രചന – ഗംഗ ശലഭം
ഇങ്ങനെ ഒക്കെ ആണെങ്കിലും ഇടയ്ക്കൊക്കെ അമ്മയ്ക്കും അമ്മാവനും എന്നോട് സ്നേഹം കൂടും.
എപ്പോഴാണെന്നല്ലേ?
എന്നെ ആശ്രയിക്കേണ്ട അവസരങ്ങൾ വരുമ്പോഴൊക്കെ ഇല്ലാത്ത സ്നേഹം പൊട്ടി മുളയ്ക്കും രണ്ടാൾക്കും.
അന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നിട്ടും ഏതാണ്ട് ഒന്നര മാസത്തോളം ആഴ്ചയിൽ ഒരിക്കെ അച്ഛനെ ചെക്കപ്പിന് കൊണ്ടു പോകേണ്ടി വന്നിരുന്നു. ഹരിയേട്ടന് ലീവ് ഇല്ലാതിരുന്ന ഒന്ന് രണ്ട് വട്ടം ഞാനാണ് കോളേജിൽ നിന്ന് ലീവ് എടുത്ത് കൂടെ പോയിരുന്നത്.
ആ രണ്ട് തവണയും ഹോസ്പിറ്റലിൽ നിന്നും തിരികെ വരുന്നത് വരെ അങ്ങേരെന്നെ ‘മോളെ’ എന്നല്ലാതെ വിളിച്ചിട്ടില്ല. എന്റെ അറിവിൽ ഈ രണ്ട് വർഷങ്ങൾക്ക് ഇടയിൽ ആളെന്നെ മോളെ എന്ന് വിളിച്ചത് അപ്പോൾ മാത്രമാണ്.
അല്ലല്ല….
അല്ലാതെയും മോളെന്ന് വിളിച്ചിട്ടുണ്ട്. പക്ഷെ, വിളിച്ചിട്ടുള്ളപ്പോഴൊക്കെ അതിന് മുന്നില് ഞാൻ ഇതേ വരെ കേട്ടിട്ട് പോലും ഇല്ലാത്ത മുഴുത്ത ചീത്തകളും ഉണ്ടാവാറുണ്ട് എന്ന് മാത്രം….!
അത് കൊണ്ടു തന്നെ….
സ്നേഹം വഴിഞ്ഞൊഴുകിയ അമ്മാവന്റെ മോളെ വിളി കേട്ടപ്പോൾ എനിക്ക് അങ്ങേരോട് അത് വരെ തോന്നിയിരുന്ന അവജ്ഞ ഒന്ന്കൂടി കൂടുകയാണ് ചെയ്തത്.
” അച്ഛാ… ദയവ് ചെയ്ത് എന്നെ ഇങ്ങനെ ഇടയ്ക്കിടെ മോളെ മോളെ ന്ന് വിളിക്കണ്ട. അങ്ങനെ വിളിച്ചാലും ഇല്ലെങ്കിലും അച്ഛനെ ഞാൻ സുരക്ഷിതമായി വീട്ടിൽ എത്തിക്കും. ”
മോളേ വിളി അസഹ്യമായപ്പോ ഗതികെട്ടിട്ട് അന്ന് പറഞ്ഞു പോയതാണ് ഞാൻ. അതോടെ പുള്ളിക്കാരന്റെ മിണ്ടാട്ടം മുട്ടി. പഴയത് പോലെ മുഖത്ത് പോലും നോക്കാതായി.
ഒരാള് നമ്മുടെ മുന്നിൽ കാട്ടുന്ന സ്നേഹം അഭിനയം ആണെന്ന് ബോധ്യമായാൽ പിന്നെ, ആ കപട സ്നേഹത്തേക്കാൾ അവരുടെ സ്ഥായിയായ വിരോധഭാവം കാണുന്നത് തന്നെയാണ് നല്ലത്.
അമ്മായിയോടും അമ്മാവനോടും ഇങ്ങനെ പറയാനുള്ള ധൈര്യം ഒന്നും ആദ്യം എനിക്ക് ഉണ്ടായിരുന്നില്ല.
