20/04/2026

മാംഗല്യം : ഭാഗം 08

രചന – അയിഷ അക്ബർ

വൾക്കാകെ വല്ലായ്മ തോന്നുന്നുണ്ടായിരിന്നു……. എന്നാൽ അവന്റെ മുഖത്ത് യാതൊരു തരത്തിലുള്ള ഭാവ വ്യത്യാസങ്ങളും ഇല്ലാതിരുന്നത് അവൾക്ക് ചെറിയൊരു ആശ്വാസം നൽകിയിരുന്നു….. വീട്ടിലേക്ക് കയറി ചെല്ലുമ്പോഴേ പശുവിനു പുല്ല് കൊടുക്കുന്നിടത്തു നിന്നും ജാനാകിയോടി വന്നു……. ഇതെന്ത് കൂത്തെന്ന രൂപത്തിൽ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു ജാനകി….. വിവി അവളെ ഉമ്മറത്തുള്ള താഴെ തിണ്ണയിലേക്കിരുതി….. എന്താ എന്ത്‌ പറ്റി.. അവരുടെ രണ്ട് പേരുടെയും ദേഹത്തു പുരണ്ട ചെറിലേക്ക് നോക്കി ജാനകിയത് ചോദിക്കുമ്പോൾ വിവി ദേവുവിനെ ദേഷ്യത്തോടെ നോക്കി…. അമ്മ തന്നെയല്ലേ രണ്ട് പേരെയും നാട് കാണാൻ അയച്ചത്….. കാണിക്കാൻ പോയ ആളും കാണാൻ പോയ ആളും കണക്കാ…. വിവി കളിയാക്കി കൊണ്ടത് പറയുമ്പോൾ ദേവു മുഖം കൂർപ്പിച്ചു നിന്നെങ്കിലും മീര താഴേക്ക് നോക്കിയിരുന്നു…. അതല്ല അമ്മേ…..ഞങ്ങൾ ഗീതുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു..

അപ്പോഴാണ് ഏട്ടത്തിയുടെ കാല് ചേറിൽ കുടുങ്ങി നടക്കാൻ വയ്യാണ്ടായത്…. പിന്നേ ഞാനെന്താ ചെയ്യാ…. അല്ലെ ഏട്ടത്തീ…. ദേവു അത് പറഞ്ഞ് താങ്ങിനെന്ന വണ്ണം മീരയെ നോക്കി…. അതെയതെ…. മീര തല കുലുക്കുമ്പോഴും ദേവുവിന്റെ മുഖം കാണുമ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു…. അപ്പൊ നീയെന്തിനാ ആ വഴി പോയത്….. നേരെ വഴിയുണ്ടല്ലോ…… ചോദ്യം വിവിയുടേതായിരുന്നു…. പ്രകൃതി രമണീയമായിക്കോട്ടെയെന്ന് കരുതി…. ദേവു അത് പറയുമ്പോൾ വിവി ചിരിച്ചു…. പ്രകൃതി കാണാൻ ഈ സാധനത്തിനേം കൊണ്ടോ… അവനത് പറഞ്ഞതും മീരക്ക് ദേഷ്യം വന്നു…… അവളവനെ നോക്കി കണ്ണുരുട്ടി…. എന്നിട്ടെന്താ മോളേ കാലിനു പറ്റിയത്….. ജാനകി കാലിൽ തൊടാൻ വന്നതും മീര വേഗം കാൽ പുറകോട്ട് വലിച്ചു…. ജാനകി അവളുടെ മുഖത്തേക്ക് നോക്കി…. ചെളിയാണ്…. മീര പതിഞ്ഞ ശബ്ദത്താൽ അത് പറഞ്ഞതും ജാനാകിയൊന്നു ചിരിച്ചു…. പിന്നേ പതിയേ അവളുടെ കാൽ പിടിച്ചു നോക്കി…

