രചന – രോഹിണി ആമി
ആരും ഡെയ്സിയുടെ മുഖത്തു നിന്നും കണ്ണെടുത്തില്ല…… ഇവൾക്ക് ദേഷ്യപ്പെടാൻ അറിയുമോ…… വായിൽ കോലിട്ടാൽ പോലും മൗനം പാലിക്കുന്നവൾ…. ക്ഷമയുടെ അങ്ങേയറ്റം വരെ പോകുന്നവൾ…… അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്ത് അവളുടെ മാറ്റം കണ്ടപ്പോൾ….. നമുക്ക് പോകാം അച്ചോ…. റോയി ഡെയ്സിയെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് തിരിഞ്ഞു നടന്നു…… അത്രയും നേരം സംഭരിച്ചു വെച്ചിരുന്ന ധൈര്യം പോകും പോലെ തോന്നി ഡെയ്സിയ്ക്ക്…… റോയിയെ തിരിച്ചു വിളിക്കാൻ മനസ്സ് കൊതിച്ചു…….കുഞ്ഞിനേയും എന്നെയും വിട്ടേച്ചു പോകരുതേ റോയിച്ചാ ന്ന് മനസ്സ് നിലവിളിച്ചു…… ആര് കേൾക്കാൻ….. നടന്നു നീങ്ങുന്ന റോയിയെയും അത് നോക്കി വിഷമിച്ചു നിൽക്കുന്ന ഡെയ്സിയെയും ഫാദർ മാറി മാറി നോക്കി…. ഒരു ഒത്തു തീർപ്പിന് വന്നതായിരുന്നു അദ്ദേഹം…. പക്ഷേ രണ്ടാളും തമ്മിൽ പിരിയുന്നതിനു സാക്ഷ്യം സഹിക്കേണ്ടി വന്നു….
ആ കുഞ്ഞിനെ അമ്മയിൽ നിന്നും പിരിക്കാൻ ആർക്കും അവകാശമില്ല….. അനാഥാലയത്തിൽ ഇനിയൊരു കുഞ്ഞിന്റെ എണ്ണവും കൂടി കൂടാതിരിക്കട്ടെ……മനസ്സു കൊണ്ട് ഡെയ്സിയ്‌ക്കൊപ്പം നിന്നു ഫാദർ റോയിയുടെ കൂടെ നടന്നു…… അപ്പോഴും അപ്പച്ചൻ എന്തു വേണമെന്ന് അറിയാതെ ഡെയ്സിയെ ദയനീയമായി നോക്കി നിന്നു…. അത് കണ്ടപ്പോൾ ഡെയ്സി പറഞ്ഞു….. അപ്പച്ചൻ പേടിക്കേണ്ട… ഞാനും കുഞ്ഞും ആർക്കുമൊരു ഭാരമാവില്ല.. പിഴച്ചു പെറ്റവളെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് കരുതി തന്നെ ജീവിച്ചോളു… തെറ്റുകാരി എന്നും ഞാൻ തന്നെ ആയിട്ടിരിക്കട്ടെ….. അപ്പച്ചൻ പൊയ്ക്കോളൂ… എനിക്കു വേണ്ടി ഇനിയൊന്നും അപ്പച്ചൻ ചെയ്യാനില്ല…… ഒരു പ്രാർത്ഥന മാത്രേയുള്ളു എനിക്കു ആരും പശ്ചാത്തപിക്കാൻ ഇട നൽകാതിരിക്കട്ടെ കർത്താവ്………
ഞാൻ തെറ്റുകാരി ആണെന്ന് അപ്പച്ചന് ബോധ്യമുള്ള കാലമത്രയും എന്നെ കാണാൻ വരരുത്…. എനിക്കു വേണ്ടി ഇത്രയും മാത്രം ചെയ്താൽ മതിയാവും……….. അദ്ദേഹം പോകാൻ മടിച്ചു മടിച്ചു നിന്നപ്പോൾ ഡെയ്സി മെല്ലെ കുറച്ചു മാറി പോയിരുന്നു…. ഡെയ്സിയുടേത് ഉറച്ച തീരുമാനം ആണെന്ന് തോന്നി… ആരോടും ഇതേവരെ മുഷിഞ്ഞൊരു വർത്താനം പറയാഞ്ഞ മകൾ ആണ്…. അദ്ദേഹം മാധവന്റെ അടുത്ത് വന്നിരുന്നു…. എനിക്കറിയില്ല എന്താണ് വേണ്ടതെന്നു…. ഇവളെയും കൂട്ടി വീട്ടിൽ ചെന്നാൽ ഇളയതുങ്ങൾ വീട്ടിൽ നിന്നും ഇറങ്ങുമെന്നാ പറഞ്ഞേക്കുന്നത്… അവർക്ക് നാണം കെട്ട് ജീവിക്കാൻ ആവില്ലെന്ന്…… ഞാൻ എന്താ വേണ്ടതെന്നു എനിക്കറിയില്ല….. അദ്ദേഹം കണ്ണു തുടച്ചു… മാധവനു അയാളുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി……..
