ന്. ഇല്ലെങ്കിൽ അത് അമ്മ ഒഴിവാക്കും.

********

തേങ്ങ ചിരകി കറികൾക്കൊക്കെ അരച്ചു വച്ചപ്പോ അമ്മ ഏത്തൻ പഴം എടുത്തോണ്ട് വന്നു. പഴം പായസം ഉണ്ടാക്കാൻ. എന്നോട് കുറച്ചു തേങ്ങ കൂടി ചിരകി പാലെടുക്കാനും പറഞ്ഞു.

” എല്ലാ പായസോം ഉണ്ടാക്കാൻ അറിയാം എനിക്ക്. അച്ഛന്റെ വീട്ടുകാരൊക്കെ വരുമ്പോ എന്റെ പായസം കുടിച്ച് ഇഷ്ടപ്പെട്ടിട്ട് അതിന്റെ റെസിപ്പിയും കൂടി ചോദിച്ചിട്ടാ പോകുന്നത്.”

ഒരു തേങ്ങ പൊട്ടിച്ച് അമ്മിക്കല്ലിന്റെ പുറത്തേക്ക് വച്ച് കൊണ്ട് അമ്മ പറഞ്ഞു. തള്ളിയത് ആണോ ആവോ?

ഞാൻ തേങ്ങ ചിരകി മിക്സിയിൽ ഒന്ന് കറക്കി ഒന്നാം പാല് എടുത്തു. പിന്നീട് രണ്ടാം പാലും. അത് കഴിഞ്ഞാണ് അമ്മ എടുത്തു വച്ചേക്കുന്ന പഴം ഞാൻ ശ്രദ്ധിക്കുന്നത്. നല്ല പഴുത്തിട്ടില്ല. ഏത്തൻ പഴം പഴുത്തു വരുമ്പോൾ ചെറിയൊരു പുളിപ്പുള്ള പരുവം ഇല്ലേ? ആ പരുവത്തിലുള്ള മൂന്ന് പഴം.

എന്റെ വീട്ടിൽ ആണേൽ നല്ല പഴുത്ത പഴമേ അമ്മ എടുക്കാറുള്ളൂ… ഇല്ലേൽ പായസത്തിന് പഴത്തിന്റെ പുളിപ്പ് രുചി വരും എന്നാ പറയാറ്.

“ഈ പഴം കൊള്ളായിരിക്കോ അമ്മാ… നല്ല പഴുത്ത പഴമല്ലേ എടുക്കുന്നെ?”

ഞാൻ ചോദിച്ചു.

” ഞാൻ എന്താ ആദ്യമായിട്ടാ ഉണ്ടാക്കുന്നെ…? എനിക്കറിഞ്ഞൂടെ? ഇതാണ് നല്ലത്. കുറച്ചു കൂടുതൽ ശർക്കര ഇടണോന്നെ ഉള്ളൂ…”

ഞാൻ പറഞ്ഞത് ഇഷ്ടമാകാത്തത് പോലെ അമ്മ പറഞ്ഞപ്പോ പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല.

പായസം ഉണ്ടാക്കിക്കഴിഞ്ഞ് അമ്മ എനിക്കത് കുടിക്കാൻ തന്നു. സത്യം പറയട്ടെ? ഒട്ടും നന്നായിരുന്നില്ല. തേങ്ങാപ്പാലിൽ ശർക്കര കലക്കിയത് പോലെ… എന്നിട്ടും പഴത്തിന്റെ പുളിപ്പ് എടുത്തറിയാനുണ്ട്.

ഞാൻ ഒരു കൃത്രിമ ചിരി ചിരിച്ചു കൊണ്ട് കൊള്ളാന്ന് കാണിച്ചു. പറയേം ചെയ്തു.

അമ്മയ്ക്ക് അതങ്ങ് ബോധിച്ചു. ‘കണ്ടാ ഞാൻ പറഞ്ഞില്ലേ?’ എന്ന് ചിരിയോടെ പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ്സിൽ കുറച്ചു പകർന്നെടുത്ത് അച്ഛന് കൊണ്ട് കൊടുക്കുന്നത് കണ്ടു. അങ്ങേരുടെ വിധി!

