21/04/2026

മരുമകൾ : ഭാഗം 35

രചന – ഗംഗ ശലഭം

” ഞാൻ ആലോചിച്ചിട്ട് ഒരേയൊരു വഴിയേ ഉള്ളൂ… റെക്കോർഡിങ്…. ”

അവളും സ്വകാര്യം പോലെ എന്റെ ചെവിയിൽ പറഞ്ഞു.

” അയ്യടി… നിന്റെ പൊട്ട ചാനലിൽ ഇട്ട് അമ്മായിയെ വൈറൽ ആക്കാനാ? ”

ഞാൻ അവളെ നോക്കി ചിറി കോട്ടി.

അവൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇടയ്ക്ക് ഓരോ കോപ്രായങ്ങൾ ഒക്കെ ഷൂട്ട് ചെയ്ത് അവൾ അതിൽ ഇടാറുമുണ്ട്. അവൾക്കും അവളുടെ കുറച്ചു ഫ്രണ്ട്‌സ്നും എന്നെപോലെ ഹതഭാഗ്യരായ കുറച്ചു കസിൻസ്നും അല്ലാതെ അങ്ങനെ ഒരു ചാനൽ ഉള്ള കാര്യം വേറെ ആർക്കെങ്കിലും അറിയുമോ എന്ന് പോലും സംശയം ആണ്. ഞങ്ങളെയൊക്കെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെ ഫോളോ ചെയ്യിപ്പിച്ചത് കൊണ്ട് നൂറിന് അടുപ്പിച്ചു ഫോളോവെർസ് ഉണ്ടെന്ന് മാത്രം.

അമ്മായീടെ ചീത്ത വിളി റെക്കോർഡ് ചെയ്തു അതിലിട്ട് അവളുടെ ചാനലിന്റെ റേറ്റിങ് കൂട്ടാനാണാവോ? അല്ല ഇപ്പൊ ഇതൊക്കെയാണല്ലോ വൈറൽ ആകാനുള്ള കൺടന്റ്സ് ….

” അതല്ലെടി പോത്തേ …. ”

അവളെന്റെ തോളത്ത് അടിച്ചപ്പോ പിന്നെ എന്താന്നുള്ള ഭാവത്തിൽ ഞാൻ അവളെ നോക്കി കണ്ണ് മിഴിച്ചു.

” നിന്റെ ഫോണിൽ സൗണ്ട് റെക്കോർഡിങ് ഇല്ലേ? ”

” മ്മ്.. ഉണ്ട്… ”

” എന്നാലേ … ഇനി നിങ്ങൾ പുറത്ത് പോകുമ്പോ മൊബൈലിൽ സൗണ്ട് റെക്കോർഡിങ് ഓൺ ആക്കി അമ്മായീടേം അമ്മാവന്റെയും സംസാരം കിട്ടുന്ന രീതിയിൽ എവിടെ എങ്കിലും അവർ കാണാത്ത രീതിയിൽ വച്ചിട്ട് പോകണം. അവര് പറയുന്നത് മുഴവാനായിട്ടും കിട്ടിയില്ലേലും കുറച്ചെങ്കിലും കിട്ടാതിരിക്കില്ലല്ലോ? അത് ഹരി ചേട്ടനെ കേൾപ്പിക്കണം. അപ്പൊ പുള്ളിക്കാരൻ വിശ്വസിച്ചോളും. ”

” പോടീ…. മറ്റുള്ളവരുടെ സംസാരം ഒളിച്ചു റെക്കോർഡ് ചെയ്യാനോ? ”

ഞാൻ അവളെന്തോ വലിയ പാതകം പറഞ്ഞത് പോലെ അവളെ കണ്ണുരുട്ടി നോക്കി.

” അടിപൊളി… അപ്പൊ നീ ഒളിഞ്ഞു നിന്ന് കേൾക്കുന്നതോ? ”

അവള് എന്നെ നോക്കി പുച്ഛിച്ചൊരു ചിരി.