ഒരിക്കൽ ഇത് പോലെ പലതും കേട്ട് മുറിയിൽ വന്നിരുന്ന് ഹരിയേട്ടനോട് പറഞ്ഞു കരയുമ്പോ, വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. ഭ്രാന്ത് വന്നത് പോലെ മുടിയൊക്കെ പിന്നിപ്പറിച്ച് കരഞ്ഞു കൊണ്ടിരുന്ന എന്നെ ഹരിയേട്ടൻ അന്ന് ചേർത്ത് പിടിച്ചു.
” ദേവൂ… നിന്റെ വിഷമം എനിക്ക് മനസിലാവും. അവര് നിന്നെ എന്തൊക്കെയോ പറയുന്നു. തിരികെ നിനക്ക് പ്രതികരിക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടാണ് ഇതൊക്കെ.
ഇനി ഇത് പോലെ വല്ലതും കേട്ടാൽ എന്ത് ചെയ്യണം എന്നറിയാമോ? നേരിട്ട് അവരുടെ മുന്നിലേക്ക് കയറി ചെല്ലണം. എന്നിട്ട് അപ്പൊ നിനക്ക് പറയാൻ തോന്നുന്നത് എന്താണോ അത് ഒരല്പം മയത്തിൽ അങ്ങോട്ട് പറയണം. അതോടെ നീയിവിടെ വീട്ടിൽ ഉള്ളപ്പോ നിന്നെക്കുറിച്ചു കുറ്റം പറയുന്നത് അവര് നിർത്തിക്കോളും…. ”
എന്നിട്ടും ഞാനത് മുഖവിലയ്ക്കെടുത്തില്ല. നേരിട്ട് പറയാനുള്ള ബുദ്ധിമുട്ട് കൊണ്ടല്ല… മയത്തിൽ പറയാൻ പറ്റിയില്ലെങ്കിലോ? ഹാർഷ് ആയിപ്പോയല്ലോ? അതൊരു പ്രശ്നം ആയാലോ? അങ്ങനെ ഒക്കെയുള്ള ചിന്തകൾ…..
പിന്നീട് ഒരിക്കൽ ഇത് മീനുവിനോട് പറഞ്ഞപ്പോ അവളും പറഞ്ഞു…..
” ഹരി ചേട്ടൻ പറഞ്ഞത് നല്ല ഐഡിയ ആണെടി. അവര് നിന്നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുമ്പോ നീ കേറി ചെന്ന് എന്ന് വിചാരിക്ക്…. നീ കേൾക്കില്ല എന്ന് കരുതി പറഞ്ഞ ഒരു കാര്യം നീ കേട്ടതിന്റെ ഷോക്കിൽ ആയിരിക്കും അവരപ്പൊ…… അത് കൊണ്ട് അവര് അന്നേരം തിരികെ എന്തെങ്കിലും പറഞ്ഞു വഴക്കുണ്ടാക്കാനുള്ള സാധ്യത തീരെ ഉണ്ടാവില്ല.
അവരപ്പോ… ഈ അസ്…. ആസ്…. ആസ്തി….
മ്ച്ചും അങ്ങനെ എങ്ങാണ്ടോ ഒരു വാക്കുണ്ടല്ലോ? ”
” ആസ്തിയും സ്വത്തും ഒന്നുമല്ല… അസ്തപ്രജ്ഞർ… അതല്ലേ? ”
പറയണത് സീരിയസ് മാറ്റർ ആയാലും അവളുടെ സ്വഭാവം മാറാനൊന്നും പോണില്ലല്ലോ?
” ഹാ… അത് തന്നെ…. ആ പറഞ്ഞ പ്രജ്ഞർ ആയിട്ടിരിക്കണോണ്ട് അവർക്ക് ബോധം ഉണ്ടാവൂല്ലല്ലോ?
ചിലപ്പോ അതോടെ നീ വീട്ടിലുള്ളപ്പോ ഓരോന്നൊക്കെ പറയുന്നത് നിർത്തുകേം ചെയ്യും.