. ആ….. അവൾ ചെറുതായോന്ന് ശബ്ധിച്ചു….. ഉളുക്കാണെന്ന് തോന്നുന്നു…. ആദ്യം മോളോന്ന് കുളിച് വൃത്തിയാവ്….. അമ്മ കാലിൽ മരുന്ന് പുരട്ടി തരാം… അതെല്ലാം അവൾക്ക് പുതുമയുള്ളതായിരുന്നു…. സ്നേഹത്തോടെയുള്ള അവരുടെ പെരുമാറ്റം അഭിനയമാണെങ്കിൽ കൂടി അത് തന്നെ അങ്ങേയറ്റം സന്തോഷത്തിലാക്കുന്നത് അവളറിയുന്നുണ്ടായിരുന്നു…. ചേർത്ത് പിടിക്കലുകൾക്ക് മോഹിച്ചിരുന്ന ഒരു കുട്ടിക്കാലം അവളുടെ ഓർമയിൽ തെളിഞ്ഞു നിന്നു…. വളരും തോറും അന്യം നിന്നു പോയ ആ സ്നേഹത്തെ വാത്സല്യത്തെ വെറുത്ത് പോയിരുന്നു…… എന്നാൽ ഇന്ന് ഇവരുടെ സ്നേഹ പ്രകടനങ്ങളൊക്കെയും തന്നേ ആ കൊച്ചു കുട്ടിയാക്കി മാറ്റുന്നത് പോലെ…. വിവി…നീയവളെ കുളിമുറിയിലേക്കിരുത്തി കൊടുക്കു….. ജാനകിയത് പറയുമ്പോൾ വിവിയവൾക്ക് നേരെ നോക്കി….. അവളിട്ട ഡ്രെസ്സിന്റെ നിറം പോലും വ്യക്തമായിരുന്നില്ല….. അത്രയേറെ ചെളി അവളുടെ ദേഹത്തു പറ്റിപ്പിടിച്ചിരുന്നു….. ഈ ചെളി പോകണമെങ്കിൽ കുളിമുറിയൊന്നും പോരമ്മേ….. ആ കിണറ്റിലേക്കങ്ങിട്ടാലോ…. അവനത് പറഞ്ഞ് കൊണ്ട് അവളെ കോരിയെടുത്തു….

അവളെ എടുത്തവൻ നടന്നടുക്കുന്നത് ശെരിക്കും കിണറ്റിനടുത്തേക്ക് തന്നെയായിരുന്നു…. അവൾക്ക് ചെറിയ ഭയം വന്നു തുടങ്ങിയിരുന്നു…. തന്നോടുള്ള ദേഷ്യം തീർക്കാനാണോ….. അവൻ അവളെ കൊണ്ടിരുത്തിയത് കിണറ്റിനോരത്തെ അലക്കു കല്ലിലേക്കായിരുന്നു…… പിറകെ ദേവുവുമുണ്ടായിരുന്നു…. എന്തിനെന്നറിയാതെ അവൾ നിന്നെങ്കിലും അവനോട് ചോദിക്കാൻ അവൾക്ക്‌ താല്പര്യമുണ്ടായിരുന്നില്ല….. മോട്ടോർ ഓൺ ആക്കി പൈപ്പ് അവൾക്ക് നേരെ അവൻ പിടിച്ചു.. … ശക്തിയായി വരുന്ന തെളിഞ്ഞ വെള്ളം അവളുടെ ദേഹത്താകെ വീഴുമ്പോൾ ചെളിയൊന്നാകെ താഴെക്കോലിക്കുന്നത് അവളറിഞ്ഞിരുന്നു…… ഇളം നീല നിറത്തിലുള്ള അവളുടെ ചുരിദാർ തെളിഞ്ഞു വന്നതും വിവി പൈപ്പ് അവനിലേക്ക് പിടിച് അവന്റെ ദേഹത്തെ ചെളിയും കഴുകി കളഞ്ഞു….. വീണ്ടും അവൻ അവളുടെയെടുത്തേക്ക് ചെന്നു….. എന്തിനെന്ന ഭാവത്തിൽ അവൾ അവനെ നോക്കി…. അവൻ വീണ്ടും അവളെ എടുത്ത് കുളി മുറി ലക്ഷ്യമാക്കി നടന്നു….. അവളവനെ നോക്കി…. വെട്ടിയോതുക്കിയ മനോഹരമായ താടി….. വെള്ളത്തുള്ളികൾ അവന്റെ വെളുത്ത നിറത്തിനോട് പറ്റിച്ചേർന്നു കിടക്കക്കുന്നുണ്ടായിരുന്നു….