കറിയാച്ചൻ വിഷമിക്കണ്ട….. അവൾ എന്റെയൊപ്പമാണ് വരുന്നതെങ്കിൽ എനിക്കൊരിക്കലും ഒരു ഭാരമാവില്ല…. എനിക്കു ജീവൻ ഉള്ളിടത്തോളം കാലം ഞാൻ നോക്കും… എനിക്കിപ്പോൾ തോന്നുന്നു ദൈവത്തിനു തെറ്റു പറ്റിയെന്നു… അവൾ നിങ്ങളുടെ വീട്ടിൽ വന്നു ജനിക്കരുതായിരുന്നു… നിങ്ങൾ ഒന്നും അവളെ അർഹിക്കുന്നില്ല….. ഞാനും എന്റെ ദേവിയും അവളെ എന്ത് ആഗ്രഹിച്ചിട്ടുണ്ടെന്നറിയുമോ…. കറിയാച്ചാ അവൾ എന്റെ മകൾ ആയിരുന്നെങ്കിൽ മറ്റൊരു മക്കൾക്ക് വേണ്ടിയും ഞാനവളെ ഉപേക്ഷിക്കില്ല…..തള്ളിപ്പറയില്ലായിരുന്നു…. ധൈര്യമായിട്ട് പൊക്കോളൂ… ഞാൻ അവളെ ഒറ്റപ്പെടുത്തില്ലെന്നുള്ളത് അവളുടെ വിശ്വാസമാണ്.. അതാണ് സത്യവും….. കറിയാച്ചൻ മെല്ലെ എഴുന്നേറ്റു ….. ഡെയ്സിയെ തിരിഞ്ഞു നോക്കി നോക്കി നടന്നു പോയി…. മാധവൻ ഡെയ്സിക്കരുകിൽ വന്നിരുന്നു…അവൾക്ക് അനുഭവിക്കേണ്ടി വന്നതൊക്കെ പറഞ്ഞു തീർക്കാൻ ഒരു യുഗം തന്നെ വേണമെന്ന് തോന്നി…
പണ്ടത്തെ ഡെയ്സിയിൽ നിന്നും ഒരമ്മയിലേക്കുള്ള ശക്തമായ മാറ്റം… തെറ്റാണോ ശിവച്ഛാ ഞാൻ എല്ലാവരോടും പറഞ്ഞതൊക്കെയും.. അഹങ്കാരമായിപ്പോയോ….. ഡെയ്സി അദ്ദേഹത്തിനെ നോക്കാതെ ചോദിച്ചു…. ഒരിക്കലുമില്ല മോളെ…. ഇത്രയും അനുഭവിക്കാൻ നിന്നതെന്തിനാ നീ… ഇറങ്ങി പോരാമായിരുന്നില്ലേ മുന്നേ തന്നെ……. മനസ്സിലാക്കേണ്ടവർ മനസ്സിലാക്കുമെന്ന് കരുതി ശിവച്ഛാ…. കുറ്റം മുഴുവൻ ചാർത്തുമ്പോഴും നിരപരാധിയെന്നു തെളിയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല എന്റെ കയ്യിൽ…. വിശ്വസിക്കാത്തിടത്തു പറഞ്ഞു ജയിക്കാൻ ആവില്ല ഒരിക്കലും….. തെറ്റ് ഞാനും ചെയ്തിട്ടില്ലേ.. അപ്പച്ചനും അമ്മച്ചിയും അറിയാതെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു…. ദേവിയമ്മയുടെ മകനെ തനിച്ചാക്കാൻ മനസ്സ് വന്നില്ല എനിക്കു…. അതോണ്ടാ …… മാധവൻ ഡെയ്സിയുടെ മുടിയിൽ വാത്സല്യത്തോടെ മെല്ലെ തലോടി……. റൂമിൽ ഒന്നു വിശ്രമിക്കാൻ പറഞ്ഞിട്ട് ശിവച്ഛൻ എങ്ങോട്ടോ പോയി….