അച്ഛൻ പിന്നെ അമ്മ വിഷം കൊടുത്താലും നല്ലതെന്നേ പറയൂ… അത്രയ്ക്കും സ്നേഹമാണ് അമ്മയോട്. സ്നേഹം അല്ല… ഒരു തരം വിധേയത്വം… എന്റെ അമ്മയ്ക്ക് എന്റെ അച്ഛനോട് ഉള്ളത് പോലൊന്ന്….!

******

അടുക്കളപ്പണി ഒക്കെ ഒതുക്കിക്കഴിഞ്ഞപ്പൊ പൊന്നു വന്നു. അത് കൊണ്ട് ഉച്ച വരെ സമയം പോയതറിഞ്ഞില്ല. അവൾക്കെന്തോ ചെറിയ ജലദോഷം പോലെ… അത് കൊണ്ട് സ്കൂളിൽ വിട്ടില്ല ഒന്ന് നോക്കിക്കോണേ എന്ന് വല്യമ്മ അമ്മേ വിളിച്ചു പറഞ്ഞു.

പൊന്നു വന്നാപ്പിന്നെ അച്ഛനും ആക്റ്റീവ് ആണ്. അവര് നല്ല കമ്പനി ആണെന്ന് തോന്നുന്നു.

അമ്മ ജോലിയൊക്കെ തീർത്തു വച്ചിട്ട് വന്ന് നാരായണീയം വായിക്കാൻ തുടങ്ങി. എന്റെ ഒപ്പം കളിച്ചു കൊണ്ടിരുന്ന പൊന്നു അതോടെ എണീറ്റ് പുറത്തേയ്ക്ക് പോയി. അമ്മ വായിക്കുമ്പോ ഒച്ച ഉണ്ടാക്കാൻ പാടില്ല. ഒരിക്കൽ പൊന്നു കിടന്ന് കൂകി വിളിച്ചപ്പോ അമ്മ അവളോട് പറഞ്ഞത്രേ…

” ഞാൻ വെളീൽ പോണു. അപ്പൂപ്പന്റെ കൂടെ കളിക്കാൻ. ചേച്ചി വരണാ? ”

ഞാനും അവളോടൊപ്പം ചെന്നു.

അച്ഛൻ പുറത്ത് വീടിനോട് ചേർത്ത് കെട്ടിയിട്ടുള്ള തിണ്ണയിൽ ഇരിപ്പുണ്ട്. പൊന്നു അച്ഛന്റെ കൂടെ പോയി കളിക്കുന്നത് കണ്ടതും ഞാൻ അകത്തേക്ക് തന്നെ കയറി. വരാന്തയിൽ അമ്മ വായിക്കുന്നതും കേട്ടിരുന്നു.

കുറേ കഴിഞ്ഞപ്പോ പുറത്ത് എന്തോ കശപിശ. ഞാൻ ഇറങ്ങി നോക്കി. പൊന്നു അച്ഛന്റെ കൈ പിടിച്ചു വച്ച് നുള്ളുന്നു… അടിക്കുന്നു…. അച്ഛന്റെ കൈലിയിൽ പിടിച്ചു വലിക്കുന്നു. ആകെ ബഹളം.

ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങിയതും അച്ഛനുണ്ട് തിരികെ പൊന്നൂന്റെ കൈയ്യിൽ പിടിച്ച് അവള് നുള്ളിയ പോലെ നുള്ളി കൊടുക്കുന്നു. കൊച്ച് വേദനിച്ചു മുഖം ചുളിച്ചു. എന്നിട്ടും അവളപ്പൊ കരഞ്ഞില്ല.

” ഒണ്ടാ…? ഒണ്ടാ…? ഇപ്പ വേദന ഒണ്ടാ…? ഹാ… ഇതേപ്പോലെ തന്നെ എനിക്കും നൊന്തത് കേട്ടാ…?”

അച്ഛൻ കൊച്ചിന്റെ കൂടെ പറയുവാണ്.

എനിക്ക് അത് കേട്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയി. എഴുപത് വയസ്സാണെങ്കിലും എഴിന്റെ കൂടി പക്വത ഇല്ലേ അച്ഛന്….?

അതൊരു കൊച്ച് കുട്ടിയല്ലേ?
വെറുതെയല്ല പ്രായമായാൽ പിള്ളേരെപ്പോലെ ആകുവെന്ന് പറയുന്നത്.