നമ്മൾ കേൾക്കാത്തപ്പോ എന്തോ പറയട്ടെ…. കേൾക്കുമ്പോഴല്ലേ ബുദ്ധിമുട്ട്.? അല്ലാതെ കേട്ടത് ഓരോന്നും പിന്നെയും പിന്നെയും ഓർത്തിരുന്ന് മനസ്സ് വിഷമിപ്പിച്ചിട്ട് കാര്യം വല്ലതുമുണ്ടോ? അതാകുമ്പോ നീ ഇപ്പൊ കാണിക്കുന്ന ഈ ബുദ്ധിമുട്ട് ഇത്തിരി കുറഞ്ഞും കിട്ടും. ”
മീനു കൂടി പറഞ്ഞപ്പോ ഹരിയേട്ടൻ അന്ന് പറഞ്ഞതിനെക്കുറിച്ച് ഞാൻ ഒന്ന് കൂടി ചിന്തിച്ചു. ഒടുവിലത് ശെരിയാണെന്ന് തോന്നുകയും ചെയ്തു.
അല്ലെങ്കിലും ഹരിയേട്ടനും ആ മനുഷ്യന്റെ വാക്കുകളും തന്നെയാണല്ലോ എനിക്ക് ഈ വീട്ടിൽ ജീവിക്കാനുള്ള ധൈര്യം പകർന്ന് തരുന്നതും…..
ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കാറുണ്ട്….
എന്റെ മകനെ ഞാൻ അങ്ങനെ വളർത്തി ഇങ്ങനെ വളർത്തി, അവന് വേണ്ടി അത് ചെയ്തു ഇത് ചെയ്തു, എനിക്ക് അവനെ കഴിഞ്ഞേ എന്തുമുള്ളൂ എന്ന് ആയിരം ആവർത്തി പറയുന്നവർ ശരിക്കും ആ മകനെ സ്നേഹിക്കുന്നുണ്ടോ എന്ന്…. മനസ്സിലാക്കുന്നുണ്ടോ എന്ന്…..
എന്നെ വേദനിപ്പിക്കാൻ വേണ്ടി അവര് ചെയ്യുന്ന ഓരോന്നും… പറയുന്ന ഓരോന്നും എന്നെക്കാൾ അധികം വേദനിപ്പിക്കുന്നത് ആ മനുഷ്യനെയല്ലേ?
അമ്മ എന്നെ മോശം പറയുമ്പോ ആള് വേദനിക്കുന്നുണ്ടാകും….
ഞാൻ അമ്മേടെ കുറ്റങ്ങൾ ആളിനോട് പറയുമ്പോ അന്നേരവും വിഷമിക്കുന്നുണ്ടാകും…
അതിനേക്കാളും, ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായി ഞാൻ ഇവിടെ നിന്നും ഇറങ്ങി പോയാലോ എന്നോർത്തുള്ള ടെൻഷനും ഉണ്ടാകും….
ആണുങ്ങൾക്ക് മനക്കട്ടി കൂടുതൽ ആകുമെന്നാണ് പൊതുവെയുള്ള വയ്പ്പ്… എല്ലാരുടേം കാര്യം എനിക്കറിയില്ല. പക്ഷെ എന്റെ ആളിനത് തീരെയില്ല. അത് നന്നായി അറിയുന്നത് കൊണ്ടിപ്പോ പലതും ഒരു മയത്തിലൊക്കെയേ ഞാൻ ആളിനോട് പറയാനുള്ളൂ….
പറയാതിരിക്കാൻ എനിക്ക് പറ്റാറില്ല. ആരോടെങ്കിലും പറഞ്ഞില്ലേൽ എനിക്ക് ഭ്രാന്ത് പിടിക്കില്ലേ?
പക്ഷെ എന്റത്ര പോലും അമ്മ സ്വന്തം മകനെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ് എനിക്ക് അവരോട് ഏറ്റവും അധികം സഹതാപം തോന്നുന്നത്.
അഹങ്കാരവും പൊങ്ങച്ചവും തന്നിഷ്ടവും കൊണ്ട് ഒരു കൊട്ടാരം തീർത്ത് അവിടുത്തെ റാണി ഞാനാണെന്ന് അഹംഭാവം കാട്ടി ജീവിക്കുന്നൊരു വിഡ്ഢി….! എനിക്കവരെക്കുറിച്ചിപ്പോൾ അങ്ങനെ ആണ് തോന്നുന്നത്.
മകന്റെ സ്നേഹം പകുത്തു പോകുമോ എന്ന് ഭയന്ന്….
മകൻ അവരെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുമോ എന്ന് ആധി പിടിച്ച്….
മകനെ നഷ്ടമാകുമോ എന്ന് പേടിച്ച്…..