കുറച്ചു ദിവസങ്ങളുടെ ക്ഷീണം കാരണം അറിയാതെ മയങ്ങി പോയി… ശിവച്ഛന്റെ ശബ്ദം കേട്ടാണ് വീണ്ടും കണ്ണു തുറന്നത്…. ചാടിയെഴുന്നേറ്റിരുന്നു…. കയ്യിലൊരു കവർ പിടിപ്പിച്ചിട്ട് ഒന്നു ഫ്രഷ് ആയി വരാൻ പറഞ്ഞു…… ദേവിയമ്മയുടെ സാരി ആണെന്ന് തോന്നുന്നു….. അലമാരയിലെ മണം അതേപോലെയുണ്ട്…… മുഖത്തേക്ക് അമർത്തി പിടിച്ചു ശ്വാസം വലിച്ചെടുത്തു… കുളിച്ചിറങ്ങിയപ്പോൾ മുറിയിൽ ശിവ ഉണ്ടായിരുന്നു… മുഖത്തും കയ്യിലുമൊക്കെ മുറിവിന്റെ പാടുകൾ…. ആകെ വിഷാദമാണ് മുഖത്തു…. ഡെയ്സിയെ കണ്ടപ്പോൾ ആകെയൊന്നു നോക്കിയിട്ട് അത്ര തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു…… ഡെയ്സിയുടെ കയ്യിൽ അങ്ങനെ പോലുമൊരു ചിരി തിരിച്ചു കൊടുക്കാൻ ഉണ്ടായിരുന്നില്ല…… ശിവച്ഛൻ നിർബന്ധിപ്പിച്ചു ഭക്ഷണം കഴിപ്പിച്ചു….. ഡെയ്സിയുടെ കണ്ണുകൾ അപ്പോഴും കുഞ്ഞിനേയും കാത്തു വെളിയിലേക്ക് തന്നെ ആയിരുന്നു……
അവളുടെ വിഷമം മനസ്സിലാക്കി ശിവച്ഛൻ കുഞ്ഞിന്റെ കാര്യം അന്വേഷിക്കാൻ ഡോക്ടറുടെ അടുത്തേക്ക് പോയി……. ഞാൻ കാരണമല്ലേ ഡെയ്സി നിനക്ക് ഇങ്ങനൊരു ഗതികേട് ഉണ്ടായത്…. ആരുമില്ലാതായിപ്പോയത്….. ശിവ അവളോട് ചോദിച്ചു…… ആരുമില്ലെന്നോ… പിന്നെ നിങ്ങൾ രണ്ടാളും ആരാണ് എന്റെ…..ശിവയോട് ഡെയ്സി ചോദിച്ചു….. രണ്ടാളും കുറച്ചു നേരം മിണ്ടാതെയിരുന്നു…. എന്നോട് എന്തു ചെയ്താലും ഞാൻ സഹിച്ചേനെ….. എന്റെ കുഞ്ഞിനെ ഒന്നു സ്നേഹത്തോടെ നോക്കിയിരുന്നെങ്കിൽ പോലും പട്ടിയെപ്പോലെ ഒന്നും പ്രതീക്ഷിക്കാതെ കിടന്നേനെ അവിടെ ഞാൻ…… പക്ഷേ…. എന്റെ കുഞ്ഞ്…… അത് എന്തു തെറ്റ് ചെയ്തിട്ടാ……. അറിയോ എന്റെ കുഞ്ഞിനെ ചവിട്ടാൻ വരെ കാലു പൊക്കി…. ഒരമ്മയല്ലേ ഞാൻ…… എങ്ങനെ സഹിക്കും ഞാൻ…. ഇനിയും ക്ഷമിച്ചാൽ എന്റെ കുഞ്ഞു എനിക്ക് നഷ്ടമാവുമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ പ്രതികരിച്ചത്…