” അത് …. പിന്നെ… എന്നെ കുറിച്ച് …. പറയുമ്പോ മാത്രമല്ലേ? ”

ഞാൻ ഇരുന്ന് വിക്കി.

” ഹാ… ഇതിലും നിന്നെക്കുറിച്ചു പറയുന്നത് മാത്രം നീ കേട്ടാ മതി. പിന്നെ… പ്രണയ സല്ലാപം നടത്താൻ അവര് യുവ മിഥുനങ്ങൾ ഒന്നും അല്ലല്ലോ? ഇനി വേറെ എന്തെങ്കിലും അവര് പറയുന്നേൽ തന്നെ അതും ആരെയെങ്കിലും കുറിച്ചുള്ള പരദൂഷണം ആവാനേ വഴിയുള്ളൂ …. ”

അവൾ ആ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. എങ്കിലും മറ്റുള്ളവര് പറയുന്നത് രഹസ്യമായി റെക്കോർഡ് ചെയ്യാന്നൊക്കെ വച്ചാ …. എന്തോ ഒരു ഉൾക്കുത്തല്…

” എന്നാലും എടി… അങ്ങനെ ചെയ്യണത് ശരിയാണാ? അതുമല്ല… ഞാൻ അത് ഹരിയേട്ടനെ കേൾപ്പിക്കുമ്പോ ആള് എന്നെക്കുറിച്ച് എന്ത് വിചാരിക്കും? ”

ഞാൻ ഓരോന്ന് ആലോചിച്ചു നഖം കടിച്ചു.

” പറഞ്ഞത് വിശ്വസിക്കാഞ്ഞിട്ടാണ് ഇങ്ങനെ ഒരു കടും കൈ ചെയ്തത് എന്ന് പറയണം. പിന്നെ റെക്കോർഡ് ചെയ്തതിന്റെ പേരിൽ നിന്നെ വഴക്ക് പറയാനൊന്നും ചാൻസ് ഇല്ല. അവര് പറയുന്നതൊക്കെ പുള്ളിക്കാരനും കേൾക്കുമല്ലോ?

അപ്പോ നീ ഒരു കാര്യം ചെയ്യണം… സിമ്പതി വർക്ക്‌ ഔട്ട് ചെയ്യിപ്പിക്കാൻ വേണ്ടി ഹരി ചേട്ടനെ കെട്ടിപ്പിടിച്ചു നീയങ്ങോട്ട് പൊട്ടിക്കരഞ്ഞേക്കണം. പിന്നെ ഈ സീരിയലുകളിൽ ഒക്കെ കാണും പോലെ സങ്കടം സഹിക്കാവയ്യാത്ത പോലെ ഇടയ്ക്കിടയ്ക്ക് എങ്ങലടിക്കാനും മറക്കരുത്. അതോടെ പുള്ളിക്കാരൻ ഫ്ലാറ്റ് ആയിക്കോളും. ഞാൻ മനസിലാക്കിയിടത്തോളം ഹരി ചേട്ടൻ അത്ര മനസാക്ഷി ഇല്ലാത്ത ആളൊന്നും അല്ല. ”

ഇവൾ ഈ വക കോനിഷ്ട് പരിപാടികളിൽ ഒക്കെ പി എച്ച് ഡി എടുത്തിട്ടുണ്ടെന്നാ തോന്നണത്.

” ദേവൂ… അച്ഛൻ വന്നെന്ന് …. ദേണ്ടേ മധു പറയുന്നു… നീ ഹരിയേം വിളിച്ചോണ്ട് വീട്ടിലേക്ക് ചെല്ല്. ഞാൻ കുറച്ചു പാത്രങ്ങൾ കൂടി കഴുകി വച്ചിട്ട് വന്നേക്കാം. ”

ഞങ്ങൾക്ക് കൂടുതൽ ചർച്ചിക്കാൻ ടൈം തരാതെ അമ്മ വന്ന് പറഞ്ഞു. ഇല്ലെങ്കിൽ റെക്കോർഡിങ്ന്റെ എല്ലാ സാധ്യതകളും ചർച്ച ചെയ്യാമായിരുന്നു.