അതൊക്കെ എന്റെ അച്ഛമ്മ. എൺപത് കഴിഞ്ഞു. എന്നാലും കുശുമ്പിനും കുന്നായ്മയ്ക്കും ഒരു കുറവും ഇല്ല. ഇങ്ങനെ കൊച്ച് പിള്ളാരോട് കളിക്കുന്നത് കണ്ടിട്ട് കൂടി ഇല്ല.

ഇവിടെ അച്ഛനും അത്ര മോശമൊന്നുമല്ല. പാവം പോലെ നിന്നിട്ട് ഏഷണി പറയുന്ന ചില അമ്മൂമ്മമാരുണ്ടല്ലോ? അച്ഛന് ഏതാണ്ട് ആ സ്വഭാവം ആണെന്നാ ഈ കുറഞ്ഞ ദിവസം കൊണ്ട് എനിക്ക് തോന്നിയത്. പിന്നേ ഓരോരുത്തരെയും മനസ്സിലാക്കി വരുന്നല്ലേയുള്ളൂ…

എന്നാലും കൊച്ച് പിള്ളേരെ കാണുമ്പോ അച്ഛൻ അവരെക്കാളും ചെറുതാകുമെന്ന് തോന്നുന്നു.

പൊന്നു അപ്പോഴേക്കും കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി വന്നു. പിന്നേ എന്റെ കൂടെയായി കളി.

കുറേ നേരം ഞാനും അവളുടെ കൂടെ കൂടി. കളറിങ് ബുക്കും ക്രയോണും കൊണ്ടാണ് പൊന്നു വന്നത്. അവൾക്ക് ബുക്കിൽ കളർ ചെയ്യണ്ട. ഞാൻ പടം വരച്ചു കൊടുക്കും. അവളത് കളർ ചെയ്യും. കുറച്ചു കഴിഞ്ഞപ്പോ പൂജ്യം വെട്ടിക്കളിയായി.

അവൾക്ക് മടുത്തിട്ടും എനിക്ക് മടുത്തില്ല. അവളുടെ കൂടെ കൂടി ഞാനും കുഞ്ഞായത് പോലെ.

ഉച്ച അടുപ്പിച്ച് പൊന്നു പോയി. വല്യമ്മ അവളോട് ചെല്ലാൻ പറഞ്ഞ് അമ്മേ ഫോൺ വിളിച്ചിരുന്നു. ഞാൻ തന്നെ ഗേറ്റ് വരെ കൊണ്ടാക്കി.

തിരികെ വന്നപ്പോ നല്ല ദാഹം. കുറച്ചു വെള്ളം കുടിക്കാമെന്ന് കരുതിയാണ് അടുക്കളയിലേക്ക് ചെന്നത്.

പായസം അടച്ച് വച്ച പത്രത്തിന്റെ പുറത്ത് അതാ ഇരിക്കുന്നു ഒരു പല്ലി…!
അടപ്പിന് പുറത്ത് വീണ പായസത്തിന്റെ തുള്ളികൾ അകത്താക്കുകയാണ് ആശാൻ.

കരണ്ടി പായസത്തിനകത്ത് കിടപ്പുണ്ട്. അത് കൊണ്ട് അടപ്പ് കുറച്ചു തുറന്നാണ് ഇരിക്കുന്നത്. പ്ളേറ്റിൽ തട്ടി അതിനെ ഓടിക്കാമെന്ന് കരുതിയാൽ ഇനിയീ പല്ലി എങ്ങാനും അതിനാത്തോട്ട് കേറിയാലോ?

ഞാൻ പതിയെ പായസപ്പാത്രത്തിന്റെ മുകളിലെ അടപ്പ് ആ പല്ലിയോടെ എടുത്തു പൊക്കി. ഇപ്പുറത്തെ സൈഡിലേക്ക് തട്ടാൻ ഒരുങ്ങിയതും ആ നശിച്ച പല്ലി തിരിഞ്ഞു പാത്രത്തിനകത്തേക്ക് ഒറ്റ ചാട്ടം!
കൃത്യം പായസത്തിൽ തന്നെ…!

തലയിൽ ആരാണ്ടോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് ഒരു നിമിഷത്തേക്ക് എനിക്ക് തോന്നിയത്.