അവളില്ലെങ്കിൽ ഞാൻ ഇല്ല….. ശിവയോട് മനസ്സു തുറന്നപ്പോഴേക്കും ഡെയ്സി കരഞ്ഞു പോയിരുന്നു……. അവളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ശിവ നിലത്തേക്ക് നോക്കിയിരുന്നു….. കുറച്ചു നേരത്തിനു ശേഷം കരച്ചിൽ ഒന്നടങ്ങിയപ്പോൾ ഡെയ്സി ചോദിച്ചു…… എന്തിനാ അങ്ങോട്ട് പോയി അടി വാങ്ങിയെ… തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഒരു ന്യായീകരണത്തിന് പോകാൻ പോയത്…. ഒരു ദീർഘശ്വാസം വിട്ടു ശിവ എന്നിട്ട് ഡെയ്സിയെ നോക്കി….. ഞാൻ പറഞ്ഞാലെങ്കിലും അവൻ വിശ്വസിച്ചാലോ എന്നു കരുതി … എന്റെ കൂട്ടുകാരനല്ലേ അവൻ… തെറ്റിദ്ധാരണയെങ്കിൽ പറഞ്ഞു തിരുത്താമെന്ന് കരുതി…. എന്നിട്ട്……….. തിരുത്തിയോ…….. കൂട്ടുകാരൻ ഒരുപാട് സ്നേഹം വാരിക്കോരി തന്നില്ലേ… ഒന്നു തടുക്കുക പോലും ചെയ്യാതെ എല്ലാം മേടിച്ചു കെട്ടിയത് എന്തിനാ…. വേദനിച്ചില്ലേ നിങ്ങൾക്ക്……. ഡെയ്സി തല ചെരിച്ചു ശിവയെ നോക്കി ചോദിച്ചു….
വേദന മുഴുവൻ നിന്നെ ഓർത്തായിരുന്നു ഡെയ്സി…… ഇപ്പോഴും മനസ്സുകൊണ്ട് പോലും ചിന്തിക്കാത്ത കാര്യങ്ങൾക്ക് പഴി കേൾക്കേണ്ടിവരുന്നത് ഓർത്തായിരുന്നു…… നിന്നുകൊണ്ടത് അവന്റെ ദേഷ്യം അതോടെ തീരുമെങ്കിൽ തീരട്ടെ എന്ന് കരുതിയാണ്…… അസുഖം ഇളകിയെന്ന് മനസ്സിലാക്കിയപ്പോൾ പോലും അവനെ ഉപദ്രവിക്കാൻ ഇരിക്കാൻ കഴിവതും ഞാൻ ശ്രമിച്ചു…… അതൊക്കെ പോട്ടെ…. കഴിഞ്ഞ കാര്യങ്ങളല്ലേ… സാരമില്ല…… ശിവ ചിരിയോടെ പറഞ്ഞു……. ആദ്യം കേൾക്കുമ്പോഴൊക്കെ വലിയ വിഷമമാണ് തോന്നിയത് എനിക്ക് ….. ഇങ്ങനെയൊന്നും കേട്ടു ശീലവുമില്ലല്ലോ……പിന്നീട് റോയിച്ചനിൽ നിന്നും അത് മറ്റുള്ളവർ ഏറ്റുപിടിക്കാൻ തുടങ്ങിയപ്പോൾ പിന്നെ അതൊരു ശീലമായി……. ഏറെ വേദനിച്ചതും മരിച്ചാലോ എന്ന് വരെ തോന്നിയതും കുഞ്ഞിനോട് കാണിക്കുന്ന അവഗണന കാണുമ്പോൾ ആയിരുന്നു…… ഇതുവരെ ആരും ഒന്ന് എന്റെ കുഞ്ഞിന്റെ മുഖം കണ്ടിട്ടുണ്ടോ എന്ന് വരെ സംശയമാണ്…..