കണ്ണുകളിൽ സദാ കാണുന്ന ഗൗരവം….. അവർ കുളിമുറിയിൽ എത്തിയപ്പോഴേക്കും ജാനകി ഒരു സ്റ്റൂൾ അവിടെ കൊണ്ടിട്ടിരുന്നു….. അവനവളെ അതിലേക്കിരുതി തിരിഞ്ഞതും എന്തോ കൊളുത്തി വലിച്ച പോൽ അവൻ നിന്നു….. തന്റെ ഷർട്ടിന്റെ ബട്ടനിൽ കുരുങ്ങി കിടക്കുന്ന താലി അപ്പോഴാണ് അവരിരുവരും കാണുന്നത്…. അതേ…. തങ്ങളെ ചേർത്ത് നിർത്തുന്ന ഒരേ കാരണം ആ താലിയാണെന്ന് അവർ രണ്ട് പേരുമോർത്തു…… അവനതെടുക്കാൻ ശ്രമിക്കുമ്പോൾ അവളുടെ ശ്വാസം അവന്റെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു…. വെള്ളം തുള്ളികൾ അവളുടെ മുടികളിൽ നിന്ന് ഇറ്റിവീഴുന്ന ശബ്ദം അവിടെ മുഴങ്ങി കേൾക്കും പോൽ… ഏട്ടാ…. പുറകിൽ നിന്ന് ദേവു വിളിച്ചതും ഏതോ ഓർമയിൽ നിന്നെന്ന പോൽ അവരിരുവരും ഞെട്ടി…. അവൻ വേഗം പുറത്തേക്കിറങ്ങുമ്പോൾ അവൾക്ക് വല്ലാത്ത ജാള്യത തോന്നുന്നുണ്ടായിരുന്നു…. അവൾ ഇരു കൈകൾ കൊണ്ട് മുഖം പൊത്തി….

കുളിച് വസ്ത്രം മാറി അവളെ താങ്ങി പിടിച്ചു പുറത്തേക്ക് കൊണ്ട് വന്നത് ജാനകിയായിരുന്നു. .. വിവി കുളി കഴിഞ്ഞു വന്നപ്പോൾ തന്നെ ഏതോ തൈലത്തിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു…. അവളുടെ കാലിൽ തൈലം പുരട്ടി അമ്മ ഉഴിയുന്നതോടൊപ്പം അറപ്പ് കൊണ്ടവളുടെ മുഖം ചുളിയുന്നതവന് കാണുന്നുണ്ടായിരുന്നു….. അവർക്കരികിലായി അവനുമിരുന്നു….. ദേവു എല്ലാവർക്കും ചായയുമായി വന്നു….. ദേവു നിനക്കറിയില്ലെ ഏട്ടത്തിക്ക് ഇവിടൊന്നും പരിചയമില്ലാന്ന്….. നീ സൂക്ഷിച്ചു കൊണ്ട് പോകേണ്ടതായിരുന്നില്ലേ….. ഇഴ ജന്തുക്കളുള്ള സ്ഥലമായിരുന്നത്….. ജാനകി ദേവുവിനോടത് പറഞ്ഞതും അവളൊന്നും മിണ്ടിയില്ല….. ഹാ…. പാമ്പോന്നും കടിക്കാത്തത് ഭാഗ്യം… അല്ലെങ്കി പാമ്പ് വിഷം കയറി ചത്തു പോയേനെ…. വിവി ചായ കുടിക്കുന്നതിനിടയിലത് പറഞ്ഞതും ദേവു ചിരി തുടങ്ങി….. മീര വിവിയെ ദേഷ്യത്തോടെ നോക്കി….