” അപ്പൊ ഐഡിയ ഞാൻ പറഞ്ഞു തന്നിട്ടുണ്ട്. ഇനിയത് വർക്ക്‌ ഔട്ട് ആക്കേണ്ടത് നിന്റെ മിടുക്കാണ്. ”

മീനു പതിയെ പറഞ്ഞ് കൊണ്ട് എന്റെ തോളിൽ തട്ടിയിട്ട് എഴുന്നേറ്റു. അവൾക്ക് പിറകെ ഞാനും എണീറ്റു.

ഹരിയേട്ടനേം കൂട്ടി വീട്ടിലേക്ക് നടന്നു.

അച്ഛൻ എന്നോട് അങ്ങനെ കാര്യമായിട്ട് ഒന്നും മിണ്ടിയില്ല എങ്കിലും ഹരിയവട്ടനോട് താല്പര്യത്തോടെ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. ഒരു പത്തു മിനിറ്റ് സംസാരിച്ചിരുന്നപ്പോഴേക്കും അമ്മ വന്നു. അതിന് പിറകെ ഹരിയേട്ടൻ പോകാനായി എണീറ്റു.

ഇന്ന് വീട്ടിൽ തങ്ങാൻ അമ്മ നല്ലോണം ഞങ്ങളെ നിർബന്ധിച്ചു. താല്പര്യം ഇല്ലാത്ത മട്ടിൽ അച്ഛനും ഒരുവട്ടം പറഞ്ഞു. പക്ഷെ ഹരിയേട്ടൻ നിൽക്കാൻ കൂട്ടാക്കിയില്ല.

അച്ഛമ്മ പിന്നെ നിൽക്കാൻ പറയാനേ വന്നില്ല. ഭർത്താവ് ഭാര്യ വീട്ടിൽ നിൽക്കാൻ പാടില്ല എന്നാവും അച്ഛമ്മേടെ മനസ്സില്.

ഭാര്യ ഭർതൃവീട്ടിൽ നില്ക്കണം … ഭർത്താവിന്റെ അച്ഛനമ്മമാരെ സ്വന്തമായി കണ്ടു സ്നേഹിക്കണം. അവരെ പരിചരിക്കണം. അവരെന്തു പറഞ്ഞാലും കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം.

പക്ഷെ ഭർത്താവിന് അതിന്റെ ഒന്നും ആവശ്യമില്ല. ഭാര്യ വീട്ടിൽ നിൽക്കണമെന്നില്ല. ഭാര്യയുടെ മാതാപിതാക്കളെ സ്വന്തം പോലെ കാണണമെന്ന് നിർബന്ധമില്ല. …

കുറേ ചെയ്തു കൂടായ്കകൾ ഉള്ളതും ഭാര്യക്ക് മാത്രമാണ്. എന്തിന് …. വിവാഹം വരെയും അവളെ പോറ്റി വളർത്തിയ അച്ഛനമ്മമാരെ കാണുന്നതും, അത് വരെ അവളുടെ എല്ലാമായിരുന്ന അവരുടെ ഒപ്പം ചെന്ന് കുറച്ചു ദിവസം നിൽക്കുന്നതും പോലും വലിയ തെറ്റാണത്രേ ….!

ഭാര്യയ്ക്ക് മാത്രമായി നമ്മുടെ സമൂഹം കല്പിച്ചിരിക്കുന്ന പല നിബന്ധനകളുടെയും ലോജിക് എനിക്ക് മനസ്സിലാകുന്നേയില്ല …!