കുറച്ചു മാസങ്ങളായി ഞാൻ എല്ലാവർക്കും പിഴച്ചവൾ ആയിട്ട്……അല്ല എന്ന് പറയാനോ തെളിയിക്കാനോ എനിക്കാവുന്നില്ല….. എല്ലാം എല്ലാവരും എനിക്ക് എതിരാണ്…… എനിക്ക് കുഞ്ഞും കുഞ്ഞിനു ഞാനും മാത്രം………. നിന്നെ റോയി ഒരുപാട് ഉപദ്രവിച്ചോ….. ഡെയ്സിയുടെ കവിളിലും പൊട്ടിയ ചുണ്ടിലേക്കും നോക്കി ശിവ ചോദിച്ചു…… ഇല്ലെന്നവൾ തലയാട്ടി കാണിച്ചു…… അതെല്ലാം കള്ളമാണെന്ന് ശിവയ്ക്കറിയാമായിരുന്നു…… ഡെയ്സി എഴുന്നേറ്റു ജനലിൽ തലമുട്ടിച്ചു ദൂരേക്ക് നോക്കി നിന്നപ്പോഴാണ് താഴെ ഒരു മരത്തിൽ ചാരി നിൽക്കുന്ന റോയിയെ കണ്ടത്….. ആകെമൊത്തം നിരീക്ഷിക്കുന്നത് പോലെ….. നിന്നെ ജീവിക്കാൻ വിടില്ലെന്ന ആ ശബ്ദം ചെവിയിൽ മുഴങ്ങും പോലെ….. ശിവയോടുള്ള റോയിയുടെ ദേഷ്യം ശരിക്കും അറിയാവുന്ന ഡെയ്സിക്ക് വല്ലാത്ത ഒരു പേടി തോന്നി….. ഇനിയും താൻ കാരണം ശിവ……വേണ്ട… ശിവയെ ഇനിയും എന്തെങ്കിലും ചെയ്താൽ ശിവഛൻ വെറുതെ ഇരിക്കില്ല……
എന്റെ കുഞ്ഞിന്റെ അപ്പച്ചൻ……. ഡെയ്സി നെഞ്ചിൽ കൈവെച്ചു……… ഒരു തീരുമാനം എടുത്തത് പോലെ ഡെയ്സി ശിവയ്ക്കരുകിൽ തിരികെ വന്നിരുന്നു…… ഉണങ്ങാത്ത മുറിവുകൾ കാണുമ്പോൾ വല്ലാത്തൊരു വിഷമം ആണ്….. അടുത്തിരുന്നു ദേവിയമ്മ മകനെയോർത്തു വിഷമിക്കും പോലെ തോന്നും ….. കുഞ്ഞിനെ മുറിയിലേക്ക് മാറ്റിയപ്പോൾ ഡെയ്സിയ്ക്ക് ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി ……. ഒരുപാട് ഉമ്മ കൊടുത്തും….എടുത്തിട്ടും എടുത്തിട്ടും മതിയാവാത്ത പോലെ…. ശിവയും ശിവച്ഛനും ആദ്യമായി കാണുകയായിരുന്നു അവളെ….. അത്ഭുതമാണ് രണ്ടാളുടെയും മുഖത്തു…….ശിവയുടെ വരയിൽ ഉണ്ടായിരുന്ന അതേ രൂപം……. മുഴുവൻ അതേപടി ഇല്ലെങ്കിലും കുറച്ചൊക്കെ അതെ…….. നല്ല ചികിത്സകൊണ്ട് ഭേദമാക്കാവുന്ന രോഗമേ കുഞ്ഞിനുള്ളൂ എന്ന് ഡോക്ടർ പറഞ്ഞുന്നു ശിവച്ഛൻ പറഞ്ഞപ്പോൾ മനസ്സൊന്നു തണുത്തു…….
അച്ഛനെ ഒന്ന് കാണണമെന്ന് പറഞ്ഞു… ആരുമറിയാതെ വിളിച്ചുവരുത്തി ഡെയ്സി……. കുഞ്ഞിനെ സ്വീകരിക്കുവാൻ റോയ് ഇപ്പോഴും തയ്യാറല്ല……. ഇപ്പോഴത്തെ വാശിക്ക് നിന്നെയും…….. സ്വന്തം തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എല്ലാവരും…… നീ അപ്പച്ചനും അമ്മച്ചിയും അറിയാതെ പലപ്പോഴായി മംഗലത്ത് പോയിട്ടുണ്ടെന്നും താമസിച്ചേ വരാറുള്ളൂ എന്നൊക്കെയുമാണ് അവൻ വാദിക്കുന്നത്…… ഇതെല്ലാം പറഞ്ഞത് നിന്റെ കൂടപ്പിറപ്പുകളും…… പിന്നെങ്ങനെ അവൻ വിശ്വസിക്കാതിരിക്കും…….. ശിവ നിന്നെ ചേർന്നു നിൽക്കുന്നത് അവൻ കണ്ടു എന്നാണ് പറയുന്നത്…… നീയും സമ്മതിച്ചിട്ടുണ്ടത്രേ അവൻ നിന്നെ തൊട്ടിട്ടുണ്ടെന്ന്…….. അവൻ പറയുന്നത് കേൾക്കുമ്പോൾ എല്ലാം സത്യങ്ങൾ ആണെന്ന് തോന്നാറുണ്ട്…..