” അങ്ങോട്ട് കോരിയെടുത്തു കള പെണ്ണെ…! കണ്ണും മിഴിച്ച് നിക്കാതെ…!”

എനിക്ക് പിറകെ അടുക്കളയിലേക്ക് വന്ന അമ്മ ഇത് കണ്ട് ഒരലർച്ച…..

ഞാൻ സ്തംഭിച്ചു പോയി.

***********

🦋 മരുമകൾ 🦋 18

“ഇത് കൊണ്ടാ ഞാൻ നിന്നെയൊന്നും എന്റെ അടുക്കളേൽ കേറ്റാത്തത്….

മിഴിച്ചു നിക്കാതെ അങ്ങോട്ട് എടുത്തു കളയാൻ. എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്നറിയാമോ അത്?”

അമ്മേടെ ഒച്ച പിന്നെയും ഉയർന്നു.

ഞാൻ പെട്ടെന്ന് തന്നെ പായസത്തിൽ കിടന്ന കരണ്ടി എടുത്തു നീന്തി തുടങ്ങിയ പല്ലിയെ എങ്ങനെയൊക്കെയോ കോരി എടുത്തു. കരണ്ടീം കൊണ്ട് പുറത്തേയ്ക്ക് ഓടാൻ തുടങ്ങീതും ആ പല്ലി തറയിലോട്ട് ചാടി ഓടിക്കളഞ്ഞു.

” എന്ത് നല്ല പായസമായിരുന്നു? അച്ഛന് നല്ല ഇഷ്ടപ്പെട്ടതാ… ഉച്ചയ്ക്ക് കൂടുതൽ കുടിച്ചോളാമെന്ന് പറയേം ചെയ്തു… ഞാൻ ഇനി വേറെ ഉണ്ടാക്കാനൊന്നും പോണില്ല. ഇത് തന്നേ ഇന്ന് എല്ലാരും കുടിക്കൂ….! അത്രേം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ ഞാൻ ……”

അമ്മ ആരോടോ എന്നത് പോലെ പറഞ്ഞിട്ട് അടുക്കളേന്ന് ഇറങ്ങിപ്പോയി.
എനിക്ക് സഹിക്കാൻ വയ്യാത്ത പോലെ സങ്കടം വന്ന് നെഞ്ചിൽ തട്ടി.

കണ്ണ് നിറഞ്ഞു. മുറിയിൽ പോയിരുന്നപ്പോഴും ഞാൻ കരയുക തന്നെയായിരുന്നു.

മനപ്പൂർവം അല്ലല്ലോ? അറിയാതെ പറ്റിയതല്ലേ? എന്നിട്ടും എന്തിനാണമ്മ അങ്ങനെ കാണിച്ചത്? ഞാൻ എന്തോ അറിഞ്ഞോണ്ട് ചെയ്ത പോലെ…. അപ്പൊ എന്നോട് ഈ കാണിക്കുന്ന സ്നേഹം ഒക്കെ വെറുതെ ആകും അല്ലെ?

ഓരോന്ന് ഓർക്കുംതോറും പിന്നേം കരച്ചില് വന്നെനിക്ക്… അല്ലെങ്കിലും ഓവർ തിങ്കിങ് എന്റെ ഏറ്റവും വലിയ കുഴപ്പമാണ്.

കാര്യം എത്ര ചെറുതായാലും അതിനെക്കുറിച്ച് ആലോചിച്ച് ആലോചിച്ചിരുന്ന് വലിയ സംഭവമാക്കി ഇരുന്ന് കരയുന്ന പരിപാടി എനിക്ക് പണ്ടേ ഉള്ളതാ…. എത്ര മാറ്റാൻ നോക്കീട്ടും പറ്റാത്തൊരു സ്വഭാവം…
ശരിക്കും വൃത്തി കെട്ട സ്വഭാവം!

അല്ലെങ്കിൽ പിന്നെ, ഞാൻ തെറ്റ് ചെയ്തില്ലല്ലോ അപ്പൊ എന്ത് പറഞ്ഞാലും എനിക്കെന്താ എന്ന് ചിന്തിക്കാൻ എന്ത് കൊണ്ട് പറ്റുന്നില്ല…?