എന്നെ മോന്റെ മുന്നിൽ മോശക്കാരിയാക്കാൻ അവരീ കാട്ടിക്കൂട്ടുന്നതൊക്കെ മകന്റെ മനസ്സിൽ അവർക്കുണ്ടായിരുന്ന സ്ഥാനം ഇടിച്ചു താഴ്ത്താനെ ഉപരിക്കൂ എന്ന് അവരെന്നെങ്കിലും മനസ്സിലാക്കുമോ?
മുൻപ് അമ്മയെ ദൈവത്തെ പോലെ കണ്ടിരുന്ന മകൻ ഇന്ന്, അമ്മക്ക് എങ്ങനെ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റുന്നു, ഇത്രയ്ക്കും ദുഷിച്ചു പോയോ അമ്മയുടെ മനസ്സ് എന്നോർത്ത് വിഷമിക്കുന്നത് കാണുമ്പോ എനിക്കവരോട് സഹതാപം മാത്രമേ തോന്നാറുള്ളൂ…..
ഏത് ആളിനെ അടക്കിപ്പിടിക്കാനാണോ അവരിങ്ങനെയൊക്കെ ചെയ്ത് കൂട്ടുന്നത്, അതേ മകൻ മനസ്സ് കൊണ്ട് അവരിൽ നിന്നും അകന്ന് പോവുകയല്ലേ ചെയ്യുന്നത്?
എന്നെങ്കിലും അവരത് തിരിച്ചറിയുമോ?
മാറി ചിന്തിക്കുമോ?
കണ്ട് തന്നെ അറിയണം…..
🦋 🦋 🦋 🦋 🦋
ഇനി ഈ രണ്ട് വർഷത്തിനിടയിൽ നടന്ന മറ്റൊരു രസകരമായ സംഭവം പറയാം.
അമ്മായിടെ കാൽ പാദത്തിൽ ആകെ വേരിക്കോസ് വെയിനുകൾ ഇങ്ങനെ തടിച്ചു കിടപ്പുണ്ട്. ഞാൻ കല്യാണം കഴിഞ്ഞ് വന്ന സമയത്തേ അതങ്ങനെ കിടപ്പുണ്ട്. എന്നിരുന്നാലും നീരൊക്കെ വന്ന് തുടങ്ങിയത് ഈയിടയ്ക്കാണ്.
അത് വേദന വച്ചു തുടങ്ങിയ ശേഷം അവര് കാലു നേരാം വണ്ണം തേച്ച് കഴുകുവോ വൃത്തിയാക്കുവോ ചെയ്യാറില്ല. എന്തിന് വിരലിലെ നഖം പോലും വെട്ടാറില്ലന്നേ… വേദനിക്കും അത്രേ….!
കാൽ വിരലിലെ നഖങ്ങൾ വളർന്നു താഴേക്ക് വളഞ്ഞിപ്പോ ഏതാണ്ട് ജെ സി ബി ടെ കൈ പോലെ ആയിട്ടുണ്ട്. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ മുറ്റത്തെ പുല്ലൊക്കെ ചെത്തി പറിക്കാൻ അവരുടെ കാലു തന്നെ മതിയാകുമെന്ന് ഞാൻ ഇടയ്ക്കൊക്കെ ഹരിയേട്ടനോട് തമാശ പറയാറുമുണ്ട്.
വൃത്തി ഇല്ലായ്മയും വെരിക്കോസിന്റെ നീരും കൂടി ആയപ്പോ സ്കിൻ ആകെ പൊട്ടി അടർന്ന് ഇൻഫെക്ഷൻ ആയി തുടങ്ങി.
അത് ഞാൻ അവരോട് മുന്നേ പറഞ്ഞിരുന്നതാണ്. വേരിക്കോസ് ഉള്ള ഭാഗത്ത് എണ്ണയോ മറ്റോ ഇട്ട് മസ്സാജ് ചെയ്തു കൊടുക്കാനും സ്കിൻ വൃത്തിയായി സൂക്ഷിക്കാനും ഒക്കെ . ആരോട് പറയാൻ?
ഞാൻ പറയുന്നതിനൊന്നും അവര് പുല്ല് വില കൂടി കൽപ്പിക്കാറില്ലല്ലോ?
അത് കൊണ്ടിപ്പൊ എന്തായി? നല്ല അസ്സല് പണി കിട്ടി.