പക്ഷേ ഞാൻ വിശ്വസിക്കാത്തത് എന്താണെന്നുവെച്ചാൽ മറുവശത്ത് നീയും മാധവൻ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ മകനും ആയതുകൊണ്ടാണ്…….. റോയിക്ക് വാശി കൂടിയിട്ടേയുള്ളൂ……. അവൻ നിയമപരമായിത്തന്നെ നീങ്ങുകയാണ് നിന്നെ വേണ്ടെന്നുവയ്ക്കാൻ…… കൂടെയുള്ളവർ എല്ലാവരും അവന്റെ ഭാഗത്താണ്…… നിനക്കും കുഞ്ഞിനും നീതി നിഷേധിക്കുകയാണ്….. എല്ലാവർക്കും തെളിവ് മാത്രം മതി കുഞ്ഞേ മനസ്സാക്ഷിയുടെ മുന്നിൽ നീ തെറ്റുകാരി അല്ലെങ്കിലും മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ തെറ്റുകാരി നീ മാത്രമാണ്……… ഫാദർ പറഞ്ഞു….. റോയിച്ചൻ തന്നെ ഉപേക്ഷിക്കുവാൻ പോവുകയാണെന്ന് കേട്ടപ്പോൾ അറിയാതെ കണ്ണൊന്നു നനഞ്ഞു. ചങ്ക് ഒന്ന് പിടച്ചു…. ഞാൻ ഫാദറിന്റെ കൂടെ വന്നോട്ടെ ഓർഫനേജ്ലേക്ക് എന്നെയും കൂടെ കൂട്ടുമോ…… ഫാദർ അത്ഭുതത്തോടെ ഡെയ്സിയെ ഒന്നു നോക്കി…… ഞാൻ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല ഫാദർ….. ആരും എന്റെ കുഞ്ഞിനെ അംഗീകരിക്കില്ല…. ഇനിയും ഒരു പരീക്ഷണത്തിന് വയ്യ.. ഞാൻ എന്തെങ്കിലും ജോലി ചെയ്ത് വളർത്തിക്കോളാം കുഞ്ഞിനെ… കിടക്കാൻ ഒരിടം മാത്രം തന്നാൽ മതി…..
കുഞ്ഞിനെ കളിപ്പിക്കുന്ന മാധവനെയും ശിവയെയും ഫാദർ ഒന്ന് നോക്കി……എന്നിട്ട് ഡെയ്സിയെയും…… അത് മനസ്സിലാക്കിയതുപോലെ ഡെയ്സി പറഞ്ഞു….. ഞാൻ ഇവർക്കൊപ്പം നിന്നാൽ റോയിച്ചന്റെ ദേഷ്യം കൂടത്തേ ഉള്ളൂ…. ഞാൻ കാരണം ഇനിയും ആ കുടുംബത്തിന് ഒരു ദോഷവും ഉണ്ടാവാൻ പാടില്ല….. അതുകൊണ്ടാണ്… എനിക്ക് നന്നായിട്ടറിയാം എന്നെയും കുഞ്ഞിനെയും ശിവച്ഛൻ സംരക്ഷിക്കുമെന്ന്…… പക്ഷേ… വേണ്ട ഫാദർ…അത് ശരിയാവില്ല…. ഞാൻ അവർക്കും ഒരു നാണക്കേടാവും….. നാട്ടുകാർ പലതും പറയുന്നത് കേൾക്കേണ്ടിവരും….. ഡെയ്സി പറഞ്ഞുനിർത്തി….. നിനക്ക് തന്നെ അറിയില്ലേ ഡെയ്സി നമ്മുടെ ഓർഫനേജിലെ കുട്ടികളുടെ അവസ്ഥ…. രണ്ടു നേരമെങ്കിലും അതുങ്ങൾക്ക് കഞ്ഞി എങ്കിലും കൊടുക്കാൻ പറ്റണമെന്നേ ഉള്ളൂ ഇപ്പോഴത്തെ പ്രാർത്ഥന…. അതിനിടയിലേക്ക് നീയും കൂടി വേണ്ട കുഞ്ഞേ…. അത് വേണ്ട….. ഫാദർ കുറച്ചുനേരം ചിന്തിച്ചിരുന്നു……