*****

ഹരിയേട്ടൻ വന്നപ്പോ ഒന്നേമുക്കാൽ ആകാറായിരുന്നു.

ഞാൻ അന്നേരം മുറിയിൽ ആയിരുന്നു.

” എന്ത് പറ്റി ദേവു? എന്താ മുഖം വല്ലാതിരിക്കുന്നെ? വയ്യേ നിനക്ക്?”

എന്റെ കൺ പോളകളൊക്കെ കരഞ്ഞു തടിച്ചിരുന്നു. ഹരിയേട്ടനല്ല, ആർക്കായാലും എന്നെക്കണ്ടാൽ വയ്യാന്നേ തോന്നുള്ളൂ…

എനിക്ക് കുഴപ്പം ഒന്നുമില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും വിശ്വാസം ആകാത്തത് പോലെ ആള് പിന്നെയും എന്നെ നോക്കി നിൽക്കുന്നുണ്ട്.

അപ്പോഴേക്കും അമ്മ വിളിച്ചു.

“നിനക്ക് ഇനീം പോകാനുള്ളതല്ലേ ഹരീ…? സദ്യയാ… വന്ന് കഴിക്ക്.”

ഹരിയേട്ടൻ എന്നെ ഒന്ന് കൂടി സംശയത്തിൽ നോക്കിയിട്ട് കയ്യും മുഖവും കഴുകി ഡൈനിങ് റൂമിലേക്ക് പോയി.

പിറകെ ഞാനും ചെന്നു. ഡെയിനിങ് ടേബിളിൽ ഇലയിട്ടിട്ടുണ്ട്. ഒരു കസേരയിൽ അച്ഛനും ഇരിപ്പുണ്ട്.

“കറിയൊക്കെ വിളമ്പീട്ട് മോളും കൂടി ഇരിക്ക്.”

എന്നെ കണ്ട പാടെ അമ്മ പറഞ്ഞു. മുൻപത്തെ പോലെ അവിടെ പ്രശ്നം ഒന്നും കണ്ടില്ല.

ഞാൻ കറിയൊക്കെ വിളമ്പികഴിഞ്ഞപ്പൊ അമ്മ ചോറും എടുത്തു വന്നു.

മകന് ചോറ് കൊടുക്കുന്നത് അമ്മേടെ ഡ്യൂട്ടി ആണല്ലോ? ഞാൻ ഒന്നും മിണ്ടാതെ കൈ കഴുകി വന്നിരുന്നു.

അമ്മ തന്നെ ഞങ്ങൾ മൂന്നാൾക്കും ചോറ് വിളമ്പി.

ആദ്യം പരിപ്പും സാമ്പാറിനും ഉള്ള ചോറ് കഴിച്ചു കഴിഞ്ഞത് ഹരിയേട്ടനാണ്. പിറകെ അച്ഛനും. ഞാൻ അന്നേരം സാമ്പാർ ഒഴിച്ചതേയുള്ളൂ…

അമ്മ നേരത്തെ പല്ലി വീണ അതേ പായസം എടുത്തു വന്ന് അവർക്ക് രണ്ടാൾക്കും വിളമ്പിക്കൊടുത്തു. എനിക്ക് അത് കണ്ടപ്പോഴേ ശർദ്ദിക്കാൻ വന്നു. ഞാൻ എങ്ങനെ ഹരിയേട്ടനോട് പറയും പല്ലി വീണ പായസം ആണെന്ന്?
എനിക്ക് കഴിച്ചു കൊണ്ടിരുന്ന ചോറ് തൊണ്ടയിൽ കുടുങ്ങിപ്പോയത് പോലെ വല്ലാത്ത വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.

” അല്ലമ്മ… ഇതെന്താ പതിവില്ലാത്തൊരു പായസം?”

ഹരിയേട്ടൻ പായസം ടേസ്റ്റ് ചെയ്തു കൊണ്ടാണ് ചോദ്യം.

“അത്ര നന്നായിട്ടില്ല. എന്തോ ഒരു കുഴപ്പം? ഇത് എന്ത് പായസമാ?”

പായസം ഇഷ്ടമാകാത്തത് പോലെ മുഖം ചുളിക്കുന്നുണ്ട്.

ഞാൻ അമ്മയെ നോക്കി.