ആദ്യം കാലിൽ ചെറിയൊരു ചൊറിച്ചിലായി തുടങ്ങിയതാണ്. പിന്നീട് ചൊറിഞ്ഞു പൊട്ടി മുറിവായി. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചപ്പോ പറയുവാണ് ആയുർവേദം ആണ് വേരിക്കോസിന് പറ്റിയതെന്ന്.
ആയുർവേദം മോശമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം മീനുവിന്റെ അമ്മയ്ക്കും വേരിക്കോസ് ഉണ്ട്. മാമി വര്ഷങ്ങളായി ആയുർവേദ ചികിത്സയാണ്. പൂർണമായും മാറില്ല എങ്കിലും നല്ല ഭേദമുണ്ട് മാമിക്ക്.
പക്ഷെ അമ്മായീടത് വേരിക്കോസിന്റെതല്ല, ബാക്ടീരിയൽ ഇൻഫെക്ഷനോ fungal ഇൻഫെക്ഷനോ മറ്റോ ആണെന്ന് ആവുന്നത് പറഞ്ഞതാണ് ഞാൻ…
അതൊന്നും അല്ലാത്രേ…. വേരിക്കോസ് വെയിൻ പൊട്ടിയതാന്ന്… അത് കൊണ്ട് ആയുർവേദം മതീന്ന് ‘ആയുർവേദ ആചാര്യ ഡോക്ടർ ശ്രീകുമാരി’ പ്രസ്ഥാവിച്ചു. പിന്നെ അപ്പീൽ ചെയ്തിട്ടും കാര്യം ഇല്ലല്ലോ?
അവരുടെ കാല് … വേദനിക്കുന്നതും അവർക്ക്…. പിന്നെ എനിക്കെന്താ? പറഞ്ഞിട്ട് മനസ്സിലാവാഞ്ഞിട്ടല്ലേ എന്ന് ഞാനും കരുതി.
ഏതാണ്ട് ആറു മാസത്തോളം ആയുർവേദം കഴിച്ചു. അതും വല്യമ്മ പറഞ്ഞു കൊടുത്ത ഏതോ ലൊട്ട് ലൊടുക്ക് ആശുപത്രിയിൽ ആണ് പോയത്. അവര് കൊടുത്ത കുറേ മരുന്നുകൾ ഒക്കെ കുറേ നാള് കഴിച്ചു…
ആറേഴ് മാസം കഴിഞ്ഞിട്ടും കുറവൊന്നും ഉണ്ടായില്ല. മുറിവൊക്കെ വൃണം പോലെ ആയി. കാലൊക്കെ നല്ലോണം നീര് വന്ന് വീർത്തു. ഹരിയേട്ടൻ ഒടുവില് വഴക്ക് വരെ പറഞ്ഞു. ‘പറഞ്ഞാൽ ഇത്തിരി എങ്കിലും മനസ്സിലാവണം… വകതിരിവ് കാണിക്കണം’ എന്നൊക്കെ പറഞ്ഞിട്ട്… എന്നിട്ടെന്താ കാര്യം? അമ്മായിക്ക് അവര് പിടിക്കുന്ന മുയലിന് എന്നും മൂന്ന് കൊമ്പാണല്ലോ?
ഹരിയേട്ടൻ അന്നാ പറഞ്ഞതിനും കൂടി ചേർത്ത് പിന്നീട് എനിക്ക് പ്രാക്ക് കിട്ടി എന്നുള്ളത് വേറെ കാര്യം.
🦋 🦋 🦋
വയ്യാത്ത കാലും വച്ച് തന്നെ അമ്മായി ആഹാരമൊക്കെ ഉണ്ടാക്കും. ഞാൻ ഒന്ന് രണ്ട് വട്ടം പറഞ്ഞു നോക്കി. വയ്യാതിരിക്കയല്ലേ? ഞാൻ ഉണ്ടാക്കാമെന്ന്…
സ്നേഹം കൂടീട്ടൊന്നും അല്ല. മാനുഷിക പരിഗണന എന്നൊന്ന് ഉണ്ടല്ലോ? അത് കൊണ്ടു മാത്രം….
അമ്മായി വേണ്ടാന്ന് പറഞ്ഞു. അവരുണ്ടാക്കുന്നതേ എല്ലാരും കഴിക്കൂ എന്നുള്ള പഴയ പല്ലവി തന്നെ. പിന്നെ ഞാനൊന്നും പറയാൻ പോയില്ല.