നീ മാധവന്റെ കൂടെ പോകുന്നതാവും നല്ലത്…. ഡെയ്സി അച്ചനെ ഒന്ന് നോക്കി…….. കുഞ്ഞിന് നല്ല ചികിത്സ വേണം അതിനു പണം വേണം…… നിന്നെക്കൊണ്ട് കൂട്ടിയാൽ കൂടുമോ…….. അഥവാ കൂട്ടിയാലും എത്ര കാലം കൊണ്ട്….. അതുവരെ കുഞ്ഞിന് ഇപ്പോൾ ഉണ്ടായ അവസ്ഥ ഇനിയും ഉണ്ടാവില്ലെന്ന് നിനക്ക് ഉറപ്പ് പറയാൻ പറ്റുമോ….. നിന്നെ സഹായിക്കാൻ ആരും ഇല്ല കുഞ്ഞേ വേറെ….. എന്തായാലും നനഞ്ഞു….ഇനി കുളിച്ചു കയറ്…. സത്യം മൂടി വെക്കാൻ പറ്റുന്ന ഒന്നല്ല….. അത് ഒരുനാൾ തെളിയും….. അതുവരെ എല്ലാം സഹിക്കുക….. ക്ഷമിക്കാനുള്ള മനസ്സ് തരാൻ കർത്താവിനോട് പ്രാർത്ഥിക്കുക….. ആരെയും കുറ്റം പറയാനൊക്കില്ല കുഞ്ഞേ……. റോയിയെ പോലും….. നിന്നെ കെട്ടിച്ചു കൊടുക്കാൻ സംസാരിക്കാമോന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ കണ്ടതാ അവന്റെ കണ്ണിൽ നിന്നോടുള്ള സ്നേഹം…… കുറച്ച് എടുത്തുചാട്ടവും ദേഷ്യവും ഉണ്ടെന്നേ ഉള്ളൂ…. പാവമാ….. നീ അവനെ ചതിച്ചു എന്ന് തോന്നിയപ്പോഴാണ് അവനു നീ ശത്രുവായത്……
നിന്റെയും ശിവയുടെയും ബന്ധം അവൻ കാണുന്നത് വേറെ രീതിയിലാണ്….. ഇനിയും നിങ്ങളെ തമ്മിൽ ഒന്നിപ്പിച്ചാലും അവന്റെ മനസ്സിലെ കരട് അങ്ങനെ തന്നെ ഉണ്ടാവും…… സംശയം മനുഷ്യനെ നശിപ്പിക്കും…… അതുകൊണ്ടാണ് ഞാൻ അതിനു ശ്രമിക്കാത്തതും….. അപ്പച്ചനും അമ്മച്ചിയും വന്നിരുന്നു എന്റെയടുത്ത് നിന്റെ കാര്യം സംസാരിക്കാൻ…. എത്ര തെറ്റ് ചെയ്തെന്ന് പറഞ്ഞാലും നീ മകൾ അല്ലാതെ ആവുന്നില്ലല്ലോ അവർക്ക്…… അവരും നിസ്സഹായരാണ്…. ഇനിയും ഇല്ലേ രണ്ടെണ്ണം കൂടി….. നീ വീട്ടിൽ നിന്നാൽ അവരുടെ ഭാവിയെയും അത് ബാധിക്കും…… എനിക്കറിയാം അച്ചോ…. എല്ലാം..എല്ലാവരെയും..എനിക്ക് മനസ്സിലാവും……ആരും മനസ്സിലാക്കാത്തത് എന്നെയാണ്…. സാരമില്ല കർത്താവ് എന്നെ ഒറ്റപ്പെടുത്തിയില്ലല്ലോ സ്വന്തമായി ഒരു കുഞ്ഞിനെ എങ്കിലും തന്നില്ലേ…. ഒരു ലക്ഷ്യം തന്നില്ലേ…. ഞാൻ അവൾക്ക് വേണ്ടി ജീവിക്കും ആരോടും പരാതിയും പരിഭവവുമില്ലാതെ…… ഡെയ്സിയുടെ കണ്ണിലെ തിളക്കം കണ്ടപ്പോൾ അച്ഛൻ അവളെ അഭിനന്ദിച്ച് തലോടി……. ഉടനെ വരും……

by