ഇതിവിടെ സ്ഥിരം ഉണ്ടാക്കുന്നെയാന്നും അമ്മ ഇതിന്റെ expert ആണെന്നും ഒക്കെയല്ലേ എന്നോട് പറഞ്ഞത്.?

“എന്ത് കുഴപ്പം? ഒരു കുഴപ്പോം ഇല്ല. അച്ഛൻ പറഞ്ഞല്ലോ നല്ല സൂപ്പർ ആയിട്ടിട്ടുണ്ടെന്ന്….”

അമ്മയ്ക്ക് കുറ്റം പറഞ്ഞത് പിടിച്ചിട്ടില്ല.

“അല്ല… ഇത് എന്ത് പായസമാ?”

“പഴം… നീ എന്ത് ആദ്യായിട്ടാ കുടിക്കുന്നെ? ഞാൻ ഇത് എത്ര വട്ടം ഉണ്ടാക്കീട്ടൊണ്ട്? അപ്പോഴൊക്കെ കൊള്ളാന്നല്ലേ പറഞ്ഞിട്ടുള്ളത്?”

അമ്മ എന്നെ നോക്കാതെ ഹരിയേട്ടനോട് ചോദിക്കുന്നു. ചോദ്യത്തിലൊക്കെ ഇത്തിരി ദേഷ്യം ഇല്ലാതില്ല.

ഹരിയേട്ടൻ ആണേൽ ‘ ഇതൊക്കെ എപ്പൊ?’ എന്ന ഭാവത്തിൽ ഇരിപ്പുണ്ട്.

” ചുമ്മാ ആലോചിച്ചോണ്ടിരിക്കാതെ കഴിച്ചെണീക്ക്. നിനക്ക് പോകാനുള്ളതല്ലേ?”

അമ്മ അങ്ങനെ പറഞ്ഞതും ഹരിയേട്ടനും അതേക്കുറിച്ചൊന്നും പിന്നീട് ചോദിക്കാതെ പെട്ടെന്ന് കഴിച്ച് എണീറ്റു.

എനിക്കാണെങ്കിൽ ഹരിയേട്ടൻ ആ പായസം കൊള്ളില്ല എന്ന് പറഞ്ഞപ്പോൾ മുതൽ ആളത് കഴിക്കാതെ കളഞ്ഞിരുന്നെങ്കിൽ എന്നായിരുന്നു. പക്ഷേ ഹരിയേട്ടൻ അതു മുഴുവൻ കഴിച്ചു.

അല്ലെങ്കിലും വിളമ്പുന്ന ആഹാരം പാഴാക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതിനി ഇഷ്ടമായില്ല എന്ന് പറഞ്ഞാലും മുഴുവൻ കഴിക്കും ഹരിയേട്ടൻ.

” മക്കളും കഴിക്ക്.. നല്ല പായസമാണ്. മുഴുവൻ കഴിക്കണം.”

അമ്മ എന്റെ ഇലയിലേക്കും പായസം പകർന്നു.

എനിക്കാണേൽ ഇലയിൽ ഒഴിച്ച പായസം കണ്ടപ്പോഴേ ഓക്കാനം വന്നു.

“എനിക്ക് വേണ്ടമ്മാ… വയറു നിറഞ്ഞു.”

ഞാൻ പറഞ്ഞൊഴിയാൻ നോക്കി.

“അങ്ങനെ പറയാൻ പറ്റില്ല. സദ്യ ആയാൽ പായസം കഴിക്കണമെന്നാ… ഇല്ലേൽ വയറു കരയും…!”

ഞാൻ ദയനീയമായി അമ്മേ നോക്കി. പിന്നെ ഹരിയേട്ടനേം…

“കഴിക്കെടോ…”

ഹരിയേട്ടനും കൂടി പറഞ്ഞപ്പോ ഞാൻ ആകെ കുഴപ്പത്തിലായി. എന്ത് ചെയ്യും? കഴിക്കാനും വയ്യ കഴിക്കാതിരിക്കാനും വയ്യ.

“കഴിക്ക് മോളെ….”

അമ്മ എന്റെ അടുത്ത് കസേര നീക്കിയിട്ടിരുന്നു. ഇനിയും ഞാനത് കഴിച്ചില്ലേൽ അമ്മയത് എന്റെ വായിൽ വച്ച് തന്നാലുമായി.