വീണ്ടും അവരുടെ സംസാരങ്ങൾക്കിടയിൽ ഇരിക്കേണ്ടത് വന്നത് മീരക്ക് മറ്റു മാർഗങ്ങളില്ലാത്തത് കൊണ്ട് മാത്രമായിരുന്നു…. എന്നാൽ കുടുംബത്തിന്റെ ഇമ്പമെന്തെന്ന് അവൾ പോലുമറിയാതെ അവളറിഞ്ഞു തുടങ്ങുകയായിരുന്നു….. അവരുടെ പുഞ്ചിരി അവളുടെയുള്ളിലുംചെറു ചിരിയെ കോറിയിടുന്നുണ്ടായിരുന്നു…. അവൾ പോലുമറിയാതെ അവളാ ലോകം ആസ്വദിച്ചു തുടങ്ങുകയായിരുന്നു…. എന്നാൽ അവളുടെ മനസ് അതിനെ ശെരി വെക്കാൻ സമ്മതിക്കുന്നതായിരുന്നില്ല…….

ദേവുവിന് കുപ്പി വള വാങ്ങിയ കൂട്ടത്തിൽ എന്തിനോ വേണ്ടി അവൻ മറ്റൊരു വള കൂടി വാങ്ങിയിരുന്നു….. താലി കെട്ടിയ പെണ്ണിന്റെ കൈകളിൽ തനിക്കേറ്റവും ഇഷ്ടമുള്ള കറുത്ത കുപ്പി വളകൾ അണിയിക്കണമെന്ന് അത്രയേറെ ആഗ്രഹം മനസ്സിൽ കൊണ്ട് നടന്നിരുന്നു.. എന്നാൽ താൻ സ്വപ്നം കണ്ട ഒരാളെയല്ലല്ലോ തനിക്ക് ഭാര്യയാ ക്കേണ്ടി വന്നത്….. എങ്കിലും മനസ്സിന്റെ അടക്കാനാവാത്ത ആഗ്രഹത്തിൽ നിന്നും വാങ്ങിയ ആ കറുത്ത കുപ്പി വളകൾ അവൻ മുറിയിലെ മേശ മേൽ വെച്ചു….. അവൻ പ്പോയി കഴിഞ്ഞാണ് മീര ആ മുറിയിലേക്ക് വരുന്നത്…. കുപ്പി വളകൾ അവളുടെ കണ്ണുകളിലൂടക്കിയതും അവളതെടുത്തു നോക്കി… തനിക്ക് വേണ്ടിയൊരുപക്ഷെ അവൻ വാങ്ങിയതായിരിക്കുമെന്നവളൂഹിച്ചു…… മനസ്സിൽ എന്തെങ്കിലും ചിന്തിച് കൂട്ടുന്നതിനു മുന്പാണ് തന്റെ ചിന്തകളെ ഭംഗപ്പെടുത്തിയെന്ന വണ്ണം വലിയ ശബ്‍ദത്തോടെ ഒരു കാറ് മുറ്റത് വന്നു നിന്നത്… അവളാ വളകൾ അവിടെ വെച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി…. വില കൂടിയ കാറിൽ നിന്നും ഇറങ്ങുന്ന ആ കാലുകൾ തനിക്കേറെ പരിചയമുള്ളതാണ്…. ഇറങ്ങി അവർ തിരിഞ്ഞതും അവളുടെ വയറ്റിലൂടെ ഒരു മിന്നൽ പിണർപ്പ് കടന്നു പ്പോയി…. മമ്മി……. അവളറിയാതെ അവളിൽ നിന്നും അടർന്നു വീണു…. (തുടരും )