🦋 🦋 🦋 🦋 🦋

വീട്ടിൽ നിന്നും ഇറങ്ങുന്നേരം മണി ഒൻപതര ആയിരുന്നു. തിരികെ ചെല്ലുമ്പോ അമ്മായി വീടും പൂട്ടി കിടന്ന് ഉറങ്ങാതിരുന്നാൽ മതിയായിരുന്നു എന്ന് ഞാൻ ചിന്തിക്കാതിരിഞ്ഞില്ല.

വീട്ടിൽ എത്തുന്ന വരെയും ബൈക്കിൽ ഇരുന്ന് ഞാൻ ഓർത്തത് മീനു പറഞ്ഞതിനെക്കുറിച്ചായിരുന്നു. മനസ്സ് ഏതാണ്ട് കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇരിക്കുവാണ്.

അവള് പറഞ്ഞത് പോലെ ഹരിയേട്ടനെ വിശ്വസിപ്പിക്കാൻ വേറെ വഴി ഒന്നുമില്ല. പക്ഷെ ഞാൻ അങ്ങനെ ചെയ്‌താൽ ഹരിയേട്ടൻ അത് എങ്ങനെ എടുക്കും എന്ന് ഓർക്കുമ്പോൾ നല്ല ടെൻഷനും ഉണ്ട്.

വീട്ടിൽ എത്തുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ചാടാതെ തേങ്ങ ആ കയ്യാലപ്പുറത്തു തന്നെ ഇരുന്നതേയുള്ളൂ ….

🦋 🦋 🦋 🦋 🦋

ഞങ്ങൾ വീട്ടിൽ എത്തുമ്പോഴേക്കും അമ്മയും അച്ഛനും കിടന്നിരുന്നു. ഞാൻ കാളിംഗ് ബെൽ അടിച്ചു. അച്ഛനാണ് വന്ന് വാതിൽ തുറന്ന് തന്നത്.

” അമ്മ കിടന്നോ? ”

ചോദിച്ചു കൊണ്ട് ഹരിയേട്ടൻ ആദ്യം അകത്തേയ്ക്ക് കയറി.

” മ്മ്… ”

കനത്തിൽ ഒന്ന് മൂളിക്കൊണ്ട് അച്ഛൻ തിരിഞ്ഞു നടന്ന് അവരുടെ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു.

” അമ്മയ്ക്ക് ഇനി വയ്യേ ആവോ? അല്ലെങ്കിൽ നമ്മള് വരാതെ കിടക്കില്ലല്ലോ? ”

ഹരിയേട്ടൻ ആ അടഞ്ഞ വാതിലിനു മുന്നിൽ ചെന്ന് മുട്ടാണോ വേണ്ടയോ എന്ന മട്ടിൽ അല്പസമയം നിന്നു. പിന്നെ മുട്ടി വിളിക്കാതെ തിരിഞ്ഞ് ഞങ്ങളുടെ റൂമിലേക്ക് തന്നെ കയറിപ്പോയി. പിറകെ ഞാനും മുറിയിൽ കയറി.

ഡ്രസ്സ്‌ ഒക്കെ മാറ്റി അടുക്കളയിലേക്ക് പോയി. സിങ്കിൽ കുറച്ചു പാത്രങ്ങൾ കിടപ്പുണ്ട്. അത് കണ്ടപ്പോ പതിവിന് വിപരീതമായി ദേഷ്യം വന്നു. അത്രയ്ക്കും tired ആയത് കൊണ്ടാകും. എങ്കിലും അതൊക്കെ കഴുകി കമിഴ്ത്തി വച്ച് വെള്ളവുമെടുത്ത് മുറിയിലേക്ക് ചെന്നു. ഹരിയേട്ടൻ അപ്പോഴേക്കും കിടന്നിരുന്നു. ഞാനും കട്ടിലിന്റെ മറുവശത്ത് ചെന്ന് കിടന്നു.