വിഷം തിന്നും പോലെ ഒരു കൈ പായസം ഞാൻ വായിലേക്ക് വച്ചു. അടുത്ത തവണ കയ്യിൽ എടുത്തതും അതിൽ ദേ കിടക്കുന്നു ഒരു വറുത്ത കശുവണ്ടിപ്പരിപ്പ്…! എനിക്കത് കണ്ടപ്പോ ആ പായസത്തിൽ വീണു നീന്തിക്കളിച്ച പല്ലി ആണെന്നാ തോന്നിയത്. ഞാൻ കയ്യിൽ പായസത്തോടെ പുറത്തേക്കോടി. അന്ന് വോമിറ്റ് ചെയ്ത അതേ വാഴേടെ ചുവട്ടിലേക്ക് തന്നെ പിന്നേം വൊമിറ്റ് ചെയ്തു.

അമ്മയ്ക്ക് കാര്യം മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു കുടലുണങ്ങിയ കഥ ഇന്ന് പറയുന്ന കേട്ടില്ല.

“ഇതിന് വയറ്റിലൊണ്ടാ…? വല്ലോം തിന്നുമ്പോ ശർദ്ദിക്കുന്ന്….”

അച്ഛന്റെ ആത്മഗതം ആയിരുന്നു എന്ന് തോന്നുന്നു. പക്ഷെ ഉറക്കെ ആയിപ്പോയി.

അമ്മ അച്ഛനെ ആ പറഞ്ഞതിന് വഴക്ക് പറയുന്നുണ്ട്. കൂടെ ഹരിയേട്ടനും.

എന്തായാലും അച്ഛൻ കാണുന്നത് പോലെ അത്ര പാവമൊന്നും അല്ല എന്ന് എനിക്കിപ്പോ ഏതാണ്ടൊക്കെ ബോധ്യമായി.

പിന്നീട് എന്തായാലും പായസം കഴിക്കേണ്ടി വന്നില്ല.

ഹരിയേട്ടൻ കഴിച്ചുടനെ തന്നെ തിരികെ ക്യാമ്പിലേക്ക് പോയി. സാധാരണ ഇങ്ങനെ വരാറില്ല. ഇന്ന് പിന്നെ വാല്യുവേഷൻ ക്യാമ്പിലെ ചീഫ് ഹരിയേട്ടന്റെ ഫ്രണ്ട് ആയോണ്ട് വരാൻ പറ്റിയതാണത്രേ….

ഞാൻ പാത്രം ഒക്കെ കഴുകി വച്ച് അടുക്കളയൊക്കെ ഒതുക്കിക്കഴിഞ്ഞപ്പോക്കും മണി നാലായി. ചായയ്ക്കുള്ള പാലും കൂടി തിളപ്പിച്ച്‌ വച്ചിട്ട് റൂമിൽ തന്നെ ചെന്നിരുന്നു.

ആ പല്ലി വീണ പായസം ഒരു വായ കുടിക്കേണ്ടി വന്നത് ഓർത്തപ്പോ പിന്നെയും ഒക്കാനം വരുന്നുണ്ടെനിക്ക്.
അതിനേക്കാൾ അത് മുഴുവനും ഹരിയേട്ടൻ കുടിച്ചല്ലോ എന്നോത്തപ്പോ വല്ലാത്ത വിഷമവും. എനിക്ക് ഒന്ന് സൂചിപ്പിക്കാൻ കൂടി പറ്റിയില്ലല്ലോ?

അങ്ങനെ ഓരോന്നാലോചിച്ച് വിഷമിച്ചിരിക്കുമ്പോ ഹരിയേട്ടൻ വന്നു. വന്ന പാടെ റൂം ലോക്ക് ചെയ്തിട്ട് എന്റെ അടുത്ത് വന്നിരുന്നു.

“എന്താ ദേവൂ വയ്യേ തനിക്ക്?”

” ഒന്നുമില്ല…. ”

ഞാൻ ചിരിക്കാൻ ശ്രമിച്ചു.

എന്നിട്ടും വിശ്വാസം വരാത്തത് പോലെ ആളെന്റെ നെറ്റിയിൽ ഒക്കെ കൈ വച്ച് നോക്കി.