അങ്ങനെ ഒരു ശനിയാഴ്ച. വയ്യാത്ത കാലും വലിച്ച് വച്ചു അമ്മായി അടുക്കളപ്പണിയിൽ ആയിരുന്നപ്പോഴാണ് അമ്മായീടെ ഒരു കൂട്ടുകാരി അന്വേഷിച്ചു വരുന്നത്. കുറച്ചു ദിവസമായി ആള് അമ്പലത്തിൽ പോക്കൊന്നും ഇല്ലല്ലോ? അത് കൊണ്ട് തിരക്കി വന്നതാണ്.
” എന്റെ കുമാരീ…. ഈ വയ്യാത്ത കാലും വച്ച് നീ എങ്ങനെ ജോലി ചെയ്യണെ? എണീക്കാൻ വയ്യാതെ നീയിതൊക്കെ ചെയ്യുന്ന കണ്ടിട്ടും ആരും സഹായിക്കണില്ലേ? നീ ഉണ്ടാക്കിയത് എല്ലാം തിന്നാൻ അറിയാല്ലോ? ”
പിറകിലായി നിൽക്കുന്ന എന്നെ നോക്കാതെ നോക്കിക്കൊണ്ടാണ് സംസാരം.
” എന്റെ മരുമോൾ എങ്ങാനും ആയിരിക്കണം. എനിക്കൊരു ജലദോഷ പനി വന്നാ പോലും എന്നെ അവള് എന്നെ അടുക്കളേൽ കേറ്റില്ല. ”
ഞാൻ അമ്മായിയെ നോക്കി. മുഖത്ത് ദയനീയ ഭാവം വാരിപ്പൂശി, എന്റെ ഗതികേട് എന്നൊരു ഭാവം മുഖത്തണിഞ്ഞ് കണ്ണൊക്കെ നിറച്ച് നിൽക്കുവാണ്.
ഇങ്ങനെ ഓരോരുത്തരെക്കൊണ്ട് എന്നെ പറയിപ്പിക്കാനാണ് ഇവർ ആശുപത്രിയിൽ പോയി അസുഖം മാറ്റാത്തത് എന്ന് പോലും അന്നേരം എനിക്ക് തോന്നിപ്പോയി.
” ഞാൻ പറഞ്ഞത് തന്നെയാ മാമീ… ഞാൻ ചെയ്തോളാന്ന്… അപ്പോ അമ്മ തന്നാ പറഞ്ഞത് അമ്മ ഉണ്ടാക്കുന്നത് മാത്രേ അച്ഛൻ കഴിക്കൂ ന്ന്…. ഞാൻ ഉണ്ടാക്കീട്ട് ഇനി അച്ഛൻ പട്ടിണി കിടന്നാലോ എന്ന് കരുതീട്ടാ ഞാൻ…. അല്ലെ അമ്മാ? ”
ഞാൻ അമ്മേടെ മുഖത്ത് തന്നെ തറപ്പിച്ചു നോക്കി.
“:ആ…. തന്നെ… ഞാനാ പറഞ്ഞത്…. നിനക്ക് അറിയാല്ലോ? ഞാൻ ഉണ്ടാക്കാണതെ ഇവിടെ എല്ലാരും കഴിക്കൂ…. ”
അവര് പതർച്ചയോടെ പറഞ്ഞിട്ട് കൂട്ടുകാരിയെ നോക്കിയൊന്ന് വിളറി ചിരിച്ചു. കൂട്ടുകാരി ആണെങ്കിലോ നീ ഇങ്ങനെ ഒന്നും അല്ലല്ലോ ഡി എന്നോട് പറഞ്ഞത് എന്നൊരു ഭാവത്തിൽ തിരികെ അവരെ നോക്കുന്നുണ്ട്.
ഞാൻ പതിയെ അവിടെ നിന്ന് പിൻവാങ്ങി. ഇല്ലേൽ എന്റെ നാക്കും ചുമ്മാതിരിക്കില്ല. അതിനിപ്പോ പ്രതികരണ ശേഷി ഒരല്പം കൂടിയിട്ടുണ്ട്.
🦋 🦋 🦋 🦋 🦋

by