കണ്ണടച്ച് കിടന്നതും നെറ്റിയിൽ പ്രതീക്ഷിക്കാതെ ഒരു ചുംബനം കിട്ടി. കണ്ണ് തുറന്ന് അമ്പരപ്പോടെ ഹരിയേട്ടനെ നോക്കി. കണ്ണ് ചിമ്മി ഉറങ്ങിക്കോ എന്ന് ചുണ്ടനക്കി പറഞ്ഞപ്പോ പിന്നെയും കണ്ണ് മൂടി കണ്ണോളം വന്ന് നിന്നിരുന്ന ഉറക്കത്തെ വരവേറ്റു.

🦋 🦋 🦋 🦋 🦋

പിറ്റേന്ന് രാവിലെ നോക്കുമ്പോ ഹരിയേട്ടന്റെ ബൈക്കിന്‌ എന്തോ കംപ്ലയിന്റ്. ബസ്സിന്‌ കോളേജിൽ പോകാന്ന് പറഞ്ഞു നിന്നപ്പോഴാണ് സിറ്റിയിൽ തന്നെയുള്ള മറ്റൊരു സാറ് വിളിക്കുന്നത്. എന്നാപ്പിന്നെ ആ സാറിന്റെ ഒപ്പം കോളേജിൽ പോകാമെന്നായി.

റോഡിൽ കയറിയിട്ട് കിട്ടുന്ന ഏതെങ്കിലും ഓട്ടോയിൽ ആ സാറിന്റെ വീട് വരെ പോകാമെന്നും പറഞ്ഞ് ബെഡിൽ ഇരുന്ന ബാഗും കയ്യിൽ എടുത്ത് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന വഴിയും കിട്ടി എനിക്ക് നെറ്റിയിൽ ഒരുമ്മ. ഇതും പതിവില്ലാത്തതാണ്. മിഴിഞ്ഞ എന്റെ കണ്ണിലേക്ക് നോക്കി പിന്നെയും കണ്ണ് ചിമ്മി ചിരിച്ചു ഹരിയേട്ടൻ. ഇത്തവണ ചിരി വിടർന്ന എന്റെ ചുവന്നു പോയ മുഖം ഞാൻ താഴ്ത്തിക്കളഞ്ഞു . . .. ..

ഹരിയേട്ടൻ പോയിക്കഴിഞ്ഞ് അമ്പലത്തിൽ പോയ വിശേഷങ്ങൾ ഒക്കെ അമ്മ എന്നോട് ചോദിച്ചു. ഇന്നലെ കണ്ട ദേഷ്യം ഒന്നും ഇന്ന് ആ മുഖത്ത് കാണാനില്ല. ആക്‌സിഡന്റിന്റെ കാര്യം അമ്മയോട് പറയണ്ട എന്ന് ഹരിയേട്ടൻ ഇന്നലെയേ പറഞ്ഞിരുന്നു. അത് കൊണ്ട് അത് മാത്രം പറഞ്ഞില്ല.

ഞങ്ങൾ സംസാരിച്ചിരുന്നപ്പോ രാജേഷേട്ടൻ വന്നു. ഹരിയേട്ടന്റെ ബൈക്ക് വർക്ക്‌ഷോപ്പിൽ കൊടുക്കാൻ ഹരിയേട്ടൻ വിളിച്ചു പറഞ്ഞു അത്രേ. ഞാൻ ബൈക്കിന്റെ ചാവി എടുത്തു കൊണ്ട് കൊടുത്തു. എന്നിട്ടും കുറച്ചു സമയം കൂടി അമ്മയോട് സംസാരിച്ചിരുന്നു ആള്.
ഇന്നലത്തെ ആക്‌സിഡന്റിന്റെ വിവരം ഒക്കെ വിശദമായി അമ്മയോട് പറയുന്നത് കേട്ടപ്പോ എന്റെ നെഞ്ചിടിപ്പ് കൂടി.

🦋 🦋 🦋 🦋 🦋 🦋 🦋 🦋

അഭിപ്രായം പ്ലീസ് …..