” എന്താ തന്റെ പ്രശ്നം?”

ഇത്തവണ ആള് സീരിയസാണ്.

” നേരത്തെ വന്നപ്പോഴും മുഖം വല്ലാതിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. അതാ ചോദിച്ചത്. എന്താണ് പ്രശ്നം എന്ന്… പ്രശ്നമെന്താണ് അറിഞ്ഞാലല്ലേ അത് സോൾവ് ചെയ്യാൻ പറ്റൂ.

നോക്ക് ദേവൂ… നമ്മൾ ഭർത്താവും ഭാര്യയുമാണ്. സന്തോഷവും അത് പോലെ പ്രശ്നങ്ങളും പരസ്പരം ഷെയർ ചെയ്യണ്ടവര്. അതോ തന്റെ പ്രശ്നം ഞാനറിയേണ്ട എന്നാണോ?എന്നെ അക്‌സെപ്റ്റ് ചെയ്യാൻ തനിക്ക് ഇനിയും പറ്റുന്നില്ലേ?”

ആ പറഞ്ഞത് കേട്ട് എനിക്ക് വിഷമം വന്നു.

“അങ്ങനെ ഒന്നുമില്ല ഹരിയേട്ടാ….”

“എന്നാൽ പറ. എന്താ പ്രശ്നം? അമ്മ എന്തെങ്കിലും പറഞ്ഞോ?”

“അത്…. ഇന്ന്… പായസം ഉണ്ടാക്കിയപ്പോ….”

“ഉണ്ടാക്കിയപ്പോ….?”

“അതില്….”

“അതില്…?”

“ഒരു…. ഒരു പല്ലി വീണു.”

ഞാൻ ഇന്നത്തെ സംഭവവികാസങ്ങളൊക്കെ വിശദമായി തന്നെ പറഞ്ഞു.

” അത്രേ ഉള്ളോ? അതമ്മയ്ക്ക് നിന്നോട് ഇഷ്ടം ഇല്ലാത്തോണ്ട് ഒന്നുമല്ലെടോ… അമ്മയ്ക്ക് ദേഷ്യം വന്നാൽ അങ്ങനാ… ആരോടായാലും.

അത് താൻ കാര്യമാക്കണ്ട. നിന്നെ അമ്മയ്ക്ക് വലിയ ഇഷ്ടമാണെന്നേ… എനിക്കറിയാം. ഇന്നലെ കൂടി എന്നോട് പറഞ്ഞതേ ഉള്ളൂ… താൻ ഒരു പാവം കൊച്ചാണെന്ന്….”

ചിരിയോടെ എന്നെ ചേർത്ത് പിടിച്ചു ഹരിയേട്ടൻ.

” അതൊക്കെ പോട്ടെ… എന്നിട്ട് അമ്മ വേറെ പായസം ഉണ്ടാക്കിയല്ലേ? ”

ഞാൻ ഒന്നും മിണ്ടിയില്ല.

” അതല്ലേ ഞാൻ നോക്കിയത്…. ഇന്ന് വരെ ഉണ്ടാക്കാത്ത പഴം പായസം ഇന്ന് ഇതിപ്പോ എന്താ ഉണ്ടാക്കിയതെന്ന്… വേറെ പായസം ഉണ്ടാക്കാനുള്ള സാധങ്ങൾ ഒന്നും ഉണ്ടായിരുന്നിരിക്കില്ല. ”

” അത്… പിന്നെ… ഹരിയേട്ടാ…. അമ്മ… വേറെ പായസം ഉണ്ടാക്കിയതല്ല…”

“പിന്നെ?”

ഹരിയേട്ടന്റെ നെറ്റി ചുളിഞ്ഞു.

“ആ പായസം…. തന്നാ…. നമ്മൾ കുടിച്ചത്….”

“എന്ന് വച്ചാ….? പല്ലി വീണതോ….?”

“മ്മ്….”

ഒരു നിമിഷം…. ഹരിയേട്ടൻ ചാടി എണീറ്റ് കണ്ണും മിഴിച്ചെന്നെ നോക്കി. ഞാൻ ദയനീയമായി ഹരിയേട്ടനെയും….!

*********

അടുത്ത പാർട്ടുമായി വൈകാതെ വരാം.